Slider

തള്ള്

0


 "ഒരു കാര്യം പറയട്ടേ?"

'അതേത് കാര്യം?'
'അതൊക്കെയുണ്ട്.'
അതായത് പ്രധാനമന്ത്രിയായ മോദിജിയോടൊപ്പം എനിക്കും ഭർത്താവിനും ഒരു ടൂർ പോകാനൊരു അവസരം കിട്ടിയിരുന്നു. ജീവിതത്തിൽ മറക്കാനാവാത്ത ഒരു യാത്ര!
'ങേ.. അതെപ്പോ?
സംഭവം ഉളളതാണോ?
അതോ വെറുതെ പറയുകയാണോ?'
'അതൊന്നുമല്ലന്നേ,മോദിജിയുടെ അനുവാദത്തോടെ പോയതുതന്നെ.'
'എന്നാലും അതെങ്ങനെ സംഭവിച്ചു?!'
'അതായത് ഞങ്ങളുടെ ഇളയച്ഛൻ്റെ മകനാണ് ശങ്കരവർമ്മ. അദ്ദേഹം മോദിജിയുടെ സെക്യൂരിറ്റി സ്റ്റാഫിലൊരാളാണ്. എന്നുവച്ചാൽ മോദിജി ഏറ്റവും അടുപ്പംകാണിയ്ക്കുന്ന സ്റ്റാഫുകളിൽ ഒരാളാണ്. തിരക്കില്ലാത്ത സമയങ്ങളിൽ മോദിജി ശങ്കുവേട്ടനോട് കുടുംബവിശേഷങ്ങൾപോലും ചോദിക്കാറുണ്ടത്രെ!
'സാധാരണയായി ഇത്തരം നിലയുംവിലയും ഉള്ള ബന്ധുക്കളുണ്ടായാൽ fb യിലും മറ്റും പലരും അവരോടൊപ്പം നിൽക്കുന്ന ഫോട്ടോയൊക്കെ ഇട്ട് പൊങ്ങച്ചം പറയാറുള്ളതാണ്. പക്ഷേ പൊങ്ങച്ചം പറയുന്നത് എനിക്ക് തീരെയിഷ്ടമല്ലാത്ത കാര്യമായത്കൊണ്ടാണ് ഞാൻ ഇതുവരേയും ആ കാര്യം വെളിപ്പെടുത്താതിരുന്നത്.'
'അതിന് അവർ അടുപ്പമുണ്ടെന്ന്കരുതി നിങ്ങളെങ്ങനെ മോദിജിയോടൊപ്പം ടൂർ പോയി എന്നാണോ ചിന്തിക്കുന്നത്?'
'ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയോദ്യാനത്തിലെ കടുവാസംരക്ഷണപദ്ധതി സന്ദർശിയ്ക്കുവാൻ മോദിജിയ്ക്ക് ആഗ്രഹം തോന്നി. ശങ്കുവേട്ടനോട് ഈ കാര്യം സൂചിപ്പിച്ചു. സെക്യൂരിറ്റയൊന്നുമധികമില്ലാതെ പോകണമെന്നും പറഞ്ഞു.'
'ലോകം മുഴുവൻ ടൂർപോയ ആൾ സ്വന്തം നാട്ടിലെ പാർക്ക് ഇതുവരേയും കാണാത്തത് മോശമായിപ്പോയി'
എന്ന് ശങ്കുവേട്ടൻ തമാശമട്ടിൽ മോദിജിയോട് പറഞ്ഞപ്പോൾ, അദ്ദേഹം നരച്ചതാടി തടവിക്കൊണ്ട് ചിരിച്ചുകൊണ്ട് ആ കാര്യം സമ്മതിച്ചു'.
'ശങ്കരവർമ്മ സെക്യൂരിറ്റിയായതിനാൽ പോയിയെന്നത് ശരിതന്നെ. പക്ഷേ നിങ്ങൾ എങ്ങനെ?'
'തോക്കിൽകയറി വെടിവെക്കല്ലേ മച്ചൂ, ആ കാര്യമാണ് പറഞ്ഞുവരുന്നത്.'
'എൻ്റെ ഭർത്താവ് ഒരു വൈൽഡ് ഫോട്ടോഗ്രാഫറാണല്ലോ. അദ്ദേഹത്തിൻ്റെ ചില ഫോട്ടോസ് ശങ്കുവേട്ടൻ മോദിജിയെ കാണിച്ചു. മോദിജിക്ക് അതുകണ്ടപ്പോൾ എൻ്റെ ഭർത്താവിനെ നേരിൽ കാണാനും, മോദിജിയുടെ ഉദ്യാനയാത്രയിൽ വിവിധ ഫോട്ടോസ് എടുക്കാനുമായ് എൻ്റെ ഭർത്താവിനെ കൂടെക്കൂട്ടാം എന്നുവിചാരിച്ചു. അങ്ങനെ ഒരുദിവസം രാവിലെ വീട്ടിലേക്ക് ഒരു കോൾവന്നു.'
'ആരുടെയാ?'
'സാക്ഷാൽ മോദിജിയുടെ.'
'അങ്ങനെ കടുവകളുടെ ദേശീയോദ്യാനത്തിലേക്ക് അവർ പോകാനൊരുങ്ങിയ ദിവസംതന്നെ,
ഭർത്താവും ഞാനും ഉത്തരാഖണ്ഡിലെ പാർക്കിലേക്ക്പോയി.'
'നേരിൽകണ്ടപ്പോൾ ശങ്കുവേട്ടൻ ഞങ്ങളെ മോദിജിക്ക് പരിചയപ്പെടുത്തി. അന്ന് കൊറോണിയില്ലാത്തത്കൊണ്ട്
മോദിജിയും എന്റെ ഭർത്താവും ഹസ്തദാനം ചെയ്തു. അതിന്റെ ഫോട്ടോസൊക്കെ ഞാൻ പല ആംഗിളിൽ എടുക്കുകയും ചെയ്തിരുന്നു!'
'മോദിജിയുമായുള്ള കൂടിക്കാഴ്ചയിൽ ഒരു തമാശ ഉണ്ടായി. അതോർക്കുമ്പോൾ എനിക്കിപ്പോഴും ചിരിയടക്കാനാവുന്നില്ല കേട്ടോ.'
അതായത് ഞങ്ങൾ പ്രധാനമന്ത്രിയെ ആദ്യമായി നേരിൽകാണാൻ പോകുന്നതിൻ്റെ സന്തോഷത്തിന് അദ്ദേഹത്തിന് കൊടുക്കുവാൻ ശർക്കരയും തേങ്ങയുംചേർത്ത് കുറച്ച് അരിയുണ്ട ഉണ്ടാക്കിയെടുത്തിരുന്നു. വൈകുന്നേരമായപ്പോൾ ഞങ്ങൾ നാലുപേരും മാത്രമെ ഉണ്ടായിരുന്നുള്ളു. ആസമയത്ത് ചായക്ക് കൂട്ടാനായിട്ട് ഞാൻ രണ്ട് അരിയുണ്ടയെടുത്ത് മോദിജിയുടെ കൈയിൽ വച്ചുകൊടുത്തു. എൻ്റെ ഭഗവാനേ.. മോദിജി ആകെ ഭയന്നുവിറച്ചു!
ഇന്ദിരാഗാന്ധിയെ വെടിവച്ച ബിയാന്ത്സിങ്ങിനെ കണ്ടത്പോലെ അദ്ദേഹം ശങ്കുവേട്ടൻ്റെ മുഖത്തേക്ക്നോക്കി. ഞങ്ങളുടെ ശങ്കുവേട്ടൻ രാജീവ്ഗാന്ധിയുടെ ഘാതകനായ 'ശിവരശ'നാണോ?! ബോംബ് പൊട്ടിത്തെറിച്ച് ശങ്കുവേട്ടൻ ഒരു ചാവേറായിമാറുമോയെന്ന്പോലും മോദിജി ആസമയത്ത് ശങ്കിച്ചുവെന്ന് ആ മുഖം വിവർണ്ണമായത് കണ്ടപ്പോൾ എനിക്ക്തോന്നി. മാത്രമല്ല ഇലക്ഷനിൽ തോറ്റ ട്രംപിനെപോലെ ഇനിയെന്ത്ചെയ്യും എല്ലാം അനുഭവിക്കുകതന്നെയെന്ന അവസ്ഥയിലുമായി. ഇതൊക്കെ കണ്ടപ്പോൾ ഞങ്ങൾ മൂന്നുപേരും പൊട്ടിച്ചിരിയോടെ കാര്യം പറഞ്ഞു.
"യെ മല്ലൂസ് കാ പസന്തിദാ സ്നാക്സ് ഹെ, യെ ബഹൂത്ത് സ്വാദിഷ്ട് ഹോത്താ ഹെ."
അപ്പോഴാണ് മോദിജിക്ക് ആശ്വാസമായത്. മാത്രമല്ല പറ്റിപ്പോയ അബദ്ധത്തെപ്പറ്റി മോദിജിതന്നെ വീണ്ടുംപറഞ്ഞ്,അദ്ദേഹത്തിൻ്റെ വെളുത്തതാടി ഒന്നുകൂടി തലോടി ആ തമാശ സ്വയം ആസ്വദിച്ചു.
'ഈ സംഭവം നടന്നിട്ട് ഒരുവർഷം കഴിഞ്ഞു. ലോകസാഹസിക സഞ്ചാരിയായ 'ബെയർ ഗ്രിൽസും' മോദിജിയും നേരത്തെ പ്ലാൻചെയ്ത കാര്യമായിരുന്നു:
''കടുവകളുടെ ഉദ്യാനം അവരിരുവരുമൊന്നിച്ച് സന്ദർശിക്കണമെന്നത്. " അതുകൊണ്ടെന്താ ഞങ്ങൾക്ക് ബെയർഗ്രില്ലിനേയും പരിചയപ്പെടാൻപ്പറ്റി. അദ്ദേഹവും മോദിജിയും ഞാനും ഭർത്താവും ശങ്കുവേട്ടനുമുൾപ്പെടെയുള്ള കുറെ ഫോട്ടോസ് അന്ന് എടുത്തിട്ടുണ്ടായിരുന്നു!'
'എന്നിട്ട് ആ ഫോട്ടോസ് എവിടെ?'
'ആകാര്യം പറയാൻവരട്ടെ, അതിനിടെ അവിടെവച്ച് മറ്റൊരു സംഭവമുണ്ടായത് കേൾക്കണോ?'
'ആ.. പറയൂ.കേൾക്കട്ടെ.'
'അന്ന് മോദിജിയ്ക്ക് ഒരു അപകടംപറ്റി. അതായത് താൽക്കാലികമായി ഉണ്ടാക്കിയ
വള്ളത്തിൽ നദിയുടെ അക്കരെപോകുമ്പോൾ അദ്ദേഹം വഴുതിവെള്ളത്തിൽവീണു!'
'എൻ്റെ ഭർത്താവ് ഒരു നീന്തൽ വിദഗ്ദ്ധൻകൂടിയാണല്ലോ, തണുത്ത ആ വെള്ളത്തിലേക്ക് പെട്ടെന്നെടുത്തുചാടി മോദിജിയെ സാഹസികമായി രക്ഷപ്പെടുത്തി. പക്ഷേ ഞാനാകെ ടെൻഷനടിച്ച് എന്തൊക്കെയാ കാട്ടിക്കൂട്ടിയതെന്ന് എനിക്കുതന്നെയറിയില്ല!'
'അദ്ദേഹത്തെ രക്ഷപ്പെടുത്തിയതിന് നന്ദിസൂചകമായി വിലകൂടിയ ഒരു വാച്ച് ഞങ്ങൾക്ക് മോദിജി സമ്മാനിച്ചിരുന്നു!'
'എന്നിട്ട് സമ്മാനം കിട്ടിയ വാച്ചെവിടെ?'
'ആ കാര്യം പറയുന്നതിനിടയ്ക്ക് വേറൊരു കാര്യംകൂടി പറയാം.'
'ജീവിതത്തിൽ ആർക്കുംകിട്ടാത്ത ഇത്തരം ' സൗഭാഗ്യങ്ങളൊക്കെ കിട്ടിയപ്പോഴും ഞങ്ങൾ അതൊന്നും ഡിസ്കവറിചാനലിനോ, മറ്റ് ചാനലുകളുമായോ പങ്കുവെയ്ക്കാൻ തയാറായില്ല. കാരണം പൊങ്ങച്ചങ്ങൾ പറയുന്നത് ഞങ്ങൾക്ക് അത്ര ഇഷ്ടമുള്ള കാര്യമേയല്ല!'
'ശരിയാണ് അതൊക്കെയൊരു ഭാഗ്യം തന്നെ!
പക്ഷേ ഫോട്ടോസ് എവിടെ?'
'മോദിജിയോടും ബെയർ ഗ്രില്ലിനോടുമൊപ്പമുള്ള കാട്ടിലൂടെയുള്ള സാഹസികയാത്രയിൽ ഏറെ സന്തോഷത്തോടെ പങ്കെടുത്ത് ഞങ്ങൾ നാട്ടിലേക്ക് മടങ്ങി. അന്ന് ആ യാത്രയിൽ പകർത്തിയ ഫോട്ടോകളും, മോദിജി സമ്മാനിച്ച വാച്ചും എല്ലാവരേയും കാണിക്കാമെന്ന് ഞങ്ങൾ കരുതിയതായിരുന്നു. പക്ഷേ കഷ്ടകാലത്തിന് ആ യാത്രയ്ക്കിടയിൽ ക്യാമറയും മൊബൈലും വാച്ചും അടങ്ങിയ ഞങ്ങളുടെ ബാഗ്, ഏതോ ഒരു കള്ളൻ ട്രെയിനിൽവച്ച് മോഷ്ടിച്ച് കടന്നുകളഞ്ഞു!'
ബന്ധപ്പെട്ടവർക്ക് പരാതി കൊടുത്തിട്ടുണ്ട്. സാധനം തിരികെകിട്ടിയാൽ എല്ലാവരേയും ഫോട്ടോസൊക്കെ കാണിക്കാം. തൽക്കാലം വള്ളത്തിലൂടെയുള്ള യാത്രയ്ക്ക്ശേഷം മോദിജിയും ബെയർഗ്രില്ലും തിരികേവരുന്ന ഒരു ചിത്രം എൻ്റെ കയ്യിൽ ഉണ്ട്. *മറ്റൊരു ഫോണിൽ ഒപ്പിയെടുത്തതാണ്. അത് കാണിക്കാമെന്നു കരുതിയിരുന്നു. പക്ഷേ ഈ ഗ്രൂപ്പിൽ ഫോട്ടോ പതിക്കാൻ പറ്റില്ലല്ലോ!!!
✍️ബിന്ദുസുന്ദർ
NB: ഇലക്ഷൻകാലമല്ലേ, പലരുടേയും പലജാതി തള്ള്കേട്ടപ്പോൾ ഇജ്ജാതിയൊന്ന് ഞാൻ തള്ളിയതാ..
വേണമെങ്കിൽ തള്ള് കഥ വേറേയും ഉണ്ട്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo