Slider

അമ്മയാണ് താരം

0
അമ്മയാണ് താരം
~~~~-~~~~
ഒരുമിച്ചു കളിച്ചും, പഠിച്ചും, കുടിച്ചും വളർന്ന ആത്മാർത്ഥ ചെങ്ങായീന്റെ കല്യാണ ദിവസം,
''വേണ്ടാ വേണ്ടാ'' എന്ന് തൊണ്ണൂറ്റിയൊമ്പത് പ്രാവശ്യം
പറഞ്ഞ ഒരു പെണ്ണിനോട് നൂറാമത്തെ പ്രാവശ്യം
'ലേശം അച്ചാറിടട്ടെ' എന്ന് ചോദിക്കുന്നതിനിടെയാണ് മൊബൈൽ ചിലച്ചത്. കൈക്ക് പറ്റിയ അച്ചാർ നാവോണ്ട് നക്കിത്തുടച്ച് കീശേന്ന് ഫോണെടുത്തു.
ഗൾഫിൽ നിന്ന് അമ്മാവനാണ്.
''രണ്ട് മണിക്കൂർ കൊണ്ട് പാസ്‌പോർട്ടും മൂന്നു ഫോട്ടോയും എടുത്ത് കോഴിക്കോട് 'വിസാ മെഡിക്കലി' ന് ചെല്ലണം. മെഡിക്കലും കഴിഞ്ഞ് ഈയാഴ്ച തന്നെ ഇങ്ങട് ഫ്ലൈറ്റ് കേറേം വേണം. നാട്ടിലെ കളിയൊക്കെ ഇതോടെ നിർത്തിക്കൊ നിയ്യ്..''
നാട്ടിലെ അലഞ്ഞു തിരിയലിന്റെ തത്സമയ സംപ്രേഷണം അമ്മ എന്ന ആകാശവാണിയിൽ നിന്ന് കൃത്യമായി മാമൻ എന്ന സ്രോതാവിലേക്കെത്തുന്നുണ്ടെന്ന് വ്യക്തായി.
രണ്ടുമൂന്നു വട്ടം കൂടി അച്ചാർ ചോദിച്ചിരുന്നേൽ ആ പെണ്ണങ്ങട് സെറ്റായേനെ. അതാണീ അമ്മോൻ നശിപ്പിച്ചത്.
ഞാൻ നന്നായിക്കാണാൻ വേണ്ടിയാണല്ലോ എന്നോർത്തോണ്ട് മാത്രം മനസ്സിൽ മാമനെ പച്ചത്തെറി വിളിച്ചില്ല.
വീട്ടിൽപോയി പാസ്‌പോർട്ടും എടുത്ത് ബസിൽ പോകുമ്പോഴേക്കും രണ്ടുമണിക്കൂർന്നുള്ളത് നാലഞ്ചു മണിക്കൂറാവും.
ഫോണെടുത്തു കുത്തി അമ്മയെ വിളിച്ച്, എത്രേം പെട്ടെന്ന് പാസ്‌പോർട്ടും കൊണ്ട് കവലയിൽ വരാൻ പറഞ്ഞു.
കല്യാണവീട്ടിൽ ഉപ്പേരി വിളമ്പിക്കൊണ്ട് മറ്റൊരു പെണ്ണിനെ സെറ്റാക്കാൻ നോക്കുന്ന മ്മടെ ചെങ്ങായീനേം പൊക്കിയെടുത്ത് കാറിലിട്ട് നൂറേനൂറിൽ കവലയിലെത്തുമ്പോഴേക്കും പാസ്പോർട്ട് ഭദ്രമായി ഒരു കവറിൽ പൊതിഞ്ഞെടുത്ത് മാതാവും അവിടെത്തിയിരുന്നു. അതും വാങ്ങി പിന്നേം വിട്ടു വണ്ടി നൂറേ നൂറിൽ കോയിക്കോട്ടേക്ക്.
കൃത്യനിഷ്ഠതയിൽ മ്മള് പണ്ടേ മന്ത്രിമാരേക്കാൾ കണിശക്കാരനായോണ്ട് പറഞ്ഞതിനും ഒന്നര മണിക്കൂർ വൈകി കോയിക്കോടെത്തി. ഇനീപ്പോ കൃത്യസമയത്ത് എവിടേലും മ്മളെ എത്തിക്കണം എന്ന് ആർക്കേലും നിർബന്ധാണെങ്കി, പോണ വഴിവക്കിലെ എല്ലാ സ്കൂളുകൾക്കും, കോളജുകൾക്കും അന്ന് അവധി പ്രഖ്യാപിച്ചേക്കണം.
അമ്മോൻ പറഞ്ഞു തന്ന അഡ്രസ് പ്രകാരം ഒരാപ്പീസിന്റെ മുന്നീ കൊണ്ടോയി വണ്ടി നിർത്തുമ്പൊളേക്കും സെക്യൂരിറ്റി ചേട്ടൻ ഓടിവന്നു.
'സമയം കഴിഞ്ഞു, ഇനി അകത്തോട്ട് കേറാൻ പറ്റൂല്ലാ'..
'ന്റെ സ്വന്തം കൂടപ്പിറപ്പിന്റെ കല്യാണാർന്നു ചേട്ടാ,
സംശയോണ്ടേൽ ചേട്ടൻ ദേ നോക്ക്' എന്നും പറഞ്ഞ് കുപ്പായത്തിലും കൈമ്മലും പറ്റിയ ബീറ്റ്റൂട്ട് അച്ചാറിന്റെ അവശിഷ്ടങ്ങൾ ചൂണ്ടിക്കാണിച്ചു.
നിഷ്കളങ്കത നിറഞ്ഞു തുളുമ്പിയ എന്റെ മുഖത്തേക്കൊന്ന് നോക്കിയ ശേഷം അകത്തേക്ക് കേറിച്ചെന്നോളാൻ പറഞ്ഞു.
അമ്മ വർണക്കടലാസിൽ അഞ്ചാറുവട്ടം ചുറ്റിപ്പൊതിഞ്ഞു റബ്ബർബാന്റ് ഇട്ടു വച്ച പാസ്പോർട്ട്, വെപ്രാളം കൊണ്ടെനിക്ക് തുറക്കാൻ പറ്റാത്തതു കണ്ട് മനസലിവ് തോന്നിയ അവിടുത്തെ ഒരാപ്പീസർ എന്റേൽന്ന് അത് വാങ്ങി തന്നത്താൻ തുറന്നെടുത്തു.
'ഹാ.. എന്തു നല്ല മനുഷ്യൻ..'
സ്നേഹ വാൽസല്യത്തോടെ അദ്ദേഹം എന്നോട് ചോദിച്ചു.
"മോൻ എന്തിനാ കണ്ണൂരിൽന്നു ഇത്രേം ദൂരം ഇങ്ങട്ട് വന്നത്...?
ഇങ്ങേരെന്താ ആളെ കളിയാക്കുവാണോ.? എന്ന് അങ്ങേരോട് ചോയിക്കണംന്നുണ്ടാർന്നു. ഇനീപ്പോ അതിന്റെ പേരിലൊരു കച്ചറ വേണ്ടാന്നു കരുതി വിനയം ഒട്ടും കുറക്കാതെ മറുപടി പറഞ്ഞു.
"ഗൾഫിൽ പൂവാനുള്ള വിസാ മെഡിക്കലിനാ സാറേ, എന്തേനു..?''
റേഷൻകാർഡും കൊണ്ട് വന്നാൽ വിസ കിട്ടുംന്ന് ആരാ കുട്ടിയോട് പറഞ്ഞത്..?
ങേ, റേഷൻ കാർഡോ.. !!😮
പാസ്സ്പോർട്ടെന്ന് കരുതി റേഷൻ കാർഡ് പൊതിഞ്ഞെടുത്തു തന്ന അമ്മയെ ഓർത്തു പല്ലിറുമ്മി ആ ഓഫീസിൽ നിന്നും തിരിഞ്ഞു നടക്കുമ്പോ പുറകിൽ നിന്നും എന്നെക്കളിയാക്കി ഒരു കൂട്ടച്ചിരി ഉയർന്നുവോ..?
ഹേയ്, തോന്നീതാവും...

Anand
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo