പെരുന്നാളിന് പൂശാൻ ഒരു ലിറ്റർ എം.എച് പിരിവിട്ട് വാങ്ങിയതിന്റെ കൃത്യം പിറ്റേന്നാണ് അച്ഛാച്ചൻ മരിച്ചത്. മഴക്കാലമായിരുന്നു എന്നാണ് ഓർമ. വീടിനു തൊട്ടു മുൻപിലെ ആഴത്തിലാണ് കോൺവെന്റ് സ്കൂൾ. സ്കൂളിലിനു മുകൾ തട്ടിലുള്ള മതിലിനു പുറകിലെ ഇത്തിരിയിടത്ത് കുപ്പിയൊളിപ്പിക്കുമ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു.
മഴയത്തും വിയർക്കുന്നത് ഞാനറിഞ്ഞു. പതിനേഴാം വയസ്സിൽ അതൊരു വൻ സാഹസമായിരുന്നെന്ന് പറയേണ്ടതില്ലല്ലോ. മാമന്റെ മോളുടെ കല്യാണത്തിന് എല്ലാരും പോയി വീടൊഴിവാകും എന്ന പ്രതീക്ഷയിലായിരുന്നു പദ്ധതികൾ തയ്യാറാക്കിയിരുന്നത്. കൂട്ടുകാർക്കെല്ലാം ഇതൊരു ഭീകര നിരാശ തന്നെയായി.
അച്ഛാച്ചൻ അച്ഛനെപ്പോലെ നാടറിയുന്ന കുടിയനായിരുന്നോ? അതറിയില്ല. പക്ഷേ മരിക്കും വരെ എല്ലാ ദിവസവും അച്ഛമ്മ ഒഴിച്ചുകൊടുക്കുന്ന രണ്ട് പെഗ്ഗ് അകത്താക്കും എന്ന് കേട്ടിട്ടുണ്ട്. വർഷത്തിലൊരിക്കൽ വിഷുവിന് കൈനീട്ടം കൊടുക്കാൻ മാത്രമേ ഞാനവിടെ പോവാറുള്ളൂ. ഒറ്റരൂപക്കോയിൻ കയ്യിൽ കൊടുക്കുന്ന ഓരോ തവണയും ചങ്ങായി കരയും.
"ഇന്താ മക്ക്ള് അച്ചാച്ചനെ കാണാൻ വരാത്തേന്ന്" ചോദിക്കും.
(അതിന്റെ ഉത്തരം എനിക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ലാത്ത ഒന്നാണ്)
"കള്ളക്കരച്ച്ലാ.. കള്ളൻ.. അയാള്ടൊരു പുച്ഛോം പരിഹാസോം.. കൊറേ സഹ്ച്ചതാ ഞാൻ" അച്ഛാച്ചൻ കരഞ്ഞെന്ന് പറയുന്ന തവണകളിലൊക്കെയും അമ്മ ഇതേ വചനം തുടരും.
"നങ്ങള് നെല്ലുമ്മെ പായ വിരിച്ച് ഒറങ്ങിയ പാരമ്പര്യം വച്ച് ഷാപ്പില് കൂട്ടാൻ കച്ചോടം നടത്തിയ ഒറ്റക്കയ്യന്റെ മോനെ ഒതുക്കീതല്ലെ.. ഞാനും അനുഭവിക്കുന്നുണ്ട് കൊറേ. പലതരം മന്ഷ്യരെ ഞാൻ കാണ്ന്ന്ണ്ട്. എനിക്കൊക്കെ മനസ്സിലാവും ഇപ്പൊ" : അവരോട് ഞാനിത് പറഞ്ഞിന്റെ മൂന്നാം വർഷമാകും ഇതെന്നു തോന്നുന്നു. അടച്ചൊരു ആട്ടാണ് അന്ന് മറുപടിയായിക്കിട്ടിയത്.
അച്ഛന് മുലകുടിച്ച് മതിയാകും മുൻപേ മരിച്ചതാണ് അച്ഛമ്മ. അച്ഛാച്ചൻ പിന്നെ വേറെയൊന്ന് കെട്ടിയാതാണ്. അച്ഛാച്ചന്റെ അമ്മയായിരുന്നു തന്നെ നോക്കി വളർത്തിയതെന്നും വീതം കിട്ടിയ മീൻതുണ്ടം അവർ കോന്തലയിൽ കെട്ടി കാത്തുവക്കുമെന്നുമെല്ലാം വിരളമായ സ്വസ്ഥനേരങ്ങുടെ പാതിബോധത്തിൽ അച്ഛൻ തന്നെ പറഞ്ഞുകേട്ടിട്ടുണ്ട്. അമ്മ വാരിത്തരുന്ന ഉരുളകളുടെ വഴുവഴുപ്പിൽ നിന്നും ഞാൻ വളരെ നേരത്തെ തെന്നിമാറിത്തുടങ്ങിയതിനു പിന്നിൽ പറമ്പിൽ തൂറി നടന്നിരുന്ന ഒരു മുതുക്കിയുടെ മുണ്ടിൻ തലപ്പുണ്ടെന്ന് ഞാൻ ആരോടുമന്ന് പറഞ്ഞതുമില്ല.
ചത്തവരുടെ വസ്തുവകകളെല്ലാം കൂട്ടിയിട്ട് കത്തിക്കുന്ന പതിവ് ചിലയിടങ്ങളിലെങ്കിലും ഇന്നുമുണ്ട്. മരണം തന്നെ ഒരുതരം പകർച്ചവ്യാഥിയാണെന്നു തോന്നും ഇതുകണ്ടാൽ. കുട്ടിക്കാലത്തെ അന്തർമുഖത്വം ഉറപ്പിക്കാനെന്നപോലെ പുസ്തകങ്ങൾ ആവശ്യപ്പെട്ടുപോന്ന കാലത്ത് അമ്മാമ അയൽവീടുകളിൽ നിന്ന് പെറുക്കി വരാറുള്ള വനിതാ മാസികകൾ മറിച്ചുനോക്കി മടുത്തതൊഴിച്ചാൽ ഞാൻ പുസ്തകം വായിച്ചു തുടങ്ങിയത് അച്ഛാച്ചൻ ഒഴിച്ചിട്ട ചാരുകസേരയിൽ കിടന്നാണ്. ഓഷോയുടെ 'പുരുഷനാ'യിരുന്നു അതിലൊന്ന്. അയാളെ എനിക്കെന്തോ വല്ലാതങ്ങ് ബോധിക്കുകയും ചെയ്തു. എന്തോ, എങ്ങനെയോ എന്നെന്നൊന്നും പറഞ്ഞാൽ പോരെന്നു തോന്നുന്നു. ഒരിക്കലും നിറവുണ്ടാകാത്തൊരിടത്തെ ഒരു നിമിഷത്തേക്കെങ്കിലും അയാൾ പൂർണമാക്കി എന്ന കാരണമുണ്ടതിന്.
ഓഷോ പറയുന്നു : "സ്നേഹം ഒരു നദി പോലെയാണ്. അത് ഒഴുകിക്കൊണ്ടേയിരിക്കുന്നു. മേലേയ്ക്കല്ലൊരിക്കലും. താഴേയ്ക്ക്. നിങ്ങളുടെ സ്നേഹം നിങ്ങളുടെ മക്കളിലേക്കു മാത്രമൊഴുകുന്നു. മുകളിലേക്കൊഴുകുക സാധ്യമല്ല തന്നെ. മാതാപിതാക്കളോടുള്ള സ്നേഹം കപടമാണ്. നിർമിതമാണത്"
മഴയൊഴിഞ്ഞ ഒരു നേരത്ത് ആരൊക്കെയോ ചേർന്ന് അച്ഛാച്ചനെ കുളിപ്പിച്ച് വെള്ളപുതപ്പിച്ചു.
"ദൈവമേ സച്ചിദാനന്ദാ.. ദൈവമേ ഭക്തവത്സലാ.. ദൈവമേ നിന്റെ സായൂജ്യം പരേതാത്മാവിനേകണേ.. നീയയക്കുന്നു നിർത്തുന്നു. നീ വിളിക്കുന്നു ദേഹിയേ.." എന്ന ഏറ്റുചൊല്ലലിൽ എന്റെ ഈണം മാത്രം വേറിട്ടു നിന്നു.
കാലമിന്നുവരെയും ഏതൊക്കെയോ നേരങ്ങളിൽ ഞാനത് എന്തിനെന്നറിയാതെ ആവർത്തിച്ചുപോരുകയും ചെയ്തു. പൊക്കി തോളത്തിരുത്തുമ്പോൾ അച്ഛാച്ഛന് കളഭത്തിന്റെയും പനിനീരിന്റെയും ചൂരായിരുന്നു.
ഞങ്ങളുടെ ബ്രാണ്ടി മണം അതിന് കീഴ്പ്പെട്ടുനിന്നു.
Written by
Sanal Haridas
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക