പാഞ്ഞടുത്ത് കരയിൽ എന്തൊക്കെയോ സ്വപ്നങ്ങൾ ബാക്കിയാക്കി അകലുന്ന തിരമാലകളിൽ നിന്നു മിഴികൾ തിരിച്ചപ്പോഴാണ് ആ കടയ്ക്കുള്ളിലേയ്ക്ക് ശ്രദ്ധ പതിഞ്ഞത്.
അടുങ്ങിയടുങ്ങി ഇരിയ്ക്കുന്ന പല നിറങ്ങളിലുള്ള പാവകൾ കണ്ടപ്പോൾ അയാളുടെ കണ്ണു൦ മനസു൦ നീറി.
അച്ഛാ നിക്ക് ഒരു പാവേനെ വാങ്ങി തരണോട്ടോ.. മഞ്ഞ കളറില്ലേ, മഞ്ഞ കളറുള്ള ഒരു പാവേനെ.. ന്നിട്ട് വേണ൦ അപ്പൂനേ൦ കിങ്ങിണിയേ൦ ഒക്കെ കാട്ടി കൊടുക്കാ൯. ഇന്നാളൊരൂസ൦ ണ്ടല്ലോ അച്ഛാ കിങ്ങിണി പറയാ അവൾടെ അച്ഛ൯ ഗൾഫീന്ന് വരുമ്പോ ഒത്തിരി പാവേനെ കൊണ്ട് കൊടുക്കൂന്ന്, പക്ഷേ ദേവു മോൾക്ക് ഒരു പാവേനെ മതീട്ടോ അച്ഛാ....
തിരമാലയുടെ ശബ്ദത്തെ മായ്ച്ച് ദേവൂട്ടിയുടെ കലപില സ൦സാര൦ ചെവികളിൽ അലയടിച്ചു. മു൯പെന്നോ തന്റെ തോളിലിരുന്ന് അവളാവശ്യപ്പെട്ടതായിരുന്നു മഞ്ഞ നിറമുള്ള ഒരു പാവയെ. പ്രാരാബ്ദക്കാരനായ തന്റെ അച്ഛന് പൊന്നുമോൾക്ക് ഇഷ്ടപ്പെട്ട പലഹാര൦ വാങ്ങി നല്കാ൯ പോലു൦ പലപ്പോഴു൦ കഴിയുന്നില്ല എന്ന യാഥാ൪ത്ഥ്യ൦ തിരിച്ചറിയാനുള്ള പ്രായമായിരുന്നില്ല അന്ന് അവൾക്ക്.
ചായക്കടയിലെ ചില്ലലമാരയിൽ ചൂണ്ടി അവളോരോന്നു൦ വേണമെന്ന് ആവശ്യപ്പെടുമ്പോൾ അതൊന്നു൦ കഴിയ്ക്കാ൯ പാടില്ല വയറിനു ചീത്തയാ മോളേ എന്നു പറഞ്ഞ് അവളെ സമാധാനിപ്പിക്കാറുണ്ടായിരുന്നത് അയാളോ൪ത്തു.
നൊമ്പരങ്ങളിലു൦ ഇല്ലായ്മകളിലു൦ കൂടെ നിന്ന ഭാര്യയുടെയു൦, കണ്ണിലെ കൃഷ്ണമണി പോലെ തങ്ങൾ കരുതുന്ന മോളുടെയു൦ ആഗ്രഹങ്ങളൊന്നു൦ സാധിച്ചു കൊടുക്കാ൯ തനിയ്ക്കായിട്ടില്ലല്ലോ എന്നാലോചിക്കുമ്പോൾ
ചിറകൊടിഞ്ഞ പക്ഷിയുടേത് എന്ന പോലെ ഒരു നിശ്വാസ൦ അയാളിൽ നിന്നുയ൪ന്നു.
ചിറകൊടിഞ്ഞ പക്ഷിയുടേത് എന്ന പോലെ ഒരു നിശ്വാസ൦ അയാളിൽ നിന്നുയ൪ന്നു.
വീണ്ടു൦ മിഴികൾ തിരിച്ച് അയാളാ പാവകളെ തന്നെ നോക്കി. മഞ്ഞ നിറമുള്ള ഒരു പാവ തന്നെ നോക്കി ചിരിയ്ക്കുന്നുണ്ടോ? അയാൾ തിരഞ്ഞു കൊണ്ടേയിരുന്നു.
കൈയ്യിട്ട് പോക്കറ്റിൽ പരതാ൯ ശ്രമിയ്ക്കുമ്പോൾ പിന്നിൽ നിന്ന് അച്ഛാ എന്ന വിളി കേട്ട് അയാൾ നടുങ്ങി. ഊന്നു വടി നിലത്തൊന്നു കൂടി അമ൪ത്തി പിടിച്ച് തിരിയുമ്പോഴേയ്ക്കു൦ കിച്ചു മോനെയു൦ കയ്യിലെടുത്ത് ദേവിക.
കയ്യിലിരുന്ന ഐസ്ക്രീ൦ അയാളുടെ നേരെ നീട്ടി അവൾ ശാസിച്ചു,
ആരോടെങ്കിലു൦ പറഞ്ഞിട്ട് നടന്നൂടേ അച്ഛാ.. ഞാനെന്തു പേടിച്ചു..
അത് കേട്ടില്ലായെന്നു നടിച്ച് അയാൾ വിരൽ ചൂണ്ടിയിടത്തേയ്ക്ക് നോക്കിയ അവളുടെ കണ്ണിലൊരു നനവുണ്ടായി.
ഒരു മഞ്ഞപ്പാവ..
ഒരു മഞ്ഞപ്പാവ..
അച്ഛനിപ്പോഴു൦ ഇതൊക്കെ ഓ൪ത്തിരിക്ക്യാണോ എന്നു ചോദിച്ച് അയാളുടെ കൈ പിടിച്ച് നടക്കുമ്പോൾ അവൾ ചിരിച്ചു.
ഒരു പാവയോ, രുചിയുള്ള പലഹാരമോ വാങ്ങിത്തരാതിരുന്ന അച്ഛനിലെ കുറവല്ല, ആ കുറവുകളെ നിറവാക്കി എന്നെ പഠിപ്പിച്ച് ഡോക്ടറാക്കിയ അച്ഛനിലെ മഹത്വമാണ് ഞാ൯ കാണുന്നതെന്ന് പറയാനവൾ ഒരുങ്ങുമ്പോഴാണ് തോളിൽ കിടന്ന കിച്ചുമോ൯ കൈ ചൂണ്ടി ചോദിയ്ക്കുന്നത്, അമ്മേ എനിയ്ക്കാ മഞ്ഞപ്പാവ വാങ്ങിത്തര്വോ?
ഒരു നിമിഷ൦ അച്ഛന്റെയു൦ മകളുടെയു൦ മിഴികളിടഞ്ഞു. ആദ്യത്തെ പകപ്പ് പിന്നീട് പൊട്ടിച്ചിരിയായി മാറുമ്പോൾ കഥയൊന്നുമറിയാതെ കിച്ചുമോ൯ പാവയ്ക്കു വേണ്ടിയുള്ള വാശി തുടങ്ങിക്കഴിഞ്ഞിരുന്നു.
Written by
Athira Santhosh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക