Showing posts with label SajiKulathooppuzha. Show all posts
Showing posts with label SajiKulathooppuzha. Show all posts

പട്ടം പോലെ (കഥയെഴുത്ത് - മത്സരം) - Entry 22


നേരം എട്ടുമണിയോടടുത്തിട്ടും തന്റെ പ്രണയിനിയായ ഭൂമിയെ കെട്ടിപ്പുണർന്നു നിൽപ്പാണ് നീഹാരമേഘങ്ങൾ. തുഷാരം പേറിനില്ക്കുന്ന ഇലത്തുമ്പുകളെ തഴുകി കടന്നുവരുന്ന നേർത്ത മൂടൽമഞ്ഞിനാൽ ദൂരക്കാഴ്ച്ച അവ്യക്തമായതുകൊണ്ട് സാവധാനത്തിലാണ് ഇഷാൻ വാഹനമോടിച്ചിരുന്നത്. വണ്ടിക്കുള്ളിൽ പതിഞ്ഞ സ്വരത്തിൽ കാർസ്റ്റീരിയോ പാടുന്നുണ്ടായിരുന്നു.

"മാഘ ചന്ദിരാ രൂപമാണിയെ 
എനതു മങ്കൈ തങ്കമേ
മരതക മനമേ...
മനമേനതൊ  ശൊന്ത വർണ്ണശോഭനാ 
മന മാപതിയേ  മണവാളകരെ....!!

നെല്ലിയാമ്പതിയിൽ നിന്നും നെന്മാറയിലേക്കുള്ള യാത്രയിൽ പൊടിമഞ്ഞു കാരണം പലപ്പോഴും വൈപ്പർ പ്രവർത്തിപ്പിക്കേണ്ടതായി വന്നു. അവൻ വിൻഡോ ഗ്ലാസ് അല്പമൊന്നു താഴ്ത്തിയതോടെ കാട്ടുപൂക്കളുടെ സുഗന്ധവും പേറിയെത്തിയ ഹിമക്കാറ്റ് ഉള്ളിലേക്ക് തള്ളിക്കയറി കുളിര് പടർത്തി. മറുവശത്തെ സീറ്റിലിരുന്ന അഭിരാമിയുടെ ഷാംപൂ ചെയ്ത് നേർത്ത മുടിനാരിഴകൾ കാറ്റിന്റെ തിരുതെയ്യാട്ടത്തിനൊപ്പിച്ച് അലസമായി നൃത്തം ചെയ്യാൻ തുടങ്ങി. എന്നിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ചിന്തകളിലുഴറി സീറ്റിൽ  ചാരിക്കിടന്നു കഴുത്തിലെ മുത്തുമാലയിൽ തെരുപിടിപ്പിച്ചുകൊണ്ടിരുന്ന ലക്ഷ്മിയുടെ മുഖത്തേക്ക് ഇഷാൻ
സൂക്ഷിച്ചു നോക്കി. മാഘമാസത്തിലെ ചന്ദ്രനെപ്പോൽ തിളങ്ങാറുള്ള അവളുടെ സുന്ദരവദനം കർക്കിടകവാവുപോലെ മൂടിക്കെട്ടിയിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും അധരങ്ങളിൽ അവശേഷിക്കാറുള്ള  
പുഞ്ചിരിയുടെ ഉറവ വറ്റിയിരുന്നു.
 
" അഭീ നിനക്കിതെന്തുപറ്റി...
നെല്ലിയാമ്പതിയെന്ന സ്വർഗ്ഗം വിട്ടുപോകുന്നതിലെ വിഷമം കൊണ്ടാണോ ഇങ്ങനെ മ്ലാനമായിരിക്കുന്നത്...?

"ഏയ് അതുകൊണ്ടല്ല ഇഷാൻ... പുലർച്ചെ ഞാനിന്നൊരു സ്വപ്നം കണ്ടു...!!

അത് കേട്ടവൻ മൃദുവായി ചിരിച്ചുകൊണ്ട്...

"അത് പുതിയ സംഭവമൊന്നുമല്ലല്ലോ...
ഇന്നും പതിവുപോലെ കോടമഞ്ഞു പുതച്ച താഴ്‌വാരങ്ങളും, മേഘക്കൂട്ടങ്ങളെപ്പോലെ ഒഴുകി നടക്കുന്ന ചെമ്മരിയാടിൻ പറ്റങ്ങളും. കരിയിലകൾ മെത്തവിരിച്ച കൂറ്റൻ ചിനാറിന്റെ ചുവട്ടിൽ തന്റെ മടിയിൽ തലവെച്ചു കിടക്കുന്ന എന്നെയുമാണോ കണ്ടത്...?

" അതൊന്നുമായിരുന്നില്ല  ഞാനുമായി പിരിഞ്ഞു നീ മറ്റൊരു പെണ്ണിനോടൊപ്പം കഴിയുന്നതാണ് കണ്ടത്...!!

" ഇതാണ് താൻ സ്വപ്നത്തിൽ കണ്ടതെന്ന് ഉറപ്പാണോ ?

" ഞാൻ വ്യക്തമായി കണ്ടതാണ് ഇഷാൻ...!!

അതിന് മറുപടി ഒരു മിനിറ്റോളം നീണ്ട പൊട്ടിച്ചിരിയായിരുന്നു.

" അഭീ തനിക്കൊരു പ്രത്യേകതയുണ്ട് എന്താണെന്നറിയോ...
താൻ കളവ് പറഞ്ഞാൽ കേൾക്കുന്നവർക്ക് പെട്ടെന്ന് മനസ്സിലാവും. മനസ്സിലുള്ളതിനെ മറയ്ക്കാൻ അഭിയ്ക്കറിയില്ല.
ഇങ്ങോട്ടുള്ള യാത്ര പുറപ്പെടുമ്പോഴേ തന്റെയുള്ളിൽ എന്തോ ഒരു കരട് വീണിട്ടുണ്ടെന്നു എനിക്ക് തോന്നിയിരുന്നു. ഈ യാത്രയിൽ നിന്നിൽ സ്ഥായിയായി ഉണ്ടാകാറുള്ള പലതും ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല പതിവിൽ നിന്നും വിഭിന്നമായി പുതിയ ചിലതൊക്കെ കാണാനും കഴിഞ്ഞു. സത്യത്തിൽ തനിക്കെന്താണ് പറ്റിയത്...?
  
" സോറി ഇഷാൻ നിന്റെ കണ്ടെത്തൽ നൂറ് ശതമാനവും സത്യം തന്നെയാണ്. അതെങ്ങനെ തന്റെ മുന്നിൽ അവതരിപ്പിക്കണമെന്ന് എനിക്കറിയില്ല...!!

"വിവാഹം കഴിക്കാതെ എന്നോടൊപ്പം ഒരുമിച്ചു ജീവിക്കാൻ ചങ്കുറപ്പ് കാട്ടിയ അഭിയ്ക്കാണോ ഒരു കാര്യം എന്നോട് അവതരിപ്പിക്കാൻ ഇത്ര ഭയം ? തന്റെ ബോൾഡ്നെസും, സ്മാർട്ട്നെസുമൊക്കെ ആർക്കാണ് പണയപ്പെടുത്തിയത്...? 

" അതൊന്നും കൈമോശം വന്നിട്ടില്ല ഇഷാൻ. എനിക്ക് പറയാനുള്ളത് കേട്ടുകഴിയുമ്പോഴുള്ള തന്റെ പ്രതികരണത്തെ ഞാൻ ഭയക്കുന്നുണ്ട്...!!

" താൻ എന്നെക്കൂടി ടെൻഷനടിപ്പിക്കാതെ കാര്യം പറയെടോ ബാക്കി വരുന്നിടത്തു വെച്ച് കാണാം. ഒരു കാര്യം ഞാനുറപ്പു തരാം, തനിക്ക് പറയാനുള്ളത് എനിക്കിഷ്ടപ്പെടാത്ത കാര്യമാണെങ്കിൽ കൂടി തന്നോട് കയർക്കാനോ പരിഹസിക്കാനോ ഞാൻ മുതിരില്ല അതുപോരെ...!!

" കഴിഞ്ഞയാഴ്ച്ച കോഫീഷോപ്പിൽ വെച്ച് താര ശങ്കറെ കണ്ടിരുന്നു...!!

" ആഹാ തന്റെ റോൾ മോഡൽ എന്തു പറഞ്ഞു. ഇപ്പോൾ കുറെയായി പുള്ളിക്കാരത്തിയെ കാണാനേയില്ലല്ലോ...?

" ഞങ്ങൾ തമ്മിൽ കുറേയേറെ കാര്യങ്ങൾ പരസ്പരം പങ്കുവെച്ചു. ഇതുവരെ ലോകത്തിന് പരിചിതയായ താര ശങ്കറായിരുന്നില്ല ഞാനുമായി സംവദിച്ചത്...!!

ഇഷാൻ കൈയ്യെത്തിച്ചു സ്റ്റീരിയോ ഓഫ് ചെയ്തു. അല്പം മുന്നോട്ടുപോയി ഇന്നോവ റോഡിന് വലതു വശത്തേക്ക് ചേർത്തു നിറുത്തി.
 
"അപ്പോൾ തനിക്ക് താര ശങ്കറെപ്പറ്റി ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്ന് സാരം. പറയാനും കേൾക്കാനും ഇതുപോലൊരു അറ്റ്മോസ്ഫിയർ  വേറെ കിട്ടിയെന്നു വരില്ല. ഈ സുന്ദരമായ കാലാവസ്ഥയിൽ കഥപറഞ്ഞു തീരുമ്പോഴേക്കും തന്റെയുള്ളിലെ ഭയമകന്നു സന്തോഷവതിയായി യാത്ര തുടരാൻ കഴിഞ്ഞേക്കും. താൻ പുറത്തേക്കിറങ്ങടോ  ഓരോ കോഫിയും കുടിച്ചു പ്രകൃതിയോടൊപ്പം ചേർന്ന് തനിക്ക് പറയാനുള്ളത് പറയൂ...!!

ഫ്ലാസ്കിൽ നിന്നും  മൺകപ്പുകളിൽ കോഫിയും നിറച്ച് ഇരുവരും പുറത്തേക്കിറങ്ങി.ഇഷാൻ റോഡരുകിലെ സംരക്ഷണ ഭിത്തിയിലേക്കിരുന്നുകൊണ്ട് ചുറ്റുമൊന്നു കണ്ണോടിച്ചു.  അങ്ങകലെ എ.വി.തോമസ് കമ്പനിയുടെ തേയില തോട്ടം. കവാത്തു നടത്തി വെട്ടിയൊതുക്കിയ തേയിലച്ചെടികൾക്കിടയിൽ കാവൽക്കാരെപ്പോലെ തലയുയർത്തി നിൽക്കുന്ന ഓക്ക് മരങ്ങൾ.മഞ്ഞിന്റെ മാറാല പുതച്ച മലനിരകൾ പല വർണ്ണങ്ങളിലായി കണ്ണെത്താ ദൂരത്തോളം തെളിഞ്ഞു കാണാമായിരുന്നു. കുന്നിൻ മുകളിൽ കൈകൾ വിടർത്തിയ  കൂറ്റൻ ടവറുകൾ. ഇന്നോവയിൽ ചാരി നിൽക്കുകയായിരുന്ന അഭിരാമി ഒരിറക്ക് കോഫി കുടിച്ചുകൊണ്ട് താര ശങ്കറുമൊത്തുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ചു പറയുവാനാരംഭിച്ചു.
•••••••••••••••••••

" മാമിന് എന്നെ മനസ്സിലായോ...?

" അഭിരാമിയല്ലേ, നേരിട്ടല്ലെങ്കിലും അറിയും. ഒരു ടോക് ഷോയിൽ ആരാണ് താങ്കളുടെ റോൾ മോഡലെന്നു ചോദിച്ചപ്പോൾ എന്റെ പേര് പറഞ്ഞ സുന്ദരിക്കുട്ടിയെ ഞാനത്ര പെട്ടെന്നു മറക്കുമോ...? അഭി അന്നങ്ങനെ പറഞ്ഞതിൽ ഏറ്റവും കൂടുതൽ സങ്കടപ്പെടുന്നൊരാൾ ഇന്ന് ഞാനായിരിക്കും...!!

" മാം ഇപ്പോൾ എവിടെയാണ് ?ചാനൽ ചർച്ചകളിലും ഫേസ്ബുക്കിലും, ഇൻസ്റ്റയിലുമൊന്നും കാണാനേയില്ലല്ലോ എന്ത് പറ്റി..?

"അമ്മയോടൊപ്പം തറവാട്ടിലാണ്, ഇടയ്ക്ക് നഷ്ടപ്പെടുത്തിയതൊക്കെ തിരികെപ്പിടിച്ചുകൊണ്ടിരിക്കുന്നു.
ചില തിരിച്ചറിവുകൾക്ക് മുന്നിൽ ചെറുതല്ലാത്ത രീതിയിലൊന്നു പകച്ചുപോയെടോ. മൂന്നു മാസം കഴിഞ്ഞിട്ടും അതിന്റെ ഷോക്കിൽ നിന്നും റിക്കവർ ചെയ്യാൻ സാധിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.സുഹൃത്തുക്കളുടെ വിളിയെ ഭയന്ന് ഫോൺ പോലും ഓഫ് ചെയ്തിരിക്കുകയാണ്. എനിക്ക് ഒരിക്കലും പരിചിതമല്ലാത്ത എന്നിലൂടെയാണ് ഞാനിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്...!!

"അതിന് മാമിനെ കുടുംബത്തു നിന്നും പുറത്താക്കിയെന്നു ഏതോ ഒരാർട്ടിക്കിളിൽ വായിച്ചതായി ഓർക്കുന്നു പിന്നെങ്ങനെ...?"

" കുടുംബക്കാർ എന്നെ പുറത്താക്കി എന്ന് പറയുന്നതിനേക്കാൾ ഞാനവരെ ഒഴിവാക്കി എന്നു പറയുന്നതാണ് ഉചിതം.ഓർമ്മവെച്ച കാലം മുതൽ അച്ഛന്റെ തറവാട്ടിലായിരുന്നു താമസം. കൗമാരത്തിൽ എന്നെ ഏറ്റവും കൂടുതൽ പ്രകോപിപ്പിച്ചിരുന്നത്
അച്ചാച്ചന്റെ അരുതുകളായിരുന്നു. അച്ചാച്ചൻ മിലിട്ടറിയിലായിരുന്നതുകൊണ്ട് തന്നെ ഒരുതരം വൃത്തികെട്ട ഡിസിപ്ലിനുകളുടെ കൂടാരമായിമാറിയിരുന്നു അച്ഛന്റെ തറവാട്. അവിടെ പെൺകുട്ടികൾ ഉച്ചത്തിൽ ചിരിക്കാൻ പാടില്ല, ഇറുകിയതും ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല,മുടി ഉയർത്തിക്കെട്ടാൻ പാടില്ല തുടങ്ങി നൂറു നൂറ് അരുതുകൾ എന്നിലെ കൗമാരക്കാരിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. എങ്ങനെയെങ്കിലും ആ നരകത്തിൽ നിന്നും രക്ഷപ്പെടണമെന്നാഗ്രഹിച്ച നാളുകളായിരുന്നു അത്. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് എന്റെ ചിന്തകളോട് ചേർന്നു നിൽക്കുന്നൊരാളെ സുഹൃത്തായി കിട്ടുന്നത്. റോസ്‌ലിനെ പരിചയപ്പെട്ടതോടെയാണ് യാതൊരു കെട്ടുപാടുമില്ലാതെ പറന്നു നടക്കണമെന്ന മോഹത്തിന് ഗതിവേഗം കൈവന്നത്. അതിനായി പഠനം കഴിഞ്ഞു എത്രയും വേഗം ഒരു ജോലി കണ്ടെത്താനായി ഞങ്ങളുടെ ശ്രമം. ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ലഭിച്ചതോടെ വീട്ടുകാരുടെ എതിർപ്പിനെ മറികടന്നു ഞാനും,റോസ്‌ലിനും വർക്കിങ് വിമെൻസ് ഹോസ്റ്റലിലേക്ക് താമസം മാറ്റി. അതോടെ ഞങ്ങളുടെ ഉള്ളിലടക്കി വച്ചിരുന്ന മോഹങ്ങൾ ഒന്നൊന്നായി സാധ്യമാക്കാൻ തീരുമാനിച്ചു. ഇഷ്ടപ്പെട്ട വസ്ത്രം, ഭക്ഷണം, യാത്രകൾ അങ്ങനെ ഒരിക്കലും നടക്കില്ലെന്നു കരുതിയതെല്ലാം കൈയെത്തിപ്പിടിച്ചു തുടങ്ങി. ഫേസ്‌ബുക്കിലൂടെ സമാന മനസ്ക്കരെ കണ്ടെത്തി ഗ്രൂപ്പ് തുടങ്ങിയതോടെ അതിവേഗം സ്വപനങ്ങളിലേക്ക് ചിറക് വിരിച്ചു ഞങ്ങൾ പറന്നു. എന്തൊക്കെ അരുതെന്ന് പറഞ്ഞുവോ അതെല്ലാം സാധ്യമാക്കുന്നതിലായി ഞങ്ങളുടെ വാശി. സോഷ്യൽ മീഡിയയിലും പുറത്തും 'ഹാപ്പി ആർത്തവം' ചർച്ചയായതോടെ അമ്മയടക്കം തറവാട്ടിലുള്ളവർക്കെല്ലാം വലിയ മാനക്കേടുണ്ടാക്കി. കെട്ടുപ്രായം കഴിഞ്ഞ മകൾ കണ്ണിൽ കണ്ടവരോടൊപ്പം അഴിഞ്ഞാടി നടക്കുന്നത് വളർത്തു ദോഷം കൊണ്ടാണെന്നു കുടുംബക്കാർ പറയാൻ തുടങ്ങിയതോടെ അമ്മ വലിയ മനഃപ്രയാസത്തിലായി. ഉപദേശിക്കാനും തിരുത്താനുമായി വന്ന അമ്മയുടെ ഫോൺ കോളുകൾ മനപ്പൂർവ്വം അവഗണിച്ചു."ഒന്നുകിൽ എല്ലാം മതിയാക്കി തറവാട്ടിലേക്ക് പോരുക, ഇല്ലെങ്കിൽ തറവാടുമായുള്ള ബന്ധം ഉപേക്ഷിക്കുക എന്നായി തറവാട്ടിലുള്ളവർ. രണ്ടാമതൊന്നു ആലോചിക്കാതെ അങ്ങോട്ടിനി ഇല്ലെന്നു പറഞ്ഞതോടെ തറവാടുമായുള്ള ബന്ധം അവസാനിച്ചു...!! 

ഞങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം പകർന്നു ചിലർ കൂടി എത്തിയതോടെ ജീവിതം മറ്റൊരു തലത്തിലേക്ക് പറിച്ചു നടപ്പെട്ടു. കൂട്ടമായുള്ള യാത്രകളിൽ സഹയാത്രികരിൽ ചിലർ വച്ചു നീട്ടിയ
ലഹരികളോട് ആദ്യമൊക്കെ 'നോ' പറഞ്ഞെങ്കിലും പിന്നീട് ആ അരുതും ലംഘിക്കാൻ തന്നെ തീരുമാനിച്ചു. തുടക്കത്തിലെ ബിയറിൽ നിന്ന് മദ്യത്തിലേക്കും, അവിടെ നിന്ന് മയക്കുമരുന്നിന്റെ മായാലഹരിയിലേക്കും അതിവേഗം എത്തിപ്പെട്ടു.

ആയിടയ്ക്കാണ് ഞങ്ങളുടെ സംഘത്തിലേക്ക് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഹർഷന്റെ വരവ്.  സുന്ദരനും അരോഗദൃഢഗാത്രനുമായ അവൻ ഹൃദ്യമായ പെരുമാറ്റം കൊണ്ട് കുറഞ്ഞ നാളുകൾക്കുള്ളിൽ
ഞങ്ങൾ ഏവരുടെയും ഹൃദയം കവർന്നിരുന്നു. പല  വേദികളിലും സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കാൻ അവനും ഞങ്ങളോടൊപ്പം വരാറുണ്ടായിരുന്നു. എപ്പോഴോ അവനോട് സൗഹൃദത്തിൽ കവിഞ്ഞൊരടുപ്പം തോന്നിത്തുടങ്ങി.അല്ല ഒന്നിച്ചുള്ള യാത്രകൾ ഞങ്ങളെ ചേർത്തുവച്ചു  എന്ന് പറയുന്നതാവും ഉചിതം. കാടിനെ അറിഞ്ഞത് അവനിലൂടെയായിരുന്നു. എത്രയെത്ര മനോഹര സായാഹ്നങ്ങൾക്കും ഭീതിപ്പെടുത്തുന്ന ഇരവുകൾക്കും ആഘോഷങ്ങളുടെ പകലുകൾക്കും കാനനം സാക്ഷിയായി. അവനൊരു യാത്രയ്ക്ക് തീരുമാനിച്ചാൽ പുറപ്പെടും മുന്നേ ഏത് ചിത്രം ഏത് ആംഗിളിൽ നിന്നായിരിക്കണമെന്ന് അവന്റെ മനസ്സിലുണ്ടാകും.അത് ലഭിക്കും വരെ ഞങ്ങൾ കാട്ടിലലയും. ചിലപ്പോഴൊക്കെ പ്ലാൻ ചെയ്തതിലും ഇരട്ടി ദിവസങ്ങൾ കാടിനുള്ളിൽ കഴിയേണ്ടതായി വന്നിട്ടുണ്ട്. മിക്കപ്പോഴും ഭക്ഷണമായി ഉണ്ടായിരുന്നത് അരുവികളിലെ തെളിനീർ മാത്രമാകും.അതിനു പോലും പറഞ്ഞറിയിക്കാനാകാത്തത്ര രുചിയാണ്. ഏറ്റവും പ്രിയപ്പെട്ടവനോടൊപ്പം കൈകൾ കോർത്തുപിടിച്ചു ദിക്കറിയാതെ ദിശയറിയാതെ ഘോര വനാന്തരത്തിലൂടെയുള്ള യാത്രകളിൽ ഒരിക്കൽ പോലും ഭയത്തിന്റെ ലാഞ്ചനപോലും
അനുഭവപ്പെട്ടിരുന്നില്ല. മറിച്ച് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കരങ്ങളുമായിട്ടാണ് എന്റെ വിരലുകൾ ബന്ധിപ്പിച്ചിരിക്കുന്നതെന്ന തിരിച്ചറിവ് മനസ്സിൽ ഹിമ മഴ പൊഴിയുന്ന കുളിരുണ്ടാക്കുമായിരുന്നു. ചേർത്തു പിടിക്കലുകൾക്കും കരപരിലാളനകൾക്കും ചുംബനങ്ങൾക്കും അവാച്യമായ അനുഭൂതിയുണ്ടെന്നു പഠിപ്പിച്ചതും, ഉമിനീരിന് ഇത്രയേറെ മാധുര്യമുണ്ടെന്നു തിരിച്ചറിഞ്ഞതും
അവനോടൊപ്പമുള്ള യാത്രകളിലായിരുന്നു. അവന്റെ ചുംബനങ്ങളിൽ അലിയാത്ത എതിർപ്പുകൾ എന്നിലുണ്ടായിരുന്നില്ല. ചുംബനങ്ങളാൽ അവനെന്റെ മേനിയിൽ വസന്തം തീർത്തപ്പോൾ ഞാൻ നിറഞ്ഞു വിടർന്ന പൂപ്പാടമായി. കരിയിലകൾ മെത്തവിരിച്ച കൊടുംകാടുകളിൽ ഒളിചിതറുന്ന പാർവ്വണ ചന്ദ്രികയെ സാക്ഷി നിർത്തി  അവൻ എന്നിലേക്ക് എന്നിലേക്ക് അലിഞ്ഞു ചേരുന്നത് കണ്ട് വന്യമൃഗങ്ങളിൽ പോലും കാമമുണർന്നിരിക്കണം. കാമന്റെ പുനർജന്മമായി അവനും രതിയുടെ ദേവതയായി ഞാനും.ആ രാവുകൾക്ക് എന്തൊരു മധുരമായിരുന്നു. രാവിന് നീളം പോരാ എന്നു തോന്നിയിരുന്നു പലപ്പോഴും."

താരാ ശങ്കറിന്റെ മിഴികളിൽ പ്രണയത്തിന്റെ തിരയിളക്കം ദൃശ്യമായിരുന്നു.


"നീണ്ട നാളത്തെ ആലോചനകൾക്കൊടുവിൽ താലിച്ചരടിന്റെയോ, രജിസ്റ്റർ വിവാഹമോ കൂടാതെ ഒന്നിച്ചു ജീവിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ജോലി കഴിഞ്ഞുള്ള കറക്കങ്ങളും, ഒരുമിച്ചുള്ള പാചകവും തുണിയലക്കലുമെല്ലാം ഒരുമിച്ചുള്ള ജീവിതം പ്രതീക്ഷിച്ചതിലും സുന്ദരമാക്കിത്തീർത്തു.അഞ്ചാണ്ടുകൾക്കിപ്പുറവും ജീവിതം ആസ്വദിച്ചു മുന്നോട്ട് പോകുന്നതിനിടയിൽ 
ഹർഷൻ ഫ്ലാറ്റിലേക്ക് വരാതെയായി.ഒരിക്കലും ഇത്രയും വലിയ ഇടവേള ഉണ്ടാകാറില്ല.രണ്ടു നമ്പറിലേക്ക് വിളിച്ചപ്പോഴും സ്വിച്ച്ഡ്ഓഫ് തന്നെ. എനിക്കാകെ ഭയമായി  കാട്ടിലെങ്ങാനും വച്ച് എന്തെങ്കിലും ആപത്ത് പിണഞ്ഞതായിരിക്കുമോ ? സുഹൃത്തുക്കൾ വഴി പലയിടത്തും തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഒന്നു രണ്ടു സുഹൃത്തുക്കളെയും കൂട്ടി ഹർഷന്റെ നാട്ടിലേക്ക് പോയി. അവിടെയെത്തി അഡ്രസ് തപ്പിപ്പിടിച്ചു അവന്റെ വീട്ടിലെത്തുമ്പോൾ മുറ്റത്തൊരു പന്തലൊരുങ്ങുന്നുണ്ടായിരുന്നു അവന്റെ കല്യാണത്തിനായി. യാതൊരു കെട്ടുപാടുമില്ലാതെ ജീവിക്കണമെന്നാണ് ആഗ്രഹിച്ചതെങ്കിലും അവൻ മറ്റൊരാളുടേതാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ഉള്ളിലെവിടെയോ ഒരു നീറ്റലനുഭവപ്പെട്ടു. എന്താണ് ഫ്ലാറ്റിലേക്ക് വരാഞ്ഞത് എന്ന് ചോദിച്ചപ്പോൾ...

ബസ്റ്റാൻഡ് മശകളുടെ അന്തസ്സു പോലുമില്ലാത്ത എന്നോടൊപ്പം ജീവിതകാലം മുഴുവൻ കഴിയാൻ അവനു സാധിക്കില്ലത്രേ...!!

അതെന്നിലുണ്ടാക്കിയ  നടുക്കം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു. ഏതാനും നിമിഷങ്ങൾ വേണ്ടിവന്നു പ്രതിമപോലെ ഉറഞ്ഞുപോയ നടുക്കത്തിൽ നിന്നും മോചിതയാകാൻ. പ്രത്യേകിച്ചും 'മശ'യെന്ന പ്രയോഗം അതെന്റെ മനസ്സിനെ വല്ലാതെ ഞെരിച്ചു കളഞ്ഞു. ഞാനും അവനും ചെയ്ത പ്രവർത്തി ഒന്നുതന്നെയാണ് എന്നിട്ട് അവൻ മാത്രം പുണ്യവാളനാകുന്നത് എങ്ങനെയാണ് ? ആണിനൊരു നീതിയും പെണ്ണിന് മറ്റൊരു നീതിയുമോ ?  

അതൊരു വലിയ തിരിച്ചറിവായിരുന്നു...ഒരു പ്രായം കഴിഞ്ഞാൽ നമ്മോട് പറ്റിക്കൂടിയവരെല്ലാം പുതിയ മേച്ചിൽ പുറങ്ങൾ തേടിപ്പോകുമെന്ന തിരിച്ചറിവ്. സ്ഥിരമായൊരു കൂട്ട് കണ്ടെത്തുന്നതുവരെയുള്ള ഇടത്താവളങ്ങളാണ് എന്നെപ്പോലുള്ളവരെന്ന്. നാട്ടിലൊരു ചൊല്ലുണ്ട് "ഉടച്ചാൽ ഒരുമുറി കാരാം"അതായത് തേങ്ങയുടയ്ക്കുകയാണെങ്കിൽ ഒരുമുറി കാർന്നു തിന്നാമെന്ന്. അതേ ലക്ഷ്യം മുൻനിർത്തിയാണ് പലരും ഞങ്ങളോട് പറ്റിക്കൂടിയത്. അനുഭവിക്കാനുള്ളത് അനുഭവിച്ച ശേഷം വലിച്ചെറിയുക എന്ന തത്വം ഫലപ്രദമായി നടപ്പാക്കുന്നു. അതിനായി ആദ്യമവർ നമ്മേ അനുകൂലിക്കും, തുടർന്നു നമുക്കു വേണ്ടിയവർ വാദിക്കും, സ്ത്രീപക്ഷത്ത് നിലകൊണ്ടു സ്വാതന്ത്ര്യത്തിനായി പോരാടുന്നവരാണെന്ന ശുദ്ധ നുണ നിറം ചാലിച്ചു നമ്മോട് പറയുകയോ,തോന്നിപ്പിക്കുകയോ ചെയ്യും. ഇതിനൊക്കെ അപവാദമായി ചിലരുണ്ടായേക്കാം... എന്നാൽ പോലും അവരുടെ കുടുംബത്തിലെ സ്ത്രീകൾ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളിയാകാനോ തോന്നുന്നതുപോലെ വസ്ത്രം ധരിക്കാനോ, മറ്റുള്ളവരോടൊപ്പം യാത്ര ചെയ്യാനോ അനുവദിക്കാറില്ല എന്ന വസ്തുത കൂടി നാം മനസ്സിലാക്കണം.

അവൻ നൽകിയ ഷോക്ക് മാറാൻ രാവ് പുലരും വരെ കുടിച്ച മദ്യത്തിന് കണക്കില്ലായിരുന്നു. എത്ര കുടിച്ചിട്ടും ലഹരി തോന്നാത്തതുപോലെ.അതിന് മുൻപോ ശേഷമോ ഇത്രയധികം മദ്യം കഴിച്ചിരുന്നില്ല. കെട്ടിറങ്ങിയപ്പോൾ അമ്മയെ കാണണമെന്ന് തോന്നി. ഒരുപാട് നാളുകൾക്ക് ശേഷമാണ് തറവാട്ടിലേക്ക് വരുന്നത്. അര മണിക്കൂർ നേരം ഇരുവരുമൊന്നും സംസാരിച്ചിരുന്നില്ല.പകരം ഞങ്ങളുടെ ഹൃദയങ്ങളും, കണ്ണീരുമാണ് സംസാരിച്ചത്. അമ്മ എന്നെ കുറ്റപ്പെടുത്തി ഒരു വാക്കുപോലും പറഞ്ഞില്ല എന്നോ നഷ്ടപ്പെട്ട മകളെ തിരിച്ചു കിട്ടിയതിന്റെ ആനന്ദത്തിലായിരുന്നു അവർ. അന്നു ഞാൻ അമ്മയോടൊപ്പമാണ് ഉറങ്ങാനായി കിടന്നത്. അന്ന് ഇതുവരെ പറയാതിരുന്ന പുതിയൊരു കഥയാണ് എന്നെ ഉറക്കാനായി പറഞ്ഞത് എന്റെ അച്ഛന്റെ കഥ...
എന്നെ ഗർഭത്തിൽ ചുമന്നതും പ്രസവിച്ചതും അമ്മയായിരുന്നെങ്കിലും ഹൃദയം കൊണ്ട് അതിന്റെ ഭാരം വഹിച്ചതും,അമ്മയേക്കാൾ പേറ്റുനുഭവിച്ചതും അച്ഛനായിരുന്നു. ഇഷ്ടങ്ങളെല്ലാം ത്യജിച്ചു വിമാനം കേറി ഗൾഫിലേക്ക് പോയത് എന്നെ നല്ല നിലയിൽ വളർത്താൻ വേണ്ടിയായിരുന്നത്രെ. നമ്മൾ രുചിയോടെ ഓരോ നേരവും ആഹരിക്കുമ്പോൾ കമ്പനി മെസ്സിലെ രുചിയും, മണവുമില്ലാത്ത ഭക്ഷണമാണ് അച്ഛന് കിട്ടിയിരുന്നത്. ഭൂരിഭാഗം പ്രവാസികളെപ്പോലെ അതിൽ അദ്ദേഹം ഒരിക്കലും പരിഭവിച്ചിരുന്നില്ല. ലീവ് കിട്ടുമ്പോഴൊക്കെ ഓടിയെത്താറുള്ള അച്ഛൻ എന്നെ താഴത്ത് വെക്കാതെ കൊണ്ടു നടക്കുമായിരുന്നു എന്നും, തിരികെ പോകും വരെ പലപ്പോഴും ആ നെഞ്ചിലെ രോമക്കാടുകൾക്ക് മീതെ തല ചേർത്തു വച്ചായിരുന്നു എന്റെ ഉറക്കമെന്നും. അപ്പോഴെല്ലാം അമ്മയുടെ ശബ്ദത്തിലെ ഇടർച്ചയും കണ്ണീരിന്റെ നനവും പടരുന്നത് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു.
ഒടുവിൽ ഏഴാം വയസ്സിൽ അച്ഛൻ ഞങ്ങളെ വിട്ടുപോകുമ്പോഴേക്കും എന്റെയും അമ്മയുടെയും ഭാവി സുരക്ഷിതമാക്കാൻ വേണ്ടുന്നതൊക്കെയും ചെയ്തിട്ടുണ്ടായിരുന്നു. അതു പറയുമ്പോഴേക്കും അമ്മയിൽ നിന്നും മുളം തണ്ട് കീറും പോലൊരു തേങ്ങലുയർന്നു.അതു കേട്ടെന്റെ നെഞ്ചിൽ ചെറുതല്ലാത്ത മുറിവ് വീണ് നിണം കിനിയാൻ തുടങ്ങി. ആർത്തലച്ചു കരയുന്ന അമ്മയോടൊപ്പം വിതുമ്പിക്കരയുമ്പോൾ എത്ര വേഗമാണ് ഞാൻ വിപ്ലവ നായികയിൽ നിന്നും മിഠായിത്തുണ്ടിനു വേണ്ടി കരയുന്ന കുരുന്നു പാവടക്കാരിയിലേക്കെത്തിയത് ? ഞാൻ പോലും മറന്നുപോയ എന്നെ എനിക്ക് തിരികെ ലഭിച്ച നിമിഷം കൂടിയായിരുന്നു അത്. ഏറെ നേരത്തിന് ശേഷം കരച്ചിലടക്കി അമ്മ ഇത്രയും കൂടി പറഞ്ഞു. 

"എല്ലാ ബന്ധനങ്ങളും ബന്ധനങ്ങളല്ല മോളെ...ഭാര്യ ഭർതൃ ബന്ധനത്തിനൊരു സുഖമുണ്ട്, ഒരിക്കലുമത് ബന്ധനമായി തോന്നുകയില്ല. വീഴാൻ പോകുമ്പോൾ താങ്ങാനൊരു കൈ, തളർന്നു പോകുമ്പോൾ ചായാനൊരു തോൾ, ഏത് പ്രതിസന്ധികളിലും ചേർത്തു പിടിക്കാൻ, ഇരുട്ടിൽ പോലും കൂടെയുള്ളൊരു നിഴലായി ജീവിതാവസാനം വരെ തുടരുന്ന കാണാ ചങ്ങലകളാൽ മനസ്സിനെ ബന്ധിപ്പിച്ചു നിറുത്തുന്ന ഒന്നാണ് ഇരു ഹൃദയങ്ങളുടെ കൂടിച്ചേരൽ. പരസ്പരം മനസ്സിലാക്കാനും അംഗീകരിക്കാനും സാധിച്ചാൽ ഇത്രയും സുഖകരമായൊരു ബന്ധം ലോകത്തു വേറെയുണ്ടാകില്ല.തന്റെ ഇണയെ പാതിയിൽ വിട്ടിട്ട് പോവുകയുമില്ല മരണം കൊണ്ടല്ലാതെ...!!"

താര ശങ്കർ ഇടർച്ചയോടെ പറഞ്ഞു നിറുത്തി. കണ്ണു തുടച്ച ശേഷം
മുന്നിലിരുന്ന മഗ്ഗിൽ അവശേഷിച്ചിരുന്ന കോഫി മൊത്തിക്കുടിച്ചു. ചെറിയ ഇടവേളയ്ക്ക് ശേഷം മുഖത്തെ കണ്ണട ഉറപ്പിച്ചുകൊണ്ട് തുടർന്നു.

"അഭീ എന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയുകയാണ്. നമ്മെ മനസ്സിലാക്കുന്നൊരു ജീവിത പങ്കാളിയെ ലഭിക്കുന്നതിലും സുന്ദരമായ മറ്റൊന്നുമില്ല.
അതിന് വീട്ടുകാരുടെ അറിവും സമ്മതവും കൂടിയായാൽ വളരെ നല്ലത്.ചെറുപ്പവും സൗന്ദര്യവുമുള്ള സമയം വരെ മാത്രമേ നമ്മുടെ പിന്നാലെ നടക്കാൻ ആളുണ്ടാവൂ.അതു കഴിഞ്ഞാൽ മധുരം തീർന്ന ബബിൾഗം പോലെ കയ്ച്ചു തുടങ്ങും.
നോക്കൂ അഭീ ഇരുവശത്തും കുടുംബക്കാരുണ്ടെങ്കിൽ കൂടി ചില ഇൻസിഡൻസുകൾക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ മിക്കവർക്കും കഴിയാറില്ല. കുടുംബക്കാരെ മുഴുവൻ വെറുപ്പിച്ചു മറ്റൊരാൾക്കൊപ്പം ജീവിക്കാൻ ഇറങ്ങിപ്പെടുമ്പോൾ ഫ്യൂച്ചറിനെക്കുറിച്ചു കൂടി നമ്മൾ ചിന്തിക്കണം. ഇങ്ങോട്ടൊരു ചോദ്യം ചോദിച്ചേക്കാം ഇരു വീട്ടുകാരുടെ ഇഷ്ടപ്രകാരം നടക്കുന്ന വിവാഹങ്ങളിൽ വേർപിരിയലുകൾ ഉണ്ടാവുന്നില്ലേയെന്നു. തീർച്ചയായും ധാരാളം കേസുകൾ ഉണ്ടാകുന്നുണ്ട്. പക്ഷേ അത്തരം സന്ദർഭങ്ങളിൽ ഏറിയ പങ്കിനും കുടുംബത്തിന്റെ പിന്തുണ ലഭിക്കുന്നുമുണ്ട്. അതുകൊണ്ട് തിരഞ്ഞെടുപ്പുകൾ കൃത്യമാകട്ടെ എനിക്കിറങ്ങാൻ സമയമായി വിഷ് യൂ ഗുഡ് ലക്ക് വീണ്ടും കാണാം...!!"
•••••••••••••••••

" മാം യാത്ര പറഞ്ഞു പോയപ്പോൾ മുതൽ എന്റെ മനസ്സിലും വല്ലാത്തൊരു ഭാരം.അവർക്ക് സംഭവിച്ചതുപോലെ ഒരിക്കൽ നീയുമെന്നെ വിട്ടുപോകുമായിരിക്കും അല്ലേ...?"
" പോകേണ്ടി വന്നാൽ പോയല്ലേ പറ്റൂ അഭീ...?"
" തമ്മിൽ പിരിയുന്നതിൽ ഇഷാന് സങ്കടമൊന്നും തോന്നുന്നില്ലേ...?"
" എന്തിനാണ് ഞാൻ സങ്കടപ്പെടേണ്ടത് ? എപ്പോൾ വേണമെങ്കിലും പിരിയാമെന്ന പരസ്പര ധാരണയുടെ പുറത്തല്ലേ നമ്മൾ ഒരുമിച്ചു ജീവിക്കാൻ തയ്യാറായത്...?"
"പക്ഷേ ഇപ്പോൾ എന്നെക്കൊണ്ട്  അതിനാകുമെന്നു തോന്നുന്നില്ല ഇഷാൻ. ഞാനിത് കുറേ നാളായി നിന്നോട് പറയണമെന്നു കരുതിയതാണ്. തമ്മിൽ താലിച്ചരടിന്റെയോ, രജിസ്റ്ററിലെ ഒപ്പിന്റെയോ പിൻബലമില്ലതെയാണ് നാം ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചതെങ്കിലും ഈ അടുത്തായി സദാസമയവും നീയെന്റെ അരികിൽ വേണമെന്നും, ഞാൻ നിന്റേത് മാത്രമായിരിക്കണമെന്നും വല്ലാതെ കൊതിച്ചു പോകുന്നു ഇഷാൻ. മരണം വരെ നീ എന്റെ ഒപ്പമുണ്ടാകില്ലേ...?

" ഉള്ളത് പറയാമല്ലോ അഭീ നിന്റെ റോൾ മോഡൽ പറഞ്ഞ 'ഉടച്ചാൽ ഒരു മുറി കാരാം' എന്ന ക്യാറ്റഗറിയിൽ പെട്ടൊരാൾ തന്നെയായിരുന്നു ഞാനും. സപ്പോർട്ട് ചെയ്ത് പറ്റിക്കൂടി ദേഹച്ചൂട് ആസ്വദിച്ച് പറക്കണം എന്നു തന്നെയായിരുന്നു തന്നോടടുത്ത ആദ്യ നാളുകളിൽ എനിക്കുണ്ടായിരുന്നത്. പിന്നീടെപ്പോഴോ എന്നിൽ ആ തീരുമാനത്തിനൊരു മാറ്റം സംഭവിക്കുകയായിരുന്നു.ഞാനറിയാതെ തന്നെ എന്റെ ഹൃദയം അഭിയെ ഇഷ്ടപ്പെട്ടു തുടങ്ങിയെന്നതാണ് സത്യം.ഒരിക്കലും പിരിയാത്ത ഇണകളായി നാം മരണം വരെ ഒരുമിച്ചു കഴിയണമെന്നാഗ്രഹിച്ചു. ഇഷ്ടം തുറന്നു പറഞ്ഞപ്പോഴും വിവാഹത്തെക്കുറിച്ചു സൂചിപ്പിച്ചപ്പോഴുമൊക്കെ വലിയ എതിർപ്പ് പ്രകടിപ്പിച്ചതും യാതൊരു കെട്ടുപാടിനും താത്പര്യമില്ലെന്നും പറഞ്ഞത് അഭി തന്നെയായിരുന്നു. ഇഷ്ടമില്ലാത്തൊരു കാര്യം വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ എതിർപ്പിന്റെ ശക്തിയും കൂടിക്കൊണ്ടേയിരിക്കും എന്നറിയാവുന്നതു കൊണ്ടാണ് വിവാഹം ചെയ്യാതെ തന്നെ അഭിയോടൊപ്പം ഒരുമിച്ചു ജീവിക്കാൻ തയ്യാറായത്. മെല്ലെ തിരുത്തിയെടുക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസം എനിക്കുണ്ടായിരുന്നു. ഇപ്പോഴത് സാധ്യമായിരിക്കുന്നു ജഗന്നിയന്താവിനു സ്തുതി താരാശങ്കറിനും...!!

പ്രിയതമനിൽ നിന്നും ആശിച്ച വാക്കുകൾ കേട്ടതുകൊണ്ടാകാം അവളുടെ മിഴികൾ പെയ്യാനാരംഭിച്ചിരുന്നു.

" അഭീ....പനിനീർപ്പൂവിന് തുഷാരം ഒരഴകാണ്, പക്ഷേ എന്റെ പനിമതിക്ക് ഈ നീർമുത്തുകൾ ചേരില്ല. അഭിയുടെ സുന്ദര വദനത്തിന് നറുനിലാ പുഞ്ചിരിയാണഴക് ഇനിയെങ്കിലും ഒന്ന് ചിരിക്കെടോ പ്രകൃതിക്ക് സൗന്ദര്യം വർദ്ധിക്കട്ടേ...!!

സങ്കടങ്ങളെയെല്ലാം അലിയിച്ചു കളഞ്ഞ നിറകൺ ചിരിയോടെ അഭിരാമി ഇഷാന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു.അവൻ അവളുടെ വിശാലമായ നെറ്റിത്തടത്തിൽ ചുണ്ടമർത്തി.

© സജി.കുളത്തൂപ്പുഴ


കാളിയാർമഠംഭൈരവൻ

Image may contain: 1 person, standing, outdoor and water

1980 ഏപ്രിൽ 13, മേടം ഒന്ന്
തേനൂർകുന്നിലെ പ്രസിദ്ധമായ തിരുമംഗലം കോവിലകം..
നിർത്താതെയുള്ള ഫോണിന്റെ മണിയടികേട്ട് ദേവനന്ദ ഫോണിനടുത്തേക്ക് ഓടി.
ഉണ്ണിയേട്ടനായിരിക്കും..അവൾ മനസ്സിൽ പറഞ്ഞു..
ഫോണെടുത്ത് ചെവിയോട് ചേർത്ത അവളുടെ മുഖം മങ്ങി.. മിഴികൾ നിറഞ്ഞു.
"ഇത് നേരത്തെ പറയാമായിരുന്നില്ലേ ഉണ്ണിയേട്ടാ... ആരെ കാണിക്കാൻ വേണ്ടിയാണ് ഞാൻ ഉടുത്തൊരുങ്ങിയത്..."
ദേവാനന്ദയുടെ സ്വരത്തിൽ നിരാശ നിറഞ്ഞിരുന്നു.
"എന്റെ നന്ദൂട്ടി പോണം..പോയി തേനൂർ കുന്നിലപ്പനോട് എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം. ഒഴിവാക്കാൻ പറ്റാത്ത തിരക്കായിപ്പോയി മോളൂ.."
"ഇല്ല്യാ..നന്ദൂട്ടി എങ്ങോട്ടുമില്ല... എനിക്ക് കാണേണ്ടതും എന്നെ കാണേണ്ടതുമായ ഉണ്ണിയേട്ടൻ അവിടെയില്ലാതെ അങ്ങോട്ടേക്ക് ഞാനില്ല. ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു ഉണ്ണിയേട്ടാ.. നമ്മുടെ കല്യാണത്തിന് മുന്നേയുള്ള അവസാന വിഷുവല്ലേ ഇത്. എത്ര തിരക്കുണ്ടെലും അതെല്ലാം മാറ്റിവെച്ചു എത്തേണ്ടതായിരുന്നു ന്റെ ഉണ്ണിയേട്ടൻ.
നമ്മൾ രണ്ടാളും ചേർന്നു നിന്നു ദീപാരാധനാ നേരത്ത് സർവ്വാഭരണ വിഭൂഷിതനായ നിൽക്കുന്ന തേനൂർ കുന്നിലപ്പനെ തൊഴണം.. മട്ടന്നൂരിന്റെ മേളപ്പെരുക്കത്തോടൊപ്പം തേനൂർകുന്നിലപ്പന്റെ തിടമ്പേറ്റിയ നമ്മുടെ 'തിരുമംഗലം കർണ്ണനെ' മതിവരുവോളം കണ്ടുനിൽക്കണം.. രാത്രി ഉത്സവപ്പറമ്പിലെ ആൾക്കൂട്ടത്തിനിടയിലിരുന്നു എം.ജി.രാധാകൃഷ്ണൻ മാഷിന്റെ കച്ചേരി കേൾക്കണം... അങ്ങിനെ എന്തെല്ലാം..."
ഉണ്ണിയെന്ന അവളുടെ മുറച്ചെറുക്കൻ ഉണ്ണികൃഷ്ണൻ ഓരോ ആശ്വാസ വാക്കുകൾ പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ അവയ്ക്കൊന്നും അവളുടെ സങ്കടം മാറ്റാൻ കഴിഞ്ഞില്ല..
അവളുടെ കണ്ഠമിടറി. മുളംതണ്ട് കീറുന്നതുപോലൊരു തേങ്ങൽ അവളിൽനിന്നുണ്ടായി..ഫോൺ തിരികെ വെച്ച് ഒലിച്ചിറങ്ങിയ മിഴിനീർ തുടച്ചു കൊണ്ടവൾ തിരികെ മുറിയിലേക്ക് നടന്നു..
"നന്ദൂ വരണുണ്ടോ നീയ്...''
നങ്ങേലി മുത്തശ്ശിയാണ്.. മനസ്സൊട്ടുമില്ലാതെയാണ് അവർക്കൊപ്പം അമ്പലത്തിലേക്കവൾ യാത്ര തിരിച്ചത്.
അവരെത്തുമ്പോഴേക്കും മേളം തുടങ്ങികഴിഞ്ഞിരുന്നു. ചെണ്ടപ്പുറത്ത് കോൽകൊണ്ട് വിസ്മയം തീർക്കുകയാണ് മട്ടന്നൂർ... അതിനൊപ്പിച്ചു ആർപ്പുവിളിച്ചു ആഹ്ലാദാരവം മുഴക്കി തിങ്ങി നിറഞ്ഞ ജനം... മേളം കൊട്ടിക്കേറുമ്പോഴേക്കും തിടമ്പേറ്റിയ തിരുമംഗലം കർണ്ണന്റെ വരവ്..
അതൊരു മായക്കാഴ്ച തന്നെയാണ്... സർവ്വലക്ഷണവും തികഞ്ഞ ഗജവീരൻ. തിടമ്പേറിയാൽ തലയുയർത്തിയൊരു നില്പാണ്. തലയെടുപ്പിൽ അവനെ വെല്ലാൻ ഒരാനയ്ക്കുമാകില്ല. ആലവട്ടവും വെഞ്ചാമരവും നെറ്റിപ്പട്ടവും അവന്റെ അഴകിനു മാറ്റുകൂട്ടുന്നു. തിരുമംഗലം കോവിലകത്തിന്റെ ചിഹ്നമാണവൻ. തേനൂർ കുന്നിലപ്പൻ അവനിൽ കുടികൊള്ളുന്നുവെന്ന് നാട്ടുകാർ വിശ്വസിക്കുന്നു.
ഇരുൾ പരക്കാൻ തുടങ്ങിയിരുന്നു. ആലക്തിക ദീപങ്ങൾ മിഴി തുറന്നു. നന്ദു ശ്രീകോവിലിന് മുന്നിൽ തൊഴുകൈയ്യോടെ നിന്നു.
"എന്റെ കണ്ണാ...എന്റെ ഉണ്ണിയേട്ടനെ കാത്തോണേ...''
പ്രാർത്ഥിച്ചു നിൽക്കുമ്പോൾ ഇടത് തോളിൽ കൈ അമരുംപോലെ. അവൾ തല തിരിച്ചു നോക്കി.. നിറയെ പൂത്ത കർണ്ണികാരം പോലെ ഉണ്ണിയേട്ടൻ..നിറ പുഞ്ചിരിയോടെ...!!
"എന്നെ പറ്റിക്കുകയായിരുന്നല്ലേ..."
സന്തോഷം കൊണ്ടവളുടെ മിഴികൾ നിറഞ്ഞു...
"നിന്റെ ആശകൾ നിറവേറ്റേണ്ടേ..."
കണ്ണെടുക്കാതെ നോക്കിനിന്ന അവളോടവൻ ചോദിച്ചു.
"അമ്മേ ഞാൻ ഉണ്ണിയേട്ടനൊപ്പം എത്തിക്കോളാം..."
അതും പറഞ്ഞു അവന്റെ കയ്യും പിടിച്ചവൾ ഓടി മേളത്തറയിലേക്ക്... അവിടെ പാണ്ടിയിൽ നിന്ന് പഞ്ചാരിയിലേക്ക് മാറിയിരുന്നു മേളം. അവരും ആൾക്കൂട്ടത്തിലലിഞ്ഞു ചേർന്നു.
സമയം രാത്രി 11:10
അന്നത്തെ അവസാന വണ്ടിയിൽ തേനൂർകുന്നിൽ ഒരാൾ വന്നിറങ്ങി..
ആറടിയിലധികം ഉയരമുണ്ടയാൾക്ക്.. ആരോഗ്യ ദൃഢഗാത്രൻ.. ഇരുളിലും ജ്വലിക്കുന്ന കണ്ണുകൾ.. തോളിലൊരു ഭാണ്ഡവുമായി ഇടവഴിയിലൂടെ അയാൾ നടന്നു കാളിയാർമഠം ലക്ഷ്യമാക്കി...
'കാളിയാർമഠം.. '
മാന്ത്രികനായിരുന്ന ദിഗംബരന്റെ തറവാട്.. ചിതലരിച്ചു നിലം പൊത്താറായ ഇരുനിലമാളിക. മഹാമന്ത്രികനായിരുന്നു ദിഗംബരൻ. ദുർമൂർത്തികളെ ചൊൽപ്പടിക്ക് നിർത്തിയിരുന്നവൻ. കാറ്റിനെപ്പോലും നിശ്ചലമാക്കാൻ കഴിയുമായിരുന്നു ദിഗംബരന്. പ്രപഞ്ച ശക്തികളെ വരുതിയിൽ നിർത്തിയവൻ. എതിർത്തവരെ ഇല്ലായ്മ ചെയ്തും.. മനസിൽ മോഹമുണർത്തിയ സ്ത്രീകളെ പരകായപ്രവേശത്തിലൂടെ അനുഭവിച്ചും തേനൂർകുന്നിന്റെ പേടിസ്വപ്നമായ് നിറഞ്ഞവൻ. നിരവധി അരുംകൊലകൾ ... പോലീസിനും അവനെ ഒന്നും ചെയ്യാൻ കഴിയുമായിരുന്നുമില്ല.
അവനെക്കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾ അവിടുത്തെ പ്രമാണിയായ തിരുമംഗലം വിക്രമൻ തമ്പിയോട് സഹായമഭ്യർത്ഥിച്ചു. വിക്രമൻ തമ്പിയുടെ തോക്കിൻ കുഴലിൽ നിന്ന് പാഞ്ഞ ഈയത്തുണ്ട് ദിഗംബരന്റെ
ജീവനെടുത്തു പറന്നു. ഭീതി നിറഞ്ഞ ഒരു യുഗത്തിനന്ത്യം. അതിനു ശേഷം പന്ത്രണ്ട് വയസുള്ള ദിഗംബരന്റെ മകനെ ദേശവാസികളാരും കണ്ടിട്ടേയില്ല..
പിന്നെ ആരാണ് ഇരുപത് വർഷങ്ങൾക്കിപ്പുറം പാതിരാവിൽ.. അതും തനിച്ചു. പകലിൽ പോലും ആരും നോക്കാൻ ധൈര്യപ്പെടാറില്ലാത്തിടത്തേയ്ക്ക്...
ചിതലരിച്ചു തറയിൽ കിടന്ന മരപ്പലകകൊണ്ടുണ്ടാക്കിയ ഗേറ്റ് കടന്ന് അയാൾ കാളിയാർ മഠത്തിന്റെ മുറ്റത്തെത്തി ഒരു നിമിഷം നിന്നു.
വീടിന്റെ വടക്കേ കോണിലിരുന്ന കൂമൻ ഉറക്കെ മൂളാൻ തുടങ്ങി.
ഊം..ഊം..ഊം.
അയാൾ ഉമ്മറക്കോലായിലേക്ക് കാലെടുത്തു വെച്ചതും തെക്ക് ഭാഗത്തുനിന്ന് ഭീകരമായൊരു അലർച്ചയുണ്ടായി...രക്ത ദാഹിയായ മറുതയായിരുന്നു അത്. അലർച്ച കേട്ട ഭാഗത്തേയ്ക്കയാൾ തലതിരിച്ചു. അതോടെ അലർച്ച നിന്നു. അത്രയ്ക്കുണ്ടായിരുന്നു ആ മിഴികളുടെ തീഷ്ണത. അയാൾ കതക് ആഞ്ഞുതള്ളി. വലിയൊരു ശബ്ദത്തോടെയത് മലർക്കെ തുറന്നു. മച്ചിൽ തൂങ്ങിക്കിടന്ന കടവാവലുകൾ ശബ്ദമുണ്ടാക്കി ഇളകി പറന്നു...
പിറ്റേന്ന് പ്രഭാതം.
തേനൂർ കുന്നിലപ്പനെ തൊഴുത് വിക്രമൻ തമ്പി അംബാസിഡറിൽ ചെമ്മൺ പാതയിലൂടെ വീട്ടിലേക്ക് മടങ്ങവേ വഴിതടഞ്ഞൊരാൾ നിൽക്കുന്നു. പുറം തിരിഞ്ഞാണ് നിൽപ്പ്.. നഗ്നപാദൻ.. കണങ്കാലിന് മുകളിലേക്ക് കയറി നിൽക്കുന്ന കാവിമുണ്ട്..
വലംകാലിലും ഇടംകൈയിലും പിച്ചള
വളയങ്ങൾ... കരുത്തുറ്റ മാംസപേശികൾ..ആജാനബാഹു... ചുവന്ന മേൽമുണ്ട് പുതച്ചിരിക്കുന്നു...
ഹോൺ മുഴക്കിയിട്ടൊന്നും അയാൾ വഴിമാറുന്നില്ല...ദേഷ്യം പിടിച്ച തമ്പി ഡോർ തുറന്ന് പുറത്തേക്കിറങ്ങി...
"ആരാണ് നീ...വഴിമുടക്കാതെ മാറൂ..."
അയാൾ മെല്ലെ തിരിഞ്ഞു. നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയിഴകൾ. കാതിലെ ഒറ്റക്കടുക്കൻ പ്രഭാതസൂര്യന്റെ കിരണങ്ങളേറ്റ് തിളങ്ങി..
" നീയൊരു വെടിയുണ്ടായാൽ ജീവനെടുത്ത ദിഗംബരനെ ഓർമ്മയുണ്ടോ.."
ഗുഹയിൽ നിന്നെന്ന പോലെ അയാളിൽ നിന്നും ചോദ്യമുണ്ടായി..
ആ ചോദ്യം തമ്പിയിൽ ഒരു നടുക്കമുണ്ടാക്കി...
"ആ ദിഗംബരന്റെ മകനാണ് ഞാൻ..കാളിയാർ മഠം ഭൈരവൻ.."
തമ്പിയുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു..ദി..ഗം..ബ..ര..ൻ..
അച്ഛനെ കൊന്നതിന്റെ പ്രതികാരം ചെയ്യാനാകും മകന്റെ വരവ്. തമ്പി നടുങ്ങി നിൽക്കെ അയാൾ തുടർന്നു.
"തമ്പീ...ഇന്ന് മുതൽ തുടങ്ങുകയാണ് നിന്റെ നാശം. നിന്റെ കുടുംബം മുച്ചൂടും മുടിക്കാതെ തേനൂർ കുന്നിൽ നിന്ന് മടക്കമില്ല ഈ ഭൈരവന്. ഇങ്ങോട്ട് പുറപ്പെടാൻ നേരം അച്ഛന്റെ ആത്മാവിന് കൊടുത്ത വാക്കാണിത്..."
ഭൈരവന്റെ മൊഴികളിൽ തന്റെ
അച്ഛനെ കൊന്നവനോടുള്ള പക നിറഞ്ഞിരുന്നു.
"നിന്റെ അച്ഛന്റെ ജീവനെടുത്ത തോക്ക് അറബിക്കടലിൽ കളഞ്ഞിട്ടില്ല. അതിപ്പോഴും തിരുമംഗലം തറവാട്ടിലുണ്ട്... "
പതർച്ചയിലും തമ്പി തിരിച്ചടിച്ചു..
"നമുക്ക് നോക്കാം തമ്പീ...ആരാണ് കേമനെന്ന്. ഭൈരവനോ..അതോ
വിക്രമൻ തമ്പിയോ എന്ന്. നിനക്ക് ജീവിക്കാം..നിന്റെ ഒരേ ഒരു മകളുടെ ചിത കത്തി തീരുന്നത് വരെ. അതിനടുത്ത പ്രഭാതം നീ കാണില്ല തമ്പീ...നീ പോയി നിന്റെ മകളെ സംരക്ഷിക്കാൻ ശ്രമിക്ക്..
ഏത്കോട്ടയിൽ കൊണ്ടൊളിപ്പിച്ചാലും ഈ ഭൈരവൻ കവർന്നെടുത്തിരിക്കും അവളുടെ മാനവും ജീവനും. ഇതെന്റെ വാക്കാണ് കാളിയാർ മഠം ഭൈരവന്റെ വാക്ക്..."
ഇടിമുഴക്കം പോലെ ഭൈരവന്റെ വാക്കുകൾ..
കോപത്താൽ സ്വതവേ ചുവന്ന ഭൈരവന്റെ കണ്ണുകൾ
വൈരപ്പൊടി വീണതുപോലെ കൂടുതൽ ചുവന്നു.. പുലരിയിലെ തണുപ്പിലും തമ്പിയുടെ നെറ്റിയിൽ വിയർപ്പു കണങ്ങൾ പൊടിഞ്ഞു.
പെട്ടെന്ന് ഭൈരവൻ വലതുകരം തമ്പിയ്ക്ക് നേരെ നീട്ടി..ചുരുട്ടി പിടിച്ചിരുന്ന വിരലുകൾ മെല്ലെ തുറന്നു. ഭൈരവന്റെ കൈക്കുള്ളിലൊരു ചുഴലി രൂപം കൊണ്ടു..അത് പൊടിമണ്ണിനെ ഇളക്കി മറിച്ചു വട്ടം ചുറ്റി...അതൊരു വൻ ചുഴലിയായി രൂപാന്തരം പ്രാപിച്ചു..ചെറുചെടികൾ മൂടോടെ പിഴുത് കാറ്റിനൊപ്പം കറങ്ങി. തമ്പിയുടെ കണ്ണുകളിൽ പൊടി നിറഞ്ഞു .. ഒന്നും കാണാൻ കഴിയുന്നില്ല. കാറ്റിന്റെ ഹുങ്കാരവം അതിനും മീതെ ഭൈരവന്റെ അട്ടഹാസം...
ചുഴലികാറ്റ് റോഡിന് താഴെയായി നിരയിട്ട് നിന്നിരുന്ന കലംപോട്ടി ചെടികളെ തല്ലിത്തകർത്തു പാടത്തേക്കിറങ്ങി അപ്രത്യക്ഷമായി... ഒപ്പം ഭൈരവനും... എല്ലാം നിമിഷനേരങ്ങളിൽ കഴിഞ്ഞു.
തമ്പി നടുങ്ങി തരിച്ചു നിന്നു.
മേടം 16
ആമ്പൽ കുളത്തോട് ചേർന്നുള്ള കാവൽമാടം. ഉണ്ണി നാട്ടിൽ
വരുമ്പോൾ നന്ദുവിനേയും കൂട്ടി അവിടെ ചെന്നിരിക്കുക പതിവാണ്.
"എത്ര നേരമായി കാത്തുനിൽക്കാൻ തുടങ്ങിയിട്ട്. നന്ദൂട്ടിയെ തനിച്ചാക്കിയിട്ട് എവിടെ പോയിക്കിടക്കുവാണ്‌. വന്നിട്ട് അരമണിക്കൂർ കഴിയുന്നു."
അവൾ സ്വയം പരിഭവം പറഞ്ഞു കൊണ്ട് നോക്കിയപ്പോൾ പാടത്തിന്റെ മറുകരയിൽ ഉണ്ണിയേട്ടൻ. അവൻ അവളുടെ അടുത്തേയ്ക്ക് നടന്നടുക്കുകയാണ്.
"ഹും.. ഇങ്ങുവരട്ടെ.. ശരിയാക്കുന്നുണ്ട്.. "
അപ്പോഴാണവൾ ശ്രദ്ധിച്ചത് അവന്റെ നടപ്പിന് ഇതുവരെയില്ലാത്ത വേഗം. മുഖത്തു ഇതിനുമുമ്പ് ദർശിച്ചിട്ടില്ലാത്ത ഭാവ വ്യത്യാസം. എപ്പോഴും പുഞ്ചിരിയോടെയല്ലാതെ ഉണ്ണിയേട്ടനെ കണ്ടിട്ടില്ല. പക്ഷെ ഇപ്പോൾ... കണ്ണുകൾ പാതി അടച്ചു പിടിച്ച് ചുണ്ടിൽ വഷളൻ ചിരിയുമായി. അവന്റെ ശ്വാസഗതി വല്ലാതെ ഉയർന്നിരിക്കുന്നു.
"എന്ത് പറ്റി ഉണ്ണിയേട്ടാ...എത്ര നേരമായെന്നറിയോ നന്ദൂട്ടി വന്നിട്ട്.. "
അതിനവൻ മറുപടി പറഞ്ഞില്ല. ഒന്നുമില്ലെന്നവൻ തലയാട്ടി.
"അല്ലെങ്കിലും ഈ അടുത്തായി എന്നെ തീരെ ഇഷ്ടമല്ല ഉണ്ണിയേട്ടന്. ഇപ്പോൾ ഞാനെന്തെങ്കിലും ചോദിച്ചാൽ കൂടി മറുപടി തരില്ല.. "
അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി. വിഷാദത്തോടെ കുളത്തിനു നടുവിൽ വിരിഞ്ഞു നിന്ന നീലയാമ്പലിനെ നോക്കി നിൽക്കുമ്പോൾ പിറകിൽ നിന്ന് ഒരിക്കലും പതിവില്ലാത്ത വിധം ഗാഢമായൊരു ആലിംഗനം..
"ഉണ്ണിയേട്ടാ...കുറുമ്പ് കാട്ടാ നീ.. വേണ്ടാട്ടോ.."
അവൾ കുതറി മാറാൻ ശ്രമിച്ചു.
അവൻ ഉന്മാദം ബാധിച്ചവനെപോലെ അവളെ വരിഞ്ഞു മുറുക്കി ഇടത് ചെവിയുടെ പിന്നിൽ ചുണ്ടമർത്തി. അവന്റെ ചുടു നിശ്വാസമേറ്റവൾ പുളഞ്ഞു.
ആദ്യമായിട്ടാണ് ഉണ്ണിയേട്ടൻ ഇത്തരത്തിൽ പെരുമാറുന്നത്...
"ഇതെന്താ ഉണ്ണിയേട്ടാ ഈ കാണിക്കണെ...ശ്ശൊ.. വിടൂന്നെ.. "
പക്ഷെ അവൻ അവളെ കൂടുതൽ ചേർത്തു നിർത്തി. അവന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നു. അതിന്റെ അനുഭൂതിയിൽ അവളുടെ പ്രതിരോധം ദുർബലമായിക്കൊണ്ടിരുന്നു. അതവനിൽ ആവേശം പകർന്നു. നന്ദുവിന്റെ മിഴികൾ കൂമ്പിയടഞ്ഞു. അവളും അവനെ ആഗ്രഹിച്ചു തുടങ്ങിയിരുന്നു. അവൾ
അറിയുന്നുണ്ടായിരുന്നില്ല പരകായ
പ്രവേശത്തിലൂടെ ഉണ്ണിയുടെ ശരീരത്തിൽ കടന്നുകൂടിയ ഭൈരവനാണ് തന്നെ വരിഞ്ഞു മുറുക്കുന്നതെന്ന്..
ഉണ്ണിയിലെ കൊടുംകാറ്റ് ശമിച്ചപ്പോൾ വാടിയ താമരത്തണ്ടുപോലെയായി തീർന്നിരുന്നു നന്ദൂട്ടി. സുഖകരമായ ആലസ്യത്തിൽ മയങ്ങുമ്പോൾ ഒരു കാൽപ്പെരുമാറ്റം കേട്ടവൾ മിഴികൾ തുറന്നു. മുന്നിൽ വിടല ചിരിയോടെ ഭൈരവൻ അവളെ തന്നെ നോക്കിനിൽക്കുന്നു. വസ്ത്രങ്ങൾ വാരി മാറോട് ചേർത്ത് കൊണ്ടവൾ പിടഞ്ഞെഴുന്നേറ്റു.
ഭീതിയോടെ ഉണ്ണിയെ കുലുക്കി ഉണർത്താൻ ശ്രമിച്ചു. അതുകണ്ട ഭൈരവൻ ഉറക്കെചിരിച്ചു.
"ഉണർത്താൻ ശ്രമിക്കേണ്ട അവനിപ്പോഴൊന്നും ഉണരില്ല. നീ എന്താ കരുതിയത് നിന്നെ പ്രാപിച്ചത് ഉണ്ണിയാണെന്നോ... അല്ല .. അത് ഞാനായിരുന്നു.. "
ആ വാക്കുകൾ നടുക്കത്തോടെയാണവൾ കേട്ടുനിന്നത്. ചെവിയിൽ ഈയമുരുക്കി ഒഴിക്കുന്നത് പോലെ..
"അവനുണരുമ്പോൾ പറഞ്ഞേക്ക് അവന്റെ നന്ദുവിനെ ഭൈരവൻ ആവോളം ആസ്വദിച്ചിട്ട് പോയെന്നു. നിന്റെ അച്ഛനോടുള്ള പ്രതികാരത്തിന്റെ തുടക്കം നിന്നിൽ നിന്ന് തന്നെയാകട്ടെ. തമ്പിയുടെ മിഴികളിൽ നിണം പൊടിയുന്നത് എനിക്ക് കാണണം.."
അതുകേട്ടവൾ ഹൃദയം പൊട്ടിക്കരഞ്ഞു. കവിളിലൂടെ ഒഴുകിയിറങ്ങിയ മിഴിനീർ ഉണ്ണിയുടെ നഗ്നമായ മുതുകിലേക്ക് ഇറ്റിറ്റു വീണുകൊണ്ടിരുന്നു. ഇന്നോളം കാത്തുവെച്ചതെല്ലാം ദുഷ്ടൻ
കവർന്നെടുത്തിരിക്കുന്നു.
മേടം 20,
മേടസൂര്യൻ കത്തിജ്വലിക്കുകയാണ്.. പോക്കുവെയിലിനും നല്ല ചൂട്. ഉണ്ണികൃഷ്ണൻ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു. വിശാലമായ പാടം. പാടവരമ്പിലൂടെ നടന്നു വേണം വീട്ടിലെത്താൻ. ചൂടിന്റെ ആധിക്യത്തിൽ വേഗം നടക്കുമ്പോൾ പെട്ടെന്നു ആരോ പിടിച്ചു നിർത്തിയത് പോലെ അവൻ നിശ്ചലമായി. മുന്നോട്ട് നടക്കാൻ കഴിയുന്നില്ല. എന്താണെന്നറിയാൻ ഉണ്ണി മെല്ലെ തിരിഞ്ഞു. ആ കാഴ്ച കണ്ട് അവൻ ഭയന്നുപോയി. സൂര്യനെക്കാൾ ജ്വലിക്കുന്ന മിഴികളോടെ തൊട്ടു പിന്നിൽ ഭൈരവൻ...!!
വലംകാലിന്റെ തള്ളവിരൽ കൊണ്ട് തന്റെ നിഴലിൽ ചവിട്ടിപ്പിടിച്ചിരിക്കുകയാണ് ഭൈരവൻ. അവന്റെ ചുണ്ടിലാണേൽ കൊല്ലുന്ന ചിരിയും. ഉണ്ണി മുന്നോട്ടാഞ്ഞു. കഴിയുന്നില്ല കാലുകൾ മണ്ണിൽ തറഞ്ഞത് പോലെ. അവന്റെ ഓരോ നാഡിയിലും തളർച്ച ബാധിച്ചു തുടങ്ങിയിരുന്നു..
"നീ എനിക്കെതിരായി കേസുകൊടുക്കും അല്ലേ... പരാതിക്കാരൻ ഇല്ലാണ്ടായാൽ പിന്നെന്ത് കേസാണ്...നീ 'നിഴൽകുത്തെന്ന് ' കേട്ടിട്ടുണ്ടോ.. ഇല്ലെങ്കിൽ അനുഭവിച്ചറിഞ്ഞോളൂ. നിന്റെ ദേഹത്തു തൊടാതെ ജീവനെടുക്കുന്ന അത്ഭുത വിദ്യ..."
അതും പറഞ്ഞവൻ പൊട്ടിച്ചിരിച്ചു. അവന്റെ ചിരി കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വയലേലകളിൽ മാറ്റൊലി കൊണ്ടു.
ഉണ്ണിയുടെ തൊണ്ടക്കുഴി വറ്റിവരണ്ടു. തന്റെ നിമിഷങ്ങൾ എണ്ണപ്പെട്ടു എന്നവന് മനസ്സിലായി. മുത്തച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് നിഴൽകുത്തിനെ പറ്റി. എതിരാളിയെ ഇല്ലായ്മ ചെയ്യാനായി നിഴലിൽ ഇരുമ്പാണികുത്തിയിറക്കി അരുംകൊല ചെയ്യുന്ന ആഭിചാര കർമ്മം..
ആദ്യം നന്ദൂട്ടിയെ നശിപ്പിച്ചു. ഇപ്പോൾ തന്നെയും ഇല്ലാതാക്കാൻ പോവുകയാണ്. തങ്ങളൊരുമിച്ചു നെയ്തെടുത്ത സ്വപ്നങ്ങളെല്ലാം വെറുതെയായി. എന്തെല്ലാം മോഹങ്ങളായിരുന്നു.
താനില്ലാതെയായാൽ നന്ദു പിന്നൊരു നിമിഷം ജീവിച്ചിരിക്കില്ല. ഇപ്പോൾ തന്നെ നന്ദു ഒരുതരം ഭ്രാന്തിന്റെ വക്കിലാണ്. തന്റെ ആശ്വാസ വാക്കുകൾ ഒന്നുകൊണ്ടു മാത്രമാണവൾ ഇപ്പോഴും ജീവിച്ചിരിയ്ക്കുന്നത്. അല്ലെങ്കിൽ അന്നു തന്നെ...
അവന്റെ മിഴികൾ നിറഞ്ഞൊഴുകി. താൻ മരിക്കുന്നതിനേക്കാൾ വേദന അവന്റെ പ്രാണനായ നന്ദു ഇല്ലാതാവുന്നതിലായിരുന്നു..
ഭൈരവൻ മടിക്കുത്തിൽ നിന്ന് നീളമുള്ള നാരായം പുറത്തെടുത്തു. അവന്റെ കണ്ണുകൾ കൂടുതൽ കുറുകി.. അവന്റെ മുഖത്ത് പൈശാചിക ഭാവം ഉണർന്നു. പെട്ടെന്ന് അവൻ നാരായം ഉണ്ണിയുടെ നിഴലിന്റെ കഴുത്തിലേക്കമർത്തി. ആ നിമിഷം ഉണ്ണിയുടെ കഴുത്തിൽ രക്തം പൊടിഞ്ഞു. വേദനകൊണ്ടവൻ അലറി കരഞ്ഞു. ഭൈരവൻ ക്രൂരമായ ആനന്ദത്തോടെ നാരായം മണ്ണിലേക്കാഴ്ത്തി. ഉണ്ണി കഴുത്തിലമർത്തിപിടിച്ചിരുന്ന വിരലുകൾക്കിടയിലൂടെ ചോര പതഞ്ഞൊഴുകി. അവൻ ശ്വാസം
കിട്ടാതെ പിടഞ്ഞു. ഭൈരവൻ നാരായം ഒന്നുകൂടി താഴ്ത്തി. ഉണ്ണിയുടെ കണ്ണുകൾ തുറിച്ചുന്തി.. ഹൃദയമിടിപ്പ് നിലച്ചു ..വെട്ടിയിട്ട വാഴപോലെ അവന്റെ ശരീരം നിലത്തേക്ക് വീണു.
ഭൈരവൻ നാരായം മണ്ണിൽ നിന്ന് ഊരിയെടുത്തു ആത്മ സംതൃപ്തിയോടെ കിഴക്കോട്ട് നടന്നുപോയി.
മേടം 24
ഉണ്ണിയുടെ ചിതയെരിഞ്ഞതിന്റെ മൂന്നാംപക്കം നന്ദുവും ഒരു മുഴം കയറിൽ അവന്റെ അടുത്തേക്ക് യാത്രയായി. അവിടുന്നങ്ങോട്ട് മരണങ്ങളുടെ ഘോഷയാത്രയായിരുന്നു. വിഷംതീണ്ടിയും, അപകടത്തിന്റെ രൂപത്തിലുമെല്ലാം.
വിക്രമൻ തമ്പി പോലീസിൽ പരാതി നല്കി.. പക്ഷെ തെളിവില്ല എന്ന കാരണം പറഞ്ഞ് അവർ ഒഴിഞ്ഞു. പേരുകേട്ട മന്ത്രവാദികളെല്ലാം ഭൈരവനെ ഭയന്നു പിൻമാറി. ഒടുവിൽ വിക്രമൻ തമ്പിയുടെ വിധിയും ഭൈരവന്റെ ദുർദേവതകളുടെ ഇരയാവാനായിരുന്നു..
തിരുമംഗലം കോവിലകത്ത് ആരെയും അവശേഷിപ്പിക്കാതെ ആഭിചാര കർമ്മങ്ങളിലൂടെ ഭൈരവൻ ഉന്മൂലനം ചെയ്തു. ഇന്നാ ഭവനത്തിൽ ആത്മാക്കൾ മാത്രമാണ് താമസം.
തന്റെ മന്ത്ര സിദ്ധിയിൽ അഹങ്കാരം വർദ്ധിച്ച ഭൈരവനും അച്ഛനെ പോലെ തേനൂർ കുന്നുകാരെ ദ്രോഹിക്കാൻ തുടങ്ങി. എതിർത്തവരെ ജീവച്ഛവമാക്കി, തന്റെ ആഗ്രഹ പൂർത്തീകരണം നടത്തിവന്നു...
ഒരു മാസത്തിനിപ്പുറം...
ഇടവം 26
കാളിയാർ മoത്തിലേക്കുള്ള ചെമ്മൺ പാത കഴിഞ്ഞ് ഭൈരവൻ ഇടവഴിയിലേക്കിറങ്ങി.
ഇരുപുറവും ഉയരമുള്ള മൺഭിത്തികൾ... വഴിയിൽ കരിയിലകൾ മെത്ത വിരിച്ചതുപോലെ... ഇടവം തീരാറായിട്ടും മഴയെത്തിയിട്ടില്ല. മഴക്കോളുമുണ്ട്. കട്ടപിടിച്ച ഇരുട്ടിനെ മുറിച്ചുകൊണ്ട് കൊള്ളിമീനുകൾ ആകാശത്തു ചിത്രം വരയ്ക്കുന്നു..
മoത്തിലേക്ക് നടക്കുമ്പോഴും ഭൈരവന്റെ മനസ് ആകെ അസ്വസ്ഥമായിരുന്നു..
'കുറച്ചായി കാളിയുടെ മുഖം തെളിഞ്ഞിട്ട്. പൂജയ്ക്കിടയിൽ അപ:ശകുനങ്ങളാണ് നിത്യവും. ഹോമകുണ്ഡത്തിലേക്ക് നെയ്യ് പകരുമ്പോൾ അതിൽ നിന്ന് വസ്ത്രങ്ങളിലേക്ക് തീ പടർന്നത് അശുഭ സൂചനയാണ്. ഉപാസനാ മൂർത്തികൾ തനിക്കെതിരാവുകയാണോ?...'
ഭൈരവൻ ചൂട്ട് കറ്റയും വീശി മുന്നോട്ടു നടന്നു. അല്പദൂരം നടന്നപ്പോൾ പിന്നിലൊരു സീൽക്കാരം. മെല്ലെ തിരിഞ്ഞു നോക്കി.. ഒന്നും കാണുന്നില്ല. കാറ്റടിച്ചപ്പോൾ കരിയിലയിളകിയ താകും . വീണ്ടും മുന്നോട്ട് നടന്നു. പെട്ടെന്ന് പിന്നിൽ നിന്നും ശക്തമായ സീൽക്കാരം ഉയർന്നു. തിരിഞ്ഞു നോക്കിയ ഭൈരവൻ നടുങ്ങി തരിച്ചു പോയി. വെറും മൂന്നടി അകലത്തിൽ മരണമങ്ങനെ ഫണം വിടർത്തി നിൽക്കുന്നു. തീക്കനൽ പോലെ ജ്വലിക്കുന്ന കണ്ണുകളുള്ള കൂറ്റൻ കരിനാഗം. പെരുവിരലിൽ നിന്ന് നട്ടെല്ലിലേക്കൊരു പെരുപ്പ് അരിച്ചു കയറി. കാറ്റിനെപ്പോലും നിശ്ചലമാക്കാൻ കഴിവുള്ള ഭൈരവന്റെ രോമകൂപങ്ങളിൽ വിയർപ്പ് കണങ്ങൾ പൊടിയാൻ തുടങ്ങി. അത്രയ്ക്ക് ഭയാനകമായിരുന്നു ആ കാഴ്ച.
അവൻ ധൈര്യം വീണ്ടെടുക്കാനായി
മിഴികളടച്ചു അഥർവ്വ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി. ഇല്ല..കഴിയുന്നില്ല
നാവ് പിഴയ്ക്കുന്നു...അർത്ഥങ്ങൾ മാറുന്നു..
താൻ വിളിച്ചാരാധിച്ചിരുന്നവർ തനിക്കെതിരായി തീർന്നിരിക്കുന്നു എന്ന സത്യം നടുക്കത്തോടെ ഭൈരവൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു..
ഇനി രക്ഷയില്ല. ഞൊടിയിടയിൽ വെട്ടിത്തിരിഞ്ഞ ഭൈരവൻ ഇരുളിലൂടെ മുന്നോട്ട് കുതിച്ചു. ചൂട്ടുകറ്റയിൽ കാറ്റുപിടിച്ചു തീയാളി. ഭൈരവന്റെ കാലുകൾക്ക് ചിറകുമുളച്ചു. മഴവെള്ളം കുത്തിയൊലിച്ചു തെളിഞ്ഞു നിന്നിരുന്ന കല്ലുകളിൽ തട്ടി കാലിൽ മുറിവേറ്റെങ്കിലും അവൻ യാഗാശ്വത്തെ പോലെ പാഞ്ഞു. തൊട്ട് പിന്നിലായി കരിയിലകൾ ഞെരിച്ചുകൊണ്ട് കരിനാഗവും. ഭയം അവന്റെ മനസ്സിനെ കീഴ്പ്പെടുത്താൻ തുടങ്ങിയിരുന്നു.
കനത്തൊരിടി മുഴങ്ങി. അകമ്പടിയായി ചാറ്റൽ മഴയും. ശക്തമായ കാറ്റിനൊപ്പം കരിയിലകൾ ഇളകിപ്പറന്നു.
"കാളീ നീയുമെന്നെ കൈവിടുകയാണോ.. "
ചുറ്റിലും അഥർവ്വ മന്ത്രങ്ങൾ മുഴങ്ങുന്നു. അതൊരു അലയായി വന്നു തന്നെ പൊതിയുന്നുവോ. മൺഭിത്തിയിലൂടെ നൂറുകണക്കിന് നാഗങ്ങൾ ഇഴഞ്ഞിറങ്ങുന്നതായി അവനു തോന്നി. പിന്നിൽ നാഗത്താനുണ്ടോ എന്ന് തിരിഞ്ഞു നോക്കുന്നതിനിടയിൽ എന്തിലോ ചെന്നിടിച്ചു ഭൈരവൻ പിന്നോട്ട് മലർന്നു വീണു. വീഴ്ചയിൽ പിടിവിട്ടു തറയിലേക്ക് വീണ ചൂട്ടുകറ്റയിൽ നിന്ന് കരിയിലകളിലേക്ക് തീപടർന്നു. മൂക്കിലേക്കടിച്ചുകയറുന്ന ആനച്ചൂര്. ഭീതിയോടവൻ കണ്ടു ..
"തിരുമംഗലം കർണ്ണൻ..."
കർണ്ണന്റെ മിഴികളിൽ നിറഞ്ഞു നിൽക്കുന്നത് തന്റെ പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയവനോടുള്ള അടങ്ങാത്ത പക..
കർണ്ണന്റെ ചെകിടടപ്പിക്കുന്നൊരു ചിന്നംവിളി. അതിൽ ഭൈരവന്റെ സപ്ത നാഡികളും തളർന്നുപോയി. കർണ്ണൻ വായിൽ നിന്ന് വിയർപ്പെടുത്തു പുറത്തേക്ക് ചീറ്റികൊണ്ട് ഭൈരവനുനേരെ നടന്നടുത്തു.
അതിവേഗം പിന്നോക്കം മാറാനായി ശ്രമിച്ച ഭൈരവന്റെ തലയ്ക്ക് മുകളിലേക്ക് എന്തോ ഒന്ന് നീണ്ടുവരുന്നത് കണ്ട് മിഴികളുയർത്തി നോക്കി.
തലയ്ക്ക് മുകളിലായി സീൽക്കാരത്തോടെ നാഗത്താൻ...!!
ഭൈരവന്റെ ഹൃദയം നിലച്ചുപോയി. കരിയിലകൾ കാറ്റിൽ ആളിക്കത്തി. ആ വെളിച്ചത്തിൽ അവന്റെ ഇരുമിഴിയിലും കരിനാഗത്തിന്റെ പ്രതിബിംബം പ്രതിഫലിച്ചു...
പെട്ടെന്ന് അവിടമാകെയൊരു പൊട്ടിച്ചിരി മുഴങ്ങി. അത് നന്ദുവിന്റേതാണെന്ന് ഭൈരവൻ തിരിച്ചറിഞ്ഞു..
"നിന്റെ അവസാനത്തിന് മുന്നേ ഞാനൊന്ന് ചിരിച്ചോട്ടെ ഭൈരവാ. നിന്റെ പേടിയോടെയുള്ള കിടപ്പുകണ്ട് എങ്ങിനെ ചിരിക്കാതിരിക്കും... ഹാ..ഹാ..ഹാ... "
അവൾ ആർത്തട്ടഹസിച്ചു...
"ഭൈരവാ...സൂര്യനെപോലെയാണ് കഴിവും..അഹങ്കാരവും. ഉദിച്ചാൽ പിന്നെ അസ്തമിക്കാതെ തരമില്ല. നിന്റെ ജീവന് ഏതൊക്കെ താഴിട്ടുപൂട്ടിയാലും ശരീരത്തെ മരണം രുചിക്കുക തന്നെ ചെയ്യും. ഈശ്വരൻ വരദാനമായ് നിനക്ക് നൽകിയ അറിവിനെ...അഥർവ്വ മന്ത്രങ്ങളെ...നീ തെറ്റായ കാര്യങ്ങൾക്കാണ് വിനിയോഗിച്ചത്. പ്രപഞ്ച ശക്തികളെ വരുതിയിലാക്കാൻ നീയത് ഉപയോഗിച്ചു. അതെന്നും നിന്റെ
വരുതിയിൽ നിൽക്കുമെന്ന് കരുതിയോ നീ...
ഒരു സമയം കഴിഞ്ഞാൽ അവരതെല്ലാം പലിശയും ചേർത്ത് തിരിച്ചു തരുമെന്ന് നീ മറന്നു പോയോ ഭൈരവാ. നിന്നിൽ.. നിന്റെ മിഴികളിൽ നിറഞ്ഞു നിന്ന അഹങ്കാരമെവിടെ ? നീ ദുഷ്ചെയ്തികൾക്കായി പ്രയോഗിച്ച അഥർവ്വമന്ത്രങ്ങളെവിടെ. നിന്റെ ചിന്തയിലിപ്പോൾ ഒരേ ഒരുവികാരം മാത്രം... മരണഭയം..
നീ ഇങ്ങനെ ശിക്ഷിക്കാൻ മാത്രം എന്ത് തെറ്റാണ് എന്റെ അച്ഛൻ നിന്നോട് ചെയ്തത്. കൊടുംക്രൂരനും നാട്ടുകാർക്ക് മുഴുവൻ പേടിസ്വപ്നവുമായിരുന്ന നിന്റെ അച്ഛനെ ഇല്ലാക്കിയതോ. അയാൾ
അതർഹിച്ചിരുന്നു ഭൈരവാ. അതിനു
പകരമായി നീ ചെയ്തതോ എന്റെ കുടുംബത്തിലെ ഏഴുപേരെയാണ് ഇല്ലാണ്ടാക്കിയത്. ഇനി എന്റെ കുടുംബത്തിൽ ആരും ബാക്കിയില്ല. അതുകൊണ്ട് തന്നെ ക്രൂരമായ മരണത്തിൽ കുറഞ്ഞൊന്നും നീ അർഹിക്കുന്നില്ല.
എന്റെ ആയുസ്സൊടുങ്ങും വരെ വിളക്കുവെച്ചു നൂറും പാലുമൂട്ടിയ നാഗത്താനും...എന്റെ കർണ്ണനും ചേർന്ന് നിന്റെ ജീവനെടുക്കും. അതുകണ്ട് ആർത്തു ചിരിക്കണമെനിക്ക്... "
മഴ കരുത്താർജ്ജിച്ചു. തുള്ളിക്കൊരുകുടം കണക്കെ പേമാരി പെയ്ത് നിറയാൻ തുടങ്ങി. മലർന്ന് കിടന്ന ഭൈരവന്റെ മുഖത്തേക്ക് മഴത്തുള്ളികൾ വീണ് ചിതറി.
നാഗത്താൻ നാവ് പുറത്തേക്ക് നീട്ടി. അതുകണ്ട് ഭൈരവന്റെ തൊണ്ടക്കുഴിയിലെ ഉമിനീർ വറ്റി. അവന്റെ മിഴിയിണകളിൽ ഭയം നിഴലിട്ടിരുന്നു. മരണത്തിൽ നിന്ന് തനിക്ക് രക്ഷപെടാൻ കഴിയില്ലെന്നവൻ തിരിച്ചറിഞ്ഞു കഴിഞ്ഞു. എങ്കിലുമവൻ മിഴികളടച്ചു കാളിയെ മനസ്സിൽ ധ്യാനിച്ചു...
ഇല്ല ...കാളി മനസ്സിലേക്ക് വരുന്നെയില്ല. ഇനി തന്റെ മുന്നിലുള്ളത് മരണം വരിക്കുക മാത്രമാണ് . അവൻ ഭയത്തോടെ കരിനാഗത്തെ നോക്കി..
നാഗത്താന്റെ തീഷ്ണമായ കണ്ണുകൾ കൂടുതൽ തിളങ്ങി. അത് മെല്ലെ ഫണമൊന്നുയർത്തി ഭൈരവന്റെ തിരുനെറ്റിയിൽ ആഞ്ഞുകൊത്തി. ഭൈരവന്റെ ദിഗന്തങ്ങൾ പിളർക്കുന്ന നിലവിളി ഇരുളിൽ അലയടിച്ചു. നെറ്റിയിൽ സൂചി കുത്തിയത് പോലെ രണ്ടു ചോരപ്പൊട്ടുകൾ. അത് മഴവെള്ളത്തിൽ അലിഞ്ഞവന്റെ കൺകോണിലേക്കിറങ്ങി.
നിമിഷ നേരം കൊണ്ട് അവന്റെ ശരീരത്തിലേക്ക് വിഷം പടർന്ന് കയറി. അസഹ്യമായ വേദനയിൽ അവൻ അലറി പിടഞ്ഞു.
കർണ്ണൻ മസ്തകം കുലുക്കി അവന്റെ മുന്നിലേക്ക് കുനിഞ്ഞു. കർണ്ണന്റെ കൂർത്ത് നീണ്ട കൊമ്പുകൾ ഭൈരവന്റെ വാരിയെല്ലുകൾക്കിടയിലൂടെ ആഴ്ന്നിറങ്ങി മണ്ണിൽ തറച്ചു. കൊമ്പിൽ കൊരുത്തെടുത്ത ഭൈരവനെ മുകളിലേക്കുയർത്തി തുമ്പിക്കയ്യാൽ ചുഴറ്റി നിലത്തടിച്ചു.
എന്നിട്ടും കലിയടങ്ങാത്ത കർണ്ണൻ കൊലവിളിയോടെ ഭൈരവന്റെ തലയ്ക്ക് നേരെ കാലുയർത്തി. കൊട്ടത്തേങ്ങ പൊട്ടുന്നതുപോലൊരു ശബ്ദം. തലയോട് പിളർന്ന് തലച്ചോർ പുറത്തേക്ക് ചാടി. ഭൈരവന്റെ ശരീരം ഒന്ന് പിടഞ്ഞു നിശ്ചലമായി.
ഇടവഴിയിലൂടെ ഒഴുകിയെത്തിയ വെള്ളത്തോടൊപ്പം ഭൈരവന്റെ ചോരയും കലർന്നൊഴുകി...
ഭൈരവന്റെ ശവശരീരത്തിലേക്ക് നോക്കി ഒരിയ്ക്കൽ കൂടി ചിന്നം വിളിച്ച് കർണ്ണൻ ഇരുളിലൂടെ നടന്നു പോയി തന്റെ തേനൂർ കുന്നിലപ്പനടുത്തേക്ക്. കരിനാഗം അവിടെ നിന്നും അപ്രത്യക്ഷമായി...
തേനൂർകുന്നിന് മുകളിലെ കാർമേഘങ്ങളകന്നു. പതിവിലും പ്രകാശ പൂരിതമായിരുന്നു പിറ്റേന്നത്തെ പ്രഭാതം......
സ്നേഹത്തോടെ :-സജി.കുളത്തുപ്പുഴ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo