നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു പെണ്ണുകാണൽ


വീട്ടിൽ നിന്നും പെണ്ണുകാണാൻ ഇറങ്ങിയതാണ് അവിടെ എത്തിയപ്പോൾ വൈകുന്നേരം നാലുമണി.. പെൺകുട്ടി കോളേജിൽ പോയി വന്നിട്ടില്ല.. അമ്മ പറഞ്ഞു ഇരിയ്ക്കു ഒരു അരമണിക്കൂറിൽ വരും.. അമ്മയും മകളും മാത്രമുള്ള ഒരു കുടുംബം.. അച്ഛൻ സ്കൂളിൽ അധ്യാപകനായിരുന്നു മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു.. ചെറിയ വീടും പരിസരവും അടങ്ങിയതാണ് അവരുടെ സമ്പാദ്യം... നല്ല സ്നേഹമുള്ള അമ്മ.. എനിക്ക് ഇഷ്ടമായി ആ കുടുംബപശ്ചാത്തലം.. പെൺകുട്ടിയെ കൂടി കണ്ടാൽ മതി ഇനി...
ഞാനും ഒരു ചെറിയ കുടുംബത്തിൽ ആണ് ജനിച്ചത്.. കഷ്ടപ്പാടുകൾ അനുഭവിച്ചാണ് വളർന്നതും.. അച്ഛൻ എന്നെ നല്ല പോലെ പഠിപ്പിച്ചു.. ഇപ്പോൾ ഞാൻ ദുബായിൽ എഞ്ചിനീയർ ആണ്.. നല്ല ശമ്പളം പുതിയ വീട് വച്ചു പെങ്ങളെ കെട്ടിച്ചു വിട്ടു.. ഇപ്പോൾ സ്വയം പെണ്ണ് നോക്കുകയാണ്...
അമ്മയോട് സംസാരിച്ചിരിയ്ക്കുന്നതിനിടയിൽ ആണ് അമ്മേ എന്ന് ഉച്ചത്തിലുള്ള വിളിയോടെ അവൾ അകത്തേയ്ക്ക് വന്നത്.. പ്രതീക്ഷിയ്ക്കാത്ത അതിഥികളെ കണ്ടതും ഒന്ന് പരുങ്ങി പോയി.. അവൾ വേഗം അകത്തേക്ക് പോയി.. ജീൻസ്‌ പാന്റും ഒരു ടി ഷർട്ടുമാണ് വേഷം... കയ്യിൽ കുറെ ചരടുകൾ മൂക്കിൽ ഒരു മൂക്കുത്തി, ഒരു കാതിൽ തന്നെ രണ്ടു സ്റ്റഡ് കണ്ടാൽ ഒരു ഫ്രീക്ക് പെൺകുട്ടി...
ഉടുത്തൊരുങ്ങി വന്ന് മുന്നിൽ നിന്നു ചോദിച്ചതിനെല്ലാം നന്നായി ഉത്തരം തന്നു.. ഞങ്ങൾ സംസാരിച്ചു കൊള്ളട്ടെ എന്ന് കരുതി അവർ ഒന്ന് മാറി നിന്നു... എല്ലാ ആണുങ്ങളും ചോദിക്കുന്ന പോലെ പേരും പഠിപ്പും ചോദിച്ചു... പ്രണയം ഉണ്ടേൽ പറഞ്ഞോളൂട്ടോ ഇനി വിവാഹത്തിന്റെ തലേ ദിവസം ഓടിപ്പോകാൻ നിൽക്കേണ്ട.. ചിരി കലർന്ന മറുപടി വന്നത് ഇല്ല എന്നായിരുന്നു... എനിയ്ക്ക് എല്ലാം ഇഷ്ടമായെങ്കിലും പെൺകുട്ടി കുറച്ചു പരിഷ്ക്കാരി ആയിപ്പോയതിനാലും സ്വത്തും പണവും തൂക്കി നോക്കിയപ്പോൾ ഞങ്ങളുടെ വീടിനോളം ഇല്ലാത്തതിനാലും കൂടെ വന്നവർ അത് തള്ളി കളഞ്ഞു...
പിറ്റേ ദിവസം കാലത്തു തന്നെ അടുത്ത വീട്ടിലേയ്ക്ക് പോയി വരുന്ന വഴിയിൽ വച്ചു തന്നെ അമ്പലത്തിൽ പോയി വരുന്ന അച്ഛനെയും മോളെയും കണ്ടു.. തനി നാടൻ പെൺകുട്ടി.. ആര് കണ്ടാലും ഭാര്യയാക്കാൻ കൊതിയ്ക്കും.. എനിയ്ക്കും ഇഷ്ടമായി.. വീട്ടിലും അത്യാവശ്യം സാമ്പത്തികമുണ്ട് അത് കൊണ്ട് തന്നെ എല്ലാവർക്കും നന്നായി ബോധിച്ചു... അങ്ങനെ കല്ല്യാണ നിശ്ചയം ഏറ്റവും അടുത്ത ദിവസം തന്നെ തിരഞ്ഞെടുത്തു...
നിശ്ചയത്തിനു രണ്ടു ദിവസം മുന്നേ സുഹൃത്തിന്റെ കൂടെ യാദൃശ്ചികമായാണ് ഞാനൊരു അനാഥാലയത്തിൽ പോയത്.. അവിടെ വെച്ച് കുട്ടികളുടെ കൂടെ തന്റെ പിറന്നാൾ ആഘോഷിയ്ക്കുന്ന ഒരു പെൺകുട്ടി എന്റെ ശ്രേദ്ധയിൽ പെട്ടു ... കുറച്ചു നേരം നോക്കി നിന്നുപോയി ആ കുട്ടികളുടെ സന്തോഷം.. ആ കൂട്ടത്തിനിടയിൽ പിറന്നാൾക്കാരിയുടെ മുഖം കണ്ട് ഞാൻ ഞെട്ടി.. പരിഷ്‌ക്കാരിയാണ് പണം കുറഞ്ഞു എന്നും പറഞ്ഞു ഞാൻ തള്ളികളഞ്ഞവൾ... ഞാൻ അവിടെ നിന്നും പെട്ടന്ന് തന്നെ മാറിനിന്നു അവളുടെ മുഖത്ത് നോക്കാൻ എനിയ്ക്ക് കഴിയില്ലായിരുന്നു...
പള്ളിയിലെ അച്ഛനോട് അവളെ കുറിച്ച് ചോദിച്ചു..
ഇവിടെ അടുത്തുള്ള മാഷിന്റെ ഒറ്റ മകളാണ്.. പഠിയ്ക്കാൻ മിടുക്കി പഠിപ്പ് കൂടാതെ അവധി ദിവസങ്ങളിൽ ജോലിയ്ക്ക് പോകുന്നുമുണ്ട്... മാസത്തിൽ ഒരു ദിവസം ഇവിടെ വരും.. അവളുടെ ശമ്പളത്തിൽ നിന്നും മിച്ചം കിട്ടിയതുമായി.. എന്നിട്ട് ഈ കുട്ടികളുമായി ഒരു നേരത്തെ ഭക്ഷണം കഴിയ്ക്കും.. ഒരു വർഷമായി തെല്ലിട മാറ്റമില്ലാതെ ഒരു മുടക്കവും വരാതെ അവളത് നടത്തി കൊണ്ടുവരുന്നു.... പണ്ട് അവളുടെ അച്ഛൻ ചെയ്തിരുന്നതാണ് അച്ഛൻ പോയതോടെ സാമ്പത്തികമായി ഒന്ന് തകർന്നേലും ഇതിനു ഒരു മുടക്കവും വരുത്താറില്ല.. അച്ഛന്റെ മോള് തന്നെ ഒരു സംശയവുമില്ല.. അവളെ പോലെ ഒരു കുട്ടിയ്ക്ക് ജന്മം കൊടുത്ത മാതാപിതാക്കൾ പുണ്യം ചെയ്തവരാണ് അച്ഛൻ പറഞ്ഞു നിർത്തി..
മനസ്സിൽ ഒരു കുറ്റബോധം തോന്നി ജീവിതത്തിൽ ഒരു നല്ല കുട്ടിയെ പണവും വസ്ത്രവും നോക്കി തള്ളി പറഞ്ഞതിന്... വിധിച്ചതല്ലേ കിട്ടു അതോർത്തു സമാധാനിച്ചു... ഇനി ഇപ്പോൾ വേറെ വഴിയില്ലല്ലോ.. ഞാൻ ഈ സംഭവം മനപ്പൂർവ്വം മറന്നെന്നു വരുത്തി... മനുഷ്യൻ സ്വാർത്ഥനാണ്‌ ഞാനും ഒരു സ്വാർത്ഥനായി..
നാളെ നിശ്ചയമാണ് രാത്രിയിൽ ആരുടെയോ ഒരു ഫോൺ വന്നിട്ടാണ് അച്ഛൻ പുറത്തേയ്ക്ക് പോയത്.. തിരിച്ചു വന്നപ്പോൾ മുഖത്തെ സന്തോഷം പോയിരുന്നു.. ആരോട്‌ ചോദിച്ചിട്ടും ഒന്നും തെളിച്ചു പറഞ്ഞില്ല.. എന്നാലും അവസാനം കാര്യമറിഞ്ഞു വിവാഹം കഴിയ്ക്കാനിരുന്ന പെൺകുട്ടി ഇന്ന് ക്ലാസ്സു കഴിഞ്ഞു വന്നില്ല എന്ന് . കാര്യം തിരക്കിയപ്പോൾ അറിയാൻ കഴിഞ്ഞത് കൂടെ പഠിയ്ക്കുന്ന പയ്യന്റെ കൂടെ അവളുടെ വിവാഹം കഴിഞ്ഞു എന്നുമാണ്...
എല്ലാവരുടെയും മുഖത്ത് സങ്കടമായിരുന്നേലും എനിക്ക് അത് കുറച്ചു സന്തോഷമായിരുന്നു.. ഒരു തെറ്റ് തിരുത്താൻ കിട്ടിയ അവസരം.. അവരോടെല്ലാരോടുമായി ഞാൻ പറഞ്ഞു ഇനി എനിയ്ക്കായി പെണ്ണ് തിരയേണ്ടെന്ന്.. പിറ്റേ ദിവസം കാലത്തു തന്നെ അവളുടെ വീട്ടിൽ പോയി.. അമ്മയെ കണ്ടു ക്ഷമ ചോദിച്ചു.. നിങ്ങളുടെ എല്ലാ കഷ്ടപ്പാടും അറിഞ്ഞാണ് ഞാൻ വരുന്നത് എന്നാലും അവളെ വിവാഹം കഴിയ്ക്കാൻ സമ്മതമാണെന്നും പറഞ്ഞു.. നിറ കണ്ണുകളോടെ അമ്മ അതിനു സമ്മതം മൂളി.. അവൾ എനിക്ക് എന്നും നല്ല ഭാര്യയായിരുന്നു.. എന്റെ അമ്മയ്ക്ക് എന്നും നല്ല മരുമകൾ അല്ല മകൾ ആയിരുന്നു....
Note- ഉടുക്കുന്ന വസ്ത്രങ്ങൾ നോക്കിയല്ല ഒരു പെൺകുട്ടിയുടെ സ്വാഭാവം അളക്കേണ്ടതെന്ന് ജീവിതം എന്നെ പഠിപ്പിച്ച പാഠം...
Sajith_Vasudevan(ഉണ്ണി...)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot