അങ്ങനെ ഞാനും


"ഡാ എന്റെ കല്യാണം നിശ്ചയിച്ചു "
കൂട്ടുകാരൻ സുധി എന്റെ തോളിൽ അടിച്ചു പറഞ്ഞു.
ഈശ്വര ഇവനും പെണ്ണ് കിട്ടിയോ?
ഞാൻ ഇളിച്ചു കാണിച്ചു. ഉള്ളിൽ നെഞ്ചത്തടിച്ചു കരയുവാണെന്നു ഇവൻ അറിയാൻ പാടില്ല. ഇവന് വരെ കല്യാണം ആയി. ഇവന് വരെ എന്ന് ഞാൻ പറയുമ്പോൾ നിങ്ങൾ വിചാരിക്കും അതെന്താ എന്ന്? ഇവൻ എന്നേക്കാൾ രണ്ടു വയസ്സിന് ഇളപ്പമാണ്. പ്രത്യേകിച്ച് ഒരു പണീമില്ല. തിന്നുക, ഏമ്പക്കം വിടുക. തിന്നുക, വീണ്ടും ഏമ്പക്കം വിടുക. അങ്ങനെ ഒരു തീറ്റ മത്തായി. അവന് സ്വന്തം വീട്ടിൽ നിന്നു തിന്നു ബോറടിക്കുമ്പോൾ എന്റെ വീട്ടിൽ വന്നു തിന്നും. അതിന് ഒരു ഉളുപ്പുമില്ല. എന്റെ അമ്മയെ സോപ്പിട്ടു അടുക്കളയിൽ ഉള്ള സകലവസ്തുക്കളും തിന്നു തീർക്കും. ഒരു ചിതലിന്റ ജന്മം.
എനിക്ക് ഇരുപത്തിയാറു വയസ്സായി. എന്റെ പ്രധാന ശത്രു എന്റെ അമ്മയാണ്. അമ്മക്ക് ഞാൻ ഇന്നും തക്കുടു ആണ്. എന്നെ തക്കുടു എന്ന് വിളിക്കരുത് എന്ന് പറഞ്ഞാൽ അമ്മ കേൾക്കത്തില്ല. അമ്മേ എനിക്ക് മനീഷ് എന്ന നല്ല പേരില്ലേ അല്ലെങ്കിൽ മനു എന്ന് വിളിക്ക്. പോടാ ചെക്കാ കുഞ്ഞിലേ നിന്നേ എന്റെ തക്കുടുവേ എന്ന് വിളിച്ചില്ലെങ്കിൽ നീ കരയുമായിരുന്നു.. വിളി കേൾക്കത്തില്ലായിരുന്നു എന്നമ്മ. വെറുതെയാ എനിക്കോർമ്മ പോലുമില്ല. എന്നെ വളർത്താതിരിക്കാൻ പറയുന്നതാ. ഈശ്വര ഞാൻ ആരോട് പറയും. അച്ഛൻ ആണെങ്കിൽ ഒരു ഉത്തരവാദിത്തം ഇല്ലാത്ത ഒരു ജന്മം. അതെങ്ങനെ എന്റെ അച്ഛൻ അല്ലെ? ഇത്രയും പ്രതീക്ഷിച്ചാൽ മതി.
ഒരിക്കൽ ഞാൻ പറഞ്ഞു നോക്കിയതാ
"അച്ഛാ എന്റെ കൂട്ടുകാരന്റെ കല്യാണം ആയിരുന്നു "
"ആഹാ ആണോ? സദ്യ എങ്ങനെ ഉണ്ടായിരുന്നു "?
സദ്യ.. എല്ലാത്തിനും തീറ്റിയുടെ വിചാരമേ ഉള്ളു. കെട്ടുപ്രായം കഴിഞ്ഞിട്ടും കല്യാണം കഴിക്കാതെ നിന്നു പോകുന്നവന്റെ അന്തരാത്മാവിന്റെ ആളൽ ഇവർക്ക് വല്ലോം മനസിലാകുമൊ? അച്ഛൻ ആണത്രേ അച്ഛൻ. ഇരുപത്തിമ്മൂന്നു വയസ്സിൽ പെണ്ണ് കെട്ടിയ മൊതലാണ്. എന്നിട്ട് മോന്റെ കാര്യം വന്നപ്പോൾ ശ ഷ സ ഹ.
"അതല്ല അച്ഛാ എന്റെ കൂടെ പഠിച്ച അവസാനത്തെ ആളും കല്യാണം കഴിച്ചു. അത് പറഞ്ഞതാ "
"ആഹാ അത് കൊള്ളാമല്ലോ വല്ല ഒളിച്ചോട്ടം ആണോടാ..? അതോ വിളിച്ചോണ്ട് വന്നോ? "
എനിക്ക് ചൊറിഞ്ഞു വന്നു. പിന്നെ സ്വന്തം അച്ഛന്റെ മുഖത്ത് നോക്കി തന്തക്ക് വിളിക്കണ്ടല്ലോ എന്ന് വിചാരിച്ചിട്ടാ.
അപ്പൊ ഞാൻ പറഞ്ഞു വന്നത് എന്റെ കല്യാണം. ഇപ്പൊ ആ പ്രതീക്ഷ എനിക്കില്ല. ഞാൻ ഇങ്ങനെ കണ്ടവന്റെ കല്യാണചോറുണ്ടിരുന്നു നരച്ചു ചത്തു പോകുകേയുള്ളു.
ഓരോന്ന് ആലോചിച്ചു വീടെത്തിയത് അറിഞ്ഞില്ല
"തക്കുടുവേ റേഷൻ കടയിൽ പോയിട്ട് വാ മോനെ. എന്നെത്തേ പോലെ റേഷൻ കാർഡ് മറന്നാൽ നല്ല തല്ലു കിട്ടുമേ " അമ്മയുടെ കയ്യിൽ നിന്നു ഒരക്ഷരം മിണ്ടാതെ സഞ്ചിയും കാർഡും വാങ്ങി ഞാൻ നടന്നു തുടങ്ങി.
നിങ്ങൾക്ക് അറിയാമോ എന്നെ ഇപ്പോഴും തല്ലും.
റേഷൻ കാർഡ് മറന്നാൽ തല്ലും .
വീട്ടിൽ വരുന്നോർക്കു കൊടുക്കാൻ വെച്ചിരിക്കുന്ന മിക്സർ തിന്നു തീർത്താൽ തല്ലും .
അമ്മ തിരുമ്മുന്ന തേങ്ങ കയ്യിട്ട് വാരിയാൽ തല്ലും .
മഴ പെയ്യുമ്പോൾ തുണി എടുക്കാൻ മറന്നാൽ തല്ലും .
അങ്ങനെ ഇന്നത് എന്നില്ല.
"അമ്മേ ഞാൻ വളർന്നു. ഇനി ഇങ്ങനെ തല്ലല്ലേ "
"അയ്യടാ അവൻ വളർന്നു പോലും. സത്യം പറയടാ നീ ഇപ്പോഴും കിടന്ന് മുള്ളുകെലെ? "
എന്റെ തൊലി ഉരിക്കും അമ്മ
കഷ്ടകാലത്തിനു ഒരു ഇംഗ്ലീഷ് ഹൊറർ പടം കണ്ടിട്ട് കിടന്നപ്പോൾ ഉറക്കത്തിൽ പറ്റിപ്പോയി. ഒറ്റ തവണ. അയിനാണ്..
റേഷൻ കടയിൽ ചെന്നപ്പോൾ പുതിയ ഒരു പെണ്ണ്. ഞാൻ നോക്കാൻ പോയില്ല. എന്തിന് വെറുതെ?
"തക്കുടു അല്ലെ? "
"ങേ? "ഞാൻ ചുറ്റും നോക്കി. ദൈവമേ റേഷൻ കാർഡിൽ അമ്മ എന്റെ പേരിങ്ങനെ ആണോ എഴുതി വെച്ചേക്കുന്നേ? "
"അല്ല.. ജാനകിയമ്മയുടെ മോൻ തക്കുടു അല്ലെ? "
"എന്റെ അമ്മ അത് തന്നെ. പക്ഷെ പേര് അതിൽ ഉണ്ട്. മനീഷ് "
"പക്ഷെ തക്കുടു ആണ് ഭംഗി.. "
ഞാൻ അവളെ ഇപ്പൊ ഒന്ന് നോക്കി. വിശദമായി തന്നെ നോക്കി. പെണ്ണ് കൊള്ളാം. മിടുക്കിയാണ്. കിട്ടിയിരുന്നെങ്കിൽ നന്നായേനെ. പക്ഷെ കെട്ടിയതാണോ എന്ന് അറിഞ്ഞൂടാല്ലോ. ഞാൻ എന്റെ കഴിവിന്റെ പരമാവധി എത്തി നോക്കി. വേറെ ഒന്നുമല്ല. താലി ഉണ്ടോന്നാ.. ഒരു കുഞ്ഞ് മാല ഉണ്ട്.. ഇനി പരിഷ്‌കാരം കൊണ്ട് താലി ഊരി വെച്ചു കാണുമോ?
ആ പോട്ടെ കുന്തം. അല്ലെങ്കിലും വെറുതെ നോക്കണ്ട.. കിട്ടൂല.
"അമ്മയെ അന്വേഷണം പറയണം കേട്ടോ "
ഞാൻ തലയാട്ടി
തക്കുടു നല്ല പേര് ആണ്
എന്ന്. അമ്മ പറഞ്ഞു കൊടുത്തതാ. ഉറപ്പ്.. നാട്ടുകാരും കൂടി അങ്ങനെ വിളിച്ചു തുടങ്ങിയാൽ ഞാൻ രാജ്യം വിടേണ്ടി വരും. എന്റെ ഒരു കൂട്ടുകാരനുണ്ട്. അവന്റെ അമ്മ അവനെ വാവേ എന്നാ വിളിക്കുന്നെ. അവനിപ്പോ മൂന്ന് വാവകൾ ഉണ്ട് എന്നാലും അവന്റെ അമ്മ അവനെ വാവേ എന്ന് തന്നെ ആണ് വിളിക്കുക ഈ അമ്മമാരൊക്ക എന്താ ഇങ്ങനെ? വളർന്നു എന്ന് അങ്ങ് അംഗീകരിച്ചു കൂടെ?
അല്ല എന്റെ തെറ്റാണ്. ഇടിയും മിന്നലും ഉണ്ടാകുമ്പോൾ ഇപ്പോഴും എന്റമ്മോ എന്നും വിളിച്ചു അമ്മേനേം കെട്ടിപ്പിടിച്ചു അച്ഛന്റെയും അമ്മയുടെയും ഇടയ്ക്ക് കിടക്കുന്ന എനിക്കിതു വേണം. കാര്യം എന്തൊക്ക ആണെങ്കിലും നമ്മൾ ആണ്മക്കൾക്കു അമ്മ ഒരു വീക്നെസ്സാ അല്ലെ ? അമ്മയുടെ മടിയിൽ തല വെച്ചു കിടന്ന് ടീവി കാണണം.. ആഹാ എന്താ സുഖം. അമ്മ അപ്പൊ തലമുടിയുടെ ഇടയിലൂടെ ഇങ്ങനെ മസ്സാജ് ഒക്കെ ചെയ്ത് ഇടയ്ക്ക് ചെവിയിൽ നോവാതെ ഒന്ന് നുള്ളി..
നമ്മെ കുറിച്ച് മറ്റുള്ളവരോട് പറയുമ്പോഴ രസം. എന്റെ കുഞ്ഞിന് ഞാൻ ഇല്ലാതെ പറ്റുകേല. അവനെന്നെ കാണാതെ ഇരിക്കുകേല..വല്ലോം കഴിക്കണമെങ്കിൽ ഞാൻ ഉണ്ടാക്കി കൊടുക്കണം. എന്നെ ജീവനാ.. അപ്പൊ സ്നേഹം കൊണ്ട് ആ കണ്ണ് നിറഞ്ഞിട്ടുണ്ടാകും.പാവം
നടന്നു വീട്ടിൽ എത്തിയപ്പോൾ അമ്മ.. മുറ്റത്തു നിൽപ്പുണ്ട് വിത്ത്‌ ചൂൽ.
"ഡാ പൊന്നു.. ദേ ഇത്രയും ഭാഗമൊന്നു. തൂക്കടാ "
"അയ്യടാ ഞാൻ ഇപ്പൊ വന്നല്ലേയുള്ളു.. "
"എന്റെ തക്കുടു അല്ലെ.. ഞാൻ ഇലയപ്പം ഉണ്ടാക്കി വെച്ചിട്ടുണ്ട് എന്റെ പൊന്നുമോനല്ലേ ഇച്ചിരി ഉള്ളു "
ആരായാലും ചൂൽ വാങ്ങിച്ചു തൂത്തു പോകും. അമ്മാതിരി പതപ്പിക്കൽ ആണ്
"ഡാ റേഷൻ കടയിലെ കൊച്ച് കൊള്ളാമോ? "
"ഞാൻ കൊള്ളാം എന്ന് പറഞ്ഞിട്ടെന്താ? "ഞാൻ തൂത്തു വാരുന്നതിനിടയിൽ ചോദിച്ചു
"നിനക്ക് ഇഷ്ടപ്പെട്ടോ? "
"അമ്മക്കിത് എന്താ? "
അമ്മയുടെ മുഖത്ത് കള്ളച്ചിരി
"എന്നാ അമ്മേ? "
"നീ പെണ്ണ് കാണാൻ
പോയതാടാ "അച്ഛന്റെ ശബ്ദം.
അച്ഛൻ ചിരിക്കുന്നു..
ഇതെവിടെ നിന്നു വന്നു.? .. ഒരു അത്യാവശ്യത്തിന് സാധാരണ കാണാത്ത മനുഷ്യനാ.
" ആ പെണ്ണ് ആ റേഷൻ കട നടത്തുന്ന സജീവിന്റെ ചിറ്റപ്പന്റെ മോളാ. നിന്നേ എവിടെയൊക്കെയോ വെച്ചു കണ്ടു ഇഷ്ടപ്പെട്ടു. ഇപ്പൊ ആ പെണ്ണിന് നിന്നെ മതി എന്ന്.
ഇനി നിനക്ക് ഇഷ്ടമായോ എന്ന് അറിയാനാ അങ്ങോട്ട് വിട്ടത്? "
ഈശ്വര.. പട്ടിണി കിടക്കുന്നവന്റെ മുന്നിൽ ഹൈദ്രാബാദി ബിരിയാണി കൊണ്ട് തന്ന പോലെയായല്ലോ.. നിന്നേ ചുമ്മാതല്ല ഈശ്വരാ എന്ന് വിളിക്കണേ...എന്നാലും ആക്രാന്തം നമ്മൾ പുറത്തു കാണിക്കരുത്.
"ഇനി എവിടെ എങ്കിലും തൂക്കാൻ ഉണ്ടൊ അമ്മേ? "വിനയകുനിയനായി ഞാൻ
വേണെങ്കിൽ അപ്പുറത്തെ വീടിന്റെ മുറ്റം കൂടി തൂക്കാൻ അപ്പൊ ഞാൻ തയ്യാറായിരുന്നു. . അമ്മ ചിരിച്ചു കൊണ്ട് ചൂല് വാങ്ങി ഒതുക്കി വെച്ചു തിണ്ണയിൽ ഇരുന്നു.
"എന്നാലും ആ പെണ്ണ് ഒരു പൊട്ടിയാ കേട്ടോ തക്കുടു "
ഞാൻ അമ്മയുടെ മുഖത്ത് നോക്കി അടുത്ത് ചേർന്ന് ഇരുന്നു.
"അല്ല നിന്നേ ഇഷ്ടപ്പെടുക എന്ന് ഒക്കെ വെച്ചാൽ മിനിമം ബുദ്ധി ഉള്ള പെൺപിള്ളേർക്ക് തൊന്നുമോടാ? "അമ്മ പൊട്ടിച്ചിരിക്കുന്നു
അച്ഛനും ഉണ്ട് ഒരു ആക്കിയ ചിരി. ഇങ്ങേര് പണ്ടേ എനിക്കിട്ട് എപ്പോ പണി തരാം എന്ന് നോക്കി നടക്കുന്ന കക്ഷിയാ.
"എന്നാലും ഇവൻ കല്യാണം കഴിക്കാൻ ഒക്കെ വളർന്നല്ലേ? എനിക്ക് വിശ്വസിക്കാൻ വയ്യ എത്ര പെട്ടെന്നാ കുഞ്ഞുങ്ങൾ വളരുന്നത്? "
അമ്മ അച്ഛനോട്
"വയസ്സ് ഇരുപത്തി അഞ്ചു കഴിഞ്ഞു.. കുഞ്ഞ് പോലും. ഡാ ഇനി ഇടിയും മിന്നലും വരുമ്പോൾ സ്വന്തം ഭാര്യയെ കെട്ടിപ്പിടിച്ചു കിടന്നോണം. ഞാൻ എന്റെ ഭാര്യയെ ഇനിയെങ്കിലും ഒന്ന് കെട്ടിപിടിച്ചു കിടന്നോട്ടെ.വർഷം പത്തിരുപത്തഞ്ചു കഴിഞ്ഞു ഒരു മഴ കണ്ടിട്ട് "
അച്ഛൻ എഴുനേറ്റു പോയി.
"അയ്യേ കൾച്ചർ ഇല്ലാത്ത മനുഷ്യൻ. ഒരച്ഛനാ ഇത്.? എങ്ങനെ സഹിക്കുന്നമ്മേ? "ഞാൻ അച്ഛനെ നോക്കി അമ്മയോട് ചോദിച്ചു.
"പോടാ "അമ്മയുടെ മുഖത്ത് ഒരു നാണം
"അമ്പടി കൊച്ച് ഗള്ളി "
ഞാൻ ആ കവിളിൽ ഒന്ന് നുള്ളി അമ്മയുടെ മടിയിലേക്ക് ഒന്ന് നീണ്ടു നിവർന്നു കിടന്നു.
അങ്ങനെ എന്റെയും കല്യാണം ആയി...
ഞാൻ പൊളിക്കും...

By Ammu Santhosh

ഒരു പെണ്ണുകാണൽ ഓർമ


 ഡിഗ്രി കഴിഞ്ഞു മധുര പ്രണയ വിരഹവുമായി രാമനാട്ടുകാര ട്യൂട്ടോറിയലിൽ കുട്ടികളെ കണക്കു പഠിപ്പിക്കാനെന്ന വ്യാജനെ വീട്ടീന്ന് നാട് കാണാൻ ഇറങ്ങ്യ കാലം..

വീട്ടീന്ന് മുക്കാൽ മണിക്കൂർ പോണം ബസ്സിൽ തന്നെ..
രാമനാട്ടുകാര ബസ്സിറങ്ങി ജീപ്പ് കയറി കൊളക്കൂത്ത് എന്ന സ്ഥലത്തു എത്തിയാലും പിന്നേം നടക്കണം 2 കിലോമീറ്ററോളം.. ആ നടത്തമാണ് ഏറ്റവും സുഖകരം..
നല്ല ഒന്നാന്തരം പച്ചപ്പ് നിറഞ്ഞ നാട്ടിൻപുറം..
നടവഴിക്കു രണ്ടു വശത്തും കുലച്ചു നിൽക്കണ നേന്ത്ര വാഴത്തോട്ടങ്ങൾ.. നെൽപ്പാടങ്ങൾ.. ആഹാ അന്തസ്..😊
അന്നത്തെ എന്റെ കോലം 45kg എല്ലു വലിച്ചു നീട്ടിയ നീളം..പൊക്കം മാത്രം ഉള്ളു..ബാക്കിയൊന്നുമില്ല.
സെന്ററിൽ സാരി നിർബന്ധം.. അല്ലേൽ എന്നെയൊക്കെ പിള്ളേർ എടി പോടീ വിളിച്ചാലോ എന്ന് കരുതിയാകും..
അമ്മയുടെ സാരി 4 എണ്ണം 'അമ്മ എനിക്കായി ഉപേക്ഷിച്ചു.( തന്നു എന്ന് പറഞ്ഞൂടാ. ഞാനുടുത്തു പാടത്തുടെയും വരമ്പിലൂടെയും നടന്നു വക്ക് പൊട്ടിച്ച, അഴുക്കാക്കുന്ന സാരി അമ്മക്ക് ഇനി വേണ്ടാന്ന്😒 )
സാരിയുടുക്കാൻ പഠിച്ചത് രണ്ടു ദിവസം കൊണ്ടാണ്.. 'അമ്മ ഉടുപ്പിക്കാൻ വരും ആദ്യം സാരി കയ്യിൽ പിടിച്ചു ഈ കോലത്തിനു ഇതെവിടെയാ ദൈവമേ ഉടുപ്പിക്കേണ്ടത് എന്നൊരു നോട്ടമാണ്..🙄
പിന്നെ ഉടുപ്പിക്കൽ തുടങ്ങിയാൽ ശറ പറാ ശകാരങ്ങളും.. ഇങ്ങോട്ട് തിരിയ്.. അവിടെ പിടിക്ക്.. ഇങ്ങനെ കുത്ത്..
മൂന്നാം ദിവസം ഞാൻ പറഞ്ഞു ഞാനൊറ്റക്ക് ഉടുത്തോളം 'അമ്മ പോയേന്നു.. അല്ല പിന്നെ..😏
'അമ്മ ഹാപ്പി..
അങ്ങനെ വലിച്ചു വാരി ചുറ്റിയ സാരിയുടുത്ത എന്നെ ജീപ്പിൽ കുത്തി നിറച്ച ആളുകളുടെ ഇടയിൽ നിന്നും ആദ്യം പുറത്തിട്ടു പിന്നെ സാരി തരുന്ന ജീപ്പ് ക്ലീനേർക്ക് നൻഡ്രി പറഞ്ഞാണ് ക്ലാസ്സെടുക്കാൻ പോകൽ..
അവിടെ കിട്ടണ മറ്റൊരു സുഖം ഇടയ്ക്കിടെ കാണുന്ന നാട്ടുകാരുടെ ടീച്ചറെ എന്നുള്ള വിളിയും, ചിരിയുമാണ്.. ഈ കോലത്തിനേം ടീച്ചർ ആയി അംഗീകരിക്കാനുള്ള ആ മനസ്സുകൾ മാസ്സാണ്..😘
അത്തരം ഒരു യാത്രയിലാണ് ആദ്യ പെണ്ണുകാണൽ എന്റെ സഹോദര സ്ഥാനത്തുള്ള ഒരുത്തന്റെ വക അറേഞ്ച് ചെയ്തത്. ബസ്റ്റോപ്പിൽ വെച്ചാണ് അത്. സത്യത്തിൽ എന്നോടാരും പറഞ്ഞില്ല 😥
ഞാൻ ഒരു കൊട്ട ടീച്ചർ അഹങ്കാരവും പേറി ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ അതാ ഒരു വെളുത്ത ഒരു ചുള്ളൻ നീല ഷർട്ടിട്ട്, Inside ഒക്കെ ആക്കിയത് എന്നെ ഈ സൈഡിൽ നിന്ന് നോക്കുന്നു.. തൃപ്തിയാകാതെ മറ്റേ സൈഡിൽ നിന്നു നോക്കുന്നു..
ആകെ പന്തികേട് നോട്ടം...
അത് കണ്ടു സാരി ഒന്നുടെ ചുറ്റിപ്പിടിച്ചു, വയറു കാണാതിരിക്കാൻ കുത്തിയ പിന്നൊക്കെ ഇല്ലെന്നു ഉറപ്പു വരുത്തി ഞാനും അയാളെ ഞാൻ നന്നായി ശ്രെദ്ധിച്ചു.. അന്നെന്നെ അങ്ങനാര് നോക്കാനാ?🙊
വീട്ടിൽ എത്തിയപ്പോഴാണ് അതായിരുന്നു പെണ്ണുകാണൽ എന്ന് അറിഞ്ഞത്..
എന്തായാലും ആ കല്യാണം നടന്നില്ല.
അവനെ എനിക്കു മാത്രം ബോധിച്ചാൽ പോരല്ലോ.. ഉടലിൽ ഒരിത്തിരി ഇറച്ചി ഏതു വഴിക്കും ചുറ്റിനടന്നു കാണാഞ്ഞിട്ടാകും അയാൾ ഓടിയത്..😂
അയാക്കു അറിയില്ലലോ ഞാൻ ഭാവിയിൽ ഇങ്ങനെ തടിച്ചു 66kg മാസാലദോസ ആകുമെന്ന്.😊
നബി : അയാൾ രക്ഷപ്പെട്ടെന്ന കമന്റ് നിരോധിച്ചിരിക്കുന്നു

By: Achu Helen

നിങ്ങളെന്നെ ആജ്യാരാക്കി .


 സംഗതി കോമഡിയാണ്, കുറച്ചു കൊല്ലങ്ങള്ക്കു മുന്പുണ്ടായ ഒരു സംഭവം. ഞാന് അതുവരെ ചെയ്തിരുന്ന Building Consultancy (Civil Engg.) യോടൊപ്പം ഞങ്ങളുടെ (ആചാരിമാര്) കുലത്തൊഴിലായ സ്ഥാനനിര്ണ്ണയം (വാസ്തു / തച്ചുശാസ്ത്രം) ഏറ്റെടുത്തു തുടങ്ങിയ കാലം.

ആളുകള് അന്വേഷിച്ചു വരാന് തുടങ്ങിയപ്പോള് “ഒരു ബോര്ഡ് വെച്ചാല് നന്നായിരുന്നു” എന്നു പലരും പറഞ്ഞു, എന്നാല് അങ്ങനെയാവാം എന്നു ഞാനും കരുതി.
“ശുഭസ്യ ശീഘ്രം” എന്നാണല്ലോ. വേഗം തന്നെ നല്ലൊരു ബോര്ഡ് ഉണ്ടാക്കിച്ച് എന്റെ കൂട്ടുകാരന് (ന്യൂ ജെന് ഭാഷയില് ചങ്ക് ബ്രോ) ആര്ടിസ്റ്റ് ജയനെക്കൊണ്ട് (കല വരയ്ക്കുന്ന ജയന് എന്ന് ഞങ്ങള് കളിയാക്കി വിളിക്കും) “ പ്രസാദ്‌ ആചാരി “ എന്നു ഭംഗിയായി എഴുതിച്ചു. എന്നിട്ട് ആ ബോര്ഡ് തറവാടിന്റെ മുറ്റത്ത് ഭംഗിയായി സ്ഥാപിക്കുകയും ചെയ്തു.
വഴിയില്ക്കൂടി പോകുന്നവരൊക്കെ ബോര്ഡ് വായിച്ച് എന്നെ നോക്കി “നന്നായിട്ടുണ്ട്” എന്ന രീതിയില് ചിരിച്ചുകൊണ്ട് കടന്നു പോയി.
“ബോര്ഡ് അല്പ്പം ചെരിഞ്ഞു പോയോ” എന്നു മമ്മദാലിക്ക സംശയം പ്രകടിപ്പിച്ചു. “ബോര്ഡ് കുറച്ചു ചെറുതായെന്നാണ്” പ്രഭാകരേട്ടന് പറഞ്ഞത്.
കുറച്ചു കഴിഞ്ഞപ്പോള് അയല്വക്കത്തെ മജീദിക്കയും പേരക്കുട്ടി ഷിഫയും വന്നു. “ഇതെന്തായാലും നന്നായി പ്രസാദേ” മജീദിക്ക പറഞ്ഞു. “എന്റെ പണി കുറച്ചു കുറയും” (റിട്ടയേഡ് ലൈഫ് ആസ്വദിച്ച് എപ്പോഴും സ്വന്തം വീടിന്റെ ഉമ്മറത്ത് ഇരിക്കുന്ന കാരണം എന്നെ അന്വേഷിച്ചു വരുന്നവര് ആളോടാണ് വഴി ചോദിക്കാറ്)
കുറച്ചു നേരം അവിടെ സംസാരിച്ചു നിന്നതിനു ശേഷം മജീദിക്ക തിരിച്ചു പോയി . ഷിഫ പക്ഷെ അപ്പോഴും ബോര്ഡിലെഴുതിയ വാക്കുകള് സൂക്ഷ്മനിരീക്ഷണം നടത്തിക്കൊണ്ടു അവിടെത്തന്നെ നില്ക്കുകയാണ്.
“എന്താ ഷിഫേ” എന്നു ഞാന് ചോദിച്ചപ്പോള്
“ഊം ഊം“ എന്നു മൂളി കുഴഞ്ഞാടിക്കൊണ്ട് അവള് അവിടെത്തന്നെ നിന്നു. .
ഷിഫ എന്റെ മോന് നിദുവിന്റെ കൂടെ ഒന്നാംക്ലാസ്സില് ആണ് അന്ന് പഠിച്ചിരുന്നത്. നന്നായി പഠിക്കുന്ന കുട്ടിയാണ്.
എന്താണ് ഷിഫ ഇത്ര കാര്യമായി ബോര്ഡിനെയും അക്ഷരങ്ങളെയും നിരീക്ഷിക്കുന്നത് എന്നു ഞാന് ആലോചിക്കാതിരുന്നില്ല.
എന്തായാലും പണിയൊക്കെ കഴിഞ്ഞ നിലയ്ക്ക് കൊത്തിയും മറ്റു പണിയായുധങ്ങളും കൊണ്ടുവെക്കാം എന്നുകരുതി ഞാന് വീട്ടിലേക്കു കുറച്ചു വഴി നടന്നു കഴിഞ്ഞപ്പോഴാണ് നിദു വന്നത്.
നിദു വന്ന പാടെ ബോര്ഡ് ഇളകുന്നുണ്ടോ എന്നറിയാനായി അതിന്മേല് പിടിച്ചു നന്നായൊന്ന് ആട്ടി നോക്കി, അവനതു തള്ളി താഴെയിടുമോ എന്നു ഭയന്നു വേഗം അവനെ പിന്തിരിപ്പിക്കാനായി ഞാന് തിരിച്ചു നടക്കുമ്പോളാണ്, ഞാന് അവിടെ ഇല്ലെന്ന ധൈര്യത്തില്, കുട്ടികളുടെ സ്വതസിദ്ധമായ നിഷ്കളങ്കതയോടെ ഷിഫ നിദവിനോട് ചോദിക്കുന്നത് കേട്ടത് :
“ഡാ നിദൂ, നിങ്ങള് അമ്പലക്കാരല്ലേ. പിന്നെ എങ്ങന്യാ നിന്റെ അച്ഛന് ആജ്യാരാവ്ണ് ?”
...ന്റെ അട്ടിപ്പാറ അമ്മച്ചീ.......
ചോദിച്ചത് നിദുവിനോടാണെങ്കിലും ഞെട്ടിത്തരിച്ചത് അവന്റെ അച്ഛനായ ഈ പ്രസാദാചാരിയാണ്.....( അതോ പ്രസാദാജ്യാരോ? )
“ഭഗവതീ .... എന്റെ വാസ്തുപരമ്പര ദൈവങ്ങളെ ..ചതിച്ചോ..”
(അപ്പോള് ഇതു കണ്ടുപിടിക്കാനാണ് ഷിഫ ഇത്രയും നേരം ബോര്ഡില് സൂക്ഷ്മനിരീക്ഷണം ചെയ്തു നിന്നിരുന്നത്. അത് ശരി!)
ബോര്ഡില് എഴുതിയത് തെറ്റിപ്പോയോ ? ആദ്യം ഞാന് അങ്ങനെയാണ് സംശയിച്ചത് .
“കള്ളാ... ജയാ... നിന്റെ കല വരയ്ക്കല് ഞാന് ഇന്നത്തോടെ അവസാനിപ്പിക്കും“ ഞാന് ബോര്ഡിലേക്ക് സൂക്ഷിച്ചു നോക്കി, “ആചാരി” എന്നു തന്നെ അല്ലെ അവന് എഴുതിയിരിക്കുന്നത്...? അവനെ അത്രയ്ക്കങ്ങട്ട് വിശ്വാസമില്ലാതിരുന്നതിനാല്, അക്ഷരങ്ങള് തെറ്റാതെ നോക്കിയെഴുതാനായി, ഞാനവന് എന്റെ കാര്ഡ് കൂടി കൊടുത്തിട്ടുണ്ടായിരുന്നു.
മുക്കാല് മുണ്ടുടുത്ത് വട്ടത്താടിയും തലേക്കെട്ടുമുള്ള, ഞാന് ദിവസവും കാണാറുള്ള, ഹാജ്യാരുടെ രൂപം മനസ്സിലൂടെ മിന്നി മറഞ്ഞു...
ഭാഗ്യം, എഴുത്തിനു കുഴപ്പമൊന്നും ഇല്ല. ആശ്വാസം. (ജയാ.... മാപ്പ്, നീ ഒരു വകയ്ക്കു കൊള്ളാത്തവനാണെങ്കിലും കോപ്പിയടിയില് ഒന്നാമാനാനെന്നു കേട്ടിട്ടുണ്ട്, അക്കാര്യം നീയെന്തായാലും തെളിയിച്ചിരിക്കുന്നു) ആശ്വാസം.
എന്നിട്ടും ആ ചോദ്യമേല്പ്പിച്ച ഷോക്കില് നിന്നും മോചിതനാവാന് എനിക്കു കുറച്ചു കൂടി സമയം വേണ്ടിവന്നു. ഞെട്ടല് മാറിയപ്പോള് സ്വയം നിയന്ത്രിക്കാനാവാതെ ഞാന് ഉറക്കെച്ചിരിച്ചുപോയി. എന്റെ ചിരി കേട്ടപ്പോള് എന്തോ അബദ്ധം പിണഞ്ഞെന്നു മനസ്സിലായ ഷിഫ നാണിച്ച് അവിടെനിന്നും സ്ഥലംവിട്ടു.
പാവം കുട്ടി. ആചാരിയെ ആജ്യാര് എന്നു വായിച്ചതില് അവളെ എങ്ങനെ യാണ് കുറ്റപ്പെടുത്തുക? അവള് മുസ്ലിയാരെയും ഹാജ്യാരേയും (പറയുന്നതാണെങ്കില് ആജ്യാരെന്നും ) മാത്രമല്ലേ അറിയൂ. ഈ ആചാരി എന്ന ഒരു വര്ഗ്ഗം കൂടി ഈ ലോകത്തുണ്ടെന്ന് അവളെങ്ങനെ അറിയാനാണ്.
മദ്രസ്സയുടെ അടുത്ത് മുസ്ലിങ്ങളുടെ ഇടയില് താമസിച്ചാലുള്ള കുഴപ്പം അന്നാദ്യമായിട്ടാണ് ഞാന് മനസ്സിലാക്കുന്നത്‌ . വളരെ വളരെ സൂക്ഷിക്കണം,
ഇല്ലെങ്കില് അവര് ആചാരിമാരെ ആജ്യാരുമാരാക്കി മതം മാറ്റിക്കളയും....ഹ ...ഹ...ഹാ...
PrasadPazhuvil

പൂച്ചക്കണ്ണ്

 


അവൾക്കു വല്ലാതെ ദേഷ്യം വന്നു. തലമുടിയിൽ കൊരുത്തുവെച്ച മുല്ലപ്പൂ പിച്ചിക്കീറി ദൂരെയെറിഞ്ഞു. ഭംഗിയായി ഞുറിഞ്ഞിടുത്ത സാരി വലിച്ചു പറിച്ചു.സാരിക്കു മാച്ചു ചെയ്യുന്ന പച്ചയും ചുവപ്പും കുപ്പിവളകൾ രണ്ടു കയ്യും കൂട്ടിയിട്ടിപ്പിച്ച് പൊട്ടിച്ചു കളഞ്ഞു.

നേരെ കണ്ണാടിയുടെ മുമ്പിൽ പോയി നിന്നു. നാണക്കേടും സങ്കടവും കൊണ്ട്
അവളുടെ മുഖം ചുവന്നുതുടുത്തു. കരിമഷി എഴുതിയ കണ്ണുകൾ നിറഞ്ഞൊഴുകി.
ആരോടെന്നില്ലാതെ എന്തൊക്കെയോ പുലമ്പി.
കണ്ണാടി എറിഞ്ഞു പൊട്ടിക്കാൻ തോന്നി. നശിച്ച പൂച്ചക്കണ്ണ് ! അച്ഛനും അമ്മയ്ക്കും
കുടുംബത്തിലാർക്കും ഇല്ലാത്തത് തനിക്കു മാത്രം എങ്ങിനെ കിട്ടി? പൂച്ചക്കണ്ണിൽ എത്ര കരിമഷി പുരട്ടിയാലെന്താ? അതു പൂച്ചക്കണ്ണല്ലാതാവുമോ?
അവൾക്കു സങ്കടം നിയന്ത്രിക്കാനായില്ല.
മിക്ക ഞായറാഴ്ചകളിലും പതിവുള്ളതല്ലേ ഈ പെണ്ണുകാണൽ. ഉടുത്തൊരുങ്ങി വല്ലവന്റേം മുമ്പിൽ പോയി നാണം കെടുന്നത് ഇതാദ്യത്തെ അനുഭവമല്ലല്ലോ. ഇതാ ബ്രോക്കർ ഗോപിച്ചേട്ടൻ പറ്റിച്ച പണിയാ. അയാൾക്കിട്ടു രണ്ടു പൊട്ടിക്കാൻ തന്റെ കൈ തരിക്കുന്നുണ്ട്.
അയാൾക്കു പറയരുതായിരുന്നോ തനിക്കു പൂച്ചക്കണ്ണാണെന്ന്. വെറുതെ മനുഷ്യനെ നാണം കെടുത്താനായി. എനിക്കു കല്യാണമേ വേണ്ട. കല്യാണം കഴിച്ചില്ലെങ്കിലെന്താ? ആകാശം ഇടിഞ്ഞു വീഴുമോ? കല്യാണം കഴിക്കാതെ എത്രയോ പേർ ഈ ലോകത്തു സുഖമായി ജീവിക്കുന്നു. അല്ലെങ്കിൽത്തന്നെ കല്യാണം കഴിച്ചാൽ വല്ല ഉറപ്പുമുണ്ടോ ഉണ്ടാകുന്ന കൊച്ചുങ്ങൾക്ക് പൂച്ചക്കണ്ണുണ്ടാവുമോ എന്ന്.
സത്യം പറയാമല്ലോ. കാലത്തെ വന്ന ആ സുന്ദരക്കുട്ടപ്പനെ കണ്ടപ്പോൾ തന്റെ മനസ്സു വല്ലാതെ മോഹിച്ചു പോയി. എന്താണെന്നറിയില്ല. തന്റെ മനസ്സിൽ സങ്കല്പിച്ച ആ രൂപം അതാണെന്നു തോന്നി.
തന്നെയല്ല തനിക്ക് careless ആയി വസ്ത്രം ധരിക്കുന്ന പുരുഷന്മാരെ കണ്ടു കൂടാ. നല്ല
സ്റ്റൈലിഷായി വസ്ത്രം ധരിച്ച അയാളെ ഒറ്റ നോട്ടത്തിൽത്തന്നെ ഇഷ്ടപ്പെട്ടിരുന്നു. അതു തന്റെ കുറ്റമാണോ? പൂച്ചക്കണ്ണിന്റെ കാര്യം താൻ മറന്നു പോയിരുന്നു. അല്ലെങ്കിൽത്തന്നെ
തനിക്കും ആഗ്രഹങ്ങളും വികാരവിചാരങ്ങളും ഇല്ലേ?
ഗോപിച്ചേട്ടനോട് ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതാണ് തനിക്കു പൂച്ചക്കണ്ണുണ്ടെന്നുള്ള കാര്യം പറയണമെന്ന്.
അയാളൊരു പക്ഷേ എങ്ങിനെയെങ്കിലും തന്റെ കല്യാണം നടന്നു പോട്ടെ എന്ന സദുദ്ദേശത്തിലായിരിക്കാം പറയാതിരുന്നത്.
എന്തായാലും നാണം കെട്ടത് ഞാനല്ലേ?
നാത്തൂൻ ചേച്ചിയെടുത്തു തന്ന ട്രേയിൽ നിന്നും ചായക്കപ്പു വച്ചു നീട്ടുമ്പോൾ ആ സുന്ദരക്കുട്ടപ്പൻ തന്നെത്തന്നെ നിർനിമേഷനായി നോക്കിയപ്പോൾ ഒരു നിമിഷം താനും മറന്നു പോയി തനിക്കു പൂച്ചക്കണ്ണുണ്ടെന്നുള്ള കാര്യം. പെട്ടെന്നാണ് അയാളുടെ മുഖം dull ആയത്. പിന്നീടുള്ള കാഴ്ചകളൊന്നും കാണാൻ താനവിടെ നിന്നില്ല. സുന്ദരക്കുട്ടപ്പനും അളിയനും ഒരു കൂട്ടുകാരനും കൂടിയായിരുന്നു വന്നത്.
എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആയിക്കോളൂ എന്ന് പാവം അച്ഛൻ പറഞ്ഞപ്പോൾ "ഓ... വേണ്ട കണ്ടല്ലോ "
എന്നായിരുന്നു അയാളപ്പോൾ പറഞ്ഞത്.
വലിയ സുന്ദരനാന്നാ അയാളുടെ വിചാരം'
എന്നു വെച്ചാ ലോക സുന്ദരനല്ലേ?
തനിക്കു പൂച്ചക്കണ്ണുണ്ടെന്നുള്ളത്
അല്ലാതെ എന്താണു കുഴപ്പം. നല്ല നിറമില്ലേ?
ആരും കൊതിക്കുന്ന മുടിയില്ലേ? നല്ല ബോഡി ഷേപ്പില്ലേ? കൂടാതെ, പാട്ട്. ഡാൻസ് എല്ലാ ത്തിലും താൻ മികവു തെളിയിച്ചിട്ടില്ലേ?
വിദ്യാഭ്യാസമില്ലേ? ഗവൺമെന്റ് സർവ്വീസ്സിൽ നല്ല ഉദ്യോഗമില്ലേ?
ഏതു കാര്യത്തിനാണു തന്നെ മാറ്റി നിർത്തേണ്ടത് ?
കട്ടിലിൽ അലക്ഷ്യമായിക്കിടന്ന സാരി ഒന്നു കൂടി ചുരുട്ടിക്കൂട്ടി ഒരേറു വച്ചു കൊടുത്തു. തന്റെ കളിക്കൂട്ടുകാരിയും ക്ലാസ്സ് മേറ്റുമായ ഗായത്രിയുമുണ്ടായിരുന്നു ഈ പെണ്ണുകാണൽ കാണാൻ. അവൾ ഭാഗ്യവതിയാ. ജോലിയില്ലെങ്കിലും
അവളുടെ കല്യാണം നേരത്തെ കഴിഞ്ഞു.
അവൾ തന്റെ പോലെയല്ലല്ലോ. ചെറുക്കൻ കാറിൽ നിന്നിറങ്ങുന്നതു കണ്ടപ്പോഴെ അവളാണ് ഓടി വന്നു പറഞ്ഞത് ആളൊരു സുന്ദരക്കുട്ടപ്പനാണെന്ന് .
ഗായത്രി തന്നെ ഓരോന്നും പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ടിരുന്നു. പക്ഷേ
താനങ്ങിനെയൊന്നും കൂളാവില്ലെന്ന് അവൾക്കറിയില്ലല്ലോ. പൂച്ചക്കണ്ണിന്റെ പേരിലിനി കല്യാണം കഴിക്കാതിരുന്നാലും വിഷമമില്ല. പക്ഷേ അച്ഛന്റെയും അമ്മയുടെയും സങ്കടം കാണുമ്പോഴാ
മറുത്തൊന്നും പറയാൻ തോന്നാത്തത്.
തന്നെയല്ല നാത്തൂനും ആങ്ങളയ്ക്കും ഒരു ഭാരമായി മാറരുതെന്നും ആഗ്രഹമുണ്ട്.
ഇങ്ങനെ ഓരോന്നു ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ് അമ്മ മുറിയിലേക്കു വന്നത്. ഒരു മണിക്കൂറിനകം വേറൊരു കൂട്ടർ കൂടി പെണ്ണുകാണാൻ വരുന്നുണ്ടത്രെ.
സാരിയുടുത്ത് റെഡിയാകാൻ പറഞ്ഞിട്ട് അമ്മ തനിക്കു മുഖം തരാതെ കടന്നു കളഞ്ഞു. ഗായത്രി തന്റെ അലമാര തുറന്ന്
ചുരിദാറുകൾക്കിടയിൽ അടുക്കിവച്ചിരുന്ന
ഒരു സാരി വലിച്ചെടുത്തു തന്റെ നേരെ
നീട്ടി.
വല്ലാത്ത ദേഷ്യമാണു വന്നത്. ഇനിയും ഒരുങ്ങിച്ചമഞ്ഞു വല്ലവന്റെയും മുന്നിൽ പോയി നാണം കെടണോ? തന്റെ പൂച്ചക്കണ്ണു കാണുമ്പോഴെ വരുന്നവന്റെ മുഖം മങ്ങും.
അതു കാണാനാണോ ഈ പ്രഹസനം? മനസ്സില്ലാമനസ്സോടെ ഗായത്രി എടുത്തു തന്ന സാരിയും അതിനു ചേരുന്ന ബ്ളൌസും എടുത്തണിഞ്ഞു. അലങ്കോലമായിക്കിടന്ന തലമുടി ചീകിയൊതുക്കി. കണ്ണാടിയിൽ നോക്കാൻ തോന്നിയില്ല. തന്റെ പൂച്ചക്കണ്ണു
തനിക്കു കാണേണ്ട .,
വലിച്ചെറിഞ്ഞ മുല്ലപ്പൂ മാലയെടുത്ത് തലമുടിയിൽ കൊരുത്തിടാൻ ഗായത്രി ആവുന്നതും ശ്രമിച്ചു. താൻ സമ്മതിച്ചില്ല. ഇനി അതിന്റെ കുഴപ്പമേയുള്ളു. എന്തായാലും
ഇനി അണിഞ്ഞൊരുങ്ങുന്നില്ല. തന്നെയീ കോലത്തിൽ ഇഷ്ടപ്പെടുന്നവർ മതി.. ഇനി വരുന്നവനും നേരത്തെ വന്നവനെപ്പോലെ അല്ലെന്ന് ആരു കണ്ടു?
മുറ്റത്തു കാറിന്റെ ഡോർ അടയുന്ന ശബ്ദം ഗായത്രി ഓടി ജനലരികിൽ പോയി നിന്നു. അവളോടി വന്ന് തനിക്കൊരു സൂചനയും തന്നില്ല. അവളുടെ മുഖത്തൊരു നിസ്സംഗ ഭാവമായിരുന്നു. വരുന്ന പോലെ വരട്ടെ എന്ന ഭാവം. തന്നെയാരും ഇഷ്ടപ്പെടേണ്ട. താനിവിടെത്തന്നെ നിന്നോളാം. അച്ഛന്റെയും അമ്മയുടെയും കാലശേഷം
താനേതെങ്കിലും ഹോസ്റ്റലിൽ പോയി നിൽക്കും. ജോലിയുള്ളതുകൊണ്ടു മറ്റാർക്കും ഭാരമാകാതെ കഴിയാമല്ലോ.
പൂമുഖത്ത് എന്തൊക്കെയോ സംസാരം കേൾക്കുന്നുണ്ട്. " മോളെ അശ്വതീ "
അച്ഛന്റെ വിളിയാണ്. തന്റെ ഹൃദയം മിനിറ്റിൽ 72 പ്രാവശ്യം അല്ല തൊണ്ണൂറ്റിരണ്ടു പ്രാവശ്യം
മിടിച്ചു കാണും. പതിവുപോലെ നാത്തൂൻ ചേച്ചി ചായക്കപ്പുകൾ നിറച്ച ട്രേ തന്റെ കയ്യിൽ തന്നു. അമ്മയുടെ മുഖത്ത് റിസൽട്ടു നോക്കുന്ന വിദ്യാർത്ഥിയുടെ ഭാവം.
ഗായത്രിയുടെ മുഖത്തുള്ള വേവലാതി കണ്ടാൽ അവളെ കാണാനാണു ചെറുക്കൻ വന്നതെന്നു തോന്നും. പാവം! അവൾക്ക് വലിയ ആഗ്രഹമാണ് താനൊരു വിവാഹിത ആയിക്കാണാൻ. ഈ ചെറുക്കനും തന്നെ ഇഷ്ടമാകില്ല. നോക്കിക്കോ. വെറുതെ പോയി നാണംകെടാമെന്നല്ലാതെ എന്തു ഫലം?
വിറയ്ക്കുന്ന കരങ്ങളോടെയാണ്
അയാൾക്കുനേരെ ചായക്കപ്പു നീട്ടിയത്. അയാൾ തന്നെ നോക്കുന്നുണ്ടോ എന്നു താൻ നോക്കിയില്ല. തനിക്കതറിയേണ്ട. അയാൾ
ചിരിച്ചോ ഇഷ്ടക്കേടു കാണിച്ചോ എന്നൊന്നും അറിയില്ല . കാലത്തെപ്പോലെ തന്നെ പ്രതികരണത്തിനു കാത്തു നിൽക്കാതെ
തന്റെ മുറിയിലേക്കു പോയി. ഗായത്രി അടുക്കളയിലായിരുന്നു. ഇനി അടുത്ത ഞായറാഴ്ചയും ആരെങ്കിലും വരുന്നുണ്ടെന്നു പറഞ്ഞാലും താനിനി അതിനു തയ്യാറല്ല എന്ന് തറപ്പിച്ചങ്ങു പറയും. തനിക്കാരും വേണ്ട
ഒറ്റത്തടിയായിത്തന്നെ ജീവിച്ചോളാം.
ആരോ സ്റ്റെപ് കയറിവരുന്ന ശബ്ദം . ആരായിരിക്കും? ഓ... ഗായത്രിയാവും. അയാൾക്കു തന്നെ ഇഷ്ടപ്പെട്ടില്ലെന്നു പറയാൻ. അല്ലാതെ പിന്നെന്താ? എന്തായാലും നേരിട്ടേ ഒക്കൂ.. പെട്ടെന്നവൾ ചാടിയെണീറ്റു അയാൾ!
" ഞാൻ വിപിൻ. എനിക്ക് അശ്വതിയെ ഇഷ്ടമായീട്ടോ. തനിക്കെന്നെ ഇഷ്ടമായോ?"
താൻ നിന്ന നിൽപ്പിൽ താണു പോയ പോലെ . വിശ്വസിക്കാൻ പറ്റുന്നില്ല. താൻ അയാളുടെ മുഖത്തേക്ക് മിഴികൾ പായിച്ചു.
"എന്തെങ്കിലുമൊന്നു പറയെടോ...."
മ് ..... തന്റെ വായിൽ നിന്നും ശബ്ദം വെളിയിലേക്കു വന്നില്ല വിപിൻ തന്റെ
മുഖത്തേക്കുറ്റു നോക്കുകയാണ് വിടർന്ന
ചിരിയുമായി.
" അത്.... എന്റെ .... " പറഞ്ഞതു മുഴുമിപ്പിക്കാൻ അയാൾ സമ്മതിച്ചില്ല
"തന്റെ കണ്ണിന് കാഴ്ചയില്ലേടൊ? അതല്ലേ കാര്യം. എനിക്കിഷ്ടപ്പെട്ടത് തന്റെയീ
പൂച്ചക്കണ്ണാ. വളരെ rare ആയിട്ടു മാത്രം കാണുന്ന ഈ പൂച്ചക്കണ്ണ്..... ഗോപിച്ചേട്ടൻ എല്ലാം എന്നോടു പറഞ്ഞിരുന്നു. ഞാൻ രാവിലെ വരാനിരുന്നതാ... അപ്പോ ഇവിടെ
എന്തോ അസൗകര്യമാണെന്നു പറഞ്ഞതു കൊണ്ടാ ഈ സമയത്താക്കിയത് : "
അവൾ വിശ്വസിക്കാനാവാതെ അയാളെ മിഴിച്ചു നോക്കി.
"എന്താടോ ... ഇവിടെയൊരു യുദ്ധം നടന്ന പ്രതീതിയുണ്ടല്ലോ?"
അയാൾ മുറിയിലാകെ കണ്ണോടിച്ചു കൊണ്ടു പറഞ്ഞു. അപ്പോഴാണവൾക്കു പരിസര ബോധം ഉണ്ടായത്. ചുരുട്ടിക്കൂട്ടിയിട്ട സാരി കട്ടിലിൽ അലക്ഷ്യമായി കിടക്കുന്നു.
തറയിൽ പൊട്ടിച്ചിതറിയ കുപ്പിവളകളും പിച്ചിക്കീറിയ മുല്ലപ്പൂ മാലയും. അവൾ
ചമ്മലോടെ ചുറ്റിലും നോക്കി .
"എന്താ രണ്ടും പേരും കൂടി പറയുന്നത് ?
എന്നെക്കൂടി കേൾപ്പിക്കാമോ? വിപിൻ തിരിച്ചു പോകുന്നില്ലേ? കൂടെ വന്നവരൊക്കെ
അങ്ങു പോയി കേട്ടോ"
ഗായത്രിയാണ് ശ്ശോ! ഈ പെണ്ണിര് നാക്കിനെല്ലുമില്ല.
അയാൾ പരിസരം മറന്ന് പൊട്ടിച്ചിരിച്ചു. ആ പൊട്ടിച്ചിരിയിൽ അവളും പങ്കു ചേർന്നു. കൂടെ ഗായത്രിയും
By
Josepheena Thomas

ചെമ്പകപൂവിന്റെ സുഗന്ധം


"എന്നെ ഓർമ്മയുണ്ടോ.."
മെസ്സേഞ്ചറിൽ വന്ന മെസ്സേജ്‌ കണ്ടപ്പോൾ ഞാനാ പ്രൊഫൈലിലൂടെ കണ്ണോടിച്ചു..
ആഹ്ലാദത്തിന്റെ തിരയിളക്കം അടക്കാനാവാതെ ഓഫീസിലാണ് എന്ന ഓർമ്മയില്ലാതെ എന്റെയുള്ളിൽ നിന്ന് "ഹോ"എന്നൊരു ശബ്ദം പുറത്തേക്ക് കുതിച്ചുചാടി.ഓർമ്മകളുടെ പ്രവാഹത്തിൽ എന്റെ കണ്ണുകൾ
നിറഞ്ഞു.."എന്നെ ഓർമ്മയുണ്ടോ" എന്ന സന്ദേശം കണ്ണീരിന്റെ മൂടലിൽ അവ്യക്തമായി.
ഓർമ്മകളുടെ കുത്തൊഴുക്കിൽ ഞാൻ എന്റെ സ്കൂൾകാലത്തിലേക്കെത്തി.അവിടെ തോളിൽ
തൂക്കിയിട്ട ബാഗുമായി ഞാൻ ക്ലാസ് റൂമിലേക്ക് കയറുമ്പോൾ അവളിറങ്ങി വരുന്നുണ്ടായിരുന്നു.
മുടിയിൽ കൊരുത്തിട്ടിരുന്ന വെള്ളചെമ്പകപ്പൂവിന്റെ സുഗന്ധം അവൾക്ക് ചുറ്റുമുണ്ടായിരുന്നു.അടുത്തെത്തിയതും എന്റെ മുഖത്തേക്ക് നോക്കി രണ്ട് കണ്ണുകളും അടച്ചുകാണിച്ചുകൊണ്ട് അവൾ മനോഹരമായ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു. അതായിരുന്നു ആദ്യസമാഗമം.
"മൃദുല ശശിധരൻ"എന്ന് ടീച്ചർ അവളുടെ പേര് വിളിക്കുന്നത് ഞാൻ കേൾക്കാറുണ്ടായിരുന്നു.
പിന്നീട് കാണുമ്പോഴെല്ലാം ആ കറുത്ത് തിളക്കമുള്ള കണ്ണുകൾ എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്കിറങ്ങി.നിർമ്മലമായ ആ മുഖം
കാണാനുള്ള കൊതി സ്കൂളിൽ പോകാൻ ഇടക്ക് തോന്നാറുള്ള മടിയെല്ലാം മാറ്റി.കുളിച്ചു പൗഡറിട്ട് മുടി ചീകി അമ്മ നെറ്റിയിൽ തൊട്ടു തരുന്ന ചന്ദനവുമായി എന്റെ ചുവന്ന BSA SLR
സൈക്കിളിൽ സ്കൂളിലേക്ക് പോകുമ്പോൾ മനസ്സിൽ രാവിലെ റേഡിയോയിൽ കേട്ട
പാട്ട് മുഴങ്ങികൊണ്ടിരുന്നു..
"നീലകൂവളപൂവുകളോ വാലിട്ടെഴുതിയ കണ്ണുകളോ"
ഉച്ചഭക്ഷണം വേഗം കഴിച്ചുവെന്ന് വരുത്തി കൂട്ടുകാർക്കിടയിൽ നിന്ന് രക്ഷപ്പെട്ട് വരാന്തയിലെ തൂണിനോട് ചേർന്ന് ഞാൻ അവളെയും നോക്കി നിൽക്കും.ഒപ്പമിരിക്കുന്ന കൂട്ടുകാരികൾ കാണാതെ അവളുടെ മിഴികൾ എനിക്ക് നേരെ തിരിയുമ്പോൾ സലിക്കയുടെ
കടയിൽ നിന്ന് കിട്ടുന്ന തേൻനിലാവിന്റെ മധുരം
എന്റെ മനസ്സിൽ നിറയും.അവളുടെ ഒരു നോട്ടത്തിന് ഒരു പുഞ്ചിരിക്ക്
വേണ്ടിയുള്ള ആ കാത്തുനില്പ് പതുക്കെ എല്ലാവരും അറിഞ്ഞു.എന്നെ കാണുമ്പോൾ അവൾ നൽകിയിരുന്ന പുഞ്ചിരി ആദ്യമൊക്കെ ഒരു സൗഹൃദത്തിന്റെ പേരിലാണെന്ന് കൂട്ടുകാരെ ധരിപ്പിച്ചെങ്കിലും അവളെ കാണുമ്പോൾ എന്റെ മുഖത്തു വിരിയുന്ന മഴവില്ല് അവന്മാർ കണ്ടുപിടിച്ചു.
എപ്പോഴെങ്കിലുമൊരിക്കൽ മനസ്സിലുള്ള ഇഷ്ടം
അവളോട് തുറന്ന്പറയണമെന്ന എന്റെ ആഗ്രഹം ഉള്ളിൽ കിടന്ന് നീറിയെങ്കിലും അവളെ അടുത്തു കാണുമ്പോൾ എന്റെ ഹൃദയമിടിപ്പുകളുടെ പെരുമ്പറ അവൾ കേൾക്കുമോ എന്ന ഭയത്താൽ ഇഷ്ടം അവളോട് തുറന്ന് പറയാൻ കഴിയാതെ ഞാൻ പരവശനായി.നോട്ടങ്ങളിലും മനം നിറക്കുന്ന പുഞ്ചിരിയിലും എനിക്ക് നിന്നെ ജീവനാണെന്ന് അവൾ പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ പത്താംക്‌ളാസ്സ് കഴിയുന്ന ദിവസവും വന്നെത്തി.എന്റെ മനസ്സ് വിഷാദമൂകമായിരുന്നു. എന്നെ നോക്കുന്ന അവളുടെ മിഴികളും സജലങ്ങളായിരുന്നു..വൈകുന്നേരം കൂട്ടുകാരോട് യാത്ര പറഞ്ഞു ഇറങ്ങാൻ നിൽക്കുമ്പോൾ അവളുടെ കൂട്ടുകാരി
വന്ന് പറഞ്ഞു " മൃദു ലാങ്കിമരത്തിനടുത്തു നിൽക്കുന്നുണ്ട്.നിന്നെ ഒന്ന് കാണണംന്ന്"
സ്കൂളിന് പുറക് വശത്തെ ലാങ്കിമരത്തിനടുത്തേക്ക് ഞാൻ ഓടുകയായിരുന്നു.കൈയ്യിൽ പുസ്തകവും ഓട്ടോഗ്രാഫുമായി അവൾ നിൽക്കുന്നത് ഞാൻ കണ്ടു..അടുത്തേക്ക് ചെന്നപ്പോൾ ഇടറിയ
ശബ്ദത്തിൽ അവളെന്നോട് ചോദിച്ചു.
"ഇനിയെന്നാ കാണാ"
ഞാൻ : "അറിയില്ല..എവിടെ വച്ചേലും കാണാം.."
എനിക്കവളോട് ഒരുപാട് പറയണമെന്നുണ്ട്.
നിന്നെയെനിക്ക് ഒരുപാടിഷ്ടമാണ് എന്ന് പറയണമെന്നുണ്ട്..പക്ഷേ വാക്കുകൾ നഷ്ടപ്പെട്ട് അവൾക്ക് മുന്നിൽ ഞാൻ നിന്നു.മുഖം തെല്ല് കുനിച്ചു ഓട്ടോഗ്രാഫ് എടുക്കുന്നതിനിടയിൽ പൊടുന്നനെ അവളുടെ കൈയ്യിലിരുന്ന പുസ്തകം താഴെ വീണു.
പുസ്തക താളുകൾക്കിടയിൽ വച്ചിരുന്ന മയിൽ‌പ്പീലിതുണ്ടുകൾ താഴെ ചിതറി. അതിനിടയിൽ വീണുകിടക്കുന്ന എന്റെ ക്‌ളാസ്സ്ഫോട്ടോയും ഞാൻ കണ്ടു..എല്ലാം എടുത്ത് പുസ്തകത്തിനുള്ളിലേക്ക് വച്ച്
എന്നെ നോക്കി നിറഞ്ഞ കണ്ണുകളോടെ
പുഞ്ചിരിച്ചു കൊണ്ട് ഓട്ടോഗ്രാഫ് അവളെനിക്ക് നേരെ നീട്ടി..എന്തെഴുതണമെന്നറിയാതെ വാക്കുകൾ കിട്ടാതെ ഞാൻ വിഷമിച്ചു..
എന്റെ മൃദുലക്ക്..
എന്നും ഒരുപാടിഷ്ടത്തോടെ..
എന്ന് മാത്രം എഴുതി ഞാൻ ഓട്ടോഗ്രാഫ് തിരിച്ചവൾക്ക് നീട്ടികൊണ്ട് പറഞ്ഞു.
"എനിക്ക് വേറൊന്നും എഴുതാനില്ല..എന്നും എന്റെ മനസ്സിലുണ്ടാവും.."
അവളത് വാങ്ങി നോക്കി.. ഹൃദയത്തിന് മേൽ ഒരു വലിയ പാറക്കല്ല് കയറ്റി വച്ചത്പോലെ എനിക്ക് തോന്നി..മുഖമുയർത്തി എന്റെ ക്‌ളാസ്സ് ഫോട്ടോ എടുത്തു വിതുമ്പുന്ന ചുണ്ടുകളോടെ അവൾ പറഞ്ഞു..
"ഇതെന്നും എന്റെ കൈയ്യിലുണ്ടാവും..പോട്ടെ"
ഇടക്കിടെ തിരിഞ്ഞുനോക്കി കൊണ്ട് അവൾ നടന്ന് പോകുന്നത് ഞാൻ നോക്കി നിന്നു..
തളർന്ന മനസ്സോടെ പോകാനായി തിരിയുമ്പോൾ കൊഴിഞ്ഞു വീണുകിടക്കുന്ന ലാങ്കിപൂക്കൾക്കിടയിൽ ഒരു വെള്ളചെമ്പകപൂവ് ഞാൻ കണ്ടു.
കാണണമെന്നു ഒരുപാട് ആഗ്രഹിച്ചിട്ടും പിന്നീടൊരിക്കലും അവളെ കണ്ടില്ല.വർഷങ്ങൾ കടന്നുപോയി..മാലിനി ജീവിതത്തിലേക്ക് കടന്നുവന്നു..സ്വച്ഛന്ദമായ പുഴ പോലെ ജീവിതം ഒഴുകിക്കൊണ്ടിരുന്നു. എങ്കിലും ഓർമ്മകളുടെ കിളിവാതിൽ വല്ലപ്പോഴും തുറക്കുമ്പോൾ മനസ്സിൽ തെളിയുന്ന ആദ്യരൂപം അവളുടേതായിരുന്നു..എഴുത്തിന്റെ ലോകത്തക്ക് കടന്ന് വന്ന് ആദ്യം പ്രസിദ്ധീകരിച്ച കഥ അവളെക്കുറിച്ചായിരുന്നു.. ചെമ്പകപ്പൂവിന്റെ സുഗന്ധവുമായി എന്റെ കവിതകളിലുമെല്ലാം അവൾ നിറഞ്ഞു..
ഇരുപത് വർഷങ്ങൾക്ക് ശേഷം ഇതാ അവൾ വീണ്ടും.."എന്നെ ഓർമ്മയുണ്ടോ" എന്ന് ചോദിച്ചുകൊണ്ട്.."മറക്കില്ല ഒരിക്കലും"
എന്ന് അവൾക്ക് മറുപടി അയക്കുമ്പോൾ എന്റെ ഹൃദയം തുടികൊട്ടുകയായിരുന്നു.പെട്ടെന്ന് ഫോൺ നിർത്താതെ അടിച്ചുകൊണ്ടിരുന്നു. പരിചയമില്ലാത്ത നമ്പറാണ്.വെറുതെ ആഗ്രഹിച്ചു അവളായിരുന്നെങ്കിലെന്നു..ആ ശബ്ദമൊന്ന് കേൾക്കാൻ..എടുത്തു ചെവിയോട്
ചേർത്തപ്പോൾ മറുവശത്തു നിന്നും മധുരമായ
ശബ്ദത്തിൽ ഒരു നേർത്ത "ഹലോ" ഒഴുകി വന്നു..വർഷങ്ങൾക്ക് ശേഷം ഞാനാ ശബ്ദം വീണ്ടും കൊതിയോടെ കേട്ടു.
അവളുടെ വിശേഷങ്ങളെല്ലാം അവൾ പറഞ്ഞുകൊണ്ടിരുന്നു..കുടുംബമായി കാനഡയിലാണെന്നുമൊക്കെ..മകളുടെ ഫോട്ടോ കണ്ടപ്പോൾ തോന്നി പഴയ മൃദുല തന്നെ.. വിശേഷങ്ങൾ എല്ലാം ചോദിക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
"നീ എഴുതിയ കഥ എനിക്ക് അയച്ചുതന്നത് സ്മിതയാണ്..സ്കൂളിലെ കൂട്ടുകാരിൽ അവളുമായിട്ട് മാത്രമേ കോൺടാക്ട് ഉള്ളു.നിന്റെ വിശേഷങ്ങൾ എല്ലാം അവൾ പറയാറുണ്ട്.. നിന്നെ കോൺടാക്ട് ചെയ്താലോ എന്ന് പലപ്പോഴും വിചാരിക്കും.പിന്നെ എന്തോ വേണ്ടെന്ന് തോന്നും..നമുക്കിപ്പോൾ പതിനഞ്ചു വയസ്സല്ലല്ലോ പ്രായം..പക്ഷേ നിന്റെ കഥ വായിച്ചപ്പോൾ തോന്നി നിന്നോടൊന്ന് സംസാരിക്കണമെന്ന്..ഇപ്പോൾ എനിക്ക്.. എനിക്കൊരുപാട് സന്തോഷമായി..
മാലിനിക്കും മക്കൾക്കും സുഖം തന്നെയല്ലേ.. ശരിട്ടാ..വേറെ ഒന്നുമില്ലടാ.."
പിന്നേ..ഒരുകാര്യം ഞാൻ പറയാൻ മറന്നു..
അന്ന് ആ ചെമ്പകപ്പൂവ് താഴെ വീണുപോയതല്ലാട്ടോ..നിനക്ക് വേണ്ടി
ഞാനത് അവിടെ ഉപേക്ഷിച്ചതാണ്..നീയത് എടുക്കുമെന്നറിഞ്ഞുകൊണ്ട് തന്നെ..
എല്ലാ സ്നേഹത്തോടെയും ഞാനതിൽ ഒരുമ്മ വച്ചിരുന്നു.."
ഫോൺ ഡിസ്കണക്റ്റായി.
എന്റെ കണ്ണുകൾ നിറഞ്ഞു..
ആ ലാങ്കിമരചുവട്ടിൽ അവളുടെ മുടിയിൽ നിന്നൂർന്നുവീണ ആ ചെമ്പകപ്പൂവ് കുനിഞ്ഞെടുത്തു ഉള്ളം കൈയ്യിൽ വച്ചുകൊണ്ട് എന്റെ കണ്ണീർ വീണ് നനഞ്ഞ ഇതളുകളിൽ ഞാൻ ചുണ്ടമർത്തിയത് എനിക്കോർമ്മ വന്നു..എന്തോ ഒരുൾപ്രേരണയാൽ ഞാനെന്റെ ഉള്ളംകൈ മുഖത്തോട് ചേർത്തു.. ചെമ്പകപ്പൂവിന്റെ സുഗന്ധം ഓർമ്മകളിൽ നിന്നും നിറഞ്ഞു..

ByRajeev Peringat Kalarikkal

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo