മുന്നോട്ടുള്ള യാത്രയിൽ മുൻപിലെ ഇരുട്ടിൻ്റെ കനം കൂടിവരുന്നത് അയാൾ അറിയുന്നുണ്ടായിരുന്നില്ല.തനിക്കു തൊട്ടുപിറകിലായി തന്നെ പിൻതുടർന്നെത്തുന്ന എന്തിനെയോ ഭയന്നിട്ടെന്നവണ്ണം ആ ഇരുട്ടിൽ തട്ടിത്തടഞ്ഞുവീണും പിടഞ്ഞെണീറ്റും ആയാൾ തൻ്റെ ഓട്ടം തുടർന്നുകൊണ്ടേയിരുന്നു.......
മനുഷ്യൻ്റെ ആയുസിനു വിലയിടൽ അതായിരുന്നു അയാളുടെ തൊഴിൽ.ജീവൻ്റെ തുടിപ്പ് അവശേഷിപ്പിക്കുന്ന ഒരു ക്വൊട്ടേഷനും അയാൾ ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. പിടഞ്ഞുമരിക്കുന്ന മനുഷ്യജീവനുകളെ നോക്കിനിൽക്കുമ്പോൾ കിട്ടുന്ന ഒരുതരം ലഹരി അതായിരുന്നു പണത്തിനുമപ്പുറം അവനെ ഈ തൊഴിലിനോടു ചേർത്തു നിർത്തിയിരുന്ന പ്രധാന ഘടകം.ഈ നാൽപ്പതു വർഷത്തെ ജീവിതത്തിനിടയിൽ അവൻ്റെ കെെകൊണ്ട് ആയുസൊടുങ്ങിയവർ നിരവധിയാണ്.രാഷ്ട്രീയ കൊലപാതകമോ,മത-സാമുദായിക കൊലപാതകമോ വ്യക്തിവെെരാഗ്യത്തിൻ മേലുള്ള കൊലപാതകമോ അങ്ങനെ കൊലപാതകം ഏതുമായിക്കൊള്ളട്ടെ ഇടപാടുകാർക്കെന്നും പ്രിയം അവനെയായിരുന്നു.യാതൊരു തെളിവും ശേഷിപ്പിക്കാതെയുള്ള പെർഫെക്ഷനിസം അതായിരുന്നു അവൻ്റെ പ്രത്യേകത.ഇത്രയും കൊലകൾക്കിടയിൽ ഒരിക്കൽ പോലും കോടതി കയറേണ്ടിവന്നിട്ടില്ല അവന്,അത്രയ്ക്ക് ആസൂത്രിതമായിരുന്നു അവൻ നടത്തിയ ഓരോ കൊലയും.
ഇന്നത്തെ പണി വളരെ എളുപ്പമാണ്,മധ്യവയസ്കരായ ദമ്പതികൾ.നേരേ കയറിച്ചെല്ലുക,പണിതീർക്കുക,മടങ്ങി വരിക അത്രയേ ഉള്ളൂ അയാളുടെ ജോലി.ക്വൊട്ടേഷൻ ഏറ്റെടുക്കും മുൻപ് കാര്യകാരണങ്ങളൊന്നും അന്വേഷിക്കാറില്ല അയാൾ,അതയാളെ ബാധിക്കുന്ന കാര്യമേ അല്ലായിരുന്നു.അയാളെ സംബന്ധിച്ചിടത്തോളം ജോലി ചെയ്യുക കൂലി വാങ്ങുക, അത്രയേ ഉള്ളൂ ഓരൊ കൊലയ്ക്കും അയാൾ നല്കുന്ന പ്രാധാന്യം.പക്ഷേ ഇന്നത്തെ കേസിൽ അയാൾ ചിലത് മനസിലാക്കിയിരുന്നു.വർഷങ്ങളായി കുട്ടികളില്ലാതിരുന്ന കോടീശ്വരരായ ദമ്പതികൾ ഒരു കുഞ്ഞിനെ ദത്തെടുത്തതിൽ അസൂയപൂണ്ട സ്വത്തുമോഹികളായ ബന്ധുക്കളായിരുന്നു അയാളുടെ ഇടപാടുകാർ.
മതിലു ചാടികടക്കാൻ തയ്യാറായി വന്ന അയാളെ ബുദ്ധിമുട്ടിക്കാതിരിക്കാനെന്നോണം ആ വീടിൻ്റെ ഗേറ്റും കതകും തുറന്നു കിടപ്പുണ്ടായിരുന്നു.അയുസിൻ്റെ പുസ്തകം അടയ്ക്കാൻ തയ്യാറായെന്ന വണ്ണം ആയാളുടെ ഇരകൾ കയ്യിൽ കുഞ്ഞുമായി ഹാളിൽ ഇരിപ്പുണ്ടായിരുന്നു.പിറകിലൂടി വന്ന അയാളുടെ ആദ്യത്തെ വെട്ട് ഭർത്താവിൻ്റെ ജീവനെടുത്തു.അടുത്തവെട്ടിൽ നിലത്തേക്ക് മറിഞ്ഞുവീണ ഭാര്യയുടെ കയ്യിൽ നിന്നും ഒരുവയസോളം പ്രായമുള്ള കുഞ്ഞ് തെറിച്ചുവീണത് അയാളുടെ കാല്ക്കലേക്കായിരുന്നു.വെട്ടുകൊണ്ടുപിടയുന്ന ആ സ്ത്രീയെ വല്ലാത്തൊരു ലഹരിയൊടെ അയാൾ വീണ്ടും ആഞ്ഞു വെട്ടി.ഇത്തവണ അവരുടെ ചോര അയാളുടെ ദേഹത്തേക്കും തെറിച്ചു.ഇനി അടുത്ത ഊഴം കുഞ്ഞിൻ്റേതാണ്.ഭ്രാന്തമായൊരു ആവേശത്തോടെ കുഞ്ഞിനെ വെട്ടാനായി വാളോങ്ങിയ അയാൾ കണ്ടത് ദേഹം നിറയെ ചോരത്തുള്ളികളുമായി തന്നെ നോക്കി ചിരിച്ചുകൊണ്ടു കിടക്കുന്ന കുഞ്ഞിനെയാണ്.ആ കുഞ്ഞിൻ്റെ കണ്ണുകളിലേക്ക് നോക്കിയ നിമിഷം അയാളുടെ കയ്യിൽ നിന്നും വാൾ നിലത്തേക്ക് ഊർന്നുവീണു.തനിക്കു ചുറ്റും അത്തരത്തിൽ ഒരാരിരം കുഞ്ഞുങ്ങൾ ഉള്ളതായി അയാൾക്കു തോന്നി.അവരുടെ പുഞ്ചിരി അയാളെ വീർപ്പുമുട്ടിച്ചു.ദയനീയമായി നിലവിളിച്ചുകൊണ്ട് അയാൾ ഗേറ്റിന് പുറത്തേക്കോടി.അയാൾ ഗേറ്റ് കടന്ന നിമിഷത്തിൽ കുഞ്ഞും നിർത്താതെ കരയാൻ തുടങ്ങി.കുഞ്ഞിൻ്റെ കരച്ചിൽ കേട്ടോടിയെത്തിയ ജോലിക്കാർ ആ ഭീകര കാഴ്ചകണ്ട് വിറങ്ങലിച്ചുപോയി.അവരിലൊരാൾ കുഞ്ഞിനെയെടുത്ത് മാറോടു ചേർത്തു.
അപ്പോളും അയാൾ പുഞ്ചിരിക്കുന്ന കുഞ്ഞുങ്ങളെ ഭയന്ന് ഓടിക്കൊണ്ടേയിരുന്നു. കാലങ്ങളും ദേശങ്ങളും കടന്ന് ഇപ്പോഴും ആ ഓട്ടം തുടർന്നുകൊണ്ടേയിരിക്കുന്നു.
വിജിത വിജയകുമാർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക