നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പൂച്ച(കഥ)



തന്റെ മുന്നിലിരിക്കുന്ന ചെറുപ്പക്കാരൻ്റെ മുഖത്തേക്ക് ഡോക്ടർ ആനന്ദൻ സൂക്ഷിച്ചു നോക്കി.ഡോക്ടർ ആനന്ദൻ നഗരത്തിലെ പ്രശസ്തനായ സൈക്കാട്രിസ്റ്റാണ്.വിചിത്രങ്ങളായ കേസുകൾ കൈകാര്യം ചെയ്യാനാണ് ആനന്ദിന് കൂടുതൽ താല്പര്യം.. നിഗൂഢമായ പല കേസുകളും ചികിത്സിച്ച് ഭേദമാക്കിയിട്ടുമുണ്ട്..അതുകൊണ്ട് തന്നെ ആനന്ദിനെ തേടി വരുന്ന രോഗികളിൽ ബഹുഭൂരിപക്ഷവും വിചിത്രമായ സ്വഭാവരീതികൾ ഉള്ളവരാണ് താനും.
"പറയു..എന്താണ് താങ്കളുടെ പ്രശ്നം?"
"ഡോക്ടർ എൻ്റെ പേര് ഗണേഷ്..ഞാനിവിടെ ഒരു ധനകാര്യ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജരായി ജോലി നോക്കുന്നു"
"അതാണോ താങ്കളുടെ പ്രശ്നം?"
"അല്ല ഡോക്ടർ... എൻ്റെ പ്രശ്നം പൂച്ചയാണ്"
"പൂച്ചയോ?"
"അതേ ഡോക്ടർ... അതെങ്ങനെ എനിക്ക് വിശദീകരിക്കേണ്ടതെന്നറിയില്ല..പൂച്ചകളോട് വെറുപ്പാണോ അതോ അവയോടുള്ള എൻ്റെ ഭയമാണോ എന്താണെന്നനിക്കറിയില്ല..പൂച്ചകളെ കാണുമ്പോൾ എൻ്റെ ശരീരം ഞാൻ പോലുമറിയാതെ വെട്ടിവിയർക്കാൻ തുടങ്ങും..അന്നേരം ഒരു തരം പരവേശമായിരിക്കും.എവിടെയെങ്കിലും ഓടി ഒളിക്കണമെന്ന് തോന്നും"
ഡോക്ടർ ആനന്ദൻ ഒന്നമർത്തി മൂളി
"ഉം..ഇത് 'അയില്യോറോഫോബിയ'(Ailurophobia)
എന്ന അവസ്ഥയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത് അതായത് പൂച്ചകളോടുള്ള ഭയം അല്ലെങ്കിൽ അവയോടുള്ള ഒരു തരം വെറുപ്പ്..ഇത് നമുക്ക് ചികിത്സിച്ച് മാറ്റാവുന്നതെയുള്ളു."
ഡോക്ടർ ആനന്ദൻ ഒന്ന് നിർത്തി വീണ്ടും ഗണേഷിൻ്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി..അപ്പോൾ അവൻ്റെ കണ്ണുകൾ ചുരുങ്ങി ചെറുതാവുന്നതായി അയാൾക്ക് തോന്നി.
"താങ്കൾക്ക്‌ എന്നു മുതലാണ് ഇത്തരം അനുഭവങ്ങൾ തുടങ്ങിയത്"
"ഒരു പതിമൂന്നോ പതിനാലോ വയസ്സുള്ളപ്പോഴാണ് എനിക്ക് ഇങ്ങനെയൊരു അവസ്ഥ ആദ്യമായി അനുഭവപ്പെടുന്നത്...പക്ഷെ കുട്ടിക്കാലത്ത് എൻ്റെ കളിക്കൂട്ടുകാരായിരുന്നു പൂച്ചകൾ..ഞാൻ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എന്നും എൻ്റെ കൂടെ പൂച്ചകൾ ഉണ്ടായിരുന്നു..എൻ്റെ പത്താം പിറന്നാളിന് അച്ഛൻ എനിക്കു തന്ന പിറന്നാൾ സമ്മാനമായിരുന്നു നല്ല വെളുത്ത തടിച്ചവാലോടു കൂടിയുള്ള ഒരു സുന്ദരിപൂച്ചയെ..അവളും ഞാനും വളരെ പെട്ടെന്ന് തന്നെ കൂട്ടായി..ഞാനവൾക്ക് ചക്കിയെന്ന് പേരിട്ടു..സ്ക്കൂളിൽ പോയാൽ ചക്കി പാലു കുടിച്ചോ ചക്കി ഭക്ഷണം കഴിച്ചോ എന്ന് മാത്രമായിരുന്നു എൻ്റെ ചിന്ത"
"പിന്നെ എങ്ങനെയാണ് പൂച്ചകളോട് ഭയം തോന്നി തുടങ്ങിയത്?"
"അവൾ ഒരുപാട് കുഞ്ഞുങ്ങളെ പ്രസവിച്ചു.പക്ഷെ ആ കുഞ്ഞുങ്ങളെയൊക്കെ അച്ഛൻ മറ്റാർക്കെങ്കിലും കൊടുക്കും..ഞാൻ സ്ക്കൂളിൽ പോകുന്ന തക്കത്തിനാണ് അച്ഛൻ കുഞ്ഞുങ്ങളെ കൊടുക്കുക..സ്ക്കൂൾ വിട്ട് വരുന്ന ഞാൻ കുഞ്ഞുങ്ങളെ കാണാതെ അലമുറയിട്ടു കരയുമ്പോൾ എൻ്റെ കാലിൽ മുട്ടിയുരുമി പ്രത്യേക ശബ്ദത്തിൽ ചക്കിയും കരയുന്നുണ്ടാവും.. രാത്രിയിൽ ഏറെ വൈകും വരെ പഠിക്കാനിരിക്കുന്ന എൻ്റെ അരികിൽ എൻ്റെ ചൂടുപറ്റി ചക്കിയും ഇരിക്കും..ഏതോ രാത്രിയിൽ അങ്ങനെ പഠിച്ച് കൊണ്ടിരിക്കുമ്പോൾ കരണ്ട് പോയി..ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിൽ പഠിച്ച് കൊണ്ടിരിക്കുമ്പോൾ അറിയാതെ കൈതട്ടി ചിമ്മിനി വിളക്ക് മറിഞ്ഞു വീണു..വിളക്ക് വീണത് ചക്കിയുടെ പുറത്താണ്..തീ പൊള്ളലേറ്റ് പ്രാണ വെപ്രാളത്തോടെ ചക്കി പുറത്തേക്ക് ഓടാൻ നോക്കിയെങ്കിലും അടഞ്ഞിരുന്ന വാതിൽ അവൾക്കൊരു തടസ്സമായി.. എൻ്റെ നിലവിളയും ചക്കിയുടെ പ്രാണഭയത്തോടെയുള്ള കരച്ചിലും കേട്ട് അച്ഛനുമമ്മയും ഓടി വന്ന് വാതിൽ തുറന്നപ്പോൾ പാന്തിവെന്ത ശരീരവുമായി അവൾ എവിടെക്കോ ഓടി മറഞ്ഞു..രണ്ടു നാൾ കഴിഞ്ഞ്‌ പാടവരമ്പിലൂടെ നടക്കുമ്പോൾ കാക്കകൾ കൊത്തി വലിക്കുന്ന ഒരു കരിഞ്ഞ ശവമായി എൻ്റെ ചക്കിയെ ഞാൻ കണ്ടു"
ഗണേഷ് അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ഡോക്ടർ ആനന്ദൻ അവൻ്റെ മുഖത്തേക്ക് നോക്കി.. അപ്പോൾ അവൻ്റെ കണ്ണുകളിൽ പൂച്ചകളുടേത് പോലുള്ള നീല നിറം വ്യാപിച്ചിരിന്നു.
"പൂച്ചയെ കൊന്നാൽ പാപം കിട്ടുമെന്നും,കൈവിറ ഉണ്ടാകുമെന്നും,പൂച്ച ശപിക്കുമെന്നൊക്കെ അച്ചമ്മ പറഞ്ഞു പഠിപ്പിച്ചത് എൻ്റെ മനസ്സിലേക്ക് ഓടി വന്നു..അതോടെ ഒരു തരം ഭയം ഉള്ളിൽ മുളച്ചു...പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞാൽ സൈക്കിളിൽ നിന്നും വീണാൽ എന്തിന് അച്ഛനൊന്ന് വഴക്ക് പറഞ്ഞാൽ പോലും പൂച്ചശാപമാണോ എന്ന് ഞാൻ സംശയിച്ചു..ഒരു നാൾ വീട്ടിലെ മറ്റൊരു പൂച്ച എന്നെ അവൻ്റെ നഖങ്ങൾ കൊണ്ട് പോറിയപ്പോൾ ഞാൻ അത് ഉറപ്പായും വിശ്വസിച്ചു..പിന്നെ പിന്നെ പൂച്ചകളെ എനിക്ക് പേടിയായി തുടങ്ങി..പൂച്ചകളെ കാണുമ്പോൾ ഞാൻ എവിടെയെങ്കിലും ഓടിയൊളിക്കും..എൻ്റെ പൂച്ച പേടി കണ്ട് വീട്ടിലെ പൂച്ചകളെയൊക്കെ അച്ഛൻ എവിടെയോ കൊണ്ടുകളഞ്ഞു".
ഡോക്ടർക്ക് അവൻ്റെ സംസാരത്തിൽ നല്ല രസം തോന്നി അയാൾ ചെറുതായി ഒന്ന് പുഞ്ചിരിച്ചു.അപ്പോൾ ഗണേഷിൻ്റെ മുഖം ഒരു പൂച്ചയെ പോലെ തോന്നിച്ചു.
"ഡോക്ടർ.. ഞാൻ അതിൽ നിന്നെല്ലാം പതുക്കെ പതുക്കെ റിക്കവറി ആയി വന്നതായിരുന്നു.. പക്ഷെ...പക്ഷെ...കഴിഞ്ഞയാഴ്ച!!"
"കഴിഞ്ഞയാഴ്ച എന്തു പറ്റി?"
"അന്നായിരുന്നു ഡോക്ടർ എൻ്റെ കല്ല്യാണം"
"കല്ല്യാണവും പൂച്ചയും തമ്മിൽ എന്താണ് ബന്ധം..ഇനി താൻ വല്ല പൂച്ചയേയും മറ്റുമാണോ കെട്ടിയത്"
ചിരിച്ചു കൊണ്ട് ഡോക്ടർ അതു പറഞ്ഞപ്പോഴേക്കും ഗണേഷിൻ്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.
"അന്ന് ഞങ്ങളുടെ ആദ്യരാത്രി ആയിരുന്നു.. ഏതൊരു പെണ്ണും പുരുഷനും ആഗ്രഹിക്കുന്ന രാത്രി..എൻ്റെ സങ്കല്പത്തിനനുസരിച്ചുള്ള ഒരു പെണ്ണ് തന്നെയായിരുന്നു അവൾ..നല്ല വിദ്യാഭ്യാസം.. കാണാനും സുന്ദരി..ആ രാത്രിയിൽ ഞങ്ങൾ ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടി..ഞങ്ങളുടെ ഇടയിലുള്ള മതിലുകൾ പൊളിഞ്ഞു വീണു..ആണ് പെണ്ണിനെയും പെണ്ണ് ആണിനെയും അടുത്തറിഞ്ഞു തുടങ്ങി..ഇരുമെയ്യുകൾ ഒരു മെയ്യായി തീരുന്ന ആ സുന്ദരനിമിഷങ്ങളിലാണ് അപശകുനം പോലെ ആ ശബ്ദം എൻ്റെ കാതിൽ പതിച്ചത്..ഒരു പൂച്ചയുടെ ശബ്ദം.. ഞാൻ പതറിപോയി..എന്നിലെ ഞാൻ നിയന്ത്രണം വിട്ടു.. അത്രയും കാലം എന്നിൽ ഉറങ്ങി കിടന്നിരുന്ന ആ ഭയം അതിശക്തമായി തിരിച്ചു വന്നു."
ഗണേഷിൻ്റെ ശബ്ദത്തിൽ ഭയങ്കര കിതപ്പ്..അടുത്തിരുന്ന കൂജയിൽ നിന്നും കുറച്ചു വെള്ളമെടുത്ത് ഡോക്ടർ ആനന്ദൻ അവന് നല്കി.അവനാ വെള്ളം ഒരൊറ്റ വലിക്ക് കുടിച്ചു തീർത്തു.
"എൻ്റെ പൂച്ച പേടി അറിയാവുന്ന ആരോ എന്നെ പറ്റിക്കാൻ വേണ്ടി ഞങ്ങളുടെ കട്ടിലിനടിയിൽ പൂച്ചയേ കൊണ്ടു വച്ചതാകാം..അറിയില്ല അതെങ്ങനെ അകത്തു വന്നുവെന്ന്..അതോടെ ഞാൻ ഞാനല്ലതായി..എന്നിലെ ഭാവമാറ്റം അവളെ ഭയചകിതയാക്കി കാണണം.. പിറ്റേന്ന് രാവിലെ അവളുടെ വീട്ടുകാർ വന്ന് അവളെ കൂട്ടികൊണ്ടുപോയി..എന്നോട് എന്താ പ്രശ്നമെന്ന് പോലും തിരക്കിയില്ല..ഞാനവളെ തടഞ്ഞുമില്ല..അതിനു ശേഷം ഞാനിന്നുവരെ നേരാംവണ്ണം ഉറങ്ങിയിട്ടില്ല ഡോക്ടർ.. ഉറങ്ങാൻ കണ്ണടക്കുമ്പോൾ എൻ്റെ മുന്നിലേക്ക് പല വലുപ്പത്തിലും രൂപത്തിലുമുള്ള പൂച്ചകൾ ഓടി വരുന്നു. അവയെന്നെ ഉപദ്രവിക്കുന്നതായി തോന്നുന്നു"
"മിസ്റ്റർ ഗണേഷ് ഇത് കുറച്ചു കോംപ്ലീകേറ്റാഡായ കേസാണ്..ചികിത്സിച്ചു ഭേദമാക്കുന്നതിനു മുമ്പ് തന്നെയൊന്നു കൗൺസിൽ ചെയ്യേണ്ടി വരും..കാരണം നിൻ്റെ മനസ്സ് ഈ ചികിത്സയ്ക്ക് പാകപെടേണ്ടതുണ്ട്."
ഡോക്ടർ ആനന്ദൻ അവൻ്റെ കണ്ണുകളിലേക്ക് നോക്കിയാണ് അതു പറഞ്ഞത്..അപ്പോൾ അവൻ്റെ കണ്ണുകൾ പൂച്ചയുടേത് പോലെ തിളങ്ങുന്നുണ്ടായിരുന്നു.ആ കണ്ണുകളിലേക്ക് കൂടുതൽ സമയം നോക്കാൻ അയാൾക്കെന്തോ പേടി തോന്നി
"നോക്കൂ ഗണേഷ്...പൂച്ചയെ കൊന്നാൽ കൈവിറയ്ക്കും..പാപം കിട്ടും..പൂച്ചശാപം മരണം വരെ പിൻതുടരും എന്നൊക്കെ പറയുന്നത് വെറും അന്ധവിശ്വാസങ്ങളല്ലേ..അങ്ങനെയാണെങ്കിൽ എനിക്കൊക്കെ എന്നേ ശാപമേറ്റേനെ..കുട്ടിക്കാലത്ത് ഞാനൊരു വികൃതിപയ്യനായിരുന്നു..പൂച്ചയെ വെള്ളത്തിൽ മുക്കി കൊല്ലുക,അരണയെ തലയിൽ കല്ലിട്ട് കൊല്ലുക,കോഴിയുടെ കാല് എറിഞ്ഞു തകർക്കുക തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നവനാണ്..അന്നേരം എൻ്റെ മുത്തശ്ശിയും എന്നോട് ഇതൊക്കെ തന്നെയാണ് പറയാറ്..ഇതൊന്നും വല്ല്യ കാര്യമൊന്നുമല്ലെടോ...കുട്ടിക്കാലത്ത് നമ്മുടെ ഉള്ളിൽ മുതിർന്നവർ മുളപ്പിക്കുന്ന ഒരു തരം ഭയത്തിൻ്റെ വിത്തുകളുണ്ട്..ചിലത് മുളച്ച് വലിയൊരു മരമായി തീരും തന്നേ പോലെ ചിലത് പടുമുളയായി തീരും അത്രമാത്രം"
ഡോക്ടർ പറഞ്ഞു നിർത്തിയതും വന്യമായൊരു മുരൾച്ചയോടെ ഗണേഷ് ചാടിയെഴുന്നേറ്റു.. മേശയുടെ മുകളിലേക്ക് ചാടി കയറിയ അവൻ ഡോക്ടറെ അതിശക്തമായി മർദ്ദിച്ചു.. ആ മർദ്ദനം ഒരു പൂച്ചയുടെ മർദ്ദനം പോലെ തോന്നിച്ചു..ഒരു നിമിഷം സ്തംഭിച്ചുപോയ ഡോക്ടർ മേശപ്പുറത്തുണ്ടായിരുന്ന ഫ്ലവർവേസ് എടുത്ത് അവൻ്റെ തലയിൽ ശക്തിയായി അടിച്ചു.ആ അടിയിൽ അവൻ കുഴഞ്ഞു വീണു..വീഴുന്നതിന് മുമ്പായി ഡോക്ടറുടെ മുഖത്ത് അവൻ്റെ നഖം കൊണ്ട് വലിയൊരു മുറിവുണ്ടായി.
മുറിയിലെ ശബ്ദം കേട്ട് ഓടി വന്നപ്പോൾ മുന്നിൽ ഭയചകിതനായി നില്ക്കുന്ന ഡോക്ടറെയും മേശപ്പുറത്ത് ചോരയിൽ കുളിച്ചു കിടക്കുന്ന ഗണേഷിനെയും കണ്ട് സ്റ്റാഫുകൾ ആകെ പരിഭ്രാന്തരായി..ഭയത്തിൽ നിന്നും പൊടുന്നനെ മോചിതനായ ആനന്ദൻ കർമ്മനിരതനായ ഒരു ഡോക്ടറായി.
"നേഴ്സ് എത്രയും പെട്ടെന്ന് ഇയാളെ എമർജൻസി കെയറിലേക്ക് എത്തിക്കു"
തനിക്ക് എന്താണ് സംഭവിച്ചതെന്ന് ഡോക്ടർ ആനന്ദന് അപ്പോഴും മനസ്സിലായില്ല..അയാൾ വാഷിംഗ് റൂമിലേക്ക് നടന്നു.
മുഖത്ത് വെള്ളം കോരി ഒഴിച്ചപ്പോൾ പുകച്ചിൽ കൊണ്ടയാൾ മുഖം ചുളിച്ചു.നഖം കൊണ്ട് മുറിഞ്ഞ മുറിപ്പാടിൽ നിന്നും ചോര ചെറിയ തോതിൽ കനിയുന്നുണ്ടായിരുന്നു..കണ്ണാടിയിലേക്ക് നോക്കിയ അയാൾ ഒന്നമ്പരന്നു..തൻ്റെ കണ്ണുകൾ വല്ലാതെ ഇടുങ്ങിയിരിക്കുന്നു..അയാൾ ഒന്നുകൂടി സൂക്ഷിച്ചു നോക്കി അപ്പോൾ അയാൾ വ്യക്തമായി കണ്ടു..തൻ്റെ കണ്ണുകളിൽ പൂച്ചയുടേത് പോലെ നീല നിറം വ്യാപിക്കുന്നത്.
അവസാനിച്ചു.
ബിജു പെരുംച്ചെല്ലൂർ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot