Showing posts with label SheelaAntony. Show all posts
Showing posts with label SheelaAntony. Show all posts

യാത്രകൾ


യാത്രകൾ, 
അത് എത്ര ചെറുതായാലും, 
ഓരോ യാത്രകളും ഓരോ അനുഭവങ്ങൾ...
 പല പല കാഴ്ചകൾ അത് കൂടുതൽ മനോഹരമാക്കുന്നു.. 
അനുഭവമായി മാറുന്നു.... 
എന്നത്തെയും പോലെ ഇന്നും ബസ്സ് യാത്ര തന്നെ...
അതികം തിരക്കില്ലാത്ത ബസ്സ്... 
സീറ്റു കിട്ടിയതുകൊണ്ട് യാത്ര കുറച്ചൂടെ സുഖകരം... എവിടെ നിന്ന് കേറീയെന്നറിയില്ല, ഇടയ്ക്കെ എപ്പോഴോ ഞാനവരെ ശ്രദ്ധിച്ചു തുടങ്ങി... അവരുടെ സംസാരം കുറച്ച് ഉറക്കെയായതുകൊണ്ടും അടുത്തായതു കൊണ്ടും എനിക്ക് കേൾക്കാമായിരുന്നു... അവർ പറയുന്നത് അവർക്ക് മാത്രം മനസ്സിലാകുന്നുണ്ടായിരുന്നുള്ളൂ.
മകന്റെ ചോദ്യത്തിന് ആ അമ്മ മറുപടി പറയുന്നു, കുഞ്ഞിന്റെ മുഖത്ത് ആകാംഷകായിരുന്നു... അവൻ എന്തൊക്കെയോ പറയുന്നു... അത് ആ അമ്മയ്ക്ക് മനസ്സിലാക്കുന്നു. കുറേ നേരം കേട്ടപ്പോ എനിക്കും കൗതുകം തോന്നി... മുറിഭാഷ സംസാരിക്കുന്നതെന്താകും എന്നായി എന്റെ സംശയം... കുറേ കഴിഞ്ഞപ്പോ, അവനൊരു സാധാരണ കുഞ്ഞല്ലാന്ന് മനസ്സിലായി.. അവന്റെ ചെവിയിൽ, ശ്രവണ സഹായി ഇരിക്കുന്നു. ആ ബസ്സിലുള്ള ഞാനടക്കം എല്ലാവരും അവരെ തന്നെ ശ്രദ്ധിക്കുന്നു... ഇതെത്ര കണ്ടിരിക്കുന്നു, എന്നതാകാം ആ അമ്മയുടെ മനോഭാവം.. അവർ അതൊന്നും ശ്രദ്ധിക്കുന്നേയില്ല, മകന്റെയും അമ്മയുടേയും സംസാരം തുടർന്നു കൊണ്ടേയിരുന്നു.
കുറച്ചു കഴിഞ്ഞ്, എന്റെ തൊട്ടു മുന്നിലെ സീറ്റൊഴിഞ്ഞപ്പോ... ആ അമ്മ അവിടെ ഇരുന്നു, മകനെ മടിയിലിരുത്തി. തൊട്ടടുത്ത് ഒരു പ്രായമായ സ്ത്രീ,. ഇവർ അടുത്തിരുന്നതും, പ്രായമായ സ്ത്രീ, അമ്മയോടായി പറഞ്ഞു.. മകനെ മാറ്റി നിർത്തു എന്നെ ചവിട്ടണു.... ക്ഷമിക്കണം, അറിയാതെ മുട്ടിയതാകും, അറിഞ്ഞു കൊണ്ട് ഇവൻ ചെയ്യൂല്ല... ഇതു കേട്ടതും, ആ പ്രായമുള്ള സ്ത്രീ, "ഇങ്ങിനെയുള്ള കൊച്ചിനെ കൊണ്ടാണോ പോണത്... ഇതിനെയൊക്കെ വീട്ടിൽ നിർത്തിക്കൂടെ ".... ഇതു കേട്ട ആ അമ്മ, " എന്റെ മോനെ വീട്ടിൽ പൂട്ടിയിടാനുള്ളതല്ല, ഞാൻ അവനെ മറ്റ് ആരെക്കാളും നന്നായി വളർത്തും എന്നറിയാവുന്നതുകൊണ്ടാണ് എന്റെ ദൈവം ഇവനെ എനിക്ക് തന്നത് "..... ഈ സംഭാഷണം എന്നെയടക്കം പലരെയും ചിന്തിപ്പിച്ചെങ്കിലും, ആ അമ്മയും മകനും അതൊന്നും ശ്രദ്ധിക്കാതെ അവരുടെ സംസാരത്തിൽ മുഴുകി.. അത് അവർക്ക് മാത്രം മനസ്സിലായുളളൂ...


By: sheela Antony

കാഴ്ച്ച:



കിളിവാതിലിലൂടെയുള്ള ഇന്നത്തെ കാഴ്ചകൾ കൂടുതൽ മനോഹരമെന്നവൾക്ക് തോന്നീ.... എന്നും കാണുവ, എങ്കിലും ഇന്നത്തേതിന് ഭംഗി കൂടുതൽ... എന്തു പറ്റി... തന്റെ കണ്ണിന് കൂടുതൽ ശക്തി നൽകാനാണോ ആ മാലാഖ തന്റെടുത്ത് വന്നേ ?? രണ്ടു ചിറകുകളുണ്ടായിരിന്നു അതിന്.. തൂവെള്ള നിറം.. എങ്കിലും മുഖം ഓർമ്മ വരുന്നില്ല.. എന്തോക്കെയോ പറഞ്ഞു എന്നോട്.... എന്തായിരിക്കും.... ഒന്നും ഓർമ്മ വരുന്നില്ല... സ്വപ്നം കണ്ടതാണോ.... ഒന്നൂടെ വന്നിരുന്നെങ്കിൽ... ഇന്നേ വരെ ആരും തന്നെ കാണാൻ വന്നിട്ടില്ല... എന്തിനായിരിക്കും തന്നെ കാണാൻ മാലാഖ വന്നേ..കൈ എന്റെ നേരെ നീട്ടിയ തെന്തിനായിരുന്നു..... അറിയാതെ കണ്ണു തുറന്നു പോയി... അതെ കിളിവാതിലിലൂടെ ഞാൻ കാണുന്നതെല്ലാം മനോഹരമായവയാണ്..
മുറ്റത്തെ മണ്ണിൽ കുന്നിക്കുരുക്കൾ.... മറ്റു കുട്ടികൾ കുന്നിക്കുരു പെറുക്കുന്നത് കാണാനേ ഇതുവരെ കഴിഞ്ഞിട്ടുള്ളു... അവരെ പോലെ തനിക്ക് ഓടി ചെന്ന് പെറുക്കാൻ കഴിയാറില്ലല്ലോ.... അമ്മയുള്ളപ്പോൾ പറഞ്ഞു തരുമായിരുന്നു, നമ്മുക്കുള്ളതാണെങ്കിൽ എന്നായാലും നമ്മളെ തേടി വരും, അല്ലെങ്കിൽ വിഷമിക്കണ്ട അത് നമ്മുടെയല്ല.... എത്രയോ ശരിയാണ് അമ്മ പറഞ്ഞിരുന്നത്... ഇന്ന് ഈ കുന്നിക്കുരുക്കളെല്ലാം എന്റെയാണ്.... എല്ലാവരും വന്ന് പോയി കഴിഞ്ഞിരിക്കുന്നു..... കുന്നിക്കുരുക്കൾ കൈയ്യിലെടുത്തപ്പോൾ അവൾക്ക് തോന്നീ ഇത് തന്നെ കാണാൻ വന്ന മാലാഖ ഇട്ടതാണോന്ന്.... എന്തു ഭംഗിയാ, അവളുടെ ചിരിക്ക്.....
പൂന്തോട്ടത്തിലെ റോസാപൂവിന് വളരെ വലുതും ഭംഗിയുള്ളതായി തോന്നീ.... അതിന്റെ ഗന്ധം അവളെ മത്തുപിടിപ്പിക്കുന്നു.... മാലാഖയുടെ ഗന്ധമാണോ ഇത്.... അവൾ ചുറ്റും നോക്കി, അവിടെയെത്തും മാലാഖയെ കണ്ടില്ല... എങ്കിലും മുറ്റത്തുള്ളതെല്ലാം തന്നെ നോക്കി ചിരിക്കുന്നു... അവളും ചിരിച്ചു ഓരു പാട് സന്തോഷത്തോടെ.... താനിതു പോലെ ഒന്ന് ചിരിച്ചിട്ട് എത്ര കാലമായി എന്നു പോലും അവളോർത്തില്ല.... മാലാഖ ഇതിനായിരിക്കോ വന്നത്.... ചിരിപ്പിക്കാൻ..

Sheela Antony

അവളുടെ നീർച്ചാലുകൾ



തിരക്കുകളുടെ ഇടയിൽ വീണു കിട്ടിയ ഒരു അവധി ദിനം'... പതിവിലും നേരത്തെ വീട്ടുജോലികൾ തീർത്ത അവൾക്ക് ഒരാഗ്രഹം..... 

പുറത്ത് ചിണുങ്ങി ചെയ്യുന്ന മഴയെ ഒന്ന് കാണാൻ .വരാന്തയിലെ കസേരയിൽ വന്നിരുന്നപ്പോൾ അവൾക്ക് തോന്നി, രാത്രിയോടടുക്കുന്ന യാമത്തിൽ ചെയ്യുന്ന ഈ മഴയ്ക്ക് എന്തു ഭംഗിയാണെന്ന് ..... അവൾ അറിയാതെ അതിൽ അലിഞ്ഞു ചേരാൻ തുടങ്ങി....

ഓർമ്മയിൽ മായാതെ കിടക്കുന്ന ആ നല്ല നാളുകൾ.... ദൈവമേ, വർഷങ്ങൾ പലതുപിന്നിട്ടിട്ടും, ഈ മഴയെ ഞാൻ പ്രണയിക്കുന്നുവോ?.... ഒരു നീറ്റൽ.. അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നു. നിലച്ചുപോകുമോ എന്നു പോലും തോന്നിപോകുന്നു...

അന്ന് അവർ പറഞ്ഞിരുന്നത് ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. 'ഇവൾക്ക് വട്ടാണ്. ഒരു പ്രകൃതി സ്നേഹി വന്നിരിക്കുന്നു.' ഇതു കേൾക്കുമ്പോൾ അവൾ കുണുങ്ങി ചിരിക്കും. ഇതു കേൾക്കാൻ തനിക്ക് ഇഷ്ടമാണ് എന്നാണ് അതിനർത്ഥം. അവർക്കല്ലാതെ ആർക്കു മനസ്സിലാകും അവളുടെ ഇഷ്ടങ്ങളെ.... സ്വന്തം വീട്ടിൽ നിന്നും ചെറിയ പ്രായത്തിൽ പറച്ചു നട്ടതാണവളെ അവരുടെ അടുത്തേയ്ക്ക്. എല്ലാവരും സമപ്രായക്കാർ.പല സാഹചര്യങ്ങളിൽ നിന്നും വന്നവർ, എങ്കിലും ഒരേ മനസ്സായി വളർന്നു. ഒരേ പാത്രത്തിൽ നിന്നുണ്ണാൻ അവർക്ക് കഴിയുമായിരുന്നു.ഒരേ വസ്ത്രം മാറിയുടുക്കാൻ അവർ പഠിച്ചിരുന്നു. അവൾ വയസ്സറിയിചപ്പോൾ തങ്ങായി, കൂട്ടായി ഉണ്ടായിരുന്നവർ.... അസുഖങ്ങൾ കാർന്നുതിന്നുമ്പോൾ അമ്മയായി മാറിയിരുന്നവർ.... വർഷങ്ങൾ പലതു കഴിഞ്ഞിരിക്കുന്നു. എല്ലാവരും പല ഭാഗങ്ങളിലേയ്ക്ക് പറിച്ചുനട്ടിട്ടും, അവളുടെ സ്വപ്നങ്ങളിൽ നിറഞ്ഞു നിൽക്കുന്നവർ... അവളുടെ പ്രണയം മഴയായി പെയ്തിറങ്ങുന്നത് അവർക്കല്ലാതെ ആർക്ക് മനസ്സിലാക്കാൻ കഴിയും....
ബാല്യകാലത്തിന്റെ ഓർമ്മകൾ അവളെ വിഴുങ്ങി കളഞ്ഞിരിക്കുന്നു. അവളുടെ കണ്ണിൽ നിന്നൊഴുകുന്ന നീർച്ചാലുകൾ അവളെ അല്ലാതെ ആരേയും വേദനിപ്പിക്കുന്നുണ്ടായിരുന്നില്ല... മഴ അതൊരു വികാരമായിരുന്നു. അത് പ്രണയമായി പെയ്തിറങ്ങി കൊണ്ടിരിക്കുന്നു..... ക്ലാസ്സ് മുറികളിൽ ജനാലയോട് ചേർന്നിരിക്കാനായിരുന്നു അവൾക്കിഷ്ടം. മഴ വരുമ്പോൾ അവളെ തലോടുമെന്ന് അവൾക്ക് അറിയാമായിരുന്നു...... അവളുടെ കവിളുകളിൽ, നെറ്റി തടത്തിൽ, ചുണ്ടുകളിലെല്ലാം ചുംബിച്ച് അവളെ കോരിതരിപ്പിക്കുമായിരുന്നു. അദ്ധ്യാപകരുടെ ക്ലാസ്സുകളെ കാളും പുറത്ത് പെയ്യുന്ന മഴയെ ആസ്വദിക്കാനായിരുന്നു അവൾക്ക് ഇഷ്ടം. ..... ആ മലകളെ അവൾ ഒരു പാട് സ്നേഹിച്ചിരുന്നു. മഴ തോർന്നു കഴിയുമ്പോൾ, മലയിൽ രൂപപ്പെടുന്ന നീർച്ചാലുകൾ.... എന്തു ഭംഗിയാണവയ്ക്ക്.... അവയെ നോക്കി നിൽക്കുമ്പോൾ അവൾക്ക് തോന്നും, അവ അവളെ മാടി വിളിക്കുന്നതായി, തന്നിലേയ്ക്ക് വന്നണയാൻ കൊതിക്കുന്നതായി..... എന്നു ചെയ്യും, ഈ മതിൽ കെട്ടിനു വെളിയിലിറങ്ങാൻ അനുവാദമില്ലല്ലോ..... 
വൈകുന്നേരമായാൽ കാണാം മഴയുടെ കുസൃതി.കൂട്ടുകാരോടൊത്ത് കളിക്കാൻ ഇറങ്ങുമ്പോഴാണ്, കാർമേഘത്തിന്റെ രൂപത്തിൽ മലയിലൂടെ താഴേയ്ക്ക് ഇറങ്ങുന്നത്...... " ഓടിക്കോ, മഴ വരുന്നേ.. " എന്ന് ആരേങ്കിലും വിളിച്ചു പറയുന്നുണ്ടാകും. നിമിഷ നേരത്തിനുള്ളിൽ പെയ്തിറങ്ങുന്ന മഴയിൽ നനയുന്നതും, മുതിർന്ന പെൺകുട്ടിയാണെന്നോർക്കാതെ മഴയിൽ കുളിക്കുന്നതും, അവളിൽ ഇപ്പോഴും മായാത്ത ഓർമ്മയായി നിൽക്കുന്നു...

അവളിൽ ആദ്യ പ്രണയം പൂത്തതും ഒരു മഴക്കാലത്തായിരുന്നു. സൗഹൃദം എപ്പോഴോ വഴി മാറി, പ്രണയമാണെന്ന തിരിച്ചറിവ് തന്നതും ആ മഴയാണ്. മഴ വന്ന് തലോടുമ്പോൾ അവൻ വന്ന് തലോടുന്നതായി അവൾക്ക് തോന്നുമായിരുന്നു. അവൾ അവനെ പ്രണയിക്കുന്നു എന്ന് തിരിച്ചറിഞ്ഞതും, അവളുടെ ഇഷ്ടം തുറന്നു പറഞ്ഞപ്പോഴും, അവന്റെ ആദ്യ ചുംബനത്തിന്റെ ചൂട് അറിഞ്ഞപ്പോഴും അവളെ കൊതിപ്പിച്ചു കൊണ്ട് മഴ തിമർത്തു പെയ്യുന്നുണ്ടായിരുന്നു...... അവളുടെ ഇഷ്ടങ്ങളെക്കാൾ കുടുംബത്തിന്റെ മാനത്തിന് വില കൊടുക്കേണ്ടിവന്നപ്പോഴും, ഹൃദയം പൊട്ടുന്ന വേദനയിൽ 'ഞാനുണ്ട് കൂടെ എന്ന് വിളിച്ചു പറഞ്ഞ് ' അവളോടുകൂടെ പെയ്തിറങ്ങിയവൻ..... അവൻ സമ്മാനിച്ച സമ്മാനപ്പൊതികൾ പുഴയുടെ ആഴങ്ങളിലേയ്ക്ക് ഊർന്നിറങ്ങുമ്പോഴും അവളുടെ കണ്ണുകളിലൂടൊഴുകുന്ന നീർച്ചാലുകൾ മായിക്കാൻ കൂട്ടായി വന്നവൻ.....
ജീവിതത്തിൽ അന്നോളം കാണാത്ത ഒരുവന്റെ മുന്നിൽ കഴുത്തു നീട്ടി നിന്നപ്പോഴും..... തുടർക്കഥയായി അവളുടെ മാതൃത്വം വെളിപ്പെട്ടപ്പോഴും, അവളെ നോക്കി ആമഴ ചിരിക്കുന്നുണ്ടായിരുന്നു..... മാതൃത്വത്തിന്റെ മഹത്വം പറഞ്ഞു തരാനായിരുന്നോ അന്ന് അവളെ നോക്കി നീ പുഞ്ചിരിച്ചത്.... അമ്മയുടെ സ്നേഹത്തിന്റ വില, ആ കണ്ണുകൾ അവളോട് സംസാരിക്കുന്നത് അന്ന് അവൾ മനസ്സിലാക്കി. അമ്മയുടെ കവിളുകളിൽ അന്ന് ചുംബനം നൽകിയപ്പോൾ അവളുടെ കവിളുകളിലൂടെ ഒഴുകിയ ആ നീർച്ചാലുകളുടെ കാരണം അതായിരുന്നോ....
വർഷങ്ങളെത്ര കഴിഞ്ഞിട്ടും അവളെ കാണാനായി, അവളുടെ കവിളുകളിൽ തലോടാനായി, അധരങ്ങളിൽ ചുംബിക്കാനായി, ഇതാ ഇപ്പോഴും അവൻ തിമർത്തു ചെയ്യുന്നു..... ആ സ്നേഹം അവളറിയുമ്പോഴും, നഷ്ടപ്പെട്ട ഒരു പിടി ഓർമ്മകളുടെ വേദന അവനോടുകൂടെ നീർച്ചാലായി അവളുടെ കണ്ണുകളിൽ. നിന്നും ഒഴുകുന്നുണ്ടായിരുന്നു. അതു കാണാൻ ആരും ഉണ്ടായിരുന്നില്ല.... അവൾ സ്നേഹിക്കുന്ന, അവളെ സ്നേഹിക്കുന്ന ആ മഴയല്ലാതെ....

ഷീല ആന്റണി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo