Showing posts with label VaniNarayanan. Show all posts
Showing posts with label VaniNarayanan. Show all posts

തിരിച്ചറിവ് ( കഥയെഴുത്ത് - മത്സരം) - Entry 11


"എന്തിനാ വിവേക് ഭക്ഷണം ഇങ്ങനെ വേസ്റ്റ് ആക്കുന്നത്? ആവശ്യത്തിന് ഓർഡർ ചെയ്താൽ പോരേ വേണെങ്കിൽ പിന്നെ പറഞ്ഞാൽ മതിയല്ലോ"
          വിവേകിന്റെ നിർബന്ധ പ്രകാരമാണ് അവന്റെ പിറന്നാളിന് നഗരത്തിലെ ഏറ്റവും പേരു കേട്ട  ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ചെന്നത്. മെനു കാർഡിൽ കാണുന്നതൊക്കെ ഓർഡർ ചെയ്യുമ്പോൾ തന്നെ പറഞ്ഞതാണ് നോക്കിയിട്ട് മതിയെന്ന്. "നീ ഇതൊന്നും കണ്ടിട്ടു പോലും ഉണ്ടാവില്ല വേണ്ടതൊക്കെ കഴിച്ചോ" എന്നായിരുന്നു മറുപടി. അത് കേട്ടപ്പോൾ തന്നെ വിശപ്പ്‌ കെട്ടു. പിന്നെ അതിന്റെ പേരിൽ തർക്കം വേണ്ടെന്നു കരുതി ഒന്നും പറയാൻ പോയില്ല, പക്ഷേ കൊണ്ടു വെച്ച ഭക്ഷണത്തിന്റെ പകുതിയിൽ കൂടുതലും ബാക്കി വെച്ച് എഴുന്നേൽക്കുന്നത് കണ്ടപ്പോൾ സഹിച്ചില്ല. പണ്ട് ഓർഫനേജിൽ ആരെങ്കിലും ഭക്ഷണം ഏൽപ്പിക്കുന്ന ദിവസങ്ങളിലേ വയറു നിറച്ച് ഉണ്ടിട്ടുള്ളൂ. വിവാഹത്തിനും മറ്റ് ആഘോഷങ്ങൾക്കും ഒക്കെ ബാക്കി വരുന്ന ഫുഡ് ആരെങ്കിലും കൊണ്ട് തരുന്ന ദിവസങ്ങൾ അന്നൊക്കെ കാത്തിരുന്നിട്ടുണ്ട്. അന്നത്തിന്റെ വില നന്നായി അറിഞ്ഞു തന്നെ വളർന്നത് കാരണം ഇത്തരം കാഴ്ച്ചകൾ കാണുമ്പോൾ മനസ്സിലൊരു പിടച്ചിലാണ്. 
          "വെറുതെ ഒന്നുമല്ലല്ലോ കാശ് കൊടുത്തിട്ടല്ലേ വേഗം എണീക്കാൻ നോക്ക് പോയിട്ട് തിരക്കുണ്ട്" താൻ ചോദിച്ചതിലെ ഇഷ്ടക്കേട് സംസാരത്തിൽ വ്യക്തമായിരുന്നു. നല്ലൊരു ദിവസം ആയിട്ട് വഴക്ക് വേണ്ട എന്നോർത്തു ഹരിത എണീറ്റു.                   
       "ഞായറാഴ്ച അമ്മക്ക് നിന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ട് രാവിലെ 10 മണിക്ക് എന്റെ ഓഫീസിനടുത്തുള്ള പാർക്കിൽ വന്നാൽ മതി, ഞാൻ അമ്മയെയും കൊണ്ട് വരാം"  തിരിച്ചു ഹോസ്റ്റലിലേക്ക് പോകുന്ന വഴിക്ക് വിവേക് പറഞ്ഞു. "ഞായറാഴ്ച മാറ്റി ശനിയാഴ്ച്ച ആക്കാൻ പറ്റുമോ? ഞായറാഴ്ച സ്നേഹലായത്തിൽ പോകാനുണ്ട്, ദേവകിയമ്മ അന്ന് വരുന്നുണ്ടെന്നു പറഞ്ഞു വിളിച്ചിരുന്നു വിവേകിനെയും കൂട്ടി പോകാമെന്നാണ് ഞാൻ വിചാരിച്ചത്" 
           "എന്നെ പ്രതീക്ഷിക്കണ്ട ഏതായാലും, അമ്മയോട് ഞാൻ ചോദിക്കട്ടെ ശനിയാഴ്ച്ച പറ്റുമോന്ന്, പിന്നെ പുതിയ ഡ്രസ്സ് വല്ലതും ഇട്ട് വേണം വരാൻ, വേണെങ്കി ഞാൻ വാങ്ങിത്തരാം അമ്മ അതൊക്കെ നോക്കുന്ന കൂട്ടത്തിലാ, ഈ സാദാ ലോക്കൽ ചുരിദാർ ഒന്നും വേണ്ട"
          "എന്റടുത്തുള്ള നല്ലത് ഏതേലും ഇട്ടോളാം, ഹോസ്റ്റൽ എത്താറായി ഞാൻ ഇറങ്ങട്ടേ" "അപ്പൊ ശനിയാഴ്ച കാണാം ബൈ" യാത്ര പറയുമ്പോഴും വിവേകിന്റെ മുഖത്ത് തെളിച്ചം കുറവായിരുന്നു.  
            ഹോസ്റ്റലിൽ ചെന്ന് കുറച്ച്‌ നേരം കിടന്നു. ഓർമ വെച്ച കാലം തൊട്ട് ദേവകിയമ്മ ആയിരുന്നു ഹരിതക്ക് എല്ലാം, അവൾക്ക് മാത്രമല്ല സ്നേഹാലയം ഓർഫനേജിലെ ആരോരുമില്ലാത്ത ഒരു കൂട്ടം കുഞ്ഞുങ്ങൾക്ക് മുഴുവൻ അമ്മ അവരായിരുന്നു. ആ അമ്മയുടെ പിന്തുണയും അനുഗ്രഹവും കൊണ്ട് ഡിഗ്രി കഴിഞ്ഞ ഉടനെ ജോലി കിട്ടി.  
          ഹോസ്റ്റലിലേക്ക് മാറിയെങ്കിലും സമയം കിട്ടുമ്പോഴൊക്കെ സ്നേഹാലയത്തിൽ പോകാറുണ്ട് സ്വന്തമെന്നു പറയാൻ ആരുമില്ല എന്ന തോന്നൽ കുറച്ചു നേരത്തേക്കെങ്കിലും ഇല്ലാതാകുന്നത് അവിടെ പോകുമ്പോഴാണ്. കിട്ടുന്ന ശമ്പളത്തിൽ നിന്ന് ചെറിയ ഒരു വീതം മാസം തോറും അവിടെ ഏല്പിക്കാറുണ്ട്. ദേവകിയമ്മ പ്രായാധിക്യം മൂലം സഹോദരന്റെ വീട്ടിലാണ് ഇപ്പോൾ  താമസം, വല്ലപ്പോഴുമേ സ്നേഹാലയത്തിൽ വരാറുള്ളൂ. 
          കോളേജിൽ വെച്ചുള്ള പരിചയമാണ് വിവേകിനെ. സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴി മാറുമ്പോഴും ഒന്നും തന്റെ അനാഥത്വം വിവേകിന് പ്രശ്നം ആയിരുന്നില്ല. തന്നെ കുറിച്ച് എല്ലാം ആദ്യമേ പറഞ്ഞിരുന്നു. "ആരുമില്ലെന്ന സങ്കടം ഇനി വേണ്ട" എന്ന മറുപടിയിൽ തന്റെ മനസും ഇടറിപ്പോയി. പക്ഷെ പഠനം കഴിഞ്ഞ് വിവേകിനും ജോലി ആയപ്പോഴാണ് പ്രണയം എന്ന മായാലോകത്ത് കാണാതെ പോയ പല കാര്യങ്ങളും വിവേകിനു മുന്നിൽ തെളിഞ്ഞത്. 
        ട്രെൻഡ് മാറുന്നതിനനുസരിച്ച്‌ വസ്ത്രങ്ങൾ വാങ്ങിക്കൂട്ടുക, വിലയേറിയ ആഭരണങ്ങൾ, മേക്കപ്പ് വസ്തുക്കൾ, ഇവയൊന്നും ഹരിതക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളായിരുന്നു. ബ്രാൻഡഡ് ഷർട്ടുകൾ മാത്രം ഇടുന്ന വിവേകിന് ഹരിതയുടെ ഇത്തരം സ്വഭാവത്തോട് പുച്ഛവും. 
         ശനിയാഴ്ച്ച പറഞ്ഞ സമയത്തിനും മുമ്പേ ഹരിത പാർക്കിൽ എത്തി.
ദൂരെ നിന്നും വിവേകും അമ്മയും നടന്നു വരുന്നത് കണ്ടപ്പോൾ കാരണമെന്തെന്നറിയാത്ത ഒരു ആശങ്ക ഉള്ളിൽ പെരുമ്പറ കൊട്ടിത്തുടങ്ങിയിരുന്നു. "അമ്മേ ഇതാണ് ഹരിത" ഒന്നു മൂളിക്കൊണ്ട് മഹേശ്വരി ഹരിതയെ അടിമുടി നോക്കി. ഇളം നീല കോട്ടൻ ചുരിദാറും കഴുത്തിൽ ഒരു നേർത്ത മാലയും അണിഞ്ഞ ആഡംബരം തീരെയില്ലാത്ത ഒരു പെൺകുട്ടി. അവരുടെ മുഖത്തെ ഭാവം എന്തെന്ന് ഹരിതക്കും അറിയാൻ കഴിഞ്ഞില്ല.   
          "വിവേകിന്റെ ഇഷ്ടം നടത്താൻ എനിക്ക് വിരോധം ഒന്നുമില്ല, ഹരിതക്ക് വിവാഹം കഴിഞ്ഞ് ജോലിക്ക് പോണമെങ്കിൽ അതുമാവാം" ഗാംഭീര്യം നിറഞ്ഞ ശബ്ദത്തിൽ അവർ പറഞ്ഞു. "പിന്നെ മകൻ കല്യാണം കഴിക്കുന്നത് അനാഥാലയത്തിൽ വളർന്ന ഒരു പെണ്ണിനെ ആണെന്ന് ബന്ധുക്കളോട് പറയാൻ എനിക്ക് കുറച്ച് ബുദ്ധിമുട്ടുണ്ട് അച്ഛനും അമ്മയും മരിച്ചു എന്നു പറഞ്ഞാൽ മതി, കല്യാണത്തിന് ശേഷം അവിടേക്കുള്ള പോക്കും പിന്നെ വേണ്ട, ഇടയ്ക്ക്  പൈസ വല്ലതും കൊടുക്കുന്ന കാര്യം വേണമെങ്കിൽ ആലോചിക്കാം, അല്ലാതെ ജീവിതകാലം മുഴുവൻ അങ്ങോട്ടൊരു കടപ്പാടിന്റെ ആവശ്യമില്ല" 
          "ഇടക്കിത്തിരി പണം കൊടുത്താൽ തീരുന്ന ബന്ധം അല്ലമ്മേ എനിക്ക് അവരോടൊക്കെ ഉള്ളത്, ഓർമ വെച്ച കാലം മുതൽ സ്വന്തമെന്നു പറയാൻ അവരേ ഉണ്ടായിരുന്നുള്ളൂ എനിക്ക്, അവിടെ പോവാതിരിക്കാൻ എനിക്ക് പറ്റില്ല. "അനാഥാലയത്തിൽ വളർന്നു എന്നു കരുതി എല്ലാ കാലവും അങ്ങനെ നടക്കണോ ഒന്നുമില്ലെങ്കിലും എന്റെ ഫാമിലി ബാക്ക്ഗ്രൗണ്ട് എങ്കിലും നോക്കണ്ടേ" വിവേകിന്റെ ശബ്ദത്തിൽ മുമ്പെങ്ങും തോന്നിയിട്ടില്ലാത്ത ഒരു ഗൗരവം തോന്നി അതോ പരിഹാസമോ. 
"ഇതൊക്കെ അറിഞ്ഞിട്ട് തന്നെയെല്ലേ വിവേക് എന്നെ ഇഷ്ടപ്പെട്ടത് ? അന്നൊന്നും ഇല്ലാതിരുന്ന  പ്രശ്നം എന്താ ഇപ്പൊ? " അറിയാതെ തന്റെ ശബ്ദവും ഉയർന്നു.
"എത്രയായാലും അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയിട്ട് കാര്യമില്ല, വിവേകേ ഇനി നീ തീരുമാനിക്ക് എന്താന്നു വെച്ചാൽ"            
             "ഇത് ഞാൻ തീരുമാനിച്ചു ആന്റി ഇവിടെ വെച്ച് നിർത്താം ഇത്, ആന്റിയെ ഇവിടെ വരുത്തി ബുദ്ധിമുട്ടിച്ചതിൽ സോറി"       ഇത്രയും പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ അൽപ്പം പോലും നഷ്ടബോധം തോന്നിയില്ല മനസിൽ. ആത്മാഭിമാനം പണയം വെച്ചുള്ള ജീവിതം കൊണ്ട് നമുക്ക് ഒരു കാലത്തും തൃപ്തി ഉണ്ടാവില്ലെന്ന് ദേവകിയമ്മ തന്നെ പറഞ്ഞു തന്നിട്ടുണ്ട് പലവട്ടം. 
          അതിൽ പിന്നെ  നഷ്ടപ്രണയത്തിന്റെ നോവായി വിവേകിന്റെ മുഖം ഇടയ്ക്കിടെ മനസിൽ തെളിഞ്ഞെങ്കിലും തന്റെ വ്യക്തിത്വത്തെ അംഗീകരിക്കാത്ത ഒരാളുടെ പ്രണയം വേണ്ടെന്നു വെച്ചതാണ് ശരിയെന്ന് അവൾക്ക് ബോധ്യമായി. അതായിരുന്നു അവളുടെ ശരി.

Written By - Vani Narayanan

വാലന്റൈൻസ് ഡേ


"അമ്മേ, ഇന്ന് വാലന്റൈൻസ് ഡേ ആയിട്ട് അച്ഛനെന്താ ഗിഫ്റ്റ് തന്നത്?"
അൽപ്പം പരിഹാസം കലർന്ന ഭാവത്തോടെയുള്ള മകളുടെ ചോദ്യം കേട്ട് ഗംഗ മുഖമുയർത്തി നോക്കി.
"അല്ല, നിങ്ങളോട് രണ്ടാളോടും ഈ ദിവസത്തെ പറ്റി പറഞ്ഞിട്ടെന്താ കാര്യം" അമ്മയുടെ മുഖത്തെ ചോദ്യഭാവം കണ്ടിട്ട് മകൾ ശിവാനി കൂടുതൽ വ്യക്തമാക്കി. പുച്ഛം തെളിഞ്ഞു നിന്ന ആ വാചകം ഗംഗയിൽ ഒരു ചെറു ചിരി ഉണർത്തി. "കൂടുതൽ കാര്യം അന്വേഷിക്കാതെ കോളേജിൽ പോവാൻ നോക്ക്". ഓ ഞാൻ പോവാ, ഇനി അതിന്റെ ദേഷ്യം എന്നോട് തീർക്കണ്ട,"
ഇതും പറഞ്ഞു ശിവാനി ബാഗ് എടുത്ത് പോവാനിറങ്ങി.
മകൾ പോകുന്നത് ഒരു നിമിഷം നോക്കി നിന്ന ശേഷം ഗംഗ ധൃതിയിൽ ഭർത്താവിനു കൊണ്ടു പോകാനുള്ള ചോറു പൊതിയാൻ തുടങ്ങി. മണി 9 കഴിഞ്ഞു ഒമ്പതരക്ക് തന്റെ ഭർത്താവ് ശിവരാമന് ഓഫീസിൽ പോണം. ഇന്ന് ഇടാനുള്ള ഷർട്ടും പാന്റും ഇസ്തിരിയിടുകയാണ് അദ്ദേഹം. നേരത്തെ അവൾ പറഞ്ഞത് കേട്ടു കാണുമോ എന്തോ. കുറച്ച് കഴിഞ്ഞ് ശിവരാമൻ ഇറങ്ങി പതിവ് പോലെ വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് അവൾ കൊടുത്തു വിട്ടു. അയാൾ പോയ ശേഷം അവൾ ബെഡ്റൂമിൽ കയറി അലമാര തുറന്നു. മെല്ലെ അടിയിലത്തെ തട്ടിൽ ഇരുന്ന ഒരു ചുവപ്പ് കോട്ടൻ സാരി കയ്യിലെടുത്തു മൃദുവായി തലോടി. അത് ദേഹത്തോട് ചേർത്ത് വെച്ച് കണ്ണാടിയിൽ നോക്കി. മനസ്സ് ഒരു 20 വർഷം പിന്നോട്ട് പോയി.
അന്ന് വിവാഹം കഴിഞ്ഞു 4 കൊല്ലം. ഓണത്തിന് ഡ്രെസ്സ് എടുക്കാനായി ടൗണിലെ ഒരു തുണിക്കടയിൽ കയറി. 3 വയസുകാരി ശിവാനിയെ വീട്ടിൽ മുത്തശ്ശിയെ ഏല്പിച്ചാണ്‌ പോന്നത്. ആദ്യം തന്നെ അവൾക്കൊരു നല്ല ഫ്രോക്ക് അദ്ദേഹം എടുത്തു. വില കണ്ടപ്പോൾ തന്റെ മനസ്സ് ഒന്നു പതറിയെങ്കിലും ഓമന മകളോടുള്ള അച്ഛന്റെ സ്നേഹവും ഇത് ഇടീക്കുമ്പോൾ അവളുടെ കണ്ണുകളിലെ നക്ഷത്ര തിളക്കവും ഓർത്തപ്പോൾ പിന്നെ എതിരു പറയാൻ തോന്നിയില്ല. ശിവേട്ടന്റെ അനിയത്തി രാജിക്കും അദ്ദേഹത്തിന്റെയും തന്റെയും മാതാപിതാക്കൾക്കുള്ളതും എടുത്ത ശേഷമാണ് പുറത്തേയ്ക്കിട്ടതിൽ ഒരു ചുവന്ന സാരിയിൽ കണ്ണുടക്കിയത്. പണ്ട് മുതലേ പ്രിയപ്പെട്ട നിറം ആയതിനാൽ വേഗം തന്നെ എടുത്തു ദേഹത്തു വെച്ച് നോക്കി. "പുതിയ കളക്ഷൻ ആണ് ചേച്ചി , ചേച്ചിക്ക് നന്നായി ചേരും" സെയിൽസിന് നിൽക്കുന്ന പെണ്കുട്ടിയുടെ വാക്കുകളും കൂടെ കേട്ടപ്പോൾ തന്റെ കണ്ണിലും ഒരു പൂത്തിരി മിന്നി. സാരിയുടെ വില കണ്ടപ്പോൾ ആ പൂത്തിരി ഒന്നു മങ്ങി പോയി. "നോക്കി നിൽക്കാതെ നിനക്കുള്ളതും കൂടെ വേഗം എടുക്ക് കടയിൽ തിരക്ക് കൂടുന്നു, മോൾ അന്വേഷിക്കില്ലേ വേഗമാവട്ടെ". "അല്ല, അപ്പൊ ഏട്ടനുള്ളത് എടുത്തില്ലല്ലോ?"
"എനിക്ക് ഇവിടുത്തെ ഒന്നും ഇഷ്ടപ്പെട്ടില്ല, ഓഫീസിന്റെ അടുത്ത് പുതിയൊരു കട വന്നിട്ടുണ്ട് അവിടുന്ന് അടുത്ത ദിവസം മേടിച്ചോളാം. നിനക്കുള്ളത് എടുക്ക്."
ഇത്രയും ധൃതിയിൽ പറഞ്ഞൊപ്പിച്ചു ബില്ലിംഗ് സെക്ഷനിലേക്ക് പോയി. അപ്പോൾ കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായി. അനിയത്തിയുടെ കല്യാണത്തിനു ചേർന്ന ചിട്ടി, വീട് വെച്ചതിന്റെ ലോൺ, അമ്മയുടെ മരുന്ന്, ഇതിലേക്കെല്ലാം മാറ്റിവെച്ചതിനു ശേഷമാണ് ഓണത്തിന് ഡ്രെസ്സ് എടുക്കാനുള്ള തുക ഒപ്പിച്ചത് ഇപ്പോ എടുത്തതിനു തന്നെ വിചാരിച്ചതിലും കൂടുതൽ ആയിട്ടുണ്ട്, അപ്പോൾ പിന്നെ ഏട്ടനുള്ളത് വേണ്ടെന്നു വെച്ചു. അതാണ് കാര്യം. ഒന്നാലോചിച്ചതിനു ശേഷം കയ്യിലിരുന്ന സാരി അവിടെ തന്നെ ഇട്ടു ബാക്കി എല്ലാം പായ്ക്ക് ചെയ്തോളാൻ പറഞ്ഞു. ബില്ലടക്കാൻ നേരം ഏട്ടൻ ചോദിച്ചു "നിന്റെ ഡ്രെസ്സ് എവിടെ?" അത് പിന്നെ കഴിഞ്ഞ ഓണത്തിന് എടുത്തത് തന്നെ ഇത് വരെ ഇട്ടിട്ടില്ല, കഴിഞ്ഞ ആഴ്ച്ച വീട്ടിൽ പോയപ്പോ അമ്മ ഒരു സാരി തന്നിരുന്നു, അതൊക്കെ പുതിയതായി ഇരിക്കുന്നുണ്ട് എന്തിനാ വെറുതെ മേടിച്ചു കൂട്ടുന്നെ മാത്രമല്ല ഞാൻ ഉദ്ദേശിച്ച കളർ ഒന്നും കിട്ടീതുമില്ല ഇനിയിപ്പോ വേണ്ട രാജിയുടെ കല്യാണത്തിന് നല്ലൊരെണ്ണം എടുക്കാം"
ഒന്നിരുത്തി മൂളിയ ശേഷം അദ്ദേഹം ബില്ലടച്ചു . കടയിൽ നിന്ന് ഇറങ്ങുമ്പോൾ ഡിസ്പ്ലേയിൽ കിടന്നിരുന്ന തന്റെ മനം കവർന്ന ആ സാരിയെ നോക്കി ഒന്നു സംശയിച്ചു നിന്നു .
"ഭർത്താവിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കി കൂടെ നിൽക്കാൻ കഴിയുന്നിടത്താണ് നമ്മുടെ വിജയം" കല്യാണം ഉറപ്പിച്ചതിനു ശേഷം അമ്മ ഇടക്കിടെ പറയാറുള്ള വാചകം മനസിൽ മുഴങ്ങി. പിന്നെ ഒന്നും നോക്കാതെ ശിവേട്ടന്റെ പുറകെ നടന്നു. വീട്ടിൽ എല്ലാവർക്കും ഡ്രെസ്സൊക്കെ ഇഷ്ടപ്പെട്ടു. നിനക്കെന്താ മോളെ എടുക്കാത്തത് എന്ന അമ്മയുടെ ചോദ്യത്തിന് ശിവേട്ടനോട് പറഞ്ഞ അതേ മറുപടിയും പറഞ്ഞു. ദിവസങ്ങൾ കടന്നു പോയി. പതുക്കെ ആ സാരിയുടെ കാര്യവും വിട്ടുപോയി. ഒരു ദിവസം ഓഫീസിൽ നിന്ന് വന്നു നേരെ അടുക്കളയിലേക്ക് കയറി ഒരു കവർ തന്നെ ഏല്പിച്ചു, അലമാരയിലേക്ക് വെക്കാൻ പറഞ്ഞു . എന്നാൽ പിന്നെ ഇങ്ങോട്ട് വന്ന നേരം കൊണ്ട് സ്വയമങ്ങ് വെച്ചാലെന്താ എന്നു ചിന്തിച്ചു കൊണ്ട് മുറിയിൽ പോയി അലമാര തുറന്നു. എങ്കിലും എന്താവും ഇത്ര കാര്യമായിട്ട് എന്ന് വിചാരിച്ചു വെറുതെ ഒന്ന് തുറന്നു നോക്കി. അരികിൽ സ്വർണ്ണ പൂക്കൾ ഉള്ള അതേ ചുവന്ന സാരി. അപ്പോളാണ് ഇന്ന് ശമ്പളം കിട്ടുന്ന ദിവസമാണല്ലോ എന്നോർമ വന്നത്. അപ്പൊ ഈ സാരി അന്ന് അദ്ദേഹം കണ്ടിരുന്നു. "ഇത് തന്നെയല്ലേ നിനക്ക് അന്ന് ഇഷ്ടപെട്ട സാരി? " എന്നു ചോദിച്ചു കൊണ്ട് അദ്ദേഹം മുറിയിലേക്ക് വരുന്ന വരെ താൻ ആ സാരി നെഞ്ചോട് ചേർത്ത്‌ നിൽക്കുകയായിരുന്നു. കണ്ണു രണ്ടും നിറഞ്ഞു മറുപടി പറയാൻ വാക്കുകൾ കിട്ടാതെ നിൽക്കുമ്പോൾ കവിളത്തൊന്നു തട്ടി ചിരിച്ചുകൊണ്ട് "പോയി ചായ എടുക്ക് ഗംഗേ വിശന്നു പൊരിയുന്നു" എന്നും പറഞ്ഞു ഡ്രസ്സ് മാറാൻ പോയി.
അന്ന് ഞങ്ങൾ രണ്ടാൾക്കും അറിയില്ലായിരുന്നു പ്രാരാബ്ധങ്ങൾക്കിടയിലും ഉള്ളിലെ പ്രണയം ഇങ്ങനെ ചെറിയ സന്തോഷം കൊണ്ട് പ്രകടിപ്പിക്കാൻ പ്രത്യേക ദിവസം ഉണ്ടെന്ന്. ഓരോ തവണ എടുക്കുന്തോറും ഭംഗി കൂടി വരുന്ന ആ സാരി ഗംഗ ഒന്നുകൂടെ ചേർത്ത് പിടിച്ചു. അപ്പോൾ വർഷങ്ങൾക്കു മുൻപ്‌ ആദ്യമായി അതുടുത്ത് ശിവരാമന്റെ മുന്നിൽ നിന്നപ്പോൾ ഉണ്ടായ നാണം കലർന്ന പുഞ്ചിരി പതിയെ വിടർന്നു വന്നു.

Vani Narayan

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo