നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

===അമ്മയുടെ ഉന്നം===


അമ്മക്ക് ഭയങ്കര ഉന്നം ആയിരുന്നത്രേ.
എന്ന് വച്ചാൽ ഈ ഉന്നം കാരണം അമ്മക്ക് സ്വന്തമായി ഫാൻസ്‌ അസോസിയേഷൻ വരെ ഉണ്ടായിരുന്നു.
അമ്മയെപ്പോലെ പത്തുപേർ ഉണ്ടായിരുന്നെങ്കിൽ ഒരൊറ്റ ഭീകരന്മാരും പാകിസ്ഥാൻ ബോർഡർ കടന്നു ഇങ്ങോട്ടു നുഴഞ്ഞു കയറില്ലായിരുന്നു എന്നാണ് 'അമ്മ ഫാൻസ്‌ പറഞ്ഞിരുന്നത്.
അതിർത്തി കടന്നു ഞങ്ങളുടെ പറമ്പിലേക്ക് നുഴഞ്ഞു കയറുന്ന നായകൾ, പൂച്ചകൾ, കോഴികൾ എല്ലാം അതിന്റെ ദുരിതഫലം അനുഭവിച്ചവരാണ്.
കയ്യിൽ കിട്ടുന്നതേതും ആയുധമാക്കുന്നവൾ, വെട്ടുകത്തി, ഓലമടൽ, തേങ്ങ, തേങ്ങ പൊതിക്കുന്ന കുറ്റി, ചിരവ, ചട്ടി, കലം, കോടാലി എന്ന് വേണ്ട വല്ലഭക്കു പുല്ലും ആയുധം..
-അമ്മയെ പോലെ അമ്മയെ ഉള്ളൂ- അനിയത്തി വികാരാധീനയായി പറഞ്ഞു.. അവളായിരുന്നു ഫാൻസ്‌ അസോസിയേഷൻ പ്രസിഡന്റ്.
ഇങ്ങനെ പല ബിൽഡ് അപ്പ് ഉണ്ടായിരുന്നു എങ്കിലും ഞാൻ ഒന്നും വിശ്വസിച്ചിരുന്നില്ല.
"എന്തൊരു പുളു" ഞാൻ പരിഹസിച്ചു. വ്യക്തി ആരാധന എനിക്ക് പണ്ടേ പിടിക്കില്ല..
"പഠിക്കാനെന്നും പറഞ്ഞു ദൂരെയുള്ള കുഞ്ഞമ്മാന്റെ വീട്ടിൽ താമസിച്ചിരുന്ന ചേട്ടൻ ഒന്നും കണ്ടിട്ടില്ല.. ഒന്നും അറിഞ്ഞിട്ടില്ല" ഫാൻസിന് അതിനും മറുപടി ഉണ്ടായിരുന്നു..
തെളിവിനായി ഞൊണ്ടി നടക്കുന്ന പട്ടികളെയും പൂച്ചകളെയും ഹാജരാക്കിയെങ്കിലും ഞാൻ അതൊന്നും മുഖവിലക്കെടുത്തില്ല. കോഴികൾ തെളുവെടുപ്പിനായി ബാക്കിയാവാറില്ലത്രേ.. ഓൺ ദി സ്പോട്........... യെസ് അതന്നെ!!
എന്റെ സഹവാസിയായ കമ്മ്യൂണിസ്റ്റ്കാരൻ കുഞ്ഞമ്മാൻ പഠിപ്പിച്ചു തന്നത് നമ്മൾ കണ്ടത്തെ വിശ്വസിക്കാവൂ എന്നാണ്. തികഞ്ഞ നിരീശ്വരവാദി ആയിരുന്ന ആൾ, ദൈവത്തിനെ കാണാത്തതിനെ പേരിൽ ആണത്രേ അമ്പലത്തിൽ പോവാത്തത്. നല്ല മെലിഞ്ഞ ശരീരപ്രകൃതി ആയിരുന്ന അദ്ദേഹത്തിന് ഷർട്ട് അഴിക്കാനുള്ള ചമ്മലാണ് അമ്പലത്തിൽ നിന്നും അദ്ദേഹത്തെ അകറ്റി നിർത്തിയത് എന്നൊരു അപവാദം നാട്ടിലെ അക്കാലത്തെ ചില സംഘികൾ പറഞ്ഞു പരത്തിയിരുന്നു.. ഞാൻ അത് വിശ്വസിച്ചിരുന്നില്ല. പ്രായം ആയപ്പോ കുഞ്ഞമ്മാൻ ഫുൾ ടൈം അമ്പലത്തിൽ ആയതു വേറെ കഥ..
അങ്ങനെ കുഞ്ഞമ്മാന്റെ പരിശീലനത്തിൽ വളർന്ന ഞാൻ അമ്മയുടെ ഉന്നം കണ്ടാലേ വിശ്വസിക്കൂ എന്ന് ഉറപ്പിച്ചു.
ആഴ്ചയിൽ ഒരിക്കൽ കുഞ്ഞമ്മാന്റെ വീട്ടിൽ നിന്നും ഞാൻ സ്വന്തം വീട്ടിലേക്കു ഗസ്റ്റ് അപ്പിയറൻസ് നടത്താറുണ്ട്. സ്കൂളിൽ നടന്ന കാര്യങ്ങൾ, പരീക്ഷകൾ അതിനു കിട്ടിയ മാർക്കുകൾ എന്നിവ തെളിവ് സഹിതം അമ്മയെ ബോധിപ്പിക്കാൻ ആണ് ഈ അപ്പിയറൻസ്. ആ തവണ വന്നത് മനസില്ലാ മനസോടെ ആണ്. അരക്കൊല്ല പരീക്ഷയുടെ പേപ്പർ കിട്ടീട്ടുണ്ട്.. അത് ആ പാദാരവൃന്ദങ്ങളിൽ സമർപ്പിക്കണം.. കിട്ടുന്നത് വാങ്ങി പോവണം.. അതാണ് ആ തവണത്തെ അപ്പിയറൻസ്ന്റെ അജണ്ട.
ഞാൻ വന്നപ്പോ 'അമ്മ വടക്കേപുറത്തു പാത്രം കഴുകുന്ന തിരക്കിലായിരുന്നു. ഇത് തന്നെ പറ്റിയ സമയം. ഞാൻ ഓർത്തു. കയ്യിൽ കോടാലി വെട്ടുകത്തി ഒന്നും ഇല്ലാതെ സമയം ആയതു കൊണ്ട് അത്രയും അപകടം കുറയും.
ഞാൻ അമ്മയുടെ പുറകിൽ ചെന്ന് നിന്ന് സ്നേഹം തുളുമ്പുന്ന ശബ്ദത്തിൽ വിളിച്ചു..
"അമ്മേ"
"ഹ വന്നോ.. എന്തെ വൈകിയത്?
ആരെങ്കിലും ഓടിവന്നു അപകടത്തിലേക്ക് ചാടുമോ അമ്മേ എന്നാണ് മനസ്സിൽ വന്നതെങ്കിലും ഞാൻ ഒരു നുണ പറഞ്ഞു ഒപ്പിച്ചു..
"അത് പിന്നെ, ഒന്ന് കടയിൽ പോവാൻ ഉണ്ടായി"
"ഹാ പോയി അപ്പ്രത്ത് ഇരിക്ക്, ഇത് കഴിഞ്ഞു ചായ ഉണ്ടാക്കി തര" 'അമ്മ പറഞ്ഞു..
അതൊന്നും വേണ്ടി വരില്ല എന്ന് ഞാൻ മനസ്സിൽ പറഞ്ഞു..
ഞാൻ വീണ്ടും വിളിച്ചു..
"അമ്മേ"
"എന്താ?"
"അതെ.... അത് പിന്നെ.. പരീക്ഷ പേപ്പർ ഒക്കെ കിട്ടി.."
ഒരു നിമിഷം.. പത്രം കഴുകൽ നിന്നു.. കൈ വെള്ളത്തിൽ ഒന്ന് മുക്കി, സാരിത്തുമ്പിൽ തുടച്ചു 'അമ്മ നിവർന്നു നിന്നു.. ലാലേട്ടൻ മുണ്ടു മടക്കി കുത്തുന്ന ഒരു ഫീൽ.. ആക്ഷൻ ഉറപ്പ്
"എത്ര ഉണ്ട്?" ചോദ്യം വന്നു..
"അത്.. സംസ്കൃതത്തിൽ 45 , ഹിന്ദിയിൽ 40 , ഇംഗ്ലീഷിൽ 42 , സയൻസ് ഇൽ 38 , സാമൂഹ്യത്തിൽ 38 "
"കണക്കിലെത്ര്യാ?"
ദേ വന്നു.. ആ ചോദ്യം.. കണക്കിൽ 20 മാർക്ക് ആണ്.. അത് സത്യത്തിൽ ടീച്ചറുടെ ഔദാര്യം ആണ്.. അതിനു കാരണം രണ്ടാണ്..
ഒന്ന്, മറ്റെല്ലാ വിഷയങ്ങളിലും മോശമില്ലാത്ത മാർക്ക് ഉള്ള കുട്ടി..
രണ്ട്, ഞാൻ ഏതെങ്കിലും ഒരു വിഷയത്തിൽ തോറ്റാൽ ക്‌ളാസിൽ പിന്നെ എല്ലാ വിഷയത്തിലും ജയിക്കുന്ന വേറെ ഒരു കുട്ടി ഇല്ല.. അപ്പൊ എന്നെ ജയിപ്പിക്കുക എന്നത് എന്നെക്കാൾ അവരുടെ ആവശ്യം ആയിരുന്നു.. കണക്കാണെങ്കിൽ എനിക്ക് ഒരു രക്ഷ ഇല്ല.. എങ്കയോ പോയ എന്നെ 'അമ്മ വീണ്ടും വിളിച്ചു..
"ഡാ കണക്കിന് എത്ര്യാന്ന്"
ഞാൻ ചുറ്റുപാടും നോക്കി.. തല്ല് ഉറപ്പാണ്.. കയ്യിൽ ഒന്നും ഇല്ല അടിക്കാൻ പറ്റിയത്.. അപ്പൊ കയ്യോണ്ട് തന്നെ ആവും.. ഒന്ന് ഓടി നോക്കാം.. തൽക്കാലത്തേക്ക് രക്ഷപെടാം.. ഞാൻ തയ്യാറെടുത്തു..
"അത് പിന്നെ.. എല്ലാർക്കും ഇപ്രാവശ്യം കണക്കിൽ കുറവാ"
"എല്ലാരുടേം കാര്യം നീ നോക്കണ്ട.. നിന്റെ മാർക്ക് പറ"
"ബാക്കി എല്ലാത്തിലും ഞാനാ ഫസ്റ്റ്"
"നീ കണക്കിന്റെ മാർക്ക് പറ"
"ഞാൻ പരീക്ഷ കഴിഞ്ഞപ്പോ പറഞ്ഞില്ലേ അമ്മേ.. ഭയങ്കര വിഷയമായിരുന്നു കണക്ക്"
അമ്മയുടെ ക്ഷമ നശിച്ചു.. ഒരടി മുന്നോട്ട്.. പേപ്പർ എവിടെ..
ഇനി രക്ഷയില്ല.. വരാനുള്ളത് വഴീൽ തങ്ങില്ല.. വിറയ്ക്കുന്ന കൈകളോടെ കയ്യിലിരുന്ന പേപ്പർ കെട്ട് ഞാൻ ആ കൈകളിൽ ഏൽപ്പിച്ചു.. കണക്ക് പേപ്പർ ഏറ്റവും താഴെ ആണ്.. 'അമ്മ ഓരോന്നോരാന്നു നോക്കി തിടുക്കത്തിൽ കണക്ക് പേപ്പർ ലക്ഷ്യമാക്കി നീങ്ങി.. ഞാൻ അതിനനുസരിച്ചു ഓരോ അടി പുറകിലേക്കും..
"ഇരുപതു മാർക്കാ?" അമ്മയുടെ മുഖം മാറി..
എനിക്ക് അടിമുടി വിറച്ചു..
ആദ്യം ഡയലോഗ്, പിന്നെ അടി.. അതാണ് അമ്മയുടെ ഓൾഡ് ആൻഡ് സ്ഥിരം സ്റ്റൈൽ.
ലോ പിച്ച് ആൻഡ് താളത്തിൽ തുടങ്ങി, സംഹാരത്തിന്റെ മൂർത്തീ ഭാവമായി രൗദ്രതാളത്തിലേക്കു ഡയലോഗ് എത്തിയപ്പോ എനിക്ക് മനസിലായി, ആക്ഷന് സമയമായി..
ഭും.. ആചാര വെടി എന്ന പോലെ കയ്യിലിരുന്ന പേപ്പറുകൾ വായുവിലേക്ക് അറിയപ്പെട്ടു.
ഒറ്റ ഓട്ടം..
"നിക്കടാ അവിടെ.." പുറകിൽ നിന്നും ശബ്ദം..
"ചേട്ടാ, ഓടിക്കോ..ദേ എറിയാൻ പോണേ" അനിയത്തിയുടെ അലർച്ച
ഒരു ചാട്ടം.. ആ ചാട്ടം 'അമ്മ പ്രതീക്ഷിച്ചിരുന്നു എന്ന് വേണം അനുമാനിക്കാൻ..
ഓട്ടത്തിന്റെ വെലോസിറ്റി, ചേഞ്ച് ഓഫ് ഡയറക്ഷൻ, ചട്ടത്തിന്റെ എലിവേഷൻ, എല്ലാം കണക്ക് കൂട്ടി കറക്റ്റ് ഏറ്.. മുട്ടിനു താഴെ ഉപ്പുറ്റിക്കു തൊട്ടു മുകളിൽ..
അതൊരു സ്റ്റീലിന്റെ പോണി (വട്ട പാത്രം) ആയിരുന്നു..
കണ്ടു.. ഞാനും കണ്ടു.. അനുഭവിച്ചു.. അങ്ങനെ ഞാനും വിശ്വസിച്ചു..
ആ ഉന്നത്തിന്റെ തെളിവ് ഒരിക്കലും മായാത്ത രീതിയിൽ ഇന്നും നിലകൊള്ളുന്നു.
-നെവർ അണ്ടർഎസ്റ്റിമേറ്റ് ദി പവർ ഓഫ് 'അമ്മ-
Sanvi
26/12/2016

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot