Showing posts with label SoumyaKiran. Show all posts
Showing posts with label SoumyaKiran. Show all posts

ഒരു ഗർഭിണിയുടെ വിലാപങ്ങൾ-ഭാഗം 3



കാലത്ത് വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് അവൾ എണീറ്റത്. “എന്താ എന്നെ വിളിക്കാഞ്ഞേ ? ഞാൻ അറിഞ്ഞില്ലാട്ടോ. കഴിക്കാൻ ദോശ ആയാലോ ?”
മറുപടി ഒന്നും കിട്ടാതായപ്പോൾ അവൾ വീണ്ടും ചോദിച്ചു. “എന്താ ഒന്നും മിണ്ടാത്തെ ? ഒരു 10 മിനിറ്റ് കഴിഞ്ഞ് പോയാ പോരേ ? ഇപ്പൊ റെഡി ആക്കാം.”
“വേണ്ട. സാരല്യ. ഞാൻ പുറത്തുനിന്ന് കഴിച്ചോളാം.”
അവൻ പെട്ടെന്ന് തന്നെ കതകടച്ച് പുറത്തേക്ക് പോയി.
അവളുടെ കണ്ണുകൾ നിറഞ്ഞു. തന്റെ കണ്ണേട്ടനെ തനിക്കറിയുന്ന പോലെ ആർക്കും അറിയില്ലല്ലോ. ഈ പിണക്കമൊക്കെ ഇപ്പൊ മാറും. ഓഫീസിൽ എത്തിയാൽ ഉടനെ വിളിക്കും. അതോടെ എല്ലാം തീരും. എന്തോ പെട്ടെന്ന് ഓർത്തപോലെ കണ്ണ് തുടച്ച് എണീറ്റു. അലമാര തുറന്ന് കിറ്റ് പുറത്തെടുത്തു. ആദ്യമായ് ടെസ്റ്റ് ചെയ്ത ദിവസമാണ് അവൾക്ക് ഓർമ വന്നത്. അന്ന് കണ്ണേട്ടനും കൂടെ വന്നിരുന്നു. എന്നിട്ട് എന്തായി. കുറേ നേരം കാത്തിരുന്നിട്ടും പ്രതീക്ഷകൾ എല്ലാം തല്ലിക്കെടുത്തിക്കൊണ്ട് തെളിഞ്ഞതോ ഒരേ ഒരു രേഖ മാത്രം. വല്ലാത്തൊരു നിരാശ തന്റെ കണ്ണേട്ടന്റെ കണ്ണുകളിൽ അന്ന് ആദ്യമായ് കണ്ടു. ന്റെ കൃഷ്ണാ.. ഇത്തവണയെങ്കിലും ഞങ്ങളെ കൈവെടിയല്ലേ.. ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കണേ.. അങ്ങനെ ടെസ്റ്റ് ചെയ്ത് റിസൾട്ട് കാത്തിരിക്കുമ്പോൾ വെറുതെ മൊബൈലിൽ വീഡിയോ എടുത്തു തുടങ്ങി. അവളെ ഞെട്ടിച്ചുകൊണ്ട് ഇത്തവണ ഞൊടിയിടയിൽ തന്നെ കിറ്റ് പ്രവർത്തനം ആരംഭിച്ചു. അവൾ ആകാംക്ഷയോടെ കാത്തിരുന്നു. ഒടുവിൽ രണ്ട് രേഖകൾ തെളിഞ്ഞു നിന്നു. അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. മിഴികൾ നിറഞ്ഞ് തുളുമ്പി. ചുണ്ടുകൾ വിതുമ്പി. എന്ത് ചെയ്യണമെന്നറിയാതെ തരിച്ചിരുന്നുപോയി. ആദ്യം തന്റെ കൃഷ്ണനോട് നന്ദി പറയാനാണ് തോന്നിയത്. പെട്ടെന്ന് എണീക്കാൻ തുടങ്ങിയപ്പോഴാണ് തന്നിലെ മാതൃത്വം ഉണർന്നതായി അവൾ അറിഞ്ഞത്. അവൾ പതിയെ സോഫയിൽ കൈ ഊന്നി എണീറ്റ് കൃഷ്ണന്റെ ഫോട്ടോയുടെ മുമ്പിൽ ചെന്ന് കൈ കൂപ്പി ഒരുപാട് നന്ദി പറഞ്ഞു. ഇനി തന്റെ കണ്ണേട്ടനെ അറിയിക്കണം. എങ്ങനെ തുടങ്ങും. സന്തോഷവും നാണവും എല്ലാം പൂത്തുലയുന്ന അവസ്ഥ. ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. ഫോൺ എടുത്ത് വിളിച്ചു. “ഹലോ.. കണ്ണേട്ടാ.. ഞാൻ വാട്സാപ്പിൽ ഒരു കാര്യം അയച്ചിട്ടുണ്ട്. വേഗം നോക്കണേ.”
“അതിനെന്താ. ഇപ്പൊ തന്നെ നോക്കാല്ലോ. ഞാൻ വിളിക്കാൻ പോവായിരുന്നു. താൻ വല്ലതും കഴിച്ചോ ? ഇന്നലെ രാത്രി ഒന്നും കഴിച്ചില്ലല്ലോ.”
“ഞാൻ കഴിച്ചോളാം. ആദ്യം ഞാൻ പറഞ്ഞത് ചെയ്യൂ.”
“ഉത്തരവ് പോലെ. ഇത് വീഡിയോ ആണല്ലോ. ഡൌൺലോഡ് ആവുന്നതേയുള്ളു. നോക്കട്ടെ.”
അവൻ പെട്ടെന്ന് നിശ്ശബ്ദനായപ്പോൾ മനസിലായി വീഡിയോ ഡൌൺലോഡ് ആയെന്ന്.
“മോളെ നീലു.. ഇത്.. നീ എപ്പോ.. സത്യമാണോ ?”
അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
“അതെ കണ്ണേട്ടാ. സത്യമാണ്. നമുക്കും ഒരു ഉണ്ണി പിറക്കാൻ പോവുന്നു. എന്റെ കണ്ണേട്ടൻ ഒരു അച്ഛൻ ആവാൻ പോവുന്നു.”
ഇതും പറഞ്ഞ് അവൾ പെട്ടെന്ന് കാൾ കട്ട് ചെയ്തു. സ്വിച്ച് ഓഫ് ചെയ്തു വെച്ചു. 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കതക് തുറക്കുന്ന ശബ്ദം കേട്ടു. ഓടി വന്ന് അവളെ ചേർത്ത് പിടിച്ചു.
“സോറി മോളെ. ഇന്നലെ വെറുതെ ഞാൻ എന്തൊക്കെയോ പറഞ്ഞു. ഛെ. അത് വിട്ട് കള. പോട്ടെ. ഇനി സന്തോഷിക്കാനുള്ള സമയം ആണ്. ശരീരം അധികം അനക്കണ്ട. റസ്റ്റ് എടുക്ക്.”
“ആദ്യം ഡോക്ടറെ കണ്ട് കൺഫേം ചെയ്യണം. എന്നിട്ട് നമ്മുടെ വീട്ടിൽ അറിയിക്കണ്ടേ. അവർ ആയിരിക്കും ഏറ്റവും കൂടുതൽ സന്തോഷിക്കാ.”
“എന്നാൽ ഇപ്പൊ തന്നെ വേഗം പോവാം. വാ.”
“ഓക്കേ. ഞാൻ പെട്ടെന്ന് റെഡി ആവാം.”
“കൺഫേം ആയ സ്ഥിതിക്ക് ഇനി ധൈര്യമായി വീട്ടിൽ പറയാല്ലോ.”
“അതേ. റൂമിൽ എത്തീട്ട് വിളിക്കാം.”
അങ്ങനെ അവർ രണ്ട് വീട്ടുകാരോടും കൂട്ടുകാരോടും എല്ലാം അവരുടെ കൊച്ചുസന്തോഷം പങ്കുവെച്ചു.
“കേട്ടില്ലേ എല്ലാരും പറയണത്. എന്നോട് നല്ലോണം ഭക്ഷണം കഴിക്കണമെന്ന്. ഇഷ്ടള്ളത് എല്ലാം കഴിക്കാനാ പറയണത്. ഞാൻ പറയണത് ഒക്കെ മര്യാദക്ക് വാങ്ങിതന്നോ.”
“ഹാഹാ. എന്റെ മോൾക്ക്‌ എന്താ വേണ്ടേ ? ആ ഒരു കാര്യം ചെയ്യാം. കെഎഫ്‌സിയിൽ നിന്ന് തന്നെ തുടങ്ങിക്കളയാം. എന്താ ?”
“വേണ്ട വേണ്ട. ഇനിയിപ്പോ അതൊന്നും വേണ്ട ട്ടോ. റിസ്കാ. നമുക്ക് വല്ല ദോശയും ചമ്മന്തിയും മതിയേ.”
“അമ്പടി കള്ളീ. ഇപ്പൊ അങ്ങനെയായോ. ഞാൻ പോയി ഇപ്പൊ റെഡി ആക്കാം. നീ റസ്റ്റ് എടുക്ക്. ഓക്കേ ?”
“അയ്യോ. ഞാനും വരാം.”
“വേണ്ട. എല്ലാം ഞാൻ ചെയ്തോളാം. നിന്റെ കണ്ണേട്ടൻ ഇന്ന് മുതൽ ഒരു പുതിയ മനുഷ്യൻ ആണ്. നീ കണ്ടോ മോളെ.”
ഇതും പറഞ്ഞ് അവൻ തിടുക്കത്തിൽ അടുക്കളയിലേക്ക് ഓടുന്നത് കണ്ടപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു. അത് ആനന്ദക്കണ്ണീർ ആണെന്ന് അവൾ അറിഞ്ഞു..
തുടരും...
സൗമ്യ കിരൺ

Read next part here tomorrow sametime
or Click this link to read all parts
https://www.nallezhuth.com/search/label/GarbhiniVilapam

ഒരു ഗർഭിണിയുടെ വിലാപങ്ങൾ-ഭാഗം 2


ഉറക്കച്ചടവിൽ കണ്ണ് തുറന്ന് ഫോണിന്റെ സ്‌ക്രീനിൽ നോക്കിയപ്പോൾ അവൾ ഞെട്ടിപ്പോയി. സമയം 7 മണി ആയിരിക്കുന്നു. ഉടനെ മനസിലേക്ക് വന്നത് സദ്യ വട്ടത്തിനുള്ള വെജിറ്റബ്ൾസ് ആണ്. അവൾ തിടുക്കത്തിൽ പ്രഭാത കർമങ്ങൾ നടത്തി അടുക്കളയിലേക്ക് ഓടി. അല്ലെങ്കിലും പ്രവാസികൾക്കാണല്ലോ ഓണം വിഷു എല്ലാ ആഘോഷങ്ങൾക്കും ഗൃഹാതുരത്വവും നഷ്ടബോധവും എല്ലാം. അത് ഒരു പരിധി വരെ മറക്കാൻ വേണ്ടി ഞങ്ങൾ എന്തും ചെയ്യും. വെജിറ്റബ്ൾസ് കട്ടിങ്ങിനിടെ അവൾ ആലോചനയിൽ ആയിരുന്നു. ഈ 3 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് തന്റെ കണ്ണേട്ടന് അവധി കിട്ടുന്നത്. ഇതുവരെ എല്ലാ വിശേഷ ദിവസങ്ങളിലും അവൾ സദ്യ ഒരുക്കി വൈകുന്നേരം വരെ കാത്തിരിക്കലാണ് പതിവ്. അതുകൊണ്ട് തന്നെ അവൾ ഇത്തവണ വളരെ സന്തുഷ്ടയാണ്. കുക്കർ വിസിൽ അടിച്ചപ്പോഴാണ് അവൾ ചിന്തയിൽ നിന്ന് ഉണർന്നത്.
“കണ്ണേട്ടാ.. നേരം കുറേയായി. ഇതുവരെ എണീറ്റില്ലേ ? വേഗം വന്നാൽ ചൂടോടെ ചായ കുടിക്കാട്ടോ.”
പെട്ടെന്ന് തന്നെ കണ്ണൻ അടുക്കളയിലേക്ക് എത്തി. “ഇന്ന് എന്റെ നീലൂട്ടന്‌ എന്ത് ഹെൽപ്പ് ആണ് വേണ്ടേ ? ഞാൻ റെഡി. ഇന്ന് നമുക്ക് അടിച്ചുപൊളിക്കണം.”
“തൽക്കാലം ഹെൽപ് ഒന്നും വേണ്ടേ. സാർ പോയി കുളിച്ച് റെഡി ആയാൽ മതിയേ. പിന്നെ ഷർട്ടും മുണ്ടും അലമാരയിൽ മുകളിലെ കള്ളിയിൽ ഇരിപ്പുണ്ടേ.”
“ഡബിൾ ഓക്കേ”
കണ്ണൻ കുളിച്ച് റെഡി ആയി വന്നപ്പോഴേക്കും ഉപ്പുമാവ് റെഡി ആയിരുന്നു.
“വാ പെണ്ണേ. എനിക്ക് വിശക്കുന്നു. ഇനി കഴിച്ചിട്ടാവാം ബാക്കി. വേണെങ്കിൽ ഞാനും കൂടം.“
“ദാ വരുന്നു കണ്ണേട്ടാ. കഴിച്ച് തുടങ്ങിക്കോളൂ. ഇപ്പൊ ഇവിടന്ന് നീങ്ങിയാൽ തോരൻ കരിഞ്ഞുപോവും. അതോണ്ടാ.”
“ഈ പെണ്ണിനെക്കൊണ്ടു തോറ്റു. അത് ഓഫ് ചെയ്തിട്ട് വേഗം വാ.”
“ദാ കഴിഞ്ഞു.”
പ്രഭാത ഭക്ഷണം കഴിഞ്ഞ് അവൾ വീണ്ടും അടുക്കളയിൽ എത്തി. ചോറ് റെഡി. മാമ്പഴ പുളിശ്ശേരി ഇനി വറുത്തിട്ടാൽ മതി. കാബേജ് തോരൻ അവിയൽ പൈനാപ്പിൾ പച്ചടി ഒക്കെ റെഡി ആയി. ഇനി പപ്പടം മാത്രേ ബാക്കിയുള്ളു. അത് പിന്നെ കഴിക്കണ നേരത്ത്‌ കാച്ചിയാൽ മതീല്ലോ. നടുവിന് കൈ കൊടുത്ത് കൊണ്ട് അവൾ ഒരു ദീർഘനിശ്വാസം കഴിച്ചു.
“എന്റെ എല്ലാ പരിപാടികളും കഴിഞ്ഞു ട്ടോ. ഇനി ഇല കിട്ടണം. പായസം വാങ്ങുന്നുണ്ടോ നമ്മൾ ? എന്താ പരിപാടി ?”
“എല്ലാം റെഡി ആക്കാഡോ. ആദ്യം പോയി റെഡി ആയി വാ. നമുക്ക് പുറത്ത് പോവാം. ബാക്കിയൊക്കെ വഴിയേ പറയാം. ചെറിയ ഒരു പ്ലാൻ ഇല്ലാതില്ല.”
“ആഹാ. എന്നാൽ നീലു എപ്പോഴേ റെഡി.”
അവർ പുറത്തിറങ്ങി കാറിൽ കയറി യാത്രയായി.
“പായസം ഏതാ വേണ്ടേ ? പാലട മാത്രം മതിയോ ? അതോ പരിപ്പ് കൂടി പെടച്ചാലോ ?”
“കുടിച്ച് തീർക്കാണെങ്കിൽ മാത്രം രണ്ടും വാങ്ങിയാ മതി ട്ടോ. ഒടുക്കം ഞാൻ തന്നെ എടുത്ത് കളയേണ്ടിവരും.”
“ഇല്ലെടോ. ഇത്തവണ എന്തോ മനസ്സിന് വല്ലാത്ത സന്തോഷം. എന്താന്നറിയില്ല.”
“എനിക്കും കണ്ണേട്ടാ. വിശേഷ ദിവസമായിട്ട് ആദ്യായിട്ടല്ലേ ഇങ്ങനെ ഒരുമിച്ച്. അതോണ്ടായിരിക്കും.”
“അത് പോട്ടെ.. നമ്മൾ സാധാരണ വാങ്ങുന്നിടത്ത് നിന്ന് തന്നെ പോരേ ? ഓരോ ലിറ്റർ ?”
“ആ. അത് മതി.”
“അങ്ങനെ അത് കഴിഞ്ഞു. ഇനി എന്താ നെക്സ്റ്റ് ?”
“എന്തായാലും താൻ മുല്ലപ്പൂ ഒക്കെ വെച്ച് ഒരുങ്ങിയതല്ലേ. നമുക്ക് ഒരു ഫോട്ടോ പെടച്ചാലോ ?”
“എന്താ പറ്റിയെ എന്റെ മോന് ? ഇതൊന്നും പതിവില്ലാത്തതാണല്ലോ ? എന്തിനേറെ. ഒരു സെൽഫി എടുക്കാൻ തന്നെ വരാത്ത ആളാ. എന്റെ കൃഷ്ണാ.”
“കളിയാക്കാതെ മോളേ. വേഗം ഒരു സ്റ്റുഡിയോ കണ്ടുപിടിക്കാൻ നോക്ക്.”
“ഒന്ന് സ്ലോ ആക്കു കണ്ണേട്ടാ. ഞാൻ ഒരെണ്ണം കണ്ടു. ഇത് പോരേ ?”
“ആ. വാ. പോയി നോക്കാം.”
“ചേട്ടാ. ഒരു ഫോട്ടോ എടുക്കണം.”
“ഏത് സൈസ് ആണ് വേണ്ടേ നോക്കൂ. ഈ മോഡൽസ് കണ്ടോ.”
“ഇത് കൊള്ളാല്ലോ. ഈ സൈസ് മതി. ഓവർ ആക്കണ്ട ലേ ? ഇതിന് എങ്ങനെയാ റേറ്റ് ? പിന്നെ ഞങ്ങൾക്ക് ലാമിനേറ്റ് ചെയ്യണമെന്നുണ്ട്. അതിനെത്രയാവും ?”
“ഈ സൈസിൽ ലാമിനേറ്റ് ചെയ്യാൻ 100 ദിർഹംസ് ആവും. ഓക്കേ ?”
“ഓക്കേ ചേട്ടാ. ഇത് മതി.”
“എപ്പോഴാ കിട്ടാ ?”
“എന്ത് ?”
“ഫോട്ടോ”
“ഓ. അത് നാളെ കിട്ടും.”
“എന്താ നീ ഇത്ര കാര്യായിട്ട് ആലോചിക്കണേ ?”
“ഏയ്. ഒന്നുല്യാന്നേ. വേഗം വാ സദ്യ കഴിക്കണ്ടേ ?”
രുചിക്കൂട്ടുകൾ നാവിലെ രസ മുകുളങ്ങളെ ഉണർത്തുമ്പോഴും അവളുടെ മനസ്സ് വേറെ എവിടെയോ ആയിരുന്നതായി അവന് തോന്നി.
“വാ. കുറച്ച് നേരം റസ്റ്റ് എടുക്ക്. കാലത്ത് തുടങ്ങിയതല്ലേ ഈ അങ്കം. ഇനി ബാക്കിയൊക്കെ പിന്നെ.”
അവൾ പതിയേ വന്ന് കിടന്നു.
“ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ ?”
“എന്താ അങ്ങനെ ചോദിച്ചേ ഏട്ടാ ?”
“എന്താ മനസ്സിൽ ? എന്തോ ഇണ്ടല്ലോ ?”
“ഏയ്. ഒന്നൂല്യ. ചുമ്മാ ഓരോ തോന്നൽ അല്ലാണ്ടെ എന്താ ഇപ്പൊ പറയാ.”
“എന്നാൽ ഞാൻ ഒരു കാര്യം പറയാം. നമുക്ക് ഒരു കിറ്റ് വാങ്ങി ടെസ്റ്റ് ചെയ്താലോ. എന്തോ മനസ്സ് അങ്ങനെ പറയുന്നു.”
“ഏയ്. അതിന്റെ ആവശ്യം ഒന്നൂല്ല. വെറുതേ വിഷമിക്കാനായിട്ട്. അങ്ങനെ വല്ല ആവശ്യം ഇണ്ടെങ്കിൽ ഞാൻ പറയാട്ടോ.”
“ആണോ. ഓക്കേ ഡാ. എന്നാൽ അങ്ങനെ ആവട്ടെ.”
“ഉറങ്ങി എണീറ്റപ്പോ നല്ല വിശപ്പ്. നിനക്കോ ?”
“എനിക്കും.”
“നമുക്ക് kfc ഓർഡർ ചെയ്താലോ ?”
“പിന്നെന്താ. ഞാൻ എപ്പോഴേ റെഡി.”
“അയ്യോ. നോക്കി നോക്കി മടുത്തു. നമുക്ക് പറ്റുന്ന ഒന്നും ഇല്ലല്ലോ. ഒക്കെ നല്ല റേറ്റ് ആണ്. ഒരു കാര്യം ചെയ്യാം. നാളെ പോയി കഴിക്കാം. ഓക്കേ ? ഇന്ന് ദോശ ആക്കിയാലോ ?”
“വേണ്ട കണ്ണേട്ടാ. എനിക്ക് ഇന്ന് kfc തന്നെ മതി.”
“നടക്കില്ല നീലൂ. നാളെ റെഡി ആക്കാമെന്ന് പറഞ്ഞില്ലേ ? പിന്നെ എന്താ ?”
“വേണ്ട എനിക്ക് ഇപ്പോ വേണം.”
“വെറുതെ വാശി പിടിക്കല്ലേ. നടക്കില്ല.”
“എന്നാ എനിക്ക് ഇന്ന് ഒന്നും വേണ്ട. പ്രശ്നം തീർന്നില്ലേ ?”
“ആ. വേണ്ടെങ്കിൽ വേണ്ട.”
രണ്ടാളും രണ്ട് ദിശയിലേക്ക് തിരിഞ്ഞ് കിടന്നു. എപ്പോഴോ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു..
തുടരും...
സൗമ്യ കിരൺ

Read next part here tomorrow 
or Click this link to read all parts
https://www.nallezhuth.com/search/label/GarbhiniVilapam

ഒരു ഗർഭിണിയുടെ വിലാപങ്ങൾ-ഭാഗം 1



“കണ്ണേട്ടാ.. ഈ ടോപ്പ് ഇപ്പോഴും ലൂസാ..ശ്യോ.. നാളെ ഞാൻ എന്താ ചെയ്യാ ?” അവൾ കണ്ണാടിയുടെ മുമ്പിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി.
“എവിടെ നോക്കട്ടെ.. ഇങ്ങു വാ നീലു.. ശെരിയാണല്ലോ. നീ വീണ്ടും പോയി ടൈറ്റ് ആക്കിയതല്ലേ. എന്നിട്ടും ഇത്രേം ലൂസോ ? ഇതെന്തു കഥ!”
“സാരല്യ. ഇനിയിപ്പോ വീണ്ടും പോവാൻ ടൈം ഇല്ലന്നെ. നാളെ വിഷു അല്ലെ. ആറ്റുനോറ്റ് ഒരു പാട്ടുപാവാട തൈപ്പിച്ചതാ. അതും ഈ പ്രായത്തിൽ. ഉം. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യല്ല. അത്ര ബോറാണോ കണ്ണേട്ടാ ?” പുരികം ചുളിച്ചുകൊണ്ട് അവൾ ചോദിച്ചു.
“ഏയ്.. എന്റെ നീലു ഏത് ഡ്രെസ്സ് ഇട്ടാലും ചുന്ദരിയല്ലേ. പിന്നെ ഇല്ലേലും.”
“ഛീ. ഒന്ന് പോ അവിടുന്ന്. സന്ധ്യ നേരത്താ ഒരു ശൃംഗാരം.” അവൾ കുതറി ഓടി.
കണ്ണൻ അവളെ പിന്തുടർന്ന് അടുക്കളയിൽ എത്തി.
“എന്റെ പൊന്നു കണ്ണേട്ടനല്ലേ. ഇതൊന്ന് അരിഞ്ഞു തരുവോ എനിക്ക്‌ ? നൂറുകൂട്ടം കാര്യങ്ങൾ ഇണ്ട് ന്നേ. കണി ഒരുക്കണ്ടേ. ആദ്യം ഞാൻ പോയി റൂം ഒക്കെ ഒന്ന് വൃത്തിയാക്കട്ടെ. എന്നിട്ട് പോയി കുളിച്ചു വിളക്ക് വെക്കണം. എന്നിട്ട് വേണം കണി ഒരുക്കാൻ. അതോണ്ടാ ട്ടോ. പ്ലീസ്.”
“ഈ ചെറിയ കാര്യത്തിനാണോ നീ ഇത്രേം നീട്ടി വലിച്ചു പറഞ്ഞേ. മര്യാദക്ക് ഇത് മൊത്തം അരിഞ്ഞു വെക്ക് എന്ന് പറഞ്ഞാ പോരെ മോളെ.” അവൻ കുസൃതിയോടെ കണ്ണിറുക്കി.
കൊച്ചു കുഞ്ഞിനെ പോലെ അവൾ അവനെ കെട്ടിപ്പിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്ത്‌ ചൂലും എടുത്ത് റൂമിലേക്ക് പോയി.
എല്ലാം കഴിഞ്ഞ് കണി ഒരുക്കി കിടക്കാൻ ചെല്ലുമ്പോഴേക്കും അവൻ പാതി ഉറക്കത്തിൽ ആയിരുന്നു. 3 മണിക്ക് അലാറം വെച്ച് അവനെ കെട്ടിപ്പിടിച്ചു കിടന്നു.
അലാറം കേട്ടതും ചാടി എണീറ്റ് പല്ല് തേച്ച് മുഖം കഴുകി വന്ന് വിളക്ക് കത്തിച്ച് കണി കണ്ട് തൊഴുതു. പതിയെ വന്ന് കണ്ണേട്ടന്റെ കണ്ണ് പൊത്തി തട്ടി വിളിച്ചു. “കണ്ണേട്ടാ.. ഇന്ന് വിഷു അല്ലേ. കണി കാണണ്ടേ ? കണ്ണ് തുറക്കല്ലേ. പതിയെ എണീക്കണേ. എന്റെ കൂടെ വന്നാ മതി ട്ടോ. ആ . ഇനി നേരേ നോക്കി പ്രാർത്ഥിച്ചോളൂ.”
അവൻ പ്രാർത്ഥന കഴിഞ്ഞ് കണ്ണ് തുറന്നു.
“കണ്ണേട്ടാ. എനിക്കുള്ള കൈനീട്ടം എവിടെ ? പോരട്ടെ. വേഗം താ.”
അവൻ അവളെ ചേർത്ത് നിർത്തി നെറ്റിയിൽ ചുംബിച്ചു. ഇതിലും വലിയ ഒരു കൈനീട്ടവും അവൾ പ്രതീക്ഷിക്കില്ലെന്ന് അവന് നന്നായി അറിയാമായിരുന്നു.
വീണ്ടും കിടന്നെങ്കിലും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അവർ. വിവാഹം കഴിഞ്ഞ് 3 വർഷം കഴിഞ്ഞെങ്കിലും ഒരു കുഞ്ഞ് വേണമെന്ന് തോന്നി തുടങ്ങിയിട്ട് കുറച്ചേ ആയിട്ടുള്ളു. സത്യം പറഞ്ഞാൽ ദുബായിലെ തിരക്ക് പിടിച്ച ജീവിതത്തിൽ ഈ വക ചിന്തകൾക്ക് സ്ഥാനം ഇല്ലല്ലോ. നാട്ടുകാരുടെ ചോദ്യശരങ്ങൾ കാരണം പൊറുതി മുട്ടിയ വീട്ടുകാരുടെ ചോദ്യം കേൾക്കുമ്പോഴാ ഇതൊക്കെ ഓർക്കാറു തന്നെ.
ഇപ്പോ എന്തോ ഒരു പ്രതീക്ഷ. അവൾ പതിയേ എണീറ്റ് അലമാര തുറന്ന് ആരെയും കാണിക്കാതെ വെച്ചിരുന്ന പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് എടുത്ത് നോക്കി. ഇന്ന് ടെസ്റ്റ് ചെയ്താലോ. അവൾ ആരോടെന്നില്ലാതെ മന്ത്രിച്ചു. വേണ്ട. ഇന്ന് നല്ല ദിവസം ആയിട്ട് റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ.. വേണ്ട. നാളെ നോക്കാം. അവൾ അത് ഭദ്രമായി അവിടെ തന്നെ തിരിച്ചു വെച്ച് ചെന്ന് കിടന്നു. ശുഭ പ്രതീക്ഷകളോടെ.
തുടരും....
✍🏻 സൗമ്യ കിരൺ

Read next part here tomorrow 
or Click this link to read all parts
https://www.nallezhuth.com/search/label/GarbhiniVilapam

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo