Showing posts with label ShajiEravatty. Show all posts
Showing posts with label ShajiEravatty. Show all posts

ഇസ്റ്റൂം റൊട്ടീം പിന്നെ കുറച്ച്‌ നൊസ്റ്റൂം.(നുറുങ്ങ്)


വിവാഹനിശ്ചയങ്ങൾ ശീതീകരിച്ച ഹോട്ടൽ മുറികളിലേക്ക്‌ മാറുന്നതിനും മുൻപ്‌, ബിരിയാണികൾ പാവപ്പെട്ടവന്റെയും ചെറിയ ചടങ്ങുകളിലേക്ക്‌ അതിഥിയായി എത്തും മുൻപ്‌ നാട്ടിൻപുറങ്ങളിലെ 'മങ്ങലനിച്ച'യങ്ങളിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു 'ഇഷ്ടുവും റൊട്ടിയും'.

പെണ്ണു കണ്ട്‌ പരസ്പരം ഇഷ്ടപ്പെട്ടതിനു ശേഷം‌ വീട്ടുകാർ തമ്മിൽ 'അയക്കാം'എന്ന് വാക്ക്‌ നലികിയാൽ പിന്നീട്‌ ഇരുനാട്ടിലെയും മുഖ്യസ്ഥന്മാരും കുടുംബകാരണവന്മാരും തൊട്ടയൽക്കാരും ഉൾപ്പെടെ പത്ത്‌ മുപ്പതോളം ആളുകൾ സാക്ഷിയായി നടത്തുന്ന ലളിതമായ ഒരു ചടങ്ങായിരുന്നു നാട്ടിൻപുറങ്ങളിലെ വിവാഹനിശ്ചയങ്ങൾ.
അയൽ വീടുകളിലെ ഗ്ലാസ്സുകളും പ്ലേറ്റും കസേരയും മേശയും ഒക്കെ കൊണ്ട്‌ വന്ന് മുറ്റത്തൊരു നീളൻ മേശയൊരുക്കി അതിനു ചുറ്റുമിരുന്നായിരുന്നു കാര്യങ്ങൾ നിശ്ചയിച്ചിരുന്നത്‌.
ഇത്തിരി കൂടി കഴിവുള്ളവർ ആണെങ്കിൽ കടുംനീല നിറമുള്ള ഒരു തുണിപ്പന്തൽ കൂടി വലിച്ച്‌ കെട്ടി വാടകക്ക്‌ കസേരയും മേശയും ഒക്കെ ഏർപ്പാടാക്കും.
മേശമേൽ നിരത്തി വച്ചിരിക്കുന്ന താലത്തിൽ മുറുക്കാനും ബീഡിയും സിഗരറ്റും ആവശ്യമുള്ളവർ ഉപയോഗിച്ച്‌ കൊണ്ടിരിക്കെ വന്നവരിൽ ഏറ്റവും 'മുഖ്യ'സ്ഥൻ സംസാരിച്ച്‌ തുടങ്ങും.
'ഇന്ന ആളുടെ മകൻ ഇന്ന ആളുടെ മകളെ കണ്ട്‌ ഇഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പെണ്ണു ചോദിക്കാൻ ചെക്കന്റെ രക്ഷിതാക്കളുടെ ആവശ്യപ്രകാരം വന്ന ചെക്കന്റെ കാരണവന്മാരും നാട്ടുകാരും ആണു ഞങ്ങൾ. പെണ്ണിനെ അയക്കാൻ നിങ്ങൾക്ക്‌ താൽപര്യമുണ്ടൊ?'
'താൽപര്യമാണു' എന്നറിയിച്ചാൽ പിന്നീട്‌ ഏറെ നേരം ചർച്ച ചെയ്യപ്പെടുന്ന രണ്ട്‌ കാര്യങ്ങളിൽ ഒന്ന് വിവാഹതീയ്യതിയും മറ്റൊന്ന് വരുന്നവരുടെ എണ്ണവും ആണു.
അവർ മുന്നോട്ട്‌ വെക്കുന്ന തീയ്യതിയിലായിരിക്കും ഇവരുടെ നാട്ടിൽ തെയ്യം. ഇവർ മുന്നോട്ട്‌ വെക്കുന്ന തീയ്യതിക്ക്‌ അവരുടെ നാട്ടിൽ മറ്റൊരു കല്ല്യാണം,ബന്ധുവിന്റെ കുട്ടിക്ക്‌ പേരു വിളി, ആരെങ്കിലും മരിച്ചതിന്റെ വാലായ്മ, പെണ്ണിന്റെയൊ ചെക്കന്റെയൊ നക്ഷത്രങ്ങൾ വച്ച്‌ ആ ദിവസം ശുഭകാര്യങ്ങൾക്ക്‌ പറ്റാതിരിക്കൽ..
അങ്ങനങ്ങനെ ചർച്ചകൾ വാഗ്വാദങ്ങളായി മുറുകുമ്പോൾ അക്ഷമരാകുന്ന ഒരു വിഭാഗമാണു അന്നത്തെ ഞങ്ങൾ 'ചെറിയ ചെറുപ്പക്കാർ'.
ഇതൊന്ന് കഴിഞ്ഞിട്ട്‌ വേണം കനത്തിലൊരു പിടുത്തം പിടിക്കാൻ. ഒരു ഇരുപത്‌ പീസ്‌ റൊട്ടിയെങ്കിലും അകത്താക്കണം എന്ന ചിന്തയിൽ മുഴുകി നിൽക്കുമ്പൊളാകും എങ്ങനെയൊക്കെയോ തീയ്യതി നിശ്ചയിക്കപ്പെട്ടതിനു പുറമെ എത്ര ആളുകൾ ചെക്കന്റെ കൂടെ വരുമെന്നും പുടവ കൊണ്ട്‌ (പെണ്ണിനുള്ള കല്ല്യാണവസ്ത്രങ്ങളും അലങ്കാരങ്ങളും) എപ്പോൾ വരുമെന്നും ഉള്ള കാര്യത്തിലെ ചർച്ച.
ഒടുവിൽ ഉഭയസമ്മതപ്രകാരം കാര്യങ്ങൾ തീരുമാനിച്ച്‌ ചുറ്റും കൂടി നിൽക്കുന്നവരെ കൂടി അറിയിച്ച്‌ അവരുടെ കൂടെ സമ്മതം അറിഞ്ഞാൽ പെണ്ണിന്റെ ഭാഗത്ത്‌ നിന്നുള്ള മുതിർന്ന കാരണവർ അതിഥികളായ ചെറുക്കന്റെ കൂട്ടരെ
'വരൂ എന്നാൽ നമുക്ക്‌ ചായ കുടിക്കാം' എന്ന് ക്ഷണിക്കുന്നതോട്‌ കൂടി കല്ല്യാണനിശ്ചയത്തിന്റെ അവസാന പരിപാടിയിലേക്ക്‌ കടക്കും.
സാധാരണക്കാരന്റെ വീട്ടിൽ‌ വെജ്‌ ഇഷ്ടുവും റൊട്ടിയും ആണെങ്കിൽ ഇത്തിരി കൂടി കഴിവുള്ളവർ 'ചിക്കനും, വെജും' ഇത്‌ രണ്ടും വിളമ്പും.
എന്നാലും വളരെയേറെ കാലം ഈ ഇഷ്ടുവിനെ സ്നേഹത്തോടെ കുതിർത്ത്‌ തിന്നാൻ റൊട്ടി അഥവാ പരിഷ്കാരികളുടെ ബ്രഡ്‌ തന്നെയായിരുന്നു മുഖ്യൻ.

എനിക്ക്‌ ഏറെ ഇഷ്ടമുള്ള കറിയാണു തേങ്ങാപാൽ ഒഴിച്ച്‌ ഉണ്ടാക്കുന്ന ഈ ഇഷ്ടു. വീട്ടിൽ അമ്മയും വിവാഹശേഷം ഭാര്യയും ഇഷ്ടുവും ദോശയും ഉണ്ടാക്കി തരാറുണ്ട്‌.
അമ്മ എന്നും അതിൽ വെളുത്തുള്ളി ഇടുന്നത്‌ കൊണ്ട്‌ അമ്മയുടെ ഇഷ്ടുവിന്റെ രു‌ചി ‌ എനിക്ക്‌ അത്ര ഇഷ്ടമാകാറില്ലായിരുന്നു.
'വയറിനു വെളുത്തുള്ളി നല്ലതാ' എന്ന് പറഞ്ഞ്‌ അമ്മ എന്റെ അനിഷ്ടത്തെ അവഗണിച്ച്‌ തള്ളിക്കളയും.
അതുകൊണ്ട്‌ വിവാഹശേഷം ഇഷ്ടു ഉണ്ടാക്കുന്നതിൽ നിന്ന് അമ്മയെ പൂർണ്ണമായും വിലക്കുകയും ഭാര്യയുടെ ഇഷ്ടു മതി എന്ന് തീരുമാനിക്കുകയും ചെയ്തു.

നാട്ടിൽ ആഘോഷങ്ങളില്ലാതെ നടക്കുന്ന വിവാഹങ്ങളും വിരലിലെണ്ണാവുന്നവർ മാത്രം പങ്കെടുത്ത്‌ നടക്കുന്ന വിവാഹനിശ്ചയങ്ങളെക്കുറിച്ചും ആലോചിച്ചപ്പോഴാണു ഇഷ്ടുവിനോടുള്ള ഇഷ്ടവും നൊസ്റ്റുവായി വായിൽ കയറി കപ്പലോടിക്കാൻ തുടങ്ങിയത്‌.

ഉടൻ തന്നെ ഭാര്യയോട്‌ അതിന്റെ ചേരുവകൾ ചോദിച്ച്‌ പരിമിതമായ പ്രവാസി ബാച്ചിലർ റൂമിൽ അത്‌ പരീക്ഷിക്കാൻ തീരുമാനിച്ചു.
ഉരുളക്കിഴങ്ങും പച്ചമുളകും അരിഞ്ഞിട്ട്‌ അത്‌ വെന്തു വരുമ്പോൾ അതിലേക്ക്‌ തേങ്ങാപാൽ പിഴിഞ്ഞൊഴിച്ച്‌ ഉപ്പും മുളകും പാകത്തിലാക്കി രുചി നോക്കുമ്പോൾ 'ആഹാ' ഞാൻ എന്റെ കൈ തന്നെ പിടിച്ച്‌ കുലുക്കി (കൊറോണയാണു സ്വന്തം കൈമാത്രം പിടിച്ച്‌ കുലുക്കുക)
'നീ കൊള്ളാഡാ' എന്ന് തിരിഞ്ഞും മറിഞ്ഞും നോക്കാതെ അഭിനന്ദിച്ചു.

ആ ആനന്ദലബ്ധിയിലിനിയെന്ത്‌‌ വേണമെന്നന്തിച്ച്‌ കുന്തിച്ചിരിക്കുമ്പോളാണു‌ നാട്ടിലെ ഏകദേശം എഴുപത്‌ രൂപക്ക്‌ വാങ്ങി കേവലം ഒരു കറിക്ക്‌ മാത്രം പാൽ പിഴിഞ്ഞെടുത്ത തേങ്ങ എന്നിലെ പിശുക്കന്റെ മുഖത്ത്‌ നോക്കി "എവിടെ പോയി നിന്റെ മിതവ്യയശീലം" എന്ന് വെല്ലുവിളിച്ചത്‌ ഞാൻ കേട്ടത്‌.
'എങ്കിൽ ശരി നിന്നെയും ഇപ്പൊ ശരിയാക്കി തരാം' എന്ന് മനസ്സിൽ പറഞ്ഞ്‌ 'അവനെയും എങ്ങനെ ഉദരപൂരണപ്രക്രിയക്ക്‌ വിധേയമാക്കാം' എന്ന ചിന്തയിൽ നിന്നാണു ഇങ്ങനെ ആ ഒരു കലാരൂപം പിറവി കൊണ്ടത്‌.

ഉണ്ടായിരുന്ന കുറച്ച്‌ അരിപ്പൊടിയിൽ അവനെയും വാരിയിട്ട്‌ ആവശ്യത്തിനു ഉപ്പും വെള്ളവും ചേർത്ത്‌ അവന്റെ അഹങ്കാരം തീരും വരെ ഞെക്കിക്കുഴച്ച്‌ ചെറു ചെറു ഉണ്ടകളാക്കി അതിന്റെ നടുക്ക്‌ വിരൽ കൊണ്ട്‌ ഒരു കുത്തും കൊടുത്ത്‌ അവനെ ഞാൻ ആവി പാത്രത്തിലേക്ക്‌ ഇട്ടു.
അടിയിൽ നിന്ന് തിളക്കുന്ന വെള്ളത്തെ വെറുതെ തിളച്ച്‌ ആവിയാകാൻ അനുവദിക്കാത്ത എന്നിലെ 'മിതവ്യയൻ' അതിൽ രണ്ട്‌ കാരറ്റും ഒരു ബീറ്റ്‌റൂട്ടും ഇട്ട്‌ വേവിച്ചെടുത്തു.
നാട്ടിൽ ഇങ്ങനെ ആവിക്ക്‌ ഉണ്ടാക്കിയെടുക്കുന്ന പലഹാരത്തിനു 'കൊയക്കട്ട' എന്നാണു പറയാറു.
അത് ഇത്തിരി കടുകും കറിവേപ്പിലയും ഇട്ട്‌ ഒന്ന് താളിച്ചെടുക്കുക കൂടി ചെയ്തപ്പോൾ ബഹുകേമം.
എന്റെ പരീക്ഷണകൊയക്കട്ടയിൽ കുഴി ഉള്ളത്‌ കൊണ്ട്‌ പ്രിയപ്പെട്ടൊരു നാട്ടുകാരി അതിനു 'കുയിക്കട്ട' എന്ന് പേരിട്ടു. അവരോടുള്ള ബഹുമാനാർത്ഥം ഈ പലഹാരം ഇനി മേലിൽ 'കുയിക്കട്ട' എന്ന് തന്നെ അറിയപ്പെടട്ടെ.

എല്ലാവരും പരീക്ഷിക്കണം.
പരീക്ഷിക്കാൻ മുതിർന്നില്ലെങ്കിലും കൊറോണക്കാലം നിങ്ങളെയും മിതവ്യയശീലരാക്കി ഇങ്ങനെയുള്ള പരീക്ഷണങ്ങളിലേക്ക്‌ എത്തിക്കുമ്പോൾ ഒരു കാര്യം കൂടി ഓർമ്മിപ്പിക്കുകയാണു മറക്കരുത്‌.
ഞാൻ എന്റെ ഇഷ്ടുവിലും വെളുത്തുള്ളി ചേർത്തിരുന്നു.വെളുത്തുള്ളി എന്നും വയറിനു നല്ലതാണു.

✍️ഷാജി എരുവട്ടി..

അങ്ങനെയൊരു കൊറോണക്കാലത്ത്‌.. (ഒരു രോഗാനുഭവം)


ഏപ്രിൽ ഏഴാം തീയ്യതി പനി കൂടുതലായി‌ ഡോകടറെ കാണാൻ പോയ കൂടെ ജോലി ചെയ്യുന്ന, തൊട്ടടുത്ത മുറിയിലെ സുഹൃത്തിനോട്‌ ഡോക്ടർ ടെസ്റ്റ്‌ റിസൽട്ട്‌ വരുന്നത്‌ വരെ ഐസൊലേഷനിൽ നിൽക്കാൻ പറയുന്നു. ആ സമയം എന്റെ മുറിയിൽ ഞാൻ മാത്രമായതിനാൽ ഞാൻ എന്റെ മുറിയിൽ നിന്ന് അടുത്ത മുറിയിലേക്ക്‌ മാറുന്നു.
അങ്ങനെ നിൽക്കുന്ന മൂന്നാം ദിവസം ജോലിക്കിടയിൽ പേടിയോടെ കാത്തിരുന്ന ആ വാർത്ത വരുന്നു. ഓഫീസിലുള്ള വേറൊരാൾക്ക്‌ ടെസ്റ്റ്‌ റിസൽട്ട്‌ പോസിറ്റീവ്‌ ആണെന്നും അത്‌ കൊണ്ട്‌ അയാളുമായി സമ്പർക്കത്തിലായ മുഴുവനാളുകളോടും ഐസൊലേഷനിലേക്ക്‌ മാറാനും നിർദ്ദേശം വന്നതിനാൽ ഉച്ചയോടെ റൂമിലേക്ക്‌ മടങ്ങി. റൂമിലെത്തി ഏറെ വൈകും മുന്നെ അടുത്ത വാർത്തയും വന്നു. റൂമിൽ നിൽക്കുന്ന ആൾക്കും പോസിറ്റീവ്‌ ‌ ആണെന്ന്. മൂവായിരത്തിലധികം ആളുകളുള്ള ആ ലേബർക്യാമ്പിലെ ആദ്യപോസിറ്റീവ്‌ കേസ്‌ എന്ന നിലയിൽ കൂടുതൽ പേരിലേക്ക്‌ പടരാതിരിക്കാൻ ഇയാളെ ക്യാമ്പിൽ തന്നെയുള്ള മറ്റൊരു മുറിയിലേക്ക്‌ മാറ്റാനും സമ്പർക്കത്തിലുള്ള ഞങ്ങളോട്‌ ക്യാമ്പ്‌ മാറാൻ റെഡി ആയിരിക്കാനും കമ്പനി നിർദ്ദേശം തന്നു.
അങ്ങനെ പിറ്റേന്ന് വെള്ളിയാഴ്‌ച രാത്രിയോട്‌ കൂടി കമ്പനി ഞങ്ങളെ ഒരു‌ ഹോട്ടലിലെ പ്രത്യേകം മുറികളിലേക്ക്‌ മാറ്റി.
ഏറ്റവും മെച്ചപ്പെട്ട മുറി,മൂന്ന് നേരം ഭക്ഷണം, വെള്ളം, ആവശ്യത്തിനുള്ള മരുന്നുകൾ, ഫ്രൂട്ട്സ്‌ ഉൾപ്പെടെ എല്ലാ കാര്യങ്ങളും ചെയ്ത്‌ തന്ന ഞങ്ങളുടെ കമ്പനി അധികാരികളോട്‌ ആണു എന്റെ ആദ്യത്തെ നന്ദി.

അയാളുടെ മുറിയിൽ ഒന്നിച്ചുണ്ടായിരുന്ന രണ്ട്‌ പേരുടെ പനിയും അവരുമായിട്ടുള്ള എന്റെ ഇടപെടലുകളും കാരണം ഞാനും ഏത്‌ സമയത്തും ഇത്‌ വന്നേക്കാം എന്ന പ്രതീക്ഷയിൽ തന്നെ ആയിരുന്നു. അത് കൊണ്ട്‌ തന്നെ അതിനുള്ള പ്രതിവിധികൾ തുടങ്ങുകയും ചെയ്തിരുന്നു.
തണുത്തതും ചൂടാക്കി ആറാത്തതുമായ വെള്ളം പൂർണ്ണമായും ഒഴിവാക്കി,ചെറുനാരങ്ങയും ഇഞ്ചിയും ചതച്ച ചൂടുവെള്ളവും, തൊണ്ട ആറാൻ അനുവദിക്കാത്ത വിധത്തിലുള്ള ചൂട്‌വെള്ളം കുടിയും, അതിനു പുറമെ ഉപ്പ്‌വെള്ളം കൊണ്ട്‌ ഗാർഗിൽ ഉൾപ്പെടെയുള്ള എന്റെ എല്ലാ പ്രതിരോധക്കോട്ടകളെയും തകർത്ത്‌ അവൻ എന്നെയും തേടിയെത്തി.

ഹോട്ടലിലെത്തി മൂന്നാം ദിവസം ഉച്ചഭക്ഷണം കഴിച്ച്‌ കിടന്ന എനിക്ക്‌ അസാധ്യമായ വിറയലോടുള്ള പനിയും, തലവേദനയും ആയിരുന്നു ആദ്യലക്ഷണം. ഹോട്ടലിലെ ബ്ലാങ്കറ്റിനു പുറമെ കൊണ്ടുപോയ കട്ടിയുള്ള പുതപ്പ്‌ കൊണ്ട്‌ മൂടിയിട്ടും രാത്രി മുഴുവൻ ശക്തമായ പനിയും വിറയലും കാരണം ഒരു മിനുട്ട്‌ പോലും ഉറങ്ങാൻ പറ്റാതെ ആ രാത്രി കഴിഞ്ഞു. പുലർച്ചെ ഞാൻ ദുബായ്‌ ഹെൽത്ത്‌ അതോറിറ്റി അധികൃതരുമായി ബന്ധപ്പെട്ടു. അവർ കാര്യങ്ങൾ വിശദമായി അന്വേഷിച്ച്‌ ആദ്യം പനിക്കുള്ള ട്രീറ്റ്‌മന്റ്‌ എടുക്കാൻ നിർദ്ദേശിച്ചു.
അവരുടെ നിർദ്ദേശപ്രകാരം അടുത്തുള്ള ഒരു ക്ലിനിക്കിൽ പോയി. എന്റെ ടെമ്പറേച്ചർ കണ്ട ഉടനെ അവർ എന്നെ ഐസൊലേഷൻ റൂമിലേക്ക്‌ മാറ്റി, മരുന്നും മറ്റ്‌ കാര്യങ്ങളും അവിടെ തന്നെ ചെയ്ത്‌ തന്ന് വേഗം റൂമിൽ പോയി വിശ്രമിക്കാനും എത്രയും പെട്ടെന്ന് കോവിഡ്‌ ടെസ്റ്റ്‌ ചെയ്യാനും നിർദ്ദേശം നൽകി പറഞ്ഞയച്ചു.
അപ്പോഴേക്കും കൂടെ വന്നവരിൽ രണ്ട്‌ പേർക്ക്‌ കൂടി പോസിറ്റീവ്‌ റിസൽട്ട്‌ വന്നു.

രണ്ട്‌ കാര്യങ്ങളാണു ഞാൻ ആദ്യം ചെയ്തത്‌.
ഒന്ന്, റൂം ക്ലീൻ ചെയ്യാൻ വരുന്നവരോട്‌ 'റൂമിലേക്ക്‌ വരണ്ട' എന്നും കാര്യങ്ങൾ സ്വയം ചെയ്തോളാമെന്നും പറഞ്ഞു.
രണ്ടാമത് ‌‌ ഹൗസിംഗ്‌ ലോണിനു മോറട്ടോറിയം വേണമെന്ന് ആവശ്യപ്പെടുകയും, ആപൈസ കൊണ്ട്‌ ഒന്ന് രണ്ട്‌ അടവ്‌ തെറ്റിയ എൽ ഐ സി പോളിസികൾ എന്റെ പഴയ ഡി ഒ സാറിനെ വിളിച്ച്‌ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക്‌ പണം മാറ്റിക്കൊടുത്ത്‌ അതൊക്കെ കൃത്യമാക്കി.
എന്റെ ഒഴിവിലും എന്റെ മക്കളുടെ നിറഞ്ഞ പുഞ്ചിരി കാണമെന്ന് എനിക്ക്‌ ആഗ്രഹമുണ്ട്‌.
മക്കളുടെ പുഞ്ചിരിയിലൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നവരോടും എന്റെ ഒരു എളിയ അപേക്ഷ കൂടിയാണിത്‌.

ഏറെ ബുദ്ധിമുട്ടേറിയ ഒരാഴ്ചക്കാലമായിരുന്നു അത്‌. രണ്ട്‌ വീതം പെനഡോളുകളും പത്ത്‌ ദിവസത്തേക്ക്‌ നൽകിയ ആന്റിബയോട്ടിക്‌ ടാബ്ലറ്റുകളും ഒരു ഭാഗത്ത്‌ . മറുഭാഗത്ത്‌ പെനഡോളിന്റെ ശക്തി കുറയുന്ന മുറക്ക്‌ തിരിച്ച്‌ വന്നുകൊണ്ടിരിക്കുന്ന പനിയും തലവേദനയും. അകമ്പടിയായി ഇടതടവില്ലാത്ത വയറിളക്കവും തൊണ്ടവേദനയും. ഒപ്പം തന്നെ നാരങ്ങനീർ ചൂട്‌വെള്ളത്തിൽ പിഴിഞ്ഞത്‌ ആറാതെ കുടിച്ചതിന്റെയൊ എന്തോ കാരണത്താൽ വായ്പുണ്ണും.
കഴിക്കുന്ന ഭക്ഷണത്തിന്റെ മണമെന്താ, രുചിയെന്താ എന്ന് തിരിച്ചറിയാൻ പറ്റാത്ത സ്ഥിതി.
ഇടതടവില്ലാതെ ചൂടുവെള്ളം കുടിയും,ചെറുനാരങ്ങയും 'വിറ്റമിൻ സി 1000' ടാബ്ലറ്റും ദിവസവും ഒന്ന് വീതം കഴിച്ചും, ഹോട്ടലിൽ ചെറിയ വാട്ടർ കെറ്റിലിൽ ഇടക്കിടെ ആവി പിടിപ്പിച്ചും ‌ ഒരു അടി അടിക്കുന്ന കൊറോണയെ
‌ രണ്ടെണ്ണം അങ്ങോട്ട്‌ തിരിച്ച്‌ കൊടുത്ത്‌ മത്സരിച്ച്‌ നിന്ന ആ ഒരാഴ്ചക്കാലം ആകെ കൈമുതലായി ഉണ്ടായത്‌ 'തോൽക്കില്ല' എന്ന ചിന്ത മാത്രമായിരുന്നു.

ബാച്ചിലർ പ്രവാസികൾക്ക്‌ ഇതൊന്നും വീട്ടുകാരെ അറിയിക്കാതെ കൊണ്ടു പോകുക എന്നതാണു മറ്റൊരു ശീലം. മറ്റുള്ളവർക്ക്‌ ഉള്ളത്‌ കൊണ്ടാണു ഹോട്ടലിലേക്ക്‌ മാറ്റിയതെന്ന് കളവ്‌ പറഞ്ഞ്‌ രാവിലെയും വൈകുന്നേരവും അമ്മയെ വിളിച്ച്‌ സമാധാനിപ്പിച്ചും, ഹോട്ടൽ വൈ ഫൈയും വെറുതെ ഇരിക്കുകയുമാണെന്ന ധാരണയിൽ മക്കളിൽ ആർക്ക്‌ തോന്നുമ്പോൾ അവരും, ഭാര്യക്ക്‌ തോന്നുമ്പോൾ അവളും വയറിളക്കമൊ മറ്റ്‌ അസ്വസ്ഥതകളൊ തോന്നാത്തപ്പോൾ അങ്ങോട്ടേക്കുള്ള എന്റെ വിളികളുമായി ഒരുഭാഗത്ത്‌ അവരൊന്നും അറിയാതിരിക്കാനുള്ള അഭിനയവും പൊടിപൊടിച്ചു.
കൊറോണക്കെന്ത്‌ സൗന്ദര്യപ്പിണക്കം. പരമാവധി ഞാൻ അതിനു ശ്രമിച്ച്‌ നോക്കിയെങ്കിലും രാത്രിയും പുലർച്ചയും ഒക്കെ ഓൺലൈനിൽ കാണുന്നതിനുള്ള വഴക്കുമായി സൗന്ദര്യപ്പിണക്കം അത്‌ വേറെയായി മറ്റൊരു വഴിക്കും.

ഏറെ കാഠിന്യമേറിയ ആ ഒരാഴ്ച അവസാനിച്ചു. അത്‌ കഴിഞ്ഞ്‌ ഏപ്രിൽ പതിനേഴാം തീയ്യതി രാത്രി പന്ത്രണ്ട്‌ മണിക്ക്,‌ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ വൈകുന്നേരം നാലുമണി മുതലുള്ള കാത്തിരിപ്പിനൊടുവിൽ ആദ്യസാമ്പിൾ ടെസ്റ്റിനു എടുത്തു. ഒരാഴ്ചക്ക്‌ ശേഷം പ്രതീക്ഷിച്ച റിസൽട്ട്‌ തന്നെ വന്നു.
അത്‌ കഴിഞ്ഞുള്ള ദിവസങ്ങളും ഏറെ പ്രയാസകരമായിരുന്നു.
അത്‌ പക്ഷെ ആരോഗ്യകരമായല്ല മാനസികമായിട്ടായിരുന്നു.

അല്ലെങ്കിൽ തന്നെ പ്രവാസം എന്നത്‌ 'ബന്ധങ്ങളിൽ നിന്നുള്ള ഒറ്റപ്പെടൽ' എന്നാണു അർത്ഥം. അത്‌ കൂടുതൽ ദുഷ്കരമാക്കി പിന്നീടുള്ള ദിവസങ്ങൾ. കവി പാടിയത്‌ പോലെ "ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ".
രാത്രിയോ പകലോ എന്നറിയാത്ത ഉറക്കം, ദിവസമോ ആഴ്ചയോ മാറുന്നതറിയാതെ, പത്ത്‌ ചുവട്‌ മുഴുവനായും നടക്കാനില്ലാത്ത മുറിയിൽ, ശുദ്ധവായുവോ സൂര്യന്റെ വെളിച്ചമോ തട്ടാത്ത ദിവസങ്ങൾ.

അതിനിടയിൽ ഒരു ദിവസം ഉച്ചസമയത്ത്‌ കുളിക്കുന്നതിനിടയിൽ വല്ലാത്ത കിതപ്പ്‌ അനുഭവപ്പെടുന്ന സ്ഥിതി ഉണ്ടായി.
ഉടൻ തന്നെ കൊറോണ വന്ന് നെഗറ്റീവായ സുഹൃത്തും നേഴ്സുമായ ശ്രീമതി ലിൻസി വർക്കിയെ Lincy Varkey വിളിച്ച്‌ കാര്യങ്ങൾ സംസാരിക്കുകയും അവരുടെ നിർദ്ദേശപ്രകാരം ചില 'ബ്രീത്തിംഗ്‌ എക്സൈസുകളിലൂടെ' വലിയ ശ്വാസതടസ്സപ്രശ്നങ്ങളില്ലെന്ന് മനസ്സിലാക്കിയെങ്കിലും ആ എക്സൈസുകൾ തുടരുകയും ചെയ്തു.
എങ്കിലും പൂർണ്ണമായും ഒറ്റപ്പെട്ട ആ ദിവസങ്ങൾ എന്റെ മാനസികനിലയെ കാര്യമായി ബാധിക്കുന്ന രീതിയിലേക്ക്‌ എത്തി എന്നതാണു സത്യം.
ആ ചെറിയ ഒറ്റ മുറിയിൽ അങ്ങനെ മാറിപ്പോകാതിരിക്കാൻ ഒരു പരിധി വരെ സഹായിച്ചത്‌ ഈ നവമാധ്യമങ്ങളാണു. ടിക്‌ ടോക്കും ഫേസ്‌ ബുക്കും.
പുലർച്ചെ മൂന്ന് മണിക്കൊക്കെ ആയിരുന്നു ടിക്‌ ടോക്‌ പരീക്ഷണങ്ങൾ. അത്‌ പോലെ ഒരിക്കലും മറക്കാനാവാത്ത രീതിയിൽ ആ സമയത്തും പ്രാർത്ഥനയും സുഖാന്വേഷണങ്ങളുമായി കൂട്ടിരുന്ന ഒരുപാട്‌ സൗഹൃദങ്ങൾ, ഇങ്ങനെ ഒരു മാനസിക നിലയിലല്ലെന്ന് അറിയാതെ ഇങ്ങോട്ട്‌ പ്രതികരിച്ച്‌ വലിയ വഴക്കിട്ട്‌ ഒഴിവാക്കി പോയ സൗഹൃദങ്ങൾ... അങ്ങനെ എല്ലാവരോടുമായി ഏറെ നന്ദിയുണ്ട്‌ ആ ദിവസങ്ങളെ അതി ജീവിക്കാൻ സഹായിച്ചതിനു.

ഒരു പ്രാവശ്യം ടെസ്റ്റ്‌ ചെയ്യാൻ എല്ലാ സുരക്ഷയോടും കൂടി പുറത്ത്‌ പോകാൻ അനുവദിച്ചു എന്നതൊഴിച്ചാൽ
ഏകദേശം മുപ്പത്തഞ്ച്‌ ദിവസം കൊറോണ വിധിച്ച ‌ഏകാന്തജയിൽ ജീവിതം കൂടി അനുഭവിക്കേണ്ടി വന്നു.
എന്നും പോസിറ്റീവ്‌ ആയിരിക്കാൻ ആഗ്രഹിക്കുന്ന ഞാൻ അങ്ങനെ ആദ്യമായി നെഗറ്റീവിനും എത്രയും പെട്ടെന്ന് പുറത്തിറങ്ങാനും കൊതിക്കാൻ തുടങ്ങി.
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ‌ ഈ മാസം ഇരുപതാം തീയ്യതി ആ അജ്ഞാതവാസം അവസാനിപ്പിച്ച്‌ വലിയ കേടുകളൊന്നും സംഭവിക്കാതെ ഞങ്ങൾ ക്യാമ്പിലെ സ്വന്തം മുറികളിലേക്ക്‌ മടങ്ങി. ഇന്നലെ ഇരുപത്തെട്ടാം തീയ്യതി മുതൽ നീണ്ട അവധിക്ക്‌ ശേഷം ജോലിക്കും പോയി തുടങ്ങിയ സന്തോഷം നിങ്ങളുമായി പങ്ക്‌ വെക്കുകയാണു.

ഒരു അനുഭസ്ഥൻ എന്ന നിലക്ക്‌ എനിക്ക്‌ പറയാനുള്ളത്‌ 'ഭയപ്പെടാൻ പാടില്ല. ധൈര്യത്തോടെ നേരിടുക. ഭയപ്പെട്ടാൽ നിങ്ങൾ ഇതിനു കീഴ്പ്പെട്ടേക്കാം.
ഭയം കൊണ്ട്‌ പലരും മരണപ്പെട്ടിട്ടുണ്ട്‌ എന്നാണു മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്‌. മറ്റ്‌ വലിയ അസുഖങ്ങളൊന്നുമില്ലാത്തവരെ ഒരിക്കലും കൊറോണക്ക്‌ കീഴ്പ്പെടുത്താൻ സാധ്യമല്ല എന്നത്‌ നമുക്കെല്ലാവർക്കും മനസ്സിലായ കാര്യമാണു.
മറ്റൊന്ന് ഇത്‌ കാരണം നമുക്ക്‌ കുറച്ച്‌ അസ്വസ്ഥതകൾ അനുഭവിക്കേണ്ടി വന്നാലും മറ്റൊരാൾക്ക്‌ പകരുന്ന വിധത്തിൽ നാം പുറത്തിറങ്ങില്ല എന്ന് കൂടി നാം തീരുമാനിക്കണം.
അത്‌ പോലെ ഏതൊരിക്കലും മരണത്തെ പ്രതീക്ഷിക്കരുത്‌ വരുമ്പോൾ കാണാം എന്ന് മാത്രം കരുതി അതിന്റെ തൊട്ട്‌ മുന്നിലെ നിമിഷവും നല്ലതിനേക്കുറിച്ച്‌ ചിന്തിക്കുകയും നന്മ ആഗ്രഹിക്കുന്ന മനസ്സുമായി ജീവിക്കുക.

ചിറകിനു മുറിവേറ്റ വവ്വാലുകളേ പോലെ സ്വയം നക്കി നനച്ച്‌ ചിറകുകളെ ബലപ്പെടുത്തി രോഗബാധിതരായ എല്ലാവർക്കും വീണ്ടും പ്രതീക്ഷയുടെ ആകാശത്ത്‌ പറന്നുയരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

മനുഷ്യന്റെ പരിമിതികൾ എന്താണെന്ന് മനുഷ്യനെ പഠിപ്പിച്ച കൊറോണക്കാലം.
അഹങ്കാരവും പണവും അധികാരങ്ങളും എന്തും വെട്ടിപ്പിടിക്കാനുള്ള ത്വരയെയും മുട്ടുകുത്തിച്ചു ഈ ഒരു ചെറിയ വൈറസ്‌.
ഈ മഹാമാരിയിൽ നിന്നും ലോകം എത്രയും പെട്ടെന്ന് രക്ഷ പ്രാപിക്കട്ടെ.
ഈ ദുരിതകാലത്തെ അതിജീവിക്കാനാവാതെ ജീവൻ നഷ്ടപ്പെട്ട നിർഭാഗ്യരായ എല്ലാ മനുഷ്യർക്കും എന്റെ ശ്രദ്ധാഞ്ജലി.

✍️ഷാജി എരുവട്ടി..

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo