Showing posts with label JoyCee. Show all posts
Showing posts with label JoyCee. Show all posts

മനസ്സുകൾ തമ്മിൽ


"എന്തേലും കയ്ച്ചിട്ട് പോയാ പോരെ..
രാവിലെ വെറും ചായ കുടിച്ചതല്ലേ ഉളളൂ..
ഞാൻ വേഗം എന്തേലും ഉണ്ടാക്കാം.."
"വേണ്ട..
ഞാൻ പോവുന്ന വഴിക്ക് വല്ലതും കഴിച്ചോളാം..
അവൻ ഉറങ്ങി എണീക്കുമ്പോ പറഞ്ഞേക്ക് ഇന്നലെ വാപ്പ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ എന്തൊക്കെയൊ പറഞ്ഞതാന്നു..
അവൻ ചോദിച്ച കാശ് ഇന്നു കൊടുക്കാൻ നോക്കാം..
ആരടുത്തുന്നെലും കടം
കിട്ടോന്ന് നോക്കട്ടെ.."
പുറത്തൂന്നുള്ള ഉമ്മാന്റെം ഉപ്പാന്റെം ഈ സംസാരം കേട്ടു കൊണ്ടാണു ഞാൻ ഉറക്കമുണർന്നത്..
ജോലി ചെയ്തു ക്ഷീണിച്ചു വന്ന വാപ്പയുടെ ആരോഗ്യാവസ്ഥ പോലും നോക്കാതെയാണ്‌ ഇന്നലെ വാപ്പാനോട് കയർത്തു സംസാരിച്ചത്..
കൂടുതലൊന്നും പറയാൻ സമ്മതിക്കാതെ തർക്കുത്തരം പറഞ്ഞു വാപ്പയുടെ വായടപ്പിക്കുംപോ അറിയാത്തൊരു സന്തോഷം തോന്നിയിരുന്നു..
തോറ്റു പോയവന്റെ നിസ്സഹായതയോടെ തിരിഞ്ഞു നടന്ന വാപ്പയുടെ പിറകിൽ ഞാൻ ജേതാവിനെ പോലെ ഞെളിഞ്ഞു നിന്നു..
ഈ ഹജ്ജു പെരുന്നാളിനു കൂട്ടുകാരോടൊപ്പം ടൂറു പോവാൻ കാശു ചോദിച്ചപ്പോ എന്തിനാ നല്ലൊരു ദിവസായിട്ട് കണ്ട പാർക്കിലും ബീച്ചിലും കറങ്ങുന്നെന്നു ചോദിച്ച വാപ്പയോടു എന്തൊക്കെയൊ പറഞ്ഞു തർക്കിച്ചിരുന്നു ഞാൻ ..
മുറിയിൽ ലൈറ്റ് കണ്ടാവണം നേരം ഇത്രയായിട്ടും ഉറങ്ങിയില്ലെന്നും ചോദിച്ചു ഉമ്മ അടുത്തേക്കു വന്നതു..
വാപ്പാനോട് കയർത്തു സംസാരിച്ചതു ഒട്ടും ശരിയായില്ലാന്ന് പറഞ്ഞു ഉമ്മയെന്റെ നെറ്റിയിൽ പതുക്കെ തലോടിക്കൊണ്ടിരുന്നു..
"നിനക്കറിയോ മോനെ..
ആ മനുഷ്യൻ ഇന്നുവരെ സുഖമെന്താന്നു അറിഞ്ഞിട്ടില്ല..
ആയ കാലം തൊട്ടു കൂലിപ്പണി ചെയ്താണ് വയ്യാത്ത വല്യുപ്പാനെ നോക്കിയതും മൂന്നു പെങ്ങൻമാരെ കെട്ടിച്ചയച്ചതും..
എല്ലാം കഴിഞ്ഞു തറവാട്ട്‌ സ്വത്തീന്നു ഭാഗം കിട്ടിയ ഈ സ്ഥലത്ത് വീടു വെക്കുമ്പോ പണിക്കാർക്ക്‌ കൊടുക്കാനുള്ള കൂലി കുറച്ചെങ്കിലും ലാഭിക്കാല്ലോന്നു കരുതി രാപ്പകൽ ഭേദമില്ലാതെ വിയർപ്പോഴുക്കിയപ്പോഴും ആരൊടും ഒരു പരാതിയും പറഞിട്ടില്ല..
നീ ഉറങ്ങിയോ മോനെ..?
ഇല്ലുമ്മാ...
ഉമ്മ പറയ്‌..
കുറ്റബോധം കൊണ്ടുണ്ടായ നീറ്റലിൽ കണ്ണു നിറഞ്ഞു പോയതു ഉമ്മ കാണാതിരിക്കാൻ കണ്ണുകൾ ഇറുകെയടച്ചു കിടക്കുകയായിരുന്ന ഞാൻ മറുപടി പറഞ്ഞു..
ഈ വീടിന്റെ ഒരോ ചുവരിലും വാപ്പയുടെ വിയർപ്പുണ്ട്..
ഇന്നേവരെ എനിക്കും നിനക്കും വേണ്ടിയല്ലാതെ ആ മനുഷ്യൻ ആശുപത്രിയുടെ ചെന്നിട്ടില്ല..
അസുഖം വരാത്തോണ്ടല്ല..
ഒരു പനി വന്നാ പറയും.."ന്റെ പാത്തൂന്റെ കൈ കൊണ്ടുണ്ടാക്കിയ കട്ടൻ ചായ കുടിച്ചാ പോവാത്ത പനിയുണ്ടാവോ ഈ ദുനിയാവിലെന്നു.."
നടുവേദന വന്നാ "നീ ചൂട് പിടിച്ചാ മാറാത്ത നടു വേദനയൊന്നും പടച്ചോൻ എനിക്കു തന്നു പരീക്ഷിക്കൂല്ലാന്നു.."
ഡോക്ടർക്കും മരുന്നിനും കൊടുക്കുന്ന കാശു വീട്ടു ചിലവിനു ഉപകാരപ്പെടുമല്ലോ എന്നോർത്താണ് ആശുപത്രിയിൽ പോവാൻ കൂട്ടാക്കാതെ എന്നെനിക്കു നന്നായറിയാം..
സാരോല്ല നീ
വെഷമിക്കാണ്ടിരി..നാളെ എന്തേലും വഴി കാണാം.."
എന്നും പറഞ്ഞോണ്ടു പുതപ്പു ഒന്നൂടെ നേരെയാക്കി ലൈറ്റ് അണച്ച് ഉമ്മ
പുറത്തേക്കു പോയി..
ഞാൻ പതിയെ കട്ടിലിൽ എഴുന്നേറ്റിരുന്നു..
എന്നിട്ടു കാതുകൾ മെല്ലെ ചുവരോട് ചേർത്തു വെച്ചു..
അതെ..
ഉമ്മ പറഞ്ഞതു
സത്യമായിരുന്നു..
എനിക്കു കേൾക്കാൻ ആവുന്നുണ്ട് വാപ്പയുടെ ശ്വാസോച്വാസം..
ആ ചുവരുകൾക്കിടയിലൂടെ രണ്ടു കൈകൾ നീണ്ടു വരുന്നതും എന്നെ ചേർത്തു പിടിക്കുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു..
അറിയാതെന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി...
ഒരായിരം വട്ടം മനസിൽ വാപ്പയുടെ കാൽക്കൽ വീണു മാപ്പ് പറഞ്ഞു..
പിന്നീടെപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വീണു..
"എന്നാ ഞാൻ ഇറങ്ങുകാ.."
വാപ്പയുടെ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്നുണർത്തിയത്..
ഞാൻ വേഗം എഴുന്നേറ്റു പുറത്തേക്കോടി..
മുറ്റത്തെക്കിറങ്ങാൻ ഭാവിക്കുന്ന വാപ്പയുടെ അരികിലേക്കു ചെന്നു..
പതിയെ ആ കയ് അമർത്തിപ്പിടിച്ചു മുഖത്തോടു ചേർത്തു..
ഒരു വാക്കുകൾക്കും പിടികൊടുക്കാതെ മനസ്സുകൾ തമ്മിൽ പറഞ്ഞതെന്താന്നു മനസ്സിലായോ എന്തോ പടിവാതിൽക്കൽ നിന്നും ആ കാഴ്ച കണ്ടോണ്ടിരുന്ന ഉമ്മ കോന്തല തലപ്പു കൊണ്ടു കണ്ണു തുടക്കുന്നുണ്ടായിരുന്നു.
ജോയ്സി

'മൊളോട്ടൊ അയിലാസ്'


മൊളോട്ടൊ അയിലാസ്'
അഥവാ
ഒരു അയില മുളകിട്ട കഥ
**
പതിവു കൊട്ടെഷൻ കഴിഞ്ഞു വരുന്ന വഴിയാരുന്നു കുട്ടപ്പൻ ചേട്ടൻ..
വഴിക്കു വെച്ചു മീൻകാരൻ കലന്തനിക്കാനെ കണ്ടു..
കൊട്ടയിൽ നല്ല
പെടക്കണ അയില..
പക്ഷേ അയില പെണ്ണുംപിള്ളക്ക് ഇഷ്ടല്ല..
എന്നാലും കൊറച്ചു
വാങ്ങിച്ചു..
കാരണം അത്താഴത്തിനു കൂട്ടാൻ മീൻകറി നിർബന്ധവാ കുട്ടപ്പൻ ചേട്ടന്..
വീട്ടി ചെന്നു മീൻ കവർ ശ്രീമതിക്ക് നീട്ടിയതും അതിനെക്കാൾ വേഗത്തിൽ തിരിച്ചു വന്നു..
"ഇതു നിങ്ങളു തന്നെ ഒന്ടാക്കിയാ മതീ"ന്നുള്ള ഡയലോഗും പശ്ചാത്തലത്തിൽ മുഴങ്ങിക്കേട്ടു..
കാര്യം കുട്ടപ്പൻ ചേട്ടൻ നാട്ടുകാരുടെ മുന്നിൽ പുലിയാണെങ്കിലും വീട്ടിൽ എലിയേക്കാൾ പാവമാ..
അമ്മിണി ചേച്ചി നിസ്സഹകരണ ഭാവം പൂണ്ടതോടെ തൂക്കിപ്പിടിച്ച സഞ്ചിയുമായി കുട്ടപ്പൻ ചേട്ടൻ അടുക്കളയിലേക്കു നടന്നു...
കുട്ടപ്പൻ ചേട്ടന്റെ ആഗമനത്തോടെ അടുക്കള നിശബ്ദമായി..
കലപിലാന്നു സംസാരിചോണ്ടിരിക്കാറുണ്ടാരുന്ന തവികളും സ്റ്റീൽപ്പാത്രങ്ങളും പേടിച്ചു ചുരുണ്ടു കൂടി..
അവസാന ശ്രമമെന്ന പോലെ സഞ്ചിയിൽ നിന്നൊരു കുഞ്ഞനയില തല വെളിയിലെക്കിട്ടു അമ്മിണി ചേച്ചിയെ
ദയനീയമായൊന്നു നോക്കി...
ചേച്ചി അതു കാര്യമാക്കാതെ മുഖം തിരിച്ചതെയുള്ളൂ..
കുട്ടപ്പൻ ചേട്ടൻ രണ്ടും കൽപ്പിച്ചു തന്ന്യാരുന്നു...
മണ്‍ചട്ടി കഴുകി അടുപ്പിലേക്കു വെച്ചു...
പേടിച്ചു നിക്ക്യാരുന്ന സവാളയേം വെളുത്തുള്ളി കുട്ട്യോളേം ചെവിക്കു പിടിച്ചു കട്ടിംഗ് ടേബിളിൽ കൊണ്ടോയിരുത്തി..
കത്തി കണ്ടതും പേടിച്ചരണ്ട വെളുത്തുള്ളി കുട്ട്യോളിൽ ഒന്നു രണ്ടെണ്ണം താഴേക്കു ചാടി എങ്ങൊട്ടൊ പോയൊളിച്ചു...
ബാക്കിയുളളവര് കുട്ടപ്പൻ ചേട്ടന്റെ കത്തിയുടെ മൂർച്ച ശരിക്കും അനുഭവിച്ചു..
സവാളയെ വെട്ടി അരിയുന്നത്‌ കണ്ടു നിന്ന അമ്മിണി ചേച്ചിയുടെ കണ്ണു നിറഞ്ഞു...
അപ്പൊഴെക്കും അടുപ്പത്തിരുന്ന ചട്ടി ചൂടായി ചേട്ടനെ തെറിവിളിച്ചു തുടങ്ങി..
തെറിവിളി സഹിക്ക വയ്യാതായപ്പോ ചട്ടിയുടെ അണ്ണാക്കിലോട്ടു സ്വൽപം വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു..
ചട്ടിയും എണ്ണയും ഒരുപോലെ ചൂടിലാന്നറിഞ്ഞ കുട്ടചേട്ടൻ അരിഞ്ഞു വച്ച വെളുത്തുള്ളി കുട്ട്യോളെ യാതൊരു ദയാ ദാക്ഷിണ്യവും കൂടാതെ എണ്ണയിലെക്കിട്ടു...
തുടർന്നു സവാളയെയും..
അവരവിടുന്നു ചാടിപ്പോവാതിരിക്കാൻ മൂടി വെച്ചടച്ചു...
തീയുടെ ചൂടും കുറച്ചു..
പിന്നീടങ്ങോട്ടു പരാക്രമം മുഴുവനും കുഞ്ഞൻ
അയിലാസിന്റെ നേർക്കായി..
പാവങ്ങളെ നെടുകെ കീറി കുടൽമാല വലിച്ചു
പുറത്തേക്കിട്ടു..
എന്നിട്ടു ഒന്നുമറിയാത്ത പോലെ കുളിപ്പിച്ചു പ്ലെയിറ്റിലേക്കു മാറ്റി കിടത്തി..
അവിടെം തീർന്നില്ല..
ഫ്രിഡ്ജിൽ കിടന്നു മയങ്ങുവാരുന്ന തക്കാളിപ്പെണ്ണിനെ വിളിച്ചുണർത്തി തുടുത്തു മിനുസമാർന്ന അവളുടെ മുഖത്തൊരു കുത്തു കൊടുത്തു..
വേദന കൊണ്ടാവണം പാവത്തിന്റെ കണ്ണു നിറഞ്ഞൊഴുകി..
അതും പോരാഞ്ഞു നെടുകെ നാലായി കീറി
ചട്ടിയിലെക്കിട്ടു...
പുതിയൊരാൾ കൂടെ വന്നതോടെ തിങ്ങി ഞെരുങ്ങി അഡ്ജസ്റ്റ് ചെയ്യാൻ പാടുപെടുന്നുണ്ടാരുന്നു സവാളയും വെലുത്തുള്ളി കുട്ട്യോളും...
അപ്പൊഴാ കുട്ടചേട്ടന്റെ വക അടുത്ത പണി കിട്ടിയതു..
കൊറച്ചു മുളകുപൊടിയും അതെ അളവിൽ മല്ലിപ്പൊടിയും പിന്നെ അൽപം മഞ്ഞളും ഉപ്പും ചേർത്തൊരു പ്രയോഗം..
ചാവാൻ പോകുന്നവന് ഒരു തുളളി വെളളം കൊടുക്കാന്നുള്ള ചടങ്ങുണ്ടല്ലോ..
അൽപം വെളളവും ഒഴിച്ചു...
അതോടെ അവസാന ശ്വാസവും നിലച്ചു എല്ലാരും മസാലക്കൊപ്പം ലയിച്ചു ചേർന്നു...
ഇനി ഞങ്ങളുടെ ഊഴമാണെന്ന് തിരിച്ചറിഞ്ഞ അയിലക്കുഞ്ഞുങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു കണ്ണീരൊഴുക്കി...
അതൊന്നും കാര്യമാക്കാതെ നന്നായി തിളച്ചു കുറുകിയ മസാലക്കൂട്ടിലേക്ക് അവരെ തള്ളിയിട്ടു ചൂടു കുറച്ചു ഒന്നുമറിയാത്ത പോലെ ബാത്ത് റൂമിലേക്കു നടന്നു കുട്ടചേട്ടൻ..
എകദേശം അഞ്ചു മിനുട്ടു കഴിഞ്ഞു കാണണം...
അറിയാത്തൊരു രുചി ഗന്ധം ചുറ്റും പരക്കാൻ തുടങ്ങി..
ഹാളിലിരുന്നു സീരിയൽ കാണുകയാരുന്ന അമ്മിണി ചേച്ചി പതിയെ എഴുന്നേറ്റു അടുക്കളയിലേക്കു
എത്തി നോക്കി...
കുറിഞ്ഞി പൂച്ച അടുക്കളയിലെ ജനാല വഴി അകത്തേക്കു കടക്കാനൊരു
വിഫല ശ്രമം നടത്തി..
കള്ളക്കാറ്റു കറിച്ചട്ടിയുടെ അടുത്തു നിന്നു മാറിയതെയില്ല..
അപ്പോഴെക്കും കുളികഴിഞ്ഞു കുട്ടചേട്ടൻ തിരികെയെത്തി..
വായിൽ കപ്പലോടിച്ചു നിക്ക്യാരുന്ന അമ്മിണി ചേച്ചിക്കൊരു
പുച്ഛം സമ്മാനിച്ചു....
പിന്നെ ഫ്രിഡ്ജ്‌ തുറന്നു രണ്ടു പച്ചമുള കെടുത്തു നെടുകെ കീറി നേരെ കൊണ്ടൊയി
തിളപ്പിലെക്കിട്ടു...
ഒപ്പം അഞ്ചാറു കറിവേപ്പിലയും കൊറച്ചു മല്ലിയിലയും...
അതൊടെ അമ്മിണി ചേച്ചിയുടെ നിയന്ത്രണം വിട്ടു...
വേഗം ചെന്നു ഒരു പ്ലെയിറ്റിൽ ചോറും എടുത്തു കുട്ടചേട്ടനെ തളളി മാറ്റി കറി ചട്ടിയെ ലക്ഷ്യമാക്കി കുതിച്ചു...
പിന്നീടവിടെ നടന്നതൊരു യുദ്ധമാരുന്നു..
ഇതൊന്നുമറിയാതെ സുഖസുഷുപ്തിയിലാണ്ടു കിടക്കുവാരുന്നു കുഞ്ഞനയിലയും കൂട്ടുകാരും..
ശുഭം
ജോയ്സി

പ്രവാചകന്റെ അനുയായികൾ


ഡാ എനിക്കാവില്ല ഇതു ചെയ്യാൻ,കൃഷ്ണേട്ടൻ വാപ്പാന്റെ
സുഹൃത്താ..
അയാളുടെ മകനെയാ നമ്മളിന്നു വക വരുത്താൻ പ്ലാൻ ചെയ്യുന്നെ.."
"നീ ചെയ്യണം..
നമ്മളുടെ കൂട്ടത്തിലെ രണ്ടു പേരെയാ അവനും കൂട്ടുകാരും ചേർന്നു ഇല്ലാണ്ടാക്കിയത്..
ചോരക്കു പകരം ചോര തന്നെ വേണം..
അപ്പോ പറഞ്ഞതു പോലെ..
ഇന്നു രാത്രി നമ്മൾ അതു നടപ്പാക്കുന്നു.."
ശരിയെന്നു സമ്മതിച്ചു വീട്ടിലേക്കു നടക്കുമ്പോ മനസിൽ വല്ലാത്തൊരു ആശയക്കുഴപ്പം ആയിരുന്നു..
എന്താണ് ചെയ്യേണ്ടതെന്ന് ഒരു രൂപവുമില്ല ശരിക്കും.
വീട്ടിലേക്കുള്ള നടവഴിയിൽ ഉമ്മ സരോജിനിയെച്ചിയോടു സംസാരിച്ചു നിക്കുന്നു..
എനിക്കെന്തൊ അവരുടെ മുഖത്തു നോക്കാൻ കഴിഞ്ഞില്ല .
അവനെന്തിന് ആ സ്ത്രീയുടെ മകനായി ജനിച്ചു...
കാരണം ജീവിതത്തിൽ ഇന്നേവരെ ആർക്കും നന്മയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല കൃഷ്ണേട്ടനും സരോജിനിയേച്ചിയും..
എന്നിട്ടും അവൻ..
അവനും കൂട്ടുകാരും ചേർന്നാണ് ഞങ്ങളുടെ കൂട്ടത്തിലെ രണ്ടു പേരെ കൊന്നത്.
അതോർത്തപ്പോ രക്തം തിളച്ചു..മനസിൽ പ്രതികാരമെന്ന ചിന്ത മാത്രമായി..
"നീയെന്താടാ സരോജിനിയെ കണ്ടപ്പൊ മിണ്ടാതെ നടന്നെ.."
എന്നെക്കണ്ട് സംസാരം നിർത്തി പിറകേ വന്ന ഉമ്മ ചോദിച്ചു..
"ഒന്നുല്ല ഉമ്മാ..
നല്ല സുഖം തോന്നുന്നില്ല...
ചെറിയ തലവേദന പോലെ.."
"സാരോല്ല..
ഇന്നിനി പുറത്തെക്കെങ്ങും
പോണ്ട ..
ഞാൻ നല്ല ചുക്ക് കാപ്പി
ഇട്ടു തരാം..
സരോജിനി നിനക്കും വാപ്പക്കും കൂടി തന്നു വിട്ട കുറച്ചു കുഴലപ്പോണ്ട്..
അതും കഴിച്ചു കുറച്ചു നേരം കിടന്നോ.."
മറുപടിയൊന്നും പറയാതെ ഞാനകത്തെക്ക് നടന്നു..
"വാപ്പയെവിടെ ഉമ്മാ..
നല്ല ക്ഷീണം ഉണ്ടെന്നും പറഞ്ഞു നേരത്തെ കിടന്നു..
എന്താന്നറിയില്ല ആ മുഖത്തെന്തോ വിഷമോണ്ട്.."
എനിക്കും തോന്നിയിരുന്നു
അതു.
ഈയിടെയായി വാപ്പ എന്തൊക്കെയോ ആലോചനയിലാണ്.
"നീ കിടക്കു" എന്നും പറഞ്ഞോണ്ടു ഉമ്മ കിച്ചെനിലേക്ക് പോയി.
കിടന്നാ ആവശ്യമില്ലാത്ത ചിന്തകൾ കേറി വരൂന്ന് ഭയമുള്ളതോണ്ട് ടീവി ഓണ്‍ ചെയ്തു ചാനലുകൾ മാറ്റി കൊണ്ടേ ഇരുന്നു.
ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല..
അല്ലാഹ് എനിക്കെന്താ സംഭവിക്കുന്നെ..
അൽപനേരം കഴിഞ്ഞപ്പോഴേക്കും ഉമ്മ ചുക്കു കാപ്പിയുമായി വന്നു..
ഒപ്പം സരോജിനിയെടത്തി കൊടുത്തു വിട്ട പലഹാരങ്ങളും..
അതീന്നോരെണ്ണം കയ്യിലെക്കെടുത്തപ്പോഴേക്കും മോനെന്നുള്ള സരൊജിനി എട്ടത്തീടെ വിളിയും വാത്സല്യം തുളുമ്പുന്ന ആ മുഖവും മനസ്സിലേക്കോടിയെത്തി..
അറിയാണ്ട് കണ്ണുകൾ
നിറഞ്ഞു..
ചുക്കു കാപ്പി കഴിച്ചെന്നു വരുത്തി വേഗം പുറത്തേക്കിറങ്ങി ..
"വയ്യാന്നു പറഞ്ഞിട്ടു എങ്ങൊട്ടെക്കാടാ പോവുന്നെ" എന്നു പറഞ്ഞു പിറകേ വന്ന ഉമ്മാന്റെ ശബ്ദമൊന്നും എന്നെ പിന്തിരിപ്പിച്ചില്ല..
"ഏച്ചീ കൃഷ്ണേട്ടൻ എവിടെ.."?
"കുളിക്കാ..
മോനിരിക്ക്"എന്നും പറഞ്ഞു സരോജിനിയെടത്തി കസേര നീക്കിയിട്ട്‌ തന്നു..
"വിഷ്ണു എപ്പൊഴാ എത്തുക.."?
"അവന്റെ കാര്യം ഒന്നും പറയണ്ട മോനെ...
ഈയിടെയായി വന്നു കേറുമ്പോ പാതിരയാവും...
ഒറ്റ മോനല്ലെന്നു കരുതി ലാളിച്ചു വളർത്തിയതാ..
ഇപ്പൊ അവനാകെ
മാറിയ പോലെ.."
"ഒക്കെ ശരിയാവും..
എനിക്കവനെ കണ്ടു സംസാരിക്കണം എന്നുണ്ട്..
പകഷെ ഈയിടെയായി അവനെന്നോടും
ഒന്നും മിണ്ടാറില്ല.."
"മം ..അവനിന്ന് വന്നാ ഞാൻ പറയാം..
എനിക്കും രണ്ടിലോന്നറിയണം.."
"എന്താടീ രണ്ടാളും കൂടെ..
കുളി കഴിഞ്ഞു കൃഷ്ണേട്ടൻ നേരെ ഇറയത്തെക്കു വന്നു.
"നീ രണ്ടാൾക്കും തിന്നാൻ എന്തേലും എടുക്കു.."എന്നും പറഞ്ഞോണ്ടു കൃഷ്ണേട്ടൻ അടുത്തു വന്നിരുന്നു.
"ഈശ്വരാ വർത്താനം പറയുന്നതിനിടെ ഞാനക്കാര്യം മറന്നു"
ഒന്നും വേണ്ടെച്ചി..
ഞങ്ങളിപ്പ വരാം..
കൃഷ്ണേട്ടൻ എനറൊപ്പം
വരണം..
എനിക്കൽപം
സംസാരിക്കാനുണ്ട്.."
എന്നും പറഞ്ഞു ഞാൻ ആ കൈപിടിചോണ്ട് പുറത്തേക്കു നടന്നു.
അൽപം മാറി നിന്നു ഉണ്ടായ കാര്യങ്ങളൊക്കെ പറഞ്ഞു..
എല്ലാം കേട്ടു കഴിഞ്ഞപ്പോഴെക്കും സ്വതവേ ശാന്തമായ ആ മുഖം ചുവന്നു
കണ്ണുകൾ നിറഞ്ഞൊഴുകി..
പതിയെ ആ കൈത്തലം അമർത്തി പിടിച്ചു മുഖത്തോടു ചേർത്തു..
മാപ്പ് കൃഷ്ണേട്ടാ എല്ലാറ്റിനും മാപ്പു..
കണ്ണു നിറഞ്ഞതല്ലാതെ ശബ്ദം പുറത്തേക്കു വന്നില്ല..
ഇനി ആലോചിച്ചു നിക്കാൻ സമയമില്ല..
വേഗം കൃഷ്ണേട്ടനോട് റെഡിയാവാൻ പറഞ്ഞു..
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു വരുമ്പോഴേക്കും കൃഷ്ണേട്ടൻ വെലിക്കരികിലെത്തിയിരുന്നു..
ഞാൻ പോയി വിളിച്ചാ വിഷ്ണു ചിലപ്പൊ വന്നില്ലെങ്കിലോ എന്നു ഭയന്നാണ് കൃഷ്ണേട്ടനെ ഒപ്പം കൂട്ടിയത്.
കാര്യം എന്താന്നറിയാതെ അമ്പരപ്പോടെ നോക്കി നിക്കുന്നുണ്ടായിരുന്നു സരോജിനിയെടത്തി.
ബസ്റ്റൊപ്പിലെത്തി..
ബസ് വരാനുള്ള സമയം ആവുന്നതെയുള്ളൂ..
ഞാൻ ബൈക്ക് അൽപം മാറി പാർക്ക് ചെയ്തു കൃഷ്ണേട്ടന്റെ അരികിലേക്കു നടന്നു.
അപ്പൊഴൊക്കെം മൊബൈൽ നിർത്താതെ റിംഗ് ചെയ്യുന്നുണ്ടായിരുന്നു.
കൂട്ടുകാരിൽ ആരെങ്കിലും ഒക്കെയാന്നു അറിയാവുന്നത് കൊണ്ടു എടുത്തില്ല.
ബസ് ഇറങ്ങുമ്പോ പതിവില്ലാതെ കൃഷ്ണേട്ടനെ കണ്ട അമ്പരപ്പുണ്ടായിരുന്നു വിഷ്ണുവിന്റെ മുഖത്തു..
"ഒന്നും ചോദിക്കണ്ട..എന്റൊപ്പം വാ എന്നും പറഞ്ഞു കൃഷ്ണേട്ടൻ അവനെയും കൂട്ടി ബൈക്കിനരികിലേക്ക് നടന്നു.
ഒപ്പം ഞാനും..
വീട്ടിലെത്തും വരെയും ഞങ്ങൾ ഒന്നും സംസാരിച്ചില്ല.
വീടെത്തിയതും കൃഷ്ണേട്ടൻ ചാടിയിറങ്ങി ഞങ്ങളുടെ രണ്ടു പേരുടെയും കൈ പിടിച്ചു വലിച്ചു അകത്തേക്കു നടന്നു..
"എടീ പോയി ആജിയാരോടും സുഹറനോടും വരാൻ പറയ്‌ .."
കൃഷ്ണേട്ടന്റെ സ്വഭാവം അറിയാവുന്നതോണ്ട് ഏച്ചി ഒന്നും ചോദിക്കാൻ നിക്കാണ്ട് ടോർച്ചും എടുത്തോണ്ട് വാപ്പാനേം ഉമ്മാനേം വിളിക്കാൻ പോയി..
നേരെ അടുക്കളയിലേക്കു ചെന്ന കൃഷ്ണേട്ടൻ തിരികെ വന്നതു വലിയൊരു വെട്ടു കത്തിയുമായാണ്‌.
അതു വിഷ്ണുവിന്റെ കയ്യിൽ വെച്ചു കൊടുത്തിട്ട് പറഞ്ഞു..
"കൊല്ലെടാ ..
ഉണ്ടാക്കിയ തന്തയേം തള്ളയേം കൊന്നിട്ട് മതി ദൈവത്തിനും മതത്തിനും വേണ്ടി കൊല്ലാൻ നടക്കുന്നത്..
സ്വന്തം കൂടപ്പിറപ്പിനെ കൊന്നു തള്ളിയാ സന്തോഷിക്കുന്ന ദൈവങ്ങൾ എതോക്കെയാന്നു എനിക്കൂടെ പഠിപ്പിച്ചു താടാ..
ഞങ്ങളൊന്നും ജീവിതത്തിൽ പഠിക്കാത്ത കാര്യങ്ങൾ നിനക്കെവിടെന്നു കിട്ടീന്നൂടെ പറ .."
വിഷ്ണുവിന്റെയും ഒപ്പം എന്റെയും തല താഴ്ന്നു..
അപ്പൊഴെക്കും വാപ്പയും ഉമ്മയും എത്തിയിരുന്നു..
നടന്ന കാര്യങ്ങളൊക്കെ കൃഷ്ണേട്ടൻ വാപ്പയോടു പറഞ്ഞു കൊടുത്തു..
നിസ്കാര തഴമ്പുള്ള ആ നെറ്റിയിൽ വിയർപ്പു പൊടിയുന്നുണ്ടായിരുന്നു..
എല്ലാം കേട്ടു കഴിഞ്ഞു വാപ്പ നേരെ എന്ടടുത്തെക്ക് വന്നു..
"എന്റെ തലയിൽ കൈവച്ചു പറ മോനെ...
ഏതു കിതാബിലാടാ കൊലക്കു പകരം കൊലയെന്നും അക്രമത്തിലൂടെയാണ് പടചോനേം അവന്റെ ദീനിനേം സംരക്ഷിക്കണം എന്നും പഠിപ്പിച്ചത്...
അന്യായമായി ഒരാളെ കൊലപ്പെടുത്തിയാൽ അവനീ ലോകത്തുള്ള സകല മനുഷ്യരെയും കൊന്നതിനു തുല്യമാണെന്ന് പഠിപ്പിച്ച പുണ്യ പ്രവാചകന്റെ വാക്കുകൾ എന്തു കൊണ്ടാടാ നിങ്ങൾ
ഓർക്കാതെ പോയതു...
നാട്ടുകാരാൽ പരിഹസിക്കപ്പെട്ടു കല്ലേറ് കൊണ്ടു കാലുകൾ മുറിഞ്ഞു രക്തമൊഴുകി കൊണ്ടിരിക്കുമ്പോഴും പ്രവാചകൻ പ്രാർഥിച്ചു കൊണ്ടിരുന്നത് ഈ ജനതയ്ക്ക് നീ പൊറുത്തു കൊടുക്കണേ എന്നായിരുന്നു..
ആ പ്രവാചകന്റെ അനുയായികൾ എന്നു പറയാൻ ലജ്ജയില്ലേ നിങ്ങൾക്കൊന്നും..
ദീനിന്റെ പേരും പറഞ്ഞു വെട്ടാനും കൊല്ലാനും നടക്കുന്ന നീയൊക്കെ ഒന്നോർക്കു..
പടച്ചോന്റെ ദീനിനെ സംരക്ഷിക്കേണ്ടത് പടപ്പുകളെ കൊന്നിട്ടല്ല...
അതിലെ ആശയങ്ങൾ ജീവിതത്തിൽ പകർത്തി കൊണ്ടാവണം..
പരസ്പരം സ്നേഹിച്ചു കൊണ്ടാവണം..."
"മതി ആജ്യാരെ...ഇവർക്ക് രണ്ടു പേർക്കും കാര്യങ്ങൾ മനസ്സിലാക്കാനുള്ള പ്രായമല്ലേ ..തെറ്റുകൾ തിരിച്ചറിഞ്ഞു മറ്റുള്ളവർക്ക്‌ നൻമ ചെയ്തു ജീവിക്കാൻ ശ്രമിക്കട്ടെ..
അതിനും കഴിയില്ലെങ്കി അവരെ ഉപദ്രവിക്കാതിരിക്കുകയെങ്കിലും ചെയ്യു.."
കാര്യങ്ങൾ ഏതാണ്ട് മനസ്സിലായതോണ്ടാവും സരോജിനിയെടത്തിയും ഉമ്മയും അമ്പരപ്പോടെ ഞങ്ങളുടെ മുഖത്തോട്ടു
നോക്കുകയായിരുന്നു..
അവർക്കു വിശ്വസിക്കാൻ കഴിയില്ലാലോ ഇതൊന്നും..
ഒരുപാത്രത്തിൽ ഉണ്ടുറങ്ങി കഴിഞ്ഞവർ ഒരു സുപ്രഭാതത്തിൽ പരസ്പരം പോരെടുക്കുന്നത് സഹിക്കാൻ മാത്രോന്നും ത്രാണിയുള്ള മനസ്സുണ്ടാവില്ല ഒരമ്മമാർക്കും..
ഇനിയൊരിക്കലും ഞാനിങ്ങനോന്നും ചിന്തിക്കില്ലെന്നു മനസിൽ പ്രതിന്ജയെടുത്തു ഞാൻ വിഷ്ണുവിന് നേരെ നോക്കി..
ആ കണ്ണുകളിലെ കണ്ണീരിൽ കാണാമായിരുന്നു ചെയ്തു പോയ തെറ്റുകൾക്കുള്ള പ്രായശ്ചിത്തം..
പതിയെ അവന്റരികിലെക്കു ചെന്നു..
അവനെ ചേർത്തു പിടിച്ചു..
അന്നാദ്യമായി മനസ്സു തണുത്തു ശാന്തമാവുന്നത് ഞാനറിഞ്ഞു..
കണ്ടു നിന്ന നാലു മുഖങ്ങളിലും സന്തോഷം നിറയുന്നത് എനിക്കു കാണാമായിരുന്നു.
By: ജോയ്‌സി

തൊള്ള


മോനെ നിർബന്ധിച്ചു ചോറു കഴിപ്പിക്കുന്നതിനിടെ ചുമ്മാ എഫ്ബിയിലൊന്ന് നോക്കി...
അപ്പോഴാണു എവിടെ നിന്നോ ഒരു പോസ്റ്റു മുന്നിലേക്കു ചാടിയതു...
വായിച്ചു ഇഷ്ടായപ്പോ ഒരു 
കമന്റിടാന്ന് തോന്നി ..
സ്റ്റിക്കേഴ്‌സിൽ പറ്റിയൊരെണ്ണം തിരയുമ്പോഴാ കുഞ്ഞു വലിയ വായിൽ നിലവിളിച്ചു തുടങ്ങിയത്..
ആ തിരക്കിൽ അറിയാതെ സെന്റായതു പരസ്പരം കെട്ടിപ്പിടിച്ചു ചുംബിക്കുന്ന സ്റ്റിക്കർ ആയിപ്പോയി..
കുഞ്ഞു കരയുന്നതിന്റെ പിറകെ ആയതോണ്ട് ഞാനതു ശ്രദ്ധിച്ചുമില്ല..
അൽപനേരം കഴിഞ്ഞപ്പോ ദോണ്ടേ വരുന്നു നോട്ടിഫിക്കേഷൻ...
ചെന്നു നോക്കിയപ്പോ പലരും ആ സ്റ്റിക്കറിനെ ലൈക്കി ലൈക്കി ശ്വാസം മുട്ടിക്കുകയാ...
അവിടേം തീർന്നില്ല..
പിറകെ നാലോ അഞ്ചോ റിക്വസ്റ്റുകൾ..
ഒന്നു രണ്ടു മെസ്സേജുകളും...
"ഒരുമ്മ ഇവിടേം തരോ"ന്നും ചോദിച്ചാരുന്നു അതിലൊരെണ്ണം...
അതൊക്കെ കണ്ടു ശരിക്കും അന്തം വിട്ടു പോയി...
ആദ്യമായിട്ടാ ഇങ്ങനൊരു കൈയബദ്ധം സംഭവിക്കുന്നെ..
അല്ലെങ്കി തന്നെ ചുറ്റും ശത്രുക്കളാ..
ഇവിടെ എന്തു ചെയ്യാന്നു നോക്കിയിരിക്കാ പലരും..
ഇന്നാളൊരു ദിവസം ഒരു ആപ്പിൽ കൊണ്ടു കൈ വെച്ചപ്പോ പൊള്ളിയത് ഇപ്പഴും മറന്നിട്ടില്ല..
അതെങ്ങിനാന്നല്ലേ...
'നിങ്ങളുടെ കാമുകനെ കണ്ടെത്തുന്ന സ്ഥലം' എന്നും പറഞ്ഞോണ്ടൊരു ചോദ്യം..
അതിലൊന്ന് കേറി നോക്കീതാ..
അപ്പൊത്തന്നെ ആൻസ്വെറും കിട്ടി..
"പാലാ"യിൽ വെച്ചെന്നു..
അതപ്പോ തന്നെ ഏതോ ശുദ്ധഗതിക്കാരനെടുത്തു ഹസ്സിനു സ്‌ക്രീൻഷോട്ട് കൊടുത്തു..
അങ്ങേരു വൈകുന്നെരം വിളിച്ചപ്പോ ചോദിക്കുവാ...
"എപ്പോഴാ പാലാക്ക് പോവുന്നെ"ന്ന്..
പോവാണേൽ കൊച്ചിനെ അമ്മേനെ ഏൽപ്പിച്ചോളാനും പറഞ്ഞു..
ഞാൻ നിന്നുരുകീന്നു പറയണ്ടാല്ലോ..
ചുമ്മാ ഇരിക്കുമ്പോ എന്തേലുമൊക്കെ വായിക്കാമെന്നു കരുതി വരുന്നതാ..
പലവട്ടം പറഞ്ഞു കേട്ട കാര്യമാന്നറിയാം..
എന്നാലും പറയുവാ..
ഒരു പെണ്ണു റിക്വസ്റ്റു അയക്കുന്നതിനും പോസ്റ്റു വായിച്ചു വല്ലോം കമന്റിടുന്നതിനും അർത്ഥം അവൾക്കു നിങ്ങളോടു താല്പര്യമാണെന്നല്ല...
മറിച്ചു സൃഷ്ടികളോട് മാത്രമുള്ളതാ..
ദെയ്‌ ചെറുക്കൻ പിന്നേം തൊള്ള തുറന്നു...
അപ്പൊ പോവാട്ടാ ...

by: Joycee

പെണ്‍വാണിഭം


നീണ്ടു മെലിഞ്ഞ വെണ്ടക്കാ പെണ്ണിനെ കാണിച്ചു അയാളെന്നോട് പറഞ്ഞു..
'ഫ്രഷ്‌ ആണു സാറേ 
എടുക്കട്ടെ...'
ആരും കാണുന്നില്ലാന്നു ഉറപ്പു വരുത്തി ഞാനുള്ളിലേക്ക് കയറി.
സ്വതവെ നാണം കുണുങ്ങിയായ തക്കാളി പെണ്ണിന്റെ മുഖം എന്നെ കണ്ടതും ഒന്നൂടെ ചുവന്നു തുടുത്തു..
ഉണ്ടക്കണ്ണൻ ഉരുളക്കിഴങ്ങിന് അതിഷ്ടായില്ലാന്നു അവന്റെ ഭാവം കണ്ടപ്പൊ തന്നെ മനസിലായി..
അടുത്തോട്ടു വാ കാണിച്ചു തരാന്നുള്ള മട്ടിലാരുന്നു സവാളപ്പെണ്ണു..
അല്ലേലും ഈയിടെയായി അവൾക്കിത്തിരി അഹങ്കാരം കൂടുതലാ..
ലോകത്തുള്ള സകല മനുഷ്യരോടും വെറുപ്പാണ് ഇവൾക്കെന്നു തോന്നും പച്ചമുളകിന്റെ
ഭാവം കണ്ടാൽ..
സ്വന്തം വൈരൂപ്യം സുന്ദരമായൊരു പുഞ്ചിരി കൊണ്ടു മറച്ചു നിക്കുന്നു പാവക്കാ പെണ്ണു..
പടവലത്തിന്റെ മുഖത്തു സ്ഥായിയായ വിഷാദ ഭാവം..
മരുന്നേറെ കഴിച്ചിട്ടും തടി കൂടുന്നില്ലാന്നുള്ള സങ്കടമാ അവൾക്കു..
തണ്ണി മത്തന്റെ തുറിച്ചു നോട്ടം സഹിക്കാനാവാതെ മുഖം കുനിച്ചു നിൽപ്പാണ്‌ വഴുതനങ്ങ..
അണിഞ്ഞൊരുങ്ങി നിന്നിട്ടും മുരിങ്ങാക്കാ പെണ്ണിനെ കണ്ടോരൊക്കെ പ്രായക്കൂടുതലാന്നും പറഞ്ഞു ഇഷ്ട്ടപ്പെടാതെ മടങ്ങിപ്പോവുകാന്നാ കച്ചോടക്കാരന്റെ പരാതി..
പാവം മുരിങ്ങക്കായ..
വല്ലാണ്ട് ക്ഷീണിച്ചിരിക്കുന്നു..
എത്ര ഉരുണ്ടിട്ടും തടി കുറയുന്നില്ലാന്നു പറഞ്ഞു ക്ഷീണിച്ചു ഒരുമൂലക്ക് ഇരിക്കുന്ന കുമ്പളങ്ങാ പെണ്ണിനെ നോക്കി മുഖം പൊത്തിച്ചിരിക്കുന്നു ബീൻസും കാരറ്റും..
രാവിലെ തൊട്ടു ഒന്നും കഴിക്കാത്തോണ്ടാ വണം ചീരപ്പെണ്ണു വാടി തളർന്നു കിടപ്പാണ്‌..
വരുന്നോരും പോണോരും തൊട്ടും തലോടീം ശല്യപ്പെടുത്തീട്ടാണോ എന്തോ കുഞ്ഞു നാരങ്ങാ പെണ്ണിന്റെ മുഖം കറുത്തിരിക്കുന്നു..
വിലപേശി ഉറപ്പിച്ചു എല്ലാരേം കൂട്ടി വീട്ടിലേക്കു മടങ്ങാൻ നേരമാണ് അന്തിപ്പത്രത്തിലൊരു വാർത്ത കണ്ടത്‌..
പെണ്‍വാണിഭം..
പോലീസ് അന്വേഷണം ഊർജ്ജിതമാക്കി..
'ദൈവമെ ഇവറ്റകളേം കൊണ്ടു ഞാനും കുടുങ്ങുന്നെനു മുന്നേ
വേഗം വീടു പിടിചേക്കാം..'

പെൺകോന്തൻ..


ഇങ്ങനെമുണ്ടാവോ
ആങ്കുട്ട്യോള്..
ഓളെ വാക്കും കേട്ടു നല്ലൊരു ജോലിയും കളഞ്ഞു വന്നേക്കുന്നു.."
ഉമ്മ നിന്നു
കലിതുള്ളുകയാണ്..
ഉമ്മയെന്നല്ല ആരുകേട്ടാലും ഇതു തന്നെയേ പറയുള്ളു..
കാരണം ഈ വർഷമിത് രണ്ടാമത്തെ വിസയാണ് കളഞ്ഞു കുളിക്കുന്നതു..
ഈ ഭൂകമ്പമൊക്കെ മുൻകൂട്ടി കണ്ടതുകൊണ്ടു പ്രത്യേകിച്ചൊന്നും തോന്നിയില്ലാന്നു മാത്രം..
അതിനിടെ കണ്ണുകൾ
കൊണ്ടവളെ തിരഞ്ഞു..
ഉമ്മയെ പേടിച്ചു അകത്തെവിടെയെങ്കിലും ഇരിക്കയാവും..
പാവം..
ആർക്കുമറിയില്ലാലോ അവളനുഭവിക്കുന്ന വേദനയെന്താണെന്നു..
എത്ര വലിയ പ്രശ്നമുണ്ടായാലും തന്റേടത്തോടെ നേരിടാനും മറ്റുള്ളവർക്കു ആശ്വാസം പകരാനും കഴിയാറുണ്ടായിരുന്ന പെണ്ണായിരുന്നു അവൾ..
ഗർഭിണി ആണെന്നറിഞ്ഞ സമയം തൊട്ടാണ് അവളിൽ എന്തൊക്കെയൊ മാറ്റങ്ങളുണ്ടായത്..
അതോടെ അധികമാരോടും സംസാരിക്കാതെയായി..
രാത്രീ തനിയെ കിടക്കാൻ ഭയം തോന്നാറുണ്ടെന്നു പലപ്പോഴും പറയാറുണ്ടായിരുന്നു
എന്നോട്..
"കുഴപ്പമൊന്നും
ഉണ്ടാവില്ല..
നീ വെഷമിക്കാതിരിക്കു" എന്നൊക്കെ പറഞ്ഞു അവളെ ആശ്വസിപ്പിച്ചെങ്കിലും എനിക്കും ഉള്ളിൽ ഭയമാരുന്നു അവൾക്കെന്തെങ്കിലും സംഭവിക്കുമോയെന്നോർത്ത്..
പുറമെ കാണുന്നവർക്കു ഒരു കുഴപ്പവും തോന്നാത്തത് കൊണ്ടുതന്നെ വിഷമങ്ങളൊക്കെ എന്നോടുമാത്രം പങ്കുവെക്കാനേ കഴിയുമായിരുന്നുള്ളൂ..
ഒരു ദിവസം പാതിരാക്ക് നിർത്താതെ മൊബൈൽ റിംഗ് ചെയ്യുന്നതു കേട്ടാണ് ഞാനുണർന്നതു..
അവളുടെ കാൾ
ആയിരുന്നു..
കട്ട് ചെയ്തു തിരികെ വിളിച്ചപ്പോൾ അങ്ങേത്തലക്കലൊരു പൊട്ടിക്കരച്ചിൽ മാത്രം..
'എനിക്കു പേടിയാവുന്നിക്കാ..ഞാനിപ്പൊ മരിച്ചു പോവും..'
കരച്ചിലിനിടയിലവളെങ്ങിനെയോ ക്കെയോ പറഞ്ഞൊപ്പിച്ചു..
ഇനി പിടിച്ചു നിൽക്കുന്നതിൽ അർത്ഥമില്ലെന്ന് മനസിലാക്കി ഞാൻ കൃത്യം രണ്ടാം ദിവസം നാട്ടിലേക്കു വിമാനം കയറി..
വീട്ടിലേക്കു ചെന്നു കയറുമ്പോഴുള്ള അവളുടെ കോലം കണ്ടു ശരിക്കും ഞെട്ടിപ്പോയി ഞാൻ..
വെളുത്തു തുടുത്തു സുന്ദരിയായിരുന്നവൾ ഒട്ടിയമുഖവുമായി വരണ്ടചിരിയോടെ നിൽക്കുന്ന കാഴ്ച ..
തിളങ്ങുന്ന നക്ഷത്രക്കണ്ണുകളുടെ സ്ഥാനത്തു തിളക്കമറ്റു കുഴിയിലേക്കാഴ്ന്ന പോലെ രണ്ടു ഗോളങ്ങൾ..
ജോലിയില്ലാത്തതു കൊണ്ടു മടങ്ങിയതാണെന്നു ഉമ്മാനോടു കള്ളം പറഞ്ഞുവെങ്കിലും പിറ്റേന്നു അമ്മാവൻ വിളിച്ചു ഉണ്ടായതൊക്കെ ഉമ്മാനോടു പറഞ്ഞു കൊടുത്തു..
കാര്യമറിഞ്ഞ ഉമ്മ അന്നുമിതുപോലെത്തന്നെ കണക്കിന് പറഞ്ഞു..
ഞാനൊന്നും മിണ്ടാതെയവളെ നോക്കി പുഞ്ചിരിച്ചു..
രണ്ടുദിവസം കഴിഞ്ഞു ഞാനവളെയും കൂട്ടി ഒരു മനോരോഗവിദഗ്ധനെ കാണാൻ ചെന്നു..
വിശദമായ പരിശോധനകൾക്കു ശേഷം അദ്ദേഹം പറഞ്ഞ പ്രധാനപ്പെട്ടൊരു കാര്യം ഇതിനു വേണ്ടതു ചികിത്സയേക്കാൾ കരുതലോടെയുള്ള സ്നേഹമാണെന്നാണ്..
സ്നേഹിക്കപ്പെടാൻ കൊതിക്കുന്നൊരു മനസ്സാണിവർക്കുണ്ടാവുകയെന്നുംഅതു ലഭിക്കുന്നില്ലായെന്നുളള തോന്നലിൽ നിന്നാണ് മറ്റു പലപ്രശ്നങ്ങളും ഉടലെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..
ഒരുപക്ഷേ പ്രസവത്തോടെ ഈയവസ്ഥക്കു മാറ്റമുണ്ടായേക്കാമെന്നു പറഞ്ഞു എന്നെയാശ്വസിപ്പിച്ചു..
പിന്നീടവൾ പഴയതിനെക്കാളും ഉഷാറായെങ്കിലും പ്രസവത്തീയതി അടുക്കുന്തോറും അവളിൽ ടെൻഷൻ കൂടിവരുന്നത് അവളുടെ സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും മനസ്സിലാക്കാമായിരുന്നു..
നാട്ടുനടപ്പനുസരിച്ചു പ്രസവമടുക്കാറാകുമ്പോ പെണ്ണിനെ അവളുടെ വീട്ടിലേക്കു കൊണ്ടുവിടാറാണല്ലോ പതിവു..
ശരിക്കുമൊരു പെണ്ണിനു ഭർത്താവിൻറെ സാമീപ്യം കൂടുതലാവശ്യമുള്ള സമയം അവളെ അയാളിൽ നിന്നകറ്റുന്ന ഇത്തരം ചടങ്ങുകളൊക്കെ
ആരാണാവോ കണ്ടുപിടിച്ചത്..
എന്തായാലും ഈയവസ്ഥയിൽ അവളെ തനിച്ചു വിടാൻ പേടിയുള്ളതു കൊണ്ടു ഞാനവളെ വീട്ടിൽ തന്നെ നിർത്തി..
കാരണം മറ്റുള്ളവരാരും തന്നെ അവൾക്കിങ്ങനൊരു പ്രശ്നമുണ്ടെന്നു അറിഞ്ഞിട്ടില്ല..
അറിഞ്ഞാൽ തന്നെയും അതു ജിന്ന് ബാധയും ഭ്രാന്തുമൊക്കെയായി ചിത്രീകരിച്ചു കളയുമെന്ന് ഭയന്നു അറിയിക്കാൻ ശ്രമിച്ചുമില്ല..
ഏഴാം മാസം കഴിഞ്ഞും പെണ്ണു ഭർത്താവിന്റെ വീട്ടിൽ കഴിയുന്നതു കണ്ടു പലരും മുഖം ചുളിച്ചെങ്കിലും ഞങ്ങളതൊന്നും ചെവിക്കൊണ്ടില്ല..
ഉമ്മക്കും ഉണ്ടാരുന്നു
പരാതി..
അതുതീർക്കാൻ ഇടക്കിടെ കുത്തുവാക്കുകൾ കൊണ്ടവളെ വേദനിപ്പിച്ചുവെന്നതൊഴിച്ചു വേറെ കാര്യമായ പ്രശ്നങ്ങളൊന്നും
ഉണ്ടായില്ല..
അങ്ങിനെ കാത്തിരുന്ന നാളടുക്കാറായി..
ഞാനൊരു വാപ്പയാവാൻ പോവുന്ന മുഹൂർത്തത്തിന് ഇനി മണിക്കൂറുകളുടെ ദൈർഘ്യം മാത്രം..
ലേബർ റൂമിലേക്കു കൊണ്ടുപോവുന്നതിനു മുന്നെയവൾ എന്റെ കൈചേർത്തു പിടിച്ചു പൊട്ടിക്കരഞ്ഞു..
ആശ്വസിപ്പിക്കാൻ വാക്കുകളുണ്ടായില്ല
എനിക്കും..
ഇതിലെന്താണിത്ര സങ്കടപ്പെടാനുള്ളതെന്ന മട്ടിൽ ഞങ്ങളെ തുറിച്ചു നോക്കുന്നവർക്കറിയില്ലാലോ എനിക്കുമവൾക്കും മാത്രമറിയാവുന്ന ആ രഹസ്യം..
അസ്വസ്ഥമായ മനസ്സോടെ പുറത്തു കാത്ത് നിൽക്കുമ്പോ പലവട്ടം ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു..
ആരുടെ പുണ്യം കൊണ്ടാണെന്നറിയില്ല കൂടുതൽ പ്രയാസങ്ങളൊന്നുമില്ലാതെ അവൾ ഒരാൺകുഞ്ഞിനു ജന്മം നൽകി..
പിന്നീടങ്ങോട്ടു സന്തോഷത്തിന്റെ നാളുകളായിരുന്നു..
അവളെപ്പോ ഉറങ്ങണമെന്നും ഉണരണമെന്നും നിശ്ചയിക്കാനുള്ള അധികാരം പുതിയ
അതിഥിക്കായി മാറി..
അവളതൊക്കെ സന്തോഷപൂർവം സമ്മതിച്ചു കൊടുക്കുന്നതു കണ്ടപ്പൊ വെറും പെണ്ണിൽ നിന്നൊരു അമ്മയിലേക്കുള്ള പറിച്ചു നടൽ ഒരു സ്ത്രീയിലുണ്ടാക്കുന്ന മാറ്റങ്ങൾ എത്ര വലുതാണെന്നോർക്കുകയായിരുന്നുഞാൻ..
കുഞ്ഞു വന്നതോടെ ഉമ്മയും പഴയപോലെ അവളോടു ദേഷ്യപ്പെടാതായി..
പക്ഷേ അതുകൊണ്ടൊന്നും ജീവിതം മുന്നോട്ടു പോവില്ലാലോ..
മാത്രല്ല നാലഞ്ചു മാസം കാര്യമായി ജോലിക്കൊന്നും പോവാത്തത് കൊണ്ടു സാമ്പത്തികമായും
അൽപം ഞെരുക്കത്തിലായി..
അതോടെ ഉപേക്ഷിച്ച പഴയ ഗൾഫ്‌ജീവിതം വീണ്ടും മുന്നിലേക്കു വന്നു..
വേറെ മാർഗ്ഗമില്ലായിരുന്നു..
"നമുക്കു ഉള്ളതു കൊണ്ടു ജീവിച്ചാൽ പോരെ..
നാട്ടിലെന്തെങ്കിലും ജോലി നോക്കാമെന്നൊക്കെ അവൾ പറഞ്ഞുവെങ്കിലും മറ്റുപല ന്യായങ്ങളും പറഞ്ഞു ഞാനവളെക്കൊണ്ട് ഇക്കാര്യം സമ്മതിപ്പിച്ചു..
അങ്ങിനെയാണു ഞാൻവീണ്ടും ഗൾഫിലേക്കു വിമാനം
കയറിയതു..
അവിടെത്തി ആദ്യത്തെ ഒന്നുരണ്ടു മാസങ്ങൾ സന്തോഷകരമായി കടന്നുപോയി..
അവളുടെ ആ മാറ്റം എന്നിലുണ്ടാക്കിയ സന്തോഷവും ചെറുതല്ലായിരുന്നു..
പക്ഷേ അതിനു അധികം ആയുസ്സുണ്ടായില്ല..
അവൾ പതിയെ പഴയ അവസ്ഥയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണെന്നറിഞ്ഞ നിമിഷം ഞാൻ മറ്റൊന്നും ചിന്തിക്കാതെ നാട്ടിലേക്കു മടങ്ങുകയായിരുന്നു..
ഉമ്മയുടെ ദേഷ്യം എനിക്കു നല്ലൊരു ജീവിതം കിട്ടാഞ്ഞതിലുള്ള പരിഭവമാണെന്നറിയാം..
അതുപതിയെ മാറിക്കൊളും.
ഞാൻ ജീവിക്കുന്നത് അവൾക്കും കുഞ്ഞിനും വേണ്ടിയാണെന്നുള്ള തിരിച്ചറിവു അവൾക്കും അവൾക്കെന്നോടുള്ള സ്നേഹമാണ് ഇങ്ങനയൊക്കെ സംഭവിക്കാൻ കാരണമായതെന്ന തിരിച്ചറിവു എനിക്കും ഉണ്ടായിത്തുടങ്ങിയിടത്തു വെച്ചു ജീവിതം മനോഹരമായിത്തീരുകയല്ലേ..
അതുകൊണ്ടു തന്നെ ഏതവസ്ഥയിലും ഞങ്ങൾ സന്തോഷത്തൊടെ
തന്നെ ജീവിക്കും..
തീർച്ച.
●○
ഡിപ്രഷൻ അഥവാ വിഷാദരോഗം നമ്മുടെ കൊച്ചുകേരളത്തിൽ പോലും വർദ്ധിച്ചു കൊണ്ടിരിക്കുന്ന വാർത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നത്..
കൃത്യമായ പരിഗണനയും ചികിത്സയും ലഭ്യമാക്കിയാൽ പൂർണമായും ഭേദമാക്കാവുന്ന ഈ അസുഖത്തെക്കുറിച്ചു പലരും ബോധവാന്മാരല്ലെന്നതാണ്‌ സത്യം.
ചിലരാകട്ടെ ജിന്നുബാധയാണെന്നും പിശാച് ബാധയാണെന്നുമൊക്കെ ചിത്രീകരിച്ചു അശാസ്ത്രീയമായ രീതിയിൽ ഈ അസുഖത്തെ കൈകാര്യം ചെയ്യുന്നുമുണ്ട്..
അതുമുതലെടുക്കാൻ കുറേ കപട സിദ്ധൻമാരും..
ഒന്നു മനസിലാക്കുക..
ഏതസുഖത്തിനുമെന്ന പോലേ ഇതിനും വേണ്ടതു പ്രിയപ്പെട്ടവരുടെ സ്‌നേഹവും സാമീപ്യവും കരുതലുമൊക്കെയാണു..
അതിനോളം വരില്ല
ഒരു മരുന്നും..
മനസറിഞ്ഞു സ്നേഹിക്കു..
സ്നേഹിക്കപ്പെടാൻ കൊതിക്കുന്ന ഒരു മനസ്സ് നിങ്ങൾക്കായി കാത്തിരിക്കുന്നുണ്ടെങ്കിൽ.
.......joy cee ......

ചോറുരളകൾ


"കഴിക്കാനൽപം കഞ്ഞിയും കിടക്കാനൊരു പായയും മാത്രം മതിയമ്മേ എനിക്കു..
അത്രപോലും ആ വീട്ടിലേക്കെന്നെ തിരികെ അയക്കല്ലേ.."
"മോളെ എനിക്കറിയാഞ്ഞിട്ടല്ല ഒന്നും,
നിന്റച്ഛനു അഭിമാനമാണ് മോളെ വലുത്..
ആ മനുഷ്യനെ ധിക്കരിക്കാൻ എനിക്കാവില്ല...
നീയിവിടെ ഉണ്ടെന്നുള്ള കാരണം കൊണ്ടാ ശ്രീക്കുട്ടിക്ക്‌ വരുന്ന ആലോചനകൾ മുടങ്ങിപ്പോവുന്നതെന്നാ ആളുകൾ അടക്കം പറയുന്നെ...
അവരുടെ വാ
മൂടിക്കെട്ടാനൊക്കോ..?
"സാരല്ലമ്മേ...
എനിക്കു മനസിലാവും..
ഞാൻ മടങ്ങി പൊയ്ക്കൊള്ളാം.."
അത്രേം പറയുമ്പോഴേക്കും കണ്ണുകൾ നിറഞ്ഞിരുന്നു..
അമ്മ കാണാതിരിക്കാൻ വേഗം മുറിയിൽ കയറി
വാതിലടച്ചു...
ആലോചിക്കുവാരുന്നു..
എത്ര പെട്ടെന്നാ ഞാനിവർക്കൊരു ഭാരമായി മാറിയതെന്നു..
അച്ഛൻ പോലും എന്നെ കാണുമ്പൊ ദേഷ്യത്തോടെ മുഖം തിരിച്ചു തുടങ്ങിയിരിക്കുന്നു..
അനിയനു ഞാനെന്നു വെച്ചാ ജീവനാരുന്നു..
എന്താവശ്യമുന്ടെലും അമ്മയോടു പോലും പറയാതെ എന്റടുക്കലെക്കാ വരാറ്..
ഇപ്പോ അവനും...
ശ്രീക്കുട്ടി ഒന്നും പറയാറില്ല..
എന്നാലും ആ മനസ്സിൽ തോന്നീട്ടുണ്ടാവും ഞാനാണു അവളുടെ സൌഭാഗ്യത്തിനു തടസ്സം നിക്കുന്നെന്നു...
ഓർക്കുമ്പൊ കണ്ണു
നിറഞ്ഞൊഴുകി..
"മോളെ ...
ശ്രീക്കുട്ടീ..."
അച്ഛൻ വന്നുന്നു
തോന്നുന്നു...
കയ്യിലെന്തെലും പൊതിയുണ്ടാവും..
വിവാഹത്തിനു മുമ്പു വരെ അതിനവകാശി ഞാനായിരുന്നു..
തെല്ലഹങ്കാരത്തൊടെ അതു വാങ്ങിച്ചു വീതം വെക്കുമ്പൊ എന്തൊരു
സന്തോഷായിരുന്നെന്നോ..
ഇപ്പോ സ്വന്തം വീട്ടിൽ അന്യയെപ്പോലെ..
നെഞ്ചോടു ചേർത്തു പിടിച്ചവർ മുഖം തിരിച്ചു നടക്കുന്നു..
പുറത്തേക്കിറങ്ങണ്ട...
എന്തിനാ വെറുതെ..
"അവളോടു നീ
സംസാരിച്ചോ..?
വിഷയം ഞാനാണു..
അച്ഛന്റെ ചോദ്യത്തിനു അമ്മയൊന്നും മറുപടി പറഞ്ഞില്ലാന്നു തോന്നുണു...
ആ മനസ്സു ചുട്ടു പൊള്ളുന്നുണ്ടാവും..
ഒരമ്മയെ സംബന്ധിച്ചിടത്തോളം സ്വന്തം മകൾ ഭർത്താവിനോടും കുടുംബത്തോടുമൊപ്പം സന്തോഷത്തോടെ കഴിയുന്നുണ്ടെന്ന് അറിയുന്നതിനേക്കാൾ വല്യ സന്തോഷം വെറൊന്നുമുണ്ടാവില്ല..
പക്ഷേ കരയാനും കരയിക്കാനും മാത്രായി എന്റെ വിധി..
ചോദിച്ച പൊന്നും പണവും കൊടുത്തു ആണൊരുത്തന്റെ കൂടെ പറഞ്ഞയക്കുമ്പോ സന്തോഷിച്ചു കാണണം എല്ലാവരും...
പക്ഷെ ആദ്യ രാത്രിയിൽ തന്നെ മനസ്സിലായി അയാളൊരു മുഴുക്കുടിയനാണെന്നു...
മകൻറെ ദുഷിച്ച പോക്കു കണ്ടു ആരൊ ഉപദേശിച്ചു കൊടുത്ത ബുദ്ധിയാണത്രേ അവനെ കൊണ്ടു പെണ്ണു കെട്ടിക്കുകാന്നുള്ളത്..
നറുക്ക് വീണതു എനിക്കാന്നു മാത്രം..
എല്ലാം അറിഞ്ഞപ്പോ മനസ്സു ഒരുപാടു വേദനിച്ചു..
പക്ഷേ തളർന്നില്ല..
കഴിയുന്നതും നേരെയാക്കാൻ ശ്രമിച്ചു..
ഒടുവിൽ ഒരിക്കൽ കൂട്ടുകാരിൽ ആരുടേയോ പാർട്ടി ആണെന്നും പറഞ്ഞു ഹോട്ടലിലേക്ക് കൊണ്ടു പോയതു മറ്റു പലതിനും ആണെന്നറിഞ്ഞപ്പോ മുറിവേറ്റതു അഭിമാനത്തിനാരുന്നു..
അന്നയാളുടെ ചെകിട്ടത്തടിച്ചു ഇറങ്ങി പോരുമ്പോ മറ്റൊന്നും ആലോചിച്ചില്ല...
പകഷെ..
അറിയില്ലാരുന്നു വിവാഹത്തോടെ ഒരു പെണ്ണു പടിയിറക്കപ്പെടുന്നത് സ്വന്തം വീട്ടിൽ നിന്നു മാത്രല്ല പലരുടെയും മനസ്സിൽ നിന്നു കൂടെയാണെന്ന്...
ഇനിയൊരു തിരിച്ചു പോക്കു
ആലോചിക്കാൻ പോലും വയ്യ...
അത്രക്കു വെറുത്തു പോയി അയാളെ..
"മോളെ വന്നെന്തെലും കഴിക്കു..."
"ദാ അമ്മെ ..വന്നു "
വേഗം കണ്ണു തുടച്ചു പുറത്തെക്കിറങ്ങി...
ശ്രീക്കുട്ടി നേരത്തെ ഉറക്കം പിടിച്ചുന്നു തോന്നുന്നുണു..
അച്ഛനും അനിയനും കഴിച്ചു കാണണം...
അമ്മ മാത്രെയുള്ളൂ അടുക്കളയിൽ..
"എന്താ മോളെ കണ്ണു ചുവന്നു കലങ്ങിയിട്ടുണ്ടല്ലോ ..."?
"ഒന്നുല്ലമ്മേ..എനിക്കു ...
എനിക്കിന്ന് അമ്മയുടെ കൈകൊണ്ടു ചോറു വാരിത്തര്വോ .."?
"അതെന്താപ്പോ
ഇങ്ങനൊരു പൂതി.."?
"നാളെ ഞാൻ പോവല്ലേ അമ്മെ ..
ഇനിയെപ്പഴാ എനിക്കമ്മേ കാണാൻ കഴിയാന്നറീല്ലാലോ "
"ഇങ്ങടുത്തു വാ ന്റെ കുട്ടി.."
ചോറുരളകൾ വായിലെക്കിട്ടു തരുമ്പൊ അമ്മയുടെ കണ്ണുകളും നിറയുന്നുണ്ടെന്നു തോന്നി...
ഞാനാ മുഖം ചേർത്തു പിടിച്ചു അമർത്തി ചുംബിച്ചു...
ആ മാറിൽ മുഖം അമർത്തി മതിവരുവോളം കരഞ്ഞു..
കണ്ണടച്ചു പിടിച്ചു എനിക്കായ് ചുരത്തുന്ന വാല്ത്സല്യപ്പാൽ ചൂടു നുകർന്നു...
മനസ്സു കൊണ്ടു അമ്മയോടു യാത്ര പറയുകയാരുന്നു...
എന്നെന്നെക്കുമായി.
.........joy cee..........

പെണ്ണെന്നു കേട്ടാൽ


പെണ്ണെന്നു കേട്ടാൽ അവനു
ഹരമായിരുന്നു..
വീട്ടിൽ പുറം ജോലിക്ക് വന്ന സ്ത്രീയോട് മോശമായി പെരുമാറിയതിന് വാപ്പയുടെ കയ്യുടെ ചൂടറിഞ്ഞ സമയത്തു അവനു വയസ്സ് പതിനാറു..
പാരലൽ കോളേജിൽ ആയിരുന്ന സമയത്തു ഏതൊ പെണ്ണിനോടു മോശമായി പെരുമാറി എന്നും പറഞ്ഞു ക്ലാസ്സീന്നു പുറത്താക്കുന്ന സമയത്തു വയസ്സു പതിനെട്ടു ആവുന്നെ ഉണ്ടാരുന്നുള്ളൂ..
പിന്നീടങ്ങോട്ടു അവൻ കൂടുതൽ മോശമായി വരികയാരുന്നു..
തിരക്കുള്ള ബസ്..
ബസ്റ്റൊപ്പുകൾ..
എന്നു വേണ്ട ഇടവഴികളിൽ കൂടി വരെ പെണ്ണുങ്ങൾക്ക്‌ തനിച്ചു നടക്കാൻ വയ്യാത്ത
അവസ്ഥയായി..
മാനാഭിമാനം ഓർത്തു പലരും പുറത്തു പറയാത്തത്
അവനു കൂടുതൽ
വളമായെന്നു പറയാം..
ഒരൊറ്റ മോനുള്ളത് ഇങ്ങനെ വഴിപിഴച്ചു പോയതു കണ്ടു നിസ്കാരപ്പായെന്നു കണ്ണീരൊഴുക്കി പടച്ചോനോട് പ്രാർഥിക്കാൻ മാത്രമെ അവന്റെ
ഉമ്മാക്കു കഴിയുമാരുന്നുള്ളൂ..
നാട്ടുകാരുടേം കുടുംബക്കാരുടെം മുഖത്തു നോക്കാൻ വയ്യാതെ വാപ്പ എങ്ങും പോവാതെ വീട്ടിലിരിപ്പായി..
ആയിടക്കാണ് ആരോ പറഞ്ഞതു അവനെ ഒരു പെണ്ണു കെട്ടിച്ചു നോക്കാം..
ചിലപ്പൊ നന്നാവാൻ വഴിയുണ്ടെന്നു..
പെണ്ണു കെട്ടി പലരും രക്ഷപ്പെട്ട കഥയും അയാൾ വിശദീകരിച്ചു പറയുകയും ചെയ്തു..
അങ്ങിനെ ആ വഴിക്കായി ആലോചന..
കയ്യിലിരിപ്പു വെച്ചു കൊള്ളാവുന്ന വീട്ടീന്നു ആരും പെണ്ണു കൊടുക്കൂല്ലാന്നുള്ളത്‌ കൊണ്ടു ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയെ കണ്ടെത്തി അവരാ
ചടങ്ങ് നടത്തി..
പക്ഷേ വിവാഹ ശേഷവും അവന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ലന്നുള്ളത് എല്ലാവരെയും ഒരുപോലെ സങ്കടപ്പെടുത്തി..
അതിനിടയിലെപ്പോഴോ അവന്റെ ഭാര്യ ഗർഭിണിയായി..
വീട്ടിലൊരു പേരക്കുട്ടി വരുന്നതിന്റെ സന്തോഷത്തിലായി ഉമ്മയും വാപ്പയും..
അവൻ അതൊന്നും കണ്ടതായി തന്നെ ഭാവിച്ചില്ല..
പ്രസവ ദിവസം
അടുത്തു വന്നു..
സ്വന്തം മകന്റെ സ്വഭാവ ദൂഷ്യം സമ്മാനിച്ച അനുഭവങ്ങൾ കൊണ്ടാവണം മകന് ജനിക്കാൻ പോവുന്നത് പെണ്‍കുഞ്ഞു ആവണെന്നു ആ ഉമ്മയും വാപ്പയും മനസ്സുരുകി
പ്രാർഥിച്ചു പോയതു..
അവരുടെയാ പ്രാര്ത്ഥന
പടച്ചോൻ കേട്ടു..
പക്ഷേ കുഞ്ഞിനെ അവർക്കു നൽകി അവൾ എന്നെന്നേക്കുമായി ഈ ലോകത്തോടു വിട പറഞ്ഞു..
ഇനിയൊരു പരീക്ഷണം കൂടി സഹിക്കണ്ടാന്നു കരുതി ദൈവം ആ പാവത്തിനെ നേരത്തെ വിളിച്ചതാവണം..
അവളെ സ്നേഹിക്കാനും സംരക്ഷിക്കാനും കഴിയാതെ പോയതിന്റെ കുറ്റബോധം കൊണ്ടാവണം അയാൾ ആകെ മാറിയതു..
പിന്നീടങ്ങോട്ടു അയാളുടെ ജീവിതം മകൾക്ക് വേണ്ടി മാത്രം ആയി മാറുകയാരുന്നു..
അവളുടെ ഒരോ വളർച്ചയും അയാൾ നോക്കിക്കാണുകയായിരുന്നു..
അവൾ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണു കൂടെ പഠിക്കുന്ന ഏതൊ ചെറുക്കൻ അവളോടെന്തോ മോശമായി പെരുമാറിയെന്നും പറഞ്ഞു അയാൾ സ്കൂളിൽ ചെന്നു ബഹളമുണ്ടാക്കിയത്..
അന്നത്തെ ആ സംഭവത്തോടെ അയാൾക്ക് മകളെ ഓർത്തുള്ള ആധി കൂടിക്കൂടി വന്നു..
ക്ലാസ് ടൈം കഴിഞ്ഞു അവളെത്തുന്നത് അൽപം താമസിച്ചാൽ അയാൾ നെഞ്ച് തടവിക്കൊണ്ട് മുറ്റത്തൂടെ അങ്ങൊട്ടുമിങ്ങൊട്ടും നടക്കുന്നതു പതിവു കാഴ്ചയായി..
ആയ കാലത്തു പെണ്‍കുട്ടികളെ ഉപദ്രവിച്ചതിനു ദൈവം കൊടുത്ത ശിക്ഷയാണ് ഇതെന്നു പലരും അടക്കം പറഞ്ഞു..
അങ്ങിനൊരു ദിവസം
പതിവു സമയം കഴിഞ്ഞുംഅവളെത്തിയില്ല..
എന്തു ചെയ്യണം എന്നറിയാതെ അയാൾ പരക്കം പാഞ്ഞു..
"നിങ്ങൾ ബേജാർ
ആവാണ്ടിരിക്ക്..
അവളിങ്ങു വന്നോളും.."
എന്നൊക്കെപറഞ്ഞു പലരും ആശ്വസിപ്പിച്ചു വെങ്കിലും അതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അയാൾ..
മനസ്സിലൂടെ ഒരായിരം ചിന്തകള് കടന്നു പോയി..
ഇടവഴികളിൽ യാത്രാ വേളകളിൽ ഒക്കെയും ഭയപ്പാടോടെ അയാളെ നോക്കിയിരുന്ന കണ്ണുകൾ അയാളുടെ മുന്നില് തെളിഞ്ഞു വന്നു..
ചെയ്തു പോയ തെറ്റുകളുടെ ശിക്ഷ മകളുടെ രൂപത്തിലാണ് ദൈവം നൽകിയതെന്ന തോന്നലാവണം ആ കണ്ണുകൾ പശ്ചാത്താപ ഭാരത്താൽ നിറഞ്ഞൊഴുകി..
അയാൾ തിരിച്ചറിയുകയായിരുന്നു പെണ്മക്കളുള്ള അച്ഛനമ്മമാരുടെ വേദന..
പുറത്തൊരു വണ്ടി വന്നു നിർത്തുന്ന ശബ്ദം കേട്ടയാൾ ഓടി ചെന്നു നോക്കി..
മകളെ കൈപിടിച്ചു വണ്ടിയിൽ നിന്നിറക്കാൻ ശ്രമിക്കുന്നു രണ്ടു ചെറുപ്പക്കാർ..
അവരിലൊരാൾ അയാളുടെ അടുത്തേക്കു വന്നു..
"റോഡരികിൽ ബോധമില്ലാതെ കിടക്കുന്നതു കണ്ടു ഞങ്ങൾ അപ്പൊ തന്നെ ആശുപത്രിയിൽ എത്തിച്ചതാണ്..
ബോധം വീണപ്പോഴാണ് ഇവളോട്‌ കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കിയതു..
കുഴപ്പമൊന്നുമില്ല അരമണിക്കൂർ റെസ്റ്റ് എടുത്തു വീട്ടിലേക്കു പോവാന്നു ഡൊക്ടർ പറഞ്ഞപ്പൊ അവളെ തനിച്ചു വിടാൻ തോന്നിയില്ല..
സുരക്ഷിതമായി ഇവളെ വീട്ടിലെത്തിക്കുക എന്ന ദൗത്യം ഞങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
അല്ലെങ്കിൽ പിന്നെ ആണാന്നു പറഞ്ഞിട്ടെന്തു കാര്യം
അല്ലെ ഇക്കാ.."?
അയാളൊന്നും
മിണ്ടിയില്ല..
അപമാന ഭാരത്താൽ ആ മുഖം കുനിഞ്ഞു
പോവുന്നുണ്ടായിരുന്നു.
മകളെ ചേർത്തു പിടിച്ചു സന്തോഷാധിക്യം കൊണ്ടു വിതുമ്പുമ്പോഴും ആ ചെറുപ്പക്കാരൻ പറഞ്ഞ വാക്കുകൾ അയാളുടെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു..
അതെ !!
ആണു ആണായി മാറുന്നതും തലയുയർത്തി നടക്കാൻ കഴിയുന്നതും പെണ്ണിന്റെ അന്തസ്സും അഭിമാനവും കാത്തു സൂക്ഷിക്കാൻ കഴിയുന്ന സമൂഹത്തിൽ മാത്രമാണു.
...... joy cee ......

അമ്മ


"കല്യാണം കഴിഞ്ഞിട്ടു ഇത്രേം വർഷായിട്ടും കുട്ടികളൊന്നും ആയില്ലേ.."
ആ സ്ത്രീ കുറച്ചു ശബ്ദമുയർത്തി തന്ന്യാണ് അതു ചോദിച്ചതു!!
അതോടെ അവിടവിടായി മാറി നിന്നു സംസാരിച്ചിരുന്നവരുടെ ശ്രദ്ധ മുഴുവനും എന്റെ നേർക്കായി..
ചിലരു എന്നെ ചൂണ്ടിക്കാട്ടി എന്തോ കുശുകുശുക്കുന്നു..
മറ്റു ചിലരുടെ നോട്ടത്തിൽ സഹതാപം കലർന്നിരുന്നു..
അപ്പോഴേക്കും ആ സത്രീ ഒന്നൂടെ ചേർന്നു നിന്നു എന്തോ ചോദിക്കാനായി തയ്യാറെടുക്കുവാരുന്നു...
അതൂടെ കേൾക്കാനുള്ള ശക്തിയില്ലാത്തോണ്ട് ഞാനവിടുന്നു മാറി വീടിനകത്തോട്ടു കയറി..
എനിക്കറിയാരുന്നു അവരെന്താണ് ചോദിക്കാൻ വരുന്നതെന്ന്..
ആരുടെതാണ് കുഴപ്പമെന്നാവും..
ഇങ്ങനുള്ള ചോദ്യങ്ങൾക്കു മൂർച്ച കൂട്ടി മനസ്സു കീറി മുറിക്കുന്നവർക്ക് അതോണ്ടെന്തു സന്തോഷമാണ് ലഭിക്കുന്നുണ്ടാവുക...
ഓർക്കുന്തോറും
കണ്ണു നിറഞ്ഞു..
കല്യാണ വീടല്ലേ..
ആരും കാണാതിരിക്കാൻ വേഗം ടവ്വലെടുത്ത് മുഖം തുടച്ചു..
സത്യം പറഞ്ഞാൽ മുന്നേ പരിചയമുള്ള ആളുകളെ എവിടെലും വെച്ചു കാണാതിരിക്കാൻ പ്രാർത്ഥിച്ചാണ് വീട്ടീന്ന് ഇറങ്ങുന്നത് തന്നെ..
കണ്ടു മുട്ടിയാൽ സുഖവിവരങ്ങൾ പോലും അന്വോഷിക്കുന്നതിനു മുന്നേ കുട്ടികൾ എത്രായിന്നുള്ള ചോദ്യാവും
നേരിടെണ്ടി വരിക..
അതോടെ മനസ്സൊന്നു
പതറും..
വാക്കുകൾക്കായി പരതി നിസ്സഹായതയോടെ ചുറ്റും നോക്കും..
ചിലരുടെ നോട്ടത്തിൽ
വെറുപ്പാണ്..
എന്തോ വലിയ തെറ്റു ചെയ്തെന്ന പോലെ തുറിച്ചു നോക്കും...
ദയയുടെ ഒരു കണിക പോലും അവശേഷിപ്പിക്കാതെ സ്വന്തം കുഞ്ഞുങ്ങളെ കണ്മുന്നിൽ വെച്ചു താലോലിക്കുന്നവരുണ്ട്...
അപ്പൊഴൊക്കെ മാറിടം വിങ്ങി മനസ്സു വീർപ്പു മുട്ടും..
കുഞ്ഞിനെ മാറോടു ചേർത്തു പിടിക്കാനായി കൈ തരിക്കും..
പക്ഷേ കഴിയാറില്ല
പലപ്പോഴും..
ഭയമാരുന്നു സമൂഹത്തോടും അവർ വെച്ചു പുലർത്തുന്ന കാഴ്ച്ചപ്പാടുകളോടും..
അവർക്കറിയില്ല മാതൃത്വം നിഷേധിക്കപ്പെട്ടവരുടെ വേദനയെന്താന്നു..
തനിച്ചിരിക്കുമ്പോ എല്ലാം മറന്നു പൊട്ടിക്കരയും..
അതോടെ മനസ്സു
ശാന്തമാവും..
ഉറങ്ങാൻ കിടന്നാലും നേർത്തൊരു താരാട്ടു പാട്ടിന്നീണം മൂളി മനസ്സു ഉറക്കം കെടുത്തും..
എന്നാലും മനപൂർവ്വം കണ്ണടച്ചുറങ്ങും..
കാരണം സ്വപ്നത്തിലെന്നും ഒരു കുഞ്ഞു മാലാഖ വിരുന്നു വരാറുണ്ട്‌..
അവളുടെ കിളിക്കൊഞ്ചൽ കേട്ടു മതിമറന്നു സന്തോഷിക്കാറുണ്ട്‌..
എന്റെ കൈവിരലുകളിൽ തൂങ്ങി അവൾ പിച്ചവെച്ചു നടക്കാറുണ്ട്..
ആ കുഞ്ഞു കവിളുകളിൽ മാറിമാറി ഉമ്മ വെക്കാറുണ്ട്..
ഒടുവിലെപ്പോഴോ എന്നോടു കൈവീശി ക്കാണിച്ചു അകാശക്കൂട്ടങ്ങൾക്കിടയിലെവിടക്കോമാഞ്ഞു പോവാറുണ്ട്‌..
പാതി മുറിഞ്ഞ താരാട്ടു പോലെ ഉറക്കം വിട്ടുണരുമ്പോ മനസ്സു ശൂന്യമാവും..
അറിയാത്തൊരു കണ്ണു നീർ തുളളി വന്നു കൺ കോണുകളിൽ കൂടു കൂട്ടും.

അമ്മയാവുകാന്നുള്ളത് ഒരു നിയോഗമാണ്..
പലർക്കും പലകാരണങ്ങൾ കൊണ്ടതിനു
കഴിയണം എന്നില്ല..
വിവാഹിതയായ ഒരു സ്ത്രീയെ കണ്ടുമുട്ടുമ്പോ ആദ്യം ചോദിക്കുന്ന ചോദ്യം അവളുടെ മാതൃത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിലാവാതിരിക്കട്ടെ..
ഒരു കുഞ്ഞിനു ജൻമം നൽകിയെന്നതു കൊണ്ടു മാത്രം അമ്മയായി മാറില്ല..
ജൻമം നൽകാത്തതു കൊണ്ടു അമ്മയല്ലാതാവുന്നുമില്ല!!
സ്‌നേഹവും സഹാനുഭൂതിയും വാത്സല്യവും പേറി നടക്കുന്ന ഓരോ പെൺകുട്ടിയും
അമ്മയാണു...
സമൂഹത്തിനു
മുതൽക്കൂട്ടാവുന്ന അമ്മ.
.........joy cee...........

മൈലാഞ്ചി ചെടികൾ


എനിക്കു വെണ്ടാന്നു പറഞ്ഞില്ലെ..
പിന്നെന്തിനാ കഴിക്കു കഴിക്കുന്നും പറഞ്ഞു പിറകെ നടക്കുന്നതു.."?
അതു പറഞ്ഞു ഒരൊറ്റ തട്ടാരുന്നു..
ശബ്ദം കേട്ടു അങ്ങോട്ടേക്കു ചെന്ന എന്റെ കാൽക്കീഴിലായാണ് പ്ലെയിറ്റ് വന്നു വീണതു..
ചോറു നാലുപാടും
ചിന്നിച്ചിതറി..
പ്ലേറ്റ് എടുക്കാൻ കുനിയുന്നതിനു മുമ്പേ എന്റെ നോട്ടം ടേബിളിനു അരികിലേക്കു പാഞ്ഞു..
ദേഷ്യത്തോടെ നിൽക്കുന്ന മോനും തൊട്ടരികിൽ നിസ്സഹായതയോടെ കണ്ടു നിൽക്കുന്ന ഭാര്യയും..
ഒന്നും കഴിക്കാതെയും കുടിക്കാതെയും ഗെയിമും ചാറ്റും മാത്രായി നടക്കുന്ന മോനെ ഉപദേശിക്കാൻ
ചെന്നതാവണം അവൾ..
അതിന്റെ പ്രതികരണമാവണം ഈ കാണുന്നതും..
ഉള്ളിലേക്കു ഇരമ്പി വന്ന ദേഷ്യം നിയന്ത്രിച്ചു ഞാൻ ചിതറിക്കിടക്കുന്ന ചോറു വാരിയെടുക്കാൻ തുടങ്ങി..
ഓർമകൾ ഒരുപാടു പിറകിലേക്കു പാഞ്ഞു..
വൈകിമാത്രം വീട്ടിലെത്തുന്ന മോനു വേണ്ടി ഭക്ഷണം വിളമ്പി വെച്ചു ഉറങ്ങാതെ കാത്തിരിക്കാറുണ്ടായിരുന്ന ഉമ്മയുടെ മുഖം മനസ്സിൽ തെളിഞ്ഞു..
കൂട്ടുകാരുമൊത്ത് കളിച്ചു ഏറെവൈകി വീട്ടിലേക്കു കേറി ചെല്ലുമ്പൊ വാതിൽപ്പടിയിൽ കാത്തു നിക്കുന്ന
ഉമ്മയുടെ മുഖം..
"എവിടാരുന്നു എന്റെ കുട്ടി ഇതെവരേം" എന്ന പതിവു ചോദ്യം കെക്കുമ്പൊഴെക്കും എനിക്കു ചൊറിഞ്ഞു വരുമാരുന്നു..
പോയതും വന്നതുമൊക്കെ വിസ്തരിച്ചു പറയാൻ ഞാനെന്താ കൊച്ചു കുട്ടിയാ എന്ന മട്ടിൽ ഉമ്മാനെ രൂക്ഷമായി നോക്കി കൊണ്ടു ഞാനകത്തെക്കു
പോവും..
"വാ മോനെ വന്നെന്തെങ്കിലും കഴിക്കു"ന്നു പറഞ്ഞു പിറകെ വരുന്ന ഉമ്മാന്റെ വെറുപ്പിക്കൽ ഭയന്നു വാതിലടച്ചു കുറ്റിയിടും..
പക്ഷെ ഞാനറിഞ്ഞില്ലാരുന്നു എന്നെയും കാത്തു നിക്കുന്ന ഉമ്മ ഒന്നും കഴിച്ചിട്ടില്ലായെന്നുള്ള സത്യം..
മക്കൾ വയറു നിറയേം കഴിക്കുമ്പോഴാണ് ആ വയറു നിറയുകയെന്ന സത്യം..
കൂട്ടുകാരൊത്തു അടിച്ചു പൊളിച്ചു ആഘോഷിച്ചു വീട്ടിലെത്തുന്ന ഞാൻ ഒന്നും കഴിക്കാതെയാണ് കിടക്കുന്നതെന്നോർത്തു കണ്ണീർ വാർത്തു ദിവസങ്ങൾ തളളി നീക്കുവാരുന്നു എന്ന സത്യം..
എല്ലാം അറിയുമ്പോഴേക്കും ഒരുപാടു വൈകിയിരുന്നു..
ഒരു ദിവസം രാത്രി പതിവു പരിപാടികൾ കഴിഞ്ഞു വീട്ടിലെത്തിയപ്പൊ കോലായിൽ വെളിച്ചമില്ല..
വഴിക്കണ്ണുമായി കാത്തു നിക്കാറുണ്ടായിരുന്ന ഉമ്മയില്ല..
മനസ്സിൽ അറിയാത്തൊരു ഭീതി പടർന്നു..
എന്തു ചെയ്യണം എന്നറിയാതെ ചുറ്റും നോക്കി..
ഉമ്മയില്ലാതെ അനാഥമായ വീടു നിശബ്ദമായി തേങ്ങിക്കരയുന്നത് പോലെ തോന്നിയെനിക്കു..
അസ്വസ്ഥമായ മനസോടെ തൊട്ടടുത്തു താമസിക്കുകയാരുന്ന രാഘവെട്ടന്റെ
വീട്ടിലേക്കു നടന്നു..
പുറത്തു കാൽപ്പെരുമാറ്റം കേട്ടാവണം സരോജിനിയെടത്തി വാതിൽ തുറന്നു
പുറത്തേക്കു വന്നു..
"ആ നീ വന്നോ ....
ഞാൻ നിന്നെം നോക്കി നിക്കാരുന്നു..
പതിവു സമയം കഴിഞ്ഞിട്ടും വീട്ടിൽ വെളിച്ചമൊന്നും കാണാത്തോണ്ട് ഞാൻ ചെന്നു നോക്കിയതാ..
ഉമ്മയുണ്ടു ബോധമില്ലാതെ കിടക്കുന്നു..
അപ്പൊ തന്നെ എട്ടനോട്‌ ചെന്നു പറഞ്ഞു ..
ഒരു ടാക്സി പിടിച്ചു ഏട്ടനും പിന്നാരോക്കൊയോ കൂടിച്ചേർന്നു ആശുപത്രീലേക്ക് കൊണ്ടൊയി..
ഇതുവരെ ഒരു വിവരോമില്ല..."
കേട്ടു കഴിഞ്ഞതും കണ്ണിലാകെ ഇരുട്ടു കയറുന്നതു
പോലെ തോന്നി..
വീഴുമെന്നു ഭയന്നു ഞാൻ ഇറയത്തെക്കു കയറുന്ന സ്റ്റെപ്പിലിരുന്നു..
"നീ വെഷമിക്കാതിരിക്കു ...ഉമ്മാക്കു ഒന്നും പറ്റീട്ടുണ്ടാവില്ല..
വിശക്കുന്നുണ്ടാവില്ലേ നിനക്കു..?
അകത്തു ചോറു ഇരിപ്പുണ്ടു..
ഞാൻ എടുത്തോണ്ടു വരാം.."
ഞാൻ വേണ്ടെന്നു കൈകൊണ്ടു ആംഗ്യം കാണിച്ചു..
കൂട്ടുകാരനേം വിളിച്ചു ആശുപത്രിയിലേക്കു പോവുമ്പോ മനസ്സു കുറ്റബോധം കൊണ്ടു നീറുകയാരുന്നു..
കയ്യെത്തും ദൂരെയുണ്ടായിട്ടും നല്ലൊരു വാക്കു കൊണ്ടു പോലും സ്നേഹിച്ചിട്ടില്ല..
ഒരിക്കൽ പോലും ഉമ്മ കഴിച്ചോന്നു അന്വോഷിച്ചിട്ടില്ല..
എന്റെ ഉമ്മാനേ എനിക്കു തിരിച്ചു താ റബ്ബീ!!
ചെയ്തു പോയ തെറ്റുകൾക്കു മാപ്പിരന്നു ആ കാൽക്കൽ
വീഴാൻ..
കൂടെ ഇരുന്നു മതിവരുവോളം സ്നെഹിക്കാൻ..
പരിപാലിക്കാൻ ..
എനിക്കൊരവസരം
നൽകു റബ്ബേ..
വണ്ടി ആശുപത്രി ഗേറ്റും കടന്നു അകത്തേക്കു കയറി..
ഞാനിറങ്ങി ഓടുകയാരുന്നു..
കണ്മുന്നിലുണ്ടായിട്ടും കൈവിട്ടു കളഞ്ഞ സൌഭാഗ്യം തിരികെയെടുക്കാൻ..
നെഞ്ചോടു ചേർത്തു
പിടിക്കാൻ..
പക്ഷെ...
വൈകിപ്പോയിരുന്നു..
അവസാന നിമിഷം വരെയും ആ കണ്ണുകൾ നിന്നെയാരുന്നു തിരഞ്ഞു കൊണ്ടിരുന്നതെന്ന് രാഘവേട്ടൻ പറഞ്ഞപ്പൊ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു ഞാനാ തോളിലേക്കു വീണു..
●●
അറിയാതെ നിറഞ്ഞ കണ്ണുകൾ തുടച്ചു പ്ലേറ്റ് മേശപ്പുറത്തു വെച്ചു ഞാൻ മോന്റെ
അരികിലേക്കു നടന്നു..
വേഗം റെഡിയാവാൻ പറഞ്ഞു ഞാനും അകത്തേക്കു പോയി..
മോന്റെ കയ്യും പിടിച്ചു പള്ളിക്കാട്ടിലേക്ക് നടക്കുമ്പോ അവൻ അമ്പരപ്പോടെ എന്റെ മുഖത്തേക്കു നോക്കുന്നുണ്ടാരുന്നു..
തഴച്ചു വളർന്നു നിൽക്കുന്ന ഒരു മൈലാഞ്ചി ചെടിക്ക് കീഴെ ചൂണ്ടിക്കാട്ടി ഉമ്മയുടെ മരണം വരെയുണ്ടായ എല്ലാ കാര്യങ്ങളും ഞാനവനോടു പറഞ്ഞു..
പാപിയായ ഈ വാപ്പക്കു ജൻമം നൽകിയ ആ ഉമ്മയാണ് ഈ ഖബറിനടിയിൽ..
ജീവിച്ചിരിക്കുന്ന കാലത്തു എനിക്കു സ്നേഹം നൽകാനാവാതെ പോയ ഉമ്മ..
അതിന്റെ വേദന ആ കുറ്റബോധം ഇപ്പഴും ഈ നെഞ്ചിലുണ്ട് മോനെ..
തെറ്റുകൾ മനസ്സിലാക്കി തിരുത്താൻ തുടങ്ങുമ്പോഴെക്കും വാപ്പാക്ക് ആ സ്നേഹം നഷ്ടമായിരുന്നു..
ഇന്നിപ്പോ എന്റെ സ്ഥാനത്തു നീയാണ്..
എന്റെ അവസ്ഥ മോനുണ്ടാവരുതെന്നു ഈ വാപ്പാക്ക് ആഗ്രഹമുണ്ട്...
എന്റുമ്മാനെ പോലൊരു ദുരവസ്ഥ വെറൊരു ഉമ്മാക്കും ഉണ്ടാവരുതെന്നും..
അതിനു വേണ്ടി മാത്രാണ് ഞാൻ നിന്നെയിവിടെക്ക് കൂട്ടിക്കൊണ്ടു വന്നതും..
ഉമ്മാനോടുള്ള സ്‌നേഹവും ബാധ്യതയും മറന്നു കൊണ്ടുളള ഒരു സുഖവും
നിനക്കുണ്ടാവരുത്..
എല്ലാം കേട്ടു കഴിഞ്ഞതും അവനെന്റെ മുഖത്തേക്കു
നോക്കി..
ആ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
ഞാനവനെ എന്നോടു ചേർത്തു പിടിച്ചു..
മൈലാഞ്ചി ചെടികൾക്കിടയിലൂടെ ഞങ്ങളെ വന്നു തലോടിയ കാറ്റിനു ഉമ്മയുടെ ഗന്ധമുന്ടെന്നു തോന്നി.
.........joy cee.........

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo