ജിമ്മിക്കി കമ്മൽ
*****************
തലേദിവസം ക്‌ളാസിൽ വരാതിരുന്ന രണ്ടാംക്‌ളാസ്സുകാരൻ അപ്പുവിനോട് ക്ലാസ് ടീച്ചർ രവി മാഷ് കാരണം തിരക്കി.
ഇന്നലെ അപ്പു എന്താ ക്ലാസ്സിൽ വരാതിരുന്നത് ?
അപ്പു വിക്കി വിക്കി പറഞ്ഞു തുടങ്ങി."അതേ..മാഷേ..ഇന്നെലെയുണ്ടല്ലാ '
"ഹും..ഇന്നലെ"..
"ഇന്നലെയുണ്ടല്ലാ..എന്റമ്മേടെ ജിമ്മിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ടു പോയി".
ക്‌ളാസിൽ കൂട്ട ചിരി മുഴങ്ങി.മാഷിന് ദ്വേഷ്യം വന്നു.കുഞ്ഞി ചെവിക്ക് ഒരു കിഴുക്ക് കൊടുക്കാനുള്ള ത്വര ഉള്ളിലടക്കി മാഷ് സൗമ്യപൂർവ്വം പറഞ്ഞു:- "നീ സിനിമാ പാട്ടുപാടാതെ സത്യം പറയെടാ!.."
"സത്യാ മാഷേ..എന്നിട്ടേ.. എന്റപ്പന്റെ
ബ്രാണ്ടിക്കുപ്പി എന്റമ്മ കുടിച്ചു തീർത്തു.പിന്നെ രണ്ടുപേരും ഭയങ്കര വഴക്കായി..ചോറൊന്നും വെച്ചില്ല..അപ്പൻ പറഞ്ഞു നീ ഇന്നു സ്കൂളിൽ പോവേണ്ടാന്ന്.."
വീണ്ടും ഇവൻ തന്നെ കളിയാക്കുകയാണോ എന്നു സംശയിച്ചെങ്കിലും അവന്റെ മുഖത്തെ നിഷ്കളങ്കത മാഷിന്റെ കോപമടക്കി.
"നീ നാളെ അപ്പനെ വിളിച്ചോണ്ട് വരണം കേട്ടോ".. കാര്യം അവന്റെ അപ്പനോട് തിരക്കാമെന്നു മാഷ് കരുതി.
പിറ്റേന്ന് അപ്പുവിന്റെ അപ്പൻ മാഷിന്റെ മുമ്പിൽ തല ചൊറിഞ്ഞു നിന്നു. "ഒള്ളതാ സാറെ..ഇന്നലെ ഇവന്റമ്മേടെ ജിമ്മിക്കി ഞാൻ അവളറിയാതെ എടുത്തോണ്ട്പോയി വിറ്റു..എന്നോടുള്ള ദ്വേഷ്യത്തിന് വീട്ടിൽ വെച്ചിരുന്ന കള്ളുകുപ്പി അവളങ്ങു തീർത്തു.."
അയാൾ പറയുന്നത് കേട്ട് കരയണോ ചിരിക്കണോ എന്നറിയാതെ മാഷ് കുഴങ്ങി.പിന്നെ, നന്നാവാനുള്ള ഉപദേശം കൊടുത്തുവിട്ടു.അയാളിറങ്ങിയതും മാഷ് ഒരുകാര്യം തീരുമാനിച്ചു.ഭാര്യയുടെ പൊട്ടിയ ജിമ്മിക്കി കമ്മൽ വിറ്റിട്ട് പറമ്പിലേക്ക് വെള്ളമടിക്കാൻ ഒരു പമ്പ് മേടിക്കണമെന്നു കരുതിയതാണ്.ഇനി അതു വേണ്ട.ജിമ്മിക്കിയും കൊണ്ടു സ്വർണ്ണകടയിൽ ചെല്ലുമ്പോൾ അവിടുള്ളവരുടെ ഭാവം നേരിടാൻ വയ്യ.വേറെന്തെങ്കിലും വഴി നോക്കാം."ഒരു പാട്ടു കാരണം കമ്മൽ വിൽക്കാൻ പറ്റാതായല്ലോ ഈശ്വരാ" മാഷ് പിറുപിറുത്തു.
Rajendra Prasad
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക