നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാളക്കാരും മാഷും പിന്നെ ആ എക്സ്പ്രെഷനും !.

മാളക്കാരും മാഷും പിന്നെ ആ എക്സ്പ്രെഷനും !.
*****************************************************************
എംകോമിന് ഇരിഞ്ഞാലക്കുട പി.ജി.സെന്ററിൽ പഠിക്കുന്ന കാലം...ഞങ്ങൾ നാലു കൂട്ടുകാർ ഞാൻ, മഞ്ജു, സിന്ധു,നിഷ എല്ലാവരും ഒരുമിച്ച്‌ ഒരു ക്ലാസ്സിലാണ് പഠിച്ചിരുന്നത് . മാളയുടെ പ്രാന്ത പ്രദേശങ്ങളിൽ നിന്നും ഉള്ളവർ ആകയാൽ കോളേജിൽ ഞങ്ങൾ മാളക്കാർ എന്നാണ് അറിയപ്പെട്ടു കൊണ്ടിരുന്നത്. അപ്പോൾ നിങ്ങൾ കരുതും മാളക്കാർ എന്നറിയപ്പെടാൻ വേണ്ടി മാത്രം മാളക്ക് വേണ്ടി ഇവർ എന്തു സംഭാവനയാണ് ചെയ്തതെ ന്ന്! പറയാം വരൂ...
അന്നൊക്കെ രണ്ടു ഷിഫ്റ്റ്‌ ആയിട്ടായിരുന്നു ക്‌ളാസ് .രാവിലെ എട്ടുമണിയുടെ ഷിഫ്റ്റ് ആണ് ഞങ്ങളുടേത്. വീട്ടിൽ നിന്നും ഏഴുമണിക്ക് പുറപ്പെട്ടാൽ എട്ടുമണിക്ക് ക്ലാസ്സിൽ കയറാം.അപ്പൊ എത്രമണിക്കു എണീക്കണം ..ഒരു ആറരക്ക് ..അല്ലെ? പല്ലു തേക്കാനും ഒരു കുഞ്ഞികുളി പാസ്സാക്കാനും ഡ്രസ് മാറാനും മാത്രം പറ്റും.എന്തെങ്കിലും തിന്നാൻ... ടൈം നഹി നഹി ഹേ!. ചിലപ്പോൾ ഏഴുമണിക്ക് 5 മിനിറ്റുള്ളപ്പോൾ എണീറ്റ് എഴുമണിയുടെ ബസിൽ വലിഞ്ഞു കയറാൻ ഞങ്ങൾ ചില 'മിനിറ്റ് റ്റു വിൻ ഇറ്റ്' കളികളും നല്ലോണം കളിക്കാറുണ്ട്.
അതിരാവിലെ ഏഴുമണിക്ക് ഇരിഞ്ഞാലകുടക്കുള്ള ബസ്സിൽ പല സ്റ്റോപ്പിൽ നിന്നുമായി ഞങ്ങൾ കയറി അവസാനം ഒരുമിച്ച്‌ ഡ്രൈവറുടെ സീറ്റിന്റെ ഇടതു ഭാഗത്തുള്ള പെട്ടിയുടെ അടുത്തായി വരിവരിയായി സ്ഥാനം പിടിച്ച്‌ വർത്തമാനക്കെട്ട് അഴിക്കുന്നതിൽ തുടങ്ങുന്നു ഞങ്ങൾ മാളക്കാരുടെ സുപ്രഭാതം.
മാളസ്റ്റാൻഡിൽ എത്തുമ്പോഴേക്കും തൃശൂർ പൂരത്തിനുള്ള ആൾക്കാർ ആയിട്ടുണ്ടാകും ബസ്സിനുള്ളിൽ .മറ്റൊരു തൃശൂർ പൂരത്തിനുള്ള ആൾക്കാർ ബസ്സിന് പുറത്തും.അപ്പൊ നമ്മളെടെ കിളിച്ചേട്ടൻ ഫ്രണ്ട് ഡോറിൽ അടിച്ചൊരു ആക്രോശമാണ്...
"ഇരിഞ്ഞാലാകുടക്കുള്ള "മാളക്കാർ " ഒന്നങ്ങട് കേറി നിന്നേ... അല്ലേൽ നിന്നെയൊക്കെ ഞാൻ വലിച്ചു പുറത്തിടും!"
അതു കേൾക്കേണ്ട താമസം ഞങ്ങൾ നാലുപേരും ഇളിച്ചു വളിച്ച്‌ ബസ്സിന്റെ ഫ്രണ്ടിലെ ചില്ലിൽ 'ടോം ആൻഡ് ജെറി' കാർട്ടൂൺ ഒട്ടിച്ചമാതിരി പടമായി നിൽക്കും.പിന്നെ ആ നിൽപ്പിന് സ്ഥാനഭ്രംശം സംഭവിക്കണമെങ്കിൽ ഇരിഞ്ഞാലാക്കുട ഠാണാവ് എത്തണം.അവിടെ എത്തുമ്പോഴേക്കും തലേ ദിവസത്തെ ശാപ്പാട് നമ്മളോട് റ്റാറ്റാ ബൈ ബൈ പറഞ്ഞ്‌ അങ്ങട് അന്റാർട്ടിക്കവരെ എത്തിയിട്ടുണ്ടാകും.
ഭക്ഷിക്കാൻ വേണ്ടിയാണല്ലോ നമ്മൾ ജീവിക്കുന്നത്...അതോണ്ട് ജീവിക്കാൻ വേണ്ടി ഞങ്ങൾ സ്ഥിരമായി പേരുപോലും ഇല്ലാത്ത വെറും ഒരു ചായക്കടയിൽ കയറാറുണ്ട്. വേണമെങ്കിൽ നമുക്കതിനെ ചായക്കട, ഇരിഞ്ഞാലക്കുട ഗവണ്മെന്റ് ആശുപത്രിക്കു സമീപം , പോലീസ് സ്റ്റേഷന് എതിർവശം എന്നു വിളിക്കാം.
അവിടെ കയറിയാൽ രണ്ടുണ്ട് ഗുണം... വല്ലതും വായേലേക്കും ഇടാം.... വല്ലവരുടെ ( പ്രത്യേകിച്ച്‌ ആരോഗ്യദൃഢ ഗാത്രരായ പോലീസ് കാരുടെ) വായേലും നോക്കാം!.
സ്ഥിരമായി കയറുന്നത് കൊണ്ടു ഞങ്ങൾ മാളക്കാർക്കു മാത്രമായി അവിടുത്തെ പരമേശ്വരൻ ചേട്ടൻ ഒരു നാലു ചെയറുളള മേശ സജ്ജമാക്കിയിടും.ഇരുട്ടു മാത്രം നിറഞ്ഞ് നിൽക്കുന്ന ഇരിഞ്ഞാലക്കുടയുടെ പുരാതനമായ ഊട്ടു പുരയിലേക്ക് ഞങ്ങൾ വലതുകാൽ എടുത്ത്‌ കുത്തുമ്പോഴേക്കും ക്യാഷ് എണ്ണാൻ ഇരിക്കുന്ന കറുത്തു തടിച്ച മൊട്ട തലയൻ ചേട്ടൻ അകത്തോട്ടു നോക്കി വിളിച്ച് പറയും
"പരമേശ്വരാ...മാളക്കാർ എത്തിയിട്ടുണ്ട് ട്ടാ."
കയ്യിലെ തുട്ടിന് അനുസരിച്ച്‌ ഞങ്ങൾ പൊറോട്ട, ബീഫിന്റെ ചാറ്,നെയ്യ് റോസ്റ്റ്‌, വട ,പത്തിരി ഇത്യാദി ഐറ്റംസ് വാങ്ങി വെട്ടി വിഴുങ്ങും.
ആ ചായക്കട തന്നെയാണ് അവിടുത്തെ പോലീസുകാരുടെയും ഏക ആശ്രയം.
"വടയുടെ വലിപ്പം കൂട്ടാൻ പറഞ്ഞപ്പോൾ വടയുടെ ഓട്ടയുടെ വലിപ്പമാണല്ലോടാ കൂട്ടിയത് എന്നും പറഞ്ഞ് സ്ഥിരമായി വട വാങ്ങി തിന്നുന്ന ഒരു വയറു ചാടിയ പോലീസ് ഏമാൻ ഞങ്ങളോട് എന്നും ചോദിക്കും മാളക്കാരെ...ഞങ്ങടെ മാള ചേട്ടന് സുഖമല്ലേ!
അങ്ങനെ ഞങ്ങൾ നാൽവർ സംഘം അപ്പുറത്തെ സർബത് കടയിലും ഫാൻസി കടയിലും,ഇരിഞ്ഞാലകുടയിലെ ഞങ്ങൾ സ്ഥിരമായി തേരാപാരാ സന്ദർശനം നടത്താറുള്ള മറ്റു കടകളിലുമൊക്കെ മാളക്കാർ എന്ന് അറിയപ്പെട്ടു തുടങ്ങി .
ഇതു മണത്തറിഞ്ഞ കോളേജിലെ കൂട്ടുകാരും ടീച്ചേഴ്സും പ്രിൻസിപ്പലും ഞങ്ങളെ മാളക്കാർ എന്ന് ഈണത്തിൽ വിളിക്കാൻ തുടങ്ങി.
ക്ലാസ്സിൽ മൂന്നു നിര ആയിട്ടാണ് ഡെസ്‌ക്കും ബെഞ്ചും ഇട്ടിരിക്കുന്നത്.മിക്കതിലും അഞ്ചുപേർ വെച്ചു ഇരിക്കുന്നുണ്ടാകും.ഞങ്ങൾ എന്നും ബെല്ലടിച്ചതിനു ശേഷം ആണ് ക്ലാസ്സിൽ ഹാജരാവുക. അപ്പോൾ ബാക്കിയുള്ളത് ആർക്കും വേണ്ടാത്ത ഏറ്റവും മുൻപിലെ ബെഞ്ചായിരിക്കും.അങ്ങനെ എന്നും ലേറ്റ് ആയി ലേറ്റ് ആയി മുൻബെഞ്ചു ഞങ്ങളുടെ മാത്രം സ്വന്തമായി.ഞങ്ങൾ ഒരാളായിട്ടു ഒരിക്കലും ക്‌ളാസിൽ മുടങ്ങാറില്ല. മുടങ്ങാണെങ്കിൽ മൊത്തം ഗ്രൂപ്പ് മുടങ്ങും.അപ്പോൾശൂന്യമായ ബെഞ്ച് നോക്കി ടീച്ചേർസ് ആശ്വാസത്തിന്റെ ഒരു ദീർഘ നിശ്വാസം പുറത്തു വിടും.
എംകോം ക്ലാസ്സ്‌ ആയതോണ്ട് പഠിക്കാൻ വരുന്നവരിൽ പലരും കല്യാണം കഴിഞ്ഞവരും, കുട്ടികൾ ഉള്ളവരും, കല്യാണം ഉറപ്പിച്ചവരും ഒക്കെ ആയിരുന്നു. ഇതിൽ ഒന്നും പെടാത്തവർ ആയിരുന്നു ഞങ്ങൾ.അതു കൊണ്ടു തന്നെ മനോരാജ്യത്തിൽ മുഴുകാതെ ക്ലാസ് എടുക്കുന്ന നേരത്ത് ടീച്ചേഴ്സ് പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. പക്ഷെ ' അധികമായാൽ ശ്രദ്ധയും അപകടം'.
ഞങ്ങൾക്ക് "റീസേർച്ച് "എടുക്കുന്ന ഒരു സാർ ഉണ്ട്.സാറിനെ ഞങ്ങൾ ഒരിക്കലും പേര് കൂട്ടി വിളിക്കില്ല. റീസേർച്ച് സാർ എന്നാണ് വിളിക്കാറുള്ളത്.പുള്ളി എന്തെങ്കിലും ഒരു വാക്ക് പറയുകയാണെങ്കിൽ ആ വാക്കിന്റെ ഫുൾ എകസ്പ്രെഷൻ ആളുടെ മുഖത്ത് ഉണ്ടാകും.നല്ല വെളുത്ത് മെലിഞ്ഞ്,തലമുടി ഇച്ചിരി
പൊക്കി ഈരി മുഖം നിറയെ താടിയും മീശയും ആയി ലൂസ് ഷർട്ടും ലൂസ് പാന്റും ക്യാൻവാസ് ഷൂവും ധരിച്ച പാവം ഒരു അവിവാഹിതൻ.
റീസേർച്ച് ക്ലാസ്സിൽ ഞങ്ങൾ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളതും സാറിന്റെ എക്സ്പ്രെഷൻ കണ്ടിട്ടുള്ളതും ആയ ഒരു വാക്കാണ് "എക്സ്ട്രാക്ട് ". ഈ എക്സ്ട്രാക്ട് എന്ന വാക്ക് പറയുമ്പോൾ സാറ് പൂർണ്ണ ശക്തിയോടെ തന്റെ വലതു കൈ പൊക്കി നീട്ടി ഒരു ക്രയിൻ ഭാരപ്പെട്ട ഒരു സാധനം വലിച്ചെടുക്കുന്ന പോലെ തൻറെ കൈ വിരലുകൾ കൊണ്ട് ശൂന്യതയിൽ ഒരു ആക്ഷൻ അങ്ങട് കാണിക്കും( ഇമ്മടെ നരേന്ദ്ര പ്രസാദ് ചില സിനിമയിൽ കൈ വിരൽ ചുഴറ്റി ...ങുംഹും ...എന്നൊക്കെ കാണിക്കാറില്ലേ അത് പോലെ! ) ഒപ്പം മുഖം ചുക്കി ചുളിച്ച് കണ്ണു ചുക്കിച്ച്‌ പല്ല് ഞെരിക്കും.
സാറിന്റെ ഈ എക്സ്ട്രാക്ട് എന്ന വാക്കും മുഖത്തിന്റെ എക്സ്പ്രെഷനും കാണുമ്പോൾ ക്ലാസിലെ സകലമാന പിള്ളേരും ചിരി തുടങ്ങും...പലരും അടക്കി ചിരിക്കും. അതിന് മറ്റൊരു കാരണം കൂടി ഉണ്ട്... മോണോ ആക്ട മിമിക്രി ഇത്യാദി വിഷയങ്ങളിൽ പണ്ടേ തൽപരയായ ഈ ഞാൻ സാറ് ക്‌ളാസ് കഴിഞ്ഞു വാതിൽ പടി കഴിഞ്ഞാലുടൻ ഈ സാറ് നിന്നിരുന്ന അതേ പൊസിഷനിൽ ചെന്നു നിന്ന് അതങ്ങാട് അവതരിപ്പിക്കും. ഇല്ലെങ്കിൽ കൂട്ടുകാരികൾ എന്നെക്കൊണ്ട് നിര്ബന്ധിപ്പിച്ച്‌ അവതരിപ്പിക്കും.
അങ്ങനെയിരിക്കെ...ഒരു ദിവസം റീസേർച്ച് ക്ളാസിൽ സാർ ഈ എക്സ്ട്രാക്ട് എടുത്തു പുറത്തേക്കിട്ടു.അതു കേട്ടതും കുട്ടികൾ എല്ലാവരും ചിരി തുടങ്ങി.പക്ഷെ മുൻബെഞ്ചിലെ മാളക്കാർ ചിരിക്കുന്നത് മാത്രമേ സാറിന്റെ കണ്ണിൽ തെളിഞ്ഞുള്ളൂ .
"മാളക്കാർ ഒന്ന് എണീട്ടേ.." സാർ ഗൗരവത്തിൽ പറഞ്ഞു.
ഞങ്ങൾ കുറ്റവാളികളെ പോലെ എണീറ്റു നിന്നു പക്ഷെ ആരുടെ മുഖത്തെ ചിരിക്കും ഒരു കുറച്ചിലും ഇല്ല.. നാലുപേരും നിലത്തു നോക്കി കുനിഞ്ഞു നിന്നാണ് ചിരിക്കുന്നത് എന്നു മാത്രം.
"ഞാൻ ഇവിടെ എന്തു തമാശ പറഞ്ഞിട്ടാണ് നിങ്ങൾ ഇത്ര മാത്രം ചിരിക്കുന്നത്?"
ദേഷ്യപെട്ടുള്ള ചോദ്യവും നോട്ടവും എന്നോടാണ്.അല്ലെങ്കിലും എന്നെ കണ്ടാൽ റോഡിനരികിൽ നിൽക്കുന്ന പുല്ലിന് പോലും ഒന്ന് കേറി കമന്റാൻ തോന്നും. എന്താണോ എന്തോ !
"അയ്യോ സാറേ ..ഞാൻ ചിരിച്ചതല്ല...എന്റെ മുഖം എപ്പോഴും ഇങ്ങനെയാ! ഞാൻ എന്ത് ചെയ്യാനാ? "
ഞാൻ കുറ്റം എല്ലാം എന്റെ സൃഷ്ട്ടാവിൽ ചാർത്തി തടി തപ്പി.അത് കേട്ട് കൂടുതൽ ദേഷ്യത്തോടെ സാർ മഞ്ജുവിനെ നോക്കി.
"സാറേ ഇവള് ചിരിക്കുന്ന കണ്ടപ്പോ എനിക്ക് ചിരി വന്നു"....
മഞ്ജു വളരെ നിഷ്കളങ്കമായി പറഞ്ഞു.(കൂതറ കുഞ്ചു ...അവൾ ചുണ്ടനക്കാതെ മിണ്ടാൻ എക്‌സ്‌പേർട് ആയ ഒരു അഡാറ് സാധനമാണ് . അവളുടെ ചുണ്ടനക്കാത്ത കമന്റ്സിൽ തട്ടി വീണ് അട്ടഹസിച്ചതിനു ഞാൻ എത്ര തവണ ക്ലാസ്സിൽ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ടെന്നോ ! ) അക്ഷമനായ സാറിന്റെ നോട്ടം സിന്ധുവിലേക്കു പതിഞ്ഞു .
" ഒന്നൂല്യ സാറേ"...മുഖത്ത് വല്യ സീരിയസ്നെസ് ഒക്കെ വരുത്തി ഇമ്മടെ സിന്ധു പറഞ്ഞു.( കണ്ടാൽ അയ്യോ പാവം ആണെന്ന് തോന്നുമെങ്കിലും കൂട്ടത്തിലെ ഏറ്റവും ഭയങ്കര കമെന്റടിക്കാരിയാണ് അവൾ.മുടി ശെരിയാക്കുന്ന പോലെ അഭിനയിച്ച്‌ ഒച്ച താഴ്ത്തി " ഈ സാധനം എപ്പോഴാണാവോ ക്ലാസ്സ്‌ നിർത്താ , ഒന്ന് വീട്ടി പൊക്കൂടെ മാഷെ, ഈശ്വരാ ഈ സാറിന് ഒന്ന് പനി വരുത്തി കൂടെ ,വെറുതെ ക്‌ളാസ്സ് എടുത്തു നടക്കാതെ പോയി കല്യാണം കഴിച്ചൂടെ സാറെ " എന്നൊക്കെ സാറിന്റെ ക്ലാസ്സ് ബോറാകുമ്പോൾ കുത്തി ഇരുന്നു എണ്ണിപ്പറക്കുന്ന ചറപറാ വർത്തമാനക്കാരി !)
"ഇയാൾ എന്തിനാ ചിരിച്ചേ ?: തമ്മിൽ ഭേദം വിനയം ഉള്ള നിഷയോടാണ് സാറിന്റെ ചോദ്യം .

"ങേ..ഞാൻ ചിരിച്ചാ.. എപ്പെ!?..നിഷ തന്റെ ചിരിക്കുന്ന മുഖം അപ്പോഴേക്കും പകപ്പ് എന്ന വികാരത്തിലേക്ക് മാറ്റി കൊണ്ടു ചോദിച്ചു.
സാറിനു കലിപ്പ് ഇരച്ചു കയറി.
"മേലാക്കം എന്റെ ക്ലാസ്സിൽ ഇനി മാളക്കാർ ഒരുമിച്ചു ഇരിക്കാൻ പാടില്ല" തറപ്പിച്ചു നോക്കി താക്കീതു തന്ന് സാറ് ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി.
പിറ്റേ ദിവസം ടൈംടേബിൾ തെറ്റിച്ചു കൊണ്ട് റീസേർച്ച് സാർ ആദ്യത്തെ പീരിയഡിൽ തന്നെ ക്ലാസ് എടുക്കാൻ വന്നു. സാറിന്റെ താക്കീത് ഓർമ്മ ഉണ്ടെങ്കിലും ഞങ്ങൾ അതിനു മനസ്സു കൊണ്ട് ഒരുങ്ങിയിരുന്നില്ല.ഒരുമിച്ചു ഇരിക്കാൻ പാടില്ല എന്നല്ലേ പറഞ്ഞിരിക്കുന്നത്.അതോണ്ട് ഞങ്ങൾ നാലു ബെഞ്ചുകളിലായി അഭയം തേടാനായി ഓടിപാഞ്ഞു. അവറ്റകൾ മൂന്നെണ്ണം എങ്ങനെയൊക്കെയോ സ്ഥലം തേടി പിടിച്ചു.ഞാൻ മാത്രം ആരും ഏറ്റെടുക്കാൻ ഇല്ലാത്ത അഭയാർത്ഥിയെപോലെ തിരിഞ്ഞു മറിഞ്ഞു. എന്നെ ഏറ്റെടുത്താൽ ഉണ്ടാകാവുന്ന ആപത്തു ഓർത്ത് കണ്ണിൽ കത്തി നിൽക്കുന്ന ഭയത്തിന്റെ നിഴലുകൾ ഞാൻ ഓരോരുത്തരിലും ദർശിച്ചു. അതിനിടയിൽ എന്നെ ആരോ വലതു കൈയിൽ ഒന്നു ഞോണ്ടി ഒരു ബെഞ്ചിലേക്ക്‌ വലിച്ചിട്ടു.ഞാൻ നോക്കിയപ്പോ അതു ധന്യയാണ്.അല്ലെങ്കിൽ തന്നെ തടികൂടിയ അഞ്ചെണ്ണം ഇരിക്കുന്ന ബെഞ്ച്.എന്റെ മൂടിന്റെ പകുതി വേണേൽ കുത്താം . ബാക്കി ഭാഗം ശൂന്യതയിൽ !.ഇരിക്കാൻ പറ്റില്ല.എന്നാലും എനിക്ക് അഭയം നൽകിയ അവളെ നോക്കി ഞാൻ നന്ദിയോടെ ഒരു ചിരി പാസ്സാക്കി.എന്നിട്ടു എന്റെ ശരീരത്തിന്റെ എല്ലാ ഭാരവും ഇടതു കാലിനെ വിശ്വസ്തതയോടെ ഏല്പിച്ചു.
ബാക്കി മൂന്നെണ്ണത്തിന്റെ സ്ഥിതി എന്താണോ എന്തോ!ഞാൻ എത്തി വലിഞ്ഞു നോക്കി.അവറ്റകൾ കുടിയേറി പാർത്ത മൂന്നു ബെഞ്ചുകളും ശ്വാസം കിട്ടാതെ കിടന്നു ഞെരിപിരി കൊള്ളുന്നു.
സാറ് ഞങ്ങൾക്ക് ചിരിശിക്ഷ നല്കിയതോർത്ത് വിജയശ്രീ ലാളിതനായി ക്‌ളാസ് എടുത്തു കൊണ്ടിരിക്കുകയാണ്.ഞങ്ങളോ...ഒന്നു ശ്വാസം വിടണമെങ്കിൽ ഗ്രൂപ്പ് ഡാൻസ് പോലെ എല്ലാവരും
കൂടി ഒരുമിച്ചു ഇടത്തോട്ടോ വലത്തോട്ടോ തിരിയേണ്ട അവസ്ഥ!..ധന്യയുടെ ശ്വാസത്തിന്റെ ചൂട് എന്റെ കാതിൽ വന്നു ഇക്കിളി കാട്ടുന്നു.അവളുടെ ഹൃദയമിടിപ്പ് ആണോ അതോ എൻറെയാണോ ഏറ്റവും ഫാസ്റ്റ് എന്നു ഞാൻ സെല്ഫ് ചെക്കിങ് നടത്തുന്ന നേരം...അതാ...വീണ്ടും..വീണ്ടും ആ വാക്കും ആ എക്‌സ്പ്രെഷനും... ഇമ്മടെ സാറിന്റെ വായിൽ നിന്നും ....."എക്സ്ട്രാക്ട് " !!!.
അതു കേട്ട വഴി...ധന്യയുടെ മൂക്കിൽ നിന്നും ഒരു ചൂടൻ നിശ്വാസം എന്റെ കവിളിൽ വന്നു പതിച്ചു...ഞാൻ നോക്കിയപ്പം ധന്യ "കനക ചിലങ്ക കിലുങ്ങി കിലുങ്ങി കാഞ്ചന കാഞ്ചി കുലുങ്ങി കുലുങ്ങി" എന്ന പോലെ കുലുങ്ങി കുലുങ്ങി ചിരിക്കുകയാണ്..പല സ്ഥലത്തുനിന്നും ചിരിയോട് കൂടിയ ചുമകൾ...അടക്കി പിടിച്ച ദീർഘ നിശ്വാസങ്ങൾ, കളാസ്സിൽ മൊത്തം ഒരു ഇളം കാറ്റു വീശിയ പോലെ...നിശ്ചലമായി കിടന്ന കുളത്തിൽ ഒരു കുഞ്ഞോളം വന്ന പോലെ...പിന്നെ അതിനു വലുപ്പം വച്ചു.ചുമയും കുരയും ചിരിയും ഓളവും കാറ്റും .....
സാറ് നോക്കുമ്പോൾ ഇളം കാറ്റിൽ തെങ്ങിൻ കുലകൾ ആടുന്നപോലെ ആടുകയാണ് നാലു ബെഞ്ചുകൾ!..അതും നാലു മാളക്കാർ ഇരിക്കുന്ന ബെഞ്ചുകൾ !!!.പതുക്കെ ആ ആട്ടം മറ്റു ബെഞ്ചുകളിലേക്കു പടർന്നു പന്തലിച്ചു...പിന്നീട് അവിടെ മൊത്തം ഒരു ആട്ടമായിരുന്നു സുഹൃത്തുക്കളെ...ഒരുഗ്രൻ കാവടിയാട്ടം.!!
സാറിനു എന്തോ പന്തികേട് മണത്തു...സാർ തൻറെ ക്ലാസ്സിന്റെ ഫ്ലാഷ്ബാക്ക് എടുത്തു ഒന്നു വിശകലനം ചെയ്തു... സാറിന്റെ മുഖത്തു നിന്നും സാറിന് തന്നെ എന്തോ ഒരു ക്ലൂ കിട്ടിയതായി ഞങ്ങൾക്ക് അനുഭവപ്പെട്ടു.
അതുറപ്പിക്കാൻ എന്നവണ്ണം സാറ് ചോദിച്ചു.." എന്തിനാ നിങ്ങൾ ഒക്കെ ഇങ്ങനെ ചിരിക്കുന്നെ..!!?"
എക്സ്ട്രാക്ട്...സാറിന്റെ എക്സ്ട്രാക്റ്റേയ്..!! ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു.
സാറ് ആദ്യം ഒന്നു ഞെട്ടി..പിന്നെ ചമ്മി...പയ്യെ താടി തടവി ഒരു ചിരി ചിരിച്ചു.മനോഹരമായ നിഷ്കളങ്കമായ അത്യുഗ്രൻ ചിരി . എന്നിട്ട് വളരെ സീരിയസ് ആയിട്ട് ഒരു പ്രസ്താവന...
" ഉം...തൽക്കാലം മാളക്കാർ ഇങ്ങു എഴുന്നേറ്റു പോരെ.. ഇനി മുതൽ എന്റെ ക്ലാസ്സിൽ എന്നും ഒരുമിച്ചു ഇരുന്നാൽ മതി."
ഞങ്ങൾ കേട്ട പാതി കേൾക്കാത്ത പാതി..ഓടി ഫ്രണ്ട് ബെഞ്ചിൽ ചെന്നിരുന്നു. ഫ്രഷ് എയർ ഇതുവരെ കിട്ടാത്തോണം നല്ലോണം അങ്ങട് ശ്വസിച്ചു.
പാവം റീസേർച്ച് സാറ്.. മാളക്കാരോട് ഉള്ള അറ്റ കൈ പ്രയോഗോം പാളി പോയി അവനവന്റെ ഉള്ള നാണോം മാനോം പോയി. .അല്ലെങ്കിലും ആനയെ തളച്ചാൽ മരത്തിനാണ് കേട് അല്ലെ !!

Lipi

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot