പ്രിയപ്പെട്ട ഏട്ടന്,
ഏട്ടന്റെ മാളുവാണ് ഞാൻ. മറന്നോ ഏട്ടൻ എന്നെ..? മറക്കാനാവില്ല ചിലപ്പോൾ വെറുത്തിട്ടുണ്ടാകും. അവൾ മരിച്ചു എന്ന് പറയാനാകും. പക്ഷേ എന്റെയീ പുന്നാര ഏട്ടനെ എനിക്ക് നല്ലോണം അറിയാം. ഏട്ടന്റെ മനസ്സിൽ ഏത്ര ശവക്കല്ലറകൾ തീർത്ത് അതിലെന്നെ കുഴിച്ചു മൂടിയാലും ഈ പെങ്ങൾ മരിക്കില്ല എന്നെനിക്കറിയാം. അച്ഛനും അമ്മയ്ക്കും സുഖമാണോ എന്ന് ഞാൻ ചോദിക്കുന്നില്ല. അതിനുള്ള അർഹത എനിക്കില്ല. നിങ്ങളെ എല്ലാവരെയും വിട്ട് ഓടിപ്പോന്നവൾ അല്ലേ ഞാൻ. പേരറിയാത്ത ആരുടെയോ കൂടെ വീട്ടുകാർക്ക് നാണക്കേടുണ്ടാക്കി ഒളിച്ചോടിയവൾ.. പക്ഷേ...
ഏട്ടാ... ഒന്ന് പറയട്ടെ , നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ ആരുടെയും കൂടെ ഒളിച്ചോടിയതല്ല ഞാൻ... ഇന്നേവരെ എന്റെ കല്യാണം കഴിഞ്ഞിട്ടുമില്ല... ഏട്ടന്റെ മുഖത്തെ ആ വെറുപ്പിന്റെ കാർമേഘം മാറി അവിടെ അമ്പരപ്പിന്റെ കല തെളിയുന്നത് എനിക്ക് കാണാനുണ്ട്. എന്തിന് പിന്നെ നീ ഇങ്ങിനെ ചെയ്തു എന്ന ചോദ്യം അതേട്ടന്റെ ചുണ്ടോളം വരുന്നു. പറയാം എല്ലാം പറയാം.. ഒരിക്കലും ആരും അറിയരുതെന്നാശിച്ച ആ രഹസ്യം..ഇനിയും ഞാനെന്തിന് അത് മൂടിവെച്ചു ഈ സമൂഹത്തിൽ അപമാനിതയായി കഴിയണം. അല്ലെങ്കിൽ തന്നെ എല്ലാവരും വെറുക്കാൻ മാത്രം എന്ത് തെറ്റാണ് ഞാൻ ചെയ്തത്.
ഏട്ടനോർമ്മയില്ലേ നമ്മുടെ ബാല്യം. കളിച്ചും ചിരിച്ചും കുറുമ്പ് കാട്ടിയും തല്ലു കൂടിയും നമ്മൾ ചിലവഴിച്ച നിമിഷങ്ങൾ. എന്ത് രസകരമായിരുന്നു ആ ദിനങ്ങൾ ഇതിനിടയിൽ ഒരു സംഭവം നടന്നു അന്നെനിക്ക് അഞ്ചോ ആറോ വയസ്സ് പ്രായം. നമുക്കെന്നും മിട്ടായി കൊണ്ടു തരുന്ന നമ്മുടെ മാമൻ... അന്നൊരു ദിവസം മാമൻ എന്നെ..... എനിക്കൊന്നും മനസ്സിലായില്ല... ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞത് മാത്രം മനസ്സിലായി. അന്ന് മുതൽ ഞാൻ ചെറിയ ചെറിയ കാര്യങ്ങൾക്ക് വരെ പേടിക്കാൻ തുടങ്ങി. എനിക്കെല്ലാവരെയും പേടിയായിരുന്നു. കുടിച്ചു നാല് കാലിൽ വരുന്ന അച്ഛനെ , മിണ്ടുന്നതിന് മിണ്ടുന്നതിന് തല്ലുന്ന ഒരുപാട് കരയുന്ന അമ്മയെ ചിരിച്ചു കൊണ്ടു വേദനിപ്പിക്കുന്ന മാമനെ, എല്ലാം... പിന്നീട് പന്ത്രണ്ട് വയസ്സുള്ളപ്പോൾ നമ്മുടെ അയൽവാസി മത്തായി ചേട്ടൻ.... ഞാനാകെ തകർന്ന് പോയിരുന്നു... ഏട്ടനും അപ്പോഴേക്കും അച്ഛന്റെ പാതയിൽ സഞ്ചരിച്ചു തുടങ്ങിയിരുന്നു. എല്ലാം ഉള്ളിലൊതുക്കി ആരോടും കൂട്ടു കൂടാതെ ഞാൻ നടന്നു. ഏട്ടന്റെ കുഞ്ഞിപ്പെങ്ങൾ എന്താ അങ്ങിനെ അന്തർമുഖി ആയതെന്ന് ഏട്ടൻ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. അറിയില്ല എന്നോടൊരിക്കൽ പോലും ചോദിച്ചിട്ടില്ല. എങ്ങിനെയൊക്കെയാ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അമ്മ എന്നെ വല്യമ്മയുടെ വീട്ടിലേക്ക് കൊണ്ടാക്കിയത് ഓർമ്മയില്ലേ. ഉത്തരവാദിത്തമില്ലാത്ത അച്ഛന്റെയും ചേട്ടന്റെയും ഇടയിൽ മോളെ വളർത്താൻ പറ്റില്ല എന്ന അമ്മയുടെ ചിന്ത. പ്ലസ് ടു കഴിയുന്നത് വരെ ഞാൻ സന്തോഷവതിയായിരുന്നു. എല്ലാ അന്തരീക്ഷത്തിൽ നിന്നും മോചനം. ജീവിതം വീണ്ടും സന്തോഷത്തിലേക്ക് ചുവടു വെച്ചു തുടങ്ങിയ നാളുകൾ... അങ്ങിനെയിരിക്കുമ്പോഴാണ് വല്യമ്മയുടെ മോളുടെ കല്യാണം കഴിഞ്ഞത്. ഏട്ടനോർമ്മയില്ലേ അത്. ഉണ്ടാവും അന്നാ കല്യാണ വീട്ടിൽ കുടിച്ചു കൂത്താടി നടന്നത് എങ്ങിനെ മറക്കാൻ അല്ലേ... കുറച്ചു നാളുകൾ കഴിഞ്ഞു ചേച്ചിയുടെ ഭർത്താവിന്റെയും കൈകൾ എൻറെ നേരെ നീണ്ടപ്പോഴാണ് ഏട്ടാ... ഒരു പെണ്ണായി പിറന്നതിൽ ഞാൻ എന്നെ സ്വയം ശപിച്ചത്. എന്തിനാ ഇങ്ങനൊരു ജന്മം. എന്തിനാ എല്ലാവരും എന്നോട് ഇങ്ങിനെ... ആരോടെങ്കിലും പറയണം എന്നുണ്ടായിരുന്നു. ആയിടയ്ക്കാണ് എന്റെ കൂട്ടുകാരി സ്മിത ആത്മഹത്യ ചെയ്തത്. ഓർമ്മയുണ്ടോ ഏട്ടന്... അവളെ അവളുടെ ചേച്ചിയുടെ ഭർത്താവ് കയറിപ്പിടിച്ചപ്പോൾ എല്ലാവരും അവളെയാണ് കുറ്റപ്പെടുത്തിയത്. അവൾ ശ്രദ്ധിക്കാഞ്ഞിട്ടാണ് പോലും... അതിൽ മനം നൊന്താണ് അവൾ... ഞാനും ആ വഴി ചിന്തിക്കാതിരുന്നില്ല പക്ഷേ എനിക്ക് അവളുടെ അത്രയും പോലും ധൈര്യമുണ്ടായിരുന്നില്ല. ആ ചിന്തയാണ് എന്നെ ഒരു ഒളിച്ചോട്ടത്തിന് പ്രേരിപ്പിച്ചത്. അല്ലാതെ നിങ്ങൾ എല്ലാവരും ചിന്തിക്കുന്നത് പോലെ ഞാനാരുടെയും കൂടെ ഒളിച്ചോടിയത് അല്ല.
ഞാനിന്ന് വേൾഡ് ഓർഗൻ ഡോണേഴ്‌സ് അസോസിയേഷനിൽ ഒരു മെംബറാണ്. ഞാനെന്റെ ഒരു വൃക്കയും കരളിന്റെ പകുതിയും ഡൊണേറ്റ് ചെയ്തു കഴിഞ്ഞു. എനിക്കെന്തിനാണ് അതെല്ലാം. എന്റെ തലമുടി വരെ ഞാൻ ദാനം ചെയ്തു. കഴിയുമെങ്കിൽ ഒരു കണ്ണ് കൂടി ദാനം ചെയ്യാൻ പോകുന്നു. ഒരു സ്ത്രീയുടെ രൂപം ആകർഷകമായിരുന്നാൽ മാത്രമല്ലേ ആണുങ്ങൾക്ക് കാമം തോന്നൂ.
മാമനും മത്തായി ചേട്ടനും മരിച്ചെന്ന് ഞാനറിഞ്ഞിരുന്നു. ചേച്ചിയുടെ ഭർത്താവ് ആക്സിഡന്റിൽ പെട്ട് കോമയിൽ ആണെന്നും അറിഞ്ഞു. അതാണ് ഇങ്ങനൊരു കത്ത് എഴുതിയതും. ഏട്ടൻ എനിക്ക് വേണ്ടി കത്തിയെടുക്കാൻ തുനിയുമായിരിക്കും. പക്ഷേ ഏട്ടന് അതിനുള്ള അർഹതയില്ല ഏട്ടാ... അച്ഛനും... ഒപ്പമിരിക്കുമ്പോൾ മുഖമൊന്ന് വാടിയാൽ അറിയേണ്ടവരാണ് ഏട്ടനും അച്ഛനുമൊക്കെ.. അല്ലെങ്കിൽ തന്നെ ആരോട് പക തോന്നാൻ ഒന്നുമറിയാത്ത അവസ്ഥയിൽ കിടക്കുന്ന ആ മനുഷ്യനോടോ... ഈശ്വരന്റെ കോടതിയിൽ ശിക്ഷ വിധിച്ചു. അതുമതി.
എന്റെ വിലാസം ഇതിലില്ല. ഞങ്ങൾക്ക് അങ്ങിനെ സ്ഥിരമായി ഒരു സ്ഥലമില്ല. ഈ ഭൂമിയിലെ അവശത അനുഭവിക്കുന്നവർക്കിടയിൽ ആശ്വാസമാകുക അതിന് വേണ്ടി ഓരോ രാജ്യങ്ങൾ സന്ദർശിക്കുക... അതിലാണ് യഥാർത്ഥ ആനന്ദം.
എനിക്കെന്റെ ഏട്ടനെ ഒരുപാട് ഇഷ്ടമാണ്. ഇപ്പോഴും കുഞ്ഞുന്നാളിലെ നമ്മുടെ കളിചിരികളും സ്നേഹവും മാത്രമേ സന്തോഷമനുഭവിച്ച കാലമായി എന്റെ മനസ്സിലിലുള്ളൂ... അതുകൊണ്ട് മാത്രമാണ് ഏട്ടനെങ്കിലും സത്യമറിയണമെന്നു എനിക്ക് തോന്നിയത്. എനിക്കാരോടും പരിഭവവും പിണക്കവുമില്ല എനിക്ക് ഈശ്വരൻ വിധിച്ച വിധി ഇങ്ങിനെയാണ്. ഒരിക്കലും ഞാൻ ഇനിയാ നാട്ടിലേക്കോ പഴയ ജീവിതത്തിലേക്കോ തിരിച്ചു വരില്ല. എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.. എന്നും നല്ലത് മാത്രം വരട്ടെ....
സ്നേഹത്തോടെ
മാളവിക
മാളവിക
jaison G
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക