നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സാക്ഷി




രക്തം ചിന്തിയ വഴികളിലൂടെ ഞാൻ വേഗത്തിൽ നടന്നു. ഒരുതരം യന്ത്രമനുഷ്യനെപ്പോലെ., എന്നെ ആരോ അവരിലേക്കടുപ്പിക്കുന്നു..
അതെ ഇതു വഴി തന്നെയാകും അവരാ പെൺകുട്ടിയെ കൊണ്ടുപോയത്., പെൺകുട്ടിയുടെ മേലാസകലം ചോരയായിരുന്നു. വാഹനത്തിൽ നിന്നും ഇറങ്ങി ഈ കാട്ടുവഴിയിലൂടെ ആവണം ആ കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയത് .അതിൻ്റെ പാടുകൾ തെളിഞ്ഞ് കാണാനുണ്ട്. നടക്കാൻ തുടങ്ങിയിട്ട് കുറച്ചായി. ഇലകളിലും, ചപ്പുചവറുകളിലും ഇറ്റുവീണ രക്ത തുള്ളികൾ വഴികാട്ടി കൊണ്ടേയിരിക്കുന്നു,.
അവസാനിച്ചു. ഇനിയങ്ങോട്ട് വഴി കാട്ടാൻ രക്ത തുള്ളികളില്ല. നിശബ്ദതയാണെങ്ങും.ക്യാമറ നെഞ്ചോടടക്കിപ്പിടിച്ച് ഞാൻ നടന്നു. ഇനിയെങ്ങോട്ട്!
ഈ കൂറ്റാ കൂരിരുട്ടത്ത് ഇത്ര പെട്ടന്ന് അവരൊക്കെ എവിടെ പോയ് മറഞ്ഞു.കുറച്ച് കൂടി മുന്നോട്ട് പോയാൽ കണ്ടെത്താനാവും
എന്നെൻ്റെ മനസ് പറഞ്ഞു.
ഇനിയങ്ങോട്ട് സൂക്ഷിച്ച് വേണം.....
വഴി കാട്ടാനെന്നവണ്ണം വസ്ത്രങ്ങളുടെ കീറിയ ഭാഗങ്ങൾ അതെന്നെ അവരിലേക്കടുപ്പിക്കുകയാണ്.
കുറച്ച് കൂടെ മുന്നോട്ട് നടന്നു. പതിഞ്ഞ ശബ്ദങ്ങൾ.... അതെ ഞാൻ അവർക്കടുത്തെത്തിക്കഴിഞ്ഞു!.
ഇലപ്പടർപ്പുകൾക്കിടയിലൂടെ ഞാൻ കണ്ടു.പക്ഷെ ആ പെൺകുട്ടിയെവിടെ.? മൂന്നു പേരുടെയും മുഖത്ത് ക്രൂരത നിഴലിക്കുന്നുണ്ട്.
അവരെന്തിനോ ഉള്ള തയ്യാറെടുപ്പിലാണ്.
അവൾ... ആ കുട്ടിയെവിടെ
എൻ്റെ കണ്ണുകൾ ചുറ്റും പായിച്ചു... അവളെ അവർക്കരികിലായി കിടത്തിയിട്ടുണ്ട്.മരിച്ചോ അവൾ?
കുറേ തുണി കഷ്ണങ്ങൾ കൂട്ടിയിട്ട് അവർ കത്തിക്കാൻ തുടങ്ങി...... തീ ആളിക്കത്തി, എന്തു ചെയ്യണമെന്നറിയാതെ ഞാൻ പകച്ചു നിന്നു.
"അതിനെയിങ്ങോട്ടെടുക്ക്
ഒരാൾ മറ്റു രണ്ടു പേർക്ക് നിർദ്ദേശം നൽകി...
തെളിവുകളൊന്നും ബാക്കി വെക്കരുത്."
അവർ , ആ പെൺകുട്ടിയെ ദഹിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.. പരിഭ്രമത്തിൽ എന്തു ചെയ്യണമെന്നറിയാതെ ഞാൻ നിന്നു വിയർത്തു.
അവരറിയാതെ അവളുടെ അടുത്തെത്താനും പറ്റില്ല,ഒറ്റയ്ക്ക് തനിക്കൊന്നും ചെയ്യാനും പറ്റില്ല., ഒരാവേശത്തിനു പുറത്ത് താൻ പിറകേ കൂടി.,അല്ല... തന്നെ ഇവരിലേക്കടുപ്പിച്ചതാണ്.എന്തിനാണത് ഈ ക്രൂരകൃത്യത്തിന് സാക്ഷ്യം വഹിക്കാനോ?
രണ്ടു പേർ ചേർന്ന് ആ കുട്ടിയെ ആളി കത്തുന്ന തീയിനടുത്തേക്ക് വലിച്ചിഴച്ചു..
അവൾ ചുണ്ടുകളനക്കുന്നുണ്ട്. മരിച്ചിട്ടില്ല.അതിനെ കൊല്ലാതെ കൊല്ലുകയാണ്.
മുഖം വ്യകതമാകുന്നില്ല ആരുടെയും.ക്യാമറ ഒന്നു കൂടെ ഉയർത്തി ഞാനാ ദൃശ്യം ഒപ്പിയെടുക്കാൻ തുടങ്ങി.
ഒരു പക്ഷെ നാളത്തെ ബ്രേക്കിംഗ് ന്യൂസ് ഇതാവാം., പക്ഷെ ഒരു ജീവൻ ഒറ്റയ്ക്ക് ഞാനെന്തു ചെയ്യും?
ഭയം എന്നെ തളർത്തി,പ്രതികരിച്ചാൽ ചിലപ്പോൾ ആ കുട്ടിയുടെ കൂടെ എൻ്റെ ജീവനും. വീട്ടിൽ കാത്തിരിക്കുന്ന അമ്മയുടെ മുഖം മനസിൽ തെളിഞ്ഞു.
കൂടുതൽ ഒന്നും ആലോചിച്ചില്ല.ഈ ദൃശ്യം ക്യാമറയിൽ പകർത്താം. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാനെങ്കിലും ഉപകരിക്കട്ടെ. ഈക്രൂരകൃത്യത്തിന് ഞാൻ സാക്ഷി.ക്യാമറക്കണ്ണിലൂടെ ആളുന്ന തീയിൽ ജീവനോടെ ആ കുട്ടി പിടയുന്ന രംഗം കണ്ടിട്ടും ഒന്നും ചെയ്യാനാവാതെ നോക്കി നിൽക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ... ദൈവത്തിൻ്റെ കോടതിയിൽ മാപ്പുണ്ടാകില്ലെനിക്ക്. അവളെ രക്ഷിക്കാൻ ഞാനൊരു ശ്രമം പോലും നടത്തിയില്ല. വയ്യ ഇനി ഇവിടെ നിൽക്കാൻ. പിന്തിരിഞ്ഞോടുക മാത്രമേ നിവൃത്തിയുള്ളൂ. ഓട്ടത്തിനിടയിലും ക്യാമറ നെഞ്ചോടു ചേർത്തു പിടിച്ചു. തൻ്റെ മനസാക്ഷിയില്ലായ്മയുടെ തെളിവ്.. ഒന്നലറിക്കരയാൻ പോലുമാവാതെ ഞാനോടി..
ഓട്ടത്തിനിടയിൽ എൻ്റെ മനസ് ഉറക്കെ പറഞ്ഞു എനിക്കുമുണ്ട് കാത്തിരിക്കാനൊരമ്മ.. ഞാനും മനുഷ്യനാണ്. സ്വാർത്ഥനായ മനുഷ്യൻ.. സ്വാർത്ഥനായ മനുഷ്യൻ,
"മോനെ എന്താ... എന്തൊരു നിലവിളിയാ,എന്തു പറ്റി?"
ചാടിയെഴുന്നേറ്റ് ചുറ്റിനും നോക്കി..
"ഈ വെള്ളം കുടിക്ക്,നീ വല്ല ദുസ്വപ്നവും കണ്ടോ..?"
"അത് ഞാൻ,ഒന്നും ഇല്ലമ്മേ...അമ്മ പോയ് കിടന്നോ..."
"പ്രാർത്ഥിച്ച് കിടക്ക്.. മോനെ കാലത്ത് പോണ്ടതല്ലേ.. "
മുഖത്തെ വിയർപ്പുകണങ്ങൾ തുടച്ച്.... ചുറ്റും നോക്കി.
എണീറ്റ് മേശവലിപ്പിൽ നിന്നും കാർഡ് പുറത്തേക്കെടുത്തു...
Vision
News pvt Ltd
studiO complex | Kerala.
ഇൻറർവ്യൂ കാലത്ത് 10 മണി... ക്യാമറാമാൻ കം റിപ്പോർട്ടർ..
"മനു ശങ്കർ "
"ഞാനാണ്. "
പ്രിപ്പെയർ അല്ലേ ഇൻറർവ്യൂവിന്...?"
" അടുത്തത് കയറിക്കോളു.. "
ഇന്നലത്തെ സ്വപ്നത്തിലെ രംഗങ്ങൾ മാത്രമാണ് മനസിൽ.. ഒട്ടും പ്രിപ്പെയർ അല്ല..അമ്മയെ നിരാശപ്പെടുത്താതിരിക്കാനാണ് ഇൻറർവ്യൂ അറ്റൻഡ് ചെയ്യുന്നത് തന്നെ... ആ സ്വപ്നം അതെന്നെ വല്ലാതെ അലട്ടുന്നു.
"മനു ശങ്കർ -അല്ലേ?"
"യെസ് സർ... "
"മുന്നെ എവിടെങ്കിലും വർക്ക് ചെയ്തിട്ടുണ്ടോ.?"
"നോ സർ"
"ഫ്രഷേർസിനേയാണ് നമുക്കാവശ്യം... പ്രത്യേകിച്ച് ന്യൂ ജെൻ ആ കുമ്പൊ ധൈര്യം ഇത്തിരി കൂടും. ചാനലിൽ വർക്ക് ചെയ്യാൻ ധൈര്യമാണ് വേണ്ടത്. എന്തും നേരിടാനുള്ള കഴിവും.,
മനു... ജസ്റ്റ് വൺ ആൻഡ് ഓൺലി ക്വസ്റ്ൻ.. ഉത്തരത്തിനനുസരിച്ചിരിക്കും താങ്കളുടെ ജോലി "
"താങ്കൾ ഒരു രാത്രി ഒരു പെൺകുട്ടിയെ ഒറ്റയ്ക്ക് കാണുന്നു.അപകടത്തിൽ.,
താങ്കൾ അവരെ ഫോളോ ചെയ്യുന്നു, അവളുടെ ജീവൻ ഏതു നിമിഷവും നഷ്ടപ്പെടാം. ഒരു പക്ഷെ താങ്കളുടെ ഇടപെടൽ കൊണ്ട് അവളെ രക്ഷപ്പെടുത്താം, ഇങ്ങനെയൊരു മൊമൻ്റിൽ താങ്കൾ അത് ക്യാമറയിൽ പകർത്താൻ ശ്രമിക്കുമോ..?അതോആ കുട്ടിയെ രക്ഷിക്കുമോ?"
ചോദ്യത്തിനു മുന്നിൽ വിളറി വെളുത്ത് മനു നിന്നു.
അപ്പോൾ താൻ ഇന്നലെ കണ്ട സ്വപ്നം.. അത് തനിക്കുള്ള ദൈവത്തിൻ്റെ ഇൻ്റർവ്യൂ ആയിരുന്നോ.?
അതോ വരാനിരിക്കുന്ന എന്തിൻ്റെയോ മുന്നോടിയാണോ ഈ സ്വപ്നം..
ഒരു നിമിഷം കണ്ണുകളയുന്ന പോലെ.
ഇൻറർവ്യൂ ബോഡിൻ്റെ ചോദ്യം ആളിക്കത്തുന്ന അഗ്നിയായ് എന്നെ ദഹിപ്പിക്കുന്ന പോലെ..
ജിഷ രതീഷ്
25/10/17

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot