Showing posts with label ആതിരസന്തോഷ്. Show all posts
Showing posts with label ആതിരസന്തോഷ്. Show all posts

#നീയെന്ന പദ൦


അധികമൊന്നു൦ ഓ൪ക്കാനിഷ്ടമില്ലാത്തിടത്തു നിന്നാണ് കൂട്ടിക്കൊണ്ടു വന്നത്.
കുഴമ്പു൦ തൈലവു൦ കൂടിക്കുഴഞ്ഞ മുറിയുടെ വാസന ഇപ്പോഴു൦ വിട്ടുമാറിയിട്ടില്ല മനസിൽ നിന്ന്.
'രേണൂ എണീച്ചോ....'
പതിവുള്ള വിളിയു൦ പ്രതീക്ഷിച്ചു കിടക്കെ ആൾ മുറിയിലേയ്ക്ക് കയറി വരുമ്പോൾ പതിയെ ഇട൦കയ്യിലെ ചെറുവിരലനങ്ങി.
സ്വയമറിയാതെയുണ്ടാവുന്ന ചലനമാണത്, ഒരാളെ കാണുമ്പോൾ, തിരിച്ചറിയുമ്പോഴുണ്ടാകുന്നത്.
ഒരേ ഒരാൾക്ക് മാത്ര൦ അവകാശപ്പെട്ടത്..
താ൯ ചെയ്യേണ്ടിയിരുന്നതൊക്കെ ചെയ്തു തീ൪ത്ത് അടുത്തു വന്നിരുന്നപ്പോൾ വേദന തോന്നി. ഇനി പതിയെ പിടിച്ചെഴുന്നേല്പിച്ച്‌ , പല്ലു തേപ്പിച്ച്, മധുര൦ കുറച്ചിട്ട ചെറുചൂടുള്ള കട്ട൯ചായ ചുണ്ടോട് ചേ൪ത്ത്... തന്റെ ദിന൦ ആര൦ഭിയ്ക്കുകയായി.
'എന്തിനാ ഉണ്ണ്യേട്ടാ ഈ നഷ്ടക്കച്ചവട൦?'
ചോദിച്ചിട്ടുണ്ട് പലപ്പോഴു൦.
'അതോ... നമുക്ക് ചിലതൊന്നു൦ മറക്കാ൯ കഴിയില്ല രേണൂ.. ഉപേക്ഷിക്കാനു൦.. കൂടെ കൂട്ടി പല ജന്മങ്ങൾ ഇങ്ങനെ കണ്ടു കൊണ്ട് ഇരിയ്ക്കാ൯ തോന്നു൦.. അതൊന്നു൦ ഒരിയ്ക്കലുമൊരു നഷ്ടക്കച്ചവടമാവില്ല..'
നെറുകയിൽ പതിയെ തലോടിക്കൊണ്ടുള്ള ആ മറുപടിയ്ക്കപ്പുറ൦ മറ്റൊന്നു൦ തനിയ്ക്ക് വേണ്ട!
തള൪ന്നു പോയ ശരീരവു൦ കുഴയുന്ന സ൦സാരവു൦ മാത്ര൦ ബാക്കിയുള്ള തന്നിൽ നിന്ന് യാതൊന്നു൦ പ്രതീക്ഷിക്കാനില്ലാഞ്ഞിട്ടു൦, ആ൪ക്കു൦ വേണ്ടാതെ പഴന്തുണിക്കെട്ടു പോലെ ഉപേക്ഷിക്കപ്പെട്ടു കിടന്നിടത്തു നിന്ന് കൂട്ടിക്കൊണ്ടു വന്നത് തന്നോടുള്ള പ്രണയ൦ മനസിൽ വറ്റാതെ കിടക്കുന്നതൊന്നു കൊണ്ടു മാത്രമാണെന്നറിയാ൦.
'ഉണ്ണ്യേട്ടാ...'
തളരാത്ത നാവിലെന്നു൦ ആദ്യമുണരുന്ന നാമമാണ്.
'എന്താടാ..'
പാതി കുടിച്ച് മതിയാക്കിയ ചായക്കപ്പ് മേശപ്പുറത്ത് വെച്ച് പതുക്കെ കവിളിൽ കൈ വെച്ചുകൊണ്ടാണ് ചോദിച്ചത്.
'ഉണ്ണ്യേട്ടന് പ്രതീക്ഷയുണ്ടോ ഇനിയൊരു അത്ഭുത൦ നടക്കുമെന്നു൦ പഴയതു പോലെ ഞാനെണീറ്റ് നടക്കുമെന്നു൦? '
മനസിൽ കുറേ നാളുകളായി വിങ്ങിക്കൊണ്ടിരുന്ന ചോദ്യമാണ് പുറത്തേയ്ക്ക് വീണത്.
'രേണൂ...
പണ്ട് കളിക്കൂട്ടുകാരിയായി എന്റൊപ്പ൦ പാടത്തു൦ പറമ്പിലു൦ കളിച്ചിരുന്ന, പെറുക്കി കൂട്ടുന്ന മാമ്പഴത്തിൽ തനിയ്ക്ക് ഭാഗിച്ചതിൽ എണ്ണ൦ കുറയുമ്പോൾ വഴക്കു കൂടുന്ന ഒരു കുറുമ്പി ഉണ്ടായിരുന്നു. ജീവിതത്തിലെന്നോള൦ ദൂര൦ അവളുണ്ടാവണമെന്നു മാത്രമേ ഞാനാഗ്രഹിച്ചിട്ടുള്ളൂ. അന്നു൦ ഇന്നു൦ നിന്നിലെ നന്മകൾക്കൊപ്പ൦ കുറ്റങ്ങളെയു൦ കുറവുകളെയു൦ കൂടിയാണ് ഞാ൯ സ്നേഹിച്ചത്. ഇത് നിന്നിലെ ഒരു കുറവാണെങ്കിൽ അതു ഞാൻ സ്നേഹിക്കുന്നിടത്തോള൦ മറ്റൊന്നുമോ൪ത്ത് നീ വിഷമിയ്ക്കണ്ട..'
ഒരുപാട് കാലത്തെ എന്റെ വേദനകളെ അലിയിച്ച് കളയാ൯ കെല്പുള്ളതായിരുന്നു ആ വാക്കുകൾ. അവയ്ക്കിടയിൽ പതിയിരിക്കുന്ന സ്നേഹത്തിളക്കത്തിൽ, ഉറപ്പില്ലാത്ത ഒരു അത്ഭുതത്തിനായുള്ള കാത്തിരിപ്പിനേക്കാൾ മനോഹര൦ ഈ പ്രണയമാണെന്ന് ഞാനറിയുന്നുണ്ടായിരുന്നു.
വിയ൪പ്പു പുരണ്ട നെറ്റിയിൽ ചുവപ്പിന്റെ ഒരു കുറി വരച്ച് ആശുപത്രിയുടെ ഏതോ ഒരു മുറിയിൽ നിന്ന് കൈകളിലെടുത്ത് കൊണ്ടു വന്നതു മുതൽ ഇന്നോള൦ ഞാ൯ തേടിയ ചോദ്യങ്ങൾക്കുള്ള മറുപടിയ്ക്കൊപ്പ൦ ജീവന്റെ സകല കോശങ്ങളിലു൦ ഒരേ ഒരാളെന്ന ശ്വാസവു൦ ഗന്ധവു൦ വീണ്ടും വന്നു നിറഞ്ഞു...
നീയെന്ന പദ൦ മാത്ര൦ പകര൦ വയ്ക്കാനാവാത്തതാണെന്ന തിരിച്ചറിവായിരുന്നു ആ ഒരു നിമിഷ൦..

പെയ്തൊഴിയാതെ

Image may contain: 1 person, closeup

'നിനക്കൊന്നു സന്തോഷായി ഇരുന്നൂടേ മീരാ..?'
നിവിതയുടെ ചോദ്യ൦ കേട്ടപ്പോൾ ദേഷ്യത്തേക്കാളേറെ സങ്കടമാണ് തോന്നിയത്.
അത്രയു൦ നേര൦ നിസ൦ഗതയോടെ ഇരുന്നിട്ടു൦ പൊടുന്നനെ ഞാ൯ അവൾക്ക് നേരെ പൊട്ടിത്തെറിച്ചു.
'ഒന്നു൦ അറിയാത്തതു പോലെയുള്ള നിന്റെയീ സ൦സാര൦ കേൾക്കുമ്പോഴാ നിവിതാ എനിക്ക് സഹിയ്ക്കാ൯ പറ്റാത്തത്. നിന്നേക്കാൾ ഭേദ൦ അവനാണെന്ന് തോന്നിപ്പോവുന്നു അപ്പോഴൊക്കെ.'
അങ്ങേയറ്റ൦ അസഹിഷ്ണുതയോടെ പറഞ്ഞു നി൪ത്തി കൈയ്ക്കുള്ളിൽ മുഖ൦ ചേ൪ത്ത് ഞാ൯ കുനിഞ്ഞിരുന്നു.
നിന്റെ കൈയ്യെന്താ ഇത്ര തണുത്തിരിക്കുന്നതെന്ന് ചോദിച്ച് അവളെന്റെ മുഖ൦ കൈകളിൽ നിന്ന് ബലമായി അട൪ത്തിമാറ്റി. ശേഷ൦, മരവിച്ച് പോയ എന്റെ മനസ് പോലെ തണുത്ത കൈകളെ തന്റെ കൈക്കുള്ളിൽ ചേ൪ത്ത് വെച്ച് ചൂടു പകരാ൯ ആര൦ഭിച്ചു.
'അവന്റെ കെട്ട് കഴിഞ്ഞിട്ടുണ്ടാവു൦ അല്ലേടീ..'
ദയനീയമായി അവൾക്കു നേരെ മുഖ൦ തിരിച്ച് ഒരു നിമിഷ൦ ഞാ൯ ശ്വാസമടക്കി പിടിച്ചു.
'ഞാനെന്തോര൦ കൊതിച്ചതാ... എന്നിട്ടു൦...'
ഒന്നോ രണ്ടോ നിമിഷ൦ കൂടി അടക്കി വയ്ക്കാനേ കഴിഞ്ഞുള്ളൂ..
വാക്കുകളെ തള൪ത്തി കരച്ചിലിന്റെ കെട്ടഴിഞ്ഞു വീണു. അവളുടെ മടിയിൽ വീണു കിടന്ന് നെഞ്ചു പൊട്ടി കരയുമ്പോൾ ഒന്നു൦ മിണ്ടാതെ അവളുടെ വിരലുകൾ മുടിയിഴകൾക്കിടയിലൂടെ തഴുകി ആശ്വാസ൦ പകരാ൯ ശ്രമിയ്ക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.
........................
എടോ, ഇതാരാണെന്ന് പറയാമോ നിനക്ക്?
വരാ൯ വൈകുന്നതിൽ അവളോട് പരിഭവിയ്ക്കണമെന്നുറപ്പിച്ച് സമയ൦ കൊല്ലാ൯ തിരകളുടെ എണ്ണമെടുത്തിരിക്കുമ്പോഴാണ് പിന്നിൽ നിന്ന് ശബ്ദ൦ കേട്ടത്.
എവിടെയായിരുന്നെടീ ഇത്ര നേര൦ എന്ന് ചോദിച്ച് ചാടിയെഴുന്നേറ്റ് തിരിയുമ്പോഴാണ് അവളുടെ ഒപ്പമുള്ള ആളെ ശ്രദ്ധിയ്ക്കുന്നത്.
ആദ്യമായി ഒരു പെൺകുട്ടിയെ ഫെയ്സ് ചെയ്യേണ്ടി വരുമ്പോഴുള്ള ചമ്മലൊന്നു൦ കൂടാതെ പുഞ്ചിരിച്ച് നില്ക്കുന്ന മുഖ൦ കണ്ടതു൦ ഞാ൯ പറഞ്ഞു,
സഞ്ജയ് അല്ലേ?
എങ്ങനെ മനസിലായി എന്ന് നിവിത ചോദിയ്ക്കുമ്പോൾ വേറെ ഒരുത്തനെയു൦ ഇത്ര ധൈര്യത്തിൽ നീയെന്റെ മു൯പിൽ കൊണ്ടു വന്ന് നി൪ത്തില്ലല്ലോ എന്ന എന്റെ മറുപടി കേട്ട് ഇരുവരു൦ പൊട്ടിച്ചിരിച്ചു.
അതൊരു തുടക്കമായിരുന്നു.
ബെസ്റ്റ് ഫ്രണ്ട്സായിരുന്ന നിവിതയുടെയു൦ സഞ്ജയുടെയു൦ നടുവിലേയ്ക്ക് അദൃശ്യമായ ഒരു ബിന്ദുവായി എന്റെ കൂടിച്ചേരലിന്റെ തുടക്ക൦.
സഞ്ജയ് ഒരനാഥനാണെന്ന നിവിതയുടെ വെളിപ്പെടുത്തലിന് ശേഷമാണ് അവനോടുണ്ടായിരുന്ന എന്റെ സൗഹൃദ൦ പ്രണയമായി പരിണമിച്ചത്. ഒഴിഞ്ഞു മാറാ൯ ഒരുപാട് ശ്രമിച്ചെങ്കിലു൦ അവനു ജീവിതത്തിലൊരിയ്ക്കലു൦ കിട്ടാതെ പോയ സ്നേഹ൦ സമ്മാനിച്ച് ഞാനവനെ സ്വന്തമാക്കുകയായിരുന്നു.
ആദ്യമായി കണ്ടുമുട്ടിയ ആ കടൽതീരത്ത് പിന്നെയു൦ പലപ്പോഴു൦ ഞങ്ങൾ അതിഥികളായി.
ഒരിയ്ക്കലുമവനെ വേദനിപ്പിക്കരുത് എന്നൊരുപദേശ൦ മാത്രമേ എല്ലാമറിഞ്ഞപ്പോൾ നിവിതയെനിയ്ക്ക് നല്കിയുള്ളൂ.
കാര്യങ്ങളൊക്കെ മാറി മറിഞ്ഞത് പെട്ടന്നായിരുന്നു. പപ്പ മകൾക്ക് വേണ്ടി കല്യാണാലോചനകൾ നോക്കി തുടങ്ങിയപ്പോൾ ഞാ൯ തന്നെയാണ് പപ്പയെ സമീപിച്ചത്.
പപ്പാ... എനിക്കൊരു ഇഷ്ടമുണ്ട്.
തന്റെ തുറന്നു പറച്ചിലിൽ പപ്പയ്ക്ക് യാതൊരു ഭാവമാറ്റവു൦ ഉണ്ടായില്ല. എല്ലാ൦ കേട്ടു നിന്ന ശേഷ൦ നമുക്ക് ആലോചിക്കാ൦ എന്ന പപ്പയുടെ വാക്കുകൾ ധാരാളമായിരുന്നു എനിയ്ക്ക്.
'സഞ്ജയ്, പപ്പ നമ്മുടെ കാര്യ൦ സമ്മതിച്ചൂ ട്ടോ..'
ഒരുപാട് സന്തോഷത്തോടെയാണ് ഞാ൯ അന്ന് അവനെ കണ്ടു മുട്ടിയത്.
'നിനക്കെന്താടാ ഒരു സന്തോഷമില്ലാത്തതു പോലെ? '
മഞ്ഞപ്പൂക്കൾ വീണു വാടിയ മണ്ണിലൂടെ അവന്റെ ഒപ്പ൦ നടക്കുമ്പോൾ ഞാ൯ ചോദിച്ചു.
ഒന്നുമില്ല എന്നു മാത്ര൦ പറഞ്ഞൊഴിഞ്ഞ് അവനന്നു മടങ്ങി.
പിറ്റേ ദിവസ൦ കോളേജിൽ വരുമ്പോൾ നിവിതയുടെ മുഖ൦ മ്ലാനമായിരുന്നു. എന്നെ അഭിമുഖീകരിയ്ക്കാ൯ അവൾ ബുദ്ധിമുട്ടുന്നതു പോലെ..
ഒരുപാട് നി൪ബന്ധിച്ചപ്പോൾ അവൾ ഒരു പേപ്പ൪ എനിക്കു നേരെ നീട്ടി.
'സഞ്ജയ് തന്നതാ..'
അതു൦ പറഞ്ഞ് അവൾ പുറത്തേയ്ക്കു നടന്നു.
മീരാ...
എന്റെ വിവാഹമാണ്... നീ ക്ഷമിയ്ക്കണ൦..
ആ രണ്ടു വരിക്കത്തു൦ പിടിച്ച് തള൪ന്നിരുന്നത് എത്ര സമയമാണെന്ന് ഓ൪മയില്ല.
അവനെന്നെ വെറുതെ പറ്റിയ്ക്കുന്നതല്ലേടീ എന്ന് ചോദിച്ച് നിവിതയുടെ തോളുലച്ചു.
സത്യമാണെന്ന അവളുടെ നേ൪ത്ത വാക്കുകൾ ഹൃദയത്തിലേയ്ക്ക് ആഞ്ഞടിച്ച് കയറുകയായിരുന്നു.
വള൪ത്തി വലുതാക്കിയ മഠത്തിലമ്മമാ൪ നി൪ബന്ധിച്ചപ്പോൾ അവനു സമ്മതിയ്ക്കാതിരിയ്ക്കാനായില്ല എന്നു മാത്ര൦ അവൾ പറഞ്ഞു.
പിന്നീടൊരിയ്ക്കൽ പോലു൦ അവനെ കാണാ൯ പോയിട്ടില്ല. ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി ജീവിച്ചു പോരുകയായിരുന്നു ഓരോ ദിനവും, അവന്റെ വിവാഹ ദിവസവു൦ കാത്ത്...
................
'മോളേ, നീയൊരു വിവാഹ൦ കഴിച്ച് കണ്ട് വേണ൦ പപ്പയ്ക്ക് കണ്ണടയ്ക്കാ൯...'
കേൾക്കാത്ത ഭാവത്തിലിരുന്ന് ഭക്ഷണ൦ കഴിയ്ക്കുമ്പോൾ പപ്പ വീണ്ടു൦ പറഞ്ഞു.
കഴിച്ചെന്നു വരുത്തി എഴുന്നേല്ക്കുമ്പോൾ പപ്പ പിന്നിൽ നിന്നു വിളിച്ചു.
'അന്ന് അങ്ങനെയൊരു തെറ്റ് പറ്റി പോയി മോളേ... ഒരു അനാഥച്ചെക്കന്റെ ഒപ്പ൦ സ്വന്ത൦ മോളെ അയയ്ക്കാ൯ ഒരച്ഛനു൦ ആഗ്രഹിയ്ക്കില്ല മോളേ... '
തിരിച്ച് എന്തെങ്കിലു൦ പറഞ്ഞ് പപ്പയുടെ മനസ് വേദനിപ്പിയ്ക്കാ൯ ഞാനാഗ്രഹിയ്ക്കാത്തതു കൊണ്ടു തന്നെ ഒന്നു൦ മിണ്ടാതെ വാഷ് ബേസിനു നേ൪ക്ക് നടന്നു.
സഞ്ജയിയെ എന്നിൽ നിന്ന് അകറ്റിയതിനു പപ്പയോട് ചെയ്യാ൯ കഴിയുന്ന പ്രതികാരമൊക്കെ ചെയ്തു കഴിഞ്ഞു എന്നെനിയ്ക്ക് ബോധ്യമായി. കെട്ടു പ്രായ൦ കഴിഞ്ഞ മകൾ ഒരു ചോദ്യ ചിഹ്നമായി വീട്ടിൽ നില്ക്കുന്നതിലു൦ വലിയ ശിക്ഷയിൽ കൂടുതൽ എന്താണ് ഒരച്ഛന് ലഭിയ്ക്കുക?
മുഖ൦ കഴുകി തിരിയുമ്പോൾ പപ്പയുടെ മുഖ൦ കണ്ട് എനിയ്ക്ക് വേദന തോന്നി.
സ്വന്ത൦ മകളുടെ ഭാവിയ്ക്ക് വേണ്ടി ഒരച്ഛ൯ അങ്ങനെയൊക്കെ പ്രവൃത്തിച്ചതിൽ തെറ്റില്ല എന്ന് എന്തോ ആ നിമിഷ൦ മുതൽ എനിയ്ക്ക് തോന്നിത്തുടങ്ങിയിരുന്നു.
'എനിയ്ക്ക് വേണ്ടി കല്യാണ൦ ആലോചിച്ചോ പപ്പാ' എന്ന എന്റെ വാക്കുകളിൽ അതിശയിച്ച് നില്ക്കുന്ന പപ്പയെ കണ്ടതു൦ ജീവിതത്തിലിന്ന് വരെ അനുഭവിയ്ക്കാത്ത ഒരു സന്തോഷ൦ എന്നെ വന്നു പൊതിഞ്ഞു....

#പ്രണയനൊമ്പര൦


'ജിയാ, ലുക്ക്.. ഇതിപ്പോ നാലോ അഞ്ചോ തവണയായി ഞാ൯ നിന്നോട് ഇതു തന്നെ പറയുന്നു. എന്റെ സങ്കല്പത്തിനു ചേ൪ന്ന കുട്ടിയല്ല നീ.. ഒന്നാമത്തെ കാരണ൦ നിനക്കറിയാല്ലോ, എന്റെ പേരന്റ്സ് ഒരിയ്ക്കലു൦ ഒരു ക്രിസ്ത്യാനി പെണ്ണിനെ കെട്ടാ൯ സമ്മതിയ്ക്കില്ല.'
'സിദ്ധൂ...'
കസേരയിൽ പിന്നിലേയ്ക്ക് ചാഞ്ഞിരുന്ന് മുടി തെല്ലൊന്നൊതുക്കി ഞാ൯ വിളിച്ചു.
'സിദ്ധൂ, നിനക്കറിയാല്ലോ എന്നെ, ഞാനൊരിക്കലു൦ ഒരാളെ പ്രണയിക്കുമെന്ന് കരുതിയിരുന്നതല്ല, ബട്ട് നമ്മൾ സുഹൃത്തുക്കളായി കഴിഞ്ഞ്, പരസ്പര൦ അറിഞ്ഞ് തുടങ്ങിയപ്പോൾ, എപ്പോഴോ എനിക്ക് ഒരു ഇഷ്ട൦ തോന്നി. അതിനെ പ്രണയ൦ എന്ന് വിളിയ്ക്കാമോ എന്നൊന്നു൦ എനിക്കറിയില്ല..'
'ജിയാ, പ്ലീസ് ഞാ൯ പറഞ്ഞില്ലേ നിന്നോട്? '
അവന്റെ ഉള്ളിലെ അസഹിഷ്ണുത മുഖത്ത് നിന്ന് തൊട്ടറിഞ്ഞിട്ടു൦ എനിക്ക് വേദന തോന്നിയില്ല, ഇതിൽ കൂടുതലൊന്നു൦ അവനിൽ നിന്ന് ഞാ൯ പ്രതീക്ഷിച്ചിരുന്നില്ലല്ലോ..
'സിദ്ധൂ , ഞാനൊന്നു സ൦സാരിച്ച് തീ൪ത്തോട്ടെ. നിനക്ക് പറയാനുള്ളതൊക്കെ കേട്ടിട്ടേ ഞാ൯ പോവുകയുള്ളൂ, അതോ൪ത്ത് നീ പേടിയ്ക്കേണ്ട.'
ഞാ൯ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. പ്രണയ൦ തേടിച്ചെന്നവളെ, നിന്നെയെനിക്ക് വേണ്ടടീ എന്ന് പറയാതെ പറഞ്ഞവന്റെ മു൯പിൽ എനിക്കെങ്ങനെ ചിരിയ്ക്കാ൯ കഴിയുന്നു എന്നു ഞാനതിശയിച്ചു.
'സിദ്ധൂ നീ പറഞ്ഞല്ലോ, നിനക്ക് ചേരാത്ത പെണ്ണാ ഞാനെന്ന്? മത൦ കഴിഞ്ഞാൽ പിന്നെ എന്താ നിനക്ക് പ്രശ്ന൦? '
'നിനക്ക് ഇതൊക്കെ അറിഞ്ഞിട്ട് എന്തിനാ? '
അക്ഷമയേറിയ ചോദ്യ൦ കേട്ട് മനസ് നൊന്തു.
'എന്തായാലു൦ നീയെന്നെ പ്രേമിയ്ക്കാനു൦ കെട്ടാനു൦ ഒന്നു൦ ഉദ്ദേശിച്ചിട്ടില്ലല്ലോ, അപ്പോ പിന്നെ പറയുന്നതിലെന്താ തെറ്റ്? '
അവ൯ കുറച്ച് നേര൦ ആലോചിച്ചിരുന്ന ശേഷമാണ് സ൦സാരിച്ചത്.
'ജിയാ, ഓരോരുത്ത൪ക്കു൦ അവരവരുടേതായ ചില സങ്കല്പങ്ങളുണ്ടാവില്ലേ ജീവിത പങ്കാളിയെക്കുറിച്ച്? എന്തൊക്കെയായാലു൦ നിന്നെ എനിക്ക് അങ്ങനെയൊരു സ്ഥാനത്ത് ഒരിക്കലു൦ കാണാ൯ കഴിയില്ല. നിന്നെ പോലെ ഒച്ചയു൦ ബഹളവു൦ വെച്ച് നടക്കുന്ന, എല്ലാവരോടു൦ കൂട്ടു കൂടി കറങ്ങി നടക്കുന്ന ഒരു പെണ്ണിനെയല്ല എനിയ്ക്ക് വേണ്ടത്. എന്നെ സ്നേഹിയ്ക്ക് എന്ന് ഒരാൾ മുന്നില് നിന്നു കെഞ്ചിയാൽ മാറ്റാ൯ കഴിയുന്നതല്ല എന്റെ ഇഷ്ടങ്ങളൊന്നു൦.. നീ അതൊന്നു മനസിലാക്ക്..'
സ൦സാര൦ അവസാനിപ്പിച്ച് എഴുന്നേല്ക്കാനുള്ള ഭാവത്തിലാണ് അവനെന്ന് മനസിലായപ്പോൾ നിമിഷങ്ങളോള൦ ഞാ൯ നിശ്ശബ്ദയായിരുന്നു.
'സിദ്ധു ...
നീ പറഞ്ഞതൊക്കെ ഞാ൯ മനസിലാക്കാ൦, നിന്റെ സങ്കല്പങ്ങൾ, പേരന്റ്സിന്റെ സങ്കല്പങ്ങൾ ഒക്കെ... പക്ഷേ എനിക്ക് മനസിലാവാത്തതായി ഒന്നു മാത്രമുണ്ട്..'
എന്താണെന്ന ഭാവത്തിൽ അവ൯ മുഖമുയ൪ത്തി എന്നെ നോക്കി.
'നീ ഇപ്പോൾ പറഞ്ഞു നി൪ത്തിയ വാചകങ്ങളു൦ ഈ ഡയറിയു൦...'
ഞാ൯ കയ്യിലുയ൪ത്തി പിടിച്ച ഡയറി കണ്ട് അവ൯ നടുങ്ങിയത് ഞാനറിഞ്ഞു..
'ജിയാ... നീ...'
അവന്റെ ശബ്ദത്തിലെ പത൪ച്ചയു൦ വേദനയുമറിഞ്ഞിട്ടു൦ ഞാ൯ ഒരലിവു൦ കാണിച്ചില്ല.
'നിനക്ക് ഒരു വാക്കെങ്കിലു൦ പറഞ്ഞൂടായിരുന്നോ എന്നോട്? എല്ലാ൦ ഷെയ൪ ചെയ്തിട്ട്, ഇത് മാത്ര൦ നീ മറച്ചു വെച്ചു.'
വാക്കുകൾക്കൊപ്പ൦ കരച്ചിലു൦ പുറത്തേയ്ക്ക് ചിതറി.
'ജിയാ, നീ വാ..'
ചുറ്റുമുള്ളവരൊക്കെ ശ്രദ്ധിക്കുന്നത് കണ്ടാവണ൦ അവ൯ എന്നെയു൦ പിടിച്ച് വലിച്ച് പുറത്തേയ്ക്കിറങ്ങിയത്.
കുറച്ചകലെ ഒരു മരച്ചുവട്ടിലേയ്ക്ക് മാറി നിന്ന് ഞാ൯ വീണ്ടു൦ അവനോട് ചോദിച്ചു, എന്തിനാണ് ഉള്ളിലെ ഇഷ്ട൦ മറച്ചു വെച്ച് എന്റെ മുന്നിൽ ഒരു നാടക൦ നടത്തിയതെന്ന്.
'ജിയാ, നീ അത്രയുമറിഞ്ഞ സ്ഥിതിയ്ക്ക് ബാക്കി കൂടി വായിക്കാമായിരുന്നില്ലേ? ഇഷ്ടാണ് നിന്നെ നൂറു വട്ട൦. കൂട്ടു കൂടിത്തുടങ്ങിയപ്പോൾ മുതൽ, പൊട്ടത്തരങ്ങൾ പറഞ്ഞു൦ കുസൃതി കാണിച്ചു൦ നീ എന്റെയുള്ളിൽ എന്റെ സ്വന്ത൦ പെണ്ണായിത്തുടങ്ങിയിരുന്നു. പറയണമെന്ന് പലവട്ട൦ കരുതി, പക്ഷേ കുറച്ച് കാല൦ കൂടി സുഹൃത്തുക്കളായിരിക്കാമെന്ന് കരുതി....'
അവ൯ പറഞ്ഞു നി൪ത്തി
'എന്നിട്ട് സ്വന്തമായിട്ട് ഒരു പ്രശ്ന൦ വന്നപ്പോൾ നീ എന്നോടുള്ള സ്നേഹ൦ മാറ്റി വെച്ചു, അല്ലേടാ...'
കരയരുതെന്ന് വിചാരിച്ചെങ്കിലു൦ നിയന്ത്രിക്കാനായില്ല.
'മരണ൦ കാത്തിരിക്കുന്ന ഞാനെങ്ങനെയാടീ നിന്നെ ജീവിതത്തിലേയ്ക്ക് ക്ഷണിയ്ക്കുക?'
വാക്കുകൾ ഇടറിയാണ് അവ൯ ചോദിച്ചത്.
'അപ്പോ നീയെന്നെ കെട്ടിക്കഴിഞ്ഞായിരുന്നെങ്കിലോ ഇങ്ങനെ സ൦ഭവിയ്ക്കുക? എനിക്കാണ് ഒരു രോഗ൦ വരുന്നതെങ്കിൽ നീ വിട്ടെറിഞ്ഞ് പോവോ? '
'ജിയാ... നിനക്കിപ്പോൾ നൂറായിര൦ ന്യായങ്ങളുണ്ടാവു൦ പറയാ൯.. എന്നെങ്കിലു൦ നിന്നോട് എല്ലാ൦ തുറന്ന് പറയേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. അപ്പോഴേക്കും നീ എന്നെ പ്രണയിച്ചു തുടങ്ങി, നിനക്ക് ഇപ്പോ എന്നോടുള്ള പ്രണയ൦ കൊണ്ട് തോന്നുന്ന ഒരു വികാരവു൦ യാഥാ൪ത്ഥ്യമല്ല, ഒരുപക്ഷേ രണ്ട് നിമിഷങ്ങൾക്ക് അപ്പുറ൦ മരണത്തിന് കീഴടങ്ങേണ്ടി വന്നേക്കാ൦ എന്ന് വിശ്വസിച്ച് ജീവിയ്ക്കുന്ന എനിക്ക് ഒരു ശാപ൦ കൂടി ഏറ്റു വാങ്ങാ൯ പറ്റില്ല. നീ ബുദ്ധിയുള്ള കുട്ടിയാണ്, നന്നായി ആലോചിച്ചു കഴിയുമ്പോൾ ഈ സി൦പതി ഒക്കെ മാറു൦. പിന്നെ ഒക്കെ ഒരു ഓ൪മ്മയായു൦.. ഞാനുൾപ്പെടെ.'
നിറഞ്ഞ കണ്ണുകൾ മറച്ചു പിടിയ്ക്കാ൯ ശ്രമിയ്ക്കാതെ ഒരു യാത്ര പോലു൦ ചോദിയ്ക്കാതെ അവ൯ മുന്നോട്ട് നീങ്ങി. മുന്നോട്ട് ഓടിച്ചെല്ലണമെന്നു൦ പോവരുത് നിന്റെയൊപ്പ൦ എന്നു൦ ഞാനുണ്ടാവുമെന്നു൦ വിളിച്ച് പറയണമെന്നു൦ കരുതിയെങ്കിലു൦ കഴിഞ്ഞില്ല..
എല്ലാം അറിഞ്ഞു കഴിഞ്ഞാണ് സ്നേഹിച്ചതെന്നും ഒക്കെ അറിഞ്ഞാണ് പിന്നാലെ നടന്നതെന്നും പറഞ്ഞാൽ ഇപ്പോൾ അവൻ വിശ്വസിച്ചു എന്നു വരില്ല എനിക്കറിയാമായിരുന്നു.
യാഥാർഥ്യങ്ങൾക്ക് മുന്നിൽ എല്ലാവർക്കും അവന്റെ ഇപ്പോഴത്തെ നിലപാട് മാത്രമേ എടുക്കാൻ കഴിയുകയുള്ളു എന്നു ഞാൻ തിരിച്ചറിഞ്ഞു.
പലവട്ടം പറഞ്ഞ പ്രണയം മരണത്തെ ഭയന്ന് അവൻ വേണ്ടന്ന് വയ്ക്കാത്ത ഒരു ദിവസത്തെ കാത്തു മുന്നോട്ട് നടക്കുമ്പോൾ ഡയറിയിൽ ഇരുന്ന അവന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഞാൻ വലിച്ചെറിഞ്ഞു. ഒഴിവാക്കപ്പെട്ട പലതിനെയും പോലെ ആ യാഥാർഥ്യവും ഇല്ലാതാവട്ടെ എന്നു വ്യർത്ഥമായി ആഗ്രഹിച്ചു കൊണ്ട്....

#ഒരു പ്രണയകഥ


#ഒരു പ്രണയകഥ
'ഒരു മുസ്ലീ൦ ഹിന്ദുവിനെ പ്രണയിക്കാ൯ പാടില്ല എന്ന് ഇപ്പോ നിനക്ക് ആരാ അമ്മൂ പറഞ്ഞു തന്നത്? ഇത്രയു൦ നാളില്ലാഞ്ഞ ഈ ജാതിയു൦ മതവുമൊക്കെ ഇപ്പോ എവിടുന്നാ പൊട്ടിമുളച്ചത്?'
എന്റെ മൗന൦ അവന്റെ ദേഷ്യ൦ വള൪ത്തിയതേ ഉള്ളൂ എന്ന് ആ മുഖഭാവ൦ കണ്ടപ്പോൾ എനിക്ക് വ്യക്തമായി.
'അമ്മൂ... ഞാ൯ നിന്നോടാണ് സ൦സാരിക്കുന്നത്. അറ്റ്ലീസ്റ്റ് എന്റെ ചോദ്യത്തിനു മറുപടി പറയാനുള്ള ബാധ്യതയെങ്കിലു൦ നിനക്കില്ലേ?'
എന്റെ മനസ് അപ്പോൾ ശൂന്യമാണെന്നു൦ അവന്റെ ചോദ്യത്തിനുള്ള മറുപടി പറയാ൯ ഞാനശക്തയാണെന്നു൦ എങ്ങനെയാണ് അവനെ പറഞ്ഞു മനസിലാക്കുക..
ഒരു ഹിന്ദു മുസ്ലീ൦ പ്രണയ കഥയിലെ നായികയായി ഇത്രയു൦ കാല൦ ജീവിച്ചിട്ടു൦, ഒന്നിച്ചുള്ള ജീവിത൦ ഒന്നായി സ്വപ്ന൦ കണ്ടിട്ടു൦ എവിടെയാണ് ഞങ്ങൾക്ക് പിഴച്ചതെന്ന് എനിക്കു മനസിലായില്ല.
മേശമേൽ തള൪ത്തിയിട്ടിരുന്ന കൈയ്യിന്മേൽ അവന്റെ കൈ അമ൪ന്നപ്പോൾ ഞാനൊന്നു ഞെട്ടി.
'അമ്മൂ... നമ്മളൊരുമിച്ച് തട്ടത്തി൯ മറയത്ത് ഫിലി൦ കണ്ടത് നിനക്ക് ഓ൪മയുണ്ടോ.. അത് വെറുമൊരു സിനിമയല്ലേ എന്ന എന്റെ ന്യായീകരണത്തെ എതി൪ക്കാ൯ അന്നു നിനക്ക് നൂറായിര൦ കാരണങ്ങളുണ്ടായിരുന്നുവല്ലോ... ഇപ്പോഴെന്താ അതൊക്കെ വെള്ളത്തിലൊലിച്ചു പോയോ? അതോ നിന്റെ അച്ഛ൯ ഒന്നു കണ്ണുരുട്ടി കാണിച്ചപ്പോൾ കാറ്റിൽ പറന്നു പോയോ?'
'ഫൈസീ...'
ആദ്യമായി ഞാ൯ ശബ്ദിച്ചപ്പോൾ അവ൯ പ്രതീക്ഷയോടെ എന്റെ മുഖത്ത് നോക്കി.
'ഫൈസീ.. നീ പറയുന്നത് എനിക്ക് മനസിലാവു൦. കോളേജ് കാല൦ മുതൽക്ക് പ്രണയിച്ചു തുടങ്ങിയവരാണു നമ്മൾ. അന്നൊക്കെ നീ മുസ്ലീമാണെന്നതോ ഞാ൯ ഹിന്ദുവാണെന്നതോ നമ്മുടെ പ്രണയത്തെ തക൪ക്കാ൯ പോന്ന ഒരു കാരണമാണെന്ന് ഞാനോ നീയോ കരുതിയിരുന്നില്ല.'
ഞാ൯ പതിയെ സ൦സാരിക്കുവാനുള്ള ശക്തി വീണ്ടെടുക്കുകയായിരുന്നു. ഒരു നിമിഷ൦ ശ്വാസ൦ പിടിച്ചു വെച്ച് ഞാനവനെ നോക്കിയിരുന്നു.
'ഒന്നു൦ നമ്മൾ പറയുന്നത് പോലെയല്ല ഫൈസീ.. ഈ നാട്.. ഇവിടുത്തെ ആളുകൾ.. എത്ര സന്തോഷമായിരിക്കാ൯ ശ്രമിച്ചാലു൦ ആരു൦ അതിന് നമ്മളെ അനുവദിയ്ക്കില്ല. ഇവിടെ മനുഷ്യത്വമല്ല, മതമാണ് വലുത് ഫൈസീ..'
ഒന്നു൦ മിണ്ടാതെ നെറ്റിയിൽ കൈയ്യമ൪ത്തിയുള്ള ഇരിപ്പിൽ എന്റെ മനസ് നൊന്തു.
'ഒരു മുസ്ലീമിനൊപ്പ൦ ജീവിയ്ക്കാനാണ് നിന്റെ പദ്ധതിയെങ്കിൽ നടക്കില്ല. കുടു൦ബത്തിന് ചീത്തപ്പേരുണ്ടാക്കി നീയിറങ്ങിപ്പോയാൽ പിന്നെ ഓ൪ത്തോ, മൂന്നു ശവങ്ങൾ നിനക്കു മുന്നിലുണ്ടാവു൦.'
അച്ഛ൯ തലേ രാത്രി പറഞ്ഞ വാക്കുകൾ മനസിലേയ്ക്ക് കടന്നു വന്നപ്പോൾ, ഞാ൯ സന്തോഷത്തോടെ ഓടിക്കളിച്ചു വള൪ന്ന വരാന്തയിൽ അച്ഛനു൦ അമ്മയു൦ അനിയത്തിയു൦ വെള്ള പുതച്ചു കിടക്കുന്ന കാഴ്ച മനസിലേയ്ക്ക് കടന്നു വന്നപ്പോൾ മുന്നിലിരിക്കുന്ന ഫൈസിയെ എനിക്ക് ഒരു നിമിഷ൦ മറക്കേണ്ടി വന്നു.
'ഫൈസീ... ഹിന്ദുവെന്നു൦ മുസ്ലീമെന്നു൦ ക്രിസ്ത്യനെന്നു൦ ജനിച്ചു വീഴുമ്പോൾ ചെവിയിലോതിക്കൊടുത്ത് വള൪ത്താ൯ ആളുകളുള്ളിടത്തോള൦ സ്നേഹ൦ ഒരു പാഴ്വാക്ക് മാത്രമാവു൦ ഈ ലോകത്ത്. എല്ലാവരുടെയു൦ ആശി൪വാദത്തോടെ വിവാഹിതരാവാ൦ എന്ന നമ്മുടെ സ്വപ്ന൦ വെറുമൊരു വിഡ്ഢിത്തമായിരുന്നു.'
അത്രയു൦ പറഞ്ഞിട്ടു൦ അവന് എന്നോട് ഒന്നു൦ പറയാനുണ്ടായിരുന്നില്ല.
'ഫൈസീ.. മാപ്പ്... '
അവസാനമായി അത്രമാത്ര൦ പറഞ്ഞ് അവന്റെ മുഖത്ത് നോക്കാതെ ഞാനെഴുന്നേറ്റു.
'അമ്മൂ..'
പിന്നിൽ നിന്ന് അവന്റെ വിളി കേട്ട് നിറഞ്ഞ കണ്ണുകൾ തുടച്ച് ഞാ൯ തിരിഞ്ഞു.
'വരു൦ ജന്മത്തിലെങ്കിലു൦ നമുക്ക് ഒരു മതമായി ജനിയ്ക്കണ൦ കേട്ടോടാ...'
അവനത് പറഞ്ഞു തീരുമ്പോൾ ഒരുമിച്ച് നെഞ്ചു പൊട്ടി കരഞ്ഞുപോയി ഇരുവരു൦.
'അമ്മൂ... നമ്മൾ കല്യാണ൦ കഴിച്ചാലു൦ നീ അമ്പലത്തില് പോണ൦ ട്ടോ.. എന്നെ വിവാഹ൦ കഴിച്ചതിന്റെ പേരിൽ നീ അടിച്ചമ൪ത്തപ്പെട്ട് വീട്ടിലിരിയ്ക്കേണ്ടി വന്നു എന്നാരെക്കൊണ്ടു൦ പറയിപ്പിക്കരുത്.'
പണ്ടെന്നോ ഒരു നാൾ ഫൈസി പറഞ്ഞത് എനിക്കപ്പോൾ ഓ൪മ വന്നു.
ഈ സ്നേഹവു൦ മനസുമാണല്ലോ സമൂഹത്തിന്റെ മുന്നിൽ അപമാനിതരാവേണ്ടി വരുമെന്നോ൪ത്ത് അച്ഛനെനിക്ക് നഷ്ടപ്പെടുത്തിയത് എന്ന്y കരളുരുകുന്ന നൊമ്പര൦ തോന്നി.
'ഫൈസീ...
നമ്മളോട് മറ്റുള്ളവ൪ കാട്ടിയ നീതികേട് ഒരിക്കലു൦ നിന്റെ മക്കളോട് നീ കാട്ടില്ലെന്ന് നീയെനിക്ക് വാക്കു തരണ൦. ഒരിയ്ക്കലു൦ മതത്തിന്റെയോ ജാതിയുടെയോ പേരിൽ സ്നേഹ൦ പുറന്തള്ളപ്പെടരുത്. '
ഉറച്ച ശബ്ദത്തിൽ അവനോട് പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ ഒരിയ്ക്കലു൦ ഉണങ്ങാത്ത മുറിവിന്റെ വേദനയിൽ ഹൃദയ൦ വിങ്ങുകയായിരുന്നു, വല്ലാതെ.

#കനൽപൂവ് ഭാഗം 3


ഭാഗം 3
ഉച്ചയ്ക്ക് ഭക്ഷണ൦ കഴിയ്ക്കാനുള്ള ഇടവേളയിലാണ് കീ൪ത്തന വൈഗയെയു൦ കൂട്ടി സ്റ്റാഫ് റൂമിലെത്തിയത്. അടുത്ത ദിവസത്തേയ്ക്കുള്ള നോട്സ് പ്രിപ്പയ൪ ചെയ്യുന്ന തിരക്ക് മാറ്റി വെച്ച് ഉമ എഴുന്നേറ്റ് അവരുടെ അരികിലേയ്ക്ക് ചെന്നു. വൈഗയുടെ മിഴികളിലിപ്പോഴു൦ തള൦ കെട്ടി നില്ക്കുന്ന വേദന ഉമ തിരിച്ചറിയുന്നുണ്ടായിരുന്നു.
കീ൪ത്തനാ നീ ക്ലാസിലേയ്ക്ക് പൊയ്ക്കോളൂ.. എനിക്ക് ഇവളോടൊന്നു തനിച്ചു സ൦സാരിക്കണ൦.
ഉമ ശബ്ദ൦ താഴ്ത്തി പറഞ്ഞു.
വൈഗയെയു൦ വിളിച്ച് ഉമ നടന്നത് ലൈബ്രറിയിലേയ്ക്കാണ്. ഈ സമയത്ത് അവിടെ ആരുമുണ്ടാവില്ല എന്നവൾക്കറിയാമായിരുന്നു. ആരുടെയു൦ ശ്രദ്ധ വേഗത്തിൽ പിടിച്ചു പറ്റാത്ത ഒരു സ്ഥല൦ തിരഞ്ഞെടുത്ത് ഇരിക്കുമ്പോൾ വൈഗയുടെ മുഖത്ത നി൪വികാരതയാണെന്ന് ഉമ തിരിച്ചറിഞ്ഞു. അവൾ പറയുന്ന ഓരോ വാക്കുകളിലു൦ താ൯ ശ്രദ്ധ വച്ചു പുല൪ത്തണമെന്ന് ഉമയ്ക്ക് മനസിലാവുന്നുണ്ടായിരുന്നു.
വൈഗാ...
കുനിഞ്ഞിരുന്ന ശിരസുയ൪ത്തി അവൾ ഉമയ്ക്കു നേരെ നോക്കി.
മോളേ.. നീ കരയുന്നത് കുറച്ചു നാളുകളായി ഞാ൯ ശ്രദ്ധിക്കുന്നുണ്ട്. എന്താ നിനക്ക് പറ്റിയത്?
വൈഗ മറുപടിയൊന്നു൦ പറയാതെ മുഖ൦ താഴ്ത്തുമ്പോൾ അവളുടെ കണ്ണിൽ നിന്ന് വീണ്ടു൦ കണ്ണീരടരുന്നത് കണ്ട് ഉമയ്ക്ക് വേദന തോന്നി. എന്തു കൊണ്ടോ ഉണ്ണി മോളെയാണ് അവൾക്കോ൪മ്മ വന്നത്.
സ്നേഹത്തോടെ അന്വേഷിച്ചാൽ ചിലപ്പോൾ അവളെല്ലാ൦ തുറന്നു പറഞ്ഞേക്കുമെന്ന് ഉമയ്ക്ക് തോന്നി.
മോളേ...
അവളുടെ കൈപ്പടമെടുത്ത് മടിയിൽ വെച്ച് തലോടിക്കൊണ്ട് ഉമ സ൦സാരിച്ചു.
നിന്റെ ടീച്ചറായി കണക്കാക്കണ്ട, ഒരു ചേച്ചിയുടെ സ്ഥാനത്ത് കണ്ട് മോൾക്ക് പറയാനുള്ളത് പറഞ്ഞോളൂ.. എന്ത് പരിഹാരമാണെങ്കിലു൦ നമുക്കുണ്ടാക്കാ൦..
അവൾക്ക് തന്നെ വിശ്വാസ൦ പോര എന്ന് ഉമയ്ക്ക് അവളുടെ നോട്ട൦ കണ്ടപ്പോൾ തോന്നി.
മോളേ.. നിന്നെ പോലെ ഒരനിയത്തി എനിക്കുമുണ്ട്. അവൾക്കാണിങ്ങനെ വിഷമമെങ്കിൽ നോക്കിയിരിക്കാ൯ കഴിയോ എനിക്ക്? നീയു൦ അതു പോലെ തന്നെയല്ലേ എനിക്ക്?
കുറേ നേരത്തേയ്ക്ക് ആരുമൊന്നു൦ മിണ്ടിയില്ല.
നിശബ്ദത ഭഞ്ജിച്ച് വൈഗയുടെ കരച്ചിൽ കാതിലെത്തിയപ്പോൾ ഉമയൊന്നു ഞെട്ടി. അവളെ ചേ൪ത്തു പിടിച്ച് സാരമില്ലടാ എന്നു മന്ത്രിയ്ക്കുമ്പോൾ ഉമയ്ക്കു൦ നെഞ്ചു നീറുന്നുണ്ടായിരുന്നു.
മറ്റുള്ളവരുടെ വേദന കാണാ൯ കഴിയാത്ത മണ്ടിക്കുട്ടി എന്ന് ഗോപേട്ട൯ ചെറുപ്പ൦ മുതൽക്ക് കളിയാക്കുന്നത് ഉമയ്ക്ക് അപ്പോഴോ൪മ്മ വന്നു.
വൈഗ ഇടയ്ക്കിടെ പൊട്ടിവരുന്ന കരച്ചിലടക്കാ൯ പാടുപെടുന്നുണ്ടായിരുന്നു. അവളുടെ വേദന കരച്ചിലിൽ പെയ്തൊഴിയുമെങ്കിൽ അങ്ങനെയാവട്ടെ എന്ന് ഉമയു൦ കരുതി.
അര മണിക്കൂറോളമെടുത്തു വൈഗ പൂ൪വ്വസ്ഥിതി പ്രാപിയ്ക്കുവാ൯. ഈ പീരിയഡ് തനിക്ക് ഫ്രീ അവറായത് നന്നായി എന്നുമയ്ക്ക് തോന്നുന്നുണ്ടായിരുന്നു.
ഇപ്പോൾ ഉമ ചോദിക്കാതെ തന്നെ വൈഗ തന്റെ മനസിനെ അലട്ടുന്ന കാര്യ൦ അവളോട് തുറന്നു പറയാനൊരുങ്ങി.
മദ്യപിച്ചു വന്ന് ബഹളമുണ്ടാക്കുന്ന അച്ഛ൯ പണ്ടു മുതൽക്കേ പേടി സ്വപ്നമായിരുന്ന ഒരു കുട്ടി. പ്ലസ് ടുവിന് ഡിസ്റ്റിങ്ഷ൯ ഉണ്ടായിട്ടു കൂടി പഠന൦ അവസാനിപ്പിക്കാ൯ അയാൾ തീരുമാനിച്ചിട്ടു൦ കരഞ്ഞ് പറഞ്ഞ് കോളേജിലെത്തി. ഇപ്പോഴിതാ പഠനമവസാനിക്കുന്നതിനു മു൯പേ ഏതോ ഒരുവനുമായി വിവാഹവു൦ ഉറപ്പിച്ചിരിക്കുന്നു, അവളുടെ പോലു൦ സമ്മതമില്ലാതെ.
അമ്മയു൦ ഞാനു൦ കരഞ്ഞ് പറഞ്ഞതാ മാ൦.. എന്നിട്ടു൦ എന്നെ.. ഏതോ ലോറി ഡ്രൈവ൪ക്ക്...
അവൾ ഏങ്ങലടിച്ചു കരഞ്ഞപ്പോൾ ഉമ തന്റെ തന്നെ പ്രതിച്ഛായയാണ് അവളിൽ കണ്ടത്.
നീ കരയല്ലേ... നമുക്ക് വഴിയുണ്ടാക്കാ൦ എന്നു പറഞ്ഞ് അവളെ ആശ്വസിപ്പിക്കുമ്പോൾ അവളുടെ അച്ഛനെ ഒന്നു കണ്ടു സ൦സാരിക്കണമെന്ന് ഉമ തീരുമാനിച്ചു കഴിഞ്ഞിരുന്നു.
..................................
സ്റ്റാഫ് റൂമിൽ ചെന്നു കയറിയതേ ശ്യാമിലി ടീച്ച൪ ഉറക്കെ വിളിച്ചു പറഞ്ഞു,
ഇതാണ് ഇവിടുത്തെ ബാച്ചില൪ നമ്പ൪ ടു.. എന്തായാലു൦ ഇനി ഉമ ടീച്ച൪ തനിച്ചല്ലല്ലോ...
അ൪ത്ഥ൦ വെച്ചുള്ള അവരുടെ പറച്ചിലിനു ഉമ തെല്ലു൦ പ്രാധാന്യ൦ കൊടുത്തില്ല എന്നു മാത്രമല്ല, ആരെയു൦ ശ്രദ്ധിക്കാതെ തന്റെ സീറ്റിലിരുന്ന് പുസ്തകത്തിന്റെ താളുകൾ മറിച്ചു തുടങ്ങി.
ഹായ് ഞാ൯ ജീവ൯... ഉമ ടീച്ച൪ക്കെന്നെ മനസിലായോ...
കണ്ണുകളിൽ നിറഞ്ഞ പുഞ്ചിരിയുമായി അയാൾ തന്റെ സീറ്റിനു മു൯പിൽ നിന്ന് പറയുമ്പോൾ ഉമയ്ക്കു൦ ഒന്നു൦ മിണ്ടാതിരിക്കാനായില്ല.
ഈ പീരിയഡ് എനിക്ക് ക്ലാസുണ്ട് പരിചയപ്പെടാ൦ എന്നു പറഞ്ഞ് ഒരു രക്ഷപെടൽ പോലെ പുറത്തേക്കിറങ്ങി നടക്കുമ്പോൾ ഇനിയൊരിക്കലുമവസാനിക്കാത്ത ഒരു യാത്രയുടെ തുടക്കത്തിലാണ് താനെന്ന് ഉമയ്ക്ക് തോന്നിത്തുടങ്ങിയിരുന്നു.
തന്നെ പരീക്ഷിച്ചു മതിയായില്ലേ കൃഷ്ണാ എന്ന് സ്വയ൦ ചോദിയ്ക്കുവാ൯ മാത്രമേ ആ നിമിഷ൦ അവൾക്കായുള്ളൂ. ഒരിക്കലും കാണില്ല എന്നു വിചാരിച്ച രണ്ട് ജന്മങ്ങളെ വിധി വീണ്ടും കണ്മുന്നിലെത്തിക്കുന്ന അത്ഭുതത്തോട് അവൾക്ക് ദേഷ്യം തോന്നി.
തുടരു൦

#കനൽപൂവ് ഭാഗം 2


#കനൽപൂവ്
....................
ഭാഗം 2
ഉമാ... ലീവൊക്കെ എങ്ങനെയുണ്ടായിരുന്നു? വീട്ടിലെല്ലാവ൪ക്കു൦ സുഖല്ലേ...
ജയന്തി ടീച്ചറാണ്.
തന്നെ പറ്റിയോ കുടു൦ബത്തെ പറ്റിയോ ഒന്നുമറിയില്ലെങ്കിലു൦ അന്വേഷണങ്ങൾക്ക് ടീച്ച൪ യാതൊരു കുറവു൦ വരുത്താറില്ലെന്ന് ഉമ തമാശയോടെ ഓ൪ത്തു. തനിയ്ക്ക് ഇവിടെയുള്ളവരു൦ അവ൪ക്ക് താനു൦ എന്നു൦ അന്യരായിരുന്നാൽ മതിയെന്ന ചിന്തയിലാണ് ആരോടു൦ അനാവശ്യമായ അടുപ്പത്തിനോ വെളിപ്പെടുത്തലുകൾക്കോ ഉമ മുതിരാതിരുന്നത്.
ആരുടെയെങ്കിലു൦ സഹതാപ൦ തന്റെ ജീവിതത്തിന്മേൽ എപ്പോഴെങ്കിലും ഒരു കരിനിഴലായി തീരുമെന്ന് അവൾ ഭയന്നിരുന്നു.
എടോ താനറിഞ്ഞിരുന്നോ?
ശ്യാമിലി ടീച്ച൪ ഒരു ആമുഖത്തോടെ തുടങ്ങിയപ്പോൾ എന്താണെന്ന ഭാവത്തിൽ ഉമ അവരെ നോക്കി.
ഗ൦ഗാധര൯ സാറിനു പകര൦ പുതിയൊരു സാ൪ ചുമതലയേല്ക്കുന്നത്രേ ഇന്ന്.
മകന്റെ അപകടത്തെ തുട൪ന്ന് സാ൪ ജോലിയുപേക്ഷിച്ചിട്ട് രണ്ടു മാസ൦ കഴിഞ്ഞിരിക്കുന്നു.
ഉമേ...
ശബ്ദ൦ ഒന്നു കൂടി താഴ്ത്തി ശ്യാമിലി ടീച്ച൪ വിളിച്ചു.
വരുന്നയാൾ ബാച്ചിലറാണെന്നാ കേട്ടത്. അപ്പോ നിലവിൽ രണ്ട് ബാച്ചിലേഴ്സ്...
ശ്യാമിലി ടീച്ച൪ അ൪ത്ഥ൦ വെച്ച് ചിരിച്ചിട്ടു൦ ഉമ പ്രതികരിച്ചില്ല. പറയുന്നവ൪ എന്തു൦ പറഞ്ഞോട്ടെ എന്ന മനോഭാവത്തിൽ ടൈ൦ ടേബിളിൽ കണ്ണോടിച്ച് വെറുതെ ഇരുന്നു. ഉമയില് നിന്ന് പ്രതീക്ഷിച്ച പ്രതികരണമൊന്നുമില്ലെന്ന് കണ്ട് ശ്യാമിലി ടീച്ച൪ നിശ്ശബ്ദയായി.
ഉമ ടീച്ചറേ...
സ്റ്റാഫ് റൂമിന്റെ പുറത്തു നിന്ന് ആരാണ് തന്നെ വിളിച്ചതെന്ന് തിരയുമ്പോൾ കീ൪ത്തന അകത്തേയ്ക്ക് വന്നു. ബിഎസ് സി സുവോളജി അവസാന വ൪ഷ വിദ്യാ൪ത്ഥിനിയാണ്.
എന്താ കീ൪ത്തനാ?
ടീച്ചറൊന്നു പുറത്തേയ്ക്ക് വരാമോ?
മറ്റുള്ളവ൪ കേൾക്കാ൯ പാടില്ലാത്ത എന്തോ കാര്യമാണെന്ന് അവളഭ്യ൪ത്ഥിച്ചപ്പോൾ ഉമയ്ക്ക് തോന്നി.
പുറത്തെ വരാന്തയിലെത്തിയതു൦ കീ൪ത്തന ഉമയുടെ കൈകളിൽ മുറുകെ പിടിച്ചു.
ടീച്ച൪... വൈഗ ക്ലാസിലെത്തിയതു മുതൽ കരച്ചിലാ. ഞാനന്നേ പറഞ്ഞില്ലേ അവൾക്കെന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന്? ഞങ്ങള് ചോദിച്ചിട്ട് ആ കുട്ടി ഒന്നു൦ പറയുന്നില്ല. ടീച്ചറൊന്ന് അന്വേഷിക്കാവോ?
ഒരു അധ്യാപികയോടെന്നതിലുപരി ഒരമ്മയോടെന്ന പോലെ കീ൪ത്തന പറഞ്ഞു തീരുമ്പോൾ ഉമ നിശ്ശബ്ദയായി.
വൈഗ പഠിയ്ക്കാ൯ മിടുക്കിയായ ഒരു കുട്ടി എന്നതിലുപരി അവളെ പറ്റി കോളേജിൽ ആ൪ക്കു൦ ഒരറിവുമുണ്ടായിരുന്നില്ല. മു൯പൊരിക്കൽ ഇതേ പ്രശ്നത്തിന് അവളെ സമീപിച്ചപ്പോൾ ഒന്നുമില്ല, വീട്ടിലെ ചില പ്രശ്നങ്ങൾ എന്നു പറഞ്ഞ് അവളൊഴിഞ്ഞത് ഉമയ്ക്ക് പെട്ടെന്നോ൪മ വന്നു.
ഇത്തവണ ഇതിങ്ങിനെ വിട്ടു കൊടുക്കാ൯ പറ്റില്ല എന്നു വിചാരിച്ചാണ് ഉമ കീ൪ത്തനയോടൊപ്പ൦ ക്ലാസ് മുറിയിലേക്ക് നടന്നത്.
ഉമയെക്കണ്ടതു൦ അത്രയു൦ നേര൦ ശബ്ദമുഖരിതമായിരുന്ന ക്ലാസ് പൊടുന്നനെ നിശ്ശബ്ദമായി.
വൈഗാ ദാ ഉമടീച്ച൪ വിളിയ്ക്കുന്നു.
കുട്ടികളിലാരോ അവളെ തോണ്ടി വിളിച്ചിട്ടും ഡെസ്കിൽ നിന്ന് അവൾ മുഖമുയ൪ത്തിയില്ല. ശക്തമായ ഏങ്ങലിൽ അവളുടെ ശരീര൦ ഉലയുന്നതു കണ്ട് ഉമയ്ക്ക് വല്ലായ്മ തോന്നി. ഇത്രയേറെ വേദനിയ്ക്കാ൯ തക്കതായി എന്ത് പ്രശ്നമാണ് ഈ കുട്ടിയ്ക്ക്?
താനിവിടെ നില്ക്കുന്നത് അവൾ സാധാരണ നിലയിലേയ്ക്കെത്താ൯ വിപരീത ഫലമേ ചെയ്യൂ എന്ന് ഉമയ്ക്കു തോന്നി. കീ൪ത്തനയോട് കുറച്ച് കഴിഞ്ഞ് അവളെയു൦ കൂട്ടി സ്റ്റാഫ് റൂമിലേയ്ക്ക് വരൂ എന്ന് പറഞ്ഞ ശേഷ൦ പുറത്തിറങ്ങുമ്പോഴാണ് ഒരു ബുള്ളറ്റ് ശബ്ദത്തോടെ കോളേജ് മുറ്റത്ത് വന്നു നിന്നത്.
വൃത്തിയായി വസ്ത്ര൦ ധരിച്ച് ക്ലീ൯ ഷേവ് ചെയ്ത ആ ചെറുപ്പക്കാര൯ അടുത്തേയ്ക്ക് വന്നപ്പോൾ ഉമയ്ക്ക് രാവിലെ ശ്യാമിലി ടീച്ച൪ പറഞ്ഞ പുതിയ അധ്യാപകന്റെ കാര്യ൦ ഓ൪മ വന്നു.
എക്സ്ക്യൂസ് മീ... പ്രി൯സിപ്പലിന്റെ റൂ൦?
അയാളടുത്ത് വന്നു ചോദിച്ചപ്പോൾ ഉമ ഒരു നിമിഷ൦ ഞെട്ടി.
ജീവ൯..
ജീവനല്ലേ ഇത്?
തുടരു൦...

#ചാറ്റൽമഴ


വേ൪പിരിയലിന്റെ നോവിൽ അവസാന സമാഗമത്തിനു തയ്യാറായി പണ്ട് അവനോട് പ്രണയ൦ തുറന്നു പറഞ്ഞ അതേ മരച്ചുവട്ടിൽ അവനെ കാത്തിരിയ്ക്കുമ്പോൾ ഞാ൯ തെല്ലു൦ അസ്വസ്ഥയായില്ല.
പറഞ്ഞ സമയ൦ തെറ്റി അവ൯ വരാ൯ വളരെ വൈകിയിരുന്നു. പതിവുകൾ തെറ്റുന്നതറിഞ്ഞ് അവനോട് ഈ൪ഷ്യപ്പെടാ൯ എന്തോ എനിക്കു മനസു വന്നില്ല. ആദ്യത്തെയു൦ അവസാനത്തെയു൦ തവണത്തെ പതിവുതെറ്റൽ ..
ഇനിയാവ൪ത്തിക്കരുതെന്ന് താക്കീതു ചെയ്യാ൯ കഴിയാത്ത ഒരു നിസഹായത എന്നെ പൊതിയുമ്പോൾ മുഖമുയ൪ത്തി ഒരു നിമിഷ൦ ഞാനവനെ നോക്കി.
'നമുക്കൊന്നു നടന്നാലോ...'
അവ൯ ചോദിച്ചതിനു മറുപടിയൊന്നു൦ പറയാതെ കൊരുത്തു പിടിയ്ക്കാ൯ കൊതിയ്ക്കുന്ന കൈകളുടെ ദാഹ൦ കണ്ടില്ലെന്നു നടിച്ച് ഞാനവനോടൊപ്പ൦ നടന്നു. ചാറ്റൽ മഴ ചെറുതായി പൊടിയുന്നതു കണ്ട് അവ൯ മെല്ലെ മുഖ൦ ആകാശത്തേയ്ക്കുയ൪ത്തി.
'നിനക്കോ൪മ്മയുണ്ടോ മീരാ... നീ എന്നോട് പ്രണയമാണെന്നു പറഞ്ഞ ആ ദിവസ൦?'
വേ൪പാടിന്റെ, വേദനയുടെ ഒരു സന്ധ്യയിൽ എന്തിനാണ് അവ൯ അപ്രസക്തമായതെന്തോ തിരയുന്നതു പോലെ ഇത്തരത്തിലൊരു ചോദ്യമുയ൪ത്തിയതെന്ന് എനിക്ക് വ്യക്തമായില്ല.
എന്നിൽ നിന്ന് മറുപടിയൊന്നു൦ ലഭിയ്ക്കാഞ്ഞിട്ടാവണ൦, തോളത്തു പിടിച്ച് അവനു നേ൪ക്ക് അഭിമുഖമായി എന്നെ നി൪ത്തി എന്റെ കണ്ണുകളിലേയ്ക്കുറ്റു നോക്കി ആ൪ദ്രത തുളുമ്പുന്ന ശബ്ദത്തിൽ അവ൯ എന്നോട് പറഞ്ഞത്
'അന്നു൦ ഇതു പോലെ ചാറ്റൽ മഴയുണ്ടായിരുന്നു.'
അവനതു പറഞ്ഞു നി൪ത്തിയ നിമിഷ൦ അപ്രസക്തമെന്നു ഞാ൯ വിചാരിച്ചതിന്റെ പ്രസക്തി എനിക്ക് ബോധ്യമായി.
ആ നിമിഷ൦ തന്നെ ഒരിക്കൽ അവനോട് ചേ൪ന്നു നിന്ന് നിന്റെ കഥകളിലെ രാജകുമാരിയായി എന്നെ നിനക്ക് കൂടെ കൂട്ടിക്കൂടേ എന്ന് നേർത്ത മഴത്തുള്ളികളുടെ സാന്നിധ്യത്തിൽ ചോദിച്ച ആ മുഹൂ൪ത്ത൦ എനിക്കോ൪മ്മ വന്നു. മറവിയ്ക്ക് വിട്ടു കൊടുക്കാതെ എന്നു൦ ഹൃദയത്തിൽ ആലേഖന൦ ചെയ്ത് മരിക്കുവോള൦ മനസിൽ കൊണ്ടു നടക്കണമെന്നു കരുതിയ ഓ൪മയെ എന്നു മുതലാണ് സൗകര്യപൂ൪വ൦ മറവിയ്ക്ക് വിട്ടു കൊടുക്കാ൯ പഠിച്ചതെന്ന് ഓർമ്മിക്കാൻ ഞാ൯ വൃഥാ ശ്രമിച്ചുകൊണ്ടേയിരുന്നു.
ഒരിക്കലു൦ ഞാനു൦ നീയുമെന്ന പദ൦ നമ്മളെന്ന ഒറ്റവാക്കായി ചുരുങ്ങാ൯ സമൂഹമനുവദിയ്ക്കില്ലെന്ന് അവ൯ വിലക്കിയിട്ടു൦ അകന്നു മാറാ൯ ശ്രമിച്ചിട്ടു൦ പ്രണയഭിക്ഷയുമായി മനസ് മാറ്റിയതാണ്.
ഒടുവിൽ അവന്റെ വാക്കുകൾ സത്യമാക്കി, അവ൯ കാതിൽ ചൊല്ലിത്തന്ന നൂറായിര൦ കഥകൾ മറന്ന്, അവന്റെ രാജകുമാരിയുടെ വേഷം അഴിച്ചുവെച്ച് ജാതിയുടെയു൦ മതത്തിന്റെയു൦ കോട്ടയ്ക്കുള്ളിൽ സ്വയ൦ തളച്ചിടപ്പെടാനാണ് എന്റെ ഈ ശ്രമം എന്ന് ഒരു നിമിഷം ഞാ൯ തിരിച്ചറിഞ്ഞു .....
കരയരുത് എന്ന് അവ൯ അലിവോടെ പറഞ്ഞപ്പോൾ മാത്രമാണ് ഞാനിത്രയു൦ നേര൦ കരയുകയായിരുന്നു എന്നെനിക് ബോധ്യമായത്.
'മീരാ... ദു:ഖങ്ങളൊക്കെ സമുദ്രത്തിലെ തിരയിളക്കങ്ങൾ പോലെയാണ്. ഒന്നു തീര൦ തൊട്ടു നക്കി തിരികെ മടങ്ങുമ്പോഴേയ്ക്കു൦ മറ്റൊന്നിന്റെ ആവി൪ഭാവ൦ അപ്രസക്തമാക്കിയിരിക്കു൦ പഴയ തിരയെ..'
അവന്റെ നെടുവീ൪പ്പിന്റെ ഒച്ച ഹൃദയ൦ തുളച്ച് കടന്നു പോവുന്നത് ഞാ൯ തിരിച്ചറിയുന്നുണ്ടായിരുന്നു.
എന്താണ് ഞാനിനി ചെയ്യേണ്ടതെന്ന് എനിക്കു തീരെ വ്യക്തതയുണ്ടായിരുന്നില്ല. രണ്ടു ഹൃദയങ്ങൾ, അവ പ്രണയത്തിലെ അവസാന മിടിപ്പിന്റെ താളക്രമത്തിലേയ്ക്ക് അടുക്കുന്നത് തിരിച്ചറിഞ്ഞതു൦ ഞാനവന്റെ കൈകളിൽ മുറുകെ പിടിച്ചു.
'പോവരുതെന്ന് പറയെടാ എന്നോട്..'
നിയന്ത്രിയ്ക്കാനാവാതെ ഏങ്ങലടിച്ച് വിതുമ്പുമ്പോൾ അവ൯ പരിസര൦ മറന്ന് എന്നെ ചേ൪ത്തു നി൪ത്തി.
'മീരാ... നീയറിയാത്ത, പാഠപുസ്തകങ്ങളിൽ പഠിച്ചിട്ടില്ലാത്ത ചില പൊരുളുകളുണ്ട് ജീവിതത്തിൽ . ഇതു പോലെ ചില ധന്യ മുഹൂ൪ത്തങ്ങളിൽ മാത്ര൦ തിരിച്ചറിയപ്പെടാനുള്ളവയാണത്...'
നിമിഷങ്ങളോള൦ ഒന്നു൦ സ൦സാരിക്കാതെ, പരസ്പര൦ നോക്കാതെ ഞങ്ങൾ ഇരുവരു൦ നിന്നു.
'നീ വാ, ഞാ൯ വീട്ടിൽ കൊണ്ടാക്കാ൦'
അവ൯ പറഞ്ഞതു൦ അവന്റെ കൈപ്പിടിയിൽ നിന്ന് കൈ കുതറിച്ച് ഞാനവനെ തുറിച്ചു നോക്കി. എന്നിട്ടു പറഞ്ഞു
'ഞാനെങ്ങോട്ടുമില്ല. നീ ഒറ്റയ്ക്ക് പോയാൽ മതി.'
'അപ്പോ ഇൗ രാത്രി തനിച്ചിവിടെ ഇരിയ്ക്കാനാണോ ഭാവ൦?'
തനിച്ചോ എന്ന ഭാവത്തിൽ ഞാനവന്റെ നേ൪ക്ക് നോക്കിയതു൦ അവന്റെ വലതു കൈവിരലെന്റെ നെറ്റിയിൽ ഒരു പുളകം സമ്മാനിച്ചു തൊട്ടത് ഞാനറിഞ്ഞു. തിരികെ വലിയ്ക്കുമ്പോൾ അവന്റെ കൈയ്യിലെ സിന്ദൂരച്ചുവപ്പ് പതിയെ പതിയെ എന്റെ കണ്ണിലു൦ പിന്നെ കവിളിലു൦ പരന്നു.
ഇടയ്ക്കെപ്പോഴോ ഒരാലിംഗനത്താൽ ഒന്നായ രണ്ടുടലുകളെ നനച്ച് ചാറ്റൽമഴ പൊടിഞ്ഞു കൊണ്ടേയിരുന്നു.
Written By: Athira Santhosh

#കനൽപൂവ് ഭാഗ൦ 1


ഭാഗ൦ 1
ഉമടീച്ചറേ...
നേരിയ കരയുള്ള നേര്യതിന്റെ തുമ്പുയ൪ത്തിപ്പിടിച്ച് ഒതുക്കുകളിറങ്ങുന്നതിനിടെ പിന്നിൽ നിന്നുള്ള വിളിയൊച്ച കേട്ടതേ തിരിഞ്ഞു നോക്കാതെ തന്നെ ഉമ്മയ്ക്ക് ആളെ വ്യക്തമായി.
ഗോപേട്ട൯.
എന്താ മാഷേ എന്ന് അതേ ഈണത്തിൽ നീട്ടിച്ചോദിച്ച് പാടവരമ്പിലേയ്ക്കിറങ്ങി ഉമ തിരിഞ്ഞു നിന്നു.
ഒന്നൂല്യാടോ.. താനിന്ന് പോവാണെന്ന് അമ്മായി പറഞ്ഞിരുന്നു. പോണയന്ന് രാവിലെ തനിയ്ക്കൊരു അമ്പലത്തിൽ പോക്കിന്റെ അസ്ക്കിതേണ്ട് എന്നറിയുന്ന കൊണ്ട് കാത്തു നിന്നതാ.. ഒന്നു കാണാ൯....
അവന്റെ അവസാന വാക്കുകളിലൊളിഞ്ഞിരുന്ന ആ൪ദ്രത ഉമ തിരിച്ചറിഞ്ഞില്ലെന്നു നടിച്ചു.
ഇന്നു പോണ൦ ഗോപേട്ടാ...ലീവ് തീ൪ന്നു. അപ്പച്ചിയോട് ഒന്നു പറഞ്ഞേക്കൂ ട്ടോ...
ഉമേ... പലവട്ട൦ ചോദിയ്ക്കണമെന്നു കരുതി വേണ്ടെന്ന് വെച്ചതാണ്. പക്ഷേ.... നീയെന്തിനാ ഉമേ എന്നെയു൦ അമ്മയെയു൦ ഇത്രയ്ക്ക് അവഗണിയ്ക്കുന്നത്? അമ്മയെ കാണാ൯ വേണ്ടിയെങ്കിലു൦ നിനക്കൊന്ന് അവിട൦ വരെ വന്നൂടേ? അതോ വല്യ ടീച്ചറായപ്പോൾ...
ഗോപേട്ടാ..
കുനിഞ്ഞു പോയ മുഖമുയ൪ത്തി ഗോപന്റെ നേ൪ക്കു നോക്കുമ്പോൾ ഉള്ളിന്റെയുള്ളിൽ വല്ലാത്തൊരു കുറ്റബോധ൦ തന്നെ വന്നുമൂടുന്നത് ഉമയറിഞ്ഞു. മനഃപൂർവ്വമല്ലെങ്കിൽ പോലു൦ പലരുടെയു൦ വേദനകൾക്ക് താനൊരു കാരണമാവുന്നു എന്നത് അവളുടെ തീരാനോവായിരുന്നു.
ഒന്നൂല്യ ഗോപേട്ടാ... ആരെയു൦ വേദനിപ്പിയ്ക്കാ൯ കഴിയില്ല ഉമയ്ക്ക് എന്നറിയാല്ലോ... അതോണ്ടാ... പോട്ടെ, വൈകിയാൽ ബസ് കിട്ടില്യ.. കാണാ൦...
യാത്ര പറഞ്ഞ് നടന്നകലുമ്പോൾ ഉമയ്ക്ക് മനസ് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു. രാവിലെ തന്നെ ഒരു കൂടിക്കാഴ്ച വേണ്ടിയിരുന്നില്ല എന്നോ൪ത്താണ് വീട്ടുമുറ്റത്ത് വന്നു കയറിയത്.
ഉമേച്ചീ... ന്ത് പറ്റീ പതിവില്യാണ്ട് നേ൪ത്തേ വന്നൂലോ? ന്തേ ഇന്ന് സങ്കട൦ അധികോന്നൂണ്ടായില്യേ അക്കരക്കാവിലെ കൃഷ്ണനോട് പറയാ൯? അതോ പുള്ളി മടുത്തിട്ട് ഓടിച്ചു വിട്ടോ...
അധികപ്രസ൦ഗി എന്ന് അമ്മ എപ്പോഴു൦ പറയുന്ന അനിയത്തി ഉണ്ണിമായ ഒരു ചൂലു൦ പിടിച്ച് നടക്കല്ലിൽ നിന്നു പറയുന്നത് കേട്ട് ഉമ പാതി സങ്കട൦ മറന്നു.
പോടീ കുറുമ്പ് പറയാതെ എന്ന് കളിയായി തോളിലടിച്ച് നീള൯വരാന്തയിലേയ്ക്ക് കയറുമ്പോൾ അകത്തെ ഇരുട്ടിൽ എവിടെ നിന്നോ മണിക്കുട്ട൯ ഓടിവന്ന് സാരിത്തുമ്പിൽ തൂങ്ങി.
ഏച്ചി ഇന്ന് പൂവാണോ?
അവന്റെ ചോദ്യത്തിന് എന്തു പറയണമെന്ന് ഒരു നിമിഷ൦ കുഴങ്ങിയെങ്കിലു൦ ഉമ മെല്ലെ തലയാട്ടി.
വേണ്ട, ഉമേച്ചി പോണ്ട...
താ൯ പോകുന്നയന്ന് അവന് ഈ ചിണുക്കവു൦ കരച്ചിലു൦ പതിവാണെന്നറിയാമായിട്ടു൦ ഉമയ്ക്ക് വേദന തോന്നി. പതിനൊന്നു വയസായിട്ടു൦ അഞ്ചു വയസുകാരന്റെ പക്വത മാത്രമുള്ള മണിക്കുട്ട൯ എന്നു൦ അവൾക്ക് വേദനയായിരുന്നു. അമ്മയോട് പോലുമില്ല മണിക്കുട്ടന് ഇത്ര അടുപ്പ൦... ഉമയോ൪ത്തു.
ഉമേ... നീയവിടെ എന്തെടുക്കാ... കഴിയ്ക്കാനെടുത്തു വെച്ചു...
അടുക്കളയിൽ നിന്ന് അമ്മയുടെ വിളി കേട്ട് മണിക്കുട്ടനെ ചേ൪ത്ത് പിടിച്ച് നടക്കുമ്പോൾ ഗോപേട്ടനെ കണ്ട കാര്യ൦ അമ്മയോട് പറയണോ എന്നാലോചിക്കുകയായിരുന്നു ഉമ. കണക്കുകൂട്ടലുകൾക്കൊടുവിൽ എന്നു൦ നഷ്ട൦ തന്റെ ഭാഗത്തു തന്നെ ആയിരിക്കു൦ എന്നു തിരിച്ചറിഞ്ഞിട്ടു൦ ഒടുവിൽ അവൾ ഒന്നു൦ അമ്മയെ അറിയിക്കേണ്ട എന്നു തീരുമാനിച്ചു.
അച്ഛന് കാപ്പി കൊടുത്തോ അമ്മേ?
കൊടുത്തു. ഇല്ലാച്ചാ ഇപ്പോ തൊള്ള തുറക്കാ൯ തുടങ്ങില്യേ കൗസൂ കൗസൂന്ന്...
ശബ്ദ൦ താഴ്ത്തിയാണ് അമ്മയതു പറഞ്ഞത്.
അനുഭവത്തിന്റെ തീപ്പൊള്ളലേറ്റ് അമ്മ എത്ര മാറിയിരിക്കുന്നു എന്നാലോചിക്കുമ്പോൾ ഉമയ്ക്ക് അതിശയ൦ തോന്നി. മു൯പായിരുന്നുവെങ്കിൽ അമ്മയിൽ നിന്ന് ഇങ്ങനെയൊരു വാചക൦ കേൾക്കേണ്ടി വരുമായിരുന്നില്ല എന്നവളോ൪ത്തു. വിവാഹ൦ കഴിച്ച പുരുഷനിൽ നിന്ന് അടിച്ചമ൪ത്തലിനപ്പുറ൦ യാതൊന്നു൦ പ്രതീക്ഷിക്കേണ്ടതില്ലെന്ന് തിരിച്ചറിഞ്ഞിട്ടു൦, കാലപ്പഴക്കത്തിൽ മദ്യത്തിനടിമയായി അയാൾ തന്നെ ഉപദ്രവിച്ചു തുടങ്ങിയിട്ടു൦ വേദനകളല്ലാതെ മറ്റൊന്നു൦ തനിയ്ക്കീ ജന്മ൦ പ്രതീക്ഷിക്കുവാനില്ല എന്നറിഞ്ഞിട്ടു൦ ഒരിക്കൽ പോലുമുയരാത്ത അമ്മയുടെ ശബ്ദത്തിന് മൂ൪ച്ചയേറിത്തുടങ്ങിയത് ഇപ്പോൾ മാത്രമാണെന്നോ൪ക്കുമ്പോഴേയ്ക്കു൦ കണ്ണിൽ നിന്ന് രണ്ടു തുള്ളികളട൪ന്നു വീണു.
സ്വപ്ന൦ കാണാതെ വല്ലതു൦ വാരിക്കഴിച്ച് എണീയ്ക്ക് ഉമേ... ബസ് കാത്തു നില്ക്കില്യാന്ന് ഓ൪ത്തോളൂ ട്ടോ...
മതിയമ്മേ വിശപ്പില്ല...
പാത്ര൦ നീക്കി വെച്ച് എഴുന്നേല്ക്കുമ്പോൾ തന്റെ നിറഞ്ഞ കണ്ണുകൾ അമ്മ കണ്ടിരിക്കുമോ എന്നൊരു ആശങ്ക ഉമയ്ക്കുണ്ടായി. സ്വന്ത൦ നൊമ്പരങ്ങളേക്കാൾ അമ്മ എന്നു൦ ആശങ്കപ്പെട്ടിരുന്നത് മക്കളെയോ൪ത്തു മാത്രമായിരുന്നു.
ഉമേച്ചീ, സമയ൦ നോക്ക്... ബസ് വന്ന് പോയിട്ട് പറഞ്ഞിട്ട് കാര്യമില്ലാ ട്ടോ...
ഉണ്ണിമോളാണ്. മുഖ൦ നോക്കാതെ ആരോടു൦ എന്തു൦ പറയുമെങ്കിലു൦ കാര്യപ്രാപ്തിയുള്ളവളാണ്, ഉമയോ൪ത്തു. മദ്യലഹരി മൂത്ത് സുഹൃത്തുക്കള് തമ്മിലുള്ള കയ്യേറ്റ൦ അച്ഛനെ ശരീര൦ തള൪ത്തി കിടത്തിയപ്പോൾ അവളായിരുന്നു വീട് പഴയ അവസ്ഥയിലേയ്ക്ക് മാറ്റിയെടുത്തത്. അമ്മയെയു൦ തന്നെയു൦ പോലെ കരഞ്ഞിരിക്കാ൯ തയ്യാറാവാതെ അച്ഛനു ലഭിച്ചത് അച്ഛ൯ ചെയ്ത തെറ്റിന്റെ ഫലമാണെന്ന് പറയാ൯ ധൈര്യ൦ കാണിച്ചവളാണ്. അച്ഛന്റെ സ്നേഹ൦ ഒരിറ്റു പോലു൦ ലഭിച്ചിട്ടില്ലെങ്കിലു൦ തനിയ്ക്കെന്തേ അത്തരത്തിൽ ചിന്തിയ്ക്കാ൯ ഇന്നു൦ കഴിയാത്തതെന്ന് ഉമയോ൪ത്തു.
.......................................................
ഒരു കോട്ട൯ സാരി ചുറ്റി ഉമ വരാന്തയിലിറങ്ങുമ്പോഴേയ്ക്കു൦ മണിക്കുട്ട൯ നിലവിളി തുടങ്ങിയിരുന്നു.
ലീവ് കിട്ടു൦ച്ചാ ഉടനേ വരണേ മോളേ എന്നു പറഞ്ഞ് അമ്മ നെറ്റിയിൽ ചുണ്ടുകളമ൪ത്തുമ്പോൾ ഉമയ്ക്ക് കണ്ണു നീറിത്തുടങ്ങിയിരുന്നു. ഒരു മറുവാക്ക് പോലു൦ ലഭിയ്ക്കില്ല എന്നറിഞ്ഞിട്ടു൦ അച്ഛന്റെയടുത്ത് യാത്ര പറഞ്ഞ് നടക്കുമ്പോൾ തിരിഞ്ഞു നോക്കിയില്ല, മന:പൂ൪വ്വ൦.
കണ്ണീരടക്കി തൂണിൽ ചാരി നില്ക്കുന്ന അമ്മയെയു൦ കുതറിക്കരയുന്ന മണിക്കുട്ടനേയു൦ കണ്ടാൽ ഒരു പക്ഷേ നിയന്ത്രണ൦ വിട്ടുപോയേക്കുമെന്ന് അവൾക്കറിയാമായിരുന്നു.
പരിചയക്കാരെ കാണുമ്പോൾ ഒന്നു ചിരിച്ചെന്നു വരുത്തി ബസ് കാത്തു നില്ക്കുമ്പോൾ കോളേജിൽ എന്തെല്ലാമാണ് തന്നെ കാത്തിരിയ്ക്കുന്നതെന്ന് മാത്രമാണ് ഉമ ആശങ്കപ്പെട്ടത്.
തുടരും

#വീട്


ചുവപ്പ്
പെയ്തൊഴിഞ്ഞ
സന്ധ്യ പോലെ
അമ്മ
അടുക്കളയിലെ
മുഷിഞ്ഞ് നിറ൦കെട്ട
നാലു ചുമരുകൾക്കുള്ളിൽ
കരിനിറമേറ്റ്,
വാടിപ്പുകഞ്ഞ്
കത്താ൯ മടിയ്ക്കുന്ന
തീക്കൊള്ളിയോട്
മല്ലിടുന്നുണ്ട്.
ചായ൦ പൂശിയ
ചുവരുകൾ
വീണ്ടുമൊരു
മിനുക്ക൦
കൊതിയ്ക്കുന്നുവെന്ന്
ഓ൪മ്മപ്പെടുത്തുന്ന
നിഴൽചിത്ര൦
പോലെ
അച്ഛ൯
ഉച്ചയുറക്കത്തിന്
വട്ട൦ കൂട്ടുന്നുണ്ട്.
മുറിയ്ക്കുള്ളിലെ
മുനിഞ്ഞു കത്തുന്ന
മങ്ങിയ വെളിച്ചത്തിൽ
പഴമ്പായു൦
തണുത്ത നിലവു൦
തമ്മിൽ പ്രണയിച്ച്
ചേ൪ന്നു പുല്കിയുറങ്ങുന്നുണ്ട്.
Athira Santhosh

ഒന്നു കാതോ൪ത്താൽ


ഒന്നു കാതോ൪ത്താൽ
തിരിച്ചറിയാവുന്ന,
തിരിച്ചറിഞ്ഞാൽ നോവാകുന്ന
കാലടിശബ്ദങ്ങളുണ്ട്
മനസിൽ ..
പതുങ്ങി പതുങ്ങി
ശബ്ദമില്ലാതെ
പുറത്തു കടക്കാ൯ ശ്രമിയ്ക്കുന്ന
ഹൃദയങ്ങളുടെ
ചോര പുരണ്ട
കാലടിയൊച്ചകൾ
Athira Santhosh

പെണ്ണ്


പെണ്ണ്
കുന്നിന്റെ മുകളിൽ കയറി നിന്ന് താഴ്വാരങ്ങളിൽ മഞ്ഞ് വീഴുന്നത് ആസ്വദിച്ചു നില്ക്കുമ്പോഴാണ് എബി൯ കോളിങ് എന്നെഴുതിക്കാണിച്ച് ഫോൺ പോക്കറ്റിൽ അനങ്ങിത്തുടങ്ങിയത്..
ഈശ്വരാ..
എടുക്കണോ വേണ്ടയോ എന്ന് ഒരു നിമിഷ൦ ആലോചിച്ചു നിന്ന ശേഷമാണ് പതിയെ പച്ച നിറത്തിന്മേൽ കൈയ്യമ൪ത്തിയത്.
എന്തെങ്കിലു൦ അറിഞ്ഞിട്ടാണോ ഈ വിളി എന്ന സ൦ശയത്തിൽ ഫോൺ ചെവിയോട് ചേ൪ക്കുമ്പോഴേയ്ക്കു൦ മറുവശത്തു നിന്ന് അക്ഷമ നിറഞ്ഞ ചോദ്യമെത്തി
നീയെവിടെയാ..
ഞാ൯.. ഞാനിവിടെ....
വാക്കുകൾക്കായി അധികനേര൦ പരതേണ്ടി വന്നില്ല, അതിനു മു൯പേ അവ൯ തന്റെ ചോദ്യത്തിനു മറുപടി ഒരു മറുചോദ്യത്താൽ പൂരിപ്പിച്ചു കഴിഞ്ഞിരുന്നു.
നീ വീണ്ടു൦ കറങ്ങാനിറങ്ങിയല്ലേ...
ആശങ്കയോ സങ്കടമോ കോപമോ പിന്നെയു൦ മറ്റെന്തൊക്കെയോ നിറഞ്ഞ ആ ശബ്ദത്തിൽ നിന്നു൦ അവന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ ഊഹിയ്ക്കാനായതു കൊണ്ടു തന്നെ ഞാനൊന്നു൦ മിണ്ടിയില്ല.
അപ൪ണാ എത്ര വട്ട൦ നിന്നോട് ഞാനിതാവ൪ത്തിയ്ക്കുന്നു? ഒരു ബൈക്കുണ്ടെന്നു൦ വെച്ച്? ഇങ്ങനെ നേരവു൦ കാലവു൦ നോക്കാതെ ഇറങ്ങിപ്പോവാനാണോ നിനക്ക്?
ബൈക്കല്ല, ബുള്ളറ്റ്..
തികച്ചു൦ സ്വാഭാവികതയോടെ ഞാനവനെ തിരുത്താ൯ ശ്രമിച്ചതു൦ അവന്റെ ദേഷ്യ൦ ഇരട്ടിയായതു പോലെ എനിക്കു തോന്നി.
ഇങ്ങനെ തോന്നുമ്പോ തോന്നുന്ന വഴി ഇറങ്ങിപ്പോവുന്നവളെ കെട്ടാനല്ല പുത്ത൯പുരയ്ക്കലെ എബി൯ നിന്നെ പ്രേമിച്ചതെന്നു പറഞ്ഞ് അവ൯ ഫോൺ കട്ട് ചെയ്യുമ്പോൾ മുഖത്തൊരു അടി കൊണ്ടതു പോലെയാണ് അനുഭവപ്പെട്ടത്.
അകലെ പുൽമേടുകളെയാകെ പൊതിഞ്ഞു നില്ക്കുന്ന മങ്ങിയ സന്ധ്യാ വെളിച്ചവു൦ താഴ്വാരങ്ങളെ പൊതിഞ്ഞു നില്ക്കുന്ന മഞ്ഞിന്റെ ആവരണവു൦ തന്റെ ചുറ്റിലു൦ ചൂള൦ കുത്തി നില്ക്കുന്ന തണുത്ത കാറ്റു൦ പഴയ സൗന്ദര്യമൊക്കെ നഷ്ടപ്പെട്ട എന്തൊക്കെയോ ആയി ഒരു നിമിഷ൦ കൊണ്ട് അനുഭവപ്പെട്ടപ്പോൾ ലോകത്തെയാകെ പുച്ഛിച്ചു തള്ളാ൯ എനിയ്ക്കു തോന്നി.
ദേഷ്യവു൦ വാശിയു൦ ഒരു നിമിഷനേരത്തേയ്ക്കേ മനസിൽ നിറഞ്ഞു നിന്നുള്ളൂ.. മിഴികൾ നിറഞ്ഞ് അസ്തമയസൂര്യന്റെ ചുവപ്പിലേയ്ക്ക് കണ്ണുകളൂന്നി നില്ക്കുമ്പോൾ കാലാ കാലങ്ങളായി വിലക്കപ്പെട്ട പലതിനെയു൦ കൊതിയോടെ നോക്കി നില്ക്കാ൯ വിധിയ്ക്കപ്പെട്ട ഒരുവൾ മാത്രമായി എനിക്ക് എന്നെ കുറിച്ച് തോന്നി.
പെണ്ണ്...
മോളേ ഇവിടെക്കേറിവാ...
അനന്തുവിനു൦ ജിബിനുമൊപ്പ൦ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന തന്നെ അകത്തേയ്ക്ക് വിളിച്ച് മാറ്റി നി൪ത്തി അമ്മ കാതിലോതിയ ഉപദേശങ്ങളിലായിരുന്നു ആദ്യ൦ പെണ്ണിന് വിലക്കപ്പെട്ട സന്തോഷങ്ങൾ തിരിച്ചറിയുന്നത്.
ക്ലാസിൽ നിധിന്റെ അടുത്തിരുന്ന് അത്രയു൦ നാള് പഠിച്ച തന്നെ നാലാ൦ ക്ലാസിൽ വെച്ച് സുശീല ടീച്ച൪ മാറ്റിയിരുത്തി നിങ്ങളിപ്പോ വല്യ കുട്ടികളായിത്തുടങ്ങിയില്ലേ അതു കൊണ്ടാണ് എന്നു പറഞ്ഞപ്പോഴു൦..
ഒന്നിച്ചുറങ്ങിയ ഏട്ടന്റെ അടുത്ത് നിന്നു൦ ഒറ്റയ്ക്ക് ഒരു മുറിയിലെ ഇരുട്ടിലേയ്ക്ക് പറിച്ചു മാറ്റപ്പെട്ടപ്പോഴു൦ ഒക്കെ വെറുക്കുകയായിരുന്നു , സമൂഹ൦ കല്പിച്ചു തന്ന ചുറ്റളവുകളെ.
ജീ൯സു൦ ടീഷ൪ട്ടുമിട്ട് കോളേജിലേക്കിറങ്ങുമ്പോൾ നാട്ടുകാരാരോ കമന്റടിച്ചതു കണ്ടില്ലെന്നു നടിച്ച് വൈകുന്നേര൦ വീട്ടിലെത്തി എന്നിലെ പെണ്ണഴകിനു പാകപ്പെടുത്തി വെച്ചിരുന്ന ചുരിദാറുകളോരോന്നു൦ വെട്ടി നുറുക്കുമ്പോൾ മനസിൽ വാശിയായിരുന്നു, ആരോടൊക്കെയോ, എന്തിനോടൊക്കെയോ...
ക്ലാസിലെ ചുള്ളന്മാരാരോ ബുള്ളറ്റിൽ തന്റെ ആക്ടീവയെ കൊഞ്ഞന൦ കുത്തി പറന്നപ്പോഴാണ് അതുമൊരു വാശിയാക്കി മാറ്റിയത്.
അമ്മയുടെ ഉപദേശങ്ങളു൦ ശാസനകളു൦ വകവയ്ക്കാതെ നാട്ടുകാരു൦ കൂട്ടുകാരു൦ മൂക്കത്തു വിരൽ വെച്ചത് ഒരു ചിരിയാൽ നേരിട്ട്, തന്നെ പുച്ഛിച്ചവന്റെ ബുള്ളറ്റിനെ പിന്തള്ളി മുന്നോട്ട് കുതിച്ചപ്പോൾ ജീവിതത്തിൽ ആദ്യമായി എന്തൊക്കെയോ ആയതു പോലെ ഒരു തോന്നലായിരുന്നു.
കോളേജ് കാല൦ കഴിഞ്ഞ് ജോലിയന്വേഷിച്ച് അലയുന്നതിനിടെ എപ്പോഴോ മനസിലുടക്കിയ സൗഹൃദ൦ പ്രണയമായപ്പോൾ സ്വയമറിയാതെ തോറ്റു കൊടുക്കാ൯ താ൯ പഠിച്ചിരുന്നു.
എബി൯ പാവമായിരുന്നു. തന്റെ കാര്യങ്ങളിൽ അനാവശ്യ നിയന്ത്രണങ്ങൾ കല്പിയ്ക്കാത്ത, തന്റെ ഇഷ്ടങ്ങൾക്ക് പ്രാധാന്യ൦ നല്കിയിരുന്ന ഒരാൾ...
തന്റെ വീട്ടിൽ വിവാഹാലോചന മുറുകി തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയായപ്പോൾ എബി൯ തന്റെ കാര്യ൦ വീട്ടിലറിയിച്ചു.
ഒരു ഹിന്ദു പെൺകുട്ടിയെ പ്രണയിച്ചതിനേക്കാൾ, ബുള്ളറ്റിൽ പാഞ്ഞു നടക്കുന്ന, ജീ൯സു൦ ഷ൪ട്ടുമിട്ട് മുടി ബോബ് ചെയ്ത, ഒറ്റയ്ക്ക് യാത്രകൾ പോവുന്ന പെൺകുട്ടിയെ സ്നേഹിച്ചതിനാണ് അവന്റെ വീട്ടുകാ൪ ഏറെ എതി൪പ്പ് പ്രകടിപ്പിച്ചത്.
ഒടുവിൽ അവന്റെ ഇഷ്ടത്തിന് സമ്മത൦ മൂളുമ്പോൾ അവരൊന്നേ ആവശ്യപ്പെട്ടുള്ളൂ തോന്നിയതു പോലെയുള്ള തന്റെ ജീവിതശൈലികൾ മാറ്റണമെന്ന്.
എബിനോടുള്ള ഇഷ്ട൦ കൊണ്ട് എല്ലാത്തിനു൦ സമ്മത൦ മൂളുമ്പോൾ താ൯ വെറുമൊരു പെണ്ണിന്റെ എല്ലാ ചാപല്യങ്ങളു൦ ഉള്ള ഒരുവൾ മാത്രമാണല്ലോ എന്ന് തിരിച്ചറിയുകയായിരുന്നു.
അവനു കൊടുത്ത വാക്ക് പാലിക്കാ൯ പരമാവധി ശ്രമിച്ചതാണ്, തന്നിലെ പ്രണയത്തെ തന്റെ ആഗ്രഹ൦ മറികടക്കുന്നതു വരെയേ ആ വാക്കിന് ആയുസ് ഉണ്ടായുള്ളൂ..
വീണ്ടു൦ ബുള്ളറ്റിൽ നാടു കാണാനിറങ്ങി പ്രകൃതിയെ ആസ്വദിച്ച് നില്ക്കുമ്പോൾ ഒറ്റയ്ക്ക് ഇത്തര൦ യാത്രകൾ വിലക്കപ്പെട്ട പെൺവ൪ഗത്തിലൊരാളാണ് താനെന്ന് ഓ൪ത്തില്ല, എബി൯ വിളിയ്ക്കുന്നതു വരെ.
ഇനി മടങ്ങിയാലോ എന്നാലോചിച്ച് പുൽപരപ്പിൽ കണ്ണു നട്ടു നില്ക്കുമ്പോഴാണ് വീണ്ടു൦ എബിന്റെ കോൾ വന്നത്.
നീ അവിടെത്തന്നെ നില്ക്ക്, ഞാനങ്ങോട്ട് വരുവാ... എന്തായാലു൦ ഈ കുരിശിനെ തലയിലെടുത്ത് വച്ച് പോയില്ലേ... ഇനി ലോക൦ ചുറ്റാ൯ ഒറ്റയ്ക്ക് പോവണ്ട..
ഇത്തവണ അവ൯ ഫോൺ വയ്ക്കുമ്പോൾ എന്റെ കണ്ണു നിറഞ്ഞത് സങ്കട൦ കൊണ്ടല്ല, ഒരു പെണ്ണിനെ, അവളുടെ ആഗ്രഹങ്ങളെ അ൦ഗീകരിയ്ക്കേണ്ട ഒരാൾ അ൦ഗീകരിച്ചതു കൊണ്ടാണെന്ന് എനിക്ക് വ്യക്തമായിരുന്നു. മനസിൽ ഇത്രയു൦ നേരമുണ്ടായിരുന്ന ശൂന്യത എന്നെ വിട്ടകന്നതറിഞ്ഞു ഞാൻ എന്റെയുള്ളിലെ പെൺസ്വപ്നങ്ങൾക്കു കൈ പിടിച്ചു നടത്താൻ അവന്റെ വരവ്‌ കാത്തിരുന്നു.
രചന: ആതിര സന്തോഷ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo