Showing posts with label MilaMohammed. Show all posts
Showing posts with label MilaMohammed. Show all posts

#വാപ്പിച്ചി

പെട്ടെന്നൊരുനാൾ ഒന്നും മിണ്ടാതെയങ്ങു പോയിട്ട് പിന്നെ സ്വപ്നങ്ങളിൽ വന്നു ഒരു പാടൊരുപാട് കാര്യങ്ങൾ ചോദിച്ചും പറഞ്ഞു
സന്തോഷിച്ചിരിക്കുമ്പോൾ പിന്നെയും എന്നെ സങ്കടത്തിന്റെ കൂരിരുട്ടിൽ തനിച്ചാക്കി വാപ്പച്ചി എവിടെപ്പോയതാ?
എനിക്കിനിയും കുറെയേറെ പറയാനുണ്ടായിരുന്നു.
അവസാനമായി ഒരു നോക്കു കാണാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമത്തേക്കാൾ അതൊരു അനുഗ്രഹമായാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്.
കാരണം എന്റെ മനസിൽ ഇപ്പോഴും വാപ്പിയുടെ ചിരിക്കുന്ന മുഖമേയുള്ളൂ.
ഞാൻ നെഞ്ചു പൊട്ടി കരയുമ്പോൾ ഒന്നും അറിയാതെ കണ്ണുമടച്ച് കിടക്കുന്ന വാപ്പിയെ എനിക്ക് കാണേണ്ടി വന്നില്ലല്ലോ.
ഇപ്പോഴും ദൂരെ എവിടെയോ ഒരു വർക്ക് സൈറ്റിൽ പോയിരിക്കുകയാണ് എന്നൊരു തോന്നലാണ്.
നാട്ടിൽ ചെന്ന് എല്ലാവരും കൂടി ഒത്തുചേരുമ്പോൾ മാത്രമാണ് അഭാവം ഇത്തിരിയെങ്കിലും അനുഭവപ്പെടുന്നത്.
ചെലപ്പോഴൊക്കെ വെറുതെ ദൂരെ നിന്നെങ്കിലും ഒരു നോക്ക് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നോർത്ത് കരയാറുണ്ട്.
എത്ര പ്രാവശ്യം കേണു പറഞ്ഞു അപേക്ഷിച്ചിട്ടുണ്ട് ഇങ്ങനെ ഒരു പാട് പുകവലിക്കല്ലേ എന്ന്.
അന്നൊക്കെ നിസ്സാരമായി ചിരിച്ചു തള്ളിയപ്പോൾ വാപ്പിയും കരുതിയിരുന്നില്ലേ, ഇനിയും കുറെ ദൂരം കൂടി ഞങ്ങളോടൊപ്പം തന്നെയുണ്ടാവും എന്ന്.
നമുക്ക് ഇനിയും എന്തൊക്കെ പറയാനും കേൾക്കാനും കാണാനുമൊക്കെ ഉണ്ടായിരുന്നു.
എത്ര വലിയ സന്തോഷ നിമിഷങ്ങളും പെട്ടെന്ന് നിറങ്ങളെല്ലാം മാഞ്ഞു പോയി കൺ നിറയുന്ന അവസ്ഥയിലാണ് ഇപ്പോൾ അവസാനിക്കുന്നത്.
വാപ്പിക്കറിയോ ,,ഞങ്ങളെ വിട്ടിട്ടുപോയതിന് ശേഷമുള്ള ഒരു ആഘോഷങ്ങളിലും ഒന്നിച്ചൊരു ഫാമിലി ഫോട്ടോ എടുത്തിട്ടില്ല ഇതുവരെ.
ആ കൈയിൽ പിടിക്കാതെ ഓരം ചേർന്നിരിക്കാതെ അതൊന്നും പൂർണതയിൽ എത്തില്ലല്ലോ.
അന്നു പുകച്ചു കളഞ്ഞ സിഗരറ്റിന്റെ എണ്ണം കുറച്ചിരുന്നെങ്കിൽ
ഇന്നു അനുഭവിക്കുന്ന സങ്കടത്തിന്റെ ദിനങ്ങളും കുറയ്ക്കാമായിരുന്നല്ലോ എന്നോർക്കുമ്പോൾ ഉള്ളു നിറയെ നഷ്ട ബോധമാണ്,
കുറെക്കൂടി നിർബന്ധിച്ച് പിന്തിരിപ്പിക്കാമായിരുന്നല്ലോ എന്നോർത്ത്.
ഓർക്കുന്നുണ്ടോ അന്നൊരിക്കൽ പനി പിടിച്ചു കിടന്ന സമയത്ത് ഉമ്മച്ചി സിഗരറ്റും ലൈറ്ററുമെടുത്ത് ഒളിപ്പിച്ചു വെച്ചത്.
അന്നു വാപ്പിയുടെ ദയനീയാവസ്ഥ കണ്ടു വിഷമം തോന്നിയിട്ട് ഉമ്മച്ചി കാണാതെ അതി വിദഗ്ധമായി തെരഞ്ഞുപിടിച്ച് കൈയിൽ വെച്ചു തന്ന് , ഉമ്മച്ചിടെ വരവറിയിക്കാൻ കാവലു നിന്നത്.
അന്നു തന്ന ഉമ്മയോടൊപ്പം എനിക്കൊരു വാക്ക് കൂടി തന്നിരുന്നു, 'ഇനിയെന്റെ പൊന്നുമോള് പറയുന്ന പോലെ ഞാൻ വല്ലപ്പോഴും ഒന്നോ രണ്ടോ , അതിൽ കൂടില്ല എന്ന്.
എന്നിട്ടു പിന്നെയും എന്നെ പറ്റിച്ചു. ആവശ്യങ്ങളും ആഗ്രഹങ്ങളും എല്ലാം നിറവേറ്റി തരാൻ എല്ലാവരും ഉണ്ട്‌, ഒന്നിനുമൊരു കുറവുമില്ല.
എന്നിട്ടും പലപ്പോഴും ആൾക്കൂട്ടത്തിൽ തനിയെ ആവുന്നത് പോലെ തോന്നുകയാണ്.
കാലം മുറിവുണക്കും എന്നൊക്കെ വെറുതെ പറയുന്നതാണ്.
ചില മുറിവുകളുടെ നീറ്റൽ കാലം പോകവെ കൂടുന്നത് പോലെയാണ് തോന്നുന്നത്.
സ്വപ്നത്തിൽ മതിവരുവോളം കാണാനും പറയാനും കഴിയാതെ കണ്ണുതുറന്നു പോവുമ്പോൾ നിരാശയുടെ ആഴക്കടലിലേക്ക് പതിക്കുന്നത് പോലെ തോന്നും.
വാപ്പിയുടെ ശബ്ദം , കാണുമ്പോൾ നെറ്റികൾ തമ്മിൽ മുട്ടിക്കുന്ന സ്നേഹപ്രകടനം തരുന്ന സുഖമുള്ള നോവ് , ഉറക്കം നീണ്ടു പോവുന്ന പ്രഭാതങ്ങളിൽ കാലിനടിയിൽ ചൊറിഞ്ഞു ഇക്കിളിയിട്ടുണർത്തുന്നതുമെല്ലാം തൊട്ടു മുൻപ് അനുഭവിച്ചതു പോലെ സ്വപ്നമോ യാഥാർത്ഥ്യമോ എന്നറിയാതെ ഇരുട്ടിലേക്ക് കൺതുറക്കുമ്പോൾ കണ്ണീരിനെ നിയന്ത്രിക്കാനാവില്ല.
വാപ്പിക്ക് ഓർമ്മയുണ്ടോ അന്നൊരു വൈകുന്നേരം പാടത്തിനക്കരെ തെങ്ങിൻ തോപ്പിലേക്ക് പോവുമ്പോൾ ഇടയ്ക്ക് വെച്ച് മുറിഞ്ഞ പാടവരമ്പിന്റെ മറുഭാഗത്തേക്ക് ചാടാൻ ഞാൻ മടിച്ചു നിന്നത് ,
വരമ്പുകൾക്കിടയിലെ വെള്ളത്തിലറങ്ങി നിന്ന് അതിലെ പരൽ മീനുകളെ കാണിച്ച് എന്നെ വെള്ളത്തിലിറക്കാൻ നോക്കിയത് , ഒടുവിൽ എന്റെ വാശിക്ക് മുന്നിൽ സുല്ലിട്ട് അപ്പുറത്തേക്ക് എടുത്ത് വെക്കാൻ വേണ്ടി കൈ നീട്ടിയിട്ട് പിറകോട്ട് വലിച്ച് കുറെ പ്രാവശ്യം പറ്റിച്ചു ,
പിന്നെയെടുത്ത് കാലുകൾ വെളളത്തിൽ തൊടുവിച്ചതിന് ശേഷമാണ് ഞാൻ മറുകര കണ്ടത് .
നിത്യജീവിതത്തിലെ സങ്കടത്തിന്റെ കുഞ്ഞു കയങ്ങൾ താണ്ടി മുന്നോട്ട് പോവുമ്പോൾ എവിടെയൊക്കെയോ ഉള്ളിലിരുന്ന് അന്നത്തെ കുഞ്ഞുകൈകൾ അറിയാതെ ഇപ്പോഴും നീളാറുണ്ട്, ഏറ്റുവാങ്ങാൻ വാപ്പിയില്ലെന്ന ഓർമ്മയില്ലാതെ.
, ' എനിക്കിനിയും വാപ്പച്ചിയോടൊത്ത് ഒരു പാട് കാലം കഴിയണമായിരുന്നു.
മീന വെയിലും മകരമഞ്ഞും ഇടവപ്പാതിയും തുലാവർഷവുമെല്ലാം ആ മടിയിലിരുന്ന് കൗതുകത്തോടെ ഒന്നൂടെ കണ്ടറിയണം ,
മദ്രസയിലും സ്ക്കൂളിലുമൊക്കെ വിരലിൽ തൂങ്ങി പോയിരുന്ന ആദ്യ നാളുകൾ ഇനിയും വേണം, പോകുന്ന വഴിയിൽ ഉടനീളം സംശയം ചോദിച്ച് ചോദിച്ച് വാപ്പച്ചിയെ ഉത്തരം മുട്ടിക്കണം ,
കൈ നിറയെ മൈലാഞ്ചിയിട്ട പെരുന്നാൾ രാവുകളിൽ കെട്ടിപ്പിടിച്ചു കിടന്ന് രാവിലെ വാപ്പിയുടെ ദേഹത്തും മുടിയിലുമെല്ലാം മൈലാഞ്ചിച്ചുവപ്പാക്കണം ,
വാപ്പച്ചിയുടെ അഭാവത്തിൽ കർശന നിയമങ്ങൾ ഇറക്കുന്ന ഉമ്മച്ചീടെ മുൻപിലൂടെ ഒരു ജേതാവിനെപ്പോലെ ആ കൈയും പിടിച്ച് ഗസലുകൾ കേൾക്കാൻ, നാടകം കാണാൻ ഒക്കെ പോവേണം.
മെഹ്ഫിലുകൾ പെയ്തിറങ്ങിയ രാവുകളിൽ വാപ്പിയുടെ തോളിൽ തല ചായ്ച്ചു പാതിമയക്കത്തിൽ കേട്ടിരിക്കണം,
സ്ക്കൂൾ വിട്ടു വരുന്ന സമയത്ത് നിനച്ചിരിക്കാതെ ലീവിൽ വന്ന വാപ്പിയെ കാണുമ്പോൾ സന്തോഷം കൊണ്ടു കരയണം ,
എല്ലാവരും കളിയാക്കുമ്പോൾ ആ നെഞ്ചിൽ മുഖം ചേർത്ത് ചമ്മലൊതുക്കേണം
. അടുത്ത് വന്നാൽ ചേർത്തു പിടിച്ചിരുന്ന ആ സുരക്ഷിതത്വത്തിന്റെ, വാൽസല്യത്തിന്റെ മണം ഇനിയെന്നാ കിട്ടുക ? സ്വർഗത്തിൽ പോലും ഞങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആധി കാരണമാണോ നേരത്തെ പോയത് എന്ന് ചിന്തിക്കാറുണ്ട്.
ഒരു ദിവസമെങ്കിലും നമ്മൾക്കെല്ലാവർക്കും കൂടി ഒന്നിച്ച് കഴിയാനായെങ്കിൽ എന്ന് പ്രാർത്ഥിച്ചു പോവുകയാണ്. പിന്നെ എന്റെ വാപ്പച്ചിടെ അടുത്ത് ആദ്യം എത്തുന്നത് ഞാനാവണേ എന്ന് മനമുരുകി തേടുന്നു.
ഇനിയും പ്രിയപ്പെട്ടവരുടെ വേർപാടൊന്നും താങ്ങാൻ വയ്യെനിക്ക് ,
പിന്നെ വാപ്പീടെ അടുത്ത് ,ഏറ്റവും അടുത്ത് ഞാൻ തന്നെ മതി,
ഭൂമിയിലായാലും സ്വർഗ്ഗത്തിലായാലും !! .
ഭീമമായ സമ്പാദ്യത്തിന്റെ പിൻബലത്തിൽ വേണ്ടതെല്ലാം ഒരുക്കി എന്ന വിശ്വാസത്തിൽ കേവലമായ ദൗർബല്യങ്ങളിൽ മുഴുകി വിലപ്പെട്ട ജീവിതത്തെ നിസ്സാരമായി കാണുന്ന വർ അറിഞ്ഞെങ്കിൽ .....
നിങ്ങളോടൊപ്പമുളള ഓരോ നിമിഷങ്ങളും അമൂല്യ നിധിപോലെ കണ്ട്, അവയ്ക്കായ് ഭിക്ഷക്കാരെ പോലെ കേഴുന്ന ഉറ്റവരെക്കുറിച്ച്, കാലത്തിന് പോലും ഉണക്കാനാവാതെ അവർക്കുള്ളിൽ നീറുന്ന മുറിവുകളെക്കുറിച്ച്..
നാട്ടിൽ ഉപ്പയുടെ മരണം അറിഞ്ഞിട്ടും സാഹചര്യങ്ങൾ കൊണ്ട് വരാൻ സാധിക്കാതിരുന്ന എന്റെ പ്രിയ കൂട്ടുകാരിക്ക് സമർപ്പിക്കുന്നു
Mila Mohammed

കൺതുറന്നും കാണാൻ..........

"കൺതുറന്നും കാണാൻ കഴിയുന്ന സ്വപ്നങ്ങളിൽ മങ്ങിയും തെളിഞ്ഞും എവിടെ ഒക്കെയോ കാണാറുണ്ട് നിറം
മങ്ങിയൊരു വീടും അവിടെ നമുക്കായി മാത്രം പെയ്തു തോരുന്ന മഴയും .
ചിന്തകളുടെ ചെങ്കതിരുകൾ അഴകേറ്റും വീടിന്റെ അടയാത്ത പടിപ്പുര വാതിലും ,
അക്ഷരങ്ങളുടെ ചെരാതുകളും ഇഷ്ടഗീതത്തിന്റെ നിലാവും നിറയുന്ന മുറ്റവും മഞ്ഞു പെയ്തിറങ്ങുന്ന ചില്ലുപാളികളിലൂടെ നോക്കെത്തും ദൂരം വരെ
മിഴികളാൽ യാത്രയോതുന്ന പുലരികളും .,
തീക്ഷ്ണ മോഹങ്ങളുടെ ചൂടിൽ ഉരുകുന്ന മദ്ധ്യാഹ്നങ്ങളും..പടി കടന്നെത്തുന്ന നിറഭേദങ്ങളിലെ കണ്ണീരുപ്പിനും ഹൃദയരക്തത്തിനും ഒരു ഭാവമെന്നറിഞ്ഞു സാന്ത്വനമാകുന്നതും ..
സമത്വത്തിൻ മാറ്റൊലി മുഴക്കുന്ന കാറ്റിനെ ശ്വാസമായി ചേർക്കുന്ന ജാലകങ്ങളും ,ചക്രവാളങ്ങളിൽ നോവിന്റെ കനലായി തിളങ്ങുന്ന സന്ധ്യകളും കാത്തിരിപ്പിന്റെ വ്യഥകളെ ഇരുളിനാൽ മറക്കുന്ന രാവുകളും .
വഴിപിഴക്കാതെന്നും കാലത്തിൻ തേരേറി നമ്മെ തേടിയെത്തുന്ന ഋതുഭേദങ്ങളും ..
ചുടുനിണ പെയിത്തിലും തിരികെടാതെന്നും കാത്തു വെയ്ക്കുന്ന വിപ്ലവജ്വാലകളും .
പിണക്കത്തിന്റെ കാർമേഘങ്ങളെ ഇടിയും മിന്നലുമായി തിമിർത്തൊരു തുലാവര്ഷമാക്കി സ്വയമതിൽ അലിയുന്ന കണങ്ങളാക്കി തീരുന്ന സമാഗമങ്ങളും .
ഒടുവിലെൻ അരുതുകളും അതിരുകളും എല്ലാം നിന്റെ കരവാലയത്തിൻ നേരിൽ അലിഞ്ഞു നിത്യമാം നിദ്രയിൽ ലയിക്കുന്നതും ,,,
,,അങ്ങനെയങ്ങനെ അനുനിമിഷം നിഴലായും തണലായും ചേർന്ന് നിൽക്കുന്ന പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും ചിന്തകളുടെ ഒരു വേലിയേറ്റം തന്നെയുണ്ട് സഖാവേ ഉള്ളിൽ എപ്പോളും ..
മില മുഹമ്മദ്

#മച്ചി.....!

രാത്രി പകലിന് വഴിമാറി തുടങ്ങിയിരിക്കുന്നു......!
ശ്രുതിയുടെ കണ്ണുകളിലൂടെ ചാലിട്ടൊഴുകിയ നീർകണങ്ങൾ തലയിണയെ ചുംബിച്ചുറങ്ങി.
തെല്ലു നേരത്തേക്ക് മനസൊന്ന് ശാന്തമായപ്പോൾ തലേന്ന് രാത്രിയിൽ ഉണ്ടായ രംഗങ്ങൾ വീണ്ടും ഒരു ദുർഭൂതം കണക്കേ ഹൃദയത്തിലേയ്ക്കുരുണ്ടു കൂടി
**************************
രാത്രി ഒരുപാടു വൈകിയിട്ടും നിരഞ്ജനെ കാണാത്തതിൻറെ ആവലാതിയിൽ ഇരിക്കുകയായിരുന്നു താൻ. പലവട്ടവും ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചിട്ടും നിരാശയായിരുന്നു ഫലം.
ഡയനിംഗ് ടേബിളിൽ തലവെച്ച് എപ്പോഴോ ഒന്നു മയങ്ങിപ്പോയി.
മെയിൻഡോറിലെ ശക്തിയായ മുട്ടല് കേട്ടിട്ടാണ് ഞെട്ടിയുണർന്നത്.
"നിരഞ്ജനാണോ??" കോളിംഗ് ബെൽ അടിക്കുകയാണല്ലോ പതിവ്. ഒരു നിമിഷം ആലോച്ചതിനു ശേഷം ചോദിച്ചു.
"ആരാണ്...."
മൗനം.
"ചോദിച്ചത് കേട്ടില്ലെ ആരാണെന്ന്."
"ഞാനാ... നീ വാതില് തുറക്ക്."
അതെ നിരഞ്ജനാണ്.
വേഗം ചെന്ന് കുറ്റി നീക്കി.
പുറത്തേ ലാമ്പിലെ വെളിച്ചത്തിൽ മുഖത്തേക്ക് ഒന്നു നോക്കിയതേയുളളു. ആള് നല്ലവണ്ണം മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായി.
ആടിക്കുഴഞ്ഞാണ് അകത്തേക്ക് കയറിയത്. മദ്യപിക്കാറുണ്ടെങ്കിലും ഈയൊരു കാഴ്ച തൻറെ ജീവിതത്തിൽ ആദ്യമാണ്.
നിൽക്കാൻ വയ്യാതെ നിരഞ്ജൻ സെറ്റിയിലേയ്ക്ക് ഇരുന്നു.
അലമാരിയിൽ നിന്നും കൈലിയും, തോർത്തുമെടുത്ത് താൻ നിരഞ്ജൻറെ കൈയ്യിൽ കൊടുത്തു.
"കുളിച്ചേച്ചും വായോ. ഞാനപ്പോഴേക്കും ഭക്ഷണം എടുത്തു വെയ്ക്കാം."
"വേണ്ട.. ഞാൻ കഴിച്ചു."
വല്ലാത്തൊരു മുരൾച്ചയോടെയാണ് നിരഞ്ജനത് പറഞ്ഞത്. ശരീരത്തിൻറെ തളർച്ചയൊന്നും വാക്കുകളില്ല.
"ഇതിപ്പോ നല്ല കഥയായി.., സാധാരണ പുറത്ത് നിന്ന് കഴിക്കാറില്ലല്ലോ."
"പുറത്ത് നിന്നല്ല ചേട്ടൻറെയടുത്ത് നിന്നാണ്." മറുപടിയിൽ അസ്വസ്ഥത നിറഞ്ഞിരിക്കുന്നു.
"ഉവ്വ് ഇപ്പോ മനസിലായി, അമ്മയുടെ അടുത്തായിരുന്നല്ലെ.
എങ്കി നിരഞ്ജൻ കിടക്കുവാൻ നോക്കൂ അടുക്കലയിൽ ഒരൽപ്പം ജോലികൂടിയുണ്ട്. ഞാനിതാ വരുന്നു."
"നീയൊന്ന് അവിടെ നിന്നെ..."
തിരിഞ്ഞു നടക്കുവാൻ തുടങ്ങിയ തന്നെ വല്ലാതുലച്ചുകളഞ്ഞു ആ ശബ്ദം. അരുതാത്തതെന്തോ സംഭവിക്കുവാൻ പോകുന്നെന്ന് മനസ് മന്ത്രിച്ചു.
നിരഞ്ജൻ തുടർന്നു.
"എന്താ നിൻറെ ഭാവി പരിപാടി???
ചോദ്യത്തിൽ അടങ്ങിയിട്ടുളള കാമ്പ് ഗ്രഹിക്കാൻ കഴിയാത്ത ഭാവത്തോടെ താൻ നിരഞ്ചനെ നോക്കി.
"മനസിലായില്ലെ, ഒരു അട്ടയെപ്പോലെ എൻറെ രക്തവും ജീവിതവും ഊറ്റിക്കുടിച്ചു മതിയായില്ലേ നിനക്ക്.
ഇനിയെങ്കിലും നിർത്തിക്കൂടെ."
കാലുകൾ വേച്ചു പോകുന്നതുപോലെ തോന്നി തനിക്ക്...
"നിരഞ്ജാ....." ദുർബലമായി പോയോ ആ വിളി....??
"അതേടി നിരഞ്ജൻ തന്നെ, വർഷം നാലായില്ലേ ... എന്നിട്ടും എനിക്കൊരു കുഞ്ഞിനെ തരാൻ കഴിഞ്ഞോ നിനക്ക്....??"
അയാളുടെ മുഖത്ത് വെറുപ്പ് കുമിഞ്ഞു കൂടി...
"വെറുതെയല്ലെടി നിന്നെ നാടും വീടും ഒരേ സ്വരത്തിൽ മച്ചിയെന്നു വിളിക്കുന്നത്."
നെഞ്ചു തകർന്നു പോയി തൻറെ.
കല്യാണം കഴിഞ്ഞ് കുറച്ച് നാൾ പിന്നിട്ടു തുടങ്ങിയപ്പോഴേക്കും അമ്മയും സുമതിയേച്ചിയുമൊക്കെ കളിയാക്കിയും വെറുത്തും പറഞ്ഞു നടന്നിരുന്ന വാക്ക്.
മച്ചി......!
അന്നൊക്കെ ആ വിളിയിൽ തകർന്നു പോകാതിരുക്കുവാൻ തൻറെ മനസിന് കരുത്ത് പകർന്ന തൻറെ ഭർത്താവിൻറെ വായിൽ നിന്നും തന്നെ വീണ്ടും ആ പേര് ആവർത്തിക്കപ്പെടുന്നു..
ഹൃദയഭാരം വല്ലാതെ അനുഭവപ്പെടുന്നുണ്ടോ???
"നിരഞ്ജാ.. എന്നെയങ്ങിനെ വിളിക്കരുത്. വേറെ ആരു വിളിച്ചാലും ഞാനത് സഹിക്കും. പക്ഷെ നിങ്ങൾ.... "
മുഴുമിപ്പിക്കാൻ സാധിച്ചില്ല തനിക്ക്.....
"വിളിക്കുമെടി.. ഇനി നിന്നെ ഞാനങ്ങിനെയെ വിളിക്കു...
പുഴുത്ത പട്ടിയോടു തോന്നുന്ന മനോഭാവമാണ് എനിക്കിപ്പോൾ നിന്നോട്."
നിരഞ്ജനിൽ പൊടുന്നനെയുണ്ടായ മാറ്റം തന്നെ സങ്കടത്തേക്കാൾ ഏറെ അത്ഭുതപ്പെടുത്തി.
ചോർന്നു തുടങ്ങിയ തൻറെ മനസാനിധ്യത്തെ മുറുകെ പിടിച്ച് നിരഞ്ജനെ നോക്കി പറഞ്ഞു.
"കൊളളാം.... പുന്നാര മകന് അമ്മ പ്ലേറ്റിലേയ്ക്ക് വിളമ്പിയത് ചോറുമാത്രമല്ല, എന്നോടുളള വിദ്വേഷം കൂടിയായിരുന്നല്ലെ.
പറഞ്ഞു തീർന്നില്ല കർണ്ണപടം പൊട്ടുമാറ് അടിയായിരുന്നു. വേദനകൊണ്ട് നിലത്തേക്കിരുന്ന് പോയി.
"അതേടീ പിഴച്ച... മോളെ!
ഇനി നിന്നെ എൻറെ ജീവിതത്തിൽ നിന്ന് തൂത്തെറിയാതെ അങ്ങോട്ടില്ല എന്ന വാക്കും ഞാൻ കൊടുത്തിട്ടുണ്ട്.
ആദ്യം എൻറമ്മയെ നീ മനസിൽ നിന്നകറ്റി. പിന്നീട് സ്വന്തം വീട്ടിൽ നിന്നും. അവസാനം ഈ നശിച്ച വാടക വീട്ടിലിട്ട് ബാക്കിയുളള ജീവിതം കൂടി തുലയ്ക്കാൻ കച്ച കെട്ടിയിരിക്കുകയാണല്ലേ."..
ഭൂമി രണ്ടായി പിളർന്ന് താനതിലേയ്ക്ക് പതിച്ചെങ്കിൽ എന്ന് തോന്നിപ്പോയി.
" ഇന്നു നേരം വെട്ടി തെളിയുമ്പോഴേക്കും എനിക്ക് രണ്ടിലൊന്ന് അറിയണം. ഇവിടെ വെച്ച് തീരണം ഈ നശിച്ച ബന്ധം. "
ആക്രോശിച്ചു കൊണ്ട് നിരഞ്ജൻ മുറിയിലേയ്ക് കയറി വാതിൽ ശക്തിയായി അടച്ചു.
ഹാളിലെ മൂകതയിൽ ഒരൽപ്പനേരം അനങ്ങാൻ പറ്റാതെയിരുന്നു പോയി....
തൊണ്ട വരണ്ടു തുടങ്ങിയപ്പോൾ വെളളമെടുക്കാൻ എഴുന്നേൽക്കുവാൻ നന്നേ പാടു പെട്ടു.
ഡയനിംഗ് ടേബിളിലെ ജാറിൽ നിന്നും ഒരിറക്കു വെളളം കുടിക്കാനെ സാധിച്ചുളളു. കവിളിലേറ്റ പ്രഹരത്തിൻറെ വ്യാപ്തി അത്ര കണ്ട് വലുതായിരുന്നു.
അടഞ്ഞു കിടന്ന തൻറെ മുറിയിലേയ്ക്ക് നിസംഗതയോടെ നോക്കി.
സെറ്റിയിലെ തലയിണയിൽ തല ചായ്ച്ചു. കണ്ണൊന്നടയ്ക്കാൻ ശരിക്കും പണിപ്പെട്ടു. ഒരൽപ്പം മയക്കം ....
പ്രഭാത കിരണങ്ങൾ ജനൽ പാളികളിൻമേൽ ചാഞ്ഞു വീണു.
ശ്രുതി എഴുന്നേൽക്കുവാനൊരു ശ്രമം നടത്തി...
വയ്യ.. തലയ്ക്കകത്തൊരു ഭാരം പോലെ.
കിടന്ന കിടപ്പിൽ കണ്ണുകൾ തൻറെ മുറിയുടെ നേർക്ക് നീണ്ടു. ചിന്താമഗ്നയായി ഒരൽപ്പ നേരം കൂടി കിടന്നു.
മനസിൽ എന്തോ കൂട്ടിക്കിഴിക്കലുകൾ നടത്തിയ ശേഷം സാവധാനം എഴുന്നേറ്റു. കണ്ണുകളിൽ നിശ്ചയദാർഢ്യത്തിൻറെ പ്രതിഫലനങ്ങൾ...
മുറിയുടെ വാതിലിൽ കൈത്തലമമർത്തി.
ഇല്ല, ലോക്ക് ചെയ്തിട്ടില്ല. തിരിച്ച് ബാത്റൂമിലേയ്ക്ക് ....!
അത് കഴിഞ്ഞ് വീണ്ടും അടുക്കളയിൽ..
ഒരൽപ്പം കഴിഞ്ഞ് റൂമിലേയ്ക്ക് കയറുമ്പോൾ കൈയ്യിൽ ആവിപറക്കുന്ന ഒരു കപ്പ് ചായ.
"നിരഞ്ജൻ.... !
കപ്പ് അരികെയുളള ടേബിളിൽ വെച്ച് അയാളുടെ കൈതണ്ടയിൽ തട്ടി വീണ്ടും വിളിച്ചു. "നിരഞ്ജൻ...
കണ്ണുകൾ ഇറുകിയടച്ച് പതിയെ കണ്ണുകൾ ചിമ്മി തുറന്നു... "എന്തേയ്"...
"ചായ വെച്ചിട്ടുണ്ട്."
അയാൾ മെല്ലെ എഴുന്നേറ്റ് ഇരിന്നു. ചായ കുടിക്കുന്നതിനിടയിൽ ഇടം കണ്ണിനാൽ ശ്രുതിയെ നോക്കി.
"ഉം.. എന്തിയേ.... "
ശ്രുതി തിരിച്ചു ചോദിച്ചു.
"ഒന്നുമില്ല... അയാൾ മറുപടി പറഞ്ഞു...
ചുണ്ടിൽ വക്രിച്ച ചിരി വരുത്തി കൊണ്ട് ശ്രുതി പറഞ്ഞു...
" അല്ലെങ്കിലും മദ്യ ലഹരിയുടെ പിൻബലമില്ലാതെ എന്നേലും നിരഞ്ജൻ ഉളളു തുറന്നു സംസാരിച്ചിട്ടുണ്ടോ???
"നീ രാവിലെ തന്നെ ഉടക്കാനായി ഇറങ്ങിയതാണോ???
എനിക്ക് നിന്നോടു കൂടുതലൊന്നും പറയുവാനില്ല. "
"നിരഞ്ജൻ.... നിങ്ങൾക്ക് പറയുവാനുണ്ടാകില്ലായിരിക്കാം.. കാരണം പറയാവുന്നതിലധികം ഇന്നലെ രാത്രി പറഞ്ഞു.
എന്നാൽ ചില കാര്യങ്ങൾ എനിക്കുംപറയുവാനുണ്ട്. അത് നിങ്ങളും കേട്ടേ പറ്റൂ.."
"എനിക്ക് താൽപ്പര്യമില്ല. "
നിരഞ്ജൻ അവൾക്ക് മുഖം കൊടുക്കാതെ പറഞ്ഞു.
"എനിക്ക് പറയാനുളളത് മുഴുവൻ പറഞ്ഞിട്ടേ ഞാനീ മുറിയിൽ നിന്നിറങ്ങുന്നുളളു."
ശ്രുതിയുടെ മുഖത്തെ ഭാവം കണ്ട് നിരഞ്ജൻ അൽപ്പം പതറി....
"ഇന്നലെ നിങ്ങൾ പറഞ്ഞ ഓരോ വാക്കുകളും ഇപ്പോ ഓർമ്മയുണ്ടോ ആവോ???
അയാൾക്ക് ദേഷ്യം ഇരട്ടിച്ചു....
"നീ എന്നെ ചോദ്യം ചെയ്യുകയാണോ? എങ്കിൽ ഇന്നലെ പറഞ്ഞതിൻറെ ബാക്കി കൂടി പറഞ്ഞു തരാം...."
"വേണമെന്നില്ല...
അപ്പോൾ സ്വബോധത്തോടെ തന്നെയാ പറഞ്ഞത് അല്ലെ.
ശരി ഞാൻ കാര്യത്തിലേയ്ക്ക് വരാം...
ഇന്നലെ നിരഞ്ജൻറെ ചോദ്യ ശരങ്ങൾക്കു മുമ്പിൽ ഞാൻ വല്ലാതെ പകച്ചുപോയി. കാരണമെന്തെന്നാൽ സംരക്ഷിക്കേണ്ടയാൾ തന്നെ ഉപേക്ഷിക്കുന്ന ഘട്ടം വന്നപ്പോൾ ഏതൊരു പെണ്ണിനെപോലെയും പോലെ ഞാനും തകർന്നുപോയി.
എന്നാൽ റിയാലിറ്റി എന്ന ഒന്നുണ്ടല്ലോ.....!
ദീർഘ നിശ്വാസമെടുത്ത് ശ്രുതി തുടർന്നു.
"ഒരൽപ്പം വൈകിയാണേലും നിങ്ങൾ എനിക്കു ചാർത്തി തന്ന പട്ടം കൊളളാം...
മച്ചി.....!
നേരത്തെ അമ്മയും ബന്ധുക്കാരും നാട്ടുകാരുമടക്കം വിളിച്ചിരുന്ന പേരിൻറെ മേൽ ഭർത്താവിൻറെ കൈയ്യൊപ്പ്...
"പ്രസവിക്കാത്തവൾ എന്നല്ലെ അതിനർത്ഥം....??"
നിരഞ്ജനരികിൽ നിന്നും മാറി അവൾ അലമാരയോട് ചേർന്ന് നിന്നു.
"നിരഞ്ജൻ.... ഒരു സ്ത്രീയ്ക്ക് ഒരു കുഞ്ഞിനെ പ്രസവിക്കുവാൻ കഴിയാത്തതും കുഞ്ഞിനെ ഓമനിക്കുവാനും താലോലിക്കുവാനും താരാട്ടു പാടുവാനും അതിനൊപ്പം അതിന് മാതൃത്വം നുകർന്നു നൽകുവാനും കഴിയാതെ വരുന്ന അവസ്ഥ പറഞ്ഞറിയിക്കുവാൻ കഴിയാത്തതാണ്.
ആ സങ്കടത്തെ ഇരട്ടിപ്പിക്കുന്നതാണ് മച്ചിയെന്ന വിളിപോലും. സത്യത്തിൽ ഇത് അവളുടെ തെറ്റാണോ,??
അല്ലേൽ അറിഞ്ഞു കൊണ്ടവൾ ചെയ്തു വെയ്ക്കുന്ന പാതകമാണോ??
ഇവിടെ അതിനെ അതിജീവിക്കുവാൻ കഴിയുന്ന സാങ്കേതികമായ വിദ്യകൾ പോലും പരാജയപ്പെടുമ്പോൾ എങ്ങിനെയത് ഒരു സ്‌ത്രീയ്ക്ക് മാത്രം കെട്ടി വെച്ചു കൊണ്ട് നിങ്ങളെപോലെയുളള ഒരു വിഭാഗം കൈ ഒഴിയുന്നു.???
അവൾ അലമാര മെല്ലെ തുറന്നു.. അതിൻറെ ചെറിയൊരു ഡ്രോയറിൽ നിന്നും ഒരു ചെറിയൊരു കവറെടുത്ത് നിരഞ്ജനിലേയ്ക്ക് നീട്ടി.
അയാൾ അവളെ ആശ്ചര്യത്തോടെ നോക്കിയ ശേഷം കവർ വാങ്ങി.
അവൾ തുടർന്നു.....
"പ്രസവിക്കാൻ കഴിയാത്ത പെണ്ണിനെ മച്ചിയെന്ന് മുദ്രകുത്തിയ ഈ സമൂഹം പ്രസവിപ്പിക്കുവാൻ കഴിവില്ലാത്ത ആണിനു കൂടി നല്ലൊരു പേരു നൽകാമായിരുന്നു...."
"ശ്രുതീ....." നിരഞ്ജൻ ഉറക്കെ അലറി..
"ഒച്ച വെയ്ക്കേണ്ട...
നിങ്ങൾ അത് തുറന്ന് നോക്കുക. ഒന്നര വർഷം മുമ്പുളള ലാബ് റിപ്പോർട്ടാണത്. "
ചെറിയൊരു പരിഭ്രമത്തോടെ അയാൾ ആ റിപ്പോർട്ടിലൂടെ കണ്ണുകൾ പായിച്ചു.
-നിരഞ്ജൻ മേനോൻ-
വലിയകത്തു വീട്.
ഈശ്വര ഇത് തൻറേതാണല്ലോ...
ശ്രുതി വീണ്ടും സംസാരിച്ചു തുടങ്ങി.
" സംശയിക്കേണ്ട, അത് നിങ്ങളുടെ തന്നെയാണ്. സെമൻ ടെസ്റ്റ് റിസൽട്ട്.
അതിൽ റെഡ് മാർക്കോടെ അടിവരയിട്ട വാചകം ഒന്നു നോക്കുക."
നിരഞ്ജൻറെ കൈകൾ വിറച്ചു.. നെറ്റിത്തടം വിയർത്തു.
"വായിച്ചോ..... മെയിൽ ഇൻഫേർട്ടിലിറ്റി...
എന്നു വെച്ചാൽ പുരുഷ വന്ധ്യത.
കുറേകൂടി തെളിച്ചു പറഞ്ഞാൽ ഒരച്ചനാകാനുളള പ്രാപ്തി നിങ്ങൾക്കില്ല. 5 ശതമാനം പോലും...."
ഇടിത്തീ പോലെയായിരുന്നു നിരഞ്ജനാ വാർത്ത.
"നിങ്ങൾക്കൊരു കുഞ്ഞിന് ജന്മം നൽകാനാവില്ല എന്ന സത്യം ഞാൻ ആളുകളോട് പറയണമായിരുന്നോ... "
"ഒരു കുഞ്ഞിന് ജന്മം നൽകുവാൻ കഴിവില്ലാത്തവനാണ് തൻറെ മകൻ എന്ന്
അമ്മ അറിയുമ്പോൾ അവർക്കുണ്ടാകുന്ന മനോവേദന കണ്ട് ഞാൻ സന്തോഷിക്കണമായിരുന്നോ??
നാട്ടു കാരുടെ ഇടയിൽ ഷണ്ഢൻ എന്ന വിളിപ്പേരോടെ ഒരു പരിഹാസ്യ കഥാപാത്രമായി നിങ്ങളെ ചിത്രീകരികണമായിരുന്നോ...?"
ഉളളിലൂറിയ സങ്കടം അടക്കാൻ കഴിഞ്ഞില്ല അവൾക്ക്.
"കഴിയില്ല നിരഞ്ജൻ .. ഞാൻ അറിയുന്ന എൻറെ ജീവനു തുല്യം കണക്കാക്കി പോരുന്ന നിങ്ങളെ ഒറ്റു കൊടുക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല......
അമ്മയുടെ കുത്തു വാക്കുകൾ കേൾക്കുമ്പോഴും നിങ്ങൾ മോശക്കാരനാകരുതെന്ന എൻറെ ഉറച്ച തീരുമാനം,.....! ആ
തീരുമാനമാണ് കാര്യങ്ങൾ ഇന്നീ അവസ്ഥയിൽ കാര്യങ്ങൾ കൊണ്ടെത്തിച്ചത്.
ഇല്ലേൽ ഈ രഹസ്യം എന്നോടൊപ്പം മണ്ണടിയേണ്ടതായിരുന്നു.
അമ്മ പറയുംപോലെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഞാൻ ഒഴിഞ്ഞു തന്നാൽ എന്താണ് സത്യമെന്ന് ആളുകൾ തിരിച്ചറിയും. അത് കൊണ്ട് തന്നെയാണ് വേട്ടപട്ടികളെ പോലെ സ്വന്തക്കാരും ബന്ധുക്കളും വളഞ്ഞിട്ടാക്രമിച്ചിട്ടും ഞാൻ പിടിച്ചു നിന്നത്. "
"ഒരിക്കലും അമ്മയിൽ നിന്ന് നിങ്ങളെ അടർത്തി മാറ്റിയിട്ടില്ല ഞാൻ. ഈ വാടക വീടു പോലും നിരഞ്ജൻറെ സമ്മത പ്രകാരം മാത്രമായിരുന്നു. "
"ഇനിയും എന്നെ വെറുക്കുവാൻ മറ്റ് കാരണങ്ങൾ കൂടി ഉണ്ടെങ്കിൽ ഞാൻ പടിയിറങ്ങിത്തരാം. അത് നിരഞ്ജൻറെ ജീവിതത്തിന് സന്തോഷം പകരുമെങ്കിൽ...."!
"അനാഥത്വത്തിൽ നിന്നാണ് നിങ്ങളെന്നെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു നടത്തിയത്.
അതു കൊണ്ടു തന്നെ തിരിച്ചു ആ ജീവിതത്തിലേയ്ക്ക് മടങ്ങി ചെല്ലുവാൻ ഒരുമടിയും ഇല്ല.
ഇത്രയും നാൾ സംരക്ഷിച്ചതിനും സ്നേഹിച്ചതിനും നന്ദി..
ശിഷ്ടകാലം ഈ ഒർമ്മകൾ മതി ഇനിയുളള നാളുകൾ ജീവിച്ചു തീർക്കുവാൻ...."
ശ്രുതിയുടെ കണ്ഠം തെല്ലൊന്നിടറി.....
കുറ്റബോധത്താൽ നിരഞ്ജൻ വിങ്ങിപൊട്ടി.
കണ്ണീരണിഞ്ഞു കൊണ്ട് ശ്രുതിയുടെ ദേഹത്തേക്ക് ചാഞ്ഞു...
"മാപ്പ്... ഒരായിരം തവണ ഞാനീ കാലിൽ വീഴാം... പൊറുത്തു തരിക.
നാളിതുവരെ കൂടെ കഴിഞ്ഞിട്ടും നിന്നെ മനസിലാക്കുവാൻ എനിക്ക് കഴിഞ്ഞില്ലല്ലോ ശ്രുതി. "...
ഒരു കൊച്ചു കുട്ടിയേ പോലെ നിരഞ്ജൻ വാവിട്ടു കരഞ്ഞു.
തൻറെ കൈവെളളയിലൂടെ ഒഴുകിയ നിരഞ്ജൻറെ കണ്ണുനീർ തൻറെ മനസിലൂറിയഎല്ലാ വേദനകളും കഴുകി കളഞ്ഞതായി ശ്രുതിയ്ക്ക് അനുഭവപ്പെട്ടു.
"നിരഞ്ജൻ......"! മനസുനിറഞ്ഞ് അവൾ അവനെ വിളിച്ചു.
"വിഷമിക്കേണ്ട ... നമ്മുടെ ജീവിതത്തിലെ ഒരു കറുത്ത ഏടായി നമുക്കിതിനെ മറക്കുവാൻ ശ്രമിക്കാം.
കാലം നമ്മുടെ ജീവിതത്തിൽ പുതിയൊരു വസന്തം സമ്മാനിക്കും എന്ന പ്രതീക്ഷയോടെ.....!"
മറുത്ത് ഒന്നും പറയുവാനാകാതെ
നിരഞ്ജൻ അവളിലേയ്ക്ക് ചേർന്നമർന്നു.
കണ്ണു നീർതുളളിയെ സ്ത്രീയോട് ഉപമിച്ചത് കാവ്യ ഭാവനയിൽ മാത്രം.
എന്നും കരയാനും സങ്കടങ്ങൾ അനുഭവിച്ചു തീർക്കുവാനും ഉളളതാണെന്ന ഈ സങ്കൽപ്പങ്ങൾക്കുമപ്പുറം ചിലരെങ്കിലും ഇന്നുമുണ്ട്,......!
ഇതു പോലെ ... തൻറെ ശ്രുതിയെപ്പോലെ.....!!!!
Milamohammed

#ഹൃദയത്തിൽ ഇടം നേടിയവർ


#ഹൃദയത്തിൽ ഇടം നേടിയവർ
ഒരു പകൽ സ്വപ്നത്തിന്റെ മായക്കാഴ്ചയിൽ ലയിച്ച മയക്കത്തിനിടെയാണ് വാതിലിൽ ആരോ മുട്ടുന്നത് കേട്ടത്.
സ്വപ്നത്തിലെങ്കിലും സാക്ഷാത്ക്കാരം തേടിയ മോഹങ്ങളെ പാതി വഴിയിൽ ഇല്ലാതാക്കിയത് ആരാവാം എന്ന നീരസത്തിൽ വാതിൽ തുറന്നു.
തൂത്ത് വാരാനും തുടക്കാനുമുള്ള സാമഗ്രികളുമായി ഒരു ക്ഷമാപണ ഭാവത്തോടെ ചക്കിയമ്മ.
പതിവില്ലാതെ ഈ സമയത്തെന്തേ എന്ന ചോദ്യം മനസിൽ ഉയർന്നപ്പോഴേക്കും അവർ പറഞ്ഞ, '' നാളെ ഒരു സ്ഥലം വരെ പോവാനുണ്ട് ,അതാ ഇപ്പോ വന്നേ, മോൾക്ക് ബുദ്ധിമുട്ടായോ?''
ഹേയ് ,അങ്ങനൊന്നും ഇല്ല എന്ന് പറഞ്ഞ് മുറിക്ക് പുറത്തേക്ക് ഇറങ്ങി.
ഉറക്കച്ചടവോടെ ബാൽക്കണിയിൽ ചെന്നിരുന്നപ്പോൾ ഓർമ്മകൾ വർഷങ്ങൾക്ക് പിറകിലേക്ക് ശരവേഗത്തിൽ പൊയ്ക്കൊണ്ടിരുന്നു.
ഇവരെ എപ്പോൾ കണ്ടാലും എന്റെ മനസിൽ തെളിയുന്നത് സരോജിനി ചേച്ചിയുടെ മുഖമാണ്.
രണ്ടാൾക്കുമിടയിൽ ഒരു പാട് സമാനതകളുണ്ട്.
ചേച്ചിയെക്കാൾ പ്രായാധിക്യത്തിലാണ് ഇവരെ കണ്ടതെന്ന വ്യത്യാസമാണ് വിളിയിലുള്ള മാറ്റത്തിന് കാരണം.
എപ്പോഴും ഒരു യന്ത്രം കണക്കെ ജോലി ചെയ്തിരുന്ന സരോജിനിയേച്ചിയോട് എനിക്ക് സഹതാപം കലർന്ന സ്നേഹമായിരുന്നു.
മെല്ലെ അടുത്ത് കൂടി ചോദിക്കുന്ന എന്റെ നൂറു കൂട്ടം ചോദ്യങ്ങൾക്ക് ജോലിക്കിടയിലും അവർ ക്ഷമയോടെ ഉത്തരങ്ങൾ തരുമായിരുന്നു.
അവർക്ക് കൊടുത്തിരുന്ന പഴയ വസ്ത്രങ്ങൾക്കുള്ളിൽ ചോക്ളേറ്റ്സും പേനകളുമെല്ലാം ഒളിപ്പിച്ചു കൊടുത്ത് സ്‌നേഹം പ്രകടിപ്പിക്കുമ്പോൾ,
കാവിലെ ഉൽസവത്തിന് തിളക്കമുള്ള വളകളും മാലകളുമൊക്കെ വാങ്ങി സൂക്ഷിച്ചു വെച്ച് എന്റെ വരവ് കാത്തിരിക്കുമായിരുന്നു അവർ
ഒരു പ്രത്യേകരീതിയിൽ കെട്ടിവെക്കുന്ന അവരുടെ തലമുടി ഒരിക്കൽ അഴിച്ച് അതേ രീതിയിൽ കെട്ടിവെക്കാൻ ഭഗീരഥപ്രയത്നം നടത്തുന്ന എന്നെ കണ്ടു വന്ന ഉമ്മുമ്മ ചീത്ത പറഞ്ഞത് എന്നേക്കാൾ അവരെ സങ്കടത്തിലാക്കി.
പിന്നാലെ വന്ന് ഉമ്മുമ്മ എന്നോട് ചോദിച്ചു , ''വൃത്തിയും വെടിപ്പും ഇല്ലാത്ത കൂട്ടങ്ങൾടെ മുടിയിലാ അന്റെ കളി?
'' ഓര്ക്ക് വൃത്തിയുള്ള തോണ്ടല്ലെ നമ്മുടെ മുറ്റവും തൊടിയുമൊക്കെ ഇങ്ങനെ വൃത്തിയാക്കിയിടണത്?
'' ന്നാലും ഓര് കാഫിറല്ലേ? '' -
അതെന്താ കാഫിറ്ന്ന് പറഞ്ഞാല്? '' - ഓര് ഹിന്ദുക്കളാണെന്ന് ''
'' അതോണ്ട്? '' -
''തൊട്ടും മിണ്ടിയും വല്ലാണ്ട് പിന്നാലെ കൂടേണ്ട '' -
'' അപ്പോ മൂത്തേടത്തെ ദേവകിയമ്മ ഹിന്ദുവല്ലേ ?
ഓര് നമ്മളെ വീട്ടിൽ വരുന്നുണ്ടല്ലോ ,കോലായിലും അകത്തുമൊക്കെ ഇരിക്കുന്നുണ്ടല്ലോ ,ഓര്കാഫിറല്ലേ? ''
- അയിന് ഓര് നായന്മാരല്ലേ, ഇവറ്റോളെ പോലെ അല്ലാലോ '',
' അപ്പോ നായന്മാര് കാഫിറല്ലേ?!!''
ഇങ്ങനെ എന്റെ തീരാ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടുമ്പോൾ ഉമ്മുമ്മ പറയും '' ന്റെ പൊന്നാര മോളെ ന്നൊന്ന് വെറുതെ വിട് ''
അവരോടുള്ള ദേഷ്യം കൊണ്ടോ ഇഷ്ടക്കുറവ് കൊണ്ടോ ഒന്നുമല്ല ഉമ്മുമ്മ ഇങ്ങനെ പറയുന്നത് , മുൻഗാമികളുടെ യാഥാസ്ഥിതിക മനോഭാവവും അറിവില്ലായ്മയും ചേർന്ന് നെയ്തെടുത്ത മിഥ്യാധാരണകളുടെ ഇടയിലെ ഒരു കണ്ണി മാത്രമായിരുന്നു എന്റെ ഉമ്മുമ്മ എന്ന് കാലം പോകവേ തിരിച്ചറിയുന്നു.
ഉമ്മച്ചി വീട്ടിൽ ആഘോഷ കാലമായാൽ ഏറ്റവുമധികം കഷ്ടപ്പെടുന്നത് സരോജിനെയേച്ചിയും കൂട്ടരുമായിരുന്നു.
പടിപ്പുര മുതൽ പിന്നാമ്പുറം വരെ നീളുന്ന വൃത്തിയാക്കൽ മഹാമഹം ആഴ്ചകളോളം നീളും.
. മൈലാഞ്ചി കല്യാണത്തിന്റെയും മൃഷ്ടാന്നത്തിന്റെയും ആലസ്യത്തിൽ വീട് മുഴുവൻ ഉറങ്ങുമ്പോഴും കരിപുരണ്ട പാത്രങ്ങളോട് മല്ലിട്ട് രാവ് പകലാക്കി മാറ്റുമായിരുന്നു പാവങ്ങൾ.
ഒരു ഓണക്കാല അവധിക്ക് തലശ്ശേരിയിൽ ചെന്നപ്പോൾ ചേച്ചിക്ക് ഓണാഘോഷത്തിനായ് കുറച്ചു സാധങ്ങളൊക്കെ കൊടുത്തു വിടാനുള്ള ഒരുക്കത്തിലായിരുന്നു ഉമ്മുമ്മ.
അടുക്കള ജോലിയിൽ സഹായിയായ ഒരു ഇത്ത അതുമായി പോകുന്നത് കണ്ടപ്പോൾ ഞാൻ ഉമ്മുമ്മയോട് താണുകേണപേക്ഷിച്ച് കൂടെ പോകാനുള്ള സമ്മതം വാങ്ങി.
അകത്തേക്കൊന്നും കേറണ്ട, ചായേം വെള്ളമൊന്നും കുടിക്കേം വേണ്ട എന്നൊക്കെയുള്ള നിർദ്ദേശങ്ങൾ പിറകെ വന്നു.
ഇത്രയൊക്കെ പറഞ്ഞിട്ട് ഒരു ചാക്ക് നിറയെ പല വ്യഞ്ജനങ്ങളും പച്ചക്കറികളും കൊടുത്ത് വിടുന്നതിലെ വിരോധാഭാസം അന്നറിയാൻ കഴിഞ്ഞില്ലെങ്കിലും, താൻപോരിമയുടെയും ജാതി പെരുമയുടെയും ക്ലാവ് പിടിച്ചതെങ്കിലും സഹജീവി സ്നേഹത്തിന്റെ ഒരു തിരിനാളം ഉമ്മുമ്മയുടെ ഉള്ളിലുണ്ടായിരുന്നു.
അടുക്കള ഭാഗത്തെ ഇറയത്തെ പടിയിലിരുന്ന് ഭക്ഷണം കഴിക്കാറുള്ള ചേച്ചിയെ ഞാൻ നിർബന്ധിച്ച് കസേരയിലിരുത്താൻ ശ്രമിക്കുമ്പോൾ കളിയാക്കി പറയാറുണ്ടായിരുന്നു, ''സരോജിനിയേ, യ്യ് പോവുമ്പോ ഇവളെ കൂടി കൊണ്ടു പൊയ്ക്കോ ട്ടോ'' എന്ന് .
പാടത്തിന് നടുവിലൂടെയുള്ള ചെമ്മൺപാത അക്കരെയുള്ള കുന്നിൻ ചെരിവിലൂടെ ചാഞ്ഞും ചെരിഞ്ഞും മുന്നോട്ട് പോവുന്നു.
റോഡിനിരുവശത്തും താഴോട്ടും മേലോട്ടുമായ് മണ്ണു തേച്ചതും ഓടിട്ടതുമായ കുറെ ചെറിയ വീടുകൾ , എല്ലാ വീട്ടിലേക്കും മണ്ണും കരിയും ചാണകവും തേച്ച് ഭംഗിയാക്കിയ കുഞ്ഞു പടിക്കെട്ടുകൾ.
എല്ലുമുറിയെ ജോലി ചെയ്ത് മടുക്കുമ്പോഴും സ്വന്തം വീട് ഇത്രയും ചന്തം തികച്ച ആ മനുഷ്യരോട് ബഹുമാനം തോന്നി.
അപ്രതീക്ഷിതമായി എന്നെ കണ്ടപ്പോൾ അമ്പരപ്പും സന്തോഷവും കലർന്നൊരു ഭാവമായിരുന്നു ചേച്ചിക്ക് .
കോലായിൽ ഇട്ടിരുന്ന കസേര പിന്നെയും പിന്നെയും തുടച്ച് നീക്കിയിട്ടു. എന്താണ് ചെയ്യേണ്ടതെന്ന വേവലാതിയിലായിരുന്നു അവർ.
അകത്ത് പോയി അൽപസമയം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ രണ്ട് ഗ്ലാസ്സ് വെള്ളം ഉണ്ടായിരുന്നു കൈയിൽ. അത് വാങ്ങിക്കാൻ എന്റെ കൈകൾ നീണ്ടപ്പോൾ പിറകിൽ നിന്നു ഇത്ത തോണ്ടുന്നു.
ഒന്നും അറിയാത്ത ഭാവത്തിൽ ഗ്ലാസുകളിലൊരെണ്ണം അവർക്ക് നേരെ നീട്ടി. മഹാപാപം ചെയ്യുന്ന മട്ടിൽ അവരത് വാങ്ങി.
പച്ച വെളളത്തിൽ പഞ്ചസാര കലക്കിയതാണെന്ന് കുടിക്കുമ്പോൾ മനസിലായി . ഞാൻ കാലിയാക്കിയ ഗ്ലാസ്സുമായി സരോജിനിയേച്ചി അകത്തേക്ക് പോയ സമയത്ത് ഇത്തയുടെ കൈയിലുണ്ടായിരുന്ന വെള്ളം മുറ്റത്തെ മണ്ണിനെ നനയിച്ചു.
തിരിച്ചുപോരുമ്പോൾ റോഡരികിലെ വലിയ കിണറു വരെ ചേച്ചിയും കൂടെ പോന്നു.
വൈകുന്നേരത്തെ കുളിയിൽ നിന്നും മാറി നിൽക്കുന്ന കുറുമ്പൻമാരെ പേര് ചൊല്ലി വിളിക്കുന്ന അമ്മമാരുടെ ശബ്ദവും,
ദൂരെ കറുത്തിരുണ്ട മേഘങ്ങളിൽ നിന്നും മഴയുടെ വരവറിഞ്ഞ് ഉറക്കെ അമറുന്ന പശുക്കളുടെ കയറും പിടിച്ചു പോകുന്ന ചേട്ടൻമാരെയും ഇന്നലെ കണ്ടതുപോലെ.
''മോളേ, എന്നാ ഞാൻ പോവാണ് ട്ടോ '' ചക്കിയമ്മയുടെ ശബ്ദം എന്റെ ഓർമ്മകളുടെ കുത്തൊഴുക്കിനെ തടഞ്ഞു നിർത്തി.
വീട്ടിലെ ആ ബാലവൃദ്ധം ജനങ്ങളും പേര് വിളിച്ചിരുന്ന അവരെ 'അമ്മ എന്ന് കൂട്ടി വിളിച്ചതു മുതൽ എന്നോട് ഒരു പ്രത്യേക അടുപ്പമായിരുന്നു അവർക്ക് .
എല്ലാ വർഷവും വെക്കേഷനു മുന്നോടിയായ് വീട്ടിലെ ശുദ്ധികലശം നടത്തുന്നത് അവരാണ്.
അവരുടെ വേതനമായ് ഒരു നിശ്ചിത തുക ഇല്ലായെന്നും അന്നന്നു കൊടുക്കുന്നതിനു പകരം എല്ലാം കൂടി ചേർത്ത് എപ്പോഴെങ്കിലും എന്തെങ്കിലും കൊടുക്കുക എന്നൊരു സമ്പ്രദായമാണ് ഉള്ളതെന്നും അറിഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി.
അദ്ധ്വാനിക്കുന്നവന്റെ വിയർപ്പു വറ്റുന്നതിന് മുൻപ് അവർക്കുള്ള കൂലി കൊടുക്കണമെന്ന മഹദ് വചനം അറിയാവുന്ന സമുദായ സ്നേഹികൾ , അതൊരു താഴ്ന്ന ജാതിക്കാരിയുടെ വിയർപ്പായപ്പോൾ അവഗണിച്ചു.
കാലാകാലങ്ങളായി ചൂഷണം ചെയ്തു പോന്ന ഒരു വിഭാഗത്തിനെ ആധുനിക യുഗത്തിലും അംഗീകരിക്കാൻ മടിക്കുന്ന അവസ്ഥ നേരിൽ കണ്ടപ്പോൾ ഒരിക്കൽ ഉമ്മമ്മയോട് ചോദിച്ചു ,
''അന്നന്ന് അദ്ധ്വാനിച്ച് അന്നം തേടുന്നവരല്ലെ, അവർക്കുള്ള കൂലി ദിവസവും കൊടുക്കുന്നതല്ലേ നല്ലത്? '' ''അതൊന്നും വേണ്ട ,കൂട്ടിവെച്ച് കൊടുക്കുമ്പോ കൊറേ തോന്നിക്കോളും, പിന്നെ ഓൾടെ മോളെ വീടുപണിക്ക് എന്തേലും സഹായിക്കാം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് '' എന്നായിരുന്നു മറുപടി.
അതു കേട്ടപ്പോൾ കുട്ടിക്കാലത്തെങ്ങോ കണ്ടു മറന്ന അറവുകാരനെയാണ് ഓർമ്മ വന്നത്. നടക്കാൻ മടിക്കുന്ന ആടിന് ഒരു പ്രേരണ എന്നോണം പ്ലാവിലക്കൊമ്പും മുന്നിൽ പിടിച്ചു നടക്കുന്ന കുടില ബുദ്ധിക്കാരനായ അറവുകാരനെ.
വെക്കേഷൻ കഴിഞ്ഞ് തിരികെ പോരുമ്പോൾ ചക്കിയമ്മക്ക് കൊടുക്കാനായ് ഏൽപിച്ചു പോരുന്നതിന്റെ പകുതി പോലും അവർക്ക് കിട്ടുന്നില്ല എന്നറിഞ്ഞപ്പോൾ സങ്കടമായിരുന്നു. പിന്നീടുള്ള തിരിച്ചുപോരലുകൾക്ക് മുൻപായി തന്നെ ഞാൻ അതിനൊരു രഹസ്യ പരിഹാരം കണ്ടെത്തി.
ഉമ്മമ്മയുടെ അധികാര മോഹത്തെ സംതൃപ്തിപ്പെടുത്താൻ പതിവുപോലെ കൊടുത്തേൽപ്പിച്ചും പോന്നു.
ഇന്ന് ജോലി യെല്ലാം കഴിഞ്ഞ് എന്നോട് പ്രത്യേകമായി യാത്ര പറയാൻ വന്നിട്ടുണ്ടെങ്കിൽ അവർക്കെന്തെങ്കിലും ആവശ്യം ഉണ്ടായേക്കാം എന്നു മനസിലാക്കാനുള്ള അടുപ്പം ഇപ്പോൾ ഞങ്ങൾക്കിടയിൽ ഉണ്ട്.
'' എവിടെയാ നാളെ പോവാനുള്ളത് എന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞു.
''എന്റെ മോൾടെ കുട്ടി വയസറിച്ച് വല്യ ആളായതിന്റെ ചടങ്ങുകളൊക്കെയാണ് നാളെ. ഞാൻ അമ്മമ്മയല്ലേ, അവൾക്ക് ഒരു കൂട്ടം ഡ്രസ്സെങ്കിലും വാങ്ങിക്കണം.
എന്തെങ്കിലും കിട്ടിയാൽ വല്യ ഉപകാരമായിരുന്നു. അതു കുറച്ച് തന്നാൽ മതി ശമ്പളം .
'' അതിന് ങ്ങടെ ശമ്പളം എത്രയാ??' കളിയാക്കി യുള്ള എന്റെ ചോദ്യത്തിന് നിസ്സഹായത നിറഞ്ഞ ഒരു ചിരി മാത്രമായിരുന്നു ഉത്തരം.
അറുപതിലധികം പ്രായമുള്ള അവർ അദ്ധ്വാനത്തിന്റെ നാൽപത്തഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.എന്നിട്ടും തന്റെ വിയർപ്പിന്റെ വില കണക്കാക്കാൻ പോലും കഴിയാത്തത്രയും അപകർഷതാബോധത്തിൽ അവരെ തളച്ചിടുന്നതിൽ ഉടയോൻമാർ എന്നേ ജയം കണ്ടിരിക്കുന്നു.
അവകാശങ്ങൾക്ക് ഔദാര്യത്തിന്റെ പുറംചട്ടയണിച്ച് കൊടുത്ത് അവരെ നിശ്ശബ്ദരാക്കിയിരിക്കുന്നു.
അവർക്ക് കാശ് കൊടുക്കാനായി ഷെൽഫ് തുറന്നപ്പോഴാണ് ആയിടെ തയ്പിച്ചുവെച്ച ചുരിദാർ കണ്ണിൽ പെട്ടത്.പെട്ടെന്നുണ്ടായ പ്രേരണയിൽ അതെടുത്ത് കവറിലിട്ടു ,
ഇതൊന്ന് തയ്യൽക്കടയിൽ കൊടുത്ത് ചെറുതാക്കിയാൽ മതിട്ടോ എന്ന് പറഞ്ഞ് കാശിനൊപ്പം കൈയിൽ കൊടുത്തപ്പോൾ , '' അയ്യോ ന്റെ മോളെ ഇത്ര പുതിയതൊന്നും വേണ്ട '' എന്നു പറഞ്ഞ് വെപ്രാളം.
താഴെ അടുക്കളയിൽ എത്തിയപ്പോൾ ചോദ്യരൂപേണ അവരുടെ കൈയിലേക്ക് നോക്കിയ ഉമ്മമ്മയോട് ഞാൻ വേഗം പറഞ്ഞു, ''എന്റെ തയ്പിക്കാനുള്ള ചുരിദാറാണ് , പോകുന്ന വഴിക്ക് കടയിൽ കൊടുക്കാൻ ഏൽപിച്ചതാണ് .''
ദയനീയമായി എന്നെ നോക്കിയ ചക്കിയമ്മേടെ പിന്നാലെ മുറ്റം വരെ ചെന്ന് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
'' ആ ചുരീദാർ എടുക്കുമ്പോൾ ശ്രദ്ധിക്കണേ, ഒന്നും ഞാൻ അറിയാതെ വെച്ചതല്ല , ധൈര്യമായിട്ട് പേരക്കുട്ടിക്ക് കൊടുത്തോളൂ ട്ടോ.'' പേരറിയാത്ത സമ്മിശ്ര ഭാവങ്ങളോടെ അവർ എന്നെ നോക്കി.
പിറ്റേന്ന് ടൗണിൽ പോയി തിരിച്ചു വരുമ്പോൾ ഞാൻ ഇക്കക്കയോട് പറഞ്ഞു. ''എന്റെ വെള്ളക്കല്ല് പതിച്ച ആ മോതിരം കാണുന്നില്ല. ഇങ്ങോട്ട് വരുമ്പോൾ ഉണ്ടായിരുന്നു , തെരക്കിനിടയിൽ എവിടെയോ പോയെന്ന് തോന്നുന്നു.
''നിന്റെയൊരു കാര്യം , നീ ഇനി എന്നാ ഒരു കാര്യ ഗൗരവത്തോടെ ജീവിക്കാൻ പഠിക്കിണെ? ''
അങ്ങനെ പലപ്പോഴായി പുകഴ്ത്തി പറയേണ്ടി വന്ന എന്റെ സ്വയംപര്യാപ്തതയെക്കുറിച്ച് ഇക്ക വാചാലനാവുമ്പോൾ എന്റെയുള്ളിൽ ചെറുതെങ്കിലും ഒരു മധുര പ്രതികാരം ചെയ്തതിന്റെ സംതൃപ്തിയായിരുന്നു.
അവഗണനയും യാതനയും സഹിക്കേണ്ടി വരുന്ന ഒരു പാവം ജന്മത്തെ ചെറുതായെങ്കിലും സന്തോഷിപ്പിക്കാൻ കഴിഞ്ഞതിൽ , അതിനു വേണ്ടി എന്റെ പരിമിതികതളെയും പരിധികളെയും മറികടക്കാൻ എന്നാലാവും വിധം ശ്രമിച്ചതിൽ സന്തോക്ഷം തോന്നി.
കൊച്ചുമോൾടെ വിരലിൽ ആ മോതിരം അണിയിച്ചു കൊടുക്കുമ്പോൾ അവർ എനിക്ക് വേണ്ടി മനസറിഞ്ഞ് പ്രാർത്ഥിച്ചിരിക്കാം.
Mila Mohammed

#ഉമ്മറിന്റെ ആദ്യരാത്രി




ഉമ്മറിന്റെ #ആദ്യരാത്രി
ഇന്ന് ഉമ്മറിൻറെ കല്യാണമായിരുന്നു. പിന്നിട്ട നാളുകളിൽ മെഗാസീരിയൽ പോലെ നീണ്ടുപോയ പെണ്ണുകാണൽ ചടങ്ങുകൾക്കൊക്കെ വിരാമമിട്ട് കൊണ്ട് തൻറെ കല്യാണരാത്രി..... !
അതിനു മുന്നേ
നമ്മുടെ ഉമ്മറിനെക്കുറിച്ച് രണ്ട് വാക്ക്....!
യൗവ്വനത്തിൻറെ സിംഹഭാഗവും ഗൾഫു നാട്ടിലായിരുന്നെങ്കിലും ഇന്നും തനി
നാട്ടുമ്പുറത്ത്കാരൻ.
വിദ്യഭ്യാസത്തിൻറെ അവസ്ഥ പോലെ തന്നെ പരിഷ്ക്കാരവും നന്നേ കുറവ്.
കാലത്തിൻറെ മാറ്റങ്ങൾക്കനുസരിച്ച് താനും മാറേണ്ടതുണ്ടെന്നുളള ചിന്തയും ആവലാതിയൊന്നും ഉമ്മറിനില്ല.
ജീവിത സഖിയേകുറിച്ച് 'ഇമ്മിണി ബല്യ' സങ്കൽപ്പങ്ങളുമൊന്നുമില്ലേലും തന്നേക്കാൾ വിദ്യഭ്യാസം ഉളള പെങ്കുട്ടിയോളെ വേണ്ട എന്നു തീർത്തു പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് തന്നെ പത്താം ക്ലാസുകാരികൾക്കു വേണ്ടിയുളള ഊർജിതമായ അന്വേഷണം നടന്നതുമാണ്.
സ്ത്രീധന കാര്യത്തിലും ഉമ്മറിന് ഒരു പിടിവാശിയുമില്ല. പിന്നെ എന്തുകൊണ്ട് ഇത്രയും നാൾ "കന്യകനായി" നടന്നു എന്ന് ചോദിച്ചാൽ പെങ്കുട്ടിയോൾക്കുമുണ്ടാവില്ലെഅവരുടെ ഭാവി വരനെ കുറിച്ച് ചില സങ്കൽപ്പങ്ങൾ......!
അല്ല,..... അപ്പ അത്രയ്ക്കു മോശാ ഉമ്മറ്???
ഹേയ്,,, എണ്ണ കറുപ്പിൻറെ അളവ് ഒരൽപ്പം കൂടുതലാണ്. പിന്നെ പൊക്കകുറവ്... അത് വലിയൊരു കുറവാണോ? പിന്നേ പിതാവായ ബക്കർക്കായിൽ നിന്നും പകർന്ന് കിട്ടിയ വിടവുളള പല്ലുകൾ.
ഇത്രയും ഒഴിച്ചു നിർത്തിയാൽ ബാക്കിയുളള പാർട്സുകൾ എല്ലാം ഓകെയാണ്.
പിന്നെ പ്രായം മുപ്പത്തഞ്ച് എന്നുളളത് എയ്ജ് ഒവറിൻറെ പരിധിയിൽപെടുത്തേണ്ടതുണ്ടോ?
ഏതായാലും കാത്തിരിപ്പിനും ഓർത്തിരിപ്പിനും അന്ത്യം കുറിച്ചു കൊണ്ട് എല്ലാത്തിനും അതിൻറേതായ സമയമുണ്ട് മോനെ എന്ന് മനസിൽ തോന്നിപ്പിച്ചുകൊണ്ട് ആദ്യ രാത്രിയുടെ സുഖമേറുന്ന കുളിരിൽ ചിന്താമഗ്നനായി ഇരിക്കുകയാണ് നമ്മുടെ കഥാനായകൻ.
കല്യാണത്തിനു ഏതാനും ദിവസം മുന്നേ തൻറെ മനസിലെ വലിയൊരാഗ്രഹം ഭാവി വധുവിനോട് വെളിപ്പെടുത്തിയിരുന്നു. മറ്റൊന്നുമായിരുന്നില്ല അത്.....
ആദ്യ രാത്രിയിൽ മണിയറയിലേക്ക് പ്രവേശിക്കുമ്പോൾ ജിമിക്കിയും കമ്മലും അണിഞ്ഞ് വരണമെന്ന്. അതിൻറെ പൊരുളിനെ കുറിച്ച് ചോദിക്കപോലും ചെയ്യാതെ അവൾ സമ്മതിക്കുകയും ചെയ്തു...
കഥകളിലൂടെയും സിനിമകളിലൂടെയും കണ്ടറിഞ്ഞ പല ആദ്യരാത്രി സീക്വൻസുകളും ഉമ്മറിൻറെ മനസിലൂടെ പാഞ്ഞുപോയി. ഇടയ്ക്കിടയ്ക്ക് ഉമ്മറിൻറെ കണ്ണുകൾ വാതിൽപ്പടിയിലേയ്ക്ക് നീങ്ങി.
ഓള് അടുക്കളയിൽ ഉമ്മയുടെയും അനിയത്തിയുടേയും അരികിലാണെന്ന് തോന്നുന്നു.
ബന്ധു വീടായതുകൊണ്ട് പോയൊന്ന് നോക്കാനും വയ്യാത്തൊരവസ്ഥ. നെഞ്ചിടിപ്പിൻറെ താളം ക്രമാതീതമായി കൂടുന്നുണ്ടോ എന്ന് ഉമ്മർ സംശയിച്ചു.
ഹേയ്... തോന്നുന്നതാണ്. "പടച്ചോനെ ഇങ്ങള് കാത്തോളീ" എന്ന് മനസിൽ ഉരുവിട്ട് കട്ടിലിൻറെ ക്രാസയിൽ തല ചായ്ച്ചു കിടന്നു.
കൈ തണ്ടയിലെ നനുത്ത സ്പർശനം തിരിച്ചറിഞ്ഞ ഉമ്മർ കണ്ണു തുറന്നു.
അന്തിക്ക് കൊളുത്തിയ പന്തം കണക്കെ ഉമ്മറിൻറെ മുഖം പ്രകാശപൂരിതമായി.
' സുഹറ'... തൻറെ പുന്നാര ബീവി.
കാതിലെ ജിമിക്കി കൂടി കണ്ടതും ഉമ്മറിൻറെ ഖൽബിൽ മുഹബ്ബത്തിൻറെ തേനൂറി..
നാണത്താൽ മിഴി കൂമ്പി നിന്ന സുഹറയോട്
ആധികേറിയപോലെ ചിലമ്പിച്ച ശബ്ദത്തിൽ ഇരിക്കുവാൻ പറഞ്ഞു.
പറയാൻ നിന്നതുപോലെ കേൾക്കേണ്ട താമസം, സുഹറ ഉമ്മറിൻറെ ദേഹത്തോട് ചേർന്ന് ഒരൊറ്റയിരുത്തം.
താൻ ഉദ്ദേശിച്ചതിലും അമ്പത് ഗ്രാം അധികം മുട്ടിയിരുന്നപ്പോൾ ഉമ്മറിൻറെ അടി വയറ്റിൽ നിന്നും ശിരോവസ്ഥിയിലേയ്ക്ക് വൈദ്യുതി പ്രവാഹമുണ്ടായി.
ആത്മ സംഘർഷം കൊണ്ടാണോ അതോ തൊണ്ടയിൽ തുപ്പല് കുടുങ്ങിയതു കൊണ്ടാണോ എന്നറിയില്ല,
പൊരുന്നക്കോഴിയുടെ ഒച്ച കണക്കെ ഉമ്മർ എന്തോ പറയുവാൻ വെമ്പുന്നുണ്ടായിരുന്നു.
സംഭവം മനസിലായ സുഹറ ഉമ്മറിനോട് ചോദിച്ചു.
എന്തേ ഇക്കാ...
ഇജ്ജ് എന്താ ഇത്ര താമസിച്ചേ?
പാല് എടുക്കാൻ ഇച്ചിരി വൈകി ഇക്കാ..
ഉമ്മർ മേശപ്പുറത്തും മറ്റും നോക്കി,
"എന്നിട്ടെവിടെ"??
അത് പിന്നെ.... ഉണ്ടായിരുന്ന പാല് കാച്ചിയപ്പോ പിരിഞ്ഞു. ഉമ്മ സലീമിനെ( സുഹറയുടെ കൊച്ചനുജൻ) വിട്ടിട്ടുണ്ട്.
എന്നോട് പോയ്ക്കോളാൻ പറഞ്ഞു. ആകുമ്പോ വന്ന് വിളിക്കാന്നും പറഞ്ഞ്ക്ക്ണ്.
"പടച്ചോനെ പരിപാടിയിൽ തടസം നേരിടാൻ ഇനിയും സാധ്യത ഉണ്ടെന്ന് സാരം" ഉമ്മറിൻറെ മനസ് പിറുപിറുത്തു.
"എന്തേ ഇക്കാ???"
"ഒന്നൂല്ല മോളെ.."
എങ്കിലും കിട്ടിയ സമയം ഉപയോഗപ്പെടുത്താമെന്ന റ്റി.ജി രവിയുടെ "നിഷ്കളങ്ക" മനസോടെ ഉമ്മർ അവളുടെ മുഖം തൻറെ നെഞ്ചോട് ചേർത്തു. തൊട്ടാവാടിയെപ്പോലെ അവൻറെ കരലാളനത്തിൽ സുഹറ ചിണുങ്ങി കിടന്നു..
"ഇക്കാ...."!!
എന്തേയ് മോളെ..
"ഇക്കാ മുട്ടു കേൾക്കുന്നുണ്ട്."
അത് ഞമ്മട നെഞ്ചിടിപ്പാണ് സുഹറാ..."
അതല്ല ഇക്കാ... ഉമ്മയാണെന്ന് തോന്നുന്നു. പാലുമായി വന്നതായിരിക്കും."
കതകിലെ മുട്ട് തൻറെ നെഞ്ചിലേയ്കുളള
ആണിയടിക്കലാണെന്ന് ഉമ്മറിന് ഒരു നിമിഷം തോന്നിപ്പോയി.
വീണ്ടും വാതിലിൽ മുട്ടു കേട്ട സുഹറ ചാടിയെഴുന്നേറ്റതും അലറിക്കരഞ്ഞതും ഒരേ നിമിഷത്തിൽ....!
സംഭവിച്ചതെന്തെന്ന് അറിയാതെ മിഴിച്ചു നിന്ന ഉമ്മർ കണ്ടത് തട്ട് കാതിൽ നിന്നും ചോരയോലിച്ചു നിൽക്കുന്ന തൻറെ പ്രിയ പത്നിയേയാണ്.
ജിമിക്കി ഉമ്മറിൻറെ ഷർട്ടിലുടക്കി വലിഞ്ഞതാണ്.
ഒരു നിമിഷത്തെ സ്തംഭനത്തിനു ശേഷം ഉമ്മർ ചാടിയിറങ്ങി ഉടുത്തിരുന്ന മുണ്ടെടുത്ത് സുഹറയുടെ ചെവിയിൽ അമർത്തിപ്പിടിച്ചു. കരച്ചിൽ കേട്ടതും പുറത്ത് മുട്ടലിൻറെ ശക്തി കൂടി. പോരാഞ്ഞിട്ട് മോളെ എന്ന് വിളിച്ച് ബഹളവും. ഉമ്മറിൻറെ കൈ എടുത്തു മാറ്റി വേദനയോടെ സുഹറ വാതിൽ തുറന്നു. അങ്കലാപ്പോടെ അകത്തേക്കു നോക്കിയ കദീസുമ്മ കണ്ടത് അഴിഞ്ഞ മുണ്ടിൻറെ കോന്തല കൊണ്ട് നാണം മറക്കാൻ ശ്രമിക്കുന്ന പുന്നാര മരുമോനെയാണ്.
ബല്ലാത്ത ജാതി കാഴ്ചയായിപ്പോയി
മുണ്ടിൽ രക്തം കണ്ടപ്പോൾ കദീസുമ്മായുടെ മനസിലൂടെ എന്തോ ഒന്ന് പാഞ്ഞു.
ഇത് അതല്ല ഉമ്മാ എന്ന മുഖത്തോടെ ഉമ്മറും.
മുഖം തിരിച്ചു കളഞ്ഞ കദീസുമ്മ കണ്ടത് ചോരയൊലിപ്പിച്ചു നിന്ന മകളുടെ മുഖത്തേക്കാണ്. ആദിയോടെ, എന്തു പറ്റിയെന്നു ചോദിച്ചപ്പോൾ
"അത് പിന്നെ.. ഉമ്മ ഇക്കാടെ, ..."
പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ കദീസുമ്മ മകളേയും വിളിച്ചു മുറിയുടെ പുറത്തേക്കിറങ്ങി. കൂട്ടത്തിൽ മരു മോനു നേരെ കത്തുന്ന ഒരുനോട്ടവും നീട്ടി.
ഇത് അങ്ങിനത്തെയല്ല ഉമ്മ എന്ന നിസംഗത ഭാവം വീണ്ടും ഉമ്മറിൻറെ മുഖത്ത്.
എന്ത് ചെയ്യണമെന്നറിയാതെ കട്ടിലിനരികിൽ ചെന്നിരുന്ന് ജനലിലൂടെ പുറത്തേക്ക് കണ്ണെറിഞ്ഞു.
കല്യാണം കൂടാൻ വന്ന സലീമിൻറെ കൂട്ടുകാർ പുറത്ത് ആടി തിമിർക്കുകയാണ്. പാട്ട് കേട്ടപ്പോൾ ഉമ്മറിൻറെ രക്തം സമ്മർദ്ദം കൂടി. "നിൻറമ്മേട ജിമിക്കിംകമ്മലും"
ദേഷ്യത്തിൽ സർവ്വ ശക്തിയുമെടുത്ത് ജനൽ വലിച്ചടച്ചു.
"ഓൻറ ഉമ്മാൻറൊരു ജിമിക്കി കമ്മൽ "
"പടച്ചോനെ കാര്യങ്ങൾ കൈ വിട്ടുപോയോ?"
വെളിയിലേക്കിറങ്ങി നോക്കണമെന്നുണ്ട് ഉമ്മറിന്. പക്ഷെ.....!
അവസാനം രണ്ടും കൽപ്പിച്ച് പുറത്തേക്കിറങ്ങിയ ഉമ്മറിൻറെ കാതിൽ ഒരു വണ്ടി പോകുന്ന ശബ്ദം വന്ന് പതിച്ചു.
തനിക്കെതിരേ വരുന്ന സലീമിനെ നോക്കി ഉമ്മർ ചോദിച്ചു "
സുഹറ എവിടെ സലീ...."
ഉമ്മറിനെ അവൻ അടിമുടി നോക്കി. എന്നിട്ട് പറഞ്ഞു.
"അവരെല്ലാവരും കൂടി ഹോസ്പിറ്റലിലേയ്ക്കു പോയി. "
ഓൻറെ സംസാരത്തിലും ചെറിയൊരു നീരസും കല്ലപ്പുമുണ്ടോ???
വീണ്ടും ഉമ്മറിൻറെ മനസിലൂടെ ആ പഴയ ഡയലോഗ് കയറിയിറങ്ങി..
"പടച്ചോനേ ഇങ്ങള് കാത്തോളീ"
ഏകദേശം രണ്ട് മണിയോടെ അവർ തിരിച്ചെത്തി. കല്യാണത്തിനു വന്ന സ്വന്തക്കാരെല്ലാം വീടിൻറെ നടുവിലത്തെ ഹാളിൽ ഉണ്ട്.
കുറ്റാരോപിതൻറെ മനസുമായി ഉമ്മറും കൂട്ടത്തിലുണ്ട്. പലരും അടക്കം പറച്ചിലും അമർത്തിപ്പിടിച്ച ചിരിയുമായി രംഗം കൊഴുപ്പിക്കുകയാണ്.
പടച്ചോനെ... സ്വന്തം വീട്ടിലായിരുന്നെങ്കിൽ ഒരു റിലാക്സേഷൻ ഉണ്ടായേനെ.. ആദി പിടിച്ചു മരിച്ചു. ഇതൊക്കെ അവിടെ അറിഞ്ഞിട്ടുണ്ടാകുമോ ആവോ??
ഏകദേശം നേരം വെളുക്കാറായ സമയത്താണ് സുഹറ റൂമിലേയ്ക്കെത്തിയത്. വന്ന പാടെ കിടന്നു. എന്തു പറയണമെന്നറിയാതെ വെയിലത്തിട്ട വെരുകിനെപോലെ ഉമ്മർ വട്ടം കറങ്ങി.
പെയിൻ കില്ലറിൻറെ ക്ഷീണത്തിലാവാം സുഹറ ഉറക്കമായി.
കട്ടിലിൻറെ ഓരം ചേർന്ന്, ഉളള പാലും ചുക്കിട്ടു കാച്ചിയ അവസ്ഥയിൽ ഉമ്മറും ഗർഭസ്ഥ ശിശു കണക്കെ കിടന്നു.
സൂര്യ രശ്മികൾ കണ്ണിലേയ്ക്കടിച്ചപ്പോൾ ഉമ്മർ ഒന്ന് കണ്ണ് ചിമ്മി നോക്കി.
പടച്ചോനെ, നേരം നന്നായി പുലർന്നിരിക്കണ്.
അരികിൽ ഓളെയും കണ്ടില്ല. ഇന്നലത്തേതിൻറെ ബാക്കി പത്രത്തെക്കുറിച്ചോർത്തപ്പോൾ ഉമ്മറിൻറെ മനസിൽ ചീമ കോഴി കൂകി.
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഉമ്മർ അവിടേയ്ക്ക് നോക്കി. 'സുഹറ' ഓൾടെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ തെല്ലൊന്നുമല്ല ഉമ്മറിന് ആശ്വാസം കിട്ടിയത്.
മനസ് ചെറുതായൊന്ന് തണുത്തു.
"സുഹറാ...
കല്ലേറു കൊണ്ട നായ്ക്കുട്ടി കണക്കെ ദയനീയമായിരുന്നു ആ വിളി.
"ദേഷ്യൊണ്ടോ എന്നോട്?"
സുഹറ മെല്ലെ ഉമ്മറിൻറെ മുഖമുയർത്തി പറഞ്ഞു.
"ഇതാപ്പോ നല്ല കഥ, അയിന് ഇക്കാടെ കുറ്റം കൊണ്ടല്ലല്ലോ."
"എന്നാലും, ൻറെ ആഗ്രഹത്തിൻറെ മേലെ അല്ലെ ജ്ജ് ആ ജിമിക്കി ഇട്ടത്. "
"അത് കയിഞ്ഞില്ലെ ഇക്കാ...
വാ... എല്ലാവരും ഇക്കാനെ കാത്തിരിക്കയാ ചായ കുടിക്കാൻ. പോയി മുഖം കഴുകീട്ട് വാ..."
"ഞാൻ വരണോ സുഹറാ..?
"എന്ത് വർത്താനാ ഇങ്ങളീ പറയണെ. അതിനുമാത്രേം ദിതെന്താ ഉണ്ടായേ....!"
"അനക്ക് വേദനിക്കുന്നുണ്ടോ?"
"പിന്നല്ലാതെ .... മൂന്ന് തുന്നിക്കെട്ടാ ഒളളത്. "
ഉമ്മറിൻറെ മുഖം വീണ്ടും മ്ലാനമായി.
"സാരാക്കണ്ട ഇക്കാ... ഇങ്ങള് വേഗം വാ.."
ഒരു വിധത്തിൽ ഉമ്മറിനേയും കൂട്ടി സുഹറ ഡൈനിംഗ് ഹാളിലെത്തി. അത്യാവശ്യം ആളുകൾ കസേരയിൽ ഇരിപ്പുറപ്പിച്ചിട്ടുണ്ട്.
ഉമ്മർ ചെറുങ്ങനെ ഒരു ചിരി പാസാക്കിയിട്ട് കസേരയിലേയ്ക്കിരുന്നു.
ഒളിക്കണ്ണിട്ട് ഉമ്മർ മറ്റുളളവരെ നോക്കി..
ഹേയ് വലിയ കുഴപ്പമില്ല.
കദീസുമ്മ ഒരു വലിയ താലയുമായി ഡൈനിംഗ് റൂമിലേയ്ക്ക് വന്നു. ഉമ്മർ ഒന്നു കൂടെ ചൂളി നിന്നു.
കഴിഞ്ഞ രാത്രി ഉമ്മയുടെ മുന്നിൽ ആദിപാപത്തിലെ പോസ്റ്റർ കണക്കെ നിന്നതും ഉമ്മാടെ ദഹിപ്പിക്കുന്ന നോട്ടവുമെല്ലാം ഈസ്റ്റ്മാൻ കളറിൽ
മനസിലൂടെ കടന്നു പോയി.
"മോൻ എടുത്ത് കഴിക്ക്"
ങേ... എന്നോട് തന്നെയാണോ?
നോക്കുമ്പോൾ സ്നേഹ വായ്പ്പോടെ തന്നെ നോക്കുന്ന കദീസുമ്മായെയാണ് ഉമ്മർ കണ്ടത്.
പടച്ചോനെ എൻറെ നിരപരാധിത്വം തിരിച്ചറിഞ്ഞോ?
സ്നേഹ വായ്പ്പോടെ, തൻറെ സഹധർമ്മിണിയെ നോക്കി,
സന്തോഷത്തോടെ ഭക്ഷണത്തിൽ കൈയ്യിട്ടതും
സുഹറയുടെ ജേഷ്ഠത്തിയുടെ ഭർത്താവിൻറെ മൊബൈൽ ചിലച്ചു..." "നിൻറമ്മേട ജിമിക്കിംകമ്മലും നിൻച്ഛൻ....."
ഡൈനിംഗ് ഹാളിലുയർന്ന കൂട്ടച്ചിരി ഉമ്മറിൻറെ മുഖത്തെ ചമ്മലായി മാറി.
ഏറ് കണ്ണിട്ടു സുഹറയെ നോക്കിയപ്പോൾ ഓള് വായ പൊത്തിപ്പിടിച്ച് ചിരിയടക്കാൻ പാടു പെടുകയായിരുന്നു.
അത് കണ്ടതും ഉമ്മറിൻറെ ചുണ്ടിൻറെ കോണിൽ വിരിഞ്ഞ പുഞ്ചിരി പൊട്ടി ചിരിക്കു വഴിമാറി....!
Mila Mohammed

#അഭിസാരിക


ശീതികരിച്ച മുറിയുടെ സുഖ ശീതളിമയിൽ ആ അരണ്ട വെളിച്ചത്തിൽ അവളുടെ അണിവയറിലൂടെ വിരലുകളോടിച്ച് മാറോടു ചേർത്തു പിടിച്ച് ആദിത്യൻ അവളോടു ചോദിച്ചു.
"നിന്നെ ഞാൻ എൻറേതുമാത്രമാക്കി കൊളളട്ടെ".
അത് കേട്ടതും അവൾ കുലിങ്ങി ചിരിച്ചു.
"എന്തേയ് നീ ചിരിച്ചത്. ഞാൻ പറഞ്ഞത് ഒരു തമാശയാണെന്ന് നിനക്ക് തോന്നിയോ?"
ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൻറെ മുടിയഴകളിലൂടെ തലോടി കൊണ്ടവൾ പറഞ്ഞു.
"ഒരു പെണ്ണിൻറെ ചൂടും ചൂരുമേറ്റു കിടക്കുമ്പോൾ പുരുഷൻ തീർത്തുമൊരു പമ്പര വിഡ്ഢിയായിമാറും.
അസാധ്യമായതെന്നും സാധ്യമാക്കി തരാമെന്ന് തൻറെ ഇണയോട് പറയും. അവിടെ അൽപ്പമെങ്കിലും വിവേകമുളളവൾ പെണ്ണ് മാത്രമായിരിക്കും."
ആദിത്യൻ മെല്ലെ മുഖമുയർത്തി പറഞ്ഞു.
"ഇല്ല മെറിൻ.... ഇത് ഞാൻ സീരിയസായി പറഞ്ഞതാണ്."
എയർ കണ്ടീഷൻറെ തണുപ്പിലും വിയർത്തൊട്ടി കിടന്നിരുന്ന അവൾ തന്നിൽ നിന്നും പതിയെ അവനെ അടർത്തിമാറ്റി. ബാത്ത് ടൗവ്വൽ ഉടുത്ത് അർദ്ധ നഗ്നയായി കട്ടിലിന് സമാന്തരമായുളള കസേരയിൽ ചാഞ്ഞിരുന്നു.
"മിസ്റ്റർ ആദിത്യൻ...! നമ്മൾ തമ്മിലുളളത് കേവലം മണിക്കൂറുകളുടെ ഒരു കോൺട്രാക്ട് മാത്രം." അവൾ ചുമരിലെ ക്ലോക്കിലേയ്ക്ക് കണ്ണുകൾ പായിച്ചു. കഷ്ടിച്ച് ഒരു മണിക്കൂർ കൂടി...... !
അഴിഞ്ഞു മാറിലേയ്ക്ക വീണ മുടിയിഴകൾ വാരികെട്ടി ,തൻറെ ഇടതു കാലിലേയ്ക്ക് വലതുകാൽ കയറ്റി വെച്ചു.
വെണ്ണക്കൽ ശിൽപ്പം പോലെ മനോഹരമായിരുന്നു ആ കാൽ വണ്ണകൾ.. ആരെയും ഭ്രമിപ്പിക്കുന്ന മാദക തിടമ്പ്.....
"ആട്ടെ, താങ്കൾ വിവാഹിതനാണോ?"
"അതെ...
അവൻ മറുപടി പറഞ്ഞു.
"ഭാര്യ ഇവിടെയുണ്ടോ അതോ നാട്ടിലാണോ?"
"നാട്ടിലാണ്. "
"കുട്ടികൾ???"
"ഒരാൾ. ആൺകുട്ടിയാണ് 4th സ്റ്റാൻഡേർഡിൽ പഠിക്കുന്നു."
"
നമ്മുടെ സ്വകാര്യ നിമിഷങ്ങളിൽ വന്ന ഫോൺ കോളുകളിൽ പകുതിയും നാട്ടിൽ നിന്നായിരുന്നോ? മറ്റൊന്നും കൊണ്ടല്ല ചോദിച്ചത് കോൾ വരുമ്പോൾ ഇടയ്ക്കിടെ നിങ്ങൾ അസ്വസ്ഥനായി കണ്ടു".
ആദിത്യൻറെ മുഖം വിവർണ്ണമായി..
"
ക്ഷമിക്കണം സംസാരിച്ച് കാടുകേറുകയാണെന്നു തോന്നുന്നു. എന്നെ പോലുളള, നിങ്ങളുടേയൊക്കെ ഭാഷയിൽ ഒരു അഭിസാരികയ്ക്ക് ഇതിനെക്കുറിച്ചൊന്നും അറിയേണ്ട കാര്യമില്ല. അത് എൻറെ ജോലിയുടെ ഭാഗവുമല്ല."
കസേരയിൽ നിന്നെഴുന്നേറ്റ് മേശപ്പുറത്തിരുന്ന ബിയർ ബോട്ടിലെടുത്ത് ഗ്ലാസിലേയ്ക് പകർന്ന് വീണ്ടും അവൾ അവനു മുന്നിൽ വന്നിരുന്നു.
"ഇനി നിങ്ങൾ ചോദിച്ച ചോദ്യത്തിനു ഒരു മറു ചോദ്യം ചോദിച്ചോട്ടെ....! സാധാരണ ഗതിയിൽ ഇത്തരം ചോദ്യങ്ങൾക്ക് ഞാൻ മറുപടി കൊടുക്കാറില്ല എന്നു മാത്രമല്ല അവഗണിക്കുകയാണ് പതിവ് രീതി. എന്നാൽ ഇന്ന് ഞാനാ ശൈലിയിൽ ഒരൽപ്പം അയവു വരുത്തുന്നു. സ്വന്തമാക്കിക്കോട്ടെ എന്ന് ചോദിച്ചത് കല്യാണം കഴിക്കാമെന്നാണോ?"
ഒരു നമിഷം മൗനം തളം കെട്ടി നിന്നു... ഗ്ലാസിൽ നിന്നും ഒരു കവിൾ കുടിച്ചിറക്കി അവൾ വീണ്ടും ചോദിച്ചു.
"നാട്ടിൽ നിന്നും ഏഴാങ്കടലിനിക്കരെ ഒരു രണ്ടാം ഭാര്യ??? അതെല്ലെങ്കിൽ ഒരു സ്റ്റെപ്പിനി?"
മറു വശത്ത് വീണ്ടും മൗനം.
"ഓകെ, മിസ്റ്റർ ആദി, എനിക്കിറങ്ങുവാൻ സമയമായി. നിങ്ങൾക്കൊരിക്കൽ കൂടി എന്നെ വേണെമന്നുണ്ടെങ്കിൽ വീണ്ടും വിളിക്കാം. പക്ഷെ അതിനു ഞാനൊരു വില നിശ്ചയിക്കും ഒരു പക്ഷെ ഇന്നു നൽകിയതിൻറെ പതിൻ മടങ്ങ്. കാർന്നോൻമാരുടെ ഭാഷയിൽ "കാറ്റുളളപ്പോൾ തൂറ്റുക" ...
ചുണ്ടിൻറെ കോണിൽ ഒരു പുഞ്ചിരി തൂകി കൊണ്ടവൾ എഴുന്നേൽക്കാൻ ശ്രമിച്ചു.
'മെറിൻ' .... ഞാനുമൊരു കൗതുകത്തിനു ചോദിച്ചോട്ടെ, ഇതിനകം നിൻറെ ജീവിതത്തിൽ എത്ര പുരുഷൻമാരുണ്ടായിരിക്കുന്നു.??
പൊട്ടിച്ചിരിയിലൂടെയായിരുന്നു മറുപടി.
"എന്ത് മണ്ടൻ ചോദ്യമാണ് നിങ്ങൾ ചോദിച്ചത്. ഇതിൻറെയൊക്കെ കണക്കുകൾ ആരെങ്കിലും സൂക്ഷിച്ചു വെയ്ക്കുമോ? ഒരു കാക്ക തൊളളായിരമെന്നു കൂട്ടിക്കോളു."
"മെറിൻ.. നിനക്കെന്നെങ്കിലും കുറ്റബോധം തോന്നിയിട്ടുണ്ടോ? എന്തിനു വേണ്ടിയിതു നീ തുടങ്ങി വെച്ചു.? ഒരു നല്ല ജീവിതം നീ ആഗ്രഹിക്കുന്നില്ലെ?"
തൻറെ ഇരിപ്പടത്തിൽ ഒന്നു കൂടി ഉറപ്പിച്ചിരുന്നതിനു ശേഷം അവൾ സംസാരിച്ചു തുടങ്ങി.
"ആദി... ഞാൻ ആദ്യമേ പറഞ്ഞുവല്ലോ ചോദ്യങ്ങൾക്കു ഞാൻ മറുപടി കൊടുക്കുന്നത് നന്നേ കുറവാണെന്ന്. എങ്കിലും നിങ്ങളോടു ഞാനും കുറച്ചു കാര്യങ്ങൾ ചോദിച്ചതിൻറെ പ്രത്യുപകാരമാണ് താങ്കൾ ആഗ്രഹിക്കുന്നതെങ്കിൽ കുറച്ച് കാര്യങ്ങൾ മാത്രം പറഞ്ഞു തരാം."
അവൾ കൈ നീട്ടി തൻറെ ഹാൻഡ് ബാഗിൽ നിന്നും സിഗരറ്റ് പായ്ക്കറ്റെടുത്ത് അതിലൊരെണ്ണം ചുണ്ടിൽ തിരുകി. പായ്ക്കറ്റ് ആദിത്യന് നേരെ നീട്ടി. വേണ്ടയെന്ന് തലയാട്ടി കാണിച്ചു.
"ഓകെ....
ലാമ്പിൽ നിന്നും തീനാളം സിഗരറ്റിലേയ്ക്ക് പകർന്നു. മാദകത്വം തുളുമ്പുന്ന അവളുടെ അർദ്ധ നഗ്നമേനിയെ അതിശയത്തോടെ അവൻ വീണ്ടും നോക്കി കാണുകയായിരുന്നു. ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശിൽപ്പമെന്ന് രചിച്ച ശ്രീ കുമാരൻ തമ്പിയുടെ വരികൾ ഓർത്തുപോയി.
"ആദി... മൂന്നു ചോദ്യങ്ങളാണ് താങ്കൾ എനിക്കു നേരെ തൊടുത്തു വിട്ടത്.
കുറ്റ ബോധം....!
നിങ്ങളുടെ ജീവിതത്തിൻറെ ഭാഗഭാക്കായ സ്വന്തം ഭാര്യയെ വഞ്ചിച്ചപ്പോൾ താങ്കൾക്കു തോന്നിയോ കുറ്റബോധം.?? എനിക്കു മുന്നിൽ അങ്ങിനെയുളലൊരു ബന്ധത്തിൻറേയും കടിഞ്ഞാണുകളില്ല. ഇവിടെ ആതുര സേവനം നടത്തുന്ന ഹോസ്പിറ്റലുകളിൽ കച്ചവടം നടക്കുന്നില്ലെ... ആത്മീയ മേഘലകളിൽ കച്ചവടം നടക്കുന്നില്ലെ.. എല്ലാത്തിൻറേയും ആകെ തുക എന്ന് പറയുന്നത് സാമ്പത്തികമായൊരു ഉന്നമനമാണ്. അവിടെ മറ്റൊന്നിനും പ്രസക്തിയില്ല. പിന്നെ മറ്റെല്ലാ വേശ്യകളുടേയും കഥയിലേതു പോലുളളൊരു ബാഗ് ഗ്രൗണ്ടെല്ലാ എനിക്കുളളത്. നിവൃത്തികേടുകൊണ്ട് വേശ്യയാകേണ്ടി വന്നു എന്നു പറയുന്നവരോട് തികഞ്ഞ പുശ്ചം മാത്രമാണ്. വേശ്യാവൃത്തിയെ സഹതാപത്തിൻറെ പുറം ചട്ടകൊണ്ട് മൂടി വെയ്ക്കുന്നു.
എന്തേ ഇവർക്ക് മറ്റേതെങ്കിലും ജോലിയെടുത്തു ജീവിച്ചുകൂടെ. എത്രയോ സ്ത്രീ ജനങ്ങൾ തങ്ങളുടെ ബുദ്ധിമുട്ടുകളിലും മാന്യമായി അധ്വാനിച്ച് ജീവിക്കുന്നു. പണക്കൊഴുപ്പിൽ കണ്ണും നട്ട് തന്നെയാണ് വേശ്യകളുടെ ജീവിതം. എന്നാൽ ലൈംഗികത അങ്ങേയറ്റം ആസ്വദിക്കുന്നൊരു സ്ത്രീയാണ് ഞാൻ. വ്യത്യസ്തതയുടെ മേച്ചിൽപ്പുറങ്ങൾ തേടിയുളളതാണെൻറെ യാത്രകൾ. അവിടെയെനിക്ക് ബന്ധങ്ങളില്ല ബന്ധനങ്ങളില്ല."
സിഗരറ്റിൽ നിന്നും അടുപ്പിച്ച് മൂന്ന് നാല് പുകയെടുത്ത ശേഷം മെറിൻ വീണ്ടും സംസാരിച്ചു തുടങ്ങി.
"നാട്ടിൽ ജീവിച്ച നാളുകളിൽ എനിക്കുണ്ടായ കൊച്ചു പ്രണയത്തിൽ നിന്നുമാണ് ആദ്യമായി ലൈംഗികതയുടെ ആദ്യാക്ഷരങ്ങളേക്കുറിച്ച് പഠിച്ച് അറിഞ്ഞത്. പിന്നീട് അതിലേയ്ക്ക് പൂർണ്ണമായി ഇറങ്ങി ചെല്ലുവാൻ മനസ് കൊതിച്ചു. ഒടുവിൽ ആരോരുമില്ലാത്തൊരു നേരം തൻറെ പ്രിയതമനൊപ്പം,വീടിനു പിന്നിലെ വിറക് ചായപ്പിൽ വെച്ച് ശാരീരികബന്ധത്തിൻറെ തേൻതുളളികൾ നുകർന്നു പിന്നീടത് വിയർപ്പു കണങ്ങളായ് ശരീരമാകെ പെയ്തിറങ്ങി.
പിന്നീട്, ഒടുവിൽ
തന്നെ ചതിച്ച സന്തോഷത്തിൽ കാമുകൻ വിജയശ്രീ ലാളിതനായി തൻറെ ജീവിതത്തിൽ നിന്ന് നടന്നകന്നപ്പോഴും സങ്കടത്തിൻറെ ലേശം കണികപോലും മനസിൽ ഉണ്ടായിരുന്നില്ല. മറിച്ച് വീണ്ടും വീണ്ടും ലഭിക്കണമെന്ന കൊതിയായിരുന്നു മനസു നിറയേ.. പിന്നീട് ലാബ് ടെക്നീഷ്യയായി ഈ മണലാരണ്യത്തിൽ വന്ന് ചേർന്നത് ജീവിതത്തിലെ മറ്റൊരേട്..
"പിന്നീടൊരിക്കൽ ഓഫിസിലെ തലമുതിർന്നൊരു ഖഫീൽ ക്യാബിനിലേയ്ക്ക് വിളിച്ചു വരുത്തി ബലാൽസംഗരൂപേണ തന്നെ കീഴ്പ്പെടുത്തി. പിന്നീട് പല തവണ ആവർത്തിക്കുമ്പോഴും എതിർപ്പുകൾ കുറഞ്ഞു. അതിൻറെ ഫലമെന്നോണം ജോലിയിൽ പെട്ടെന്നുണ്ടായ സ്ഥാനകയറ്റവും കൈനിറയെ പണവും....! കൂടെ ഞാനെന്ന അഭിസാരികയുടെ ജനനവും.
പണ്ടെങ്ങോ കാമുകൻ പകർന്നു നൽകിയ പരമാനന്ദ രസത്തെയും പേറിയുളള ദിനരാത്രങ്ങൾ. എൻറെ കാഴ്ചപ്പാടിൽ സ്ത്രീ പുരുഷനു കീഴടങ്ങുകയല്ല, മറിച്ച് സ്ത്രീക്കു മുന്നിൽ പഞ്ചപുച്ചവുമടക്കി പുരുഷൻ കീഴടങ്ങുകയാണ്.അതു കൊണ്ട് തന്നെ അവൻറെ പുരുഷത്വം എന്നിലേയ്ക്കിറങ്ങുമ്പോൾ ഒരു വിജയിയുടെ ഭാവം എനിക്ക് ലഭിയ്ക്കുന്നു. എന്തും തരാമെന്ന വികാര വിക്ഷേപത്തോടുളള യാചനകൾ. നേരത്തെ ആദി പറഞ്ഞ ഓഫറും ഞാനാ ഗണത്തിൽ ആണ് പെടുത്തിയിരിക്കുന്നത്. ഇന്നും എൻറെ ശരീരം മാത്രമേ കളങ്കപ്പെട്ടിട്ടുളളു. എന്ന് മനസ് കളങ്കപ്പെടുന്നുവോ അന്ന് മെറിൻ എന്ന് താങ്കൾ പേരിട്ടു വിളിച്ച എൻറെ അപ്രമാദിത്വം ഈ ഭൂമിയിൽ നിന്നും ഇല്ലാതാകും.....
മെറിൻറെ കണ്ണുകൾ ഒരിക്കൽ കൂടി ക്ലോക്കിൻറെ സൂചികയിലേയ്ക്കു നീങ്ങി.
"ആദി.. സമയം അതിക്രമിച്ചിരിക്കുന്നു. എനിക്കിറങ്ങുവാൻ സമയമായി."
അവൾ എഴുന്നേറ്റു തൻറെ ഡ്രസ്സുകൾ എടുത്തു....
"മെറിൻ... ഈ നേരം കെട്ട നേരത്ത്.....! നേരം പുലരുമ്പോൾ പോയാൽ പോരെ.. "
നിസംഗതയോടെ അവൾ അവനെയൊന്ന് പുറം തിരിഞ്ഞു നോക്കി..
"ഹും... ആകെ നനഞ്ഞവൾക്കെന്ത് കുളിര്..
ചുണ്ടിൽ ഒരു ഗൂഡ സ്മിതവുമായ് അവൾ ബാത്റൂമിലേയ്ക്ക് കയറി.
ആദിയുടെ മനസിലൂടെ ഒരു ചോദ്യത്തിൻറെ കൊളളിയാൻ മിന്നി.
കാമുകനെ തേടി വരുന്നവളെയാണ് അഭിസാരിക എന്നു പറയുന്നതെങ്കിൽ അതിനേക്കാൾ ആ പേരിന് അനുയോജ്യൻ പുരുഷൻ തന്നെയാണ്. അഭിസാരകൻ........!

Mila M

കാർത്തു



കുളിച്ചു കുറി തൊട്ടു വരുന്ന കാർത്തുവിനെ കണ്ടപ്പോൾ ചായക്കടക്കാരൻ ഉസ്മാനിക്ക ചോദിച്ചു ..
നീയേത കൊച്ചെ !
ഞാൻ കാർത്തു .
ചോദിക്കുന്നവരോടൊക്കെ അവളുടെ ഉത്തരം അതുതന്നെ .
എണ്ണ കറുപ്പും അരയോളം ഉള്ള മുടിക്കെട്ടും തിളങ്ങുന്ന കണ്ണുകളും നെറ്റിയിലെ സിന്ദൂര ക്കുറിയും ഉടലിന്റെ മിനുമിനുപ്പും നോക്കി ആൾകാർ അന്വേഷിച്ചു .
ആരുമില്യേ കൂട്ടിനു .??
ചോദിക്കുന്നവരെ രൂക്ഷ നോട്ടം നോക്കി കാർത്തു പറഞ്ഞു ഭർത്താവുണ്ടായിരുന്നു ചത്തു
പിന്നെങ്ങനെ ജീവിക്കുന്നു ???
വേല ചെയ്തിട്ട്
എന്ത് വേല അർഥം വെച്ച് ചോദിച്ചു
"എന്തു വേലയും "
ഇതുപറഞ്ഞു ഒരൊറ്റപ്പോക്ക് അങ്ങു പോകും
കാർത്തു പറഞ്ഞത് നേരാണ് അവളെന്തു വേലയും ചെയ്യും അതും നന്നായി ചെയ്യും .
ഒരു നിമിഷം പോലും കാർത്തു വെറുതെ ഇരിക്കില്ലായിരുന്നു .
കൂലിപ്പണിയും വീട്ടുവേലയും ആയി ദിവസങ്ങൾ നീങ്ങി .ആരോടും പരാതിയില്ല പരിഭവമില്ല .
എന്നാൽ മെക്കിട്ടു കേറാൻ വരുന്നവരെ വെറുതെ വിടുകയും ഇല്ലാ
തമിഴ്‌നാട്ടിൽ വെച്ച് ഭർത്താവ് മരിച്ചപ്പോ കുടിയേറി പാർത്തതാണെന്നു ചിലർ
ഭർത്താവ് മരിച്ചതല്ലെന്നും അവളുടെ സ്വഭാവ ദൂഷ്യം കൊണ്ട് ഉപേക്ഷിച്ചതാണെന്നു മറ്റു ചിലർ .അവള് ഉപേക്ഷിച്ചതാണെന്നും ശ്രുതിയുണ്ട് .നമ്മള് മലയാളികൾ ആണല്ലോ ഊഹിച്ചെടുക്കൽ കൂടും .
കാർത്തു വിധവയായിരുന്നോ ?
കാർത്തു വേശ്യ ആയിരുന്നോ ?
അങ്ങനെ പലപല ചോദ്യങ്ങൾ ആർക്കും ഉത്തരമില്ലായിരുന്നു എന്നാൽ ഒരുകാര്യം
തീർച്ച ആയിരുന്നു അവൾ എല്ലുമുറുകെ പണിയെടുക്കും എന്നുള്ളത് .
പകലുമുഴുവൻ എല്ലുമുറിയെ പണിയെടുത്തു രാത്രിയിൽ ഏതേലും വീടിന്റെ പിന്നാമ്പുറ കോലായിൽ ഉറങ്ങും .
ക്രമേണ നാട്ടിലെ എന്ത് കാര്യത്തിനും കാർത്തു വേണമെന്നായി
കാരണം കക്കില്ല വിശ്വസിക്കാം കൊടുക്കുന്ന കൂലിക്ക് ആത്മാർത്ഥത കാണിക്കും .വൃത്തിയും മെനയും ഉണ്ട് .പോരാത്തത്തിന് നല്ല കൈപ്പുണ്യവും .
ഒരിക്കൽ പറഞ്ഞു കൊടുത്ത മതി കണ്ടറിഞ്ഞു ചെയ്‌തോളും .
കാർത്തു കാലെടുത്ത് വെച്ച ഐശ്വര്യമാണെന്നു ചില കൊച്ചമ്മമാര് തർക്കമില്ലാതെ പറയും .
അങ്ങനെ കാർത്തു ഞങ്ങളുടെ എല്ലാം ജീവിതത്തിന്റെ ഒരു ഭാഗമായി .കർത്തുവില്ലാതെ ഞങ്ങടെ നാട്ടിൽ ഒരു പരിപാടിയും നടക്കില്ലെന്നായി .എന്തിനും ഏതിനും കാർത്തു .
കാർത്തു വീടടിക്കണം
കാർത്തു മോള് പെറ്റു ഒരു നാല്പാതീസം വരണം .
കാർത്തു മോൾടെ കല്യാണമാണ്
ഒരുമാസം മുന്നേ അങ്ങു എത്തണം എന്താ വേണ്ടാച്ച തരാം .
കാർത്തു 'അമ്മ വസൂരി ബാധിച്ചു കിടപ്പ കാർത്തു വന്നാലേ തൃപ്തിയുള്ളു ഞാനൊറ്റക്കെ ഉള്ളു .
വിളിച്ചിടത്തൊക്കെ കാർത്തു ഓടിയെത്തി .കല്യാണവും പേറും അടിയന്തിരത്തിനും ഒക്കെ കാർത്തുവിനെ കിട്ടാൻ ഞങ്ങൾ മത്സരിച്ചു .കാർത്തുവിനെ കിട്ടാൻ വേണ്ടി പതിവിലധികം പണം കൊടുത്തുവെന്നും കേള്കുന്നുണ്ട് .
ഏല്പിച്ചതെല്ലാം രാവും പകലും എന്നില്ലാതെ കയ്യും മെയ്യും മറന്നു ചെയ്തു .ഒരിത്തിരി നേരം പോലും തല ചായിക്കാതെ .
വിയർത്തുകുളിച്ച കാർത്തു ഞങ്ങടെ നാടിന്റെ ഭാഗ്യമായി ഐശ്വര്യമായി
ശകുനമായും കണിയായും ഞങ്ങളുടെ സ്വപ്നങ്ങളെ പൂവണിയിച്ചു .
ഇതിനിടയിൽ കാലം കൊടുങ്കാറ്റു പോലെ കടന്നു പോയതറിഞ്ഞില്ലാ കാർത്തു ഉടഞ്ഞുലഞ്ഞു
വാതം ശരീരം മൊത്തം വ്യാപിച്ചു .
ഇനി വേതുകാച്ചാനും പശുനെ കറക്കാനും വയ്യ കൂട്ടരേ
കനമെടുക്കാനൊന്നും വയ്യേ .
കർത്തുവിന്റ്റെ ചേലും ചൊടിയും ഒക്കെ പോകെ പോകെ മങ്ങി
പണ്ട് കാവല് കിടക്കാൻ പോയിരുന്ന വീട്ടിൽ ചെന്ന് രാത്രി കിടക്കാൻ ആളെ വേണോ .
'വേണ്ടല്ലോ കാർത്തു '
കാർത്തു തിരിഞ്ഞു നടക്കുമ്പോൾ വീട്ടുകാർ പിറുപിറുത്തു .
തള്ളക് തീരെ സുഖമില്യ ഇവിടെങ്ങാനും കിടന്നു ചത്താല്,...
പരിചയമുള്ള വീടുകളിൽ എല്ലാം കയറിയിറങ്ങി .
പണി മുഴുവോനും ചെയ്യാംശമ്പളവും വേണ്ട അതാത് നേരത്തെ ഭക്ഷണം തന്നാൽ മതി .
നിങ്ങക്കിപ്പോ പണ്ടത്തെ പോലെ വയ്യല്ലോ നിങ്ങളെ കൊണ്ട് പണി
എടുപ്പിച്ച മഹാപാപം കിട്ടും.
വല്ല മൂലക്കേം പോയിരി തള്ളെ..
വഴിയോരത്തു നിൽക്കുന്ന കാത്തുവിനെ കണ്ടില്ലെന്നു നടിച്ചു.
എതിരെ വന്നാൽ പുറം തിരിഞ്ഞു പോവുമായിരുന്നു.
'അമ്മ വല്ലതും തരണേ ഒരു നേരത്തെ ഭക്ഷണം കഴിക്കാനാണെ.
വിറച്ചു വിറച്ചു ഞങ്ങടെ നേരെ കൈനീട്ടി.
അറപ്പോടും വെറുപ്പോടും ഞങ്ങൾ നോക്കി
ഞങ്ങടെ നാടിൻറെ ദുശ്ശകുനമായി മാറി .
ഒരിക്കൽ കൂടി നിൽക്കുന്ന ആളുകളെ വകഞ്ഞു മാറ്റി ഞങ്ങൾ നോക്കുമ്പോൾ
ഉടുതുണിപോലുമില്ലാതെ കാർത്തു ഉറുമ്പരിച്ചു മൂക്കിലൂടെയും വായിലൂടെയും ഈച്ച മൂളിയർക്കുന്നു .
മൂക്കുപൊത്തിപിടിച്ചു ഞങ്ങൾ ആളുകളുടെ ഇടയിലൂടെ പോകുമ്പോൾ.
ആശ്വാസത്തോടെ ഞങ്ങൾ പറഞ്ഞു .
"ശകുനം ഉഷാർ ഉദ്ദിഷ്ഠ കാര്യലാഭം ഉറപ്പ് "
Mila Mohammed

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo