നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അനന്തരമൊരുന്മാദിയെപ്പോലെ..




അനന്തരമൊരുന്മാദിയെപ്പോലെ നീലമേഘങ്ങളെ വകഞ്ഞുമാറ്റി ചിറകുകളാഞ്ഞുവീശി.....!
വിരസമായ പകലും ശുഷ്കമായ രാവും സമ്മാനിച്ച ഏകാന്തതയുടെ ഭീതിജനകമായൊരു പശ്ചാത്തല സംഗീതം പോലെയാണാ ചിറകടിയൊച്ച കേട്ടത്. എത്ര ശ്രമിച്ചിട്ടും അതിന്റെ കമ്പനങ്ങൾ തന്റെ ചിന്തകളെ കുടഞ്ഞെറിയുന്നതായും ശരീരമാകമാനം ഒരു അസ്വസ്ഥത പടരുന്നതുപോലെയും വൈദേഹിക്ക് അനുഭവപ്പെട്ടു.
പാതി തുരുമ്പെടുത്ത ജനലഴികളിൽ
പിടിച്ചവൾ പുറത്തേക്ക് നോക്കി. കുറുമ്പടിയിൽ മുഖമമർത്തി തുറന്നുവിട്ട ചിന്തകളുടെ ചലനവേഗങ്ങളെ സാകൂതം വീക്ഷിച്ചു കൊണ്ടിരിക്കേ ആ ചിറകടി ശബ്ദം വീണ്ടുമവളെ തേടിയെത്തി. അതിന്റെ പ്രഭവസ്ഥാനം തിരഞ്ഞു നടക്കവേ അവളെത്തിച്ചേർന്നത്
വീടിന്റെ തെക്ക് പടിഞ്ഞാറ് മൂലക്കായ് തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നൊരു പ്ലാവിലാണ്. അതിന്റെയൊരു
ചില്ലിക്കൊമ്പിൽ കാലുകളുടക്കി പറക്കാനാവാതെ ചിറകിട്ടടിക്കുന്നു ....
ഒരു വെള്ളരി പ്രാവ്...!
അനന്തമായ നീലാകാശവും ആമോദം നിറഞ്ഞ ജീവിതവും ഒരു ചില്ലിക്കൊമ്പിലുടക്കി നിമിഷങ്ങൾ കൊഴിഞ്ഞു വീഴുന്നത് തെല്ലൊരു നൊമ്പരത്തോടെ നോക്കി കാണുകയാവുമത്. ഒരു തരത്തിൽ തന്റെ തന്നെ ദുർവിധി.
അതുമൊരു പെൺപ്രാവായിരിക്കും...
വൈദേഹി വെറുതേയെങ്കിലും അങ്ങനെയുറപ്പിച്ചു.
അടങ്ങാത്ത ദാഹവും ചുട്ടെരിയുന്ന ഉഷ്ണസഞ്ചാരവും അവളെ വല്ലാതെ അസ്വസ്ഥയാക്കിയിരിക്കുന്നു.
ഇനിയും വയ്യ... വരണ്ടുണങ്ങിയ ശിലാസ്ഥാനങ്ങൾക്ക് തെളിനീരുറവയെ എത്രകണ്ട് സ്വപ്നം കാണാനാവും..?
"ദേ ... ഒന്നു നോക്കുമോ ..ഒരൂട്ടം പറയാനുണ്ടായിരുന്നു."
ധ്യാനനിമഗ്നനായിരിക്കുന്ന പതിയുടെ സമക്ഷം പ്രതീക്ഷയോടെ നിൽക്കുന്ന
മുനിപത്നിയെപ്പോലെ വൈദേഹി നിന്നു.
തൃക്കൺ തുറന്നാൽ എന്തും സംഭവിക്കാം.
ഒരുപിടി ചാരം...പൂത്തു തളിർത്തു നിൽക്കുന്നൊരു പൂങ്കാവനം... അതുമല്ലെങ്കിൽ ശാന്തമായൊരു നോട്ടം.
വരും വരായ്കകൾ എന്തു തന്നെയായാലും സ്വീകരിക്കാൻ തയ്യാറായി, മിടിക്കുന്ന മാറിനെ ഇടതു കൈകൊണ്ടൊതുക്കി വലതു ചൂണ്ടുവിരലാൽ ചുമരിൽ ചെറിയൊരു ചിത്രം വരച്ചു.
"എന്താ .. എന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കാനാണോ ഭാവം ..?"
അയാൾ തന്റെ തടിച്ച കണക്കു പുസ്തകത്തിൽ നിന്നും തലയുയർത്താതെ ഒരു വരണ്ട ചുമയോടെ മറുചോദ്യമെറിഞ്ഞു.
"രണ്ടു ദിവസമായില്ലേ .. ഞാൻ പറയുന്നു ..?"
"എന്താ .. ഓർമ്മയില്ല. "
"ഒരു പ്രാവ് ...കാലുകൾ കൂട്ടികെട്ടിയതാണെന്ന് തോന്നുന്നു. അതവിടെക്കിടന്നു ചാവും. വല്ലതും ചെയ്യണം."
"ഓ അതോ ... അത്രയുമുയരത്തിൽ വലിഞ്ഞു കേറിയാൽ ഞാൻ കിതച്ചു ചാവും. ചിലപ്പോൾ ചത്തെന്നും വരും."
ചുവന്ന മഷി കൊണ്ട് കണക്കുകൂട്ടിയതിന്റെ അടിയിലായി അയാളൊന്നു വരച്ചു.
"വേറെയാരെയെങ്കിലും സമീപിച്ചാൽ....?"
വൈദേഹി സംശയത്തോടെ ചോദിച്ചു.
അയാളുടെയുത്തരം പക്ഷെ ഒരു നോട്ടവും പാതി മുറിഞ്ഞൊരു ചുമയുമായിരുന്നു.
വെട്ടിത്തിളങ്ങി കത്തിക്കരിഞ്ഞൊടുവിൽ ചാരമായി വീണടിഞ്ഞ സൂര്യൻ പിറ്റേ പ്രഭാതത്തിൽ പുതു പ്രതീക്ഷകളുടെ നേർത്ത പുഞ്ചിരിയുമായി വീണ്ടുമെത്തി. പതിവു ദിനചര്യകൾക്കു ശേഷം വൈദേഹി തന്റെ
വിരസതകളിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങുമ്പോഴാണാ പ്രാവിന്റെ കാര്യമോർത്തത്. ചിറകടിച്ച് തളർന്നു കാണും...കുറേ നേരം അതിനെത്തന്നെ നോക്കി നിന്നു. ആശയറ്റ മിഴികൾ തമ്മിൽ മൗനനൊമ്പരങ്ങൾ പങ്കുവയ്ക്കവേ പൊടുന്നനെയാണയാൾ കയറി വന്നത്.
"ഞാൻ മില്ലില്ലേക്ക് പോവുന്നു. ഇന്ന് ലോഡ് വരുന്ന ദിവസമാണ് .ചിലപ്പോൾ വൈകും."
അയാളാ ചിറകടിയൊച്ച പക്ഷെ കേട്ടില്ല.
"ആരെയെങ്കിലും പറഞ്ഞു വിടുമോ. ആ പ്രാവിനെ ....,?"
"ആ...നോക്കട്ടെ ആ വാസു ഉണ്ടെങ്കിൽ വിടാം."
അയാൾ വൈദേഹിയെ നോക്കാതെ, ധൃതിയിൽ ഇറങ്ങിപ്പോയി.
വാസുവിനെ വൈദേഹിക്കറിയാം. അവന്റെ ചില നോട്ടങ്ങളും ചൊല്ലുകളും അവൾക്കുപക്ഷെ അത്രക്കിഷ്ടമല്ല.
വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് സംക്രമത്തിന്റെന്ന് കാലത്ത്
ഒടിച്ചു കുത്തിപ്പെയ്യുന്ന മഴയ്ക്കു പകരം പെയ്ത ചാറ്റൽമഴയിൽ മനമുടഞ്ഞ പ്രകൃതിയെ നോക്കി നിലക്കണ്ണാടിക്കു മുമ്പിൽ നോക്കിനിൽമ്പോഴായിരുന്നു അവളതാദ്യമായി കേട്ടത്.
"ചായ കുടിക്കണമെന്നു കരുതി ആരെങ്കിലും ചായക്കട വാങ്ങാറുണ്ടോ...?"
തനിക്ക് സമാന്തരമായിട്ടുള്ള പ്ലാവിന്റെ കൊമ്പിൽ നിന്നായിരുന്നു ആ ശബ്ദം. ഉറച്ച ശരീരവും കട്ടി മീശയും താടിയുമുള്ളൊരാൾ. അയാൾ ആരോടെന്നില്ലാതെ പറഞ്ഞതായിത്തോന്നിയവൾക്ക്. വീണ്ടും മുകളിലേക്ക് കയറി, മുഴുത്തൊരു ചക്കയിട്ടിറങ്ങി വരുമ്പോൾ തന്നിലേക്ക് നീണ്ട വക്രദൃഷ്ടിയെ അവൾ വെറുപ്പോടെ നോക്കി.
വീണ്ടും പലതവണ വാസുവിന്റെ നോട്ടവും ഇത്തരം പറച്ചിലുകളും അവളെ അലോസരപ്പെടുത്തിയിരുന്നു.
ചിന്തകളിൽ നിന്നുണർന്ന് വൈദേഹി പ്ലാവിന്റെ കീഴിൽ നിൽക്കുന്ന വാസുവിനെ ജനലഴിയിൽ കൂടെ നോക്കി. അയാൾ തന്റെ വസ്ത്രങ്ങൾ അഴിച്ചു വെച്ച് ഒരൊറ്റത്തോർത്തുടുത്ത് അരയിൽ ഒരു കുപ്പിൽ വെള്ളവും തിരുകി പ്രാവിനെയൊന്നു നോക്കി. പ്രതീക്ഷകളുടെ മിന്നലാട്ടങ്ങൾ നിറഞ്ഞ നിമിഷങ്ങൾക്കു ശേഷം ഉറച്ച മാംസപേശികളിലുരസിയ മിഴികൾ മൗനമായി സംവദിച്ചു. പ്രാവ് ചിറകുകൾ ആഞ്ഞുവീശി, വൈദേഹി ചുമരിൽ ചാരിനിന്ന് ദീർഘമായൊന്നു നിശ്വസിച്ചു .
വാസു പതിയെ കയറാൻ തുടങ്ങി. സംശയത്തിന്റെ കുറുകൽ ചെറുതായി മുഴങ്ങുന്നുണ്ടായിരുന്നു. വാസു തായ്ത്തടി രണ്ടായിപ്പിരിയുന്നിടത്ത് ഇരിപ്പുറപ്പിച്ച് കൈകളുയർത്തി. കുറുകലിപ്പോൾ ഉച്ചസ്ഥായിലെത്തിയിരിക്കുന്നു. അയാളുടെ സ്പർശനത്തെ ആദ്യമെതിർത്തെങ്കിലും ആ കൈക്കരുത്തിൽ ഒന്നു പിടഞ്ഞു. നഷ്ടസ്വർഗ്ഗങ്ങൾ വീണ്ടുമണയുന്നതിന്റെ നിർവൃതിയിൽ സ്വയമലിഞ്ഞങ്ങനെ .....
കാലുകളിലെ ബന്ധനങ്ങൾ വാസു പൊട്ടിച്ചെറിഞ്ഞ് തന്റെയുള്ളംകൈയ്യിൽ വെച്ച് വെള്ളമൊഴിച്ചു കൊടുത്തു.. അടങ്ങാത്ത ദാഹത്തിന്റെയുലയിൽ അയാൾ ജലം നിർത്താതെ പകർന്നു നൽകി. പാതിയടഞ്ഞ മിഴികളോടെയത് അയാളുടെ കൈയ്യിൽ പറ്റിച്ചേർന്നിരുന്നു. ബാക്കിവെള്ളം ശരീരമാസകലമൊഴിച്ച് ഇരും കൈയ്യിലുമെടുത്ത് അയാളതിനെ ആകാശത്തിന്റെ അനന്തതയിലേക്ക് നീട്ടി. തികഞ്ഞ നിർവൃതിയോടെ അതൊരു മറുനോട്ടമെറിഞ്ഞു .
അനന്തരമൊരുന്മാദിയെപ്പോലെ നീലമേഘങ്ങളെ വകഞ്ഞുമാറ്റി ...... ! ചിറകുകളാഞ്ഞുവീശി.....!
പ്ലാവിൽ നിന്നുമിറങ്ങവേ അതേ വക്രദൃഷ്ടിയോടെ അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.
''അടയ്ക്കാച്ചൂടി പിരിച്ചാലൊന്നും കയറാവില്ല ...!"
Written by Sreedhar RN

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot