Slider

'മൊളോട്ടൊ അയിലാസ്'

0

മൊളോട്ടൊ അയിലാസ്'
അഥവാ
ഒരു അയില മുളകിട്ട കഥ
**
പതിവു കൊട്ടെഷൻ കഴിഞ്ഞു വരുന്ന വഴിയാരുന്നു കുട്ടപ്പൻ ചേട്ടൻ..
വഴിക്കു വെച്ചു മീൻകാരൻ കലന്തനിക്കാനെ കണ്ടു..
കൊട്ടയിൽ നല്ല
പെടക്കണ അയില..
പക്ഷേ അയില പെണ്ണുംപിള്ളക്ക് ഇഷ്ടല്ല..
എന്നാലും കൊറച്ചു
വാങ്ങിച്ചു..
കാരണം അത്താഴത്തിനു കൂട്ടാൻ മീൻകറി നിർബന്ധവാ കുട്ടപ്പൻ ചേട്ടന്..
വീട്ടി ചെന്നു മീൻ കവർ ശ്രീമതിക്ക് നീട്ടിയതും അതിനെക്കാൾ വേഗത്തിൽ തിരിച്ചു വന്നു..
"ഇതു നിങ്ങളു തന്നെ ഒന്ടാക്കിയാ മതീ"ന്നുള്ള ഡയലോഗും പശ്ചാത്തലത്തിൽ മുഴങ്ങിക്കേട്ടു..
കാര്യം കുട്ടപ്പൻ ചേട്ടൻ നാട്ടുകാരുടെ മുന്നിൽ പുലിയാണെങ്കിലും വീട്ടിൽ എലിയേക്കാൾ പാവമാ..
അമ്മിണി ചേച്ചി നിസ്സഹകരണ ഭാവം പൂണ്ടതോടെ തൂക്കിപ്പിടിച്ച സഞ്ചിയുമായി കുട്ടപ്പൻ ചേട്ടൻ അടുക്കളയിലേക്കു നടന്നു...
കുട്ടപ്പൻ ചേട്ടന്റെ ആഗമനത്തോടെ അടുക്കള നിശബ്ദമായി..
കലപിലാന്നു സംസാരിചോണ്ടിരിക്കാറുണ്ടാരുന്ന തവികളും സ്റ്റീൽപ്പാത്രങ്ങളും പേടിച്ചു ചുരുണ്ടു കൂടി..
അവസാന ശ്രമമെന്ന പോലെ സഞ്ചിയിൽ നിന്നൊരു കുഞ്ഞനയില തല വെളിയിലെക്കിട്ടു അമ്മിണി ചേച്ചിയെ
ദയനീയമായൊന്നു നോക്കി...
ചേച്ചി അതു കാര്യമാക്കാതെ മുഖം തിരിച്ചതെയുള്ളൂ..
കുട്ടപ്പൻ ചേട്ടൻ രണ്ടും കൽപ്പിച്ചു തന്ന്യാരുന്നു...
മണ്‍ചട്ടി കഴുകി അടുപ്പിലേക്കു വെച്ചു...
പേടിച്ചു നിക്ക്യാരുന്ന സവാളയേം വെളുത്തുള്ളി കുട്ട്യോളേം ചെവിക്കു പിടിച്ചു കട്ടിംഗ് ടേബിളിൽ കൊണ്ടോയിരുത്തി..
കത്തി കണ്ടതും പേടിച്ചരണ്ട വെളുത്തുള്ളി കുട്ട്യോളിൽ ഒന്നു രണ്ടെണ്ണം താഴേക്കു ചാടി എങ്ങൊട്ടൊ പോയൊളിച്ചു...
ബാക്കിയുളളവര് കുട്ടപ്പൻ ചേട്ടന്റെ കത്തിയുടെ മൂർച്ച ശരിക്കും അനുഭവിച്ചു..
സവാളയെ വെട്ടി അരിയുന്നത്‌ കണ്ടു നിന്ന അമ്മിണി ചേച്ചിയുടെ കണ്ണു നിറഞ്ഞു...
അപ്പൊഴെക്കും അടുപ്പത്തിരുന്ന ചട്ടി ചൂടായി ചേട്ടനെ തെറിവിളിച്ചു തുടങ്ങി..
തെറിവിളി സഹിക്ക വയ്യാതായപ്പോ ചട്ടിയുടെ അണ്ണാക്കിലോട്ടു സ്വൽപം വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു..
ചട്ടിയും എണ്ണയും ഒരുപോലെ ചൂടിലാന്നറിഞ്ഞ കുട്ടചേട്ടൻ അരിഞ്ഞു വച്ച വെളുത്തുള്ളി കുട്ട്യോളെ യാതൊരു ദയാ ദാക്ഷിണ്യവും കൂടാതെ എണ്ണയിലെക്കിട്ടു...
തുടർന്നു സവാളയെയും..
അവരവിടുന്നു ചാടിപ്പോവാതിരിക്കാൻ മൂടി വെച്ചടച്ചു...
തീയുടെ ചൂടും കുറച്ചു..
പിന്നീടങ്ങോട്ടു പരാക്രമം മുഴുവനും കുഞ്ഞൻ
അയിലാസിന്റെ നേർക്കായി..
പാവങ്ങളെ നെടുകെ കീറി കുടൽമാല വലിച്ചു
പുറത്തേക്കിട്ടു..
എന്നിട്ടു ഒന്നുമറിയാത്ത പോലെ കുളിപ്പിച്ചു പ്ലെയിറ്റിലേക്കു മാറ്റി കിടത്തി..
അവിടെം തീർന്നില്ല..
ഫ്രിഡ്ജിൽ കിടന്നു മയങ്ങുവാരുന്ന തക്കാളിപ്പെണ്ണിനെ വിളിച്ചുണർത്തി തുടുത്തു മിനുസമാർന്ന അവളുടെ മുഖത്തൊരു കുത്തു കൊടുത്തു..
വേദന കൊണ്ടാവണം പാവത്തിന്റെ കണ്ണു നിറഞ്ഞൊഴുകി..
അതും പോരാഞ്ഞു നെടുകെ നാലായി കീറി
ചട്ടിയിലെക്കിട്ടു...
പുതിയൊരാൾ കൂടെ വന്നതോടെ തിങ്ങി ഞെരുങ്ങി അഡ്ജസ്റ്റ് ചെയ്യാൻ പാടുപെടുന്നുണ്ടാരുന്നു സവാളയും വെലുത്തുള്ളി കുട്ട്യോളും...
അപ്പൊഴാ കുട്ടചേട്ടന്റെ വക അടുത്ത പണി കിട്ടിയതു..
കൊറച്ചു മുളകുപൊടിയും അതെ അളവിൽ മല്ലിപ്പൊടിയും പിന്നെ അൽപം മഞ്ഞളും ഉപ്പും ചേർത്തൊരു പ്രയോഗം..
ചാവാൻ പോകുന്നവന് ഒരു തുളളി വെളളം കൊടുക്കാന്നുള്ള ചടങ്ങുണ്ടല്ലോ..
അൽപം വെളളവും ഒഴിച്ചു...
അതോടെ അവസാന ശ്വാസവും നിലച്ചു എല്ലാരും മസാലക്കൊപ്പം ലയിച്ചു ചേർന്നു...
ഇനി ഞങ്ങളുടെ ഊഴമാണെന്ന് തിരിച്ചറിഞ്ഞ അയിലക്കുഞ്ഞുങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു കണ്ണീരൊഴുക്കി...
അതൊന്നും കാര്യമാക്കാതെ നന്നായി തിളച്ചു കുറുകിയ മസാലക്കൂട്ടിലേക്ക് അവരെ തള്ളിയിട്ടു ചൂടു കുറച്ചു ഒന്നുമറിയാത്ത പോലെ ബാത്ത് റൂമിലേക്കു നടന്നു കുട്ടചേട്ടൻ..
എകദേശം അഞ്ചു മിനുട്ടു കഴിഞ്ഞു കാണണം...
അറിയാത്തൊരു രുചി ഗന്ധം ചുറ്റും പരക്കാൻ തുടങ്ങി..
ഹാളിലിരുന്നു സീരിയൽ കാണുകയാരുന്ന അമ്മിണി ചേച്ചി പതിയെ എഴുന്നേറ്റു അടുക്കളയിലേക്കു
എത്തി നോക്കി...
കുറിഞ്ഞി പൂച്ച അടുക്കളയിലെ ജനാല വഴി അകത്തേക്കു കടക്കാനൊരു
വിഫല ശ്രമം നടത്തി..
കള്ളക്കാറ്റു കറിച്ചട്ടിയുടെ അടുത്തു നിന്നു മാറിയതെയില്ല..
അപ്പോഴെക്കും കുളികഴിഞ്ഞു കുട്ടചേട്ടൻ തിരികെയെത്തി..
വായിൽ കപ്പലോടിച്ചു നിക്ക്യാരുന്ന അമ്മിണി ചേച്ചിക്കൊരു
പുച്ഛം സമ്മാനിച്ചു....
പിന്നെ ഫ്രിഡ്ജ്‌ തുറന്നു രണ്ടു പച്ചമുള കെടുത്തു നെടുകെ കീറി നേരെ കൊണ്ടൊയി
തിളപ്പിലെക്കിട്ടു...
ഒപ്പം അഞ്ചാറു കറിവേപ്പിലയും കൊറച്ചു മല്ലിയിലയും...
അതൊടെ അമ്മിണി ചേച്ചിയുടെ നിയന്ത്രണം വിട്ടു...
വേഗം ചെന്നു ഒരു പ്ലെയിറ്റിൽ ചോറും എടുത്തു കുട്ടചേട്ടനെ തളളി മാറ്റി കറി ചട്ടിയെ ലക്ഷ്യമാക്കി കുതിച്ചു...
പിന്നീടവിടെ നടന്നതൊരു യുദ്ധമാരുന്നു..
ഇതൊന്നുമറിയാതെ സുഖസുഷുപ്തിയിലാണ്ടു കിടക്കുവാരുന്നു കുഞ്ഞനയിലയും കൂട്ടുകാരും..
ശുഭം
ജോയ്സി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo