നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

താമരയും മൂക്കുത്തിയും

താമരയും മൂക്കുത്തിയും
++++++++++++++++++
പട്ടാമ്പി എത്താൻ ഇനിയും അരമണിക്കൂറിൽ കുടുതൽ കാറോടിക്കണം.സമയം രണ്ടുമണി ആവാറായി,നല്ല വിശപ്പ്.
ഒരു പെണ്ണുകാണൽ ഉണ്ടായിരുന്നു.കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ പാലക്കാട് പോവാൻ വേണ്ടി വഴിയിലിറങ്ങി.കുട്ടിയെ ഇഷ്ട്ടമായെങ്കിലും വരുന്ന വഴി കുറിപ്പ് ഒത്തു നോക്കിയപ്പോൾ ഒരിക്കലും ചേരില്ലെന്നു പണിക്കർ പറഞ്ഞു.
"വീട്ടു സദ്യ" എന്നോരു ബോഡു കണ്ടപ്പോൾ ഞാൻ കാർ ഒതുക്കി.പുറത്തുള്ള നീല പ്ലാസ്റ്റിക്ക് ട്രമ്മിൽ നിന്ന് കൈ കഴുകി.ആകെ മൂന്നോ,നാലോ ടേബിൽ മാത്രം.
"ചോറു തീർന്നു" ഒരിക്കൽ നോക്കിയാൽ വീണ്ടും വീണ്ടും നോക്കാൻ തോന്നുന്ന മൂക്കുത്തി കാരിയുടെ സംസാരത്തിൽ തീരെ ദയ തോന്നിയില്ല.
വിശപ്പും വണ്ടി ഒതുക്കിയിട്ട് ഇറങ്ങിയതും ഊണില്ല എന്നു കേട്ടതും എനിയ്ക്ക് ശരിക്കും ദേഷ്യം വന്നു.
"പിന്നെ എന്തു കുന്തത്തിനാണ് ഈ ബോഡ് തൂക്കിയിരിക്കുന്നത് " ഊൺ തയ്യാർ എന്ന ബോഡു ചൂണ്ടി കൊണ്ടു ഞാൻ ചോദിച്ചു.
"ഇവിടെ രണ്ടു മണിവരെ ഊൺ ഉണ്ടാവുകയുള്ളു,ഞാൻ ബോഡ് മാറ്റാൻ പോവുകയായിരുന്നു അപ്പോഴ നിങ്ങൾ കയറി വന്നത് "സംസാരം ഇത്തിരി മയപ്പെടുത്തി കൊണ്ട് അവൾ പറഞ്ഞു.
" എന്തായാലും ഇരിയ്ക്കു,ഞാൻ ഒന്നു നോക്കട്ടെ "എന്നു പറഞ്ഞു കൊണ്ട് അവൾ കടയുടെ പിന്നിലേക്കു പോയി.
" പപ്പടവും ഉപ്പേരിയും ഉണ്ടാവില്ല തീർന്നു പോയി"ഒരിലയും കൊണ്ടു തിരിച്ചു വന്ന് അവൾ പറഞ്ഞു.
"കുറച്ചു ചോറും കറിയും മതി ചങ്ങാതി "ഞാൻ കൈ കൂപ്പി കൊണ്ടു പറഞ്ഞു.അവൾ ആദ്യമായി ഒന്നു ചിരിച്ചു.
എന്തോരു ഭംഗ്യയ പെണ്ണിന്, നർത്തകിമാരെ വെല്ലുന്ന വിടർന്ന കണ്ണുകൾ.നല്ല ശരീരഘടന.ഏകദേശം ഇരുപത് ഇരുപത്തിരണ്ടു വയസു കാണും.ആ മൂക്കുത്തി ശരിക്കും മോഹിപ്പിക്കുന്നു.
ഇതുപോലുള്ളയിടത്തും അമ്പലത്തിലും ബസ് സ്റ്റോപ്പിലും എല്ലാം എന്തു മാത്രം സുന്ദരികളാണ്.ആലോചനയുമായി ചെല്ലുമ്പോൾ ഒറ്റയെണ്ണത്തിനെയും കാണില്ല.
"അതെ,ഊണു കഴിക്കാൻ വന്നതല്ലേ?ചോറിലേക്ക് കറി ഒഴിക്കുമ്പോൾ അവൾ ചോദിച്ചു.ഞാൻ സ്വപ്ന ലേകത്തു നിന്നിറങ്ങി ചമ്മലോടെ കഴിച്ചു തുടങ്ങി.
"സ്പെഷ്യലായിട്ടു വല്ലതുമുണ്ടോ?കരിച്ചതോ പൊരിച്ചതോ? " ഞാൻ ചോദിച്ചു.
" ആദ്യമേ പറഞ്ഞില്ലെ,ആ പിന്നെ വേണമെങ്കിൽ ഓംലറ്റ് ഉണ്ടാക്കി തരാം "
ഞാൻ കൈ കൊണ്ട് ഓക്കെ എന്നു സിഗ്നൽ കൊടുത്തപ്പോൾ ട്രേയിൽ നിന്ന് മുട്ടയുമെടുത്ത് അവൾ പോയി.
എന്നിലെ പഞ്ചാര കുട്ടൻ ഉണർന്നും.ഒന്നു ചൂണ്ടയിടാൻ തന്നെ തിരുമാനിച്ചു.
"അടി പൊളിയാണ് " ഓംലറ്റുമായി വന്ന അവളെ നോക്കി ഞാൻ പറഞ്ഞു.
"എന്ത് " നെറ്റി ചുളിച്ചു കൊണ്ട് അവൾ ചോദിച്ചു.
"അല്ല,നല്ല കറിയാണെന്നു പറഞ്ഞതാണ് "
ഒന്നു മൂളി കൊണ്ട് അവൾ പ്ലേറ്റിൽ നിന്നു ഓംലറ്റ് ഇലയിലേക്ക് തട്ടി.
"എന്താ പേര് "ഞാൻ ചോദിച്ചു.
"ഇവിടെ ഇതിന് ഓംലറ്റ് എന്നാണു പറയാറ് " അവൾ എന്നെയോന്ന് ആക്കിയതാണെന്ന് മനസിലായി.
ഞാൻ മനപൂർവ്വം രണ്ടു മുന്നൂ തവണ കറി വാങ്ങിച്ചു.പെണ്ണിന് ഒരു ഇളക്കവുമില്ല.സുന്ദരനും സുമുഖനും സർവ്വോപരി സദ്ഗുണ സമ്പന്നനുമായ എന്നെ ഒന്ന് നോക്കാൻ പോലും ഇവൾ മിനക്കെടുന്നില്ലല്ലോ എന്നു ചിന്തിച്ചിരിക്കുമ്പോൾ അവൾ ചോദിച്ചു.
"അതെ മാഷെ കുറെ നേരമായല്ലോ,ഒന്നു വേഗം എണീറ്റാൽ നന്നായിരുന്നു,എനിക്കു വേറെ പണിയുണ്ട് "
"അല്ല,ഒരു ഓംലറ്റു കൂടി കിട്ടുമോ "ഇലയിൽ ആകെ ഉണ്ടായിരുന്ന നാലഞ്ചു വറ്റുകളിൽ പരതി കൊണ്ട് ഞാൻ ചോദിച്ചു.
അവൾ എന്റെ മുഖത്തേക്കും ഇലയിലേയ്ക്കും മാറി മാറി നോക്കി.എന്നിട്ട് നിന്റെ അസുഖം മനസിലായി മോനെ എന്നു കണ്ണുകൾ കൊണ്ടു പറയാതെ പറഞ്ഞു.
കൈ കഴുകുമ്പോൾ സോപ്പിന്റെ കഷ്ണം ഞാൻ മനപൂർവ്വം താഴെയിട്ടു.എന്നിട്ട് സോപ്പു ചോദിച്ചു.
"അവിടെ സോപ്പുണ്ടല്ലോ ? "
"അതു വഴുതി താഴെ വീണു "ഞാൻ പറഞ്ഞു.
"വീണില്ലെങ്കിലെ അത്ഭുദമൊള്ളു,അച്ഛാ ഒരു കഷ്ണം സോപ്പ് " എന്നു പറഞ്ഞു കൊണ്ട് അവൾ ധ്യതിയിൽ കടയുടെ പിന്നിലേയ്ക്കു പോയി.
"ഇത മോനെ സോപ്പ് " കണ്ണട വെച്ച പാതി നരച്ച മദ്ധ്യ വയസുള്ള ഒരാൾ സോപ്പു നീട്ടി കൊണ്ടു പറഞ്ഞു.
അവളുടെ അച്ഛനായിരിക്കും എന്നു ചിന്തിച്ച്‌ കൈ കഴുകുമ്പോൾ അയാളുടെ മുഖം തനിക്ക് പരിചിതമാണല്ലോ എന്ന തോന്നലിൽ ഒന്നു തിരിഞ്ഞു നോക്കി.
"അച്ഛാ ഞാൻ പോണു,ഇന്നു കുറച്ചു വൈകി "കറുപ്പിൽ വെള്ള നക്ഷത്രങ്ങളുള്ള ചുരിദാറും കൈയിൽ കുടയും ബാഗുമായി അവൾ.
"മോളു കഴിച്ചോ " അയാൾ ചോദിച്ചു.
"കഴിച്ചു,പിന്നെ പാലിന്റെ പൈസക്ക് ആളുവന്നിട്ടില്ല,ആ ബുക്കിലുണ്ട് പൈസ" എന്നു പറഞ്ഞു കൊണ്ട് എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ അവൾ പോയി.
"എത്രയായി "പേഴ്സിൽ നിന്നും നൂറു രൂപ എടുത്തു കൊണ്ടു ഞാൻ ചോദിച്ചു.
"അമ്പത്തിയഞ്ചു രൂപ "അയാൾ പറഞ്ഞു.
ബാക്കി പണം വാങ്ങുമ്പോൾ പെട്ടെന്ന് ഒരു പേരും മുഖവും മനസിൽ ഓടി വന്നു.അപ്പോൾ ഞാൻ ചോദിച്ചു.
"നിങ്ങളുടെ പേര് രമേശൻ എന്നാണോ?"കണ്ണട നേരെ വെച്ചു കൊണ്ടു അതെയെന്നർത്ഥിൽ അയാൾ തലയാട്ടി.
"ആനപടിയിലെ തെക്കെ വളവിപ്പിൽ രമേശേട്ടൻ"
"അതെ മോനെ,മോനെ എനിയ്ക്ക് മനസിലായില്ല? "
"ഞാൻ നാറാണത്തെ ബാലകൃഷ്ണൻ മാഷിന്റെ മോനാണ് "
"മാഷിപ്പോൾ "അയാൾ ചോദിച്ചു.
"അച്ഛൻ മരിച്ചിട്ട് മൂന്നു വർഷമാകുന്നു,ചേച്ചിയുടെ വിവാഹം കഴിഞ്ഞു,ഞാൻ പുറത്തായിരുന്നു, അമ്മ ഒറ്റക്കാണല്ലോ,അതു കൊണ്ട് ഇനി പോണില്ലന്നു വെച്ചു "
"എന്റെ കഥയോക്കെ മോന്നറിവുണ്ടായിരിക്കും അല്ലെ? "ഒരു ദീർഘ നിസ്വാസത്തോടെ അയാൾ ചോദിച്ചു.
"മോനിരിയ്ക്ക് ഞാനിതെല്ലാം ഒന്നെടുത്തു വെയ്ക്കട്ടെ "എന്നു പറഞ്ഞു കൊണ്ട് കറി പാത്രവും മറ്റുമായി അയാൾ പോയി.
ആനപടിയിൽ ആദ്യമായി കാറു വാങ്ങിച്ച ആളായിരുന്നു രമേശൻ തെക്കെ വളപ്പിലെ മൂത്ത മകൻ.മില്ലും നാളികേര സംഭരണവും മറ്റുമായി നല്ല നിലയിലായി ജീവിച്ചു പോരുകയായിരുന്നു.
രമേശൻ വിവാഹം കഴിച്ചത് ഒരു വട്ടിപലിശകാരന്റെ മകളെയായിരുന്നു.അതി സാമർത്ഥ്യകാരിയായ അവൾ വന്നു ഒരു വർഷം കഴിയും മുൻമ്പ് വീട്ടിൽ വഴക്കുണ്ടാക്കി ഓഹരി വാങ്ങി വേറെ താമശമാക്കി.
അവളുടെ ഉപദേശത്തിൽ പുതിയ പണമിടപാട് സ്ഥാപനം തുടങ്ങി.തുടക്കത്തിൽ നല്ല വളർച്ചയായിരുന്നു.ഭാര്യയുടെ അകന്ന ബന്ധത്തിൽ പെട്ട ഒരുവനായിരുന്നു മാനേജർ.
ഒരിക്കൽ മാനേജരുടെ ചില സാമ്പത്തിക തിരിമറികൾ രമേശൻ കണ്ടെത്തുകയും ഇനി ജോലിക്കു വരണ്ടായെന്നു പറയുകയും ചെയ്യ്തു.അതിനെ ചൊല്ലി ഭാര്യയും ഭർത്താവും തമ്മിൽ വഴക്കായി.
ഒരു സുപ്രഭാതത്തിൽ കിട്ടാവുന്ന അത്രയും അടിച്ചു മാറ്റി മാനേജർ മുങ്ങി കൂടെ രമേശന്റെ ഭാര്യയും.അന്നു അയാൾക്ക്‌ മൂന്നു വയസുള്ള ഒരു മകളുണ്ടായിരുന്നു.
ലക്ഷങ്ങൾ കടവന്നപ്പോൾ വീടും മറ്റും വിറ്റു.നാട്ടിൽ നിൽക്കാൻ ഗതിയില്ലാതെ അയാൾ മോളെയും കൂട്ടി അന്ന് നാടുവിട്ടതാണു.
"മോൻ എന്തിനു വന്നതാണു ഈ വഴി " ചെറിയ പഴകുലയിൽ നിന്നും ഒന്നിരിഞ്ഞ് എനിക്ക് നീട്ടി കൊണ്ട് രമേശേട്ടൻ ചോദിച്ചു.
"കല്ല്യാണം നോക്കുന്നുണ്ട്, ഒറ്റപാലത്ത് ഒരു കുട്ടിയെ കാണാൻ പോയത,അത് ശരിയായില്ല,എന്റെതു ശുദ്ധ ജാതകമാണു,അമ്മക്കു കുറിപ്പു നോക്കണമെന്നു നിർബന്ധം "ഞാൻ പറഞ്ഞു നിർത്തി.
"മോളുടെയും ശുദ്ധ ജാതകമാണു,ഇരുപത്തിരണ്ട് വയസായി;പിന്നെ ഞങ്ങൾ വാടകയ്ക്കാണു താമസിക്കുന്നത്,ഒരഞ്ചു സെൻറ്റ് സ്ഥലത്ത്‌ ഒരു തറയിട്ടു വെച്ചിട്ടുണ്ട് "
"ഇപ്പോൾ ഇവിടെ നിന്നും പോയ കുട്ടിയാണോ "
"അതെ മോനെ ബി.കോം.കഴിഞ്ഞു പിന്നെ ടാലിയും,ഉച്ചക്ക് ശേഷം ഒരു കോ-ഒപ്പറേറ്റിവ് സൊസൈയിറ്റിയിൽ ജോലി നോക്കുകയാണു "
"എന്താണു മോളുടെ പേര് " ഞാൻ ചോദിച്ചു.
"താമര,ഇത്തിരി കുറുമ്പിയ,ആരോടും മയത്തിൽ പേരുമാറില്ല, ഹോട്ടലിൽ പലരും വരുന്നതല്ലെ;താഴ്ന്നു കൊടുത്താൽ എല്ലാവരും തലയിൽ കയറുമെന്ന അവൾ പറയാറ് "
മോളെ താമരെ ഒത്തുവന്നാൽ നിന്റെ കുറുമ്പു ഞാൻ മാറ്റും ഞാൻ മനസിൽ പറഞ്ഞു.
"സത്യത്തിൽ ഊണു കഴിഞ്ഞിരുന്നു അവൾക്ക് കഴിക്കാനുള്ളതാണ് മോനു തന്നത്;ഒരില പോയാൽ അത്രയും നല്ലതാണല്ലോ എന്നു വിചാരിച്ചിരിക്കും,അവൾ രാവിലെ ഉണ്ടാക്കിയ ഉപ്പുമാവാണു കഴിച്ചത് " രമേശേട്ടൻ പറഞ്ഞു.
അതു കേട്ടപ്പോൾ എനികെന്തോ വല്ലാതെ വിഷമം തോന്നി.വിശപ്പു തീർന്നിട്ടും അവളോട് സംസാരിക്കാൻ വേണ്ടി വീണ്ടും വീണ്ടും ചോറു വാങ്ങിച്ചതിൽ ഖേദം തോന്നി.
ഞാൻ കൊടുത്ത രൂപ തിരിച്ചു തരാൻ രമേശേട്ടൻ വെറുതെ ശ്രമിച്ചു.പിന്നീടു വരാം എന്നു പറഞ്ഞ് ഇറങ്ങുമ്പോൾ മനസ് വല്ലാതെ അസ്വസ്ഥമായിരുന്നു.
വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ മനസിൽ തെളിഞ്ഞു വന്നത് അവളുടെ കടലുകൾ ഒളിപ്പിച്ച ആ കണ്ണുകളും ആ തിളങ്ങുന്ന മൂക്കുത്തിയുമായിരുന്നു.എന്തോ എനിക്ക്‌ തോന്നി ആ കണ്ണുകൾ എനിക്കു മാത്രം കാണാൻ വേണ്ടിയുള്ളതാണെന്ന്.മനസ് അവളെ കാണണമെന്നു മന്ത്രിച്ചപ്പോൾ എന്റെ കാലുകൾ ബ്രേക്കിലമർന്നു.
രമേശേട്ടൻ പറഞ്ഞ സൊസൈറ്റിയുടെ മുന്നിൽ വണ്ടി പാർക്കു ചെയ്യ്ത് ഞാൻ ആ ഓഫിസിന്റെ പടികൾ കയറുമ്പോൾ എനിക്കറിയില്ലായിരുന്നു അവളോട് എന്തു പറയണമെന്ന്.
ഒരു ചെറിയ റൂമായിരുന്നു അത്.എന്നെ കണ്ടതും പൊതുവെ വിടർന്ന അവളുടെ കണ്ണുകൾ കുടുതൽ വിടർന്നു.അവൾ എണീറ്റു നിന്നു.എതിർ വശത്തുള്ള പഴകിയ മര കസേരയിൽ ഞാനിരുന്നു എന്നിട്ട് പറഞ്ഞു.
"താമര എന്തിനാ എണീറ്റത് ,ഇരിക്ക് "ഞാൻ പേരു ചൊല്ലി വിളിച്ച ആശ്ചര്യത്തിലായിരുന്നു അവൾ.
"എന്താണിവിടെ ,എന്റെ പേര് എങ്ങിനെ അറിയാം"അവൾ മുറിച്ചു മുറിച്ചു ചോദിച്ചു.
"അതെല്ലാം അറിയാം,പിന്നെ ഞാൻ വന്ന കാര്യം,എനിക്ക് തന്റെ ഈ കണ്ണുകൾ എന്നും കണ്ടു കൊണ്ടിരിക്കണം പിന്നെ ഈ മൂക്കുത്തിയും,എന്തു പറയുന്നു "
അവളുടെ കണ്ണുകൾ കരയ്ക്കിട്ട മീനിനെ പോലെ പിടഞ്ഞു കൊണ്ടിരുന്നു.അവൾ തല താഴ്ത്തിയിരുന്നു.
"താൻ ഒന്നും പറഞ്ഞില്ല "ഞാൻ ചോദിച്ചു.
" ജീവിച്ചു പൊയ്ക്കോട്ടെ മാഷെ,ഇതു പോലെ പലരും വന്നതാണ് മനസിൽ സ്വപ്നങ്ങളുടെ വിത്തെറിയാൻ എല്ലാ കാര്യങ്ങളും അറിയുമ്പോൾ കണ്ണും മൂക്കുത്തിയുമെല്ലാം മനസിൽ നിന്നും മായും "അവൾ പറഞ്ഞു നിർത്തി.
" ആ പലരിൽ പെട്ട ആളല്ല ഞാൻ; ചില സ്വപ്നങ്ങൾ നിനക്കുമാത്രമായി വരും താമര, എങ്കിൽ ശരി ഞാനിറങ്ങുന്നു ഭാഗ്യമുണ്ടെങ്കിൽ വീണ്ടും കാണാം" എന്നു പറഞ്ഞ് ആ കണ്ണുകളും മൂക്കുത്തിയും മനസു കൊണ്ട് ഒന്നു കൂടി ഒപ്പി എടുത്ത് ഞാനിറങ്ങി.
അമ്മയുടെ മടിയിൽ തലചായ്ച്ച് ഞാൻ എപ്പോഴെ ഉറങ്ങി പോയിരുന്നു.എങ്കിലും ഇടയ്ക്ക് ഞാൻ അറിയുന്നുണ്ടായിരുന്നു അമ്മയുടെ വിരലുകൾ തലയിൽ തലോടുന്നത്.എന്തു വിഷമം വന്നാലും ഇതിനോളം ആശ്വാസം തരുന്ന മറ്റൊന്നുമില്ല.
"മോനെ എണീയ്ക്ക് സന്ധ്യയാവാറായി;നാളെ നമ്മൾ എത്ര മണിയ്ക്ക് ഇറങ്ങണം"
വന്നപാടെ താമരയുടെ കാര്യം സംസാരിച്ചിരുന്നു.എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അമ്മയ്ക്ക് താമരയേ ഒന്നു കാണാൻ ആഗ്രഹം.
"നമുക്ക് ഇവിടെ നിന്ന് പത്തുമണിയ്ക്ക് ഇറങ്ങാം ഉച്ചയൂണ് അവിടെന്നു കഴിയ്ക്കാം "
"അയ്യോ മോനെ അതു മോശമല്ലേ,അതു വേണ്ട "
"ഒരു മോശവുമില്ല നമ്മൾ ഫ്രീയായി കഴിക്കുന്നില്ല ബില്ല് കൊടുക്കും,അവളുടെ കൈപുണ്യം ഒന്നറിയാമല്ലോ"
ഞാനും അമ്മയും ഹോട്ടലിൽ എത്തിയപ്പോൾ രണ്ടു പേർ ഭക്ഷണം കഴിച്ച് എണീക്കുകയായിരുന്നു.എന്നെയും അമ്മയേയും കണ്ടപ്പോൾ അവളുടെ താമര കണ്ണുകൾ വിടർന്നു.അച്ഛ എന്നു വിളിച്ചു കൊണ്ടു അവൾ പിന്നിലെ ലോഡ്‌ജിലേയ്ക്കു പോയി.
"രമേശന് എന്നെ മനസിലായോ?"അമ്മ ചോദിച്ചു.
"എന്തു ചോദ്യമാണ് സാവിത്രിയെടതി,അറിയാതെ "
നിന്ന നിൽപ്പിൽ തന്നെ അമ്മ കാര്യം അവതരിപ്പിച്ചു.അയാൾ വിശ്വാസം വരാത്ത പോലെ രണ്ടു പേരുടെയും കണ്ണുകളിലേക്ക് മാറി മാറി നോക്കി.
"നമുക്ക്‌ റൂമിലേക്കിരിക്കാം "രമേശൻ പറഞ്ഞു.
" മോൾ എവിടെ എന്നു ചോദിച്ചു അമ്മ അടുക്കളയിൽ കയറി നോക്കി അവളെ കണ്ടില്ല "
അവർ ബെഡ് റൂമിൽ കയറി നോക്കിയപ്പോൾ അവൾ അവിടെ ചുമരും ചാരി നിൽക്കുന്നു.
"മോളെ ഇങ്ങ് അടുത്തുവ"അവൾ അവർക്കരികിലേക്കു നീങ്ങി നിന്നു.അവളുടെ കണ്ണുകളിൽ പെയ്യാൻ വിതുമ്പി രണ്ടു തുള്ളി കണ്ണുനീർ തങ്ങി നിന്നു.
"ഇന്ന് ഓഫിസിൽ പോകുന്നില്ലെ?എന്ന ചോദ്യത്തിനു ഉണ്ടെന്ന് തലയാട്ടി കൊണ്ടു പറഞ്ഞു.
"ഈശ്വരൻ അനുഗ്രഹിക്കും" എന്നു പറഞ്ഞു അവളുടെ തലയി കൈ വെച്ചത്തിനു ശേഷം അവർ റൂമിൽ നിന്നും പുറത്തിറങ്ങി.
"മോൾക്ക് എന്തോ വിഷമമുള്ളതു പോലെ തോന്നി"അമ്മ പറഞ്ഞു.
"ഒരുപാട് പേർ ഇഷ്ട്ടമാണെന്നു പറഞ്ഞു വന്നിരുന്നു അവസാന നിമിഷം ഏതെങ്കിലും ബന്ധുവിനു ഇഷ്ട്ടമല്ല എന്നു പറഞ്ഞ് മുടങ്ങും"രമോശൻ പറഞ്ഞു.
ഞാനും അമ്മയും ഊണു കഴിച്ചു കഴിയുന്നതുവരെ അവൾ പുറത്തു വന്നില്ല.അതിനിടയ്ക്ക് അമ്മ ജാതക കുറിപ്പ് വാങ്ങിച്ചിരുന്നു.പോകാൻ നേരം എന്റെ കണ്ണുകൾ അവളെ തിരയുന്നത് അമ്മ കണ്ടു.പോയി പറഞ്ഞിട്ടുവാ എന്ന അർത്ഥത്തിൽ കണ്ണുകൾ കൊണ്ട് സൂചന തന്നു.
"ഞങ്ങൾ ഇറങ്ങുകയാണെ"എന്നു പറഞ്ഞു ഞാൻ അവളുടെ റൂമിലേയ്ക്കു കയറി.ആ റൂമിർ തങ്ങി നിന്ന ഗന്ധം എന്നിലേക്ക് അരിച്ചു കയറി. അവളുടെ ലോകം അവളുടെ മണം. നാണവും സ്നേഹവും പരിഭവും കൂടികലർന്ന് ചുവന്നു തുടുത്ത കവിളുകൾ അരയന്നങ്ങൾ നീന്തി തുടിക്കൂന്ന ജലാശയം പോലെയുള്ള കണ്ണുകൾ തിളങ്ങുന്നു ഒപ്പം മൂക്കുത്തിയും.
കെട്ടിപിടിച്ച് ആ നെറുകിലും കണ്ണുകളിലും ഒരായിരം ഉമ്മ കൾ നൽകാൻ തോന്നി.പക്ഷേ പറ്റില്ലല്ലോ.അവളുടെ മുഖത്ത് പ്രതീക്ഷയുടെ തിളക്കം കണ്ടു.
ജോത്സ്യന്റെ വീട്ടു പടിക്കൽ കാർ നിർത്തി ഞാൻ ഇറങ്ങൻ വേണ്ടി ഡോർ തുറന്നപ്പോൾ അമ്മ പറഞ്ഞു.
"മോനെ ചിലപ്പോൾ അയാൾ ഇതു ചേരില്ല എന്നു പറഞ്ഞാലോ?അത് പിന്നീട് ഒരു വിഷമമാവും"
അമ്മ ആ കുറിപ്പ് കുനു കുനെ ചീന്തി പുറത്തേക്കിട്ടു.ഞാൻ അമ്മയ്ക്ക് ഒരുമ്മ കൊടുത്തു.
"ഏട്ട അതിൽ തൊണ്ടി കുത്തിയിരിക്കാതെ ഒന്നിങ്ങട്ട് വന്നു സഹായിക്ക് "
നിങ്ങൾ കേട്ടില്ലെ വിളിയ്ക്കുന്നത്.ഒരു നേരം എന്നെ വെറുതെ വിടില്ല,ഞാൻ ചുമ്മാ പറഞ്ഞതാണു കേട്ടോ,അവളുടെ മണമില്ലാതെ ഞാനും എന്റെ മണമില്ലാതെ അവളും ഉറങ്ങാറില്ല.മണത്തു മണത്തു ഇപ്പോൾ ഒരു ഒന്നരവയസുകാരൻ ഞങ്ങൾക്കിടയിലുണ്ട്.
അപ്പോൾ പറഞ്ഞു വരുന്നത് എന്തെന്നാൽ ഇന്ന് ഞങ്ങളുടെ മൂന്നാം വിവാഹ വാർഷികമാണ്.നിങ്ങൾ ഇതു വായിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ എന്റെ താമരയുടെ കണ്ണുകളിൽ കുറച്ചു നേരം നോക്കിയിരിക്കട്ടെ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot