നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

******തസ്കരപുരാണം ******

******തസ്കരപുരാണം ******
സമർപ്പണം:
ക്യാൻസർ ബാധിതനായി അകാലത്തിൽ ജീവൻ വെടിഞ്ഞ കേരളത്തിലെ ഒരു പാവം ഗ്രാമപഞ്ചായത്ത് മെമ്പർക്ക്‌....
തസ്കരണപുരാണം രണ്ടാം ഭാഗം:_
ഐശ്വര്യാ റായ് ലോക സുന്ദരിപ്പട്ടം നേടിയ വർഷം..
കേരളത്തിലെ സംസ്കാരികനഗരത്തിലെ ഒരു പ്രമുഖ കോളേജിലെ പ്രീ ഡിഗ്രീ വിദ്യാർഥിനി സ്വയം ലോക സുന്ദരി എന്ന പട്ടം അലങ്കരിച്ച് ആത്മനിർവൃതി അടയുന്ന കാലം..
കണ്ണടികൾ പറയുന്ന കഥകളെ മുഖവിലക്കെടുക്കാത്ത ആ പ്രായത്തിൽ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിലേക്ക് പ്രയാണം മാർക്കറ്റിന് മുന്നിലൂടെയാണ്. വെറും പത്ത് മിനിറ്റ് മാതം മതിയായിരുന്നു നടപ്പ് ..ദിവസവും ഉള്ള ആ യാത്രയിലൊരുനാൾ അവിചാരിതമായി പിന്നിൽ നിന്നൊരു ചോദ്യം
."കുട്ടീ.. കുട്ടീടെ പേരെന്താ..?.""
അപ്രതീക്ഷിതമായി പിന്നിൽ നിന്നും കേട്ട പുരുഷ ശബ്ദത്തില്‍ ഒന്ന് നടുങ്ങി.. തലയൊന്ന് ചെരിച്ച്...ശബ്ദത്തിൻ്റെ ഉടമെയെ കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ കണ്ടത് സെവൻ്റി mm ചിരിയോടെ ഒരു പുരുഷ പ്രജ..
ഉണക്കമീൻ കാണുമ്പോ പൂച്ചക്കുണ്ടാകുന്ന ആർത്തി ഒത്തിരി കണ്ടത് കൊണ്ടാകും പൂവാലൻപൂച്ചയെ കണ്ടപ്പോൾ എനിക്ക് ഒന്നും തോന്നിയില്ല ..എങ്കിലും ലോക സുന്ദരിയുടെ മുഖം കൂരി മീനിനെ പോലെ ഒന്ന് കൂർപ്പിച്ച് ,കണ്ണുകൾ കത്തിവേഷത്തിലെന്ന പോലെ പുറത്തേക്ക് തള്ളാൻ ഒരു ശ്രമവും നടത്തി സൈഡിൽ തൂക്കിയ ബാഗ് ഒന്ന് നേര്യാക്കി നിർബാധം യാത്ര തുടർന്നു..
പൂച്ച എന്നെ വിടാൻ ഉള്ള ഭാവമില്ല.എനിക്ക് അകമ്പടി സേവിച്ച്...സ്റ്റാൻഡ് വരെ വന്നു..അവിടെ എന്നെ കാത്ത് സാധാരണ നിൽക്കാറുള്ള കൂട്ടുകാരെ കാത്ത് നിൽക്കാതെ മുന്നിൽ കണ്ട ഏതോ ഒരു കുന്നംകുളം ബസ്സിൽ ചാടി പിടിച്ച് കേറി..
പതിവില്ലാതെ തങ്ങളുടെ ബസ് തിരഞ്ഞെടുത്ത സന്തോഷത്തിൽ ആ ബസ്സിലെ കിളിയും ഡ്രൈവറും എനിക്ക് മനോഹരമായ പുഞ്ചിരി സമ്മാനിച്ചപ്പോൾ ഞാൻ ആന്നാദ്യമായി അവരിൽ നിന്നും അതേറ്റ് വാങ്ങി..
ബസ്സിൽ അകന്നു പോകുന്ന ഹൃദയത്തെ കള്ളിച്ചെല്ലമ്മയിലെ ഷീലാമ്മയെ പോലെ പാവം പൂച്ച നിർന്നിമേഷനായി നോക്കി നിന്നു..
വിരിഞ്ഞ പൂക്കൾ കൊഴിഞ്ഞ് പോയെങ്കിലും ഒരാഴ്ച പാവം പൂച്ച ഈ കലാപരിപാടി തുടർന്നുപോന്നു.
സെൻസസ് എടുക്കാൻ നിയുക്തനായവനെ പോലെ പാവം പൂവാലൻ പൂച്ചക്ക് എന്റെ നാടും വീടും കുടുംബവും ഒക്കെ അറിയണം..
ഞാൻ ആണെങ്കിൽ കൂരിമീനുന്‍റെ മുഖം മാറ്റാൻ ഉള്ള ഭാവം ഒന്നുമില്ല.കടന്നൽ കുത്തിയ മുഖഭാവം എങ്കിലും ആരെങ്കിലും തങ്ങളെ നോക്കിയില്ല ..ശ്രദ്ധിച്ചില്ല എങ്കിൽ ഇൗ തരുണീമണികൾക്ക് ഒരു മനഃസുഖവും കിട്ടില്ല എന്നാണ് എന്റെ മതം..പാവം പുരുഷുക്കൾ പ്രേമ കടാക്ഷം എറിയുമ്പോ ഇൗ പെൺകുട്ടികൾ കാണിക്കുന്ന അമിത ദേഷ്യം ഒക്കെ ചുമ്മാ ജാടയെന്നെ ഞാൻ പറയു..അതിൽ കുറച്ചൊക്കെ ഗൂഢമായി സന്തോഷിക്കുകയും എന്നാല്‍ ഭയം കൊണ്ടും അഭിമാനം കൊണ്ടും ഉള്ളിലെ വികാരങ്ങൾ പുറത്ത് കാണിക്കുന്നില്ല എന്നതൊക്കെ ആയിരുന്നു പഴയ കാല സ്ത്രീജനങ്ങൾ....
അങ്ങനെ ഒരാഴ്ച നീണ്ട എസ്കോർട്ട് ഒടുക്കം ബസ് സ്റ്റാൻഡിൽ പൂച്ച എനിക്ക് കാവൽ നിൽക്കുന്ന അവസ്ഥയിൽ കൊണ്ട് ചെന്ന് എത്തിച്ചു ..ഇനിയും ഇൗ നാടകം തുടർന്ന് കൊണ്ട് പോകാൻ മനസ്സനുവദിക്കാഞ്ഞതിനാലും ഏറ്റവു ഒടുവിൽ പൂവാലൻ പൂച്ചയുടെ മുഖം അടുത്ത് കണ്ടപ്പോൾ വെളുത്ത മുഖത്ത് രണ്ട് വലിയ വെട്ടുപാടുകൾ കണ്ടതിനാലും പൂച്ചയുടെ കവാത്ത് കഥ ഞാൻ വീട്ടിൽ അവതരിപ്പിച്ചു .അതിനിടയിൽ മാർക്കറ്റിൽ പച്ചക്കറി കച്ചോടം ആണ് നമ്മുടെ പൂവാലന് എന്ന നഗ്നസത്യം ഞാൻ മനസ്സിലാക്കിയിരുന്നു..
അത് കൊണ്ട് തന്നെ പിന്നത്തെ തവണ മാർക്കറ്റിൽ എത്തിയ ഞാൻ എന്റെ പൂച്ചയെ മമ്മിക്ക് കാണിച്ച് കൊടുത്തു
മമ്മിയുടെ കൂടെ എന്നെ കണ്ടതും പൂച്ചയുടെ മുഖം രക്തവർണമായതും ഉടുത്തിരുന്ന മുണ്ടിന്റെ തല താഴോട്ട് വലിച്ചിട്ട് കൈകൾ ബഹുമാനപൂർവ്വം കെട്ടി പഞ്ചപുച്ചമടിച്ച് നിൽക്കുന്നതും കണ്ടു
മമ്മി പൂച്ചയെ കണ്ടതും എന്റെ ചെവിയിൽ പതിയെ പറഞ്ഞു .
"ഇത് നമ്മുടെ പഴയ കള്ളനാടീ.....""
ഇനി തസ്കരപുരാണം ഒന്നാം ഭാഗത്തിലേക്ക്‌..
ഇവിടെ നായിക ഞാൻ അല്ല എന്റെ മമ്മിയുടെ അനിയത്തിയാണ്..എന്റെ കുഞ്ഞമ്മ..
കാലം 1990
ഫ്ലോറൻസ് നൈറ്റിങ്കേലിന്റെ പാത പിന്തുടരുന്ന ആ വെളുത്ത മാലാഖയുടെ വിവാഹം കഴിഞ്ഞ് പതിനാറാം ദിവസം.. തന്നെ തനിച്ചാക്കി ഗൾഫിലേക്ക് പറന്ന പ്രിയ തമന്റെ ഓർമയിൽ നിമഗ്നയായി ..ജോലിയും കഴിഞ്ഞ് ..ഇടവേളയിൽ എഴുതി ഉണ്ടാക്കിയ കത്തിനെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞ്.. അന്നത്തെ കാലത്ത് നാട്ടിലെ എല്ലാവരുടെയും മനസ്സും കണ്ണീരും ഒക്കെ നെഞ്ചിലേറ്റി കൊണ്ടിരുന്ന മഹാനുഭവൻ ..നമ്മുടെ സ്വന്തം പോസ്റ്റ് ബോക്സിന്റെ കൈകളിലേക്ക് തന്റെ ഹൃദയത്തെ നിക്ഷേപിച്ച് മടങ്ങി വരുന്ന ഒരു സായാഹ്നത്തിൽ. .....
എളിയിൽ ..സാരിതലപ്പിനിടയിൽ കൂടി നീണ്ട് വന്ന ഒരു സാധനത്തെ കൈകൾ കൊണ്ട്...തട്ടി കളഞ്ഞൂ ആദ്യം കുഞ്ഞമ്മ..
വിരഹത്തിന്റെ വേദനയില്‍ ..നെഞ്ചകം പിടയുന്നു .അപ്പോഴാണ് എന്തോ ഒന്ന് വീണ്ടും എളിയിൽ തടയുന്നത്...
ഒന്ന് കൂടി നോക്കി...
"എന്റമ്മേ...കത്തി..""
അറിയാതെ വിളിച്ച് പോയ നേരം കൊണ്ട്....കത്തിയുടെ ഉടമ കഴുത്തിലെ മാലയിൽ പിടി മുറുക്കിയിരുന്നു..
പിന്നെ അവിടെ ഒരു വടംവലി മത്സരം അരങ്ങേറി. കയ്യിലെ കത്തിയുടെ കാര്യം ഉടമ മറന്ന് പോയതോണ്ടോ മാലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിന്നതോണ്ടോ ആവും കത്തിപ്രയോഗത്തിന് മുതിരാഞ്ഞത്
മത്സരത്തിന് ഒടുവിൽ ..കത്തിയുടെ ഉടമ മാല വലിച്ചെടുത്തു ..ഓടി..
പി ടി ഉഷ പോലെ കുഞ്ഞമ്മ പിന്നാലെ ...
"കള്ളൻ കള്ളൻ"
നാട് നടുങ്ങുമാറു കുഞ്ഞമ്മയുടെ അലർച്ച കേട്ട് നാട്ടുകാർ ഓടി വന്നു .അന്ന് മൊബൈൽ കുന്ത്രാണ്ടം ഇല്ലാത്തതു കൊണ്ടും ക്യാമറാമൻമാർ കുറവായത് കൊണ്ടും എല്ലാരും പോരാളികളായി കള്ളനെ പിടിക്കാൻ ശ്രമം നടത്തി.
കത്തി വീശി ചുഴറ്റി കായംകുളം കൊച്ചുണ്ണി കണക്കെ നാട്ടുകാരെ ഭീതിയിൽ നിർത്തി...സകല അടവും പഠിച്ച ആ തസ്കരവീരൻ നാട്ടുകാരിൽ നിന്നും അതിവിദഗ്ദമായി രക്ഷപ്പെട്ടു മതിലും ചാടി ഓടിപ്പോയി.
അലമുറ ഇട്ട് കരഞ്ഞ്...പാറിപ്പറന്ന മുടിയും കൊണ്ട്...കുഞ്ഞമ്മ സ്വന്തം ചേച്ചിയുടെ അരികിലേക്ക് മൂന്ന് ചക്രവണ്ടിയിൽ പാഞ്ഞെത്തി...
ഞങ്ങളുടെ താമസം കാക്കിയിട്ട ഏമാൻമാരുടെ വീടുകളുടെയും ഓഫീസിന്റെയും അടുത്തായിരുന്നതു കൊണ്ടും...അവരുടെ കുടുംബാംഗളുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നത് കൊണ്ടും അന്നത്തെ ഡി വൈ എസ് പി സുബ്രണ്യൻസാറിന്റെ അടുത്തേക്ക് ഞങ്ങൾ മാലപിടിച്ചുപറിയുടെ നിവേദനം കൈമാറി..
സൈബർലോകം വികസിക്കാത്ത ആ കാലഘട്ടത്തിലെ പോലീസിന്റെ ഊർജിതമായ തിരച്ചിൽ കൊണ്ട് .ഒരാഴ്ചക്കകം കക്ഷിയെ പാലക്കാട് നിന്നും പൊക്കി. .
നമ്മുടെ പാവം തസ്കരൻ..അവിടെ ഏതോ വീടിന്റെ മച്ചിൻപുറത്ത്...എലിക്കും പല്ലിക്കും കൂട്ടിരിക്കുകയായിരുന്നു എന്നാണ് കേട്ട് കേൾവി.
എന്തായാലും കിട്ടിയ ഇരയെ കാക്കിക്കാർ നന്നായി പെരുമാറികാണണം. സ്റ്റേഷനിൽ കാണാൻ ചെല്ലുമ്പോള്‍ കത്തി കാട്ടി നെഞ്ച് വിരിച്ച് നിന്ന മഹാനായ തസ്കരന് കുഞ്ഞിക്കൂനനായി രൂപമാറ്റം സംഭവിച്ചിരുന്നു
അ കാഴ്ച കണ്ട് മനം നൊന്ത് കുഞ്ഞമ്മ പാവം കള്ളനെ വെറുതെ വിടാനുള്ള നടപടികള്‍ സ്വീകരിച്ചു ..അതും പോരാഞ്ഞ് മുട്ട് കുത്തി പ്രാർത്ഥനയും തുടങ്ങി.
പോലീസിന്റെ തടവ് കൊണ്ടോ..കുഞ്ഞമ്മ യുടെ പ്രാർഥനകൊണ്ടോ...അറിഞ്ഞൂട....തസ്കരൻ.പഴയ പണി അങ്ങ് നിർത്തി...
മാർക്കറ്റിൽ കച്ചോടം തുടങ്ങി...
അങ്ങനെ കച്ചോടം പൊടി പൊടിക്കുമ്പോൾ ആണ് ലോകസുന്ദരി മുന്നിലൂടെ നടന്നു പോകുന്നത്.
കിട്ടിയാലൂട്ടി ... അല്ലെങ്കില്‍ ചട്ടി..
ചിന്തിച്ചു കാണണം..
പക്ഷേ വീണ്ടും പാമ്പിന്റെ പൊത്തിലാണ് കൈ ഇട്ടത് എന്ന് അറിഞ്ഞില്ലല്ലോ ..
പിറ്റേന്ന് പതിവ് പോലെ ഞാന്‍ ബസ്സിനായുള്ള പാച്ചിലിനിടയിലാണ് അപ്രതീക്ഷിതമായി പൂച്ച മുന്നില്‍ ചാടിയത്
"ആളറിയാതെയാ കുട്ടീ ..
വീട്ടില്‍ പറയല്ലേട്ടാ....""
പറഞ്ഞു കഴിഞ്ഞതും അവൻ്റെ തോളത്ത് മറ്റൊരു കൈപതിഞ്ഞതും ഒരുമിച്ച് ....
"നീയാണോടാ എന്റെ മോളെ ശല്യം ചെയ്യണത് ?""
ചോദ്യം ചോദിക്കലും മുഖത്ത് ഒന്നു പെടച്ചതും പൂച്ച നാല്‌ കാലില്‍ വീണതും പെട്ടെന്നായിരുന്നു
ഡാഡി കലി തുള്ളി നിൽക്കുകയാണ് ...
മമ്മിയുടെ തസ്കരചരിതം എന്ന തലയണമന്ത്രം ഡാഡിയിൽ പ്രവര്‍ത്തിച്ചതാണ് ...
ഇനീം നിന്നാല്‍ അടുത്ത പെട എനിക്കായിരിക്കുമെന്നറിയാവുന്നോണ്ട്
കൈയ്യില്‍ ഇരുന്ന കുടയും നിവർത്തി മുന്നും പിന്നും നോക്കാതെ ഒരൊറ്റ നടത്തം...
പിന്നീ്ട് പച്ചമുളക് കടിച്ച കുരങ്ങൻ കണക്കേ തസ്കരവീരൻ്റെ മുഖം എന്നെ കാണുമ്പോള്‍ മാറുന്നത് ...ആ വഴിയേ പോകുമ്പോള്‍ ഇടം കണ്ണാൽ ഞാന്‍ നോക്കി കണ്ടു ...
ഇനി ഭാവിയില്‍ വരുന്ന ഏതു പൂവാലനുമുണ്ടാകാൻ പോകുന്ന ഗതിയും അതിനൊപ്പം എനിക്കു കിട്ടാൻ സാദ്ധ്യത ഉള്ള കിഴുക്കും മനസ്സില്‍ പതിഞ്ഞതോണ്ട് പ്രേമം എന്ന കാളകൂടവിഷവും കൊണ്ട് ആര് വന്നാലും ഞാന്‍ അപ്പോള്‍ ഒരൊറ്റ കാച്ചങ്ങ് കാച്ചും ....
"ഞാനേയ് ... പോലീസുകാരൻ്റെ മോളാ..."
അങ്ങനെ പോലീസുകാരൻ്റെ മോള് പ്രേമിക്കാനും പോയില്ല ....കച്ചോടം നിർത്തി നമ്മുടെ തസ്കരൻ അടുത്ത തട്ടകത്തിലേയക്ക് കാലെടുത്തുവെച്ചു....
കാക്കിയണിഞ്ഞാലും നക്ഷത്രങ്ങള്‍ എത്ര തോളില്‍ കേറിയാലും പഞ്ചപുച്ചമടക്കി നിൽക്കേണ്ടുന്ന ഗതികേടുള്ള രാഷ്ട്രീയം എന്ന മഹാസാമ്രാജ്യത്തിലേയ്ക്ക്.....

Shabna

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot