Slider

മാനസാന്തരം

0

തിരക്കേറിയ നഗരമദ്ധ്യത്തിൽ ഒരു നിമിഷം അയാൾ നിന്നു. വസ്ത്രത്തിനടിയിൽ നിന്ന് ഉയരുന്ന ടിക് ടിക് ശബ്ദം.. അയാൾ വാച്ചിൽ നോക്കി.. സമയം 4.45 pm.ഇല്ല. ഇനിയും അഞ്ച് മിനിട്ട് കൂടി...
കടകളിൽ പുതുവർഷ വിൽപ്പനയുടെ തിരക്ക്.ടെക്സ്റ്റെയിൽസിന് മുമ്പിലെ മനുഷ്യക്കോലങ്ങളെ നോക്കി ചിരിക്കുന്ന കുട്ടികൾ... കൈ പിടിച്ച് റോഡ് മുറിച്ച് കടക്കുന്ന ദമ്പതികൾ.. കുഞ്ഞുടുപ്പുമിട്ട് മാതാപിതാക്കളോടൊപ്പം മെല്ലെ നടക്കുന്ന പിഞ്ചോമനകൾ.. ഫ്രൂട്ട്സ് കടകളിൽ മുന്തിരിയും ആപ്പിളും നാരങ്ങയും വാങ്ങി കവറുകളിൽ യാത്രയാകുന്ന മദ്ധ്യവയസ്കർ.. വാഹനങ്ങളുടെ നിലക്കാത്ത ഹോണുകൾ.. ട്രാഫിക് സിഗ്നലിന് മുമ്പിൽ താഴ്മയോടെ നിർത്തിയിട്ടിരിക്കുന്ന കാറുകൾ.. ഫാൻസി കടകളിൽ തൂക്കിയിട്ടിരിക്കുന്ന വിവിധ വർണ്ണങ്ങളിലുള്ള ബലൂണുകൾ... എങ്ങും ഉൽസവാന്തരീക്ഷം.. പുതുവർഷത്തെ വരവേൽക്കാൻ വേണ്ടി നഗരം അണിഞ്ഞൊരുങ്ങി നിൽക്കുന്നു.
അക്ഷമനായി വീണ്ടും അയാൾ വാച്ചിലേക്ക് നോക്കി.. 4.47 PM.. ടിക്.. ടിക്.ശബ്ദം ഇപ്പോഴും മുഴങ്ങുന്നു. മൂന്ന് മിനിട്ട് കൂടി കഴിഞ്ഞാൽ...
നഗരം കിടുങ്ങുന്ന ഒരു മഹാ സ്ഫോടനം. എങ്ങും നിലവിളികൾ.. എങ്ങോട്ടെന്നില്ലാതെ നെട്ടോട്ടമോടുന്ന ജനങ്ങൾ.. ഉറ്റവരെ തേടുന്ന ബന്ധുക്കൾ.. മോനേ.. നീ എവിടെടാ... അമ്മേ.... അമ്മേ.... കൂവിപ്പാഞ്ഞു വരുന്ന ആംബുലൻസുകൾ.. ടാറിട്ട റോഡിൽ തളം കെട്ടി നിൽക്കുന്ന മനുഷ്യ രക്തം.. ചിതറിത്തെറിച്ചതലകൾ.. കൈകാലുകൾ... ഉത്സവപ്പറമ്പ് ഒരു യുദ്ധഭൂമിയായി മാറിയിരിക്കുന്നു.... എങ്ങും പുകപടലങ്ങൾ ..
4.48 pm.. അയാൾ വാച്ചിൽ നോക്കി.. ടിക്.ടിക്.ശബ്ദം മെല്ലെ ചെവിയിൽ കേൾക്കുന്നു... രണ്ട് മിനിട്ട് കൂടി... ചിന്തയിലൂടെ തന്റെ ബാല്യം മിന്നി മറഞ്ഞു. ഒരു കലാപത്തിൽ തന്റെ നാടും വീടും കത്തിച്ചാമ്പലായതിന്റെ ഓർമ്മകൾ.. വീടിനെ മുഴുവൻ അഗ്നി തിന്ന് തീർക്കുമ്പോൾ വയസ് പതിനഞ്ച് മാത്രം... പിന്നീട് എത്തിച്ചേർന്ന ഗല്ലികളിൽ ലഹരി മരുന്നുകൾ കൈമാറി നടന്ന യുവത്വം.. ഗുണ്ടാസംഘങ്ങളിൽ ജീവിച്ച പത്ത് വർഷങ്ങൾ..
പെട്ടെന്ന് മനസ്സിലൂടെ ഒരു മങ്ങിയ ഓർമ്മയുടെ മിന്നൽ പ്രയാണം.. തന്റെ വീട് കത്തിച്ചാമ്പലായി കൊണ്ടിരിക്കുന്നു..മൂന്നര വയസ്സുകാരിയായ കുഞ്ഞിപ്പെങ്ങളെ അഗ്നി തിന്നുമ്പോൾ അവളുടെ കരച്ചിൽ... അയാൾ ഞെട്ടിത്തിരിഞ്ഞു. കണ്ണിലൂടെ രണ്ടിറ്റ് ജലത്തുള്ളികൾ പുറത്ത് ചാടി..
ഇല്ല.. ഇനി ഒരു കരച്ചിൽ കേൾക്കാൻ കഴിയില്ല.. പാന്റിന്റെ കീശയിലേക്ക് അറിയാതെ കൈ ചലിച്ചു.. ഒരു പതിനഞ്ച് സെക്കന്റ് കൂടെ.. അയാൾ യന്ത്രം ഓഫ് ചെയ്തു... ടിക് ടിക് ശബ്ദം നിലച്ചു.. കാലുകൾ വേച്ച് വേച്ച് കൊണ്ട് അയാൾ നടന്നു നീങ്ങി... നഗരത്തിന്റെ തിരക്കുകൾക്കിടയിലൂടെ...

By ശബ്നം സിദ്ദീഖി
2017..#മൽസര വിഭാഗം ചെറുകഥ

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo