നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അപ്പോയിൻറ്മെന്റ് ഓർഡർ


 “അരുണേ ..?”

ശബ്ദമുണ്ടാക്കാതെ മുറിയിലേക്ക് കയറുകയായിരുന്നു.പക്ഷേ താന് വന്നത് അച്ഛന് അറിഞ്ഞിരിക്കുന്നു.
സര്ട്ടിഫിക്കറ്റുകള് അടങ്ങിയ ഫയല് മേശയില് വച്ചിട്ട് അച്ഛന്റെ മുറിയിലേക്ക് നടന്നു.അച്ഛന് കട്ടിലില് എഴുന്നേറ്റിരിപ്പുണ്ട്.
“അച്ഛനിന്ന് പോകണ്ടേ ?” ചോദിച്ചപോള് നെഞ്ചില് ഉരുണ്ടുകൂടിയ ജാള്യതയെ ഒരു ചുമയിലൂടെ പുറംതള്ളാന് ശ്രമിച്ചു.ഡിഗ്രി പാസായി ജോലിയില്ലാതെ നടക്കുന്ന മകന് സെക്യൂരിറ്റി ജീവനക്കാരനായ അച്ഛനോടു ചോദിക്കുകയാണ്.ഇന്ന് രാത്രി ഡ്യൂട്ടിക്ക് പോകണ്ടേയെന്നു!
പക്ഷേ അച്ഛന് കേട്ടത് തന്റെ ചുമ മാത്രമാണ്.
“വണ്ടിയിലിരുന്നു പൊടിയടിച്ചു കാണും.നല്ല ചൂട് വെള്ളത്തില് ഒന്ന് കുളിക്ക്.കഞ്ഞിവച്ചത് നീ ഒന്ന് ചൂടാക്കിക്കോ.പിന്നെ ഉണക്കമീന് അലമാരയുടെ അടിയിലെ പാത്രത്തില് മൂടി വച്ചിട്ടുണ്ട്.എടുത്തിട്ടു അടച്ചു വച്ചോണം.അല്ലേല് പൂച്ച കേറും.”
അത്രയും പറഞ്ഞിട്ട് അച്ഛന് വീണ്ടും കട്ടിലിലേക്ക് ചുരുണ്ടു.ഇന്റര്വ്യൂവിനെക്കുറിച്ച് ഒന്നും ചോദിച്ചില്ല.ഇപ്പോള് അച്ഛനും വലിയ പ്രതീക്ഷയില്ലെന്ന് തോന്നുന്നു.
കൊമേഴ്സ്‌ പഠിച്ച മകന് ഏതെങ്കിലും ബാങ്കില് മാനേജര് ആകുമെന്നായിരുന്നു അച്ഛന്റെ സ്വപ്നം.ഇപ്പോള് എവിടെയെങ്കിലും എന്തെങ്കിലും ജോലി.അത്ര മാത്രം.
കൊമേഴ്സ്‌ ഡിഗ്രി കഴിഞ്ഞിട്ട് അടുത്ത മാസം മൂന്നു കൊല്ലമാകും.
ഇതിനിടയില് ഒരു വര്ഷം പി.എസ്സി.കോച്ചിംഗ്.പിന്നെ ഒരു വര്ഷം ബാങ്ക് ടെസ്റ്റുകള് അഭിമുഖങ്ങള്..എല്ലാം പരാജയപ്പെട്ടു.ഈ വര്ഷം വീണ്ടും ജോലിക്കുള്ള ശ്രമങ്ങള്.
ഉണക്കമീനിന്റെ ഒപ്പം വറുത്ത മുളക് കണ്ടില്ല.അത് അച്ഛന് എടുത്തിട്ടുണ്ടാകും.മീന് കഷണം തനിക്ക് മാറ്റിവച്ചതാവും.
രണ്ടു അംഗങ്ങള് മാത്രമേ ഉള്ളുവെങ്കിലും ദാരിദ്യം തങ്ങളെ വല്ലാതെ വലിഞ്ഞുമുറുക്കുന്നു.പെങ്ങളുടെ കല്യാണവും തന്റെ വിദ്യാഭാസവും ..എല്ലാം അച്ഛന്റെ എണ്ണിച്ചുട്ട കാശ് കൊണ്ട് എങ്ങിനെയോ നടന്നു..
ഒരു ജോലി ..ഒരു ജോലി മാത്രമേ ഇപ്പോള് സ്വപ്നത്തിലുള്ളു.
“നീ ഇപ്പോള് മായയെ വിളിക്കാറില്ലേ ?”
അച്ഛന് അടുക്കളയുടെ വാതില്ക്കല് വന്നത് അറിഞ്ഞില്ല.
“ഇടക്ക്..” വാക്കുകള് തപ്പി.
“ഉം.” അച്ഛന് ഒന്നിരുത്തി മൂളി.
മായ സഹദേവന്.
അച്ഛന്റെ കൂടെ പട്ടാളത്തില് ജോലി ചെയ്തിരുന്ന സഹദേവന് നായരുടെ മകള്.
ചെറുപ്പത്തില് തുടങ്ങിയ അടുപ്പം.അവള്ക്കിപ്പോ സൌത്ത് ഇന്ത്യന് ബാങ്കില് ജോലിയായി..
“ഇന്നത്തെ എങ്ങിനുണ്ടായിരുന്നു ?”ഉമ്മറത്തിരുന്നു ഒരു ബീഡിക്ക് തീ കൊളുത്തി അച്ഛന് ചോദിച്ചു.മറുപടിയും അച്ഛന് തന്നെ അറിയാം.എന്നാലും എപ്പോഴെങ്കിലും ചോദിക്കും.
“അവര് അറിയിക്കാമെന്ന് പറഞ്ഞു.”
പാത്രം മോറി തടി റാക്കില് വച്ചു.പിന്നെ മുറ്റത്തെ ചാമ്പയുടെ ചോട്ടില് പോയി മൂത്രമൊഴിച്ചു.ഇരുട്ടില് ഇങ്ങനെ ഒറ്റക്ക് നില്ക്കുമ്പോള് ഉള്ളിലെ അപകര്ഷത ഇല്ലാതാകുന്നത് പോലെ..
ഞാവല് നിറമുള്ള ആകാശം.വിളറിയ ചന്ദ്രക്കല.
മായയുമായി താനിപ്പോള് സംസാരിക്കില്ലെന്ന് അച്ഛന് അറിയാമോ ?
കഴിഞ്ഞ മാസം അവള് കൂടെ ജോലിചെയ്യുന്ന ഒരാളുടെ ബൈക്കില് പോകുന്നത് കണ്ടെന്നു ഒരു കൂട്ടുകാരന് പറഞ്ഞു.
“അരുണ് ,ജോലിയുള്ള ഒരാള്ക്കൊപ്പമേ ഞാന് ജീവിക്കൂ.ഇത്ര നാള് ഞാന് കാത്തിരുന്നു.എനിക്കിപ്പോഴും അരുണിനെ ഇഷ്ടമാണ്.പക്ഷെ നമ്മുടെ കോളേജ് കാലം കഴിഞ്ഞിട്ട് ഇപ്പോള് മൂന്നു കൊല്ലമാകുന്നു.”
അവള് അത്ര മാത്രമേ പറഞ്ഞുള്ളു.
“ഒത്തിരി നേരം ആ ഇരുട്ടത്തു നില്ക്കണ്ട.”വരാന്തയില്നിന്ന് അച്ഛന്റെ സ്വരം.
മെല്ലെ മുറിയിലേക്ക് നടന്നു.
“നീ ഒന്നും ആലോചിച്ചു ബേജാറാകണ്ട.എല്ലാം നല്ലതിനാന്നു കൂട്ടിക്കോ .”
വാതില് ചാരുന്നതിനു മുന്പ് വീണ്ടും അച്ഛന്റെ വാക്കുകള്.താന് ശങ്കയില്ലാതെ സുഖമായി ഉറങ്ങിക്കാണണം. അതാണ്‌ അച്ഛന്റെ ആഗ്രഹം.
ഒരു ജോലി.നല്ല ഒരു ജോലി.അത് ലഭിച്ചാല് തന്റെ ശിരസ്സ് നിവരും.മനസ്സിലെ ശങ്കകളുടെ മേഘങ്ങള് പെയ്തുമാറും.പക്ഷെ..
രാവിലെ വൈകിയുണര്ന്നു.അച്ഛന് നേരത്തെ തന്നെ ഡ്യൂട്ടിക്ക് പോയിരുന്നു.
കുറച്ചു സാധനങ്ങള് വാങ്ങണം.അരി,സോപ്പ്...അച്ഛന് കുറച്ചു കാശ് മേശയില് വച്ചിട്ടുണ്ട്.മടിയോടെ അത് പോക്കറ്റിലിട്ടു.ഒരു സിഗരറ്റു വലിക്കാന് തോന്നി.മെല്ലെ തല കുനിച്ചു പിടിച്ചു കവലക്ക് നടന്നു.
ആരുടേയും മുഖത്ത് നോക്കാന് വയ്യ.അതില് കാര്യമില്ല എന്നറിയാം.എന്നാലും..
സാധനങ്ങള് വാങ്ങുന്നതിനിടെ കൂട്ടുകാരന് സേതു വന്നു.
“അരുണേ ,നിന്നെ പോസ്റ്റ്‌ ഓഫിസില് അന്വേഷിച്ചു.ഏതോ ലെറ്റര് വന്നിട്ടുണ്ട്.”
അവന്റെ വാക്കുകളിലെ കളിയാക്കല് അവഗണിച്ചു.പ്ലസ് ടൂ വരെ ഒന്നിച്ചു പഠിച്ചതാണ്.പ്ലസ് ടൂ വില് തോറ്റ് അവന് പഠിത്തം നിര്ത്തി.അവനിപ്പോള് ജെ.സി ബി ഓപ്പറേറ്ററാണ്.താന് ഡിഗ്രി ജയിച്ചു ജീവിതത്തില് തോറ്റ് നില്ക്കുന്നു.
പോസ്റ്റ്‌ ഓഫിസില് പോകണോ?എത്ര കത്തുകള് ?എത്ര അഭിമുഖങ്ങള്..വീട്ടില് പോകാം.അരി വേകാന് ഇട്ടശേഷം ഒന്ന് ഉറങ്ങാം.ഉണര്ന്നിരിക്കുന്ന സമയമത്രയും മനസ്സില് നിരാശയുടെ കറുത്ത തീ പടരും.അത് സഹിക്കാന് കഴിയില്ല.
പകല് ഒന്ന് തീര്ന്നുകിട്ടിയാല് .രാത്രി ഒന്ന് തുടങ്ങിയാല് ..അത് മാത്രമെയുള്ളു ആഗ്രഹം.
വീട്ടിലേക്ക് നടക്കാന് തുടങ്ങിയപ്പോള് മായയുടെ അച്ഛന് എതിരെ വരുന്നത് കണ്ടു.അദ്ദേഹത്തിന്റെ കണ്മുന്പില് പെടാതിരിക്കാന് പോസ്റ്റ്‌ ഓഫിസിന്റെ ഭാഗത്തെക്കുള്ള റോഡിലേക്ക് നടന്നു.
വെളുത്ത കവര് പൊട്ടിക്കുമ്പോള് ആകാംക്ഷയൊന്നും തോന്നിയില്ല.അതൊക്കെ എന്നേ നഷ്ടമായിരിക്കുന്നു.പ്രമുഖ പൊതുമേഖലാ ബാങ്കില്നിന്നുള്ള അറിയിപ്പാണ്.
താന് അവരുടെ കഠിനമായ എഴുത്ത് പരീക്ഷ പാസായിരിക്കുന്നു!
ഉള്ളില് പ്രതീക്ഷയുടെ ഒരു കുളിര് കോരി.
കത്തിലെ അടുത്ത വരികള് വായിച്ചപോള് ഉള്ളില് നിരാശയുടെ അഗ്നിപര്വതം പൊടിഞ്ഞു.
അടുത്ത ആഴ്ചയാണ് അഭിമുഖം.അഭിമുഖത്തിനു ചെല്ലുമ്പോള് സര്ട്ടിഫിക്കറ്റുകള് പരിശോധിക്കും.
അതിവേഗം വീട്ടിലേക്ക് നടന്നു.ഒരിടക്ക് അടുപ്പിച്ചു കുറെ ബാങ്ക് ടെസ്റ്റുകള് വന്നിരുന്നു.അന്ന് യോഗ്യതാവിവരങ്ങള് ഒന്നും നോക്കാതെ എല്ലാം എഴുതി.ടെസ്റ്റ്‌ എഴുതുന്നത്‌ ഗുണമാകുമെന്ന് പരീക്ഷക്ക് പരിശീലിപ്പിച്ച സ്ഥാപനത്തിലെ അധ്യാപകരും പറഞ്ഞു.
“അരുണേ !” ഒച്ച കേട്ടു തിരിഞ്ഞുനോക്കി.
സഹദേവന് നായര്.
“ഞാന് നിന്നെ തിരഞ്ഞു കഴിഞ്ഞ ദിവസം വീട്ടില് വന്നിരുന്നു.നീ എന്തോ അഭിമുഖത്തിനു പോയിരിക്കുവാണെന്ന് നിന്റെ അച്ഛന് പറഞ്ഞു.”
“ആ..അതെ..”.മുറിഞ്ഞ അക്ഷരങ്ങളില് മറുപടി പറഞ്ഞു.
“മോനെ...” അയാള് അടുത്തു വന്നു മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.അയാളുടെ കണ്ണില് ,കരുണയോ ,സഹതാപമോ ...എന്താണെന്ന് തിരിച്ചറിയാന് കഴിയുന്നില്ല.
“മായ ..മായക്ക് ഞാന് മറ്റൊരു വിവാഹം ആലോചിച്ചോട്ടെ മോനെ..”. അയാളുടെ സ്വരം ഇടറുന്നു.
ശിരസ്സ് കുനിഞ്ഞു.
“അത്..ഞാന്..ശ്രമിക്കുന്നുണ്ട്..ജോലിക്ക്..ഒന്നുമങ്ങോട്ട്‌ ശരിയാകുന്നില്ല.” തന്റെ ശബ്ദം ഇടറാതിരിക്കാന് പരമാവധി ശ്രമിച്ചു.
“ജോലി..” സഹദേവന് നായരുടെ ഒച്ച ഉയര്ന്നു.
“നിന്റെ അച്ഛനും നിനക്കും വൈറ്റ് കോളര് ജോലി തന്നെ വേണം.മോനെ ബാങ്ക് മാനേജര് ആക്കിയെ അടങ്ങൂ എന്ന വാശി..ഞാന് അന്ന് പറഞ്ഞതാണ് ടൗണിലെ ഹോസ്പിറ്റലില് കാഷ്യറായി കേറാമെന്നു..അതിനു നിന്റെ അച്ഛന് സമ്മതിച്ചില്ല .നീയും..” അയാളുടെ സ്വരത്തില് രോഷം പതയുന്നു.
അത് കാഷ്യര് ട്രെയിനി എന്ന ജോലിയായിരുന്നു.മാസം രണ്ടായിരം രൂപ പരമാവധി ശബളം.ചെറിയ ഹോസ്പിറ്റല്.അവിടെ മുന്പ് ജോലി ചെയ്തത് ഒരു കൂട്ടുകാരനായിരുന്നു.അവന് കളഞ്ഞു പോയ ഒഴിവിലായിരുന്നു തനിക്ക് ഓഫര് വന്നത്.ചില മാസങ്ങളില് ശമ്പളം പോലും ഉണ്ടാവില്ല എന്ന് കേട്ടതോടെ ഒഴിവാക്കി.
പക്ഷേ..ഒന്നും പറഞ്ഞില്ല.മിണ്ടാതെ തലകുനിച്ചു നിന്നതേയുള്ളു.
“അരുണേ ..ഞാന് വന്നത് നിന്നോട് മറ്റൊരു കാര്യം പറയാനാ.മായക്ക് അവളുടെ കൂടെ ജോലി ചെയ്യുന്ന മറ്റൊരു പയ്യന്റെ ആലോചന വന്നിട്ടുണ്ട്.അവരുടെ വീട്ടുകാര് ഇന്നലെ എന്നെ വിളിച്ചിരുന്നു.ഞാന് മായയോട് ചോദിച്ചു.അവള്ക്ക് എതിര്പ്പില്ല..”
കേട്ടിട്ട് ഞെട്ടല് തോന്നിയില്ല.താനിത് പ്രതീക്ഷിച്ചിരുന്നു.
“ഒന്നോ രണ്ടോ മാസത്തിനുള്ളില് കല്യാണം നടത്താം എന്നാണു അവരൂ പറയുന്നുത്...എനിക്കിത്..മോനോട് പറയണം എന്ന് തോന്നി.നിന്റെ അഭിപ്രായം കേട്ടിട്ടേ ഞാന് തീരുമാനിക്കൂ..”.ഇപ്പോള് സഹദേവന്നായരുടെ ശബ്ദം താഴ്ന്നിരിക്കുന്നു.ഇതൊരു അനുവാദം ചോദിക്കലാണ്.തന്റെ മകളുടെ ഭാവി സുരക്ഷിതമാക്കിക്കോട്ടേ എന്ന ഒരു പിതാവിന്റെ അനുവാദം ചോദിക്കല്.
“അത് നല്ല കാര്യമല്ലേ..മായയുടെ ഇഷ്ടം അതാണെങ്കില്..” ഇപ്രാവശ്യം തൊണ്ടയിടറി.കണ്ണില് ജലം പൊടിഞ്ഞു.
അയാളുടെ മുഖം നോക്കാതെ വേഗം വേഗം നടന്നു.പെട്ടെന്ന് ..പ്പെട്ടെന്നു വീടെത്തണം.മുറിക്കുള്ളില് കയറി തനിച്ചിരിക്കണം.
എന്തിനാണ് താന് സങ്കടപ്പെടുന്നത് ?തന്റെത് ഒരു ക്ലീഷേ ക്കഥയാണ്.ഇതേ കഥയുള്ള എത്ര ചെറുപ്പക്കാര് ഈ നാട്ടില് കാണും.
സങ്കടപ്പെടാന് തുടങ്ങിയാല് അതിനേ നേരം കാണൂ.പഴയ ഫയല് തുറന്നു പേപ്പര് കട്ടിംഗുകള് പരിശോധിച്ചു.
തന്നെ അഭിമുഖത്തിനു ക്ഷണിച്ച ബാങ്കിന് ഡിഗ്രിക്ക് വേണ്ടത് എഴുപതു ശതമാനം മാര്ക്കാണ്.
തനിക്ക് അറുപത്തിയൊന്പതര ശതമാനവും.
ഒരു അര ശതമാനം കൂടി ഉണ്ടായിരുന്നെങ്കില്,,
പെട്ടെന്ന് മൊബൈല് ബെല്ലടിച്ചു.
അച്ഛന് സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന ബാങ്കിലെ ഉദ്യോഗസ്ഥനാണ്.
“അരുണ്..അരുണിന്റെ അച്ഛന് ഒന്ന് കുഴഞ്ഞുവീണു.വേഗം ടൗണിലെ ആശുപത്രിയിലേക്ക് വരണം.”
ഉള്ളൊന്നു കാളി..
അച്ഛന് എന്തെങ്കിലും സംഭവിച്ചാല്...ചികിത്സിക്കാന് തനിക്ക് പണമില്ല.താന് കരയ്ക്ക് എത്തുന്നത് കാണുന്നതിനു മുന്പ് അച്ഛന്...
അച്ഛന് മയക്കത്തിലായിരുന്നു.നീലനിറമുള്ള ബെഡ്ഷീറ്റിനു മുകളില് ഒരു പഴന്തുണി പോലെ ചടച്ച അച്ഛന്റെ ശരീരം...
“ഡോക്ടര് വിളിക്കുന്നുണ്ട്...” നഴ്സ് അരികിലെത്തി പറഞ്ഞു.
കേസ്ഷീറ്റ് പരിശോധിച്ച് ചില രേഖകളില് ഒപ്പിട്ട ശേഷം ഡോക്ടർ മുഖമുയര്ത്തി.
“ചില ടെസ്റ്റുകള് നടത്തി..ഹൃദയ വാല്വിന് തകരാറാണ്.” ഡോക്ടര് സൗമ്യമായ സ്വരത്തില് പറഞ്ഞു.
“ഡോക്ടര് അപ്പോള്..സര്ജറി..”
“അരുണ് എന്നല്ലേ പേര്..”ഡോക്ടര് ചോദിച്ചു.
“അതെ..”
“നോക്ക് അരുണ്..സര്ജറിക്ക് നല്ല ചെലവു വരും..മാത്രമല്ല പ്രായത്തിന്റെ അവശതകള് ഉള്ള ശരീരമാണ്...സര്ജറി നടത്താതെ പരമാവധി ഇനിയുള്ള കാലം വിശ്രമിക്കുന്നതാണ് നല്ലത്..”
ഡോക്ടര് തന്റെ അഭിപ്രായം അറിയിച്ചു.പിന്നെ തന്റെ അഭിപ്രായത്തിനു കാക്കാതെ മുന്പിലെ ബില്ലുകള് തന്റെ നേര്ക്ക് നീട്ടി..
“ബാങ്കില് നിന്ന് മാനേജര് വിളിച്ചിരുന്നു.അയാള് എന്റെ ക്ലാസ് മേറ്റ് ആണ്.തന്റെ കാര്യം ഒക്കെ പറഞ്ഞിരുന്നു.ട്രീറ്റ്മെന്റിന് നല്ല ചിലവ് വരും.അവരുടെ എന്തോ സ്കീമില് പെടുത്തി ഹോസ്പിറ്റല് ബില് തുകയില് എഴുപതുശതമാനവും തരാന് ശ്രമിക്കാമെന്നു പറഞ്ഞിട്ടുണ്ട്.അരുണ് ,ഇതിന്റെ എല്ലാം ഓരോ കോപ്പി എടുത്തു ,മുകളിലെ ഫോം ഫില് ചെയ്തു ബാങ്കിലെത്തിച്ചാല് മതി..”
ഉള്ളില് ആശ്വാസത്തിന്റെ ഐസ് കട്ട വച്ചത് പോലെ..
വേഗം നഗരത്തിലേക്ക് നടന്നു.കയ്യില് ഒരു കൂടില് രേഖകള് പിടിച്ചു ..പൊരിവെയിലത്ത്‌..
ഒരു ദു:സ്വപ്നത്തിലൂടെയാണ് നടക്കുന്നതെന്നു തോന്നി.ഏതോ തീനരകത്തിലെ ,വിജനമായ അഗ്നിപര്വതത്തിന്റെ മുനമ്പിലൂടെ...
ഇതിനൊരു അവസാനമില്ലേ...
“ഫോട്ടോസ്റ്റാറ്റ് “ എന്നെഴുതിയ മഞ്ഞ നിറമുള്ള ബോര്ഡ് കണ്ടു.നഗരത്തിന്റെ ഒരു കോണില് ,ഉപേക്ഷിക്കപ്പെട്ട മൈതാനത്തിന്റെ അരികില്..
നഗരത്തിന്റെ ഏറ്റവും തിരക്ക് കുറഞ്ഞ ഭാഗമാണിത്.ഒന്ന് രണ്ടു വര്ക്ക് ഷോപ്പുകളും ,ചെറിയ കടകളും ..അക്കേഷ്യ മരങ്ങളുടെ തണലിലൂടെ ആ കെട്ടിടത്തിലേക്ക് നടന്നു.അതിന്റെ രണ്ടാം നിലയിലാണ് ആ കട..
ഇവിടെ ഇങ്ങനെ ഒരു കട ഉണ്ടെന്നു തന്നെ അറിയില്ലായിരുന്നു.
കറുത്ത ചുരിദാര് അണിഞ്ഞ ഒരു പെണ്കുട്ടി മാത്രമായിരുന്നു കടയില്.ഫോട്ടോസ്റ്റാറ്റ് എടുക്കാനുള്ള രേഖകള് അവള്ക്ക് കൊടുത്തു.
അവള് ഫോട്ടോകോപ്പിയര് മെഷീനിന്റെ അരികിലേക്ക് പോയപ്പോള് വെറുതെ കടയ്ക്കുള്ളില് കണ്ണോടിച്ചു.
ഒരു വലിയ ഹാള്.ഭിത്തി അലമാരകളില് നിറയെ സീലുകലാണ്.ഹാളിനുള്ളില് രണ്ടു മേശയും കസേരയും ഉണ്ട്.മേശമേല് ,സീല് ഉണ്ടാക്കുന്നതിനുല്ല ഉപകരണങ്ങള്,മഷി എന്നിവ നിരത്തി വച്ചിരിക്കുന്നു.
സീല് നിര്മ്മാണമാണ് കടയിലെ പ്രധാന പരിപാടി എന്ന് മനസ്സിലായി.
“ആരാണ് ഹോസ്പിറ്റലില് ?” ആ പെണ്കുട്ടി ആശുപത്രി ബില്ലുകള് കണ്ടിട്ടാകണം തിരക്കി.പനി പിടിച്ച ശബ്ദം പോലെ..
“അച്ഛന്...”
“ഉം.ഞാന് ചേട്ടനെ ഒരു തവണ കണ്ടിട്ടുണ്ട്.ആ സുബ്രഹ്മണ്യന് കോവിലില് വച്ച്..” അവള് തന്നെ നോക്കി പറഞ്ഞു.
“അതിനടുത്താ വീട്.”
“ഉം.”
അവള് ഫോട്ടോകോപ്പിയെടുത്ത് സ്റ്റെപ്പിള് ചെയ്തു കൊണ്ടുവന്നു.
“ഇരുപത്തി രണ്ടു രൂപാ.” അവള് പറഞ്ഞു.
പോക്കറ്റില് നോക്കി.കടയില് നിന്ന് സാധനങ്ങള് വാങ്ങിയതിന്റെ ബാക്കി ഇരുപതു രൂപാ മാത്രമേ ഉള്ളു.
“രണ്ടു രൂപാ പിന്നെ മതിയോ ?” ചോദിക്കുമ്പോള് ഒരു ചമ്മലും തോന്നിയില്ല.മൂന്നു വര്ഷത്തെ തൊഴിലില്ലായ്മയുടെ ഫലം.
“മതി.” അവള് ചിരിയോടെ പറഞ്ഞു.
“ഇവിടെ മുഴുവന് സീല് ആണല്ലോ..അതാണ് മെയിന് പരിപാടി എന്ന് തോന്നുന്നു.” എന്തെങ്കിലും പറയണമല്ലോ എന്ന് കരുതി പറഞ്ഞു.
“അതെ...എന്തേലും ആവശ്യം ഉണ്ടേല് വന്നാല് മതി.” അവള് പറഞ്ഞു.
രേഖകള് ബാങ്കിലെത്തിച്ചു.മാനേജര് കുറച്ചു പണം അധികം തന്നു.അതിനിടയില് അദ്ദേഹം ജോലിക്കാര്യത്തെ കുറിച്ച് ചോദിച്ചു.ഒരു ടെസ്റ്റ്‌ പാസായ കാര്യം പറഞ്ഞു.
“അരുണ് ആ ഇന്റര്വ്യൂവില് ധൈര്യമായി പങ്കെടുക്കൂ..എന്റെ സീനിയര് ഓഫീസര്മാരില് ഒരാള് പാനലില് ഉണ്ടെന്നു തോന്നുന്നു.ഞാന് വിളിച്ചു പറയാം.യൂ വില് ഗേറ്റ് ദ ജോബ്‌...”അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞു.
മാര്ക്ക് ഇല്ലെന്ന കാര്യം മിണ്ടിയില്ല.
എന്തുകൊണ്ടാണ് തന്റെ ജീവിതം ഇങ്ങനെയാകുന്നത് ?എന്ത് കൊണ്ടാണ് വിധി തന്നെ കൊഞ്ഞനം കുത്തിക്കാണിക്കുന്നത് ?
മൂന്നു ദിവസം കൂടി കഴിഞ്ഞാല് ആ ഇന്റര്വ്യൂവാകും.താനിനി അതിനു പോകണോ ?
വീട്ടില് ചെന്നു.ആഹാരം പാകം ചെയ്തു.അച്ഛന്റെ വസ്ത്രങ്ങളും പുതപ്പും മറ്റും എടുത്തു.
വൈകുന്നേരം ആശുപത്രിയില് എത്തുമ്പോള് അച്ഛന് കണ്ണ് തുറന്നു കിടക്കുകയായിരുന്നു.മുഖം പ്രസന്നമാണ്.
ബെഡ്ഡില് അച്ഛന്റെ അരികിലിരുന്നു.ശുഷ്ക്കിച്ച വിരലുകള് തന്റെ വിരലുകള് കവര്ന്നു.
“ബാങ്കില് നിന്ന് സാര് വന്നിരുന്നു.നിനക്ക് അടുത്ത ദിവസം ഇന്റര്വ്യൂവിന് കിട്ടി എന്ന് പറഞ്ഞു.”
“അച്ഛന് അധികം സംസാരിക്കണ്ട..സ്ട്രെയിന് ചെയ്താല് പ്രശ്നമാണ്.”
“നീ എന്നെ നോക്കണ്ട.വെറുതെ അഭിമുഖത്തിനു ചെന്നാല് മതി.ജോലി കിട്ടും എന്നാണു സാര് പറഞ്ഞത്..എനിക്ക് ..എനിക്ക് നിന്നെ ബാങ്കിലെടുത്തു എന്ന അപ്പോയിന്റമെന്റ് ഓര്ഡര് മാത്രം മതി..അത് കണ്ടിട്ട് ഞാന് സമാധാനത്തോടെ കണ്ണടക്കും..”
അച്ഛന്റെ കണ്ണ് നിറഞ്ഞുതൂവിയത് കണ്ടപ്പോള് ചങ്ക് തകര്ന്നു.എങ്ങിനെയോ അവിടെനിന്ന് പുറത്തുകടന്നു.
സുബ്രഹ്മണ്യന് കോവിലിനു മുന്പിലെ പേരാല്.ഉച്ചനേരമായത് കൊണ്ട് പരിസരത്തെങ്ങും ആരുമില്ല.
ആലിന്ചുവട്ടിലെ കല്ത്തറയില് തളര്ന്നിരുന്നു.
ചുറ്റും നോക്കി.
ആരുമില്ല.
കയ്യില് മുഖം ചേര്ത്ത് വച്ച് പൊട്ടിക്കരഞ്ഞു.ഏറെ നേരം.ഉള്ളൊന്നു ശാന്തമായപ്പോള് കോവിലിനു മുന്പില് പോയി കൈകൂപ്പി.
ഉള്ളില് പല മുഖങ്ങള് മാറി മറിഞ്ഞു.
ആശുപത്രി കിടക്കയില് കിടക്കുന്ന അച്ഛന്.
ആരുടെയോ ബൈക്കിനു പിറകില് കയറി പോകുന്ന മായ.
പരിഹാസം നിറഞ്ഞ നോട്ടവുമായി സഹപാഠി.
ഉള്ളില് ഒരു ഉത്തരം തെളിഞ്ഞു.
തനിക്ക് വേണ്ടത് ജോലിക്ക് ശേഷമുള്ള ജീവിതമല്ല.തനിക്കും ജോലി കിട്ടുമെന്നുള്ളതിന്റെ തെളിവാണ്.
അപ്പോയിന്റ്മെന്റ് ഓര്ഡര്.
“ഒരു പ്രാവശ്യം ...ഒരേയൊരു പ്രാവശ്യം ഈ ജോലി കിട്ടിയാല് ഞാനെന്റെ ജീവന് തരും നിനക്ക്..ജീവന്...ഇതെന്റെ വാക്കാണ്‌.”
നേര്ച്ച.
വിധിക്കെതിരേ പോരാടാന് തനിക്കിനി ബാക്കി ഈ ജീവന് മാത്രം.
“ഇതെന്താ ഉച്ചക്ക് ഒരു പ്രാര്ത്ഥന !”
ഞെട്ടിത്തിരിഞ്ഞു നോക്കി.
പിന്നില് അവള്.ഫോട്ടോസ്റ്റാറ്റു കടയിലെ പെണ്കുട്ടി.
“നടക്കില്ലാത്ത ഒരു ആഗ്രഹം ..വെറുതെ മുരുകനോട് പറഞ്ഞതാണ്...അല്ല ഇയാള് എന്താ ഇവിടെ?”
“ഞാന് നില്ക്കുന്ന കട അമ്മാവന്റെയാ.അമ്മാവന് വയ്യ.വീട് ഇവിടെ അടുത്താ.അവിടെ വന്നപ്പോള് കോവിലില് കയറണം എന്ന് തോന്നി.”അവള് പറഞ്ഞു.
“എന്താ ഇത്ര നടക്കാന് കഴിയാത്ത ആഗ്രഹം..”പുറത്തേക്ക് നടക്കുന്നതിനിടയില് അവള് ചോദിച്ചു.
എല്ലാം ആരോടെങ്കിലും പറയുമ്പോള് മനസ്സിന്റെ ഭാരം കുറയുന്നു.
“ഓ ..അര ശതമാനം ...അതാണ്‌ പ്രശ്നം അല്ലെ...?” അവള് ചോദിച്ചു.
“അതെ.അതിനി പറഞ്ഞിട്ടു കാര്യമില്ല.”
“അപ്പോള് ഇന്റര്വ്യൂവിന് പോകുന്നില്ലേ...” അവള് തിരക്കി.
“പോയാല് മാര്ക്കിന്റെ കാര്യം എല്ലാരും അറിയും ജോലിയും കിട്ടില്ല.പോയില്ലെങ്കില്...” വാക്കുകള് മുറിഞ്ഞു.
അവള് ഒരു നിമിഷം നിന്നു.പിന്നെ ആരെങ്കിലും കാണുന്നുണ്ടോ എന്ന് ചുറ്റും നോക്കി.
“എന്നാ ഇന്റര്വ്യൂ..?” അവള് ചോദിച്ചു.
“മൂന്നു ദിവസം കഴിഞ്ഞ് ..”
“നിങ്ങള് ആ മാര്ക്ക്‌ ലിസ്റ്റുമായി ഇന്ന് തന്നെ കടയില് വരൂ...വൈകുന്നേരം മതി..” ഒരു രഹസ്യം പറയുമ്പോലെ അവള് പറഞ്ഞു.
വൈകുന്നേരം കടയില് സര്ട്ടിഫിക്കറ്റുകള് അടങ്ങിയ ഫയലുമായി ചെല്ലുമ്പോള് നെഞ്ചു പിടയ്ക്കുന്നുണ്ടായിരുന്നു.
“അമ്മാവനാ ഈ പരിപാടി തുടങ്ങിയത്. അമ്മാവന് കൊടുത്ത ഐ.ടി.ഐ ,ഡിപ്ലോമ സര്ട്ടിഫിക്കറ്റുകള്കൊണ്ട് ഒരുപാട് പേര് ഗള്ഫില് ജോലി ചെയ്യുന്നുണ്ട്..” ഫയല് വാങ്ങുന്നതിനിടയില് അവള് പറഞ്ഞു.
“ഇപ്പോള് കട ഞാനാ നടത്തുന്നത്..പഴയ പരിപാടി ഒന്നുമില്ല.പക്ഷേ അപൂര്വമായി ചെയ്യാറുണ്ട്..തീരെ ഒഴിവാക്കാന് പറ്റാത്തപ്പോള്..അമ്മാവനെക്കാള് കൂടുതല് കഴിവ് എനിക്കാണ് എന്നാ അദ്ദേഹം പറയുന്നത്..” ഒരു ചിരിയോടെ അവള് പറഞ്ഞു.
കടയില് നിന്നിറങ്ങിയപ്പോള് മനസ്സിന്റെ കനം കുറഞ്ഞു.തന്റെ ചുണ്ടില് ഒരു ചിരി പരന്നത് കണ്ടപ്പോള് അച്ഛനും ആശ്വാസമായെന്നു തോന്നി.
അടുത്ത ദിവസങ്ങളില് അച്ഛന്റെ അസുഖം വഷളായി.ആശുപത്രിയില് അച്ഛന്റെ അരികില്ത്തന്നെയിരുന്നു.
“നീ അഭിമുഖത്തിനു പോകണം..ഇവിടെ ഇരിക്കണ്ട..”ബോധം വീഴുമ്പോള് അച്ഛന് മന്ത്രം ചൊല്ലുന്നത് പോലെ പറഞ്ഞു.
ഇന്റര്വ്യൂവിന് തലേന്ന് നഗരത്തിലെ ഫോട്ടോസ്റ്റാറ്റു കടയില് ചെന്നു.അവള് കാത്തിരിക്കുകയായിരുന്നു.
ഒറിജിനലിനെ വെല്ലുന്ന പുതിയ മാര്ക്ക്ലിസ്റ്റില് തനിക്ക് എഴുപതു ശതമാനം മാര്ക്ക്.പഴയ സര്ട്ടിഫിക്കറ്റിലെ സീലുകള് ,സീരിയല് നമ്പരുകള് എല്ലാം അത് പോലെ തന്നെ...
“ബാങ്കുകാര് കണ്ടുപിടിക്കില്ല.പിന്നെ യൂണിവെഴ്സിറ്റിയുമായി ക്രോസ് ചെക്ക് ചെയ്യല്..അത് ഉടനെ ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കാം.അപ്പോഴും കണ്ടുപിടിക്കുക എളുപ്പമല്ല.സൂക്ഷ്മമായി നോക്കിയാലെ കണ്ടുപിടിക്കാന് പറ്റൂ...പിന്നെ അവിടെയും നമ്മളെ സഹായിക്കാന് ആളുകള് ഉണ്ട്.കുറച്ചു പണച്ചെലവു വരും.നിങ്ങള്ക്ക് ജോലി കിട്ടിയിട്ട് തന്നാല് മതി...”
അവള് ലാഘവത്തോടെ പറഞ്ഞു.അവള് ആദ്യം കണ്ട പെണ്കുട്ടിയല്ല എന്ന് തോന്നി.വളരെ അപൂര്വമായി മാത്രമേ വ്യാജ സര്ട്ടിഫിക്കറ്റ് ഉണ്ടാക്കൂ എന്ന് അവള് പറഞ്ഞത് നുണയായിരിക്കുമോ ?
കഴുത്തിലും കാതിലും വിലയേറിയ സ്വര്ണ്ണം ധരിച്ചു ,സീലുകള് നിറഞ്ഞ അലമാരകള്ക്ക് നടുവില്നിന്ന് ഒരു മന്ത്രവാദിനിയെപ്പോലെ അവള് ചിരിച്ചു.
പിറ്റേന്ന് കാലത്തായിരുന്നു
അഭിമുഖം.ഇന്റര്വ്യൂബോര്ഡില് നാട്ടിലെ ബാങ്കിലെ മാനേജറുടെ സീനിയര് ഓഫീസര് ഉണ്ടായിരുന്നത് കാര്യങ്ങള് എളുപ്പമാക്കി.എഴുത്ത് പരീക്ഷയില് നല്ല മാര്ക്ക് ഉണ്ടായിരുന്നത് കൊണ്ട് അഭിമുഖം വേഗം അവസാനിച്ചു.സര്ട്ടിഫിക്കറ്റ് പരിശോധിച്ചപ്പോള് നെഞ്ചു മിടിച്ചു.പക്ഷേ അവിടെയും പ്രശ്നങ്ങള് ഉണ്ടായിരുന്നില്ല.
“ഉടനെ ജോയിന് ചെയ്യണ്ട പോസ്റ്റ് ആണ്..അപ്പോയിന്റ്മെന്റ് ഓര്ഡര് രണ്ടു ദിവസത്തിനകം കിട്ടും.” ബാങ്കധികാരികളില് ഒരാള് അറിയിച്ചു.
രണ്ടു ദിവസം.രണ്ടു ദിവസമല്ല രണ്ടു നൂറ്റാണ്ടു കൂടി കാക്കാന് താന് തയ്യാറാണ് എന്ന് പറയാന് തോന്നി.
ആശുപത്രിയിലെത്തിയപ്പോള് അച്ഛനെ വീണ്ടും ഐ.സി.യു.വില് പ്രവേശിപ്പിച്ചിരിക്കുന്നു.
ഐ.സി.യുവിനു വെളിയില് ഊണും ഉറക്കവും ഉപേക്ഷിച്ചു കാത്തിരുന്നു.ഒരു ദിവസം കഴിഞ്ഞപ്പോള് അവര് ഐ.സി.യുവില് നിന്ന് മുറിയിലേക്ക് മാറ്റി.
“അരുണ് ..വലിയ പ്രതീക്ഷ വേണ്ട..എങ്കിലും നമുക്ക് നോക്കാം.”ഡോക്ടര് പറഞ്ഞു.
രണ്ടാം ദിവസം അപ്പോയിന്റ്മെന്റ് ഓര്ഡര് ലഭിച്ചു.അതുമായി മുറിയില് വന്നപ്പോള് അച്ഛന് കണ്ണ് തുറന്നു കിടക്കുകയാണ്.
അരികില് സഹദേവന് നായരും പിന്നെ മായയും.
അപ്പോയിന്റ്മെന്റ് ഓര്ഡര് നിവര്ത്തി അച്ഛന്റെ മുഖത്തിന്‌ നേരെ നിവര്ത്തി വച്ചു.അക്ഷരങ്ങളിലൂടെ അച്ഛന്റെ കണ്ണ് ആര്ത്തിയോടെ പായുന്നത് കണ്ടു.പിന്നെ നിറഞ്ഞുതൂവുന്നതും.
“ത്രി...ത്രി...തൃപ്തി...”അച്ഛന് എന്തോ ഉച്ചരിക്കാന് ശ്രമിച്ചു.പിന്നെ മെല്ലെ ആ കണ്ണുകള് മുകളിലേക്ക് ഉന്തി.
അച്ഛന്!
സഹദേവന് നായര് തന്റെ തോളില് പിടിച്ചുയര്ത്തി.
“അയാള്..പോയെടോ.”.
നഴ്സുമാര് ഓടി വരുന്നത് കണ്ടു.ശരീരം കുഴയുന്നത് പോലെ തോന്നി.
സഹദേവന് നായര് തന്നെയും പിടിച്ചു വലിച്ചു മുറിയുടെ വെളിയില് വന്നു.ഒപ്പം മായയും .അവള് തല കുനിച്ചു.
“അരുണ്..നിനക്ക് ഒരു ജോലി കിട്ടണം എന്നായിരുന്നു നിന്റെ അച്ഛന്റെ ആഗ്രഹം..അതും ബാങ്ക് മാനേജരായി..നീ അത് സാധിച്ചു കൊടുത്തു..”
അയാള് എന്തൊക്കെയോ പറഞ്ഞു.
“ഇനി .നിനക്ക് ഞങ്ങളുണ്ട്...മായ നിനക്കുള്ളതാണ്.” അയാള് കാതില് മന്ത്രിച്ചു.
തൃപ്തി..അച്ഛന്റെ ചിതയിലെ നാളങ്ങള് പറയുന്നത് ആ വാക്കാണ്‌ എന്ന് തോന്നി.
മനസ്സില് വല്ലാത്ത ഒരു ശാന്തത നിറഞ്ഞു.
അച്ഛന്റെ ആഗ്രഹം നിറവേറി.തനിക്ക് ജോലി ലഭിച്ചുവെന്ന് അറിഞ്ഞപോള് കാമുകിക്കും മാറ്റമുണ്ടായി.ഇനി ഇത് വരെ ജോലിയായില്ലേ എന്ന് നാട്ടുകാരും ചോദിക്കില്ല.
ഇനി തനിക്ക് ആരുമില്ല.
അനാഥത്വമാണ് ഇപ്പോള് ജീവിതത്തിന്റെ അര്ത്ഥം കാണിച്ചു തരുന്നത്.ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു എന്ന ചിന്ത മനസ്സില് നിറയുന്നു.
ഇനി വയ്യ ഈ മല കയറാന്.
ഇനി ഒരാളോട് മാത്രമേ കടം ബാക്കിയുള്ളൂ.
മുരുകനോട്.
ആ കടം കൂടി തീര്ത്താല്....
വിജനമായ റെയില്വെ ട്രാക്കിലൂടെ നടക്കുമ്പോള് മനസ്സില് ഉന്മാദം നിറഞ്ഞു.ഒരു അവധിക്കാലത്തേക്ക് ഓടികയറുന്ന കുട്ടിയുടെ ആഗ്രഹം.
പത്തു മിനിട്ട് കഴിഞ്ഞാല് പാസഞ്ചര് വരും.
ഒരു മിന്നല് പോലെ അതിന്റെ ചക്രങ്ങള് ,തന്നെ ഒരു പുതിയ ലോകത്തിലേക്ക് കൂട്ടിക്കൊണ്ട് പോകും.അപ്പോയിന്റ്മെന്റ് ഓര്ഡറുകളും ,അഭിമുഖങ്ങളും ഇല്ലാത്ത ലോകത്തേക്ക്..
അക്കെഷ്യ മരങ്ങള്ക്കിടയില് വെയിലത്ത് ഉണങ്ങിയനില്ക്കുന്ന കമ്യൂണിസ്റ്റ് പച്ച.ഒരു കറുത്ത പൂച്ച തന്നെ കണ്ടു ട്രാക്കില് നിന്നോടിപ്പോയി.
“അത് ശരി..ഇതിനായിരുന്നോ ഞാന് ഇത്രയും സാഹസം കാണിച്ചത് ?”
ശിരസ്സ് ഉയര്ത്തിയപ്പോള് അവള് നില്ക്കുന്നത് കണ്ടു.
ഒരു മന്ത്രവാദിനിയെപ്പോലെ..
ഫോട്ടോസ്റ്റാറ്റ് കടയിലെ പെണ്കുട്ടി.
“നിങ്ങള് ചെയ്യുന്നത് നിങ്ങളെ സംബന്ധിച്ചു ശരിയായിരിക്കും.ജോലി കിട്ടിയശേഷം മരിച്ച മണ്ടന് എന്ന് പറഞ്ഞു നാട്ടുകാര് നിങ്ങളെ കളിയാക്കും..”
മറുപടി പറയാന് വാക്കുകള് കിട്ടിയില്ല.
അകലെനിന്ന് ട്രെയിന് വരുന്ന സ്വരം കേട്ടു.
“സാരമില്ല.ഈ വിഷമം എല്ലാം മാറും.” കൈ പിടിച്ചു എഴുന്നേല്പ്പിച്ചു കൊണ്ട് അവള് പറഞ്ഞു.
ട്രെയിന് കടന്നു പോകുവോളം പരസ്പരം നോക്കിനിന്നു.പിന്നെ അവളുടെ പിന്നാലെ നടന്നു.
“ഞാനിത് വരെ പേര് പോലും ചോദിച്ചില്ല.” ജാള്യതയോടെ അവളോട്‌ പറഞ്ഞു.
“മായ.” അവള് പറഞ്ഞു.
“ഒറിജിനല് പേര് തന്നെയാ കേട്ടോ.” ഒരു നിമിഷം കഴിഞ്ഞു ഒരു ചിരിയോടെ അവള് കൂട്ടിച്ചേര്ത്തു.
(അവസാനിച്ചു)

Written By Anish Francis

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot