നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിനക്കായ്

നിനക്കായ്
------------------
പ്രിയമുള്ളവളേ..
ഒരുപാട് നാളായി നിന്നോട് കുറച്ച് കാര്യങ്ങൾ പറയണം എന്നു വിചാരിക്കുന്നു.. പറയാതെ തന്നെ നീ എല്ലാം മനസ്സിലാക്കും എന്നു കരുതിയാണ് ഇത്രയും നീട്ടിക്കൊണ്ടു പോയത്..
പക്ഷേ ഇനിയും പറഞ്ഞില്ലെങ്കിൽ എല്ലാം കെെവിട്ട് പോകും എന്നെനിക്ക് പേടി തോന്നുന്നു..
നിനക്ക് എന്നോടുള്ള പ്രണയം ദിനം പ്രതി അന്യമായിക്കൊണ്ടിരിക്കുന്നു.. നിൻ്റെ അവഗണന എന്നെ എന്തു മാത്രം വേദനിപ്പിക്കുന്നുണ്ട് എന്നറിയാമോ.?..
കഴിഞ്ഞു പോയ നല്ല നാളുകളോർത്ത് വിങ്ങി പൊട്ടാനേ എനിക്കിപ്പോൾ കഴിയുന്നുള്ളു..
എന്തിഷ്ടമായിരുന്നു നിനക്കെന്നെ..
ഭർത്താവും മക്കളും പോയിക്കഴിഞ്ഞു നീ തനിച്ചാവുമ്പോൾ നീ എൻ്റേതു മാത്രമായിരുന്നു.. ഞാനും നീയും മാത്രമുള്ള ഒരു ലോകം.. നമ്മുടെ ലോകം ..
അപ്പോഴൊക്കെ നീയെന്നെ എത്രമാത്രം പ്രണയിക്കാറുണ്ട്.. പ്രണയം കൂടുമ്പോൾ നീ എന്നെ ഓമനിക്കാൻ തുടങ്ങും.. എത്ര ഓമനിച്ചാലും നിനക്ക് മതിയാവില്ലായിരുന്നു.. നിൻ്റെ കരസ്പർശനത്താൽ പുളകം കൊള്ളാറുണ്ടായിരുന്നു ഞാൻ..
നിനക്കറിയാമല്ലോ നിൻ്റെ വളരെക്കാലത്തെ ആശയും അഭിലാഷവുമായിരുന്നു ഞാനെന്ന്.
നിൻ്റെ സ്വപ്ന സാക്ഷാത്ക്കാരം..
ആദ്യമായി എന്നെ നീ ആളുകൾക്ക് പരിചയപ്പെടുത്തിയപ്പോൾ, എന്നെ കണ്ട് എല്ലാവരും നിന്നെ അഭിനന്ദിച്ചപ്പോൾ, അവരുടെയിടയിൽ അഭിമാനത്തോടെ നീ തലയുയർത്തിപ്പിടിച്ചു നിന്നപ്പോൾ നിറഞ്ഞത് എൻ്റെ ഹൃദയമായിരുന്നു.. അത്രയും ആത്മബന്ധമായിരുന്നല്ലോ നമ്മൾ തമ്മിൽ..
എത്ര പെട്ടെന്നാണ് കാര്യങ്ങളൊക്കെ കീഴമേൽ മറിഞ്ഞത്.. ഇപ്പോൾ കുറച്ച് കാലമായി നിനക്ക് എൻ്റെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ലാതായിരിക്കുന്നു..
കൃത്യമായി പറഞ്ഞാൽ ഫേസ്ബുക്ക് എന്ന മായാപ്രപഞ്ചത്തിൽ നീ എത്തിപ്പെട്ടതിനു ശേഷം...
നിനക്കിപ്പോൾ എന്നെ കാണുന്നത് തന്നെ ഇഷ്ടമല്ലാതായിരിക്കുന്നു.. നിൻ്റെ ദിനചര്യകളൊക്കെ തെറ്റി.. എന്തെങ്കിലുമൊക്കെ വെച്ചുണ്ടാക്കി കൊടുത്ത് ഭർത്താവിനെയും മക്കളെയും പറഞ്ഞയച്ചു കഴിഞ്ഞാൽ മൊബെെൽ ഫോണുമായി ഒരു മൂലയിൽ ചടഞ്ഞിരിക്കാനാണ് നിനക്കിഷ്ടം..
നിൻ്റെ കരലാളനകൾ ആഗ്രഹിച്ച് ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര നാളായി എന്നറിയാമോ.. എന്നാൽ നീയെന്നെ തിരിഞ്ഞു നോക്കാറു പോലുമില്ല.. നിൻ്റെ കരുതലും സ്നേഹവും കിട്ടാത്തതിനാൽ എൻ്റെ ശരീരം മുഴുവൻ മലിനമായിരിക്കുകയാണ്..
എന്നിട്ടും നീ അതൊന്നും ഗൗനിക്കുന്നേയില്ല..
എന്താണ് നിനക്ക് പറ്റിയത്.. ഫേസ്ബുക്കിൻ്റെ വർണ്ണ ലോകത്തിൽ എന്താണ് നിന്നെ ഇത്രയും മോഹിപ്പിക്കുന്നത് ആരാണ്.. എന്നെ മറന്ന് നീ അതിൽ ഇങ്ങനെ ലയിച്ചു ചേരുന്നത് എന്തുകൊണ്ടാണ്..
ഈ ചോദ്യങ്ങളൊക്കെ ഞാൻ എന്നോട് തന്നെ പലവട്ടം ചോദിച്ചു നോക്കി.. ഇതുവരെ ഉത്തരം കിട്ടിയില്ല.. നീയെങ്കിലും ഒരു ഉത്തരം തരൂ..
നിൻ്റെ മൗനം എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു.. കല പില കൂട്ടിയും മൂ
ളിപ്പാട്ട് പാടിയും നടന്നിരുന്ന നീയിപ്പോൾ വാ തുറക്കാറേയില്ലല്ലോ..നീയും ഞാനും തനിച്ചാവുമ്പോൾ ആകെ കേൾക്കുന്ന ശബ്ദം മെസഞ്ചറിൻ്റെ 'ണിം' മാത്രമാണ്.. അതെന്നെ അലോസരപ്പെടുത്തുന്നു..
എനിക്ക് നല്ല ഭയം തോന്നുന്നുണ്ട്.. ഇനിയും നീ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നില്ലെങ്കിൽ കാര്യങ്ങളൊക്കെ അവതാളത്തിലാകും.. പ്രത്യേകിച്ച് എൻ്റെ കാര്യം..
എന്നെയോർത്ത് അഭിമാനിച്ചിരുന്ന നിനക്ക് ഞാനൊരു അപമാനമാകും..
മുൻപ് അഭിനന്ദിച്ചിരുന്ന ആളുകൾ എൻ്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ നിന്നെ പരിഹസിച്ചു ചിരിക്കും..
ഭർത്താവിനും മക്കൾക്കും ഇപ്പോൾ നിന്നെ കുറിച്ച് പരാതികൾ മാത്രമല്ലേയുള്ളു..
കുട്ടികളുടെ പഠിത്തക്കാര്യമൊന്നും നീയിപ്പോൾ ശ്രദ്ധിക്കാറേയില്ല.. അവർക്ക് ഓരോ പരീക്ഷയിലും മാർക്കുകൾ കുറഞ്ഞു വരികയാണെന്ന് നീ അറിയുന്നുണ്ടോ..
എത്ര സന്തോഷമുള്ള കുടുംബമായിരുന്നു നിൻ്റേത്.. ഇപ്പോൾ എന്നും വഴക്കും ബഹളവും മാത്രം.. ഇതൊക്കെ കണ്ട് മനസ്സു മടുത്തിരിക്കുകയാണ് ഞാൻ..
എനിക്ക് നിന്നെ തിരിച്ചു വേണം.. പഴയ കിലുക്കാം പെട്ടിയായി.. മൂളിപ്പാട്ടുകൾ പാടി നീയെന്നെ ഒരുക്കണം.. നഷ്ടപ്പെട്ടു പോയ നമ്മുടെ സുന്ദര ലോകം നീയെനിക്ക് തിരികെ തരില്ലേ..
ഫേസ്ബുക്ക് വേണ്ട എന്നൊന്നും ഞാൻ പറയുന്നില്ല.. പക്ഷേ അതൊരിക്കലും നിൻ്റെ ജീവിതത്തെ ബാധിക്കരുത്.. ഭർത്താവിൻ്റെയും മക്കളുടെയും എൻ്റെയും കാര്യങ്ങളൊക്ക കഴിഞ്ഞാൽ നിനക്ക് അതൊക്കെ ആവാം..
എത്രയും വേഗം നീ എന്നിലേക്ക് മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്..
നിൻ്റെ സ്വന്തം വീട് ..
അജിന സന്തോഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot