നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#അവളിലേയ്ക്കുള്ള_ദൂരം..


ന്റെ, ആദ്യ ചെറുകഥ
ഓര്‍ക്കുമ്പോള്‍ ജീവിതം തന്നെ മടുത്തു തുടങ്ങിയിരുന്നു അന്ന്.. കഴിഞ്ഞ ഇരുപത്തിയാറ് വർഷത്തെ ജീവിതത്തിനിടയിൽ ഞാൻ നേടിയതെന്താണ്? ക്യാമ്പസ്സിനെ ചുവപ്പിച്ച്‌ നേരും നെറിയും പിന്തുടർന്ന് പാർട്ടിക്ക്‌ വേണ്ടി രാപ്പകൽ ഓടിനടന്നപ്പോഴും, നെഞ്ചുകീറി മുദ്രാവാക്യം വിളിച്ചപ്പോഴും ഉള്ളിൽ ഉണ്ടായിരുന്ന തീ ഇപ്പോൾ കെട്ടടങ്ങിയിരിക്കുന്നു. ഇപ്പോള്‍ മനസ്സ് ശാന്തമാണ്‌.
അവളുടെ ഇഷ്ടത്തെയും ഞാൻ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു എന്ന് അവളും കരുതിയിട്ടുണ്ടാകാം, വീട്ടുകാര്‍ കല്ല്യാണം നിശ്ചയിച്ചപ്പോള്‍ ഞരമ്പുകള്‍ മുറിച്ച് അവള്‍ എന്നിലേയ്ക്ക് പ്രതീക്ഷയോടെ നോക്കിയപ്പോള്‍, പക്ഷെ യഥാര്‍ത്ഥത്തില്‍ ഞാന്‍ നിസ്സഹായനായിരുന്നു, അല്ലെങ്കില്‍ പുറമേയ്ക്ക് കാണിക്കുന്ന പരുക്കന്‍ സ്വഭാവത്തിനപ്പുറം നിസ്സഹായമായ അവസ്ഥകളില്‍ നിന്നുള്ള മറയായിരുന്നിരിക്കണം എന്‍റെ ആ സ്വഭാവം. അതുകൊണ്ടാണോ ഞാന്‍ അവള്‍ മറ്റൊരാളുടേതാകും മുന്‍പ് നാടുവിട്ടു പോയത്? ആയിരിക്കാം, പലപ്പോഴും അതാതു സമയത്ത് നമ്മുടെ മനസ്സില്‍ എന്തായിരുന്നുവെന്ന് പിന്നീട് ഓര്‍ത്തെടുക്കുക അസാധ്യമാണ്. മഞ്ഞുപോലെ അവ അവ്യക്തമായിരിക്കും.
തിരക്കൊഴിയാത്ത ഈ മുംബൈ നഗരത്തിൽ എന്നോ നഷ്ടപ്പെട്ട എന്നെ ഞാന്‍ തിരയുകയായിരുന്നു. ഒരുപാട്‌ അലഞ്ഞുതിരിഞ്ഞതിനു ശേഷമാണ് പേരിനെങ്കിലും ഒരു ജോലിയായത്‌. നഗരമധ്യത്തിൽ ഇടവേളകളില്ലാതെ ഓടുന്ന ഒരു ടാക്സി ഡ്രൈവർ. ദിവസവും കുറെയധികം പേരെ ഞാന്‍ കാണാറുണ്ട്.. അവരില്‍ കൂടുതലും ഒന്നിനും സമയമില്ലാത്തവരാണ്, പണത്തിനു പിന്നാലെയോടി കിതക്കുന്നവരാണ്, കോട്ടും സ്യൂട്ടുമിട്ട്‌ മനുഷ്യന്‍റെ പച്ചമാംസം തേടിനടക്കുന്ന സമൂഹത്തിലെ മാന്യന്മാരാണ്.. അവർക്കിടയിലെപ്പോഴോ, ശരീരം വിൽക്കുന്ന അവള്‍ എനിക്ക് മുന്നില്‍ സുന്ദരമായ സ്വപ്നം പോലെ വന്നു. അതൊരു അനുഭൂതി പോലെ ഓര്‍ക്കുമ്പോള്‍ മനോഹരമായ ദൃശ്യമാണ്.. പറഞ്ഞു വരുന്നത് ഗീതയെ കുറിച്ചാണ്.
കുറച്ചു നാളുകൾക്ക്‌ മുൻപാണു അവളെ കണ്ടുമുട്ടുന്നത്‌, ഏറെ വൈകിയ ഒരു രാത്രി അന്നത്തെ ഓട്ടം കഴിഞ്ഞ്‌, വണ്ടി ഒതുക്കി, ഊടുവഴികൾ നിറഞ്ഞ ഗലിയിലൂടെ താമസ സ്ഥലത്തേക്ക്‌ നടന്നുകൊണ്ടിരുന്നപ്പോൾ, എന്‍റെ മുന്നിലേക്ക്‌ വലിച്ചെറിയപെട്ട ഒരു തെരുവ് പെണ്ണ്.
"കാശ്‌ തന്നാൽ പണിയെടുക്കാൻ കഴിയണം, അല്ലാത്തവളുമാർ ഈ ഏർപ്പാടിനു ഇറങ്ങരുത്‌."
അലർച്ച കേട്ട തെരുവിന്‍റെ ഇടുങ്ങിയ ഭാഗത്തേക്കെന്‍റെ നോട്ടം നീണ്ടു. നല്ല ഉയരവും, ഒത്ത ശരീരവും, മുറുക്കി കറപിടിച്ച പല്ലുമുള്ള ഒരു പഞ്ചാബിയാണ് അവളെ പുറത്തേക്ക്‌ വലിച്ചിട്ടത്.. ശബ്ദത്തോടെ വീടിന്‍റെ കതക് അയാള്‍ വലിച്ചടച്ചതും രണ്ടു നിഴൽ രൂപങ്ങൾ പോലെ ഞങ്ങൾ മുഖാമുഖം നോക്കി. മങ്ങിയ തെരുവു വിളക്കിന്‍റെ വെളിച്ചത്തിലും എനിക്ക്‌ അവളുടെ മുഖം വ്യക്തമായി കാണാമായിരുന്നു.
അവൾ നന്നായി ക്ഷീണിച്ചിരുന്നു. പൊട്ടിയ ചുണ്ടിൽ നിന്ന് ചോര ഇനിയും വന്നുകൊണ്ടിരിക്കുന്നു. മങ്ങിയ വെട്ടത്തില്‍, പാതി നിഴൽ വീണ ആ ചുവന്ന സാരിയിൽ അവൾ സുന്ദരിയായിരുന്നു. വീണിടത്തുനിന്ന് ഭാരമില്ലാത്തൊരു പാവ പോലെ എഴുനേൽക്കാൻ അവൾ ഒരുപാട് കഷ്ടപെടുന്നുണ്ടായിരുന്നു..
സ്ഥിരം കാഴ്ചയെന്നോണം അയൽവാസികൾ വീടുകളിൽനിന്ന് പുറത്തിറങ്ങാതെ ജനൽ പാളികളിലൂടെയും പാതി തുറന്ന വാതിലിനരികിലും വീടിന്‍റെ ടെറസ്സിലുമായി ഇരിപ്പുറപ്പിച്ച്‌ ഈ രംഗം നിർവികാരതയോടെ വീക്ഷിച്ചു. ഒരാളും അവളെ ഒന്ന് എഴുന്നേൽപ്പിക്കാനോ സഹായിക്കാനോ തയ്യാറായില്ല.
പക്ഷെ, അവളെ പിടിച്ചു എഴുന്നേൽപ്പിക്കുമ്പോള്‍ മനസിൽ അവൾ വെറും തെരുവു പെണ്ണ് മാത്രമായിരുന്നു, എനിക്ക്. മാംസം വിൽക്കുന്ന അനേകായിരം പേരിൽ ഒരുവൾ.
എന്‍റെ നിഴലില്‍ ചവിട്ടി അവൾ നടന്നു. താമസിക്കുന്നിടത്തേക്ക്‌ അധികം ദൂരമില്ലായിരുന്നു.. വീടെത്തുന്നവരെ ഞാൻ ആരാണെന്നോ, എവിടേക്കാണ് പോകുന്നതെന്നോ ഒന്നും അവൾ ചോദിച്ചില്ല. അകത്ത്‌ കയറാൻ അവൾ തയ്യറായതുമില്ല. മഴപെയ്ത്‌ കുതിർന്ന ആസ്ബറ്റോസ്‌ ഷീറ്റിലൂടെ ഒലിച്ചിറങ്ങിയ മഴവെള്ളം നിറഞ്ഞ ബക്കറ്റിൽ നിന്ന് കുറച്ചെടുത്ത്‌ അവൾ മുഖം കഴുകി. വീഴ്ചയിൽ വലതു കാൽ വഴിയോരത്തെ സിമന്‍റ് കല്ലിൽ ഉരഞ്ഞ് മുറിഞ്ഞിടത്തും അവൾ വെള്ളം തൊട്ട്‌ ഉഴിഞ്ഞു.
"തീരെ വയ്യെന്ന് തോന്നുന്നു? നന്നായ്‌ മുറിഞ്ഞോ?"
ഞാൻ ചോദിച്ചു.
"നഹി സാബ്, സുഖമില്ലായ്മ്മയൊന്നുമില്ല, ഒരു മകളുണ്ട് കൂടെ. വിശപ്പ് കൂടുമ്പോള്‍ കൂട്ടിനില്ലാത്ത ദൈവങ്ങളെ ശപിച്ചിട്ട് നമുക്കുറങ്ങാം, കുട്ടികൾക്കങ്ങനെ പറ്റില്ലല്ലോ. തെറ്റാണെന്നറിഞ്ഞിട്ടും ഈ പണിക്ക് ഇറങ്ങിയത്‌ നിവർത്തികേടുകൊണ്ടാണ്."
"അതിനും മാത്രം?"
ചോദിച്ചു തീരും മുൻപ്‌ അവൾ മറുപടി പറഞ്ഞു.
"എന്‍റെ വിയർപ്പിന്‍റെ മണം പങ്കിടാൻ വരുന്നോരോട്‌ ഞാൻ കഥ വിസ്തരിക്കാൻ നിൽക്കാറില്ല, സാബ്. ഞാനിറങ്ങട്ടെ."
"പക്ഷേ ഞാൻ."
എന്‍റെ വാക്കുകൾ കേൾക്കാത്ത വണ്ണം അവൾ ഇരുട്ടിലേക്ക്‌ ഇറങ്ങി നടന്നുകഴിഞ്ഞിരുന്നു. മുറിയിലേക്ക് കയറാതെ ഞാനും അവള്‍ക്കു പുറകെ നടന്നു.
എന്തിനായിരുന്നു,
വെറുതെ ഒരു കൂട്ടിന്? അറിയില്ല.
"നടക്കാൻ ബുദ്ധിമുട്ടാണെങ്കിൽ റിക്ഷ വിളിക്കാം," - ഞാന്‍ പറഞ്ഞു.
"വേണ്ടാ.. " അവള്‍ നടന്നു. ഇടയ്ക്കിടെ എന്നെ തിരിഞ്ഞു നോക്കിയും സാരിയുടെ തലപ്പില്‍ മുഖം തുടച്ചും അവള്‍ നടന്നു. കുറച്ചു നടന്നപ്പോള്‍ ആരോടെന്നില്ലാതെ അവള്‍ പറഞ്ഞു;
"ഇത്രകാലം ആരും കൂട്ടിനില്ലായിരുന്നു.. ഇനിയങ്ങോട്ടും അങ്ങനെ തന്നെ മതി. എനിക്കെന്‍റെ മകളുണ്ട്, അവൾക്ക്‌ വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്.." - അതൊരു ഏറ്റുപറച്ചിലിനേക്കാള്‍ നിശ്ചയിച്ചുറപ്പിച്ച ധാരണ പോലെയാണ് അവള്‍ പറഞ്ഞത്.
"ഭർത്താവ്‌..?"
"ഉണ്ടായിരുന്നു, ഇപ്പോള്‍ മറ്റെവിടെങ്കിലും ഉണ്ടാവും എന്‍റെ കൂടെയില്ല." -
നിര്‍വികാരതയോടെ അവളതു പറഞ്ഞപ്പോള്‍ അവളുടെ ശബ്ദം കൂടുതല്‍ കനം വെച്ചിരുന്നു.
"ഇഷ്ടപ്പെട്ടവന്‍റെ കൂടെ വീട്ടുകാരെ തള്ളിപറഞ്ഞ്‌ ഒളിച്ചോടിവന്നത്‌ ഇവിടേക്കാണ്. മൂന്നാഴ്‌ച്ച കഴിഞ്ഞപ്പോൾ, അയാൾക്ക്‌ മടുത്തു.
അടിവയറ്റിൽ ജീവൻ തുടിക്കുന്നു എന്ന സന്തോഷ വാർത്ത പറയാൻ നിന്ന എന്നെ അയാൾ കൂട്ടുകാർക്ക്‌ കൂട്ടികൊടുത്തു, പല തവണ പലയാളുകൾ..! കഴിയുമ്പോള്‍ മുഷിഞ്ഞു നാറിയ കിടക്ക വിരിപ്പിലേക്ക്‌ ചുരുട്ടിയ നോട്ടുകൾ എറിഞ്ഞിട്ടു വന്നവര്‍ തിരിച്ചു പോവും. മനസ്സും ശരീരവും ഒരുപോലെ കളങ്കപ്പെട്ട എനിക്ക്‌ അതിനോട്‌ പൊരുത്തപ്പെടാൻ അധികം സമയം വേണ്ടി വന്നില്ല.
അല്ലെങ്കില്‍ വിശപ്പ്‌ വന്നാല്‍ പിന്നെ എന്ത് മാനം സാബ്?"
ഞാന്‍ ഒന്നും പറഞ്ഞില്ല. കേട്ടു പഴകിയ കഥയില്‍ എന്ത് പറയാനാണ്?. നേരില്‍ കാണുമ്പോഴാണ് എത്ര കേട്ട് തഴമ്പിച്ച കഥയിലും നാം ജീവിതം കാണുന്നതും പുതിയതെന്ന പോലെ അതില്‍ താദാത്മ്യം കൊള്ളുന്നതും.
"പിന്നീടുള്ള ഒൻപത്‌ മാസം എനിക്കു ആ ഗർഭം വെറും ഭാരം മാത്രമായിരുന്നു. പല തവണ ഇല്ലാതാക്കാൻ ശ്രമിച്ചതാണ്. പക്ഷേ,.."
ഇരുട്ടിൽ അവൾ വാക്കുകൾക്ക് വേണ്ടി പരതുന്നതു പോലെ തോന്നി.
"വേണ്ടെന്നു കരുതുന്ന നേരത്തായിരിക്കും സാബ്, ദൈവം പലതും കൈനിറയെ തരുന്നത്. ജനിച്ചതൊരു പെൺകുഞ്ഞാണെന്നറിഞ്ഞപ്പോള്‍ ഈ പണിക്ക്‌ ഇറങ്ങരുതെന്ന് ഉറപ്പിച്ചതായിരുന്നു, വേശ്യക്ക് ആരാണ് സാബ് നല്ലൊരു ജോലി തരിക, അവളെ അവര്‍ക്ക് പകല്‍ ആവശ്യമില്ലല്ലോ. എന്‍റെ കുഞ്ഞിനു ഒരു നേരത്തെ പാലു പോലും പവിത്രമായി കൊടുക്കാൻ കഴിഞ്ഞിട്ടില്ല എനിക്ക്. ഒരു നേരത്തെ അന്നത്തിനാണ് വീണ്ടും മടികുത്തഴിക്കാനൊരുങ്ങിയത്‌. രണ്ട്‌ ദിവസമായിട്ട്‌ ശ്വാസതടസ്സം, വലിവ്‌ കൂടിവരുന്നു. എന്നെകൊണ്ട്‌ ഒന്നിനും കഴിയുന്നില്ലെന്ന് പറഞ്ഞാണ് അയാളിന്ന് വലിച്ച്‌ പുറത്തേക്കിട്ടത്‌."
"മതി നടന്നത്‌. കുറച്ചു നേരം അവിടെയിരിക്കൂ." ഞാൻ വൈറ്റിംഗ്‌ ഷെഡിലെ പഴകിയ മരത്തിന്‍റെ ബെഞ്ച്‌ ചൂണ്ടികാണിച്ചുകൊണ്ട്‌ പറഞ്ഞു. നേരം നന്നേ വൈകിയിരുന്നു. വിറയ്ക്കുന്ന കൈ കൊണ്ട് സാരി പുതച്ച്‌ എന്‍റെ അരികെ അവളിരുന്നു.അപ്പോഴാണു പേരും താമസസ്ഥലവും എല്ലാം ഞാൻ ചോദിച്ചറിഞ്ഞത്‌.
ഒരു റിക്ഷ കിട്ടാൻ വീണ്ടും ഒരുപാട്‌ നേരമിരിക്കേണ്ടി വന്നു. അവളെന്നോട്‌ കൂടുതൽ ഒന്നും ചോദിച്ചില്ല. പിരിയുന്ന നേരം ഒന്ന് നോക്കി ചിരിച്ചു. സവാരിക്കുള്ള പണം റിക്ഷക്കാരനെ ഏൽപ്പിച്ച് ഞാനും ചിരിച്ചു.
എനിക്കു പിന്നിൽ റിക്ഷ ഇരുളിലേക്ക് മറയുമ്പോൾ ഞാൻ തിരിഞ്ഞു നടന്നു.റൂമിൽ എത്തിയിട്ടും മനസ്സ്‌ അസ്സ്വസ്ഥമായിരുന്നു. ഓരോന്ന് ആലോചിച്ച്‌ കണ്ണടഞ്ഞു പോയതെപ്പോഴാണെന്ന് ഓർമ്മയില്ല. എങ്കിലും മനസിൽ പലകുറി "ഒരു മകളുണ്ട് കൂടെ " എന്ന വാക്കുകൾ തികട്ടി വന്നുകൊണ്ടിരുന്നു.
പിറ്റേന്ന് അവൾ താമസിക്കുന്ന ഗലിയിലേക്കെത്തുന്നതുവരെ എന്‍റെ ചിന്തയിൽ അവൾ മാത്രമായിരുന്നു. നിറയെ ഓടും ഷീറ്റും മേഞ്ഞതും ക്ഷയിച്ചതുമായ ചെറിയ ചെറിയ വീടുകൾ. രണ്ടുപേർക്ക്‌ കഷ്ടിച്ച്‌ നടക്കാവുന്ന അരഞ്ഞാണം പോലെ നീണ്ട ഇടവഴികൾ. റോഡിന്‍റെ അരികില്‍ പല നിറങ്ങളിൽ നിരത്തി വെച്ച ഒഴിഞ്ഞ കുടങ്ങള്‍ക്കരികെ അക്ഷമരായി കാത്തു നിൽക്കുന്ന സ്ത്രീകളും കുട്ടികളും.
അതിനിടയിൽ നിന്ന് പെട്ടന്നാണ് ഞാൻ ഗീതയെ കണ്ടത്‌. കാൽചുവട്ടിലായി കുടത്തിനൊപ്പം കവിളിൽ ഒരു കുഞ്ഞു ചിരിയൊളുപ്പിച്ച്‌, അവളുടെ മകള്‍ ഗൗരിയും. ഞാന്‍ അവരുടെ അടുത്തേക്ക്‌ ചെന്നു. അവൾ ഇന്നലെ കണ്ടതിലും ഒരുപാട്‌ സുന്ദരിയായിരിക്കുന്നു. അതിലും എന്നെ വിസ്മയിപ്പിച്ചത്‌ ഗൗരിയാണ്. ഒരു പരിചയകുറവും കാണിക്കാതെ ഗൗരി എന്‍റെ അടുത്തുവന്നു.പെട്ടന്ന് തന്നെ ഞങ്ങൾ കൂട്ടായി. അവൾ എന്നെ വീട്ടിലേക്ക്‌ ക്ഷണിച്ചു.
പിന്നീട്‌ ഗൗരിയെ കാണാൻ വേണ്ടി മാത്രം പലതവണ ഞാൻ പോയി. കളിപ്പാട്ടങ്ങളും ഉടുപ്പും സമ്മാനിച്ചു. തിരിച്ചു വരുംനേരം എന്‍റെ കൈയ്യിലുള്ള കാശ്‌ ഞാൻ ഗീതയെ ഏൽപ്പിച്ചു.മടി കൂടാതെ പലപ്പോഴും അവൾ അത്‌ വാങ്ങി. കൂട്ടിനാരോ ഉണ്ടന്ന തോന്നലിൽ ഞാൻ തിരക്കുകൾ കടന്ന് വണ്ടിയോടിച്ചു.പിന്നീട്‌ ഒരിക്കൽ പോലും അവൾ പഴയ പോലെ ജീവിക്കാൻ ആഗ്രഹിച്ചിട്ടില്ല. എന്നോടവൾക്ക്‌ ആദരവും സ്നേഹവുമായിരുന്നു.
എനിക്കവളോടോ.? അറിയില്ല. പലകുറി ഞാൻ എന്നോട് തന്നെ
ചോദിച്ച ചോദ്യം. അവളെന്‍റെ ഭാര്യയോ കാമുകിയോ അല്ല.അവളുടെ അടുത്തേക്ക്‌ സുഖം തേടിപോയിട്ടുമില്ല..!! സംരക്ഷിക്കുന്നതിനേക്കാള്‍ വലിയ സുഖം എന്താണ്?
എന്‍റെ ജീവിതത്തിൽ അവരുണ്ടാക്കിയ മാറ്റം പക്ഷെ, ചെറുതൊന്നുമല്ല. ഞാനിന്ന് അധ്വാനിക്കുന്നതും കഷ്ടപ്പെടുന്നതും എനിക്ക്‌ വേണ്ടി മാത്രമല്ലല്ലോ. കഴിഞ്ഞ ഇരുപത്തിയാറു വർഷമായി ഞാനൊന്നും നേടിയിട്ടില്ല, സ്നേഹിക്കാന്‍ ഒരാളെ പോലും.. എന്നാൽ ഇനിയങ്ങനല്ല എനിക്ക്‌ വേണ്ടി കാത്തിരിക്കാനും എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും അവരുണ്ട്. തെരുവില്‍ അവിചാരിതമായി കണ്ട ഏതോ ഒരു പെണ്ണ്, അവളുടെ മകള്‍. പക്ഷെ അവള്‍ ഇന്ന് എനിക്ക് ജീവിതമാണ്. അവളും ഞാനും ഞങ്ങളുടെ ഗൌരിയും, അതൊരു ലോകമാണ്.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സാധിക്കുക എന്നത് എത്ര മനോഹരമാണ്. അരണ്ട വെളിച്ചത്തില്‍ ഇതാ എനിക്ക് തൊട്ടരികില്‍ അവളും ഗൗരിയും ഉറങ്ങുകയാണ്. അവരുറങ്ങട്ടേ.. ആരെയും പേടിക്കാതെ ഒരുപാട്‌ പ്രതീക്ഷയുള്ള ജീവിതം സ്വപ്നം കണ്ട്‌, അവരുറങ്ങട്ടെ..
കേട്ടു പഴകിയാലും ജീവിതം പലതും നേരില്‍ കാണിച്ചു തരുമ്പോള്‍ അതെല്ലാംതന്നെ നമുക്ക് പുതിയതും സുന്ദരവുമായിരിക്കും.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot