നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുനർജ്ജനികളില്ലാത്ത മോഹങ്ങൾ (Part-2)


ഹേ മനുഷ്യരേ ...ജീവിതത്തോടുള്ള അടങ്ങാത്ത സ്നേഹവും പ്രതീക്ഷയും നഷ്ടപ്പെടുന്ന ഒരു നിമിഷനേരത്തിലാണ് ഞങ്ങളെപ്പോലുള്ളവര് സ്വയമില്ലാതാകുന്നതെന്ന് നിങ്ങളറിയുക. ആ നിമിഷത്തിനപ്പുറത്തേക്കും ജീവിക്കാനുള്ള കൊതി ഞങ്ങൾ തിരിച്ചറിയുന്ന നിമിഷങ്ങളിലാണ് നിങ്ങൾക്ക് മുന്നിൽ ഞങ്ങൾ ദുരാത്മാക്കളാകുന്നതെന്നത് അറിയുമ്പോൾ വേദനയല്ലാതെ മറ്റെന്താണ് ഞങ്ങളിലുണ്ടാവുക?
നിഷ്ഠകളില്ലാത്ത കാലത്തിന്റെ ചുഴിയിൽപ്പെട്ട് ദിശതെറ്റിയ തോണിയാണ് പലരുടെയും ജീവിതം.
മരണത്തിനപ്പുറവും തങ്ങളെ തേടിയെത്തുന്ന ഓർമ്മകളുടെ തുടർച്ചയോ, ഭൂമിയിലെ ജീവിതങ്ങളുടെ തുടർച്ചയോ ആണ് മരണശേഷമുള്ള പലതും..പലർക്കും!!
എനിക്ക് മുന്നിലൂടെ കടന്ന് പോകുന്ന രൂപങ്ങൾക്കെല്ലാം പറയാനുണ്ട് ജീവിതത്തിന്റെ കഥകൾ.
ബന്ധങ്ങളുടെ ബന്ധനത്തിൽ ചില മുഖങ്ങൾ തീവ്രവേദനയാൽ പിടയുന്നത് കാണാമിവിടെ.
തന്റെ മകളെ സങ്കടത്തോടെ മാത്രം നോക്കി നിൽക്കാറുണ്ടായിരുന്ന, ആത്മഹത്യ ചെയ്ത അച്ഛന്റെ നോട്ടത്തെ ഇല്ലാതാക്കാൻ ഭൂമിയിൽ നടത്തിയ ആവാഹനമന്ത്രത്തിന്റെ പതിന്മടങ്ങ് സ്വരമുണ്ടായിരുന്നു, ഇവിടെ ആ അച്ഛന്റെ തേങ്ങലിന്...
ഭൂമിയിൽ മന്ത്രോച്ഛാരണങ്ങൾക്കൊപ്പം തീയിലേക്ക് വീണ് പുകഞ്ഞ അരളിപ്പൂക്കളെ നോക്കി അച്ഛൻ ആദ്യമൊന്ന് ചിരിച്ചു.
പിന്നെ തന്നിൽനിന്നും രക്ഷനേടാനായി മന്ത്രതന്ത്രങ്ങളിലഭയം തേടിയ, തന്റെ നോട്ടത്തെ ഭയക്കുന്ന ഭാര്യയെയും മകളെയും നോക്കിയൊന്ന് തേങ്ങി.
ഒരിക്കൽ തന്റെ നിഴലായിരുന്നവർ ഇന്ന് തന്റെ നിഴലിനെപ്പോലും ഭയക്കുന്നു എന്ന തിരിച്ചറിവിലൊരു പാവം ആത്മാവ് കാറ്റിന്റെ വേഗതയിലെവിടേക്കാണ് പോയത്? ഒരിക്കലുമതൊരു കാഞ്ഞിരത്തടിയിലേക്കല്ല എന്നും ഞാൻ കണ്ടു.
ജീവിതത്തെ ഭയന്ന് ഒളിച്ചോടിയവരെ മരണശേഷം ഭയപ്പെടുത്താൻ മന്ത്രങ്ങൾക്കോ ആവാഹനകർമ്മ ങ്ങൾക്കോ സാധിക്കില്ലെന്ന് ആ അച്ഛനെനിക്ക് കാട്ടിത്തരികയായിരുന്നൂ.
തീക്കണ്ണുകളോടെ എന്റെ കൺമുന്നിൽ നിന്ന് അപ്രത്യക്ഷമായ ആ അച്ഛനിപ്പോൾ എവിടെയായിരിക്കും? മകളെ മാത്രം ഓർത്തിരുന്ന ആ അച്ഛൻ ഇപ്പോൾ മകളെ മറന്നിട്ടുണ്ടാകുമോ?
മകളുടെ കണ്ണീരിൽ നക്ഷത്രമായ അവളെപ്പോലെ, ആ അച്ഛനും നക്ഷത്രമായി മാറിയിട്ടുണ്ടാകുമോ?
അതോ പുനർജ്ജനി തേടി അലയുന്നുണ്ടാകുമോ? .
ശരീരമുള്ളവരുടെ ലോകത്ത് ശരീരം നഷ്ടപ്പെട്ടവർക്ക് സ്ഥാനമില്ലല്ലോ.
പ്രേതങ്ങളായവർ ഓർമ്മകളുടെ പട്ടുകുപ്പായത്തിനകത്ത് പൊതിയപ്പെട്ട് ഭൂതകാലങ്ങളിലേക്ക് വലിച്ചെറിയപ്പെടാനുള്ളവർ മാത്രം!!
ഞാൻ താഴേക്ക് നോക്കി...
താഴെ ഭൂമിയിൽ ഇരുട്ട് കരിമ്പടം പുതച്ചുകഴിഞ്ഞിരുന്നു...
രാവും പകലുമില്ലാത്ത ഇങ്ങനൊരു ലോകത്തെക്കുറിച്ചറിയാത്ത മനുഷ്യർക്കിടയിൽ എനിക്കായ് ഞാനാരെയാണ് തിരയേണ്ടത്?
ഇളംനീലവിരിയിട്ട മുറിക്കകത്ത് ഇരുട്ടുമൂടിയ കൺകളിൽ നനവോടെ എന്റെയോർമ്മകളെ ക്യാൻവാസിലേക്ക് പകർത്തുന്നതാരാണ്?
ഈശ്വരാ...അതെന്റെ രവിയേട്ടനാണല്ലോ.. ഈ രവിയേട്ടനാണോ മറ്റൊരുത്തിക്ക് വേണ്ടി എന്നെ വേണ്ടാന്ന് വീട് മുഴുവൻ കേൾക്കെ ഉച്ചത്തിൽ പറഞ്ഞത്?
അല്ലാ...അതീ രവിയേട്ടനല്ല ; അത് മറ്റാരോ ആയിരുന്നൂ .
"ജീവിച്ചാലും മരിച്ചാലും ഒരുമിച്ച്" എന്ന് പറഞ്ഞെന്നെ ചേർത്ത്പിടിച്ച എന്റെ പ്രണയമാണ് താഴെ, ഭൂമിയിലെന്റെ ഓർമ്മകളെ തൊട്ട്തലോടുന്നത്.
ഒന്ന് കൈ നീട്ടി തൊടാൻ , ഞാനിവിടെയുണ്ടെന്ന് പറയാനുള്ള വെമ്പൽ ശരീരമില്ലാത്തവളുടെ വ്യാമോഹമായ്....
തിരികെ പിടിക്കാനാകാത്ത ജീവിതത്തിന്റെ പിടച്ചിലോടെ, ഒരിക്കലും കടന്നുചെല്ലാനാകാത്ത ആ മുറിക്കുള്ളിലേക്ക് നോക്കവേ ഞാനറിഞ്ഞു ; ഇനിയൊരിക്കലും രവിയേട്ടന് മുന്നിൽ എന്റെ സ്ഥാനത്ത് മറ്റൊരാളുണ്ടാകില്ലെന്ന്.
എന്റെ മരണം രവിയേട്ടന്റെ ജീവിതത്തെക്കൂടി നശിപ്പിച്ചതിന് പ്രായശ്ചിത്തം പോലെ ഞാനിവിടെയുണ്ടാകും, ഈ പ്രേതലോകത്തിന്റെ നിഴലിൽ.... ഭൂമിയിലേക്ക് നോക്കി.....
സങ്കടങ്ങളില്ലാതെ....
മോക്ഷമാഗ്രഹിക്കാതെ......
ഭൂമിയിലേക്ക് പോകാതെ......
By Anamika Sajeev

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot