Showing posts with label DrSmitha. Show all posts
Showing posts with label DrSmitha. Show all posts

പ്രിയപ്പെട്ട ആമിനാ...

പ്രിയപ്പെട്ട ആമിനാ...
മുപ്പത് വർഷത്തെ എന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ചു ഞാൻ തിരിച്ചു വരാൻ പോകുന്നു. ഇതു കേൾക്കുമ്പോൾ നീ ഒരുപാട് സന്തോഷിക്കും എന്നെനിക്കറിയാം.. കടങ്ങളൊന്നുമില്ല, കടപ്പാടുകൾ മാത്രം.. സ്വന്തമെന്നു പറയാൻ ചെറുതാണെങ്കിലും ഭംഗിയുള്ള ഒരു വീടും, കെട്ടിച്ചു വിട്ട രണ്ടു പെണ്കുട്ടികളും ജോലി കിട്ടിയ ഒരു മകനും ബാധ്യതകളില്ലാത്ത ജീവിതവും ആണ് മുപ്പതു വർഷത്തെ എന്റെ പ്രവാസത്തിന്റെ സമ്പാദ്യങ്ങൾ.. ഞാൻ സന്തുഷ്ടനാണ്. എന്റെ സന്തോഷമാണ് നിന്റെയും എന്നു നീ എന്നും പറയാറുണ്ടല്ലോ... എന്നാലും മനസ്സിൽ ഒരു കടം ബാക്കിയുണ്ട്.. നീ ഓർക്കുന്നുണ്ടോ..?
ഇരുപത്തേഴു വർഷങ്ങൾക്ക് മുന്നേ കാൽപ്പവൻ മഹർ നൽകി നിന്നെ ഞാൻ സ്വന്തമാക്കിയപ്പോൾ, നീ ഒന്നേ എന്നോട് അവശ്യപ്പെട്ടുള്ളൂ. മരണം വരെയും കൂടെ നിർത്തണം എന്ന്. കല്യാണം കഴിഞ്ഞയുടൻ ഒരുനാൾ കോഴിക്കോട് കടപ്പുറത്ത് നമ്മൾ ഒരുമിച്ചു പോയിരുന്നു സ്വപ്നങ്ങൾ പങ്കു വെച്ചത് നീ ഓർക്കുന്നില്ലേ?
കാലിൽ വന്നു തട്ടിയ തിരകളെ താലോലിച്ചു കൊണ്ട് നീ എന്നോട് ചോദിച്ചു, ഒരിക്കൽ ഈ കടലിന്റെ അക്കരെ എന്നെയും കൊണ്ടുപോകുമോ എന്ന്‌. അന്ന് ഞാൻ മറുപടി പറഞ്ഞില്ലെങ്കിലും അതു ഞാൻ എന്റെ മനസ്സിൽ കുറിച്ചിട്ടിരുന്നു..
ജീവിതം ഒരു തരത്തിലും താളം തെറ്റാതിരിക്കാൻ നീ നടത്തിയ പരിശ്രമങ്ങൾക്കിടയിൽ എപ്പോഴോ നീയത് മറന്നിട്ടുണ്ടാകാം... ഇപ്പോൾ അതിനു സമയമായെന്ന് തോന്നുന്നു..
ആമിനാ...നീ കോണ്ക്രീറ്റ് വനങ്ങൾ കണ്ടിട്ടുണ്ടോ??. കോണ്ക്രീറ്റ് വനങ്ങളാൽ ചുറ്റപ്പെട്ടതാണ് ഈ ദുബായ് നഗരം.. അരീക്കോട് വിട്ട് മറ്റൊരു സ്ഥലം നീ കാണുന്നത് എന്നോടൊപ്പം കോഴിക്കോട് വന്നപ്പോഴായിരുന്നില്ലേ? അന്ന് നിന്റെ മുഖത്തു കണ്ട കൗതുകം ഇന്നുമെന്റെ ഓർമയിൽ ഉണ്ട്..
നിനക്ക് വിമാനത്തിൽ കയറേണ്ടേ ആമിനാ..? ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ "ഇമ്മിണി ബല്യ" ഒരു പക്ഷിയിൽ കയറി പറക്കേണ്ടേ?
എറണാകുളത്തു ലുലുമാൾ കണ്ടിട്ട് അന്തം വിട്ടു നിന്ന നീ ഇവിടുത്തെ ബുർജ് ഖലീഫ കണ്ടാൽ ബോധം കെട്ടു വീഴുമോ?ഇവിടെ ഇപ്പോൾ ഈന്തപ്പനകൾ മുഴുവൻ പഴുത്തു നിൽക്കുന്ന സമയമാണ്.. നമ്മുടെ മുറ്റത്തെ ഉമ്മച്ചി പ്ലാവ് നിറയെ ചക്ക പിടിച്ചു നിൽക്കുന്നതു കണ്ടു നീ സന്തോഷിക്കുന്നത് കാണാൻ എന്ത് രസമാണെന്നറിയോ?
ഇവിടെ ഒരുപാട് ഒരുപാട് കാണാനുണ്ട്.. എല്ലാം നിന്നെ കാണിച്ചു തരും. ഗ്രാമത്തിന്റെ നിഷ്കളങ്കത നിറഞ്ഞ നിന്റെ മുഖം ഇതൊക്കെ കണ്ടു വിടരുന്നത് എനിക്ക് കാണണം. അതിനൊപ്പം മറ്റൊന്ന് കൂടി നീ കാണണം, അതു നിനക്ക് മനസ്സിലാകാനല്ല, മക്കൾക്ക് മനസ്സിലാക്കി കൊടുക്കാൻ. ഭാവിയിൽ ഞാൻ അവർക്ക് ഒരു ബാധ്യത ആയി തോന്നാതിരിക്കാൻ വേണ്ടി മാത്രം..
ഈ മരുഭൂമിയിലെ ലേബർ ക്യാമ്പിൽ വർഷങ്ങളോളം ഞാൻ കിടന്നിരുന്ന മുറി. സ്വന്തമെന്നു പറയാൻ ഒരു കട്ടിലും കിടക്കയും മാത്രം. ഞങ്ങൾ ഏഴുപേർ ഇടുങ്ങി താമസിക്കുന്ന ഈ കുഞ്ഞു മുറി.. നിങ്ങളുടെ ഇഷ്ടങ്ങൾ ഓരോന്ന് സാധിക്കാൻ വേണ്ടി ഞാൻ വേണ്ടെന്ന് വെച്ച എന്റെ സുഖ സൗകര്യങ്ങൾ എന്തൊക്കെയായിരുന്നു എന്നവർക്ക് പറഞ്ഞുകൊടുക്കണം..
കുബ്ബൂസിനും രുചിയുണ്ടെന്നു ഞാൻ അറിയുന്നത് നിങ്ങളുടെ സന്തോഷത്തോടെയുള്ള ഫോണ് വിളികൾ കേട്ടുകൊണ്ട് അതു കഴിക്കുമ്പോളാണ്.. എന്റെ മക്കളുടെ കല്യാണത്തിന് വരാതിരുന്നതിന്, ലീവ് കിട്ടാഞ്ഞിട്ടാണ് എന്നതു എന്റെ കള്ളത്തരം ആണെന്നും, ആ പൈസ കൂടി ലാഭിച്ചാൽ, അതു വെച്ചു അവിടെ കുറച്ചൂടെ ഭംഗിയിൽ കാര്യങ്ങൾ നടത്താമെന്ന് കരുതിയാണ് എന്നെല്ലാം നീ മാത്രം ആണ് മനസ്സിലാക്കിയത്...
ഗൾഫിൽ നിന്ന് കൊണ്ടുവന്ന സാധനങ്ങൾ കുറഞ്ഞു പോയതിന്റെ പരിഭവങ്ങൾ പലരുടെയും മുഖത്തു കണ്ടപ്പോൾ നിന്റെ മുഖത്തു ഞാൻ കണ്ടത് എന്റെ ലീവ് കുറഞ്ഞു പോയതിന്റെ പരിഭവമായിരുന്നു..
ഞാൻ നിനക്ക് തരുന്ന ഏറ്റവും വലിയ സമ്മാനമാണ് ആമിനാ ഈ യാത്ര. എനിക്ക് വയസ്സ് അമ്പത്തഞ്ചും നിനക്ക് അമ്പത്തും ആയെന്നു നമുക്ക് മറക്കാം.. ഇരുപത്തേഴു വർഷങ്ങൾ സമാന്തര രേഖകൾ പോലെ ഒരു യാത്രയിലായിരുന്നു നമ്മൾ.. അത് മറക്കുക..
വരാൻ റെഡി ആവുക.. ലോകത്തിലെ ഏറ്റവും തിരക്കേറിയ ഈ നഗരത്തിൽ, നമ്മളെ ആരും തിരിച്ചറിയപ്പെടാത്ത ഈ നഗരത്തിൽ,എല്ലാ കടമകളും നിറവേറ്റുവാൻ ഭാഗ്യം തന്ന ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട്, ഈന്തപ്പനകളെ സാക്ഷി നിർത്തി കുറച്ചു നാളുകൾ നമുക്കീ തിരക്കിൽ അലിഞ്ഞു ചേരാം.. നീ വരില്ലേ ആമിനാ??
സ്നേഹപൂർവം നിന്റെ അബ്ദു......
പ്രവാസിയായ, പ്രിയപ്പെട്ട അബ്ദുക്കായ്ക്ക് സ്നേഹപൂർവം ഈ പ്രണയലേഖനം ഞാൻ സമർപ്പിക്കുന്നു..Dr.smitha

പുൽക്കൂട്


രണ്ടു വർഷം മുന്നേ , വിവാഹ വാർഷികം ആഘോഷിക്കാൻ ഒരുങ്ങിയപ്പോൾ മനസ്സിൽ വെറുതെ തോന്നിയതാണ് എന്തെങ്കിലും ഒരു മാറ്റം വേണമെന്ന്...അങ്ങനെയാണ് ഒരു വൃദ്ധസദനം തിരഞ്ഞെടുത്തത്.കാത്തിരിക്കാനും വന്നു ചേരാനും ആരുമില്ലാത്തവരുടെ അടുത്താകാം ഈ വര്ഷം എന്ന് ഉറപ്പിച്ചു..അങ്ങനെ മലപ്പുറം ജില്ലയിൽ ഉള്ള സർക്കാർ ഏറ്റെടുത്തു നടത്തുന്ന ഒരു വൃദ്ധ സദനം തിരഞ്ഞെടുത്തു...വിളിച്ചന്വേഷിച്ചപ്പോൾ അൻപതോളം പേരുണ്ടെന്നും അറിഞ്ഞു..അങ്ങനെ അവർക്കുള്ള ഭക്ഷണവും മുറിക്കാനുള്ള കേക്കും ആയി ഞങ്ങൾ അങ്ങോട്ടേക്ക് തിരിച്ചു..
വിവാഹ ദിവസം ഡിസംബർ 20 ആയതിനാൽ ലോകം മുഴുവൻ ക്രിസ്മസ് ഉം പുതുവര്ഷവും ഒക്കെ വരവേൽക്കാനുള്ള ഒരുക്കത്തിലാകും..അതുകൊണ്ടു തന്നെ ആ വൃദ്ധസദനവും നക്ഷത്രങ്ങളാൽ അലങ്കരിക്കപ്പെട്ടിരുന്നു...ഞങ്ങൾ അവിടുത്തെ ഓഫീസിൽ ചെന്നു ഭക്ഷണം ഏല്പിച്ചു.. അത് അതിന്റെ സമയത്തു ജോലിക്കാർ കൊടുക്കാമെന്നു ഏറ്റു. അതുകൊണ്ട് അവരുടെ മെസ്സഹാളിൽ വെച്ച്,'ആർക്കും വേണ്ടാത്ത' ഒരുപറ്റം അച്ഛനമ്മമാരുടെ ഇടയിൽ നിന്ന് ഞങ്ങൾ കേക്ക് മുറിച്ചു..ഞങ്ങളെക്കാളും ഞങ്ങളുടെ മോളുടെ സാന്നിധ്യം അവരെ ഏറെ സന്തോഷിപ്പിച്ചു..പലരുടെയും മുഖത്തു വല്ലാത്ത സന്തോഷം തോന്നി..ചിലരുടെ മുഖം നിർവികാരമായിരുന്നു, ചിലർ ഭൂതകാലത്തിലെ ഓര്മകളിൽ മുഴുകി നിൽക്കുകയായിരുന്നു.കൂട്ടത്തിൽ ഏറ്റവും പ്രായമുള്ള മുത്തശ്ശന്റെ മോണകാട്ടിയ ചിരിയും മൊട്ടത്തലയും എന്റെ മോൾക്ക് ഏറെ ബോധിച്ചു.പിന്നെ മനസ്സുകൊണ്ട് സമപ്രായക്കാരായ അവർ അവരുടെ ലോകം ആസ്വദിച്ചു..
കൂട്ടത്തിൽ വലത് കയ്യ് നഷ്ടപ്പെട്ട ഒരു വ്യക്തി ഉണ്ടായിയുന്നു. ഒരു അറുപത് വയസോളംപ്രായം വരുന്ന അദ്ദേഹത്തിന്റെ മുഖം വളരെ പ്രസന്നമായിരുന്നു.അദ്ദേഹം അടുത്തേക്ക് വന്നു പറഞ്ഞു,
"എഴുന്നേറ്റ് വരാൻ ബുദ്ധിമുട്ടുള്ളവർ അവരുടെയൊക്കെ റൂമിൽ കിടക്കുകയാണ്.അവരെയും കൂടി കണ്ടോളു,ഞാൻ നിങ്ങളെ കൊണ്ടുപോകാം,അവർക്കുള്ള കേക്ക് കയ്യിൽ കരുതിക്കോളൂ.. കൂട്ടത്തിൽ എനിക്ക് ഒരു കഷ്ണം കേക്ക് കൂടി വേണം.എന്റെ ഭാര്യയും ഉണ്ട് ഇവിടെ,അവൾക്ക് കൊടുക്കാനാണ്."കേക്കും എടുത്തു പോകുന്ന അദ്ദേഹത്തോടൊപ്പം ഞങ്ങളും പോയി..അവിടെ അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടു.ചിരിക്കാൻ ആഗ്രഹമുണ്ടായിട്ടും അവരുടെ മുഖത്തു ചിരി വന്നില്ല.അദ്ദേഹം അവരുടെ കഥ പറഞ്ഞു,
ഒരു കമ്പനിയിൽ ജോലി ചെയ്യുക ആയിരുന്ന അദ്ദേഹത്തിന് സംഭവിച്ച ഒരു അപകടത്തിലൂടെയാണ് വലത് കൈ നഷ്ടപ്പെട്ടത്.അതോടെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ തുടങ്ങി,കുറ്റപ്പെടുത്തലുകൾ,കണക്കുപറച്ചിലുകൾ..മനം മടുത്ത അദ്ദേഹം ആത്മഹത്യക്കൊരുങ്ങി,മരണത്തിലേക്കായാലും കൂടെ താനുമുണ്ടെന്നു പറഞ്ഞു കരഞ്ഞ ഭാര്യയെയും ചേർത്ത് പിടിച്ചു അദ്ദേഹം വീട് വിട്ടു.. ആത്മഹത്യാശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ആരോ രണ്ടാളേം ഇവിടെ എത്തിച്ചു.തങ്ങളെക്കാൾ വേദനിക്കുന്ന മറ്റുള്ളവരെ കണ്ടപ്പോൾ അവർ അവരുടെ വേദനകൾ മറന്നു..ഇവിടെ അവർക്കൊരു മുറി കൊടുത്തു.."ഇപ്പോൾ ഞങ്ങൾക്ക് വിഷമം ഒന്നുമില്ല,ഒന്നുമില്ലേലും ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ കഴിയുന്നില്ലേ."അദ്ദേഹം പറഞ്ഞു നിർത്തി..ഞങ്ങൾ ഒന്നും മിണ്ടാനാകാതെ നിന്നു. നാളെ നമ്മുടെ അവസ്ഥയും എങ്ങനെ വേണേലും മാറിമറിയാം എന്നോർത്തപ്പോൾ വല്ലാത്ത ഭയം തോന്നി.
അദ്ദേഹം ഞങ്ങളെ ഓരോ മുറികളിലും കൊണ്ടുപോയി..കോട്ടക്കലെ, പ്രശസ്തമായ ഒരു വിദ്യാലയത്തിൽ നിന്നും വിരമിച്ച ഒരു അധ്യാപികയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു..ഓരോ മുറിയിലും കിടക്കുന്നവരെ കണ്ടിറങ്ങിയപ്പോഴേക്കും എന്റെ മനസ്സ് ആകെ മരവിച്ചുപോയി..
ഈ കോമ്പൗണ്ടിൽ മറ്റു നാല് കെട്ടിടങ്ങൾ കൂടിയുണ്ട്,അതുകൂടി ഒന്ന് കണ്ടിട്ട് പോകണം.അദ്ദേഹം തുടർന്നു. ഒന്ന് പതിനെട്ടു വയസ് വരെയുള്ള ബുദ്ധിവളർച്ചയില്ലാത്ത ആൺകുട്ടികൾക്ക് വേണ്ടിയുള്ളതാണ്.അടുത്തത് കുട്ടികളുടെ ജുവനൈൽ ഹോം,അടുത്ത കെട്ടിടം ബുദ്ധിസ്ഥിരതയില്ലാത്ത സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്,തെരുവിൽ നിന്നൊക്കെ കിട്ടുന്നവരെ സർക്കാർ ഇവിടെ പാർപ്പിച്ചിരിക്കുന്നു.അതിനടുത്ത് ഉള്ളത് നിരാലംബരായ സ്ത്രീകൾക്ക് വേണ്ടിട്ടുള്ളതാണ്.കോടതി വിധി വഴിയൊക്കെയാണ് പലരും അതിൽ എത്തിപെട്ടിട്ടുള്ളത്..
ഇതൊന്നും ഞങ്ങൾക്കറിയില്ലരുന്നു.വൃദ്ധസദനം മാത്രേ ചോദിച്ചുള്ളൂ.അതുകാരണം മറ്റുള്ളവർക്ക് കൊടുക്കാൻ ഞങ്ങൾ ഒന്നും കൊണ്ട് വന്നിട്ടില്ല.ഇത് കേട്ട് ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു,ഇവിടെ ഉള്ളവർക്കു ഇഷ്ടംപോലെ ഭക്ഷണം കിട്ടുന്നുണ്ട്.എന്നും ആരെലുമൊക്ക സ്പോൺസർ ചെയ്യും..ഭക്ഷണത്തിനു ഇവിടെ ഒരു പഞ്ഞവുമില്ല...പക്ഷെ അവർക്ക് വേണ്ടത് സ്നേഹമാണ്.കുറച്ചു നേരം അവർക്ക് വേണ്ടി ചിലവാക്കാൻ ഉള്ള മനസ്സ് മാത്രം ഉണ്ടെങ്കിൽ വരാം..ഏതായാലും ഞങ്ങൾ അദ്ദേഹത്തോടൊപ്പം പോയി..
ബുദ്ധിവളർച്ചയില്ലാത്ത,ശരീരം മാത്രം വളർന്ന ഒരുപറ്റം ആൺകുട്ടികൾ..അവിടെ അവർ മനോഹരമായ പുൽക്കൂട് ഉണ്ടാക്കുകയായിരുന്നു.സഹായത്തിനു അവരെ നോക്കുന്നവരും ഉണ്ടായിരുന്നു.മോളെ കണ്ടപ്പോൾ 'വാവ' എന്ന് വിളിച്ചു അവർ ഓടിയെത്തി..മാനസിക വളർച്ചയിൽ അവർ അവൾക്ക് തുല്യമായിരുന്നു.നിഷ്കളങ്കമായ അവരുടെ ചിരികൾ പോലെ ഭംഗിയുണ്ടായിരുന്നു,അവർ ഉണ്ടാക്കുന്ന പുൽകൂടിനും..അതിൽ കിടത്തിയ ഉണ്ണിയേശുവിന് ജീവൻ ഉള്ളത് പോലെ തോന്നി,അല്ല ഉണ്ട്.കാരണം ദൈവത്തിനു ഏറെ പ്രിയപ്പെട്ടവരല്ലേ അവർ,അവരോടൊപ്പമല്ലാതെ ദൈവം മറ്റെവിടെ പോകാനാണ്.പലരും വലിയ വീട്ടിലെ കുട്ടികളാണ്..ഇങ്ങനെയുള്ള കുട്ടികൾ ഉള്ള വീട്ടിൽ മറ്റു കുട്ടികൾക്ക് കല്യാണങ്ങൾ നടക്കാത്തത് കൊണ്ടും,അതുപോലെ മറ്റു പല കാരണങ്ങൾ കൊണ്ടുമൊക്കെയാണ് നിസ്സഹായരായ വീട്ടുകാർ ഈ കുട്ടികളെ ഇവിടെ ഏല്പിച്ചിരിക്കുന്നത്.വീട്ടിൽ വിശേഷമുള്ള ദിവസങ്ങളിൽ അച്ഛനമ്മമാർ വന്നു കൊണ്ടുപോകാറുണ്ട്.അത് കഴിയുമ്പോൾ തിരിച്ചു കൊണ്ടുവന്നാക്കുകയും ചെയ്യും.അങ്ങനെ തിരിച്ചു കൊണ്ട് വന്നതിനു ശേഷമുള്ള രണ്ടു ദിവസത്തോളം അവർ വിഷമിച്ചിരിക്കാറുണ്ടത്രെ..താളം തെറ്റിയ മനസ്സിലും അച്ഛനമ്മമാരുടെ സാമിപ്യം അവർ കൊതിക്കുന്നുണ്ടാകും...
മാനസിക വിഭ്രാന്തയുള്ള സ്ത്രീകളുടെ കെട്ടിടം കണ്ട നടുക്കം ഇപ്പോളും എന്റെ മനസ്സിലുണ്ട്..തെരുവിൽ അലഞ്ഞു നടന്ന പലരേയും ഇവിടെ ആക്കിയിട്ടുണ്ട്..ഇവിടേക്ക് എത്തിക്കുമ്പോൾ ചിലരുടെയൊക്കെ ഉദരത്തിൽ, തെരുവിലെ ഇരുട്ടിന്റെ മറവിൽ പകൽമാന്യൻന്മാർ ആരൊക്കെയോ സമ്മാനിച്ച ഗർഭങ്ങളും ഉണ്ടായിരുന്നു..മാതൃത്വം പോലും മനസ്സിലാക്കാൻ കഴിയാതെ,മാറിടം ചുരത്തിക്കൊണ്ടു അവർ അതിനുള്ളിൽ ജീവിച്ചു പോന്നു..
" ഇനി മതി.എനിക്ക് പോണം,ഇനിയൊന്നും കാണാൻ എനിക്ക് വയ്യ."ഞാൻ പോകാൻ തിടുക്കം കൂട്ടി..മരവിച്ച മനസ്സുമായി ഒരു യന്ത്രം പോലെ ഞാൻ നടന്നു.
അടുത്ത കെട്ടിടത്തിൽ താമസിച്ചിരുന്നവർ അശരണരായ കുറെ സ്ത്രീകളായിരുന്നു.ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നവർ,രണ്ടാനച്ഛന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ വന്ന പെൺകുട്ടികൾ,ആത്മഹത്യയിൽ നിന്നും പോലീസ് പിന്തിരിപ്പിച്ചു കൊണ്ട് വന്നാക്കിയിട്ടുള്ളവർ...അങ്ങനെ കുറെ പേർ.അവരുടെ മുറ്റത്തും 'പുൽക്കൂട്' ഒരുങ്ങുന്നുണ്ടായിരുന്നു..വാർഡനോടൊപ്പം ഉത്സാഹത്തോടെ അവർ നക്ഷത്രങ്ങൾ തൂക്കിയിട്ടു.. എവിടെയൊക്കെയോ ഒരു പ്രതീക്ഷയുടെ നക്ഷത്ര തിളക്കം അവരുടെ മുഖത്ത് ഞാൻ കണ്ടു..
ഇനി നിങ്ങൾ പൊയ്ക്കോളൂ...ഇങ്ങനെയും ഓരോ ജീവിതങ്ങൾ നമുക്ക് ചുറ്റും ഉണ്ടെന്നു ഓർക്കുക. "ഇതും പറഞ്ഞു അദ്ദേഹം തിരിച്ചു നടന്നു.
മനസ്സിൽ ഒരുപാട് നന്മകൾ ഉള്ള നിങ്ങളെ വേണ്ടെന്നു വെക്കാൻ കുടുംബത്തിന് എങ്ങനെ കഴിഞ്ഞു?"എന്റെ ചോദ്യത്തിന് ഒരു ചിരി മാത്രം സമ്മാനിച്ചു കൊണ്ട് അദ്ദേഹം പോയി..ഗേറ്റ് കടന്ന് പുറത്തിറങ്ങിയപ്പോൾ ഞാൻ ജീവിക്കുന്ന ലോകമെത്തി..
തൊട്ടതിനും പിടിച്ചതിനുമൊക്കെ ഞാൻ ദൈവത്തോട് പരാതി പറയാറുണ്ടായിരുന്നു.എന്റെ പരാതികൾ സഹിക്കാൻ കഴിയാഞ്ഞിട്ടാകും ദൈവം എന്നെ ഇവിടെ വരാൻ തോന്നിപ്പിച്ചത്..
അന്ന് മുതൽ ഞാൻ ദൈവത്തെ ബുദ്ധിമുട്ടിക്കാറില്ല.ഇപ്പോൾ ദൈവം തന്ന എല്ലാ സൗഭാഗ്യങ്ങൾക്കും ഞാൻ നന്ദിയുള്ളവളാണ്‌.ഇതെങ്കിലും നില നിർത്തി തരണേ എന്ന് മാത്രാമാണ് ഞാൻ പ്രാര്ഥിക്കാറ്.
തിരിച്ചു പോകുമ്പോൾ, വീടെത്തുവോളവും ഞങ്ങൾ ഒന്നും സംസാരിച്ചില്ല..മനസ്സിലെന്താണെന്നു പരസ്പരം മുഖത്തു നോക്കുമ്പോൾ തന്നെ അറിയാൻ കഴിയുമായിരുന്നു....Dr.smitha

പാഥേയം

Image may contain: 1 person, sitting, motorcycle and outdoor

മുംബൈ നഗരത്തിനു വേഗത കൂടുതലാണ്. നേരം വെളുക്കുന്നതും ഇരുട്ടുന്നതും ഒക്കെ വളരെ പെട്ടെന്നാണെന്നു തോന്നിപ്പോകും.. നിലാവിൽ തെളിഞ്ഞു കാണുന്ന കെട്ടിടങ്ങൾ പുറമേക്ക് ഭംഗിയും സൗന്ദര്യവും ഉള്ളതായി തോന്നുമെങ്കിലും മിക്കത്തിനും ഉള്ളിൽ നിറയെ വിങ്ങലുകളായിരിക്കും.. പ്രത്യേകിച്ച് പഴഞ്ചൻ മനസ്സായി ജീവിക്കുന്ന മലയാളികളുടെ...
പഴഞ്ചൻ എന്ന വാക്ക് എനിക്കേറെ പ്രിയപ്പെട്ടതാണ്.. കാരണം പലരിൽ നിന്നും ഞാൻ ഇടയ്ക്കിടെ കേൾക്കുന്ന വാക്കാണത്‌.. ഭാര്യയിൽ നിന്നും,മകനിൽ നിന്നും മകളിൽ നിന്നും പിന്നെ സഹപ്രവർത്തകരിൽ നിന്നും.."പഴം ജെൻ" "ന്യൂജെൻ".. ഹോമോസാപ്പീന്സിന്റെ പുതിയ ക്ലാസിഫിക്കേഷൻ. കാലത്തിനൊപ്പം കോലം മാറുന്നവൻ ന്യൂജെൻ, കാലത്തിനൊപ്പം ഓടിയെത്താത്തവൻ പഴഞ്ചൻ...
" നിങ്ങളിത് എത്ര നേരമായി ചായയും കുടിച്ചിരിക്കുന്നു. ബാൽകണിയിൽ ഉള്ള ചെടികൾക്ക് ഓരോ കപ്പ് വെള്ളമൊഴിക്കണം.. ബ്രെഡും ജാമും മേശപ്പുറത്തുണ്ട്,കഴിക്കാൻ മറക്കണ്ട.. വേസ്റ്റ് ഒരു കവറിൽ കെട്ടി വെച്ചിട്ടുണ്ട് കളയാൻ മറക്കരുത്. പെൻഷൻ ആയതിനു ശേഷം മറവി കുറച്ച കൂടുതലാണ്.." ജോലിക്കു പോകാനിറങ്ങുന്ന ഭാര്യയുടെ വാക്കുകൾ എന്നെ ചിന്തയിൽ നിന്നുണർത്തി...
കുറെ നാളുകളായി ഉറക്കം കിട്ടുന്നില്ല.. സ്വപ്നത്തിൽ നിറയെ വിശക്കുന്നു വിശക്കുന്നു എന്ന നിലവിളികൾ മാത്രം... ഇടക്കിടക്ക് എണീക്കുന്നു... ഉറക്കം ശരിയാകാത്തതിന്റെ ബുദ്ധിമുട്ടുകൾ വേറെയും.. ഭാര്യയും മക്കളും ഒരേ സ്വരത്തിൽ സൈക്കോളജിസ്റ്റിനെ കാണാൻ പറഞ്ഞു.. മുപ്പത് വർഷം മുംബൈയിൽ ജോലി ചെയ്തു.. റിട്ടയേർഡ് ആയതിനു ശേഷം നാട്ടിൽ പോയി ജീവിക്കാൻ ആഗ്രഹിച്ചതായിരുന്നു. പക്ഷെ ഭാര്യയും മക്കളും എതിർത്തു.. ആ പഴഞ്ചൻ നാട്ടിലേക്ക് ഞങ്ങൾ ഇല്ല എന്നായിരുന്നു മറുപടി...
എന്നാലും രണ്ടും കല്പിച്ചു നാട്ടിൽ ഒന്ന് പോകാൻ തീരുമാനിച്ചു.. വിവരം പറഞ്ഞ ഉടൻ കേട്ടത് കുറെ പരാതികളായിരുന്നു. നിങ്ങൾ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ആര് നോക്കും,അച്ഛൻ പോയാൽ വൈകുന്നേരം എന്നെ പിക്ക് ചെയ്യാൻ ആര് വരും, തുടങ്ങി നൂറു കൂട്ടം കാര്യങ്ങൾ.. അവസാനം പറഞ്ഞുറപ്പിച്ചു, യാത്രയ്ക്കുള്ള സമയവും,പിന്നെ നാട്ടിൽ നിൽക്കാൻ ഒരു ദിവസവും...
കുറെ നാൾ യാത്ര ചെയ്യാതിരുന്നൊണ്ട് വല്ലാതെ ക്ഷീണം തോന്നി.. എങ്കിലും സ്വന്തം വീട്ടുമുറ്റത്തെത്തിയപ്പോൾ അതെല്ലാം പോയി... റബ്ബർ മരങ്ങളുടെ നടുവിൽ; കാത്തിരിക്കാനും വന്നുചേരാനും ആളില്ലാതെ കിടക്കുന്ന എന്റെ തറവാട്... റബ്ബർ കരിയിലകളാൽ മുറ്റം നിറഞ്ഞു കിടക്കുന്നു. ഇഴജന്തുക്കൽ വല്ലതും ഉണ്ടായാലും അറിയില്ല... അതിലൂടെ ഉമ്മറത്തെത്തി.. വാതിൽ തുറക്കാതെ അവിടെയിരുന്നു..
തെക്കേപറമ്പിൽ അടുത്തടുത്തായി ഒരു കർപ്പൂരമാവും തെങ്ങും നിൽക്കുന്നുണ്ട്... മാവിനെക്കാൾ അഞ്ചു വർഷം ചെറുപ്പമാണ് തെങ്ങിന്.. മാവ് അച്ഛന്റെ ഓർമ്മയാണ്,പത്തു വർഷം മുന്നേ അച്ഛനെ അടക്കിയതാണ് അവിടെ.. അഞ്ച് വർഷം മുന്നേ അമ്മയെയും. ചുറ്റും തെച്ചി പൂവിട്ടു നിൽക്കുന്നു.. കാടുപിടിച്ച് കിടക്കുകയാണവിടം.. ഒറ്റ മകനായിരുന്ന എനിക്ക് കാത്തിരിക്കാനും അവർ മാത്രമേ ഉണ്ടായിരുന്നുള്ളു.
തെക്കേ പറമ്പിൽ മൂലയിൽ ഒരു പന നിൽക്കുന്നു.. അതിനടുത്തേക്കു പോകാൻ എന്തോ ഒരു ഭയം... കുട്ടിക്കാലത്തു വർഷത്തിലൊരിക്കൽ അച്ഛനും മറ്റു കുടുംബക്കാർക്കുമൊപ്പം വിളക്കുമായി രാത്രിയിൽ പനയുടെ ചുവട്ടിലേക്ക് പോകാറുണ്ടായിരുന്നു.. മുത്തപ്പനെ ഊട്ടാൻ.. കള്ളും,പിന്നെ മുത്തപ്പന് ഇഷ്ടമുള്ള മറ്റെന്തൊക്കെയോ ഉണ്ടാകുമായിരുന്നു... അതുകൊണ്ട് തന്നെ മാറ്റ് മരങ്ങളോടുള്ള സ്വാതന്ത്ര്യം എനിക്ക് ആ മുത്തപ്പൻ പനയോട് ഉണ്ടായിരുന്നില്ല.. ദൂരെ നിന്ന് നോക്കാറെയുള്ളു...
"എപ്പോ എത്തി..?" ചോദ്യം അമ്മാവന്റെ ആയിരുന്നു.. അടുത്ത് തന്നെയാണ് അമ്മാവന്റെ വീട്. "ഇപ്പൊ എത്തിയിട്ടേ ഉള്ളു, അമ്മാവന് സുഖം തന്നെയല്ലേ.."
"അതെ, ഇപ്പൊ എന്താ ഒരു മുന്നറിയിപ്പില്ലാതെ?" അമ്മാവന്റെ മുഖത്തു ഒരു സംശയം.
"ഒന്നുമില്ല..ഒന്ന് വരാൻ തോന്നി.." ഞാൻ പനയിലേക്ക് നോക്കി നിന്നു. ഒരു ദീർഘ നിശ്വാസത്തോടെ അമ്മാവൻ പറഞ്ഞു തുടങ്ങി, "എന്തൊരു ഐശ്വര്യമുള്ള വീടായിരുന്നു ഇത്, ഇടിഞ്ഞു വീഴാറായ ഈ തൊഴുത്തു കണ്ടില്ലേ, എന്തോരം പശുക്കളുണ്ടായിരുന്നു ഇവിടെ, എല്ലാ മാസം ഒന്നാം തീയതി ഈ മുറ്റത്തു അമ്മ പൊങ്കാലയിടാറുണ്ടായിരുന്നു... അത് കേട്ടപ്പോഴേക്കും എന്റെ നാവിൽ ആ പായസത്തിന്റെ രുചി വന്നു... ചൂട് പായസം ഇലയിൽ ഒഴിച്ച് പ്ലാവില കൊണ്ട് കോരി കുടിക്കും....
അമ്മാവൻ തുടർന്നു, "അച്ഛൻ പോയതിനു ശേഷം മുത്തപ്പനെ ഊട്ടിയിട്ടില്ല... തെക്കിനിയിൽ വിളക്ക് വെക്കാറില്ല.. എല്ലാ ഐശ്വര്യങ്ങളും പോയി.. നിങ്ങളാരും ഇങ്ങോട്ട് വരാറില്ലല്ലോ.അവർക്കൊരു പിടി ബലിച്ചോറു പോലും കൊടുത്തിട്ടില്ല".
കാടുപിടിച്ച കിടക്കുന്ന അസ്ഥിതറകൾ, ആരും തിരിഞ്ഞു നോക്കാതെ നിൽക്കുന്ന പന, ഐശ്വര്യമില്ലാതെ തെക്കിനി, പ്രേതാലയം പോലെ ഒരു വീട്... നൂറും പാലും കിട്ടാതെ സർപ്പങ്ങൾ അലയുന്ന കാവ്.. ബലിച്ചോറു കിട്ടാതെ അലയുന്ന ആത്മാക്കൾ.. പിന്നെ ഞാൻ എങ്ങനെ ഉറങ്ങും? എന്റെ വേര് നശിക്കുമ്പോൾ ഞാൻ എങ്ങനെ നിവർന്നു നിൽക്കും..ചെയേണ്ടത് എല്ലാം ചെയ്യണം.
"നിങ്ങൾക്കു ആർക്കേലും അസുഖങ്ങൾ എന്തേലുമുണ്ടോ?" അമ്മാവന്റെ ചോദ്യം ഒന്ന് സംശയിപ്പിച്ചു. "അല്ല, അങ്ങനെ എന്തേലും ഉണ്ടെങ്കിലേ ഇപ്പോഴത്തെ തലമുറ ഇതൊക്കെ അന്വേഷിച്ചു വരൂ.. പരിഹാര കർമങ്ങൾക്ക്. നല്ല നിലയിൽ ജീവിക്കുമ്പോൾ കാരണവന്മാരുടെ അനുഗ്രഹം അല്ലെ അവർക്ക് ചെയ്യാനുള്ളത് ചെയ്യണം എന്ന് ആരും കരുതില്ല... വയ്യാതാകുമ്പോൾ മാത്രം അത് ആത്മാക്കളുടെ പിടലിക്ക്... എന്താ ചെയ്യാ?? " ഇല്ല,ആർകും ഇതുവരെ ഒന്നുമില്ല.. പക്ഷെ ചെയ്യാൻ ഉള്ളതു എല്ലാം അമ്മാവൻ ചെയ്യണം. ഒരു കെട്ടു രൂപ എടുത്തു അമ്മാവന്റെ കയ്യിൽ വെച്ച് കൊടുത്തു. എത്രയാ വേണ്ടതെന്നു പറഞ്ഞാൽ മതി. എന്റെ കയ്യിൽ പൈസ മാത്രമേ ഉള്ളൂ, സമയം ഇല്ല.. എനിക്ക് വേണ്ടി എല്ലാം ചെയ്യണം. അമ്മാവൻ ഒന്നും മിണ്ടിയില്ല.
നിൽക്കുന്നില്ല.ബാഗും എടുത്തു ഇറങ്ങി.. ഇനിയെന്നാ ഇങ്ങോട്ട് എന്ന അമ്മാവന്റെ ചോദ്യത്തിന്, ഒട്ടും ചിന്തിക്കാതെ മറുപടി നൽകി, "ആരോഗ്യം നശിക്കുമ്പോൾ വിശ്രമിക്കാൻ ഞാൻ വരും. അന്ന് എനിക്ക് കിടക്കാൻ അച്ഛന്റെയും അമ്മയുടെയും അടുത്ത് തന്നെ കുറച്ചു സ്ഥലം വൃത്തിയാക്കി ഇടണം".. മറുപടിക്ക് കാത്തു നിന്നില്ല,തിരിഞ്ഞു നോക്കാതെ വേഗം നടന്നു........

by: Dr Smitha

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo