നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഏട്ടൻ - ഭാഗം - 2

ഏട്ടൻ - ഭാഗം - 2
---------------------------
ട്രെയിനിൽ കയറി അവളുടെ സീറ്റിൽ അവളിരുന്നു. ബാഗുകൾ അവൾ ഭദ്രമായി സൂക്ഷിച്ചു വച്ചു. യാത്രയാക്കാൻ വന്ന രാഘവേട്ടനെ അവൾ തിരിച്ചയച്ചിരുന്നു. ട്രെയിൻ പുറപ്പെടാൻ സമയമായിരിക്കുന്നു. നിറയെ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു. ആ തിരക്കിലേക്ക് കണ്ണും നട്ട് അവളിരുന്നു. ട്രെയിൻ പതുക്കെ മുന്നോട്ട് നീങ്ങാൻ തുടങ്ങിയിരിക്കുന്നു. തന്റെ യാത്ര ആരംഭിക്കുകയായി, നന്ദു ഓർത്തു. ജനലിലൂടെ പുറത്തേക്ക് നോക്കി അവളിരുന്നു. കൂടെ ഇരിക്കുന്നവരുടെ മുഖത്തേക്കൊന്നും അവൾ നോക്കിയതേ ഇല്ല. ആരെയും കാണാൻ അവൾ ആഗ്രഹിച്ചില്ല. അവൾ തനിച്ചാണ്. ഈ ഭൂമിയിൽ അവളുടേതെന്ന് പറയാൻ ഇനി ആരുമില്ല. ആ ഓർമ്മകൾ നന്ദുവിനെ വല്ലാതെ വേദനിപ്പിച്ചു.
ട്രെയിൻ നല്ല വേഗത കൈവരിച്ചിരിക്കുന്നു. നന്ദുവിന്റെ മനസ്സ് കണ്ണിൽ കാണുന്ന കാഴ്ചകളിൽ ആയിരുന്നില്ല. മനസ്സ് അല്പം പുറകിലേക്ക് സഞ്ചരിക്കുകയായിരുന്നു. അത് ചെന്നെത്തിയത് കഷ്ടപാടുകൾക്കിടയിലും ജീവിതം പിടിച്ചു നിർത്താൻ പാടുപെട്ടിരുന്ന ഏട്ടനിലേക്കായിരുന്നു.
സന്തോഷത്തിൽ തന്നെയാണ് ജീവിതം പൊയ്ക്കൊണ്ടിരുന്നത്. അച്ഛനും അമ്മയും ഏട്ടനും താനും കൂടിയുള്ള ജീവിതം അത്രമേൽ നല്ല ഓർമ്മകൾ മാത്രമേ സമ്മാനിച്ചിട്ടുള്ളു. പക്ഷെ എവിടം മുതലാണ് പിഴച്ചു തുടങ്ങിയത്? അച്ഛനും അമ്മയും നഷ്ടപെടുന്നതിനു മുന്നേ ജീവിതം കൈവിട്ട് പോകാൻ തുടങ്ങിയിരുന്നിരിക്കണം. ഇത്രയധികം കടബാധ്യതകൾ എങ്ങനെ വന്നു എന്ന് തനിക്കിന്നും നിശ്ചയമില്ല. അച്ഛൻ ഒന്നും ആരെയും അറിയിച്ചിരുന്നില്ല. എല്ലാം ഒറ്റക്ക് സഹിക്കുകയായിരുന്നു പാവം.
അവസാനമായി യാത്ര പോകുമ്പോൾ തന്നെ ചേർത്ത് പിടിച്ച് കവിളിൽ ഒരുമ്മ തന്നിരുന്നു. അത് പതിവുള്ളതാണ്. പക്ഷെ, അന്ന് തന്ന ഉമ്മക്ക് കണ്ണീരിന്റെ ചൂടുണ്ടായിരുന്നോ? അറിയില്ല. അതറിയാനുള്ള പ്രായവും പക്വതയും തനിക്കുണ്ടായിരുന്നില്ല. വേഗം വരാം എന്ന് പറഞ്ഞു അവർ ഇറങ്ങി പോയി.
വല്ലപ്പോഴും മാത്രം വന്നിരുന്ന ബന്ധുക്കൾ എല്ലാവരും കൂടി വന്നുകൊണ്ടിരുന്നപ്പോൾ ഉള്ളം കൊണ്ട് അന്ന് സന്തോഷിച്ചിട്ടുണ്ട്. വിശേഷങ്ങളിൽ മാത്രമേ അങ്ങനെ ഉണ്ടാവാറുള്ളു. പക്ഷെ ആ സന്തോഷത്തിനു അധികം ആയുസ്സുണ്ടായില്ല. അലറിക്കരയുന്ന ഏട്ടനെയാണ് പിന്നീട് കണ്ടത്. നമുക്കാരുമില്ലാണ്ടായി മോളെ... എന്ന് പറഞ്ഞു ഏട്ടൻ കെട്ടിപിടിച്ച് പൊട്ടി കരയുമ്പോൾ സംഭവിച്ചതെന്താണെന്നോ അതിന്റെ ആഴമെന്താണെന്നോ അറിയാൻ ആ കുഞ്ഞു മനസ്സിന് കഴിഞ്ഞിരുന്നില്ല.
വെള്ള പുതപ്പിച്ച രണ്ടു ശരീരങ്ങൾ നടുത്തളത്തിൽ കൊണ്ട് കിടത്തിയപ്പോ അത് അച്ഛനും അമ്മയുമാണെന്ന് മനസ്സിലാക്കാൻ തന്നെ ഏറെ നേരം എടുത്തു. അച്ഛന്റെ മുഖത്ത് താൻ ഉമ്മ വച്ചിടത് വലിയൊരു മുറിവ് കണ്ടാണ് അന്ന് ഉറക്കെ കരയാൻ തുടങ്ങിയത്. തുന്നി കെട്ടിയ അവിടെ ചോര ഉണങ്ങി പിടിച്ചിരുന്നു. ഭയം കൊണ്ടാണോ അന്ന് കരഞ്ഞതെന്നു പോലും നിശ്ചയമില്ല. പക്ഷെ ഏട്ടന്റെ കണ്ണിൽ നിന്നും കണ്ണുനീർ തോർന്നിരുന്നില്ലെന്നത് മാത്രം ഇപ്പോളും ഓർമ്മയുണ്ട്.
അന്ന് മുതൽ ഏട്ടനായിരുന്നു എല്ലാം. ഒരച്ഛന്റേം അമ്മയുടേം എട്ടന്റേം സ്നേഹം തരാൻ ഏട്ടൻ പ്രേത്യേകം ശ്രദ്ധിച്ചിരുന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോളാണ് കടക്കാർ ഓരോരുത്തരായി വീടിന് മുന്നിൽ എത്താൻ തുടങ്ങിയത്. വലിയ തുകകൾ ഓരോരുത്തർക്കും കൊടുക്കാനുണ്ടെന്നറിഞ്ഞത് മുതൽ ബന്ധുക്കളുടെ വരവ് കുറഞ്ഞു കൊണ്ടിരുന്നു. എല്ലാം നഷ്ടപെട്ട നിസ്സഹായനായി ഏട്ടൻ തളർന്നു പോയിരുന്നു. കുട്ടിയായിരുന്നെങ്കിലും ഏട്ടന്റെ അവസ്ഥ നന്ദുവിന് വല്ലാത്ത വേദന ഉണ്ടാക്കി.
നമുക്കും അച്ഛന്റേം അമ്മേടേം കൂടെ പോകായിരുന്നു അല്ലെ എട്ടാ... ? ഇപ്പൊ നമ്മൾ ഒറ്റക്കായില്ലേ...
അന്നത്തെ കുട്ടിത്തം നിറഞ്ഞ മനസ്സിലെ നിഷ്കളങ്കമായ ചോദ്യത്തിന്‌ മുന്നിൽ ഏട്ടൻ പൊട്ടിക്കരഞ്ഞു പോയി. ആ കരച്ചിൽ തീരുമ്പോളേക്കും ഏട്ടൻ ശക്തമായ ഒരു തീരുമാനം എടുത്തിരുന്നിരിക്കണം. പിന്നീടൊരിക്കലും ഏട്ടനെ അത്രയും തളർന്ന അവസ്ഥയിൽ കാണാൻ ഇടവന്നിട്ടില്ല.
ആരുടേയും സഹായമില്ലാതെ ഓരോ ദിവസവും ഏട്ടൻ എങ്ങനെ കൊണ്ട് പോയി എന്നത് ഏട്ടന് മാത്രം അറിയാവുന്ന സത്യമാണ്. ഓരോ ദിവസവും കഴിയുന്തോറും ജീവിതത്തിന്റെ പിരിമുറുക്കത്തിന് കുറവ് വന്നു. നഷ്ടപ്പെട്ട് പോയ സമാധാനവും സന്തോഷവും പതിയെ വീടിന്റെ പടി വാതിൽ കടന്ന് വരാൻ തുടങ്ങിയിരുന്നു. വലിയൊരു ദുരവസ്ഥയിൽ നിന്നും എങ്ങനെ കര കയറി എന്നത് ചോദിച്ചിട്ടും ഏട്ടൻ ആരോടും പറഞ്ഞില്ല. എന്ത് ജോലിയും മടി കൂടാതെ ഏട്ടൻ ചെയ്തു വന്നു. കടത്തിൽ മുങ്ങാൻ തുടങ്ങിയ ഒരു വീടിനെ കരകയറ്റാനുള്ള ഏട്ടന്റെ പരിശ്രമവും വൈഭവവും കണ്ട് നാട്ടുകാർ മുഴുവനും അത്ഭുതപ്പെട്ടു. എല്ലാവരും ഏട്ടനെ ബഹുമാനിക്കാനും സ്നേഹിക്കാനും തുടങ്ങി.
എല്ലാവർക്കും തോന്നിയ സ്നേഹത്തിനെക്കാൾ ഒരുപാടിരട്ടിയായിരുന്നു നന്ദുവിന് എട്ടനോടുണ്ടായിരുന്നത്. സ്നേഹിച്ചും വേണ്ടിടത്ത് ശാസിച്ചും ശരി തെറ്റുകൾ പറഞ്ഞു തന്നും ഓരോ ദിവസങ്ങളും കടന്നു പോയി. അച്ഛന്റേം അമ്മയുടേം നഷ്ടം പതിയെ മറന്നു തുടങ്ങിയിരുന്നു. എല്ലാത്തിനും നന്ദുവിന് ഏട്ടൻ മതിയെന്നായിരുന്നു.
ഏട്ടനും നന്ദുവിനെ അത്രക്ക് കാര്യമായിരുന്നു. അനുജത്തി എന്നതിനേക്കാൾ ഒരു മകളെപ്പോലെ അവൻ അവളെ സംരക്ഷിച്ചിരുന്നു. എന്തുണ്ടെങ്കിലും അത് സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും എട്ടനോടാണവൾ ആദ്യം പറഞ്ഞിരുന്നത്. സുമതിയേടത്തി പറഞ്ഞു തന്ന അറിവുണ്ടായിരുന്നിട്ടും ആദ്യമായി വലിയ കുട്ടി ആയപ്പോൾ അവൾ അതാദ്യം പറഞ്ഞത് നന്ദനോടാണ്. അന്നവൻ ഏറെ നേരം അവളുടെ മുഖത്തേക്ക് നോക്കി നിന്നു. പിന്നെ ഒന്നും മിണ്ടാതെ മുറിയിൽ പോയിരുന്നു.
സ്വതേ ഗൗരവകാരനായ നന്ദൻ അന്ന് മുതൽ കൂടുതൽ ഗൗരവം ഭാവിച്ചു. നന്ദുവിനോട് ഒരകലം പാലിക്കാൻ എപ്പോളും അവൻ ശ്രമിച്ചു. അന്ന് മുതൽ രണ്ടു പേരും രണ്ടു മുറിയിലാണുറങ്ങിയത്. ഒരു മുറിയിൽ രണ്ടു തലക്കൽ ഇട്ട കട്ടിലിൽ നിന്നും രണ്ടു മുറിയിലേക്ക് മാറിയപ്പോൾ നന്ദുവിന് ദുഃഖം തോന്നി. ഒന്നമർത്തി നിശ്വാസിച്ചാൽ പോലും ഏട്ടൻ കേൾക്കും എന്നുള്ളത് അവളുടെ സംരക്ഷണത്തിന്റെ ഉറപ്പ് കൂടിയായിരുന്നു അവൾക്ക്. എന്നാലും ഏട്ടന്റെ തീരുമാനങ്ങളിൽ സംശയിക്കാൻ വകയില്ലാത്ത ശരികൾ ഉണ്ടാവുമെന്ന് അവൾക്കറിയാമായിരുന്നു. അത്കൊണ്ട് തന്നെ ഒന്നിനെയും അവൾ എതിർത്തില്ല.
******
ട്രെയിൻ എതോ സ്റ്റേഷനിൽ എത്തിയിരിക്കുന്നു. തിരക്ക് പിടിച്ച് ആളുകൾ നടക്കുന്നു. പലരും ട്രെയിനിൽ നിന്ന് ഇറങ്ങുകയും മറ്റു ചിലർ കയറുകയും ചെയ്യുന്നു. നന്ദു ചുറ്റും ഇരിക്കുന്നവരിലേക്ക് കണ്ണുകൾ പായിച്ചു. ചിലർ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നത് അവളെ അസ്വസ്ഥയാക്കി. നിയന്ത്രണമില്ലാതെ പുറത്തേക്ക് ഒഴുകികൊണ്ടിരിക്കുന്ന കണ്ണുനീർ ആണ് അവരുടെ ശ്രദ്ധയെ തന്നിലേക്ക് എത്തിച്ചതെന്ന് പിന്നെയാണവൾക്ക് മനസ്സിലായത്. അവൾ കണ്ണും മുഖവും അമർത്തി തുടച്ചു.
മനസ്സ് പിന്നെയും പിടയുകയാണ്. യാത്ര തുടങ്ങുമ്പോൾ മനസ്സ് ശാന്തമായിരിക്കണം എന്ന് നിശ്ചയിച്ചതാണ്. പക്ഷെ, ആ മുഖം... തന്റെ യാത്രയിൽ ഏറ്റവും വേദനിക്കുന്നത് ആ ആൾ തന്നെയാണ്. രാജീവേട്ടൻ. നന്ദുവിന് നന്നായി അറിയാം രാജീവേട്ടനെ. എന്നാൽ ഇപ്പോൾ അറിയാത്ത ഭാവം നടിക്കുകയാണ്. അതല്ലാതെ മറ്റു മാർഗങ്ങളില്ല. രാജീവേട്ടൻ തന്നെ സ്നേഹിക്കുന്നു. ആ സ്നേഹം പ്രണയമാണെന്ന് തിരിച്ചറിഞ്ഞിട്ട് കാലമേറെ ആയിരിക്കുന്നു. സ്വതവേ അന്തർമുഖനായ ആൾ തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും അത് മനസ്സിലാക്കാൻ നന്ദുവിന്‌ സാധിക്കും. എന്തെന്നാൽ നന്ദുവും രാജീവേട്ടന്റേതാകാൻ കൊതിക്കുന്നുണ്ടായിരുന്നു.
സൗഹൃദത്തിലും സ്നേഹത്തിലും കഴിഞ്ഞിരുന്ന കുടുംബങ്ങൾ. അയൽക്കാർ. രാജീവും നന്ദുവും തമ്മിലുള്ള ബന്ധത്തിന് ആഴം കൂട്ടാൻ ഇത്രയും മതിയായിരുന്നു. ചെറുപ്പം മുതലേ കണ്ടു വളർന്നവർ. കളിക്കൂട്ടുകാർ. നന്ദുവിന്റെയും നന്ദന്റെയും ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളിൽ രാഘവേട്ടന്റെ കുടുംബം മുഴുവൻ അവർക്ക് വലിയ ആശ്വാസമായിരുന്നു. പിന്നീട് അവർക്ക് ആശ്രയിക്കാൻ ആ കുടുംബം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത് അവർക്കിടയിലെ ബന്ധത്തിന് ശക്തി കൂട്ടി.
ഒരു പ്രായം കഴിഞ്ഞപ്പോൾ രണ്ടുപേർക്കുമിടയിൽ ഉള്ളത് സൗഹൃദം മാത്രമല്ലെന്ന് തിരിച്ചറിവ് ഉണ്ടായി. പക്ഷെ, നന്ദു ഒരിക്കലും അത് പ്രകടിപ്പിക്കാൻ തയ്യാറായിരുന്നില്ല. എന്തെന്നാൽ, അവൾക്ക് ഏട്ടനേക്കാൾ വലുതല്ല ഒന്നും. രാജീവിനും നന്ദൻ ഒരു ഏട്ടന്റെ സ്ഥാനത്തായിരുന്നു. കാലങ്ങൾ കഴിയുമ്പോൾ സ്വന്തമായി ജീവിതം നയിക്കാനുള്ള പ്രാപ്തി ആകുമ്പോൾ ന്യായമായും പെണ്ണ് ചോദിയ്ക്കാൻ തന്നെയായിരുന്നു രാജീവ് കരുതിയിരുന്നത്. അങ്ങനെ ഒരു വിളിക്കായി നന്ദുവും കാതോർത്തു. പക്ഷെ, പിന്നെയും ദുരന്തങ്ങൾ നന്ദുവിനെ പിടിവിടാതെ വേട്ടയാടുകയായിരുന്നു.
നന്ദന്റെ മരണത്തിൽ തകർന്നു പോയ നന്ദുവിനെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ രാജീവ് ആഗ്രഹിച്ചിരുന്നു. നന്ദുവിന്റെ അവസ്ഥ മറ്റാരേക്കാളും അധികം അവനെ വേദനിപ്പിച്ചിരുന്നു. അത് മനസ്സിലാക്കി തന്നെയാണ് നന്ദു ഈ യാത്രക്ക് തയ്യാറെടുത്തതും. രാഘവേട്ടനും കുടുംബവും ചെയ്തു തന്ന സഹായങ്ങൾ തന്നെ അധികമാണ്. ഇനിയും വയ്യ....
ജീവിതം എന്നെന്നേക്കുമായി കൈവിട്ടു പോയിരിക്കുന്നു. ഇനി ഒന്നും ആശിക്കുവാൻ അർഹത ഇല്ല. നഷ്ടങ്ങൾ മാത്രം ജീവിതത്തിൽ ബാക്കിയായി. വ്യക്തമായ ലക്ഷ്യബോധമില്ലാതെ പോകുന്ന ജീവിതം. എങ്ങോട്ടെന്നില്ലാത്ത യാത്ര. ഒന്നിനും ഉത്തരമില്ല. ഇനിയൊരിക്കലും അവരെ ഒന്നും കാണാൻ ഇടവരരുത്. അത്രയുമാണ് ഈ യാത്ര കൊണ്ട് കരുതിയത്. എങ്ങോ ജീവിക്കുന്ന ചെറിയച്ഛൻ ചെന്നൈയിൽ ഉണ്ടെന്ന് വിശ്വസിപ്പിച്ച് അവരെ കബളിപ്പിച്ചു. എപ്പോഴെങ്കിലും അവർ സത്യമറിയും. അപ്പോഴേക്കും അവർക്ക് മുഖം കൊടുക്കേണ്ടി വരാത്ത എവിടേക്കെങ്കിലും യാത്രയാകണം. ജീവിതത്തിൽ ഒരു കര കാണുമെന്ന പ്രതീക്ഷയൊന്നും ഇനി ഇല്ല.
*******
നന്ദു പോയത് മുതൽ മുറിയിൽ കയറി അടച്ചിരിക്കുകയാണ് രാജീവ്. വിലപിടിച്ചതെന്തോ നഷ്ടപെട്ട അവസ്ഥ. അവൾ പോയത് തന്റെ ഹൃദയവും കോണ്ടാണെന്ന തോന്നൽ. ശ്വാസം പോലും കിട്ടാത്ത പോലെ.
നന്ദുവിനെ അത്രക്കിഷ്ടമായിരുന്നു. പക്ഷെ, ഒരിക്കൽ പോലും അത് തുറന്ന് പറയാനായില്ല. പറഞ്ഞില്ലെങ്കിലും എല്ലാം അവൾ മനസ്സിലാക്കുന്നുണ്ട് എന്ന് തന്നെയാണ് വിശ്വാസം. ചെറുപ്പം മുതൽ എന്തിനും ഏതിനും അവൾ കൂടെയുണ്ടായിരുന്നു. ഓരോരോ ദുരന്തങ്ങൾ സംഭവിക്കുമ്പോളും അവളും നന്ദേട്ടനും പിടിച്ചു നിൽക്കുന്നത് കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്. അത്രക്കും മനക്കരുത്ത് തനിക്കില്ലല്ലോ എന്ന് സ്വയം നാണിച്ചിട്ടുണ്ട്. അവരുടെ മനശ്ശക്തിയിലും ആത്മവിശ്വാസത്തിലും ഒരുപാട് ബഹുമാനം തോന്നിയിരുന്നു.
ഒരു കളിക്കൂട്ടുകാരി മാത്രമായിരുന്ന അവൾ മറ്റെന്തൊക്കെയോ ആയി മാറിയത് എപ്പോളാണെന്ന് അറിഞ്ഞുകൂടാ. പലപ്പോഴും അവളെ കാണുമ്പോൾ തന്റെ ഇഷ്ടം തുറന്ന് പറയാൻ തോന്നിയിട്ടുണ്ട്. പക്ഷെ, ഇഷ്ടമല്ലെന്നവൾ പറഞ്ഞാലോ എന്ന് ഭയം തോന്നി. എട്ടനെക്കഴിഞ്ഞേ അവൾക്കെന്തും ഉള്ളു. അത്കൊണ്ട് തന്നെ എല്ലാം എട്ടനോട് വേണം ആദ്യം പറയാൻ എന്ന് കരുതി. അതിനാദ്യം സ്വന്തം കാലിൽ നിൽക്കാനാവണം. അത് വരെ കാത്തിരുന്നേ പറ്റൂ എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു വച്ചിരിക്കുകയായിരുന്നു.
അപ്രതീക്ഷിതമായാണ് സാഹചര്യങ്ങൾ മാറിമറഞ്ഞത്. നന്ദേട്ടന്റെ ആത്മഹത്യ ഒട്ടും പ്രതീക്ഷിച്ചതല്ല. ജീവിതം ഇത്രയേറെ ധൈര്യത്തിൽ മുന്നോട്ട് കൊണ്ട് പോയ ഒരാൾക്ക് ആത്മഹത്യ ചെയ്യാൻ കഴിയുമോ?
അതും ജീവനോളം സ്നേഹിച്ച കുഞ്ഞിപെങ്ങളെ തനിച്ചാക്കി ഒരു യാത്ര. അങ്ങനൊരു സാഹചര്യം വന്നു ചേരുമെന്ന് കരുതിയതല്ല.
നന്ദുവിന്റെ ബഹളം കേട്ട് ഓടി ചെല്ലുമ്പോൾ നന്ദേട്ടന്റെ മുറിയുടെ വാതിൽക്കൽ നിന്ന് നിലവിളിക്കുകയായിരുന്നു അവൾ. എങ്ങോട്ടോ യാത്ര പോകുന്നുവെന്ന് പറഞ്ഞിരുന്നത്രെ. അതനുസരിച്ച് ഉണർത്താൻ ചെന്നതാണവൾ. എത്ര തട്ടി വിളിച്ചിട്ടും വാതിൽ തുറക്കുന്നില്ല. വാതിൽ പൊളിച്ച് അകത്തു കടക്കുമ്പോൾ കട്ടിലിനു താഴെ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഒട്ടും പ്രതീക്ഷിക്കാത്ത ആ രംഗം കണ്ട മാത്രയിൽ തന്നെ നന്ദു ബോധരഹിതയായി. ഏട്ടനെ ജീവനായിരുന്നു അവൾക്ക്.
അന്ന് മുതൽ നന്ദു തളർന്ന് പോയിരുന്നു. അവളുടെ മുഖത്ത് നോക്കാൻ പോലും തനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാത്തത് കൊണ്ടാണ് ഒരകലം പാലിച്ചത്. തെറ്റായിപ്പോയി. അവളേറ്റവും വേദനിച്ച സമയത്തായിരുന്നു അവളുടെ കൂടെ നിൽക്കേണ്ടിയിരുന്നത്. അവൾക്കൊരത്താണി ആവശ്യമുള്ളപ്പോൾ ചേർത്ത് പിടിക്കേണ്ടതായിരുന്നു. പോകുകയാണെന്ന് പറഞ്ഞപ്പോളെങ്കിലും പോകരുതെന്ന് പറയാമായിരുന്നു. പിടിച്ചു നിർത്താമായിരുന്നു. ചെയ്തില്ല. തെറ്റായിപ്പോയി. ഇനി എന്ന് കാണുമെന്ന് പോലും നിശ്ചയമില്ല. പക്ഷെ ഒന്നുറപ്പ്. താൻ അവളെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണ്. അത് കണ്ടില്ലെന്ന് നടിക്കാൻ അവൾക്കാവില്ല. നന്ദു തിരിച്ച് വരിക തന്നെ ചെയ്യും. അങ്ങനെ അവൻ ഉറച്ച് വിശ്വസിച്ചു.
******
ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തിയിരിക്കുന്നു. നന്ദു ഓർമ്മകളിൽ നിന്നും രക്ഷപ്പെടാൻ പെടാപ്പാട് പെടുന്നുണ്ട്. പെട്ടെന്നെന്തോ തീരുമാനിച്ചുറച്ച പോലെ അവൾ ബാഗെടുത്ത് പുറത്തേക്കിറങ്ങി. കൗണ്ടറിൽ ചെന്ന് തിരിച്ച് നാട്ടിലേക്കുള്ള ട്രെയിനിന് ടിക്കറ്റ് എടുത്തു. ട്രെയിൻ വരാൻ ഇനിയും സമയമുണ്ട്. അവൾ ആ പ്ലാറ്റ്ഫോമിൽ കാത്തിരുന്നു.
(തുടരും)


Samini

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot