നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ക്ഷമ


നഗരത്തിലെ ആഡംബര സമുച്ചയങ്ങളിലൊന്നിന്റെ ഒൻപതാം നിലയിലെ തങ്ങളുടെ ഫ്ലാറ്റിന്റെ ജാലകത്തിലൂടെ പുറത്തേയ്ക്കു നോക്കി നിൽക്കുമ്പോൾ
ഡോ. മരിയയുടെമനസ്സ്, അങ്ങകലെ സ്വയം തലതല്ലിയാർക്കുന്ന കടലുപോലെ പ്രക്ഷുബ്ധമായിരുന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉള്ളിന്നുള്ളിൽ അലയടിച്ചു കൊണ്ടേയിരുന്നു.

"ഒരച്ഛന് കൊടുക്കാൻ കഴിയുന്നത്ര സ്നേഹവും ശ്രദ്ധയും ഞാനവന് നൽകുന്നില്ലേ.. മരിയാ
ഞാനവനോടെന്തെങ്കിലും വേർതിരിവ് കാണിയ്ക്കുന്നതായി നിനക്ക് ഫീൽ :.!ചെയ്തിട്ടുണ്ടോ ?...''

അലക്സത് ചോദിച്ചത് ഹൃദയം നുറുങ്ങുന്ന വേദനയോടെയായിരുന്നു.
അലക്സ് എന്നും നവീന് നല്ലൊരു പപ്പയായിരുന്നു. മോൾ ജനിച്ചപ്പോഴും അവനൊരു വിഷമവും തോന്നാതിരിയ്ക്കാൻ അലക്സെപ്പോഴും ശ്രദ്ധിച്ചിരുന്നു. പക്ഷേ നവീൻ....
അവനെന്താണിങ്ങനെയെന്നത് തന്നെ വല്ലാതെ കുഴപ്പിയ്ക്കുന്നു. പ്രായത്തിൽക്കവിഞ്ഞ പക്വത കാണിച്ചിരുന്ന കുട്ടി. അവനെക്കുറിച്ച് മോശമായൊന്നും ആരിൽ നിന്നും ഇതുവരെ കേട്ടിട്ടില്ല. അനുസരണയുള്ള ശാന്തശീലനായ പഠനത്തിൽ മിടുക്കനായ വിദ്യാർത്ഥി. തങ്ങൾ ഹോസ്പിറ്റലിൽ നിന്നും വരാൻ വൈകുന്ന ദിവസങ്ങളിൽ വാശിക്കാരി അനിയത്തിക്കുട്ടിയെ ക്ഷമയോടെ നോക്കുന്നവൻ... ഒരു വലിയ നഷ്ടത്തിനു പകരം ദൈവം തന്ന വരദാനമായിരുന്നു അവൻ എന്ന് എത്രയോ തവണ അഭിമാനിച്ചിരിയ്ക്കുന്നു

കട്ടിലിൽ ചെരിഞ്ഞു കിടന്നുറങ്ങുകയായിരുന്നു നവീൻ... കവിളിൽ രണ്ടു കണ്ണീർ പുഴകൾ വറ്റിവരണ്ടുണങ്ങിയ പാടുകൾ. അവന്റെ കാലിലെ അടി കൊണ്ടു തിണർത്ത പാടുകളിൽ മെല്ലെത്തടവുമ്പോൾ മരിയയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു തുളുമ്പി.
അടിയ്ക്കരുതായിരുന്നു. പക്ഷേ അവന്റെ കണ്ണുകളിൽ ദൃശ്യമായ ക്രൗര്യം.. വാക്കുകളിലെ നിർഭയത്വം... അത് തന്നെ വല്ലാതെ പ്രകോപിപ്പിച്ചു .

സ്വന്തം ചോരയല്ലാഞ്ഞിട്ടും സ്വന്തം കുഞ്ഞിനേക്കാൾ ആഴത്തിൽ സ്നേഹിച്ചിട്ടും നിഷ്കരുണം അവഗണിയ്ക്കപ്പെടുന്ന അലക്സിന്റെ വേദന തനിയ്ക്ക് താങ്ങാൻ കഴിയാതായിട്ട് നാളുകളേറെയായി. ഇന്നവൻ ചെയ്ത പ്രവൃത്തി അലക്സിനോ തനിക്കോ ഈ ജന്മം മറക്കാനാവുന്നതല്ലെന്ന് മരിയയ്ക്ക്...
അലക്സ് അക്ഷരാർത്ഥത്തിൽ ജീവന് വേണ്ടി പിടയുകയായിരുന്നു. ഉറങ്ങുകയായിരുന്ന അലക്സിന്റെ മുഖത്ത് തലയിണവെച്ച് അതിനു മേലെ കയറിയിരുന്ന് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിയ്ക്കുന്ന നവീൻ... ആ സമയത്ത് അവനിൽ പ്രകടമായ കായിക ശക്തി,അവന്റെ കണ്ണുകളിൽ ദൃശ്യമായ പറഞ്ഞറിയിക്കാനാവാത്ത വികാരം
താൻ ഉറക്കത്തിലെപ്പോഴോ കണ്ടൊരു ദു:സ്വപ്നം മാത്രമായിരുന്നു അതെങ്കിലന്നവർ ആശിച്ചു പോയി.... ആ സമയത്ത് മുറിയിലേയ്ക്ക് വരാൻ തനിയ്ക്കു തോന്നിയില്ലായിരുന്നുവെങ്കിൽ... ഈശ്വരാ

പപ്പയോട് സോറി പറയാൻ പറഞ്ഞപ്പോൾ അവൻ നോക്കിയ നോട്ടം..
"ഐ ഡോണ്ട്ഫീൽ സോറി ഇൻ വാട്ട് ഐ ഡു "
എന്ന് പറഞ്ഞപ്പോൾ .. തന്റെ മാറിൽ പറ്റിച്ചേർന്നുറങ്ങി തന്നെ നോക്കി പുഞ്ചിരിയ്ക്കാറുണ്ടായിരുന്ന ,തന്റെ ലോകം തന്നെയായി മാറിയകുഞ്ഞേയല്ലയെന്ന് തോന്നിപ്പോയി. ക്ഷമ കൈവിട്ടു തുടങ്ങിയിരുന്നു.
" നവീൻ പപ്പ നിന്നെയെത്ര മാത്രം സ്നേഹിയ്ക്കുന്നുണ്ടെന്നറിയോ...'' പറഞ്ഞു തീരാൻ അവൻ അനുവദിച്ചില്ല.
"ഐ ഡോണ്ട് വാണ്ട് ഹിസ് ലൗ ആന്റ്
ഐ ഹെയ്റ്റ്ഹിം ... " പിന്നെ താൻ താനല്ലാതായി മാറുകയായിരുന്നു.
അലക്സ് പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ...

****************************************

ഡോ.സുബ്രഹ്മണ്യ അയ്യർ
സൈക്യാട്രിസ്റ്റ്
അക്ഷരങ്ങൾ മങ്ങിത്തുടങ്ങിയ ആ ബോർഡ് കണ്ടതും മരിയയിൽ ഓർമ്മകളുടെ വേലിയേറ്റമുണ്ടായി. 'മണി മന്ദിരം ' എന്ന ആ വീട്ടിൽ നവനീതിന്റെ അമ്മയ്ക്ക് കാണാൻ വേണ്ടി ആദ്യമായി വന്നത്.... മകനെ ജീവനു തുല്യം സ്നേഹിച്ചിരുന്ന ഒരമ്മയുടേയും ഗൗരവക്കാരനെന്നു തോന്നിയ്ക്കുമെങ്കിലും ശുദ്ധഹൃദയനായ ഒരപ്പയുടേയും സ്നേഹം ആദ്യമായി അനുഭവിച്ചറിഞ്ഞത്... മരണമില്ലാത്ത ഓർമ്മകൾ... തീർത്തും അനാഥയായ അന്യമതസ്ഥയായ ഒരു പെൺകുട്ടിയെയാണ് മകൻ കണ്ടെത്തിയതെന്നറിഞ്ഞിട്ടും എതിർത്തൊരു വാക്കു പോലും പറയാതിരുന്നവർ...മകന്റെ ഇഷ്ടമായിരുന്നു അവരുടെയും ഇഷ്ടം. അവർ എന്നും തനിക്ക് അത്ഭുതങ്ങൾ മാത്രമാണ് നൽകിയത്. ഇത്രയുംവിശാലമായി മനുഷ്യർക്ക് ചിന്തിയ്ക്കാനാവുമെന്ന് തന്നെ പഠിപ്പിച്ചതവരാണ്...
" ഹൗസ് സർജൻസി മുടിഞ്ചത്ക്കപ്പുറം തിരുമണം"
"അതുവരേയ്ക്കും രണ്ടാൾക്കും പഠിപ്പ് താൻ മുഖ്യം"
"നിന്റെ അപ്പാ ഇതെന്തായീ പറയുന്നേ
തിരുമണമോ?"
"ഓ ന്റെ പൈത്യക്കാരീ തിരുമണം ന്ന് ച്ചാ വെഡ്ഡിംഗ്...''
പഠിപ്പ് തന്നെയായിരുന്നു തങ്ങൾക്ക് മുഖ്യം. എന്നിട്ടും.... പ്രണയത്തിന്റെ,അതിരുകളില്ലാത്ത ആകാശത്ത് രണ്ട് കൊച്ചു മേഘത്തുണ്ടുകളായി പരസ്പരമലിയുകയായിരുന്നു തങ്ങൾ.

താൻ ,നവനീത്, അലക്സ്, സോന ... എല്ലാ കാര്യങ്ങളിലും മുൻപിൽ നിൽക്കുന്ന നാൽവർ സംഘം. സൗഹൃദത്തേക്കാൾ കവിഞ്ഞൊരിഷ്ടം നവനീതിന് തന്നോടുണ്ടെന്നറിയിച്ചത് അലക്സാണ്.
ആ ഇഷ്ടം ചിറകുവിരിച്ചു പറക്കുകയായിരുന്നു.
ആഴ്ചാവസാനങ്ങളിൽ അവന്റെ വീട്ടിലേയ്ക്കുള്ള യാത്രകൾ.. അവന്റെയിഷ്ടവിഭവങ്ങൾ ഒരുക്കി കാത്തിരിയ്ക്കുന്ന അമ്മ.. പാറിപ്പറന്ന തന്റെ ചെമ്പൻതലമുടിയിൽ തേയ്ക്കുവാൻ കാച്ചെണ്ണ ഒരുക്കുന്ന അമ്മ.. അനാഥയായ താൻ ആദ്യമായി അറിഞ്ഞ മാതൃവാത്സല്യം....
പക്ഷേ ആ സന്തോഷങ്ങൾക്കൊന്നും അധികം ആയുസ്സുണ്ടായില്ല....

ആൺകുട്ടികളുടെ സംഘം പ്ലാൻ ചെയ്ത ഒരു പിക്നിക്... ഒരിയ്ക്കലും മറക്കാൻ കഴിയാത്ത വേദനയായി മാറി. നീന്തലറിയാത്ത നവനീത് എന്തിന് പുഴയിലിറങ്ങിയെന്നത് ഇന്നും തന്റെ മനസ്സിനെ അലട്ടുന്ന ചോദ്യമാണ്. വെള്ളത്തിൽ നിന്നും ജീവനറ്റ അവന്റെ ശരീരം കണ്ടെത്തുമ്പോൾ താൻ ബോധമറ്റ് കുഴഞ്ഞു വീണു പോയി. രണ്ടു മാസം പ്രായമുള്ള അവന്റെ ജീവന്റെ അവശേഷിപ്പ് അപ്പോൾ തന്റെ ഉദരത്തിൽ തുടിച്ചു തുടങ്ങിയിരുന്നു.

"ആരുമൊന്നുമറിയണ്ട നിന്നെ ഞാൻ സ്വീകരിച്ചോളാം "എന്ന് അലക്സ് പറഞ്ഞപ്പോൾ തനിയ്ക്കവനെ കൊല്ലാനുള്ള ദേഷ്യമാണുണ്ടായത്.
" അപ്പാ എന്നെ ഉപേക്ഷിയ്ക്കല്ലേ.. അവന്റെ ഓർമ്മകൾ മാത്രം മതിയെനിയ്ക്കു ജീവിയ്ക്കാൻ.... " എന്ന് കരഞ്ഞതന്നെ "ഞങ്ങൾക്ക് അവനെ നഷ്ടമായി .. ആ വേദന താങ്ങാവുന്നതിലും അപ്പുറമാണ്..."
"നീയിവിടെ നിന്നാൽ അത് ഒരു തീരാവേദനയായി മാറും. അലക്സ് നല്ലവനാണ്.. '' എന്നു പറഞ്ഞ് ഒരച്ഛന്റെ സ്ഥാനത്തു നിന്ന് കൈ പിടിച്ചു കൊടുത്ത വലിയ മനുഷ്യൻ. ഒന്നു മാത്രമാണ് അദ്ദേഹം തങ്ങളോട് ആവശ്യപ്പെട്ടത്. തങ്ങളുടെ ശേഷക്രിയ ചെയ്യാൻ ജനിയ്ക്കാൻ പോകുന്ന കുഞ്ഞിനെ അനുവദിയ്ക്കണം എന്നതായിരുന്നു അത്

*********************************************

നവീൻ ആദ്യമായി തന്റെ മുത്തച്ഛനേയും മുത്തശ്ശിയേയും കാണാൻ പോവുകയാണ്. അവനെ കാണുമ്പോൾ അവരുടെ പ്രതികരണം എങ്ങനെയാവുമെന്നോർത്ത് ഒരാശങ്കയും മരിയയ്ക്കുണ്ടായി.
നഗരവീഥികളിലൂടെ വന്നപ്പോൾ വഴിക്കാഴ്ചകളിൽ ഒരു താല്പര്യവും കാണിയ്ക്കാതെ നിശ്ശബ്ദനായിരിയ്ക്കുകയായിരുന്നു അവൻ.
മണിമന്ദിരത്തിനു മുന്നിലെത്തിയതും അവൻ ഉത്സാഹഭരിതനായി.... ചിരകാല പരിചയമുള്ളവനെപ്പോലെയായിരുന്നു അവൻ ആ പടികൾ ഓടിക്കയറിയത്. മരിയ കൂടെയുണ്ടോയെന്നു പോലും അവൻ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നില്ല.. വീട്ടുമുറ്റത്തെ മൂവാണ്ടൻ മാവിനടുത്തെത്തിയതും അവൻ നിന്നു.
" ഊഞ്ഞാലാരാ അഴിച്ചു കളഞ്ഞത്.. ''? എന്ന ചോദ്യം കേട്ട് മരിയ നടുങ്ങി. കൈക്കുഞ്ഞായിരുന്നപ്പോൾ മണിയങ്കിളിനെ കൊണ്ടുവന്നു കാണിച്ചതാണ്. പിന്നീടിപ്പോഴാണി വിടേയ്ക്ക്...
''ഇവിടൂഞ്ഞാലുണ്ടായിരുന്നൂന്ന് മോനെങ്ങനെയറിയാം...''
അവനത് കേട്ടതായി ഭാവിച്ചില്ല. അവൻ ആ വിശാലമായ വീടിന്റെ അകമുറികളിൽ ചിരപരിചിതനെപ്പോലെ കയറിയിറങ്ങി. മകനെ നഷ്ടപ്പെട്ടതറിഞ്ഞ് തളർന്നുവീണ ലീലാമണിയമ്മാൾ... കണ്ടാൽ തിരിച്ചറിയാത്ത വിധം എല്ലും കൂടുമാത്രമായൊരു ശരീരം. അവരുടെ കട്ടിലിരികിൽ അവൻ മുട്ടുകുത്തി നിന്നു. പിന്നെ അവരുടെ നെറ്റിയിൽ തലോടി..
അവരുടെ കണ്ണിൽ നിന്നു മുതിർന്ന കണ്ണുനീർ തുള്ളികളൊപ്പി ..
"അഴാതമ്മാ... അമ്മാവുടെ ചെല്ലം ഇങ്കതാനിരുപ്പേ.." എന്നു പറഞ്ഞു.
പിന്നെ അവർക്ക് കഞ്ഞി കോരിക്കൊടുത്തു. ആരു കൊടുത്താലും കഴിയ്ക്കാത്ത അവർ അന്നാദ്യമായി നിറയെ കഴിച്ചു.
എല്ലാം കണ്ടും കേട്ടുമറിയുകയായിരുന്നു അയ്യർ.
" അപ്പാ അവനെന്താണിങ്ങനെ എനിയ്ക്കൊന്നും മനസ്സിലാവുന്നില്ലപ്പാ "
"എന്റെ മോൻ.....''
" കുട്ടി അപ്സെറ്റവാതെ.... എല്ലാറ്റിനും പരിഹാരമുണ്ടാക്കാം..
" അവൻ എപ്പോഴൊക്കെയാണ് ഇത്തരത്തിൽ അബ്നോർമൽ ആയി ബിഹേവ് ചെയ്തത്
എല്ലാം വിശദമായി അപ്പയോട് പറയൂ.

മരിയ പറഞ്ഞു തുടങ്ങി... തനിയ്ക്ക് പലപ്പോഴായി തോന്നിയ ആശങ്കകൾ.. അലക്സിൽ നിന്നു പോലും മറച്ചുവെച്ച ചില സംശയങ്ങൾ...
സ്കൂളിലെ നീന്തൽ പരിശീലന ക്ലാസ്സിൽ നിന്നും നവീൻ പേടിച്ച് ഓടിപ്പോയത്... ആ പേടിയ്ക്കിടയിൽ അവൻ തമിഴിൽ സംസാരിച്ചുവെന്ന് അവന്റെ ടീച്ചർ പറഞ്ഞത്...
അത് അറിഞ്ഞപ്പോ " ആ ടീച്ചർക്കെന്തോ കുഴപ്പമുണ്ടെ "ന്ന് പറഞ്ഞ് അലക്സ് ചിരിച്ചത്...
അപ്പോൾ അകാരണമായൊരു പേടി തന്നെപ്പൊതിഞ്ഞത്... അലക്സിനോടുള്ള അവന്റെ അകാരണമായ ഇഷ്ടക്കേടുകൾ
നവീൻ അലക്സാണ്ടർ എന്ന തന്റെ പേര് വെട്ടി ഒരിക്കൽ നവീൻ നവനീത് എന്നെഴുതിയത്..
തനിക്കും അലക്സിനും മണിയങ്കിളിനും മാത്രമാണ് അവൻ നവനീതിന്റെ മകനാണെന്നറിയാവുന്നത് എന്നിട്ടും എന്തുൾപ്രേരണയാണവനെക്കൊണ്ടിങ്ങനെ ചെയ്യിപ്പിക്കുന്നതെന്നോർത്ത് താനതിശയിച്ചത്.. എല്ലാറ്റിനുമൊടുവിൽ അലക്സിനെ കൊല്ലാൻ ശ്രമിച്ചത്... അതിനുമപ്പുറം അവൻ തമിഴിൽ പുലമ്പിയത്...
"ഉന്നൈ നാൻ വിടമാട്ടേ... ഉന്നൈ കൊല്ലരു ത്ക്ക് താനേ നാൻ വന്നിറ്ക്കതേ... "
പറഞ്ഞു കഴിഞ്ഞതും മരിയ പൊട്ടിപ്പൊട്ടിക്കരഞ്ഞു .

********************************************

വല്ലാത്തൊരു നിയോഗമാണ് തന്റെതെന്ന് സുബ്രഹ്മണ്യ അയ്യർക്ക് തോന്നി. Past life regression, future life progression എന്നിവയെക്കുറിച്ച് വർഷങ്ങൾ നീണ്ട ഗവേഷണത്തിനു ശേഷം ലോകസമക്ഷം' അവതരിപ്പിയ്ക്കാനിരിയ്ക്കവേയാണ് ഏക മകന്റെ അകാല നിര്യാണം . ജീവിതത്തിന്റെ വെളിച്ചം എന്നെന്നേക്കുമായി കെടുത്തിക്കൊണ്ട് ഭാര്യയും ശയ്യാവലംബിയായി. ഉള്ളിന്നുള്ളിൽ ആരുമറിയാതെ ഒളിപ്പിച്ച പ്രതീക്ഷയുടെ തിരിനാളമായിരുന്നു ഈ കുഞ്ഞ്. നവനീതിനെ പകർത്തിവെച്ചതു പോലെ... അത് സ്വാഭാവികം
പക്ഷേ അവൻ സ്വയം നവനീതായി മാറിക്കൊണ്ടിരിയ്ക്കുന്നു....

ആത്മാവിന്റെ ഗതിയെക്കുറിച്ച്, ജനനത്തിനു മുൻപും മരണത്തിനു ശേഷവുമുള്ള അവസ്ഥകളെക്കുറിച്ച് ഓരോ ജന്മത്തിൽ നിന്നും ആത്മാവിൽ രേഖപ്പെടുത്തപ്പെടുന്ന വാസനകളെക്കുറിച്ചൊക്കെ പഠിയ്ക്കാനാണ് തന്റെ ജീവിതത്തിലെ ഒട്ടേറെ വർഷങ്ങൾ ചെലവഴിച്ചത്.. ഇപ്പോൾ ആ അറിവുകൾ സ്വന്തം കൊച്ചുമകന്റെ രക്ഷയ്ക്കായി ഉപയോഗപ്പെടുത്തേണ്ടതായി വന്നിരിയ്ക്കുന്നു.

നാളെ അവനെ Regressive therapi യ്ക്കു വിധേയനാക്കുകയാണ്. അലക്സിന്റെ സാന്നിധ്യവും അതിനാവശ്യമായിരുന്നു.

****************************************

നവീൻ ഹിപ്നോട്ടിക് നിദ്രയിലാണ്ടു കഴിഞ്ഞിരുന്നു.... കുറച്ചു ചോദ്യങ്ങൾ ... ഓരോ ചോദ്യത്തിനും സ്പഷ്ടമായ ഉത്തരങ്ങൾ... എട്ടുവർഷങ്ങൾക്കപ്പുറമെത്തി... പെട്ടെന്നവൻ പൊട്ടിക്കരഞ്ഞു..... താൻ മരിച്ചു കിടക്കുന്നത് കണ്ട് അമ്മ കുഴഞ്ഞു വീണതു കണ്ടിട്ടാണത്രെ... അയ്യരുടെ ഹൃദയം വല്ലാതൊന്നു തുടിച്ചു.. മരിയയുടേയും....
പിന്നെയും പിന്നിലോട്ട്.... അഞ്ചു ദിവസങ്ങൾ മുൻപ്
" നവീൻ മോനിപ്പോൾ എവിടെയാണ്...? "
" നവീനല്ല അപ്പാ അപ്പാവുടെ നവനീത്... ''
" അപ്പാ സോറി നാനൊരു തപ്പ് സെയ്തിര്ക്കേൻ... സോറി അപ്പാ " അവൻ വിതുമ്പി.
തന്റെ ഹൃദയം പൊടിയുന്ന വേദന അദ്ദേഹമറിഞ്ഞു. ആദ്യമായ് അവൻ ചെയ്ത ആ തെറ്റാണല്ലോ അവനെ തങ്ങൾക്കു നഷ്ടപ്പെടുത്തിയത് എന്നദ്ദേഹം ഉള്ളിൽ കരഞ്ഞു
തൊണ്ട ഇടറുന്ന ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു.
"ഇറ്റ്സ് ഓക്കേ ചെല്ലം... അപ്പാ മന്നിച്ചിട്ടേൻ.."
" അപ്പാ ഞാൻ ഫ്രണ്ട്സിനൊപ്പം ഒരു യാത്ര പോയി. വിത്തൗട്ട് യുവർ പെർമിഷൻ.
ഞങ്ങളിപ്പൊ ഉൾക്കാട്ടിലെ ഒരു പുഴയരികിലാണ്. അവരെല്ലാവരും വെള്ളത്തിലിറങ്ങി. നീന്തലറിയാത്തതെന്തു വലിയ കുറവാണെന്നറിയോ അപ്പാ.. ഞാൻ മാത്രം തീരത്തൊരു പാറക്കല്ലിലിരുപ്പാ..... അലക്‌സെന്നെ നിർബന്ധിക്കുകയാണ് വെള്ളത്തിലിറങ്ങാൻ... അപ്പാ... അമ്മാ... അവൻ വല്ലാതെ ശ്വാസം മുട്ടുന്നതു പോലെ പിടഞ്ഞു.... പിന്നെ ശാന്തനായി.. അവൻ എന്നെ ചതിച്ചതാ അപ്പാ .. ഞാൻ മുങ്ങിപ്പൊങ്ങുന്നത വൻ കണ്ടതാ.. എന്നെ രക്ഷിയ്ക്കാൻ അവൻ ശ്രമിച്ചതേയില്ല.... ആഘോഷത്തിമിർപ്പിൽ മറ്റുള്ളവർ അത് ശ്രദ്ധിച്ചതുമില്ല.. എന്റെ ശരീരത്തിൽ നിന്നും ഞാനുയർന്നുപൊങ്ങിയ നിമിഷം വെള്ളത്തിൽ നിന്നും ഞാൻ വീണ്ടും പൊങ്ങി വരുന്നില്ലെന്നുറപ്പാക്കിയ അവന്റെ കണ്ണിലെ തിളക്കവും ഞാൻ കണ്ടതാ... അവന്
മരിയയോടിഷ്ടമായിരുന്നു. അവനവളെ വേണമായിരുന്നു.... അവൻ വിതുമ്പി
ഒരു കുഞ്ഞിഷ്ടം മനസ്സിൽ നാമ്പിട്ടപ്പോഴേ അവനോടാണ് ഞാൻ ഷെയറ് ചെയ്തത്.. കൂടപ്പിറപ്പിനെപ്പോലെയാണ് ഞാനവനെ സ്നേഹിച്ചത് ... എന്നിട്ടും

"കണ്ണാ... അപ്പാവുടെ ചെല്ലം ആരെയും ശിക്ഷിയ്ക്കാനോ രക്ഷിയ്ക്കാനോ നമുക്കാവില്ലല്ലോ.. കുട്ടാ... നിനക്കവനോട് പൊറുത്തു കൂടെ.... എല്ലാം മറന്നുകളയ്..
ഇത് നിന്റെ പുതു ജന്മം. നല്ല കാഴ്ചകളാൽ നന്മകളാൽ ഈ ജന്മം സഫലമാക്കണം...

നവീന്റെ നെഞ്ചിടിപ്പു കൂടി...
"റിലാക്സ്... റിലാക്സ്...'' അയ്യർ അവന്റെ തിരുനെറ്റിയിൽ തന്റെ തള്ളവിരൽ മൃദുവായ മർത്തി. അവൻമെല്ലെ.. മെല്ലെ ശാന്തനായി

ഒരു വലിയ അരുതായ്മയുടെ മുന്നിൽ പകച്ചിരിക്കുകയായിരുന്നു മരിയ .
"അലക്സ്... അവൻ പറഞ്ഞത് സത്യമാണോ
അതവന്റെ തോന്നൽ മാത്രമല്ലേ... പറയൂ അലക്സ്... ഒരു നിമിഷത്തിന്റെ കുഞ്ഞോരം ശത്തിെലെങ്കിലും അങ്ങനെ ചിന്തിയ്ക്കാൻ നിനക്കാവുമായിരുന്നോ....."

അലക്സ് തലകുനിച്ചിരുന്നു മരിയ അയാളുടെ നെഞ്ചത്ത് ആഞ്ഞാഞ്ഞടിച്ചു.. പിന്നെ പൊട്ടിക്കരഞ്ഞുകൊണ്ട് നിലത്തേയ്ക്ക് വീണു.

*********************************************

''മുത്തച്ഛാ ഈ മുട്ടകളെന്നാ വിരിയുക...''
പ്രാവിൻ കൂട്ടിലെ മുട്ടകൾ നോക്കി നവീൻ ചോദിച്ചു.
" ഇനിയും ഒത്തിരി ദിവസമെടുക്കും കണ്ണാ''
''ശ്ശോ അപ്പോഴേയ്ക്കും ഞങ്ങള് പോവൂലേ "
അവൻ സങ്കടപ്പെട്ടു.
'' അപ്പാ എന്റെ മോന്ശരിയ്ക്കും എന്തായിരുന്നു... എല്ലാം വിശദമായി പറയാമെന്നു പറഞ്ഞിട്ട് അതിന് കഴിഞ്ഞില്ലായിരുന്നല്ലോ..."
"ഇവിടം വിട്ടാൽ അവൻ ഇനിയും...
"ഇല്ല മോളേ... അവൻ നവീൻ ആണ് ഇനിയെന്നും അങ്ങനെയായിരിക്കും.... "
"പക്ഷേ അവൻ നവനീതിന്റെ പുനർജന്മവുമാണ്... നിന്നെ വിട്ടു പോവാൻ കഴിയാതെ നിന്റെ മകനായി പിറന്ന എന്റെ മകൻ.. "
"മോളേ പല പ്രാവശ്യം പറഞ്ഞു കഴിഞ്ഞതാ
എന്നാലും അയാളിനി വന്നു വിളിയ്ക്കുമ്പോൾ നിങ്ങൾ കൂടെപ്പോണം...''
" അപ്പയ്ക്കെങ്ങനെ അയാളോട് പൊറുക്കാൻഴിയുന്നു .. "?
" അപ്പായ്ക്കു കഴിഞ്ഞു... നിനക്കും കഴിയണം
തെറ്റുപറ്റാത്ത മനുഷ്യരുണ്ടോ ഭൂമിയിൽ...?
അല്ലെങ്കിൽ തന്നെ നാം ചെയ്യുന്ന ഓരോ കർമ്മത്തിന്റെയും ഫലങ്ങൾ രക്ഷയായും ശിക്ഷയായും ജന്മജന്മാന്തരങ്ങളായി നമ്മെ പിന്തുടരുമ്പോൾ മറ്റുള്ളവർക്ക് ശിക്ഷ വിധിയ്ക്കാൻ നമുക്കെന്തവകാശം....? പുത്രവിയോഗം അനുഭവിയ്ക്കുകയെന്നത് ഞങ്ങളുടെ കർമ്മഫലമാണ്... ഞാനാ വിധിയെ മനസ്സാ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.

" അപ്പായ്ക്ക് ഞാനും മക്കളും ഒരു ഭാരമാ അല്ലേ... അല്ലെങ്കിൽ ഞങ്ങളെ പറഞ്ഞു വിടാൻ ഇത്ര ധൃതി കാണിയ്ക്കുമോ.''
'"ഒരിയ്ക്കലുമല്ല കുഞ്ഞേ... നീയും നിന്റെ രണ്ടു കുഞ്ഞുങ്ങളുമായി ഇവിടെ നിന്ന ഈ ആറു മാസക്കാലമാണ് ഈ വാർദ്ധക്യത്തിൽ എനിയ്ക്കാകെ ഓർക്കാനുള്ള നിമിഷങ്ങൾ ..
പക്ഷേ.. നിന്റെ ജീവിതം .... ജോലി... അലക്സ്
അയാൾ ദയ അർഹിയ്ക്കുന്നു മോളേ....

"സഹിയ്ക്കുകയും അന്യോന്യം ഉദാരമായി ക്ഷമിയ്ക്കുകയും ചെയ്യുക "
"നിങ്ങൾ മനുഷ്യരോട് പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കുകയില്ല"
എന്നൊക്കെയല്ലേ കുഞ്ഞേ ബൈബിളിലും പറയുന്നത്.

മരിയയുടെ മനസ്സിന്റൊരു പാതി ക്ഷമയുടെ മാർഗ്ഗത്തിലും മറുപാതി എതിർദിശയിലും അവളെ വലിച്ചിഴച്ചു. അവൾ കണ്ണുകളടച്ചിരുന്നു. വറ്റിപ്പോയൊരു കണ്ണീർച്ചാല് വീണ്ടും ഉറവയെടുത്തൊഴുകി.

"ഹായ് പപ്പാ... മീവലും നവീനും ഒരു പോലെ വിളിച്ചുകൂവി....''
അലക്സ് അവരെ രണ്ടുകൈകളിലായെടുത്തു.. മരിയയുടെ മുന്നിൽ ചെന്നു നിന്നു.
"മരിയ പ്ലീസ്... നമ്മുടെ മക്കൾക്കു വേണ്ടി.... ''

'ജീവിതത്തിൽ ഒരിയ്ക്കലും നിന്നെയെനിയ്ക്കിനിസ്നേഹിയ്ക്കാനാവില്ലല്ലോ അലക്സ് ' എന്ന് ഉള്ളിൽക്കരഞ്ഞുകൊണ്ടവൾ ഇറങ്ങി നടന്നു.

സതീദേവി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot