Showing posts with label AnandAmruthanand. Show all posts
Showing posts with label AnandAmruthanand. Show all posts

പ്രഥമ ദർശനം (നർമ്മ കഥ)

Image may contain: 1 person, beard and closeup

നിങ്ങൾക്കൊക്കെ കോളേജിലേക്ക് വരാതെ വല്ല തേങ്ങാപറിക്കാനും പൊയ്ക്കൂടെ..!''
തേങ്ങപറിക്കൽ ഒരു തൊഴിലായി ഏറ്റെടുത്തില്ലേലും രാത്രിയിൽ മുണ്ടൻ നായരുടെ എസ്റ്റേറ്റിൽ കരിക്കിടാൻ പോകുന്ന ഞാൻ മാത്രം അത് കേട്ടപ്പോ ലേശം തലയുയർത്തി.
''വായ്നോക്കി നടക്കാൻ നല്ല സാമർത്ഥ്യമാണല്ലോ, അതിന്റെ പകുതി ഇതിൽ കാണിച്ചാ പോരെ..?''
ഇപ്പറഞ്ഞത് എന്നെ ഉദ്ദേശിച്ചു തന്നെയാണെന്ന പൂർണബോധ്യത്തിൽ, ഉയർത്തിയ തല ഞാൻ ടപ്പേന്നു താഴ്ത്തി.
അതേകോളജിൽ തന്നെ സിവിൽ എൻജിനീയറിങ് പഠിക്കുന്ന സൗമ്യ തോമസിന്റെ പിറകെ ഒന്നരവർഷമായി ഞാൻ നടക്കുന്ന കാര്യം അവളൊഴികെ കോളേജിലെ ഓരോ ചുവരുകൾക്കു പോലുമറിയാവുന്നതാണ്.
- ചാക്കോ മാഷ് രാവിലെ തന്നെ നല്ല കലിപ്പിലാണ്. കോളേജ് ഡേയ്ക്ക് ഇപ്രാവശ്യവും നമ്മുടെ ക്ലാസിൽ നിന്ന് ഒരാള് പോലും പങ്കെടുക്കുന്നില്ല, അതാണ് വിഷയം.
മൂപ്പരെ പിണക്കിയാൽ അടുത്ത പീരിയഡ് പ്രാക്റ്റികലിന് വർക്ക്ഷോപ്പ് മുഴുവൻ ക്ലീൻ ചെയ്യിക്കും, പിണങ്ങാതിരിക്കണമെങ്കിൽ ഏതേലും ഒരുത്തൻ എന്തേലും പരിപാടി അവതരിപ്പിക്കാം എന്ന് പറയണം.
കലാവാസനയുള്ള ആരും നമ്മുടെയീ ക്ലാസ്സിൽ ഇല്ലേ എന്നോർത്ത് അടുത്തിരിക്കുന്ന സുമേഷിനെ ഞാനൊന്ന് പാളിനോക്കി.
'ഇന്റർവലിന് വലിച്ച സിഗരറ്റിന്റെ മണമല്ലാതെ മറ്റൊരു വാസനയും എന്നിൽ നിന്ന് പ്രതീക്ഷിക്കണ്ട' എന്ന മട്ടിൽ അവനും എന്നെ നോക്കി തോൾ കുലുക്കി.
ഒരു പെണ്കുട്ടി ക്ലാസിൽ ഉണ്ടായിരുന്നെങ്കിൽ കഴുത്തിൽ കത്തി വച്ചാന്നേലും അവളെക്കൊണ്ടൊരു തിരുവാതിര കളിപ്പിക്കാമായിരുന്നു.
മെക്കാനിക് പണി പഠിക്കാൻ പെണ്കുട്ടികൾ മുന്നോട്ടിറങ്ങി വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഓരോ മിനിറ്റ് കഴിയുംതോറും ചാക്കോ മാഷിന്റെ റേഡിയേറ്റർ ചൂടായി, ചൂടായി വരികയാണ്.
മനസിൽ ചില കണക്കുകൂട്ടലുകൾ നടത്തി, നെഞ്ചും വിരിച്ച് ചാടിയെണീറ്റ് ഞാനെന്ന ധീരയോദ്ധാവ് പറഞ്ഞു,
'സാർ, ഞാൻ പാട്ടു പാടാം'
തണുത്ത വെള്ളം കിട്ടിയ റേഡിയേറ്റർ പോലെ മാഷിന്റെ മുഖം പെട്ടെന്ന് വിടർന്നു
അതേ, ചരിത്രം തിരുത്തിയെഴുതിക്കൊണ്ട് 'മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ' ഡിപാർട്മെന്റിൽ നിന്ന് ആദ്യമായി ഒരു വിദ്യാർത്ഥി പരിപാടി അവതരിപ്പിക്കാൻ പോകുന്നു..!!
ക്ലാസ്സിൽ മുഴങ്ങിയ കരഘോഷം കേട്ട് ഞാൻ ധൃതങ്കപുളകിതനായി.
ഇതുവരെ എന്റെ വായീന്നൊരു മൂളിപ്പാട്ടുപോലും കേൾക്കാത്ത, സന്തത സഹചാരി സുമേഷ് മാത്രമപ്പോഴും ഞെട്ടൽ മാറാതെ വായും പൊളിച്ചിരുന്നു.
''ഡാ, നിന്റെ പ്രേമോം, മണ്ണാങ്കട്ടയുമൊക്കെ നീ മതിയാക്കിയാ..?''
മാഷ് സ്റ്റാഫ് റൂമിലേക്ക് പോയതും സുമേഷ് എന്റെ നേരെ തിരിഞ്ഞു ചോദിച്ചു.
''അതെന്താ നീ അങ്ങനെ ചോയ്ച്ചെ..? സൗമ്യയിപ്പൊ എന്നെക്കാണുമ്പോ ചെറുതായി ചിരിക്കണതൊക്കെ ഇയ്യ് കാണാറില്ലേ..? "
"അതോണ്ടെന്ന്യാ ഞാൻ ചോയ്ച്ചെ.. ഇപ്പൊ ഓള് ചെർതായി അന്നെ നോക്കി ചിരിക്ക്ണ്ട്,
ജില്ലിപ്പൊടി മിക്‌സീലിട്ട് അരക്കണ മാതിരീള്ള സൗണ്ടും വച്ച് നീ പരിപാടിക്ക് പാട്ട് പാടിയാ ഓള് മാത്രല്ല, തോളീ കയ്യിട്ട് നടക്കണ ഈ ഞാനും കൂവും.. ഒർപ്പായിട്ടും..!"
മുഖമടച്ച് ഒന്നു കൊടുക്കാൻ തോന്നിയെങ്കിലും, പറഞ്ഞതിൽ അല്പം വാസ്തവം ഉള്ളത് കൊണ്ട് മാത്രം ഞാൻ സംയമനം പാലിച്ചു.
"എടാ സുമേ, യ്യ് കവിതാ കവിതാ എന്നു കേട്ട്ണ്ടാ..?
അന്നേം എന്നേം പോലെ ചിരട്ടക്കൊരക്കണ മാതിരി സൗണ്ടുള്ള എല്ലോർക്കും പാടാൻ പറ്റിയ സാധനോണ് കവിത.
അന്നേരം ഞാൻ പാടാംന്ന് പറഞ്ഞില്ലാർന്നേൽ, ചാക്കോച്ചന് ഹാലിളകി മ്മളെക്കൊണ്ട് കോളജിലെ കക്കൂസ് വരെ കഴുകിച്ചേനെ.
അതിന് മാത്രല്ലഡാ, ഇപ്പേരും പറഞ്ഞ് കോളേജിലെ ആസ്ഥാന പാട്ടുകാരിയായ ന്റെ സൗമ്യക്കുട്ടീനോട് മിണ്ട്വേം പറയേം ചെയ്ത്, ഓളെ സെറ്റാക്കേം ചെയ്യാലോ, എങ്ങനീണ്ട്..?"
"സംഗതി കൊള്ളാം. പക്ഷേ......."
എന്തോ കൊനിഷ്ട് വീണ്ടും ഓന്റെ തൊള്ളയിൽ നിന്ന് പുറപ്പെടാൻ ഒരുങ്ങുന്നു എന്ന് മനസിലാക്കിയ ഞാൻ, മുഖം തിരിച്ച് വേഗം ഫോണെടുത്ത് ഗൂഗിളിൽ 'ബെസ്റ്റ് മലയാളം കവിതകൾ' സെർച്ച് ചെയ്യാൻ തുടങ്ങി.
.....
മുരുകൻ കാട്ടാക്കടയുടെ 'രേണുക' എന്ന നീണ്ട കവിത, രാത്രിയും പകലുമില്ലാതെ രണ്ടുദിവസംകൊണ്ട് ഉറക്കമിളച്ച് പഠിച്ച് എന്നെത്തന്നെ ഞാൻ അത്ഭുതപ്പെടുത്തി.
നാളെയാണ് കോളേജ് ഡേ.
ഓരോ കുട്ടികളും ഗ്രൗണ്ടിന്റെ പല മൂലകളിലായിരുന്നു റിഹേഴ്സലുകൾ നടത്തുന്നു.
എന്റെ നായികയതാ വാകമര ചുവട്ടിൽ ഒറ്റക്കിരുന്നു പാട്ടു പഠിക്കുന്നു.
പ്രണയവും വാകയും തമ്മിൽ ഉപ്പും കഞ്ഞിയും പോലൊരു ഇഴപിരിയാത്ത ബന്ധമുള്ളത് ഞാനോർത്തു. പറ്റിയാൽ അവളോട് ഇപ്പോത്തന്നെ മനസ്സ് തുറക്കാം എന്ന് കരുതി അടുത്തേക്ക് ചെന്നു.
ഹാ..! എത്ര മനോഹരമായ ശബ്ദം. ഒരു നിമിഷം ഞാൻ പാട്ടിൽ ലയിച്ചിരുന്നു പോയി.
പെട്ടെന്ന് ഉള്ളിലൊരു കൊള്ളിയാൻ മിന്നി.
ഈശ്വരാ ചതിച്ചു..! ഈ മഹാപാപിയും കവിത പാടുന്നു..!!
അതും നട്ടപാതിരവരെ ഞാൻ കുത്തിയിരുന്നു പഠിച്ച അതേ കവിത 'രേണുക'.
മത്സരമല്ലേലും കാമുകിയും, ഗാനകോകിലവുമായ സൗമ്യ തോമസ് പാടുന്ന പാട്ടു തന്നെ പാടിക്കൊളമാക്കി നാണം കെടാൻ വയ്യ.
മാഷിന്റെ വായീന്നുള്ളത് കേൾക്കാതെ രണ്ടു ദിവസത്തേക്കു ലീവെടുത്ത് വീട്ടിലിരിക്കാം, അതേയുള്ളൂ വഴി.
~~~~~
''അല്ലേലും രേണുകയും നാരായണിയുമൊന്നും അന്റെ സ്റ്റാൻഡേർഡിനു ചേരൂല്ലടാ. അനക്ക് പാടാൻ പറ്റ്യൊരു സാധനം ഞാൻ തരാം.''
വിവരമറിഞ്ഞെത്തിയ സുമേഷ് എന്നെ ആശ്വസിപ്പിച്ചു കൊണ്ട് പോക്കറ്റിൽ നിന്ന് മൊബൈലെടുത്ത് ആ കവിതയെന്നെ കേൾപ്പിച്ചു.
'പ്രഥമദർശനം'
കൊള്ളാം, നല്ല ന്യൂ ജനറേഷൻ കവിത, കേൾക്കണോരെ ചിരിപ്പിക്കാൻ പറ്റിയ സാധനോണ്.
നാളെ എൻ്റെ കവിതാപാരായണത്തിൽ മയങ്ങിവീഴുന്ന സൗമ്യാ തോമസിനെയും സ്വപ്നം കണ്ട് 'പ്രഥമദർശനം' ഞാൻ മന:പാഠമാക്കാൻ തുടങ്ങി..
പിറ്റേ ദിവസം സ്റ്റേജിൽ,
"നിന്റെ തുളുമ്പുന്ന യൗവ്വനം കണ്ടു ഞാൻ
ഇന്നലെയുറങ്ങിയില്ലെന്നോമലേ..."
ആദ്യത്തെ നാലുവരി പാടിയപ്പോ തന്നെ സദസ്സിൽ കൂട്ടച്ചിരിയും, കയ്യടിയും.
ആവേശം മൂത്ത ഞാൻ പിന്നീടുള്ള വരികൾ ഓരോ പെണ്കുട്ടികളുടെയും നേരെ വിരൽ ചൂണ്ടി ചൊല്ലാൻ തുടങ്ങി.
"പോകുന്ന വഴികളിൽ പരിമളം വീശുന്ന ഫോറിന്റെ മണമൊന്നു വേറെ തന്നെ,
അച്ഛൻ ഗൾഫിലാണല്ലേ.."
സിന്ധു, ബിന്ദു, ലീന, സൗമ്യ, ഷംന
അങ്ങനെ മുന്നിലെ നിരയിലിരുന്ന ഓരോരുത്തരെയും ചൂണ്ടി ഓരോ വരികളും ചൊല്ലി.
അടുത്തവരി ആരെ ചൂണ്ടിപ്പാടും എന്നാലോചിക്കുമ്പോഴേക്കും ദേ പോണ് ഒരു പെണ്ണുമ്പിള്ള സാരിയുമിട്ടോണ്ട് സ്റ്റേജിനു മുന്നീക്കൂടെ.
വിട്ടുകൊടുത്തില്ല, അവർക്ക് നേരെതന്നെ അടുത്ത വരി തൊടുത്തു.
"സിനിമാപരസ്യമൊട്ടിക്കുവാനോ
പുറം വലുതായ്‌ തുറന്നിട്ടിരിക്കുന്നു നീ,
കണ്ട്രോള് പോകുന്ന പയ്യൻസിനരികിലൂ-
ടൊട്ടും നടക്കല്ലേ സുരസുന്ദരീ.."
സദസ്സിൽ കനത്ത നിശബ്ദത.. കാര്യമെന്താണെന്നു മനസ്സിലായില്ലെങ്കിലും
ആ നിശ്ശബ്ദതതയെ കീറിമുറിച്ചു കൊണ്ട് ആവേശത്തോടെ ഞാൻ കവിത ചൊല്ലിത്തീർത്തു.
~~~~~
പരിപാടിയും കഴിഞ്ഞ് രണ്ടാഴ്ചത്തെ സസ്‌പെൻഷൻ പ്രിൻസിപ്പാളിന്റെ കയ്യിൽ നിന്ന് സന്തോഷത്തോടെ ഏറ്റുവാങ്ങിയപ്പോഴാണ് മനസ്സിലായത്, പരിപാടിക്ക്
പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ പഞ്ചായത്തു പ്രസിഡന്റ് മറിയാമ്മാ തോമസിന്റെ ബ്ലൗസിന്റെ പുറത്താണ് ഞാൻ സിനിമാപ്പരസ്യം ഒട്ടിക്കാൻ ശ്രമിച്ചതെന്ന്..
ശുഭം
- ആനന്ദ് കൊളോളം -

കൊളോളത്തെ സൽമാൻ ഖാന്റെ ഇൻബോസ്ക്

Image may contain: 1 person, beard and closeup

ഫേസ്ബുക്ക് എഴുത്ത് ഗ്രൂപ്പുകളിൽ സജീവമായിത്തുടങ്ങിയത് രണ്ടുമൂന്ന് വർഷങ്ങൾക്ക് മുൻപാണ്‌.
വായനയും, അഭിപ്രായം പറയലുമല്ലാതെ എഴുത്തിന്റെ അസുഖം അന്ന് തുടങ്ങീട്ടിലായിരുന്നു.
മിക്കവരുടെയും എഴുത്തുകൾക്ക് അരപ്പേജിൽ കുറയാത്ത കമന്റ് നൽകുന്നയാളായതിനാൽ ചില എഴുത്തുകാരുടെയൊക്കെ കണ്ണിലുണ്ണിയാരുന്നു ഈ ഞാൻ എന്നും പറയാം.
പലരും ഇൻബോക്സിൽ വന്ന് ഗ്ലൂക്കോസും ബോൺവീറ്റയും തന്ന് എന്റെ കമന്റ് തൊഴിലിന് ഊർജം പകരാറുമുണ്ട്.
പത്താം ക്ലാസ് മൂന്നാംവട്ടം എഴുതി പാസായ എനിക്ക് സാധാരണ മലയാളം അറിയാം എന്നല്ലാതെ കടുകട്ടി വാക്കുകൾ പറയാനും എഴുതാനും ഇന്നത്തെപ്പോലെ അന്നും അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ കവിതകൾക്ക് അഭിപ്രായം പറയൽ വളരേ വിരളം.
അങ്ങനെ ഒരു ദിവസം വൈകുന്നേരം കർമ്മനിരതനായി കമന്റു ബോക്സുകളിൽ വിരാജിക്കുമ്പോഴാണ് ''ക്ണിം'' എന്ന ശബ്ദത്തിൽ ഇൻബോക്സ് വാതിലിൽ ആരോ വന്നു മുട്ടിയത്.
ആളെക്കണ്ട് ഞാനൊന്ന് ഞെട്ടി. ഗ്രൂപ്പുകളിൽ കവിതകൊണ്ട് അമ്മാനമാടുന്ന വ്യക്തിയാണ്. മുടിയും താടിയും നീട്ടി വളർത്തി, ഒരു കിലോമീറ്റർ ദൂരെ നിന്ന് കണ്ടാൽ പോലും മനസിലാവും ആളൊരു കവിയാണെന്ന്.
ഇദ്ദേഹം സ്വന്തം പേരിൽ രണ്ടുമൂന്ന് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ളത് അറിയാം.
ഇങ്ങേരെന്തിനാ ഈയുള്ളവന്റെ ഇൻബോക്സിലേക്ക് വന്നതെന്ന് ചിന്തിച്ചു മെസ്സേജ് ഓപ്പൺ ചെയ്തു.
- 'ആനന്ദ് സുഖമല്ലേ'
- 'അതേ സാർ. നന്നായിരിക്കുന്നു.'
ഒരുപക്ഷേ അങ്ങേരുടെ കവിതകൾക്ക് ഞാൻ അഭിപ്രായിക്കാത്തതിലുള്ള പരിഭവമാണോ ഈ ആഗമനത്തിന് കാരണമെന്ന് സംശയിച്ചെങ്കിലും, നാട്ടുകാര്യങ്ങളും ഫേസ്ബുക്കിനെപ്പറ്റിയുമുള്ള ചില കാര്യങ്ങളും മാത്രമായി ആ സംസാരം അവസാനിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ സ്ഥിരമായി ഇൻബോക്സിൽ വരുന്ന അദ്ദേഹം പതിവ് പരുക്കൻ സ്വഭാവം മാറ്റി അല്പം ലോലനായി.
അങ്ങേരുടെ ചില അളിഞ്ഞ തമാശകൾ കേട്ട് ഞാൻ സ്വയം ഇക്കിളിപ്പെടുത്തി ചിരിക്കാൻ തുടങ്ങി. പിണക്കരുതല്ലോ, പ്രമുഖനല്ലേ..
സുക്കറണ്ണൻ തന്ന സ്മൈലിക്കുട്ടികളിലെ അട്ടഹസിക്കുന്ന വട്ടമുഖങ്ങൾ (😝) അങ്ങേരുടെ മുന്നിൽ ഞാൻ വാരിവിതറി.
ഓവർടൈം ഉള്ള ദിവസമായതിനാൽ അന്ന് രാത്രി വൈകിയാണ് റൂമിലെത്തിയത്. ഒരു വിധത്തിൽ കുളിയും, തീറ്റയും കഴിഞ്ഞ് ഫേസ്ബുക്കും തുറന്ന് ഉറങ്ങാൻ കിടന്നപ്പോൾ അതാ വരുന്നു ആശാന്റെ മെസേജ്.
- 'ഉറങ്ങാറായില്ലേ കള്ളാ, രാത്രി ആരോടാണാണ് ചാറ്റിങ്ങ്..?'
ചോദ്യം കേട്ട് ചൊറിഞ്ഞു വന്നെങ്കിലും, ഒരു പ്രമുഖനെ വെറുപ്പിക്കുന്നത് ബുദ്ധിയല്ലാ എന്നുള്ളത് കൊണ്ട് സുക്കറണ്ണന്റെ ഒറ്റക്കണ്ണടിച്ചു നിൽക്കുന്ന സ്മൈലിക്കുട്ടനെ (😜) അങ്ങേർക്കു പറത്തി വിട്ടു.
- 'ആനന്ദ് കിടന്നിട്ടാണോ ഉള്ളത് ഇപ്പോ'
'അല്ലടോ, നട്ടപ്പാതിരക്കു ഞാൻ തലേം കുത്തി നിക്കുവാ'
എന്ന് മറുപടി പറയാൻ മനസ് വന്നെങ്കിലും ഒരു കവി ശാപം വാങ്ങി തലയിൽ വെക്കണ്ട കരുതി സംയമനം പാലിച്ച് ''കിടന്നു'' എന്ന് മറുപടി പറഞ്ഞു..
- 'ഒരു ഫോട്ടോ അയക്ക് കുട്ടാ, ഒന്നു കാണട്ടെ ഞാൻ..'
ശെടാ, ഇങ്ങേരിതെന്താ ഒരുമാതിരി പെണ്ണുങ്ങളോട് സംസാരിക്കുന്നത് പോലെ.?
എന്ത് പണ്ടാരമെങ്കിലും ആവട്ടെ. ഒരു ഫോട്ടോ കൊടുത്തെന്നു വച്ച് എന്താവാനാ എന്ന് കരുതി കട്ടിലിൽ എഴുന്നേറ്റിരുന്നു ഇല്ലാത്ത നിഷ്കളങ്കത മുഖത്തു വരുത്തി 'ഈഈ' എന്നിളിച്ചു പിടിച്ച് ഒരു സെൽഫി അയച്ചുകൊടുത്തു.
- 'നല്ല സുന്ദരകുട്ടനാണ് കേട്ടോ..'
അതിപ്പോ ഇങ്ങേര് പറഞ്ഞിട്ട് വേണോ അറിയാൻ. നാട്ടുകാർക്കൊക്കെ അറിയണ കാര്യല്ലേ... ല്ലേ..?
- 'ഞാനൊരു ഫോട്ടോ അയക്കാം. നോക്കീട്ട് എങ്ങനുണ്ട് എന്ന് പറയണേ ചക്കരേ'
എന്നു പറഞ്ഞു തീർന്നതും ദാ വരുന്നു അങ്ങേരുടെ അരക്ക് താഴോട്ടുള്ള ഭാഗത്തിന്റെ വിജൃംഭിച്ച ഒരു ഫോട്ടോ..!!
ഫോട്ടോ കണ്ട് ഒരു നിമിഷമൊന്നു പതറിപ്പോയെങ്കിലും, പറശ്ശിനി മുത്തപ്പനെയും, കൊടുങ്ങല്ലൂരമ്മയെയും മനസ്സിൽ ധ്യാനിച്ച്‌ ആ കവി പുങ്കവന്റെ നെഞ്ചത്തേക്ക് എനിക്കറിയാവുന്ന 'സംസ്കൃതം' മുഴുവൻ ചൊരിഞ്ഞു. എന്നിട്ടും കലിപ്പ് മാറാതെ അങ്ങേരുടെ പ്രൊഫൈൽ ഫോട്ടോ സൂം ചെയ്ത്, ഫോണിന്റെ ഡിസ്പ്ലേയിൽ രണ്ടുമൂന്നുവട്ടം കാർക്കിച്ചു തുപ്പുവേം ചെയ്ത്.
അതും കഴിഞ് അപ്പൊത്തന്നെ ഡാറ്റയും ഓഫാക്കി ഞാൻ കിടന്നെങ്കിലും, പിറ്റേന്ന് രാവിലെയാകുമ്പോഴേ ക്കും എന്റെ ഇൻബോക്‌സ്, അങ്ങേരുടെ ഏറ്റുപറച്ചിലും മാപ്പ് പറച്ചിലും കൊണ്ട് നിറഞ്ഞിരുന്നു.
കരച്ചിലും പിഴിച്ചലും കണ്ട്, ആരോടും പറയില്ല എന്ന് ഞാൻ വാക്ക് കൊടുത്തപ്പൊഴാണ് അങ്ങേര് കളം വിട്ടു പോയത്.
ബഹുമാനപ്പെട്ട സ്ത്രീ ജനങ്ങളോട് പറയാനുള്ളത്,
പച്ച ലൈറ്റും കത്തിച്ചിരിക്കുമ്പോ നിങ്ങളെപ്പോലെ തന്നെ നമുക്കും ഇമ്മാതിരി പല ചോദ്യങ്ങളും, കുൽസിത പ്രവൃത്തികളും നേരിടേണ്ടി വരാറുണ്ട്.
സ്ത്രീകൾക്ക് പുരുഷന്മാരിൽ നിന്നു മാത്രമല്ല, പുരുഷന്മാർക്ക് സ്ത്രീകളിൽ നിന്നും, പുരുഷന്മാർക്ക് പുരുഷന്മാരിൽ നിന്നും ഇതുപോലുള്ള തിക്താനുഭവങ്ങൾ ഉണ്ടാവാറുണ്ട്.
ഒരു മാറ്റമെന്താണെന്നു വച്ചാൽ നമ്മൾ ആണുങ്ങൾ അതൊക്കെ നേരിട്ടങ്ങനെ തീർക്കണതല്ലാതെ നിങ്ങളിൽ ചിലരെപ്പോലെ സ്ക്രീൻഷോട്ടുകളാക്കി ഫേസ്ബുക് മാർക്കറ്റിൽ വിറ്റഴിക്കാറില്ല.
ഇനിയിപ്പോ വിൽക്കാൻ വച്ചാൽ തന്നെ അതൊന്നും ആർക്കും വേണ്ട താനും.
അല്ലേലും നമ്മൾ ആണുങ്ങൾക്ക് ചോയ്ക്കാനും പറയാനും ആരൂല്ലല്ലോ..
പിന്നെ ഒരു കാര്യത്തിൽ നിങ്ങളെ സമ്മതിച്ചേ പറ്റൂ..
ഒരിക്കൽ കണ്ടപ്പോളേക്കും ആണായ ഞാൻ തന്നെ വെറുത്തുപോയ പല സീനുകളും,
ചറപറാ വരുമ്പോളും ഇങ്ങള് സഹിക്കുന്നുന്നതിൽ.. 😜😜
- ആനന്ദ് കൊളോളം -

അമ്മയാണ് താരം

അമ്മയാണ് താരം
~~~~-~~~~
ഒരുമിച്ചു കളിച്ചും, പഠിച്ചും, കുടിച്ചും വളർന്ന ആത്മാർത്ഥ ചെങ്ങായീന്റെ കല്യാണ ദിവസം,
''വേണ്ടാ വേണ്ടാ'' എന്ന് തൊണ്ണൂറ്റിയൊമ്പത് പ്രാവശ്യം
പറഞ്ഞ ഒരു പെണ്ണിനോട് നൂറാമത്തെ പ്രാവശ്യം
'ലേശം അച്ചാറിടട്ടെ' എന്ന് ചോദിക്കുന്നതിനിടെയാണ് മൊബൈൽ ചിലച്ചത്. കൈക്ക് പറ്റിയ അച്ചാർ നാവോണ്ട് നക്കിത്തുടച്ച് കീശേന്ന് ഫോണെടുത്തു.
ഗൾഫിൽ നിന്ന് അമ്മാവനാണ്.
''രണ്ട് മണിക്കൂർ കൊണ്ട് പാസ്‌പോർട്ടും മൂന്നു ഫോട്ടോയും എടുത്ത് കോഴിക്കോട് 'വിസാ മെഡിക്കലി' ന് ചെല്ലണം. മെഡിക്കലും കഴിഞ്ഞ് ഈയാഴ്ച തന്നെ ഇങ്ങട് ഫ്ലൈറ്റ് കേറേം വേണം. നാട്ടിലെ കളിയൊക്കെ ഇതോടെ നിർത്തിക്കൊ നിയ്യ്..''
നാട്ടിലെ അലഞ്ഞു തിരിയലിന്റെ തത്സമയ സംപ്രേഷണം അമ്മ എന്ന ആകാശവാണിയിൽ നിന്ന് കൃത്യമായി മാമൻ എന്ന സ്രോതാവിലേക്കെത്തുന്നുണ്ടെന്ന് വ്യക്തായി.
രണ്ടുമൂന്നു വട്ടം കൂടി അച്ചാർ ചോദിച്ചിരുന്നേൽ ആ പെണ്ണങ്ങട് സെറ്റായേനെ. അതാണീ അമ്മോൻ നശിപ്പിച്ചത്.
ഞാൻ നന്നായിക്കാണാൻ വേണ്ടിയാണല്ലോ എന്നോർത്തോണ്ട് മാത്രം മനസ്സിൽ മാമനെ പച്ചത്തെറി വിളിച്ചില്ല.
വീട്ടിൽപോയി പാസ്‌പോർട്ടും എടുത്ത് ബസിൽ പോകുമ്പോഴേക്കും രണ്ടുമണിക്കൂർന്നുള്ളത് നാലഞ്ചു മണിക്കൂറാവും.
ഫോണെടുത്തു കുത്തി അമ്മയെ വിളിച്ച്, എത്രേം പെട്ടെന്ന് പാസ്‌പോർട്ടും കൊണ്ട് കവലയിൽ വരാൻ പറഞ്ഞു.
കല്യാണവീട്ടിൽ ഉപ്പേരി വിളമ്പിക്കൊണ്ട് മറ്റൊരു പെണ്ണിനെ സെറ്റാക്കാൻ നോക്കുന്ന മ്മടെ ചെങ്ങായീനേം പൊക്കിയെടുത്ത് കാറിലിട്ട് നൂറേനൂറിൽ കവലയിലെത്തുമ്പോഴേക്കും പാസ്പോർട്ട് ഭദ്രമായി ഒരു കവറിൽ പൊതിഞ്ഞെടുത്ത് മാതാവും അവിടെത്തിയിരുന്നു. അതും വാങ്ങി പിന്നേം വിട്ടു വണ്ടി നൂറേ നൂറിൽ കോയിക്കോട്ടേക്ക്.
കൃത്യനിഷ്ഠതയിൽ മ്മള് പണ്ടേ മന്ത്രിമാരേക്കാൾ കണിശക്കാരനായോണ്ട് പറഞ്ഞതിനും ഒന്നര മണിക്കൂർ വൈകി കോയിക്കോടെത്തി. ഇനീപ്പോ കൃത്യസമയത്ത് എവിടേലും മ്മളെ എത്തിക്കണം എന്ന് ആർക്കേലും നിർബന്ധാണെങ്കി, പോണ വഴിവക്കിലെ എല്ലാ സ്കൂളുകൾക്കും, കോളജുകൾക്കും അന്ന് അവധി പ്രഖ്യാപിച്ചേക്കണം.
അമ്മോൻ പറഞ്ഞു തന്ന അഡ്രസ് പ്രകാരം ഒരാപ്പീസിന്റെ മുന്നീ കൊണ്ടോയി വണ്ടി നിർത്തുമ്പൊളേക്കും സെക്യൂരിറ്റി ചേട്ടൻ ഓടിവന്നു.
'സമയം കഴിഞ്ഞു, ഇനി അകത്തോട്ട് കേറാൻ പറ്റൂല്ലാ'..
'ന്റെ സ്വന്തം കൂടപ്പിറപ്പിന്റെ കല്യാണാർന്നു ചേട്ടാ,
സംശയോണ്ടേൽ ചേട്ടൻ ദേ നോക്ക്' എന്നും പറഞ്ഞ് കുപ്പായത്തിലും കൈമ്മലും പറ്റിയ ബീറ്റ്റൂട്ട് അച്ചാറിന്റെ അവശിഷ്ടങ്ങൾ ചൂണ്ടിക്കാണിച്ചു.
നിഷ്കളങ്കത നിറഞ്ഞു തുളുമ്പിയ എന്റെ മുഖത്തേക്കൊന്ന് നോക്കിയ ശേഷം അകത്തേക്ക് കേറിച്ചെന്നോളാൻ പറഞ്ഞു.
അമ്മ വർണക്കടലാസിൽ അഞ്ചാറുവട്ടം ചുറ്റിപ്പൊതിഞ്ഞു റബ്ബർബാന്റ് ഇട്ടു വച്ച പാസ്പോർട്ട്, വെപ്രാളം കൊണ്ടെനിക്ക് തുറക്കാൻ പറ്റാത്തതു കണ്ട് മനസലിവ് തോന്നിയ അവിടുത്തെ ഒരാപ്പീസർ എന്റേൽന്ന് അത് വാങ്ങി തന്നത്താൻ തുറന്നെടുത്തു.
'ഹാ.. എന്തു നല്ല മനുഷ്യൻ..'
സ്നേഹ വാൽസല്യത്തോടെ അദ്ദേഹം എന്നോട് ചോദിച്ചു.
"മോൻ എന്തിനാ കണ്ണൂരിൽന്നു ഇത്രേം ദൂരം ഇങ്ങട്ട് വന്നത്...?
ഇങ്ങേരെന്താ ആളെ കളിയാക്കുവാണോ.? എന്ന് അങ്ങേരോട് ചോയിക്കണംന്നുണ്ടാർന്നു. ഇനീപ്പോ അതിന്റെ പേരിലൊരു കച്ചറ വേണ്ടാന്നു കരുതി വിനയം ഒട്ടും കുറക്കാതെ മറുപടി പറഞ്ഞു.
"ഗൾഫിൽ പൂവാനുള്ള വിസാ മെഡിക്കലിനാ സാറേ, എന്തേനു..?''
റേഷൻകാർഡും കൊണ്ട് വന്നാൽ വിസ കിട്ടുംന്ന് ആരാ കുട്ടിയോട് പറഞ്ഞത്..?
ങേ, റേഷൻ കാർഡോ.. !!😮
പാസ്സ്പോർട്ടെന്ന് കരുതി റേഷൻ കാർഡ് പൊതിഞ്ഞെടുത്തു തന്ന അമ്മയെ ഓർത്തു പല്ലിറുമ്മി ആ ഓഫീസിൽ നിന്നും തിരിഞ്ഞു നടക്കുമ്പോ പുറകിൽ നിന്നും എന്നെക്കളിയാക്കി ഒരു കൂട്ടച്ചിരി ഉയർന്നുവോ..?
ഹേയ്, തോന്നീതാവും...

Anand

നൊസ്റ്റാള്‍ജിയയും പെങ്ങളും

നൊസ്റ്റാള്‍ജിയയും പെങ്ങളും
----------------------------
"ഇക്കിളിപ്പെടുത്തിയാപ്പോലും ചിരി വരാത്ത ടൈപ്പ് ചളി കോമഡിയല്ലാതെ വേറൊന്നും നിനക്കെഴുതാൻ അറീല്ലേ..? അതൊക്കെ കേട്ട് ചിരിക്കാൻ നിന്റെ ഫേസ്ബുക്കിൽ കൊറേയാൾക്കാരും..!!"
വർഷങ്ങൾ തപസ്സിരുന്നു ഞാൻ സ്വായത്തമാക്കിയ എന്റെ ചളിയെഴുത്തിന് കിട്ടിയ വലിയൊരു പ്രഹരമായിരുന്നു സ്വന്തം പെങ്ങടെ വായീന്ന് കേട്ട ഈ വർത്താനം.
തിരിച്ചെന്തേലും രണ്ട് പറയണംന്നും, മോന്തക്ക് രണ്ടെണ്ണം പൊട്ടിക്കണംന്നുമുണ്ട്. പക്ഷെ,
പോലീസ് സെലക്ഷന് വേണ്ടി ഓള് പഠിച്ച കളരിയും, കരാട്ടേം, കൂമ്പിനിടിയും എന്റെ നെഞ്ചത്തോട്ടാവൂലോ എന്നോർത്തപ്പോ ഒന്നും മിണ്ടാതെ തലേം താഴ്ത്തി നിന്നു.
"ഓരോ ആൾക്കാർ അവരുടെ കുടുംബത്തെപ്പറ്റീം, ഓർമകളെപ്പറ്റീം എത്ര മനോഹരമായി എഴുതുന്നു. ഉള്ള നേരം അതൊക്കെ വായിച്ച്, അത് പോലൊക്കെ എഴുതി പഠിക്കാൻ നോക്കിക്കൂടെ നെനക്കും..?''
അന്ന്തൊട്ട് ഞാൻ മനസ്സിൽ ഒറപ്പിച്ചതാണ് ഇനി എഴുതണത് നൊസ്റ്റാൾജിയ വാരിക്കോരി നിറച്ച ഒന്നാവണംന്ന്.
'ഗൃഹാതുരുത്വത നിറഞ്ഞു കവിഞ്ഞു തുളുമ്പുന്ന എന്റെയീ കഥയുടെ പേരാണ് ,
''ഉണ്ണിമൂത്രം''..
എല്ലാരും അനുഗ്രഹിക്കണം, ആശീർവദിക്കണം..☺
------------------
വെള്ളിയാഴ്ച വൈന്നേരം തറവാട്ടിലേക്കു പോക്ക് ഒരു ഉത്സവം പോലെയാണ്. എന്നേം ഒക്കത്തെടുത്ത് ചേച്ചീടെ കയ്യും പിടിച്ച് അമ്മ വൈന്നേരം നേരത്തെ ഹാജരാകും.
ജോലീം കഴിഞ്ഞ് എല്ലാർക്കൂള്ള പരിപ്പുവടേം ബോണ്ടേം പേപ്പറിൽ പൊതിഞ്ഞു വാങ്ങി അച്ഛനെത്താൻ രാത്രിയാകും.
ഒറ്റമുറീം അടുക്കളേം മാത്രള്ള മൺകട്ട കൊണ്ട് നിർമ്മിച്ച ആ ബംഗ്ലാവ് മൂന്നര വയസ്സുള്ള ഞാൻ മുന്നേകാൽ മിനിറ്റ് കൊണ്ട് മറിച്ചിടും എന്ന ഭയം കാരണം അമ്മയുടെയും അമ്മൂമ്മയുടെയും ഓരോ കണ്ണ് വീതം എനിക്ക് വേണ്ടി സദാസമയം ഡെഡിക്കേറ്റ് ചെയ്‌തു വച്ചിരുന്നു..
പതിവ് പോലെ ബോണ്ടേം, പരിപ്പുവടേം കൊണ്ട് അച്ഛൻ രാത്രിയെത്തി. അമ്മ എല്ലാർക്കും അത് വീതംവച്ച് തന്നു. കൂട്ടിയും കിഴിച്ചും ഗുണിച്ചും കഴിഞ്ഞപ്പോ ചേച്ചിക്ക് എന്നേക്കാൾ ഒരെണ്ണം അധികം..
വീടും സ്ഥലോം വേണേൽ ഓൾക്ക് എഴുതിക്കൊടുത്തോട്ടെ, ഞാൻ സയിച്ചോളാം, എന്നാലും ബോണ്ടയോ, പരിപ്പുവടയോ ഓൾക്ക് എന്നേക്കാൾ ഒരെണ്ണം അധികം കൊടുക്കുവാന്ന് പറഞ്ഞാ ചങ്ക് പറിച്ചു കൊണ്ടോണത് പോലെയാ..
നരസിംഹത്തിൽ ലാലേട്ടൻ പോയ പോലെ സ്ലോ മോഷനിൽ ഓൾടെ അടുത്തേക്ക് ചെന്നു.. മുണ്ട് മടക്കി കുത്തണം എന്നാഗ്രഹം ഉണ്ടാർന്നെങ്കിലും, മുണ്ട് പോയിട്ട് ഒരു ട്രൗസറ് പോലും അപ്പൊ ഇട്ടിണ്ടാർന്നില്ല..
''ആ ബോണ്ടയിങ്ങു താടീ'' എന്ന് വളരെ മാന്യമായി ചോദിച്ചു. അഹങ്കാരത്തിനു കയ്യും കാലും വച്ച പെങ്ങൾ അത് തന്നില്ല എന്ന് മാത്രല്ല.. "ബ്ലക്കും" എന്നൊരു ശബ്ദത്തോട് കൂടി ബോണ്ട വായിലിട്ട് വിഴുങ്ങി.
മഗിഴ്‌മതി സാമ്രാജ്യം നഷ്ടപ്പെട്ട ബല്ലാൽദേവനെ പോലെ, ഈരേഴു പതിന്നാല് ലോകം കിടുങ്ങുംവിധം ഞാൻ നിലത്തു കിടന്ന് കാറി. അരിശം മാറാതെ ചാടി എണീറ്റ് അവിടെക്കെടന്ന കസേരയുടെ മോളീക്കേറി പുന്നാരപ്പെങ്ങടെ കരണക്കുറ്റിക്ക്
''ഠപ്പേ'' എന്നൊന്ന് പൊട്ടിക്കേം ചെയ്ത്.
ആറ് വയസുള്ള പെൺകുട്ടിയും, സർവോപരി സ്വന്തം കൂടപ്പെറപ്പുമായ വീട്ടിലെ രാജകുമാരിയെ തല്ലിയ കേസിൽ, എനിക്കുള്ള ശിക്ഷ വിധിക്കാനായി വീട്ടിലെ വനിതാക്കമ്മീഷൻ പ്രസിഡന്റായ അമ്മ അടുക്കളേൽന്ന് ഓലക്കാലുമായി ഓടിവന്നു.
അമ്മയെ എന്റെ പുന്നാര അച്ഛൻ ബ്ലോക്ക് ചെയ്ത് അമ്മേടെ കയ്യീന്നാ ഓലക്കാൽ വാങ്ങി ഒടിച്ചു കളഞ്ഞത് എന്നോടുള്ള സ്നേഹം കൊണ്ടാന്നു കരുതിയ എനിക്ക് തെറ്റി.
അത് വലിച്ചെറിഞ്ഞ്, വീടിന്റെ കഴുക്കോലുമ്മൽ ഇറുക്കി വച്ച പേരവടിയെടുത്ത് കോഴിക്കോടൻ ഹൽവ പോലെ മൃദുലമായ എന്റെ ചന്തിക്ക് പടപടാന്ന് രണ്ടെണ്ണം കീറി..
ചോദിക്കാനും പറയാനും ആരുമില്ലാത്ത ഈ ഭൂമീൽ ഇനി ജീവിച്ചിട്ട് ഒരു കാര്യോല്ല എന്ന് തോന്നിപ്പോയ ഞാൻ ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചു.
സാരീമ്മൽ തൂങ്ങീട്ട് അമ്മേടെ സാരിയെങ്ങാൻ കീറിയാ, ചത്തൂന്നൊന്നും നോക്കൂല്ലമ്മ, തല്ല് കൊണ്ട് പതംവന്നിരിക്കണ ചന്തീല് പിന്നേം മുളക് തേക്കും, ഒറപ്പാ.. അതോണ്ടാ തോന്നൽ മനസീന്നെടുത്ത് അപ്പൊത്തന്നെ ദൂരെക്കളഞ്ഞ്...
അല്ലേലും ആത്മഹത്യ ഭീരുക്കൾക്ക് പറഞ്ഞതല്ലേ..?
തല്ലിയതിനു പ്രതികാരം ചെയ്യാതെ ആണാണെന്നും പറഞ്ഞ് മൂക്കിന് താഴെ വായും വെച്ച് നടക്കണതെന്തിനാ..?
(മൂന്നാം വയസിൽ എനിക്കവിടെ മീശ ഉണ്ടാർന്നില്ല, വായ മാത്രേ ഉള്ളാർന്നു, അതോണ്ട..😥)
അന്ന് രാത്രി കിടക്കുമ്പോ വ്യക്തമായി എല്ലാം പ്ലാൻ ചെയ്തു.
താഴെ പായവിരിച്ച് അച്ഛൻ, ഞാൻ, ചേച്ചി, അമ്മ എന്നിങ്ങനെ വരിവരിയായിട്ടാരുന്നു കിടന്നിരുന്നത്.
പിറ്റേന്ന് രാവിലെ, വളരെ നേരത്തെ തന്നെ ഒച്ചയുണ്ടാക്കാതെ എണീറ്റ് ട്രൗസറിന്റെ സിബ്ബ് താഴ്ത്തി, ഉറങ്ങിക്കിടക്കുന്ന അച്ഛന്റെ മുഖത്തേക്ക് "സർർർർ"ന്ന് നീട്ടിയങ്ങട് പിടിച്ചു..
ഉണ്ണിമൂത്രം പുണ്യാഹം ആയോണ്ടാണാവോ, അച്ഛൻ 'ഞ്ഞം,ഞ്ഞം,ഞ്ഞം'ന്ന് നുണയണത് കണ്ടു..
അതിന് ശേഷം ആജന്മ ശത്രുവായ ചേച്ചീടെ മുഖത്തേക്ക്...
ഹാ, എന്ത് മധുരതരമായ പ്രതികാരം.
മുമ്പത്തെ പകയൊക്കെ ചേർത്ത് ഓൾടെ മുഖത്ത് കൊറച്ച് നേരം അധികം പിടിച്ചു..
അപ്പളേക്കും സൈഡിൽ നിന്ന് ''ഡാാാ..'' എന്ന് ആക്രോശിച്ചു കൊണ്ട് അച്ഛൻ ചാടിയെണീറ്റു..
രംഗം അക്രമാസക്തമാവുന്നതിനു മുൻപ് നൂറേനൂറിൽ ഞമ്മള് പുറത്തേക്ക് ഒരൊറ്റയോട്ടം. മുറിയിൽന്നു നേരെ ഉമ്മറത്തേക്ക്, ഉമ്മറത്തൂന്നു നേരെ മുറ്റത്തേക്ക്..
ഓവർസ്പ്പീഡിലായത് കാരണം മുറ്റത്തെ വെള്ളം തളം കെട്ടി നിന്നിടത്ത് ബ്രേക്കിടാൻ പറ്റിയില്ല. മൂത്ത വരിക്കച്ചക്ക വീഴണ പോലെ 'പധക്കേ' ന്ന് ദാ കിടക്കുന്നു താഴെ.. വീഴ്ച്ചേല് മുട്ടത്തോട് പോലെ ലോലമായ ന്റെ തല ഒരു കല്ലിൽ വെച്ചടിച്ചു കീറി.. മൂന്ന് സ്റ്റിച്ച്.. ശുഭം..
എന്തായാലും ആസ്പത്രീപ്പോയി തലയിൽ മൂന്ന് തുന്നിട്ടോണ്ട് പിതാവിന്റെ മർദ്ദനത്തിൽ നിന്നന്ന് തൽക്കാലം രക്ഷപ്പെട്ടു.
വീട്ടീവന്ന് ഞാനെന്ന കുഞ്ഞാവക്ക് കഞ്ഞി കോരി തരുമ്പോ അമ്മ അച്ഛനോട് വിളിച്ച് പറഞ്ഞു.
''അച്ഛനും മോളും രാവിലെ വയറു നെറച്ചു കുടിച്ചോണ്ട് എന്നത്തേം പോലെ ഇന്നിവൻ കിടക്ക മുഴുവനായും നനച്ചില്ല. അതൊരു ഭാഗ്യായി..''
---------------
ഇന്നലെ വീട്ടിൽ വന്ന് ഇത്രേം മനോഹരമായ ഓർമ്മ പങ്കുവച്ച് തന്ന അമ്മൂമ്മക്ക് നന്ദി പറഞ്ഞുകൊണ്ട്.. എന്റെയീ 'ഉണ്ണിമൂത്രം' പുന്നാരപ്പെങ്ങൾക്ക് വേണ്ടി സമർപ്പിക്കുന്നു.. നന്ദി, നമസ്കാരം. 😂🏃
--- ആനന്ദ് കൊളോളം ---

ഡാ, ഇന്ന് ഞായറാഴ്ചയല്ലേ.....

''ഡാ, ഇന്ന് ഞായറാഴ്ചയല്ലേ മ്മക്ക് രണ്ടെണ്ണം വീശിയാലോ..?''
ഈ ചോദ്യം കേൾക്കുന്നതിനു മുന്നേ ബീവറേജിലേക്ക് പോകാൻ വണ്ടി സ്റ്റാർട്ട് ചെയ്യാറുള്ള അവന്റെ അന്നത്തെ ഡയലോഗ് കേട്ട് ഞാൻ വാ പൊളിച്ചു നിന്ന് പോയി..😨
''ഞാൻ വെള്ളമടി നിർത്തി..!! വെറുതെയിങ്ങനെ കുടിക്കുന്നു, ചളബളാ വർത്താനം പറയുന്നു എന്നല്ലാതെ അതോണ്ടൊക്കെ എന്താണ് കാര്യള്ളത്. പോരാത്തേന് മ്മടെ ശരീരോം എടങ്ങേറാവുന്നു.."
ഇതിപ്പോ അവനാണോ എനിക്കാണോ വട്ടായതെന്നു ആലോചിച്ചു നിക്കുമ്പോളേക്കും, അമ്പലത്തിൽ പോണെന്നും പറഞ്ഞ് ഓൻ നടന്നങ്ങുപോയി.
അങ്ങനിപ്പോ ഓനെ കൂട്ടാതെ കുടിച്ചിട്ട് എന്റെ മാത്രം കരള് വാട്ടണ്ട എന്ന് കരുതി അന്നത്തെ സേവ ഒഴിവാക്കി.. ഒന്നൂല്ലേലും ഓനെന്റെ ചങ്ക് ബ്രോയല്ലേ..😜
ഇന്ന് നല്ല കുട്ടി ആയോണ്ട് അമ്പലത്തിലേക്ക് പോയേക്കാംന്ന് ഞാനും കരുതി ബൈക്കെടുത്തു വിട്ടു.
അമ്പലത്തിന്റെ നടയ്ക്കൽ വണ്ടി നിർത്തുമ്പോത്തന്നെ കണ്ടു, നെറ്റി നിറയെ ചോപ്പും കറപ്പും മഞ്ഞയും വാരിപ്പൂശി പുറത്തേക്കിറങ്ങിവരുന്ന മ്മടെ ആൽമാർത്ത ചെങ്ങായീനെ..😘
സത്യം പറഞ്ഞാൽ ഓന്റെ ചങ്ങായി ആയതിൽ മ്മക്കൊരഭിമാനമൊക്കെ തോന്നിപ്പോയി. അജ്ജാതി ലുക്കാർന്നു പഹയന് 😍
കുളിക്കാതെ ചെന്ന എന്നെ,
"ഇറങ്ങിപ്പോടാ നാറീ"എന്ന് ഭഗവാനെക്കൊണ്ട് വിളിപ്പിക്കണ്ട എന്ന് കരുതി മ്മള് അമ്പലത്തിൽ കേറാനൊന്നും പോയില്ല. അത് മാത്രല്ല 'കിളി'കളുടെ കളകളാരവവും അന്ന് ക്ഷേത്രത്തിൽ വളരെ കുറവായിരുന്നു. 😷
"വണ്ടി ഞാനെടുക്കാടാ, കേട്ട്യോൾടെവീട് വഴി കറങ്ങീട്ടു പോരാം നമുക്ക് "
ഞാനെന്തേലും പറയും മുൻപേ ഓൻ താക്കോല് വാങ്ങി വണ്ടി സ്റ്റാർട്ടാക്കി..
നേരെ ഓന്റെ ഭാര്യവീട്ടിലേക്കുള്ള റോഡിലേക്ക്.. മ്മടെ ചെങ്ങായീന്റെ സന്തോഷാണല്ലോ മ്മടേം സന്തോഷം. ഓന്റെ കെട്ട്യോൾടെ ഊളചായ കുടിക്കേണ്ടി വരും എന്നുള്ള ഒറ്റ വെഷമേ ഉള്ള്..😑
അങ്ങനെ ഞങ്ങള് രണ്ടും ഒരമ്മ പെറ്റ അളിയന്മാരെപോലെ സ്നേഹത്തോടെയങ്ങു പോയി. ചെട്ട്യാരുടെ പീട്യ കഴിഞ്ഞ് രണ്ടാമത്തെ വളവും തിരിഞ്ഞു നേരെ ചെന്ന് കേറിയത് പോലീസ് ജീപ്പിന്റെ മുന്നിൽ. തൊട്ടു തൊട്ടില്ല എന്ന ഗ്യാപ്പിൽ ഓൻ ആഞ്ഞുചവുട്ടി നിർത്തിയോണ്ട് മ്മള് രണ്ടും ജീപ്പിന്റെ അടീൽപോയില്ല.
"എവിടെ നോക്കിയാടാ വണ്ടിയോടിക്കുന്നതു ?"
ജീപ്പിന്റെ പുറകീന്നു ചാടിയിറങ്ങിയ എമാന്മാരിൽ ഒരാൾ ചോദിച്ചു.
"അതുപിന്നെ... പെട്ടന്ന് ശ്രദ്ധിച്ചില്ല സാറെ.."
"ആ..ഏതായാലും ഇറങ്ങീല്ലേ ..ഒന്നൂതീട്ടു പൊക്കോ രണ്ടാളും"
ഊത്തുമെഷീനുമായി അടുത്ത ഏമാനും ഇറങ്ങിക്കഴിഞ്ഞു അപ്പോളെക്ക്..
രാവിലെ അമ്പലത്തിൽ പോകാനുള്ള നല്ല വഴി കാണിച്ചുതന്ന മ്മടെ ചങ്ക് ചെങ്ങായിക്ക് ആ ഒരു നിമിഷം ഞാൻ മനസുകൊണ്ട് നന്ദി പറഞ്ഞു..😘
ഏമാൻ മെഷിൻ നീട്ടും മുൻപേ ചാടിക്കേറി ഊതി ആദ്യം തന്നെ മ്മള് മാതൃകയായി..
തിരിഞ്ഞു ഓനോട്‌ താക്കോലും വാങ്ങി വണ്ടി സ്റ്റാർട്ടാക്കുമ്പോ കേട്ടു കർണ്ണമനോഹരമായ "ബീപ്പ്..ബീപ്പ്.."
എന്ന ഒച്ച.. ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ ചന്ദനക്കുറികളും സിൽക്കിന്റെ മുണ്ടും ജുബ്ബയും ഇട്ട പളുങ്കുപോലത്തെ മ്മടെ ചങ്ങായീന്റെ വായിലാണ് മെഷിൻ.
.............
എൽ.ഐ.സി യിൽ അടക്കാൻ അമ്മ തന്ന ആയിരത്തഞ്ഞൂറ് ഉറുപ്പിയ പുളിങ്കുരു പോലെ എണ്ണിക്കൊടുത്ത് സ്റ്റേഷനിൽ നിന്നും അവനെയും ഇറക്കി വരുമ്പത്തന്നെ, എനിക്കറിയാവുന്ന സരസ്വതിയൊക്കെ ഓന്റെ മേൽ ഞാൻ പ്രയോഗിച്ചു.😬
നിഷ്ക്കളങ്കതയുടെ മൂർത്തീഭാവം മുഖത്തണിഞ്ഞു കൊണ്ട് ഓൻ പറഞ്ഞു.
"നിന്നെപറ്റിച്ചതിൽ ഉള്ള വിഷമം ആണെന്നറിയാം..ന്നാലും ക്ഷമിക്കെടാ.. പറ്റിപ്പോയി.. 😑"
കളവു പണ്ടേ ഇഷ്ടല്ലാത്തതുകൊണ്ട് അപ്പൊത്തന്നെ മ്മള് ഓനോട് സത്യം പറഞ്ഞു.
"അതല്ലെടാ @@@&&$ മോനേ..
ഇത്രേം മണമില്ലാത്ത സാധനൊക്കെ നമ്മുടെ ബീവറേജിൽ കിട്ടാനുണ്ടെന്ന് ഇതുവരെയായി ഇയ്യെന്നോട് പറഞ്ഞോ..?
കൊന്നാലും അത് ഞാൻ ക്ഷമിക്കൂലടാ പന്നീ.."😣
ഒരു മലയാളി എന്ന നിലയിൽ ആ ഒരു കാര്യത്തിന് മാത്രം ഇന്നും ഞാൻ ഓനോട്‌ ക്ഷമിച്ചിട്ടില്ല..😒
--അ,ശുഭം--
NB : എവിടുന്ന്, എപ്പോ, എങ്ങനെ, ആര് എന്നൊന്നും ചോയ്ച്ച് ആരും വരരുത്.
ഈ കഥേം, കഥാപാത്രോം, എഴുതിയ പെന്നും, പെൻസിലും, മൊബൈലും എന്തിനേറെ ഇതെഴുതിയ ഞാനും തികച്ചും സാങ്കല്പികം മാത്രം. 😷
-- ആനന്ദ് കൊളോളം --

ബെസ്റ്റ് മദർ ഓഫ് ദ ഇയർ... 😂


ബെസ്റ്റ് മദർ ഓഫ് ദ ഇയർ... 😂
*************
ലീവിനു നാട്ടിലെത്തിയ അന്ന്തന്നെ, ഗൽഫിൽന്ന് താങ്ങിപ്പിടിച്ചു കൊണ്ടന്ന പെട്ടി പൊട്ടിച്ച്, അതിൽന്ന് രണ്ട് സ്പ്രേയും, സോപ്പും എടുത്തോണ്ട് നേരെ പോയത് അളിയന്റെ വീട്ടിൽക്കാണ്. അബടെയാണ് ഞമ്മടെ മുത്തുള്ളത്..
എന്ന്വച്ചാൽ, അച്ഛന്റെ കീശേൽ കയ്യിടാതെ ആദ്യായി സ്വന്തം വിയർപ്പൊഴുക്കി സ്വന്തമാക്കിയ ബജാജ് ഡിസ്കവർ 'ബൈക്ക്'.. (വിയർപ്പെന്നൊക്കെ ഒരു പഞ്ചിന് പറഞ്ഞതാണ് ട്ടാ...)
ചെങ്ങായിമാര് ഇഷ്ടംപോലെ നാട്ടിൽത്തന്നെ ഇണ്ടേലും അവർടെ കയ്യിലൊന്നും കൊടുക്കാതെ അടുത്ത പഞ്ചായത്തീ താമസിക്കണ അളിയനെ ബൈക്ക് ഏല്പിക്കാൻ കാരണംണ്ട്, വൈന്നേരായാ നുമ്മടെ ചെങ്ങായിമാര് മിക്കവരും നാലുകാലുമ്മലാകും. പിന്നവര് രണ്ട് വീലുമ്മൽ വണ്ടി ഓടിക്കൂല്ല. വണ്ടീങ്കൊണ്ട് ഒടുക്കത്തെ സർക്കസാവും.
റോട്ടിലിറക്കിയാൽ താറുപറ്റും, വീട്ടില് വച്ചാൽ പൂച്ചമാന്തുംന്നും കരുതി പൊന്നുപോലെ കൊണ്ടുനടക്കണ വണ്ട്യാണേ.. ഒരു പോറൽ പറ്റ്യാൽ മ്മടെ നെഞ്ച് കത്തും..
അളിയനാന്നെങ്കീ, ആനകുത്താൻ വന്നാലും 40 KM സ്പീഡിനപ്പുറത്തേക്ക് വണ്ടിയോടിക്കൂല്ല..!!
ഇനീം വെയിലു കൊണ്ട് കറുത്താല്‍ കാക്കപോലും മൂപ്പരെ നോക്കി കളിയാക്കും എന്ന ബോധ്യള്ളോണ്ട് കൂടപ്പറപ്പിനെപ്പോലെ തലേലെപ്പൊഴും ഹെൽമറ്റ് വെക്കേം ചെയ്യും. പോരാത്തേന് ആളൊരു മുന്തിയ പോലീസേമാനും..
വല്ല്യച്ചന്റെ മോൻ മിത്തൂട്ടനേം കൂടെക്കൂട്ടി അളിയന്‍റെ വീട്ടിലെത്തിയപ്പോ, ദേ അളിയന്‍ ന്റെ വണ്ടിയെ കുളിപ്പിക്കുന്നു. ശ്ശൊ, സന്തോഷം കൊണ്ടെന്‍റെ കണ്ണ് നെറഞ്ഞുപോയി. ഇത്രേം തങ്കപ്പെട്ടൊരു അളിയനെയാണല്ലോ, എയര്‍പോര്‍ട്ടില്‍ എന്നെ കൂട്ടാന്‍ വരാത്തതിന് 'പോലീസുകാരന്‍ മൂരാച്ചീ'ന്നു മനസ്സിൽ വിളിച്ചതെന്നോര്‍ത്തപ്പോ എനിക്കെന്നോടെന്നെ പുച്ഛം തോന്നി.
എന്നെയും എന്‍റെ കയ്യിലെ കവറും കണ്ടതോടെ വണ്ടി കഴുകലില്‍ അളിയന്‍റെ ആല്‍മാത്രത ലേശം കൂടീന്നു തോന്നണു...!
സ്പ്രേയും, സോപ്പുമടങ്ങിയ കവറ് പെട്ടെന്നെന്നെ മൂപ്പര്‍ടെ കയ്യിലങ്ങട് കൊടുത്തോണ്ട് രക്ഷപ്പെട്ട്. ഇല്ലേല്‍ ഒരച്ചൊരച്ച് ന്റെ വണ്ടീന്‍റെ പെയിന്‍റ് കളഞ്ഞേനെ പഹയന്‍...
പുറകിലിരിക്കുന്ന മിത്തൂട്ടനോട് ദുബായീലെ ബ്ലണ്ടർ കഥകളും പറഞ്ഞോണ്ട് നോർമൽ സ്പീഡിൽ, ഒരൊഴുക്കിൽ വന്നോണ്ടിരിക്കുമ്പളാണ് പുറകിലിരുന്ന ഓൻ ആ വെല്ല്യ കാര്യം ന്റെ ചെവീല് മൊഴിഞ്ഞത്..
"നന്ദ്വേട്ടാ, കൃഷ്ണന്നായരുടെ പീട്യ കഴിഞ്ഞാ റോഡ് സൈഡില് ക്യാമറ വച്ചിണ്ട്. 60 km സ്പീഡിനപ്പർത്ത് പോയാ ഫ്ലാഷടിക്കും, ഫൈൻ വരുംട്ടാ.''
കണ്ണാടീൽക്കൂടെ ഓന്റെ മോന്തയിലേക്ക് ഞാനൊന്ന് നോക്കി,
''ആഹാ!!! ന്നാപ്പിന്നെ അതൊന്നെനിക്ക് കാണണല്ലോ..''
എന്നും പറഞ്ഞ്,
ഒരു ലോഡ് പുച്ഛം ഓന്റെ മൊകത്തേക്ക് വാരിവിതറിക്കൊണ്ട് ഗിയറങ്ങട് മാറ്റി 80-90 സ്പീഡിൽ ബൈക്ക് കത്തിച്ചുവിട്ടു.
ഓൻ പറഞ്ഞപോലെന്നെ ക്യാമറാ ഫ്ലാഷ് മിന്നി. എന്നിട്ടും ന്റെ മൊകത്തെ കൂസലില്ലായ്മ കണ്ട് ചെക്കന് അദ്ഭുതം..
''നന്ദ്വേട്ടനൊരു സംഭവം തന്നാട്ടാ.. ഏട്ടനപ്പൊ ഫൈനൊന്നും വരൂല്ലേ..?''
ബൈക്കിന്റെ സ്പീഡ് കൊറച്ച്, കഷ്ടപ്പെട്ട് ലേശം അഹങ്കാരച്ചിരി മൊകത്ത് തേച്ചുപിടിപ്പിച്ച് ഞാമ്പറഞ്ഞു.
"മോനേ മിത്തൂട്ടാ, ഇയ്യെന്റെ വണ്ടീടെ നമ്പർപ്ലേറ്റ് കണ്ടിരുന്നാ...?
അതിലെ അവസാനത്തെ രണ്ട് നമ്പർ അമ്മൂട്ടി കഴിഞ്ഞകൊല്ലം കളിക്കുമ്പൊ മാന്തിപ്പറിച്ചു കളഞ്ഞിരുന്നു. പിന്നെ ഞാനത് നേരെയാക്കാനൊന്നും മെനക്കെട്ടില്യ.
പോലീസുകാരമ്മാര് നേരെ വന്ന് നോക്ക്യാപ്പോലും നമ്പറ് തിരിയൂല്ല, പിന്നെയല്ലേ അത്രേം ദൂരത്ത് പോസ്റ്റുമ്മൽ കെടക്കണ ക്യാമറ.."
ഇതും പറഞ്ഞ് ഷർട്ടിന്റെ കോളറൊക്കെ ഒന്ന് ശെരിയാക്കി വണ്ടി വീട്ടിൽക്ക് വിട്ടു.
വീട്ടിലെത്തി, തെരക്കൊക്കെ കഴിഞ്ഞ് ഉമ്മറത്തിരുന്നൊരു കട്ടൻചായ കുടിച്ചോണ്ടിരിക്കുമ്പൊളാണ് വീട്ടുവളപ്പിൽ നിന്ന് അച്ഛനാ സാധനോം എട്ത്തോണ്ട് വന്നത്...
''നന്ദ്വേ.. ഫുൾ നമ്പറില്ലാണ്ട് വണ്ടിയെടുത്താ ഫൈൻ വരുംന്ന് പറഞ്ഞ് നിന്റളിയൻ കഴിഞ്ഞമാസം പുതിയ നമ്പർപ്ലേറ്റ് വാങ്ങി ഫിറ്റാക്കീട്ട്ണ്ട്. ഇനി ഈ പഴേ പ്ലേറ്റ് വേണ്ടല്ലോ..? ഇതാ ആക്രിക്കാരൻ മമ്മദിന് കൊടുത്താ ഓനെന്തേലും ചില്ലറ തരും.."
പിതാവിന്റെ ഡയലോഗ് കേട്ടതും കുടിച്ചോണ്ടിരുന്ന കട്ടഞ്ചായ ന്റെ നെറുകുംതലേൽ കേറിപ്പോയി..
പഷ്ട്.. നാട്ടിൽ കാലുകുത്തിയപ്പൊത്തന്നെ അളിയന്റെവക കിട്ടീ, നല്ല അഡാർ പണി.. അളിയനിത്രേം വെല്യ നിയമപാലകനാണെന്ന് ഞാനറിഞ്ഞില്ലാർന്ന്..
നല്ല പെടക്കണ നോട്ട് ഫൈനാക്കിത്തന്ന ആ നമ്പർ പ്ലേറ്റിന് ചില്ലറ കിട്ടുംന്ന് പറഞ്ഞ് സ്വന്തം അപ്പനും എന്നെ തോൽപ്പിച്ച് കളഞ്ഞ്..
എന്തായാലും തിരിച്ചു വരണത് വരെ സ്റ്റേഷനിൽന്ന് പേപ്പറൊന്നും വന്നില്ല. തിരിച്ചിങ്ങട് ദുബായിലെത്തി, നാലഞ്ച് മാസം കഴിഞ്ഞിന്നലെയാണ് അമ്മ വിളിച്ച് പറഞ്ഞത് പോലീസ് സ്റ്റേഷനിൽന്ന് ഫൈൻ വന്നിണ്ടെന്ന്..
അതും ''ആറായിരം ഉർപ്പ്യ''!!! നാളെയാത്രെ അടക്കേണ്ട ലാസ്റ്റ് ഡേറ്റ്..
എന്റെ കർത്താവേ...
ഓവർസ്പീഡിന് നാനൂറോ, അഞ്ഞൂറോ ഉറുപ്പ്യാരുന്നു കഴിഞ്ഞവർഷം വരെ ഫൈൻ.. ഭരണം മാറീപ്പോ അതും കൂട്ട്യാ പഹയന്മാര്..? സ്വന്തം പാർട്ടിയായോണ്ട് തെറി പറയാനും പറ്റൂല്ല...
മാസാവസാനത്തിന്റെ ഞെരുക്കം കാരണം കയ്യില് നയാക്കാസില്ല. ഗതികെട്ട് അവസാനം ഫോണിന്റെ പൊട്ടിയ ഡിസ്പ്ലേ മാറ്റാനായി വച്ച കാശെടുത്ത് അപ്പൊത്തന്നെ നാട്ടിൽക്കയച്ചുകൊടുത്തു..
രണ്ടീസം കഴിഞ്ഞ് അച്ഛന്റെ ഫോൺ വിളിയിലാണ് അമ്മ നടത്തിയ അഴിമതിയുടെ ചുരുളഴിഞ്ഞത്..
കുടുംബശ്രീ വക വാഷിങ് മെഷീൻ ഡിസ്‌കൗണ്ടിൽ കൊടുക്കുന്നുണ്ടത്രെ. അക്കാര്യൊന്നും പറഞ്ഞാ എന്റേൽന്നു ഒരുർപ്പ്യ പോലും കിട്ടൂല്ലാന്നറിയുന്നോണ്ട് ഫൈൻ വന്നൂന്നു പറഞ്ഞ സംഖ്യയിൽ മമ്മീടെ വക ഒരു പൂജ്യമങ്ങട് കൂട്ടി.. 600 എന്നുള്ളത് 6000 എന്നാക്കി അതിവിദഗ്ദ്ധമായി ഒരു വാഷിങ്ങ് മെഷീനൊപ്പിച്ചു എന്റെ പൊന്നമ്മച്ചി..
രാത്രി കേടക്കാന്നേരം ഫോണെടുത്തു പൊട്ടിയ ഡിസ്പ്ലേ ഒന്ന് നോക്കി. അതിൽ മ്മടെ അമ്മേടെ ആക്കിയ ഒരു ചിരി തെളിഞ്ഞോ..? ഹേയ്.. ഇല്ല...
എല്ലാരും കൂടിയിങ്ങനെ പറ്റിക്കാൻ ചന്തൂന്റെ.. ഛെ..നന്ദൂന്റെ ജീവിതം ഇനിയും ബാക്കി...!!!

By

എന്നാലും എൻ്റെ പെങ്ങളെ!! (ചെറുകഥ)


ഓണോം പെരുന്നാളും ഒരമ്മപെറ്റ മക്കളെപോലെ ഒരുമിച്ച് വന്നോണ്ട് ചുളൂല് മൂന്നീസം ലീവ് കിട്ടി.. ഈ ലീവിന് ആരെയാ മുടിപ്പിക്കണത് എന്നാലോചിച്ച് തലപൊകച്ചിരിക്കുമ്പൊളാണ് ഷാര്‍ജയില്‍ നിന്ന് അനിയത്തീടെ കോള്‍ വരണത്..
'' ഡാ.. അനക്ക് മൂന്നീസം ലീവല്ലേ,? ഞാനും ചേട്ടനും മോനും ഇവിടൊറ്റക്കല്ലേള്ളൂ, നീ ഇങ്ങട് വാ.. നമുക്കിവടാഘോഷിക്കാ ഓണം''
ഈ ദുബായില് ഇടത്കാല് വച്ച് ഇറങ്ങീട്ട് കൊല്ലം രണ്ടായി. ഇതുവരെയായിട്ട് അനിയത്തീം ഫേമിലീം താമസിക്കണോടത്തു പോകാത്തതിലുള്ള കുടുംബക്കാരുടെ പരാതി തീര്‍ക്കാന്‍ പറ്റ്യ ചാന്‍സാണ്..
വേറെ തെരക്കുണ്ട്, പണീണ്ട് എന്നൊക്കെപ്പറഞ്ഞ് വെര്‍തെ ഡിമാന്‍റാക്കാന്‍ നിന്നില്ല. ആക്ക്യാല്‍,
''നീ വരണ്ടടാ ജാഡതെണ്ടീ'' ന്നും പറഞ്ഞ് ഓള് ഫോണ് വെക്കും.. മ്മടെ അനിയത്തിയായോണ്ട് പറേണതല്ല, അജ്ജാതി സാധനോണ്..
ഇക്കൊല്ലം അളിയനെത്തന്നെ ശരിക്കങ്ങട് പെരുമാറിയേക്കാന്നു കരുതി, പറഞ്ഞതിലും നേര്‍ത്തെ ഞാനോൾടെ വീട്ടിൽ ഹാജറായി..
ഓളുണ്ടാക്കിയ ഊള ചായേം, മധുരം ചേർക്കാൻ വിട്ടു പോയീന്നും പറഞ്ഞു തന്ന പഴമ്പൊരിയും തട്ടിക്കോണ്ടിരിക്കുമ്പളാണ് അളിയൻ മെല്ലെ അടുത്തുവന്നു സ്വകാര്യത്തില് ചോദിച്ചത്,
നിനക്ക് ''സാധനം'' വല്ലോം വേണാ.. ബിയറോ, ബ്രാണ്ടിയോ അങ്ങനെ വല്ലതും...? വേണോങ്കി, ഓളറിയാണ്ട് ഞാനെത്തിക്കാംട്ടാ..'
മനസിൽ ഒരു ലഡു പൊട്ടാൻ തുടങ്ങുമ്പൊളേക്കും, ഇത് കേട്ടോണ്ട് വന്ന പെങ്ങൾ അളിയന്റെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തോണ്ട് പറഞ്ഞു,
"ഇങ്ങളെപ്പോലെയാണോ എല്ലാരും,? ഇതുവരെ അതിന്റെ ടേസ്റ്റ്പോലും അറിയാത്തോനെ ഇങ്ങളായിട്ട് പുതിയ ശീലങ്ങളൊന്നും പഠിപ്പിക്കണ്ടാട്ടാ.. കുപ്പിയും, പാട്ടയും കൊണ്ടെങ്ങാന്‍ ഈ വീട്ടിലേക്കുവന്നാല്‍......... ബാക്കി അപ്പൊ പറഞ്ഞ് തരാം..''
ഇതും പറഞ്ഞ് തറയും ചവുട്ടിക്കുലുക്കി ഓള് അടുക്കളേല്‍ക്ക് പോയി..
അഞ്ച് മിനിറ്റ് നേരത്തേക്ക് സദസ്സില്‍ നിശ്ശബ്ദത..
ഈ ഉറഞ്ഞാട്ടം ഡെയ്ലി സംഭവായോണ്ടാവും, അളിയന്‍റെ മൊകത്ത് വെല്ല്യ ഭാവവ്യത്യാസൊന്നും കണ്ടില്ല.
അപ്പളും എന്‍റെ ഡൗട്ട്,
യെവള് എന്നെപ്പറ്റി തന്ന്യാണോ ഈ പറഞ്ഞതെന്നാര്‍ന്നു.. കുടുംബക്കാര്‍ക്കിടയില്‍ മ്മക്കിത്ര വാല്യു ഉള്ളത് അപ്പളാ ഞാനറിഞ്ഞെ..
'കിട്ടാത്ത കള്ള് പുളിക്കും' എന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ച്..
കള്ളോ കിട്ടീല്യ, കൊര്‍ച്ച് തരുണീരമണികളെയെങ്കിലും കാണാല്ലോന്ന് കരുതി നാലരവയസുള്ള മരുമോനേം കൊണ്ട് ടൗണിലേക്കിറങ്ങി..
മോനെ അവിടുള്ളൊരു പാര്‍ക്കില്‍ കളിക്കാന്‍ വിട്ട്, സൈഡിലുള്ള ബെഞ്ചിലിരുന്ന്
മുട്ടോളമുള്ള ട്രൗസറും, ടീ ഷര്‍ട്ടുമിട്ട് നടക്കുന്ന ഫിലിപ്പീനി പെങ്കുട്ട്യോള്‍ടെ ''മുഖത്തേക്ക് മാത്രം'' നോക്കി നിക്കുമ്പളാണ് ഒരാള് പരിചയപ്പെടാന്‍ വന്നത്.. ഒരു കൊല്ലംകാരന്‍. സംസാരത്തിനിടക്ക് അയാളൊരു സിഗരറ്റ് എടുത്ത് കത്തിച്ചു.. ഒന്നെടുത്ത് എന്‍റെ നേരെയും നീട്ടി.
അഞ്ചെട്ടു മാസംമുമ്പ് നിര്‍ത്തീതാണേലും ആ ചേട്ടന്‍ സ്നേഹത്തോടെ തരണതല്ലേന്നു കരുതി ആ സിഗരറ്റ് വാങ്ങി ഞാന്‍ കത്തിച്ചു..
അപ്രതീക്ഷിതമായി കടന്നുവന്ന മ്മടെ മരുമോന്‍റെ ചോദ്യം ''ഇതെന്താ മാമാ സാധനം.? ''എന്ന്..
''ഇതൊരു മുട്ടായിയാ മോനേ, വല്ല്യ ആള്‍ക്കാരു മാത്രം തിന്നണതാ,
മോനൂട്ടന് മാമന്‍ ഐസ്ക്രീം വാങ്ങിത്തരാട്ടാ''..
മണ്ടന്‍ചെക്കനത് വിശ്വസിക്കേം ചെയ്ത്.
കളിയും വായ്നോട്ടോം കഴിഞ്ഞു വീട്ടിലെത്തിയതും ചെക്കന്‍ ഒരൊറ്റ നിലവിളി..
''എനിച്ച് മുട്ടായി വേണം... മുട്ടായി വേണം'' ന്ന്...
ഏത് മുട്ടായിയാ മോന് വേണ്ടേന്നു അളിയന്‍ ചോദിച്ചപ്പോ പുന്നാരമോൻ പറയാ..
''മാമൻ നേരെത്തെ തിന്ന പോലത്തെ പൊക പോണ മുട്ടായി വേണംന്ന്..
പകച്ചു പണ്ടാറടങ്ങിപ്പോയി ഞാന്‍....
പത്തിരുപത്തഞ്ച് കൊല്ലായി ഞാന്‍ കാത്തുസൂക്ഷിച്ച എന്‍റെ മാന്യതയുടെ മുഖം, ഒരു നിമിഷം കൊണ്ട് പാണ്ടിലോറി കേറിയ തവളയുടേത്പോലായി..
നാട്ടില് വിളിച്ച് അമ്മയോട് പറയരുതെന്ന് ന്‍റെ തലേല്‍തൊട്ട് സത്യം ചെയ്യിച്ചെങ്കിലും, എന്‍റെ തലക്ക് കുമ്പളങ്ങേടെ വെല പോലും കൊടുക്കാതെ, എന്നെയൊരു ഇന്‍റര്‍നാഷണല്‍ സിഗരറ്റ് വലിക്കാരനായി അമ്മേടെ ചെവീല് എത്തിച്ച് കൊടുത്ത് പെങ്ങള് മാതൃകയായി..
അമ്മേടെ വായിലിരിക്കുന്നത് കേട്ടും, പെങ്ങളുടെ കയ്യിലിലിരിക്കുന്നത് കിട്ടിയും സമ്പല്‍സമൃദ്ധമായിരുന്നു ഈ വര്‍ഷത്തെ എന്‍റെ ഓണം...
ഞഞ്ഞിയുണ്ട് മ്യാളേ, പെരുത്ത് ഞഞ്ഞിയുണ്ട്..
നല്ലെഴുത്ത്ല്‍ മ്മടെ അനിയത്തി ഇല്ലാന്നുള്ള വിശ്വാസത്തോടെ പോസ്റ്റുന്നു....😂

ആനന്ദ് കൊളോളംം

ഒാൾക്ക് കൊടുക്കാൻ വെച്ച മാപ്പ്


ഒരു മൂന്നേമുക്കാൽ കൊല്ലം മുമ്പ്. നുമ്മ തലശ്ശേരി ടൗണിലെ ഒരു കമ്പനീല് പണിയെട്ക്കണ ടെയിം.. രാവിലെ എണീറ്റ് കുളിച്ച് , ഇൻസൈഡാക്കി ഷൂസുമിട്ട്, ഒരു ഉസ്കോൾ ബേഗും തോളിലിട്ട് പൊറപ്പെട്ടു...
എന്താ പണി..?
ഒരു ഹോൾസെയിൽ കമ്പനീല് ഗുഡ്സ് വണ്ടീന്റെ ഡൈവറ്... പോക്ക് കണ്ടാ കമ്പനീന്റെ മൊയലാളിയാണെന്നേ പറയൂ....
എട്ടേമുക്കാലിന്റെ തലശ്ശേരി ബസ് വരണത് വരെ വെയിറ്റ് ചെയ്യും. ആദ്യത്തെ 2 ബസ് മനപ്പൂർവ്വം മിസ്സാക്കും..
ആ രണ്ട് ബസ്സിലും തീരെ തെരക്ക്ണ്ടാവൂല്ലാന്നേ...
തെരക്കില്ലാത്ത ബസ്സില് കേറുവാന്ന് പറഞ്ഞാ മ്മക്ക് അണ്‍സഹിക്കബിളായ കാര്യോണ്...
ഇത് കേട്ട് ഇന്നെ സാഗർ ഏലിയാസ് 'ജാക്കീന്റെ' മച്ചുനിയനായി ആരും കാണണ്ടാട്ടാ... ഒരു ദർശനസുഖം അത്രേ മ്മടെ മൻസിലുള്ളൂ...
അങ്ങനെ അന്നും ബേഗും തൂക്കി കൊളോളം ജങ്ങ്ഷനീന്ന് ബസ്സീക്കേറി. പിന്നിലൂടെക്കേറിയ ഞാൻ ഒന്നു മുതൽ പത്തുവരെ എണ്ണണേനു മുമ്പെ തെരക്കിലൂടെ നൂണ്ട് നൂണ്ട് മുമ്പിലെത്തി..
''ഹൊ''..
കണ്ണൂർ ജില്ലേലെ മൊത്തം പെങ്കുട്ട്യോളും അപ്പൊ ആ ബസ്സിലുണ്ടെന്ന് തോന്നിപ്പോയി. അത്രക്ക് കളർഫുൾ....
പണ്ടാറക്കാലൻ ഡൈവറുടെ ഒടുക്കത്തെ സ്പീഡ്..
ഒമ്പതേ പത്താവുമ്പളേക്കും ബസ്സ് പിണറായി എത്തി. പകുതി കുട്ട്യോൾ അവടെയെറങ്ങി..
ന്നാലും കൊഴപ്പല്ല.. അവടെറങ്ങിയ 20 പുള്ളാർക്ക് പകരമായി ദാ വെരണൂ മാലാഖയെപ്പോലത്തെ ഒരു പെൺകുട്ടി...
ഓള്ടെ മൊകം മ്മടെ ഹ്യദയത്തിലങ്ങട് തറച്ച് ക്യാറി..
ബസ് തലശ്ശേരി എത്തണേനു മുമ്പ് ഓളെ കല്യാണം കയിച്ച് കുട്ടിക്കിടേണ്ട പേര് വരെ ഞാന്‍ കണ്ടു പിടിച്ചു..
പഹയത്തി എവടാ പഠിക്കണതെന്ന് കണ്ടുപിടിക്കണം...
തലശ്ശേരി പഴേ സ്റ്റാന്റില് ഓളിറങ്ങി. നിക്കും എറങ്ങണ്ടത് അവടത്തന്നെ..
എന്തോ വച്ചതെട്ക്കാൻ പോണ മാതിരി പത്തേനൂറില് നടക്കണ ഓള്ടെ പിന്നാലെ ഞാനും നടന്നു.
നുമ്മടെ കമ്പനീന്റെ അപ്പർത്തുള്ള ഒരു പഴേ ചപ്പ്ളാച്ചി ബിൽഡിങ്ങിലേക്ക് ഓള് കേറിപ്പോയി..
ബിൽഡിങ്ങിന്റെ പേര് ഞാന്‍ മൈൻഡില് നോട്ടി വെച്ചു....
ഒരുകൊല്ലായിട്ടിവടെ പണിയെട്ക്കണ ഞാനിതുവരെ അറിഞ്ഞില്ലല്ലോ ദിവിടിങ്ങനൊരു കോളേജുള്ളത്.... ഛായ്...ശുംഭന്‍
മ്മക്കൊരു കൊയപ്പൂണ്ട്, സോ ഫാസ്റ്റ് ആയിരിക്കും കാര്യങ്ങള്.. എന്ത് കാര്യത്തിന്‍റേതായാലും ഒാണ്‍ ദ സ്പോട്ട് റിപ്ലൈയും കിട്ടണം..
പിറ്റേ ദിവസം,
സെയിം ടൈം, സെയിം ബസ്സ്, സെയിം സ്റ്റോപ്പ്...
ഓള്‍ടെ പിന്നാലെ ഞമ്മളും എറങ്ങി..
തോളീത്തൂക്കിയ ബേഗൂരി കൈമ്മല് പിടിച്ച് ഓള്‍ടടുത്ത് പോയി ഒരു അടവെറക്കി...
ഞ്യാന്‍ : 'എക്സ്ക്യൂസ് മീ, ഈ പാരാമൗണ്ട് കോളേജ് എവിടെയാ..?'
ലവള്‍ : 'കോളേജിലേക്കാണോ..? ഞാനും അങ്ങോട്ടാ... കൂടെ വന്നോളൂ, ഏതാ കോഴ്സ്..?'
ഞ്യാന്‍ : B Com (മ്മക്കാകെ അറിയാവുന്ന ഒരേയൊരു ഡിഗ്രീ കോഴ്സ് അതാര്‍ന്നു..)
ലവള്‍ : എന്താ പേര്?
ഞ്യാന്‍ : ആനന്ദ്.... ങ്ങടെ പേരെന്താ..?
ലവള്‍ : ന്‍റെ പേര് സൗമ്യ
(ശ്ശൊ ഒര്‍ജിനല്‍ പേര് പറഞ്ഞു പോയല്ലാ.. ഇതല്ല പേര്, എല്ലാരും മായ്ച്ച് കളഞ്ഞേക്ക്..)
അങ്ങനെ നടന്ന് നടന്ന് കോളേജിന്‍റെ താഴെയെത്തി..
ക്ലൈമാക്സില് നുമ്മടെ തനിക്കൊണം പൊറത്തെടുത്തോണ്ട് ഓളോട് പറഞ്ഞു..
''അതേയ് ഞാനിവടെ പഠിക്കാമ്പേണ്ടി വന്നതൊന്ന്വല്ലാട്ടാാ.. രണ്ടീസായി അന്നെ ബസ്സില് കാണുന്നു.. എനിക്കിഷ്ടായി. അതോണ്ട് പിന്നാലെ വന്നതാണ്..''
ഒരു കമ്പിപ്പാരകൊണ്ട് മുഖത്തൊരടി കൊടുത്താ ഓള്‍ടെ മൊകം ഇത്രേം ചൊമക്കൂലാര്‍ന്നു.. അയ്നക്കാട്ടിലും ചൊമന്നു..
ഹൊ.. മാലാഖയെപ്പോലെ നിന്ന ലവള് ഒറ്റ നിമിഷംകൊണ്ട് ഭദ്രകാളിയായി.. ഒര്‍ജിനല്‍ പിണറായി സ്ലാങ്ങില്‍ മ്മളെ പഞ്ഞിക്കിട്ടു....
'' ഞ്ഞി എന്താണ്ട്രാ ന്നെപ്പറ്റി കരുതിയെ..? കോളേജില്‍ ചേരാനാന്നു പറഞ്ഞോണ്ടല്ലേ അന്നെ ഞാന്‍ കൂടെ നടത്തീത്.. പെങ്കുട്ട്യോളോട് ഇങ്ങനാണാ പെരുമാറണത്...? അനക്കൊന്നുമൊരു സംസ്ക്കാരമില്ലേ''
അയിന്റെ കൂടെ ഒാള് ഏതാണ്ടൊക്കെ തെറിയും വിളിച്ച്... ഒരു നിമിഷം ഞാന്‍ നിക്കണത് കൊടുങ്ങല്ലൂരാണോന്ന് വരെ തോന്നി പോയി..
ആകെ ബേജാറായി , ഒാളോട് സൗണ്ട് കൊറച്ച് , ഇത്തിരി മയം കൂടി ചേർത്തിട്ട് പറഞ്ഞു
''അല്ല, പെങ്ങളെ അന്നോടിപ്പോ ഞാൻ ഇഷ്ടാന്ന് മാത്രല്ലേ പറഞ്ഞിട്ടൊള്ളൂ, അല്ലാണ്ട് അന്നെ കേറി പിടിക്കാനൊന്നും നോക്കീട്ടില്ലല്ലോ..., അയിനാണാ ഇയ്യ് ഹൈയ് ആമ്പിയർ വോളിയത്തിൽ മ്മളോട് ഈ സംസ്കൃതൊക്കെ പറഞ്ഞേ..? (ഈ സംസ്കൃതം എന്താന്ന് അറിഞ്ഞേ തീരുന്നാണെങ്കിൽ , അപ്പറത്ത് മ്മടെ ഇൻ ബോക്സിൽക്ക് ഇപ്പ തന്നെ വണ്ടി കേറിക്കോളിം.)
ഇതിപ്പോ പണ്ടാരോ പറഞ്ഞമാതിരി പിടിച്ചോടത്ത് കിട്ടണില്ലല്ലോ... കെ കെ രാജീവ് പരമ്പര പോലെ നീണ്ട് നീണ്ട് പോവ്വാന്നല്ലാതെ, വന്ന കാര്യത്തിൽക്ക് എത്തീല..
ഈ സംസ്ക്കാരത്തിന്റെ കാര്യം ഞാനിബടെ പറഞ്ഞതെന്തിനാന്ന് വെച്ചാൽ, കൊറച്ചീസം മുമ്പേ വീണ്ടും ന്‍റെ സംസ്ക്കാരം ചോദ്യം ചെയ്യപ്പെട്ട്... ഒരു സംസ്ക്കാര സമ്പന്നയായ കുട്ടീടെ പോസ്റ്റിൽ ഒന്ന് കമന്റി പോയി... ആ കമന്റ് വായിച്ച് ഒാൾക്ക് ഒടുക്കത്തെ ഫീലിങ്ങായി പോയീന്ന് ആരാണ്ടൊക്ക്യോ പറേണത് കേട്ടു. അയിന് മാപ്പ് പറയാൻ വേണ്ടി , ഒരു പെട്ടി നിറയെ മാപ്പും നെറച്ച് ഈ ദുഫായിൽന്നങ്ങ് തൃശൂരീക്ക് പാർസൽ അയക്കാൻ നിക്കുമ്പോ, ഒാളിമ്മളെ ''സംസ്ക്കാരമില്ലാത്തവനേ'' എന്നൊരു വിളി.. ഇത് കേട്ടതും ഒാൾക്ക് കൊടുക്കാൻ വെച്ച മാപ്പ് ഞാന്‍ അപ്പറത്ത് കെടക്കണ കൊടിച്ചിപ്പട്ടിക്ക് എറിഞ്ഞ് കൊടുത്ത്, പകരം ഒാൾക്ക് മ്മടെ സംസ്ക്കാരത്തിനനുസരിച്ചൊരു മറുപടി കൊടുത്ത്..
ഒരു കാര്യം മ്മക്ക് പറയാനുള്ളത്, ഇങ്ങടെ സംസ്ക്കാരത്തിനനുസരിച്ചല്ലാണ്ട് ആരേലും ഇങ്ങടെ പോസ്റ്റിന്‍റ താഴെ കമന്‍റുവാണങ്കി , ഇങ്ങളാദ്യം അയാളെ പറഞ്ഞ് മനസിലാക്കണം, എന്നിട്ടും കേട്ടില്ലേൽ ഇങ്ങളാ പഹയനെ അൺഫ്രണ്ടാക്കിക്കോളീം, അല്ലെങ്കിൽ ബ്ലോക്കാക്കിക്കോളീം... അയിനൊക്കെ വേണ്ടീട്ടാണ് സുക്കര്‍മാമന്‍ ഇയിനാത്ത് അതൊക്കെ വെച്ച് പിടിപ്പിച്ചിരിക്കണത്.. അല്ലാണ്ട്..........

By: 
ആനന്ദ് കൊളോളം

പടച്ചോനേ എന്‍റളിയനെ കാത്തോളണേ...


വരൂ ചെങ്ങായിമാരേ,, നുമ്മക്ക് പൂവാം തലശ്ശേരിയിലേക്ക്. അതായത് നോം പണ്ട് ഡൈവറായി പണിയെടുത്ത കമ്പനീലേക്ക്...
ജോലീലുള്ള ന്റെ ആൽമാത്രതയെ പുകഴ്ത്തിപ്പറേണതാന്ന് കരുതരുത്. രാവിലെ 8 മണിക്കെത്തേണ്ട കമ്പനീല് കൃത്യം 10 മണിക്ക് ഞമ്മളെത്തുമാര്‍ന്ന്.
അന്നൊരു ബുധനാഴ്ച, ഏതോ ഒരു ദുർബല നിമിഷത്തിൽ ഒമ്പത് മണിയായപ്പ തലശ്ശേരീലെത്തിപ്പോയി.
ഇനീപ്പൊ നേർത്തെ എത്തീട്ട് ഞാൻ നന്നായിപ്പോയീന്ന് മൊയലാളി തെറ്റിദ്ധരിക്കണ്ടാന്ന് വച്ച്, സ്ഥിരം ഇറങ്ങണ്ട പഴേ സ്റ്റാന്റിലെറങ്ങാണ്ട്, പുതിയ സ്റ്റാന്റിലെറങ്ങി തിരിച്ചു നടക്കാന്നു വച്ചു.
അങ്ങനെ മാർക്കറ്റിലൂടെ വായും നോക്കി നടക്കുമ്പളാണ് റോഡിൽ നെടുനീളൻ ട്രാഫിക് ബ്ലോക്ക് കാണണത്.
ഇതാരാണപ്പാ രാവിലെതന്നെ ഇവടെ ബ്ലോക്കീതെന്നറിയാൻ ഏറ്റോം മുന്നീക്കെടക്കുന്ന വണ്ടീടടുത്തേക്ക് പോയി.
ശ്ശൊ, ഒരു പാവം ചേച്ചി.. ഈയടുത്ത കാലത്ത് ഡ്രൈവിങ്ങും പഠിച്ചെറങ്ങീതാന്ന് തോന്നണു. എത്ര ശ്രമിച്ചിട്ടും വണ്ടി മുന്നോട്ട് നീങ്ങണില്ല. മൂപ്പത്തിയാണേൽ ആകെ പേടിച്ച് വിറച്ച് നിക്കാണ്.
ഹെല്‍പ്പിങ്ങ് മെന്‍റാലിറ്റി ആവശ്യത്തീക്കൂടുതലുള്ള ഇനിക്കത് കണ്ട് സയിച്ചില്ല. ഒടനെ മ്മടെ ചുമലീ തൂക്കിയ ബാഗ്, അവിടെ ലോഡിറക്കിക്കോണ്ടിരിക്കണ കൂലിക്കാരന്‍ മമ്മദ്ക്കാന്‍റെ കയ്യീക്കൊടുത്ത് കാറിനടുത്തേക്കോടി.
പകച്ച് പണ്ടാറങ്ങി നിക്കണ ചേച്ച്യോട്
''ഇങ്ങളിങ്ങോട്ടറെങ്ങേച്ച്യേ, വണ്ടി ഞാന്‍ സൈഡിലൊതുക്കിത്തരാം..
ഇത് കേള്‍ക്കേണ്ട താമസം ഓര് കാറീന്ന് ചാട്യെറങ്ങി പിറകിലേക്ക് നോക്കി..
നീണ്ട് കെടക്കാണ് വണ്ടികള്‍, തുരുതുരെ ഹോണുമടിച്ചോണ്ട്..
''വെല്ല്യ ബ്ലോക്കായി ല്ലേ മോനേ..?''
'ഹേയ്, അതൊന്നും സാരൂല്ലപ്പാ. ഇതൊക്കെ ഇബടെ സാധാരണേണ്... വര്‍ത്താനം പറഞ്ഞ് നിക്കാന്‍ സമയല്ല.. ങ്ങള് പതുക്കെ നടന്ന് ആ വളവിനപ്പര്‍ത്തുള്ള മാവിന്‍റെ ചോട്ടില്‍ക്ക് പോര്, അവിടേ ഇനി വണ്ടി പാര്‍ക്ക് ചെയ്യാന്‍ സ്ഥലള്ളൂ..''
ഇതും പറഞ്ഞ് മ്മള് ശടപടേന്ന് വണ്ടീം സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടേക്ക് കുതിച്ചു..
മാവിന്‍റെ ചോട്ടില്‍ വണ്ടീം വച്ച്, നന്ദിവാക്കുകളുമായി എത്തണ ആ ച്യാച്ചീനേം പ്രതീക്ഷിച്ച് സീറ്റില് തലചായ്ച്ച് ഇരിക്കുമ്പളാണ്
''എറങ്ങിവാടാാ ഇങ്ങോട്ട്''
എന്നൊരു അലര്‍ച്ച കേട്ടത്.
'ഇത്രേം നേരം റോഡും ബ്ലോക്കാക്കീട്ട് ഇയ്യിവിടെവന്ന് റെസ്റ്റട്ക്കാണല്ലേ...'
''അയ്യോ, സാറേ ഞാനല്ല... ഒരു ചേച്ചി അവിടെ റോട്ടില്......
പറഞ്ഞ് മുഴുമിപ്പിക്കാന്‍ വിട്ടില്ല.. അപ്പളേക്കും ന്‍റെ കോളറുമ്മല്‍ പിടിച്ച് കോണ്‍സ്റ്റബിള്‍മാരുടെ സ്ഥിരം ഡയലോഗ്
''പറയാനുള്ളതൊക്കെ എസ്.എെ യോട് പറഞ്ഞാ മതി.. നടക്കങ്ങോട്ട്''
അതുംപറഞ്ഞ് എന്‍റെ കയ്യുംപിടിച്ച് ഏതോ എെസിസ് ഭീകരനെയെങ്ങാന്‍ പിടിച്ച സന്തോഷത്തില്‍ കൊറച്ച് അപ്പര്‍ത്ത് മാറി നിക്കണ എസ്.ഐ യുടെ അടുത്ത് കൊണ്ടോയി...
'' സാറേ, ഇവനാ ഇത്രേം നേരം അവടെ മാര്‍ക്കറ്റീ ബ്ലോക്കുണ്ടാക്കീത്...''
ഇത് കേട്ടതും പൂരപ്പാട്ടാര്‍ന്നു പിന്നെ... സില്‍മേലൊക്കെ സുരേഷ്ഗോപി പറേണമാതിരി
''ഇഡിയറ്റേ, ബ്ലഡിഫൂളേ'' എന്നൊന്ന്വല്ല, അതുക്കും ഒരുപാടൊരുപാട് മേലെയുള്ള തെറി...
ഞാന്‍ ചെയ്ത തെറ്റല്ലേലും, റോഡ് ഒരു പത്ത് മിനിറ്റ് ബ്ലോക്ക് ചെയ്യണത് രാജ്യദ്രോഹക്കുറ്റത്തേക്കാള്‍ വെല്ല്യ എന്തോ ആണെന്ന് അന്ന് മന്‍സിലായി..
അങ്ങനെ തെറീംകേട്ട് നമ്രശിരസ്കനായി നിക്കുമ്പളാണ് മ്മടെ കഥാനായികയായ കാറിന്‍റെ ച്യാച്ചി കേറി വന്ന് കുറ്റം ഏറ്റുപറഞ്ഞത്..
''ശരിക്ക് പഠിച്ചിട്ട് റോട്ടിലേക്ക് ഇറങ്ങ്യാ പോരേ പെങ്ങളേ''
എന്നുള്ള ശൃങ്കാരം മിക്സ് ചെയ്തോണ്ടുള്ള എസ്.എെ യുടെ
ചോദ്യം കേട്ട് ഞാന്‍ തരിച്ച് നിന്ന്പോയി.
ഇങ്ങേര് തന്നാണോ രണ്ട് മിനിറ്റ് മുമ്പ് എന്നെ തെറിയഭിഷേകം നടത്തീത്....?
അല്ലേലും നുമ്മളെപ്പോലുള്ള ന്യൂ ജനറേഷനോട് തലശ്ശേരി, കണ്ണൂര്‍ ഏര്യയിലെ സാറമ്മാര്‍ക്കൊരു പ്രത്യേക പകയാണ്.. ക്ണാപ്പന്മാര്‍..
എന്നോട് സോറീം പറഞ്ഞ് ആ ചേച്ചി പോയെങ്കിലും, പോലീസ്കാര്‍ക്കിട്ടൊരു പണികൊടുക്കണംന്ന് അന്ന്തന്നെ മനസില്‌ കുറിച്ച് വച്ചു..
ആയിടക്കാണ് മ്മടെ പെങ്ങക്ക് ഒരു എസ്.ഐ ന്‍റെ ആലോചന വെരണത്. പോലീസിനെക്കൊണ്ടു മോളെ കെട്ടിക്കൂല്ലാന്ന് വാശിപിടിച്ച നുമ്മടെ പിതാശ്രീന്‍റെ മനസ്മാറ്റിച്ച്, എസ്.എെ നെക്കൊണ്ടെന്നെ ഞമ്മടെ സ്വന്തം പെങ്ങളെ കെട്ടിച്ച് ആ പക ഞാനങ്ങട് വീട്ടി...
ഹല്ല പിന്നെ.. ഞമ്മളടുത്താ കളി...
ഒരിക്കല്‍ ബൈക്കില്‍ പെട്രോളടിക്കാന്‍ ഓള്‍ടെ ബേഗീന്ന് അമ്പതുർപ്പ്യ എടുത്തതിന് വീട്മുതല്‍ കൊളോളം ജങ്‌ഷന്‍ വരെ എന്നെ ഒാടിച്ചിട്ട് അടിച്ചോളാ.. അത്രക്ക് പാവോണ്

by: 
ആനന്ദ് കൊളോളം

എത്രയും പ്രിയപ്പെട്ട സുക്കര്‍മാമന്


എത്രയും പ്രിയപ്പെട്ട സുക്കര്‍മാമന് നന്ദൂട്ടന്‍ എഴുതുന്നു..,
ഏഴ് വർഷമായി ഞാനീ ഫേസ്ബുക്കില്‍ വന്നിട്ട്. കഴിഞ്ഞ രണ്ടുമൂന്നു വർഷത്തിൽ ഒരു ദിവസംപോലും ഒഴിയാതെ ഇതില് കയറുന്ന ആളാണ് ഞാനെന്ന് മാമനറിയാലോ.
സത്യം പറഞ്ഞാല്‍ എന്‍റെ സ്വന്തം അമ്മാവനെക്കാളും ഒരുപക്ഷേ നിങ്ങളെ ഞാന്‍ സ്നേഹിച്ചിരുന്നു സുക്കർമാമാ..
ഏതോ ഒരുത്തന്‍ എന്‍റെ ഈ ഫേസ്ബുക്ക് അക്കൗണ്ട് ഫേക്കാണെന്നു പറഞ്ഞു റിപ്പോര്‍ട്ട് ചെയ്തപ്പൊ, ഐഡന്‍റിറ്റി കാര്‍ഡിന്‍റെ ഫോട്ടോ കാണണം എന്നെന്നോട് പറയാന്‍ മാത്രം കഠിനമായിരുന്നോ മാമന്‍റെ മനസ്..?
എന്റെ കൂടെയുള്ള ജെയിംസും, ലാലുവുമൊക്കെ പെൺകുട്ടികളുടെ പേരിൽ അക്കൗണ്ട് തുടങ്ങി പലരേയും പറ്റിച്ചുകൊണ്ട് ചാറ്റിങ്ങും ചീറ്റിങ്ങുമായി നടക്കുമ്പോള്‍ അവരെ തിരുത്താൻ ശ്രമിച്ചതല്ലാതെ മറ്റൊരു അക്കൗണ്ട് തുടങ്ങുന്നതിനെപ്പറ്റി ഇന്നേവരെ ചിന്തിച്ചിട്ടൂടിയില്ല ഞാന്‍...
ഒരു കത്തെഴുതേണ്ടത് എങ്ങനെയാന്നൊന്നും എനിക്കറിയില്ല. ഞാനാകെ കത്തെഴുതിയത് 9 C യിൽ എന്നോടൊപ്പം പഠിച്ച അനുഷക്കാണ്. കത്തിന്‍റെ മറുപടി സ്റ്റാഫ്റൂമില്‍ നിന്നു രാഘവൻ മാഷും, കവലയില്‍വച്ച് അവളുടെ ഏട്ടനും തിരിച്ചുതന്ന അന്നു നിര്‍ത്തിയതാണ് ഞാൻ കത്തെഴുത്ത്.
മാമന്‍ വളരെ പ്രതീക്ഷയോടെ തുടങ്ങിയ ഫേസ്ബുക് എന്ന ഈ സംരഭം മികച്ചരീതിയിൽ മുന്നോട്ട് പോകണം എന്ന അതിയായ ആഗ്രഹം ഉള്ളതുകൊണ്ട് തന്നെയാണ്, തുന്നൽക്കാരൻ ഹമീദ്ക്കാക്കും, തൊഴിലുറപ്പു പണിക്കു പോകുന്ന ഗിരിജേച്ചിക്കും എന്തിനേറെ, മൂന്നാം ക്ലാസിൽ പഠിക്കുന്ന റിങ്കുമോനു വരെ ഞാൻ ഫേസ്ബുക് അക്കൗണ്ട് തുറന്നു കൊടുത്തത്.
മാമനറിയോ, വീട്ടില്‍ ഞാന്‍ കാണാതെ അരിക്കലത്തില്‍ അമ്മ പൂഴ്ത്തിവെക്കുന്നതില്‍ നിന്ന് ഒരു കോഴിമുട്ടപോലും ഞാന്‍ ഇന്നേവരെ മോഷ്ടിച്ചിട്ടില്ല. ആ ഞാനാണ് ഫോണില്‍ നെറ്റ് തീര്‍ന്നപ്പോള്‍ ഫേസ്ബുക്കില്‍ കയറാനായി അച്ഛന്‍റെ പോക്കറ്റില്‍ ആദ്യമായി കയ്യിട്ടു പിടിക്കപ്പെട്ടത്..!!
'ഐഡന്റിറ്റി കാർഡ് കാട്ടിയില്ലേൽ ബ്ലോക്ക് ചെയ്യും' ന്നുള്ള മാമന്‍റെ മെസേജ് ഞാന്‍ കണ്ടത് ഇന്നലെ രാത്രി ചോറുണ്ണുമ്പൊഴായിരുന്നു.
പൊരിച്ചമീന്‍ കരിഞ്ഞുപോയെന്ന കാരണം പറഞ്ഞ് ചോറുണ്ണാതെ എഴുന്നേല്‍ക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പിയിരുന്നു.
പാസ്പോർട്ടും ലൈസൻസുംഉൾപ്പെടെ അഞ്ചുതരം തിരിച്ചറിയൽ രേഖകൾ എന്റെ കയ്യിലുണ്ട്. അതിലൊന്നിന്റെ ഒരു ഫോട്ടോ അയച്ചു തന്നാൽ ഈ പ്രശ്നം തീരും എന്നെനിക്കറിയാം. പക്ഷെ ഞാൻ ചെയ്യില്ല. കാരണം, ഇരുപതിനായിരത്തില്‍പ്പരം മെമ്പേര്‍സുള്ള ഒരു സാഹിത്യ ഗ്രൂപ്പിന്‍റെ അഡ്മിനായ എന്‍റെ വ്യക്തിത്വംവരെ ചോദ്യം ചെയ്യപ്പെട്ടു എന്ന് പുറംലോകമറിഞ്ഞാല്‍ ഫേസ്ബുക്കിനോടുള്ള വിശ്വാസ്യത പലര്‍ക്കും നഷ്ടപ്പെട്ടേക്കാം. അതുവേണ്ട......
വല്ല്യച്ചന്‍റെ കാറിന്‍റെ പൊടിപിടിച്ച ചില്ലിലും, തീവണ്ടിയിലെ ബാത്ത്റൂമുകളിലും മാത്രം ഒതുങ്ങിയിരുന്ന എന്‍റെ എഴുത്ത് നാലാളുടെ മുമ്പില്‍ എത്തിയത് മാമന്‍റെ ഈ ഫേസ്ബുക്ക് കാരണമാണ്. അതിന്‍റെ സ്നേഹം എന്നുമുണ്ടാവും.
കണ്ണീരില്‍ പൊതിഞ്ഞുള്ള എന്‍റെയീ എഴുത്ത് മാമന്‍ വായിക്കും എന്നെനിക്കുറപ്പാണ്. കാരണം നമ്മള്‍ തമ്മിലുള്ള ബന്ധം അത്രയ്ക്ക് ആഴത്തിലായിരുന്നല്ലോ. മറുപടി അയക്കുന്ന അന്നുവരെ ഈ അക്കൗണ്ട് ചിലപ്പോള്‍ ഉണ്ടാവില്ലായിരിക്കാം. അതുകൊണ്ട് എന്‍റെ അഡ്രസുംകൂടെ ഞാന്‍ താഴെ ചേര്‍ക്കുന്നുണ്ട്.
ഒരുപാടിഷ്ടത്തോടെ,
ആനന്ദ്,
ആതിര നിവാസ്
കൊളോളം.
To,
മാര്‍ക്ക് സുക്കര്‍ബര്‍ഗ്
ലക്ഷംവീട് കോളനി,
അമേരിക്ക

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo