Showing posts with label ShilpaAnie. Show all posts
Showing posts with label ShilpaAnie. Show all posts

കഥകൾക്ക് പിൻപിൽ

Image may contain: 1 person, smiling, closeup

"ആമി..നീ എന്തെടുത്തിട്ടിരിക്കാ... " എപ്പോൾ നോക്കിയാലും റൂം അടച്ചിട്ടു ഇരുന്നു എന്താണാവോ ഈ കുട്ടി കാട്ടുന്നത്..."
അമ്മയുടെ ശകാരവർഷം കേട്ടു ഞാൻ പതിയെ എഴുതിക്കൊണ്ടിരുന്ന ഡയറിതലപ്പിൽ നിന്ന് മുഖം പൊക്കി നോക്കി....പുറത്ത് ഇടവപ്പാതി ഒട്ടുമാവിനോട് ചേർന്ന് നിൽക്കുന്ന വള്ളി മുല്ലകളിൽ ധാര ധാരയായി പെയ്തിറങ്ങുന്നുണ്ടായിരുന്നു...
എന്റെ കുറുമ്പുകളുടെ കൂട്ടുകാരൻ എന്നും അച്ഛനായിരുന്നു.. അമ്മ പൊതുവേ പരുക്കൻ സ്വഭാവക്കാരിയും..മറ്റ് അമ്മമാരെപ്പോലെ അത്രകണ്ട് അടുപ്പം അതുകൊണ്ട് തന്നെ ഞങ്ങൾ മക്കൾ രണ്ടാൾക്കും അവരോട് ഉണ്ടായിരുന്നില്ല...
അച്ഛന്റെ മരണത്തോടെ അമ്മ കൂടുതൽ പരുക്കൻ ആയി എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. ഒരുപക്ഷേ പറക്കമറ്റാത്ത രണ്ടുപെൺകുട്ടികളെയും കൊണ്ട് ജീവിക്കാൻ അവർ ആ മുഖം മൂടി സ്വയം അണിഞ്ഞതാവാം...
എന്തുകൊണ്ടാണ് ഞാൻ എന്റെ മുറിയുടെ തണുപ്പിലോട്ടും ഇരുളിമയിലേക്കും ഒതുങ്ങിയതെന്ന് ചോദിച്ചാൽ ഇന്നും എനിക്ക് അറിയില്ല....മറ്റു കുട്ടികൾക്കൊപ്പം കറങ്ങി നടക്കനോ ആൺസുഹൃത്തുക്കൾ ഉണ്ടാവുന്നതിനോ ഒക്കെ അമ്മയുടെ കർശനവിലക്കുകൾ ഉണ്ടായിരുന്നു...
അതുകൊണ്ട് തന്നെ ആവാം റൂമുകളിലെ ഏകാന്തകൾക്ക് ഒപ്പം പുസ്തകങ്ങളോട് ഞാൻ കൂട്ടുകൂടിയത്... മനസ്സിനുള്ളിലെ പല നൊമ്പരങ്ങളെയും അക്ഷരങ്ങളായി കോറിയിട്ടത്...
എന്റെ അനുജത്തി അമ്മയോട് ശാഠ്യം പിടിച്ചും വഴക്കടിച്ചും ഓരോ ദിവസവും അവകാശങ്ങൾക്ക് വേണ്ടി പോർവിളി നടത്തിക്കൊണ്ടിരുന്നു...
അതുകൊണ്ട് തന്നേ ആമി നല്ല കുട്ടിയും ലച്ചു ഒരു കുറുമ്പത്തികുട്ടിയും ആയി നാട്ടുകാരും വീട്ടുകാരും അങ്ങിട്ടു പ്രഖ്യാപിച്ചു... പക്ഷേ അവൾ എനിക്ക് എന്നുമൊരു ഹീറോയിനി ആയിരുന്നു... അവകാശങ്ങൾക്ക് വേണ്ടി പൊരുതുന്നവൾ...ആർക്കും മുന്നിൽ തോൽവി സമ്മതിക്കാത്തവൾ...
ഞാൻ ഡിഗ്രിക്ക് മൂന്നാം വർഷം പഠിക്കുന്ന കാലം...കോളേജ് വിട്ട് വരുന്ന ലച്ചുവിനെ പലപ്പോഴും ഒരു ചെറുപ്പക്കാരന്റെ ഒപ്പം കണ്ടു എന്ന് സുഹൃത്തുക്കൾ പലരും പറഞ്ഞു..പക്ഷേ ഞാൻ അത്രകണ്ട് അത് കാര്യം ആക്കിയിരുന്നില്ല... ആളുകൾക്ക് എന്തിലും ഏതിലും സംശയദൃഷ്ടി ആണല്ലോ എല്ലായിപ്പോഴും...
മുഖമടച്ചു അമ്മ ലച്ചുവിന് ഒന്ന് കൊടുക്കും വരെ അതെനിക്ക് വെറും സംശയമായിരുന്നു... ഇരുതല വാൾ കണക്കേ അമ്മയോട് പോർവിളി കൂട്ടുന്നവൾ ഒരു കാശിത്തുമ്പ കണക്കേ ഞെട്ടറ്റു കിടക്കുന്നത് ആദ്യമായി ഞാൻ കണ്ടു... അമ്മയോട് എന്ത് സംഭവിച്ചു എന്ന് ചോദിക്കാൻ ഭയമായിരുന്നത് കൊണ്ട് എല്ലാം കണ്ട് നാവടക്കി നിൽക്കേണ്ടി വന്നു എനിക്ക്...
അമ്മ റൂമിലേക്ക്‌ പോയപ്പോൾ അവൾ എന്നെ ചുറ്റിപ്പിടിച്ചു കരഞ്ഞു... എന്തുപറ്റിയെടാ എന്ന് ചോദിച്ചപ്പോൾ ഏങ്ങലുകൾ ഉച്ചത്തിൽ ആയി...
"പറ്റിപ്പോയി ചേച്ചി " എന്ന് പറഞ്ഞു കട്ടികൂടിയ അവളുടെ അടിവയറ്റിലേക്ക് എന്റെ കൈകൾ ചേർത്തു പിടിക്കുമ്പോൾ എന്റെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് പോലെ തന്നെ എനിക്ക് തോന്നി ...
ആ പയ്യൻ അവളെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് അറിയിച്ചതോടെ എല്ലാവർക്കും ഒരു സമാധാനം ആയി..അവിടുള്ള നല്ലൊരു കുടുംബത്തിലെ പയ്യനായത് കൊണ്ട് ആർക്കും അതികം എതിർപ്പുകളും ഉണ്ടായിരുന്നില്ല...
പിന്നീട് എല്ലാവർക്കും മുൻപിൽ ഒരു ചോദ്യചിഹ്നമായി ഞാൻ മാത്രം അവശേഷിച്ചു..ചേച്ചിയെ നിർത്തിക്കൊണ്ട് അനിയത്തിയെ അതും ഇത്ര ചെറുപ്പത്തിൽ !!...
നാട്ടുകാർക്ക് പറയുവാൻ ഒരു വക ആയി.. അമ്മാവന്മാര് മുഖം കറുപ്പിച്ചു.. അമ്മ ആകെപ്പാടെ അങ്കലാപ്പിൽ ആയി ..
നാട്ടുകാരുടെ പരിഹാസങ്ങളിൽ നിന്ന് രക്ഷപെടുവാൻ ഉള്ള മാർഗം ആ പയ്യന്റെ വീട്ടുകാര് തന്നെ കണ്ടെത്തി തന്നു ... രണ്ടാളെയും ഒരേ വീട്ടിലെ കുട്ടികൾ തന്നെ വിവാഹം ചെയ്യട്ടെ എന്ന് ...അങ്ങനെ രണ്ടാളുടെയും വിവാഹം ഒരുമിച്ചു നടന്നു..അമ്മയ്ക്കും അതൊരു ആശ്വാസമായിരുന്നു..
എന്റെ സ്വപ്നങ്ങളിലെ ഭർത്താവിന് എന്നും എന്റെ അച്ഛന്റെ മുഖം ആയിരുന്നു... പക്ഷേ വിവാഹം കഴിഞ്ഞ ആദ്യ ദിവസമേ ഞാൻ മനസ്സിലാക്കി കഴിഞ്ഞിരുന്നു അയാൾക്ക്‌ ആളിപ്പടരുവാൻ മാത്രമുള്ള ഒരു ശരീരം ആണ് ഞാൻ എന്ന്...
അധികം താമസിക്കാതെ കാറ്റിനുപോലും ഒരു പ്രത്യേക സുഖമുള്ള എന്റെ നാട്ടിൽ നിന്നും ആ പച്ചപ്പിൽ നിന്നും എന്നെ പറിച്ചു നട്ടു..പൊടിക്കാറ്റും ചൂടും നിറഞ്ഞ ചെന്നൈ നഗരം എന്നെ അത്രക്കും മോഹിപ്പിച്ചിരുന്നില്ല... ആ ഫ്ളാറ്റിലെ അലങ്കാരവസ്തുക്കൾക്ക് പോലും എത്രകണ്ടും എനിക്ക് സൗന്ദര്യം കണ്ടെത്തുവാനായില്ല എന്നതായിരുന്നു വാസ്തവം ...
ഓഫീസ് വിട്ട് വന്നാൽ അദ്ദേഹം സുഹൃത്തുക്കളുമായി ചിലവിട്ടു.. ഭാഷ എനിക്ക് അവിടെയും ഒരു തടങ്കല്ലായി... ഞാൻ വീണ്ടും ഏകാന്തതകളോട് കൂട്ടുകൂടി...
മദ്യത്തിന്റെ ലഹരികളിൽ അദ്ദേഹം വീണ്ടും വീണ്ടും എന്നെ ബലാത്സംഗം ചെയ്തു... ഭാര്യ ആയാൽ എല്ലാം കടമകൾ ആണല്ലോ...അത്രമേൽ വേദനയോടെ അയാളുടെ ഇങ്കിതങ്ങൾക്ക് വഴങ്ങിക്കൊടുക്കുമ്പോൾ ഒരിറ്റ് സ്നേഹം,കരുണ ആ കണ്ണിൽ ഞാൻ പ്രതീക്ഷിച്ചു...എന്റെ ശരീരത്തിൽ അങ്ങിങ് ഉണ്ടാക്കുന്ന മുറിവുകൾ മാത്രം ആണ് ലൈംഗികതയുടെ അടയാളം എന്ന് അയാൾ വിശ്വസിച്ചിരുന്നോ ആവോ.. അറിയില്ല....
പക്ഷേ ഷവറിന് താഴെ നിൽക്കുമ്പോൾ അതിൽ ഉണ്ടാവുന്ന നീറ്റലുകളെക്കാൾ ഞാൻ എന്റെ ശരീരത്തെ വെറുത്തു തുടങ്ങിയിരുന്നു....
ലൈംഗികജീവിതത്തിൽ സ്ത്രീക്കും പുരുഷനും ഒരുപോലെ അവകാശങ്ങൾ ഉണ്ട് എന്നൊക്കെ ടിവിയിൽ മുറവിളി കൂട്ടുന്നവരോട് വല്ലാത്ത അമർഷം തോന്നി തുടങ്ങി .. ലഹരിയുടെ ഉന്മാദത്തിൽ എന്റെ ശരീരത്തിലൂടെ ഊഴ്ന്നിറങ്ങുന്ന മറ്റൊരു മാംസപിണ്ഡമായി മാറിയിരുന്നു അയാൾ അതിനകം...
ഒരു സ്ത്രീയെ വികാരങ്ങൾക്കൊണ്ട് മാത്രമേ കീഴടക്കാനാവൂ.. അതല്ലാത്ത കീഴ്പ്പെടുത്തലുകൾ അവളിൽ ഒരു കനലവശേഷിപ്പിച്ചു കടന്നുപോകും എന്ന് പലപ്പോഴും പലരും മറന്നു പോകുന്നു ...
ചെന്നൈയിലെ ആ ഫ്ലാറ്റിൽ ഞാൻ എന്റെ ജീവിതം തളച്ചിട്ടു... അയാളിൽ നിന്ന് ഒരു നല്ല വാക്ക് കേൾക്കുവാൻ.. ഒരു നല്ല സംഭാഷണത്തിനായി ഞാൻ അത്രമേൽ മോഹിച്ചിരുന്നു... എത്രയേറെ ഇഴകിച്ചേരാൻ ശ്രമിച്ചിട്ടും അയാൾ എന്നിൽ കേവലം തെറ്റുകൾ മാത്രം ചൂണ്ടി കാട്ടിക്കൊണ്ടിരുന്നു...
ഞങ്ങളുടെ പിണക്കങ്ങൾ മാറ്റാൻ കെഞ്ചി കരയുമ്പോളും അദ്ദേഹം പിന്തിരിഞ്ഞു കിടന്നു...മൗനങ്ങൾക്കൊണ്ടു എന്നെ ശിക്ഷിച്ചു....ആ ഫ്ളാറ്റിലെ ഏകാന്തകളിൽ അദ്ദേഹത്തിന്റെ ഒരു പ്രതികരണത്തിനുവേണ്ടി പലപ്പോഴും ഞാൻ ദാഹിച്ചു.... ഞായറാഴ്ചകളിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് മുൻപിൽ മാത്രം ഞാനൊരു പ്രസന്നവദയായ ഭാര്യ ആയി...അല്ലാത്തപ്പോൾ നിശബ്ദത മാത്രം നിഴലിട്ടു....
ഒരു സ്ത്രീ അമ്മയാകുമ്പോൾ അത്രമേൽ സന്തോഷിക്കുമെങ്കിൽ ഞാൻ എന്റെ അടിവയറ്റിലുണ്ടായ തുടിപ്പുകളെ അത്രമേൽ വെറുത്തിരുന്നു....പിന്നീട് എന്നോ അവനെന്റെ ആത്മാവിനോട് തന്നെ ചേർന്നു.. അതെന്നാണ് എന്ന് എനിക്ക് അറിയില്ല എങ്കിലും പിന്നീട് ജീവിതം അവനിൽ ചുറ്റിപ്പറ്റി വളരുവാൻ തുടങ്ങി....
അദ്ദേഹത്തിന് വിദേശത്ത് ജോലി ആയി എന്നറിഞ്ഞപ്പോൾ ബാക്കി ഭാര്യമാരെപ്പോലെ ഞാൻ കണ്ണീർ വാർത്തില്ല..പകരം ആശ്വാസമായിരുന്നു... ഒരു ജീവപര്യന്തം അവസാനിച്ച ത്രിൽ ഉണ്ടായിരുന്നു അതിൽ....എന്റെ കുഞ്ഞിന്റെ കരച്ചിലുകളെപ്പോലും വകവെയ്ക്കാതെ ഉള്ള ശാരീരികബന്ധത്തിൽ, വീട്ടിലെ ഏകാന്തതകളിൽ,ഞാൻ ഏറ്റവും വെറുത്തിരുന്ന മൗനങ്ങളിൽ, എന്റെ ആഗ്രഹങ്ങളുടെ ബലിത്തട്ടിൽ എനിക്ക് ദാമ്പത്യസുഖം അല്ല ഹൃദയം നുറുങ്ങുന്ന വേദനകൾ മാത്രമാണ് സമ്മാനിച്ചതെന്ന് അയാൾക്ക്‌ അറിയുന്നുണ്ടായിരുന്നില്ലേ... ആവോ..അറിയില്ല ..!!.
വീണ്ടും നാട്ടിലേക്ക് ഞാനും കുഞ്ഞും പറിച്ചു നടപ്പെട്ടു.. ഒരു നല്ല ഭാര്യയെപ്പോലെ ഞാൻ അദ്ദേഹത്തെ യാത്രയാക്കി...വീണ്ടും എന്റെ നാടിന്റെ ആ വശ്യതയിൽ ഞാൻ മുങ്ങിത്താണുകൊണ്ടിരുന്നു ..എങ്ങോട്ട് പോയാലും സ്വന്തം നാടിന്റെ ഗന്ധത്തോളം വരില്ലല്ലോ മറ്റൊന്നും ..
മകൻ സ്കൂളിൽ പോകാറാവുന്നത് വരെ എന്റെ ദിവസങ്ങൾ അവനേ ചുറ്റിപ്പറ്റി കടന്നു പോയി... അവൻ സ്കൂളിൽ പോയി തിരികെ വരുന്ന ആ മണിക്കൂറുകൾ എന്നേ വല്ലാതെ കാർന്നു തിന്നു...
അങ്ങനെ ആണ് ഞാൻ എന്റെ ഫേസ്ബുക്കിൽ കുത്തിക്കുറിക്കുവാൻ തുടങ്ങിയത്... എന്റെ വൈകാരികമായ തുറന്നെഴുതുകൾ പലരിലും എന്റെ ഭർത്താവിലും കോളിളക്കങ്ങൾ ഉണ്ടാക്കി.... മാധവിക്കുട്ടി അല്ല എന്ന അടച്ചാക്ഷേപിക്കലും കേട്ടു തുടങ്ങി... അതോടെ ഞാൻ തന്നെ അത് പതിയെ അവസാനിപ്പിച്ചു...
പിന്നീട് ഏകാന്തത വല്ലാതെ വരിഞ്ഞു മുറുകിയപ്പോൾ ആണ് ഒരു ഫേക്ക് ഐഡി ഉണ്ടാക്കി എഴുത്തുകൾ പോസ്റ്റ്‌ ചെയ്യുവാൻ തുടങ്ങിയത്.. അങ്ങനെ എഴുത്തുകളിലൂടെ പലരും എന്നെ തേടി വന്നു തുടങ്ങി...ചിലർക്ക് എഴുത്തുകളെക്കാൾ കൗതുകം എന്നെ അറിയുന്നതിൽ ആയിരുന്നു... എഴുത്തുകൾ ശ്രദ്ധിക്കപ്പെട്ടപ്പോൾ എഴുത്തൊരു ആവേശം ആയി മാറിത്തുടങ്ങി...
അങ്ങനെയാണ് എനിക്ക് അയാളുടെ റിക്വസ്റ്റ് വരുന്നത്....ആദി !!...
കക്ഷി എന്റെ വീടിന് കുറച്ചു മാറിയുള്ള ഒരാൾ ആയിരുന്നു ...അൽപ്പം എഴുത്തും വായനയും ഒക്കെ ഉള്ള ഒരാൾ.... ഒരേ ക്ലാസ്സിലായിരുന്നു ചെറുപ്പം തുടങ്ങി ഞങ്ങൾ ....അവനെന്നോട് കൗമാരപ്രണയം ഉണ്ടായിരുന്നു എന്നത് എല്ലാവർക്കും എന്നപോലെ എനിക്കും അറിയുമായിരുന്ന ഒരു വസ്തുത ആയിരുന്നു ...അവന്റെ കവിതകൾ കാട്ടി എന്നെ പണ്ട് സുഹൃത്തുക്കൾ കളിയാക്കുമായിരുന്നു ...
ഇങ്ങോട്ട് മെസ്സേജുകൾ അയച്ചപ്പോൾ ആദ്യം ആദ്യം നന്നായി അറിയുന്ന ഒരാളെ പറ്റിക്കുന്നതിന്റെ ഒരു രസം ഉണ്ടായിരുന്നു... പിന്നീട് എഴുത്തുകളിലൂടെ അവൻ എന്നിലേക്ക്‌ തന്നെ ആഴ്ന്നിറങ്ങിക്കൊണ്ടിരുന്നു.... എന്റെ വിരഹങ്ങൾ വേദനകൾ ഓക്കേ ആ വരികൾക്കിടയിലൂടെ അയാൾ വായിച്ചെടുത്തുതുടങ്ങി ....
കുറച്ച് മാസങ്ങൾക്ക് ശേഷം ഈ മൂടുപടം ഒരു അസഹനീയമായി തോന്നിയത് കൊണ്ടാവാം ഞാൻ എന്നെതന്നെ അവന് വെളുപ്പെടുത്തി കൊടുത്തത് ....അങ്ങനെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി....
പിന്നീട് എന്നാണ് എന്റെ ഭർത്താവിനോട് പോലും തോന്നാത്ത ഒരു വൈകാരികമായ അടുപ്പം അവനോടു മാത്രം തോന്നിയതെന്ന് എനിക്ക് അറിയില്ല... അത് പ്രണയമായി മാറുവാൻ അധികം താമസം ഉണ്ടായിരുന്നില്ല... അവനും വിവാഹബന്ധം തകർത്തു നിൽക്കുന്നതിനാൽ ആവാം അത്രകണ്ട് എന്നെ മനസ്സിലാക്കിയത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു..
വിവാഹിതയായ സ്ത്രീ.. അമ്മയായ സ്ത്രീ ഒരു സമൂഹത്തിന് മുൻപിൽ ഞാൻ കടന്നു പോകേണ്ടി വരുന്ന വിഷമതകളെക്കുറിച്ചൊക്കെ പല രാത്രികളിലും ഞാൻ ഉറക്കമില്ലാതെ ആലോചിച്ചു... അവസാനം എത്തുന്നത് വരെ എത്തട്ടെ എന്ന നിലപാടിൽ തന്നെ ഞാൻ ഉറച്ചു നിന്നു...
രാത്രികളിൽ ഭർത്താവിന്റെ ക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്നപ്പോൾ അതിനേ സ്ത്രീയുടെ കടമയായി വർണിച്ച സമൂഹത്തോട്.. എന്റെ മോഹങ്ങളടക്കി ഞാൻ ഒരു ശിലയായി കഴിഞ്ഞപ്പോൾ അതിനെ ധർമ്മപത്നി പദം തന്നലങ്കരിച്ച അതിന്റെ ജീർണ്ണിച്ച കാഴ്ചപ്പാടുകളോട് എനിക്ക് തികച്ചും പുച്ഛം തന്നെ ആയിരുന്നു...
ദാമ്പത്യത്തിൽ ഞാൻ ആഗ്രഹിച്ചത് ഒരിക്കലും എന്റെ ശരീരത്തിൽ ഉണ്ടാവുന്ന പുരുഷന്റെ ആളിപ്പടരലുകൾ മാത്രം ആയിരുന്നില്ല...ഈ ടൈം ടച്ച് പ്രസൻസ് ഒക്കെ ഒരു ബന്ധത്തിൽ അത്യന്താപേക്ഷിതമാണ്... അതിനേക്കാൾ ഉപരി ആയിരുന്നു എനിക്ക് എന്നെ മനസ്സിലാക്കുന്ന ഒരാൾ..അങ്ങനെ ഒരാളെ കണ്ടെത്തുവാൻ എനിക്ക് എന്റെ ഭർത്താവിൽ ആയിരുന്നില്ല എങ്കിലും അയാളെ എനിക്ക് ഇഷ്ടം തന്നെ ആയിരുന്നു...പൊരുത്തക്കേടുകളെ പലപ്പോഴും ഞാൻ മറക്കാൻ ശ്രമിച്ചു... പക്ഷേ അദ്ദേഹം വിട്ടുവീഴ്ചകൾക്ക് തയ്യാർ അല്ലായിരുന്നു..
എക്സ്‌പെൻസീവ് ഗിഫ്റ്റുകളിലും ആർഭാടജീവിതത്തിലും ആണ് സ്ത്രീ സന്തോഷം കണ്ടെത്തുന്നതെന്ന് ആണ് അദ്ദേഹം ധരിച്ചിരുന്നത് എന്ന് തോന്നുന്നു ... എനിക്ക് വേണ്ടത് കേവലം കുറച്ചു സംഭാഷണങ്ങളും സ്വകാര്യതകളുമായിരുന്നു... പക്ഷേ അദ്ദേഹം ഒരിക്കലും എന്നെ കേൾക്കാൻ ശ്രമിച്ചില്ല...
അതാവും ആദിയിൽ ഞാൻ കണ്ട പ്ലസ് പോയിന്റും... അവനെന്നും എന്നെ കേൾക്കാൻ അക്ഷമനായിരുന്നു...
പലപ്പോളും ഒരാൾക്കൊപ്പം എന്നെ കണ്ടു എന്നറിഞ്ഞു അമ്മ എന്നോട് അത് രഹസ്യമായി ഒരിക്കൽ ചോദിച്ചു... നടുറോഡിൽ അല്ലെങ്കിൽ ഒരു മാളിൽ ഇത്രെയും ജനങ്ങൾ ഉള്ളിടത്തു ഒരിക്കലും ഒരാളുമായി അവിഹിതം ഉണ്ടാവില്ല അത് സൗഹൃദം മാത്രം ആണ് എന്ന് മുഖം അടച്ചു മറുപടി കൊടുത്തു.... പിന്നീട് ആ നാവ് പൊന്തിയില്ല... വിശ്വസിച്ചു കാണും എന്ന് സമാശ്വസിച്ചു....
പിന്നീട് അത് എന്റെ ഭർത്താവിന്റെ കാതിൽ എത്തുവോളം ഒരു അനശ്വരപ്രണയമായി അവശേഷിച്ചു.... എന്റെ കുഞ്ഞിനേയും ഭർത്താവിനെയും ഒരിക്കലും ഉപേക്ഷിച്ചു ഞാൻ ഇറങ്ങിപോവില്ലായിരുന്നു....അത്രയ്ക്കും കല്ല് ഹൃദയം ആയിരുന്നില്ല എന്റേത്...പോയാൽ എന്റെ മനസാക്ഷിക്ക് മുൻപിൽ എനിക്ക് പിടിച്ചു നിൽക്കുവാൻ ആവുമായിരുന്നില്ല...
പക്ഷേ എന്റെ പ്രണയം ആദിയോട് മാത്രം ആയിരുന്നു... ഒരു കൗമാരക്കാരിയുടെ പ്രണയം തകർന്ന പോലെ ഇരുട്ട് മുറിയിൽ ഞാൻ എന്റെ പ്രണയനഷ്ടത്തെ ധാരകളായി ഒഴുക്കി കളഞ്ഞു.... ഒരു ഭ്രാന്തിയെപ്പോലെ ഞാൻ അലമുറയിട്ടു... ഭർത്താവ് നഷ്ടപ്പെട്ടവളെപ്പോലെ ഞാൻ ഇദ്ദ ആചരിച്ചു...
മറ്റുള്ളവർ എന്നിൽ കാണുന്ന തെറ്റ് കുറ്റങ്ങളെപ്പറ്റി എനിക്ക് അറിയേണ്ടിയിരുന്നില്ല... ഞാൻ എന്നും മനസ്സുകൊണ്ട് ഒരു പ്രണയിനി ആയിരുന്നു... വികാരങ്ങളുടെ ഉൾത്തിരയിൽ എന്നും അടങ്ങി ജീവിക്കുവാൻ എനിക്ക് ആവുമായിരുന്നില്ല... അഗ്നിയായി ആളിപ്പടരുന്ന ത്രസിപ്പിക്കുന്ന എന്റെ മോഹങ്ങളെ അടക്കി സമൂഹത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിൽ ജീവിക്കുന്ന ആദർശ സ്ത്രീ പദവിയേക്കാൾ നല്ലതാണ്.. ഞാൻ ഞാൻ ആയിരിക്കുന്ന ആ ഒരു നിമിഷം ആണെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു...
എന്റെ മകൻ വിവാഹിതനാകും വരെ പിന്നീട് ഞങ്ങൾ ദുബായിയിൽ ആദർശ ഭാര്യാഭർത്താവിനെപ്പോലെ അഭിനയിച്ചു ...കിടപ്പറയിൽ മാത്രം രണ്ടു അപരിചിതരായ ആത്മാക്കളായി .. തിരിച്ചു പോയാൽ എന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാമെന്ന് എന്റെ ഭർത്താവ് ഭയന്നു കാണും...അതുകൊണ്ട് നാട്ടിലേക്ക് പിന്നീട് ഉള്ള വരവുകൾ ക്രമേണെ കുറവായിരുന്നു പിന്നീട് അങ്ങോട്ട്‌ ...
പിന്നീട് കുറച്ചു കാലങ്ങൾക്ക് ശേഷം ആദിയുടെ മരണവാർത്ത ആരോ പറഞ്ഞു ഞാൻ അറിഞ്ഞു... അപ്പോളും ഉള്ളിലെ പ്രണയം ആരും അറിയാതെ വിതുമ്പി... എത്ര നഷ്ടപ്പെട്ടുവെങ്കിലും പ്രണയം ഉള്ളിൽ ഒരു കോണിൽ അങ്ങനെ തന്നെ കാണും... കാരണം പ്രണയത്തിനു ജരാനരകൾ ഏൽക്കുന്നില്ലല്ലോ ...
മകനും ഭാര്യയും മാറിത്താമസിച്ചതോടെ വീണ്ടും ആ ജീവിതം എനിക്ക് വല്ലാത്ത ദുസഹനീയം ആയി...അദ്ദേഹം സുഹൃത്തുക്കൾക്കിടയിൽ പുതിയൊരു ലോകം സൃഷ്ടിച്ചു... എനിക്ക് അവിടെയും ആരും അതികം പരിചിതർ ആയി ഉണ്ടായിരന്നില്ല.. നാടെന്നെ എപ്പോളും ഉള്ളിൽ തിരികെ വിളിച്ചു കൊണ്ടിരുന്നു
ഒരു ദിവസം എന്റെ മകനെ വിളിച്ചു എനിക്ക് വിവാഹമോചനം വേണം എന്നാവശ്യപ്പെട്ടപ്പോൾ എല്ലാവരും എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞു...
"ഈ അൻപതാം വയസ്സിൽ നിനക്ക് ന്താ ആമി.. ആളുകൾ എന്ത് പറയും.. !!അനുജത്തി എന്നെ വിളിച്ചു ഉപദേശിച്ചു...
വർധിക്യത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ എന്തിനാണ് ഇതെന്ന് വീണ്ടും കോടതി മുറികളിൽ പലപ്പോളും ഞാൻ ഇതേ ചോദ്യം കേട്ടു.... പക്ഷേ അതെനിക്ക് ആവശ്യം ആണെന്ന് ബോധ്യം ഉണ്ടായിരുന്ന ഒരാൾ എന്റെ ഭർത്താവ് മാത്രം ആയിരുന്നു... പുള്ളി ഒന്നും പറയാതെ എല്ലാം സമ്മതിച്ചു തന്നു....അവസാനം പോരുന്നതിനു മുൻപ് എന്നോട് അത് പറയുകയും ചെയ്തു......
"നിനക്ക് ഒന്നും തരാൻ എനിക്ക് ആയില്ല.. നീ മരിച്ചു ജീവിക്കുക ആയിരുന്നു അല്ലേ ഇത്രേം കാലം ... " എന്ന്..
ഒരു പുഞ്ചിരി കൊണ്ട് ഞാൻ മറുപടി കൊടുത്തു.. അതിൽ എന്തൊക്കെയോ ഒളിഞ്ഞു കിടന്നിരുന്നു...ഒരു സ്ത്രീയായി ഞാൻ എന്റെ വേഷങ്ങൾ എല്ലാം തന്മയത്തോട് കൂടി പകർന്നാടിയല്ലോ...
എല്ലാം നഷ്ടപ്പെട്ടു.. ഒരു നുള്ള് പൊന്നിന്റെ ആ ബലം ഇല്ലാതെ ആ കോടതി വരാന്തകൾ ഇറങ്ങുമ്പോൾ ആദ്യമായി കെട്ടുപൂട്ടുകൾ ഇല്ലാത്ത ഒരു ജീവിതത്തിന്റെ ഭംഗി ഞാൻ അറിഞ്ഞു... മരിക്കുമ്പോളെങ്കിലും ഞാൻ ആയി മരിക്കുവാന് ഇതെനിക്ക് അനിവാര്യമായിരുന്നു..
വീണ്ടും ആ മലനിരകളിലൂടെ എന്റെ കാർ ചീറിപ്പാഞ്ഞു കടന്നുപോയപ്പോൾ എന്നിലെ യൗവനം വീണ്ടും പൂത്തുലയുന്നത് കണ്ടു..
അവിഹിതം എന്നും വിവാഹേതരബന്ധം എന്നും തുടങ്ങി തന്റെ പങ്കാളികളിൽ പലപ്പോളും കുറ്റമാരോപിക്കുന്നവർ ചിലപ്പോളെങ്കിലും ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാണ്.. ഒരുപക്ഷേ തെറ്റുപറ്റാൻ കാരണക്കാർ നമ്മൾ തന്നെ ആണോ എന്ന്...നിങ്ങളുടെ ദാമ്പത്യത്തിൽ നിങ്ങൾ എവിടെയെങ്കിലും ഓക്കേ പരാചയപ്പെട്ടോ എന്ന്....
"സുനുവാ.. മേരി.. സാ..സ.. ന്... നദിയാം.. !!"
മ്യൂസിക് പ്ലയെർ അലയടിച്ച കർണാടിക് മ്യൂസിക്കിന്റെ വശ്യതയിൽ ഞാൻ വീണ്ടും എന്നെതന്നെ മതിമറന്നു.... വീണ്ടും അച്ഛന്റെ ആ പഴയ കൗമാരക്കാരിയായി .... ഒരു തലോടലായി ഒരു കാറ്റെന്നെ തഴുകി കടന്നു പോയി...അച്ഛനെന്നെ തലോടും പോലെ... തികച്ചും ശാന്തമായി....

പോണം....

Image may contain: 1 person, smiling, closeup
എന്താ കുട്ടിക്കു പോണോന്നില്യ !!!"
കെട്ട്യോന്റെ കൂടെ പോവണ്ട എന്ന് പറയാൻ പറ്റില്ലല്ലോ... അതും അമ്മായിഅമ്മയോട് ... അതോണ്ട് മാത്രം
"ഇല്ല്യാ..പോണം ."എന്ന് പറഞ്ഞൊഴിഞ്ഞു...
ഒരിക്കലും കേരളം വിട്ടു പോവണം എന്ന് ഓർത്തതല്ല.... അച്ഛന്റേം അമ്മേടേം പുന്നാരക്കുട്ടി ആയിരുന്ന എന്നെ അഖിലേട്ടനു കെട്ടിച്ചു കൊടുത്തതും എന്റെ സമ്മതത്തോടെ ആയിരുന്നില്ല...അമ്മക്ക് വയ്യാണ്ടായപ്പോൾ നിർബന്ധിച്ചു വിവാഹം കഴിപ്പിക്കുകയായിരുന്നു... .
ജാർഖണ്ഡ് റൂറൽ ടെവേലോപ്മെന്റ്റ് ഓഫീസർ ആണ് അദ്ദേഹം ... കല്യാണം കഴിഞ്ഞു നാലാമത്തെ ദിവസം ലീവ് തീർന്ന് എന്റെ ഭർത്താവ് തിരിച്ചുപോയി..... ഇന്ന് എനിക്ക് അവടെ ഒരു സ്കൂളിൽ ജോലി തരപ്പെടുത്തിയിട്ട് കൂട്ടിക്കൊണ്ടു പോവ്വാൻ വന്നിരിക്കയാണ്....
ട്രെയിൻ മൂളിപറന്നു പോകൂമ്പോൾ "നമ്മുടെ നാടിന്റെ ഹരിതാഭ "എന്നെ ആകെ സങ്കടത്തിൽ ആഴ്ത്തി... നല്ലൊരു ജോലി ഉണ്ടായിരുന്നതും കളയിപ്പിച്ചാണ് ഇപ്പോ കൊണ്ട് പോകുന്നത്... അവടെ എന്താണാവോ അവസ്ഥ..... !!
റാഞ്ചിയിൽ എത്തുമ്പോൾ നേരം നന്നേ വൈകി.....അവടെ ഞങ്ങളെ കൂട്ടിക്കൊണ്ടുപോകുവാൻ ഒരു തമിഴ് കുടുംബം എത്തിയിരുന്നു ...കുറച്ചും കൂടി മാറി ഒരു ഗ്രാമത്തിലാണ് ക്വാർട്ടേഴ്സ്.... ശാലിനിയും പ്രഭുവും അടുത്ത ക്വാർട്ടേഴ്സ്ൽ ആണ് താമസം... എന്റെ ഭർത്താവിന്റെ സുഹൃത്തുക്കൾ ആണ്... കൂടാതെ ശാലിനി എന്റെ സ്കൂളിൽ ആണ് പഠിപ്പിക്കുന്നതും എന്ന് ഞാൻ എന്റെ ഭർത്താവിൽ നിന്ന് അറിഞ്ഞു
ഹാവൂ.. ഒരു കൂട്ടായി !!!എന്ന് ഞാൻ സമാശ്വസിച്ചു...അന്ന് അവരുടെ വീട്ടിൽ ആയിരുന്നു അത്താഴം ....
പിറ്റേന്ന് മുതൽ അടുക്കളഭരണം ഞാൻ ഏറ്റെടുത്തു.(മുൻപ് അടുക്കള കണ്ടിട്ടില്ല എന്നുള്ളതും വാസ്തവം )..ഒരാഴ്ച കഴിഞ്ഞു സ്കൂളിൽ ജോയിൻ ചെയ്താൽ മതിയെന്നു നേരത്തേ ഉറപ്പിച്ചിരുന്നതുകൊണ്ട് പാചകം അങ്ങ് കസറി.....ഭാര്യയുടെ ആദ്യത്തെ പാചകത്തിൽ വളരെ തൃപ്തനായതുകൊണ്ട് ആവാം അദ്ദേഹം പിറ്റേന്ന് തന്നെ ജോലിക്ക് ഒരാളെ തരപ്പെടുത്തിയത്....
അവിടുന്ന് കുറച്ചു അകലെ ഉള്ള റുക്കി എന്ന ഗ്രാമത്തിൽ നിന്നുള്ളതായിരുന്നു അവർ .. പത്തിരുപത്തിഅഞ്ചു വയസുള്ള ഒരു ചെറുപ്പക്കാരി...വീട്ടിൽ തന്നെ നിർത്തുന്നതിനാൽ എനിക്ക് അതിൽ താല്പ്പര്യം ഉണ്ടായില്ല..പക്ഷെ ..പുതുമോടി ആയതു കൊണ്ട് ഞാൻ ഒന്നും പറഞ്ഞുമില്ല. ..എനിക്ക് അവരോടു സംസാരിക്കുവാൻ നല്ല വശമില്ലായിരുന്നു...അത് കൊണ്ട് കാര്യമായി ഒന്നും ചോദിക്കാൻ പറ്റാതെയും പോയി...
ശാലിനി ആണ് പറഞ്ഞത് അവർ വിവാഹിത ആണെന്ന്... കടുക് പൂവിന്റെ നിറമുള്ള നെറ്റിയിലെ തിലകം അതിനെ ആണ് കാണിക്കുന്നതെന്ന്... അതൊക്കെ എനിക്ക് പുതിയ അറിവായിരുന്നു....അവരുടെ രീതികളും ഭക്ഷണവും എനിക്ക് തീരെ പിടിച്ചിരുന്നില്ല..എന്റെ ഭർത്താവ് അത് ഒക്കെ ആസ്വദിച്ചു കഴിച്ചിരുന്നു... വേറെ വഴിയില്ലാത്തതുകൊണ്ട് ഞാനും ....കൂടാതെ ഞാൻ അമ്മയെ ഫോണിൽ വിളിച്ചു കുറച്ചു തട്ടിക്കൂട്ട് കറികൾ പഠിക്കുകയും ചെയ്തു....
ഒരാഴ്ച കഴിഞ്ഞു സ്കൂളിൽ ജോയിൻ ചെയ്തു.... ഏകദേശം ഒരു ഇരുപതു മിനിറ്റ് യാത്ര ചെയ്യണമായിരുന്നു സ്കൂളിലേക്ക്... ഒരു ഗ്രാമപ്രദേശം... ശാലിനിയുടെ സ്കൂട്ടി എന്നെ അവിടെയും തുണച്ചു...ശാലിനിയും ഞാനും ഉറ്റസുഹൃത്തുക്കൾ ആയി ... . എന്നെ പ്രാദേശിക ഭാഷ മനസ്സിലാക്കുന്നതിൽ അവൾ ഒരുപാട് സഹായിച്ചു... .
ആദ്യമൊക്കെ ക്ലാസ്സ്‌എടുക്കുക ഭയങ്കര വിഷമം ആയിരുന്നെങ്കിലും ഭാഷ പഠിച്ചതോടെ അത് എളുപ്പമായി തീർന്നു....കുട്ടികളോട് കുറച്ചും കൂടി അടുപ്പത്തിലും ആയി... അങ്ങനെ ഇരിക്കെ ആണ് ക്ലാസ്സിലെ ചില കുട്ടികളുടെ എങ്കിലും നെറുകിൽ ഉള്ള കടുക്നിറമുള്ള തിലകം എന്റെ ശ്രദ്ധയിൽ പെടുന്നത് .... വിവാഹിതർക്കു ഉള്ളതെന്നാണ് ശാലിനി പറഞ്ഞത്.... അതുകൊണ്ട് തന്നെ സംശയനിവാരണത്തിന് അവളുടെ അടുക്കൽ ചെന്നു.....
അവളാണ് കേട്ടുകേൾവി മാത്രമുള്ള ശൈശവവിവാഹത്തിന്റെ കൊടുമകളെ കുറിച്ച് പറഞ്ഞത്... തിലകം ഉള്ളവർ വിവാഹം കഴിഞ്ഞവരോ ഉറപ്പിച്ചവരോ ആകും...ദാരിദ്രവും കടവും പീഡനവും എല്ലാം കൊണ്ടാണ് ആദ്യം ഒക്കെ ഇതു തുടങ്ങിയതെങ്കിലും ഇപ്പോ അത് സമൂഹത്തിന്റെ ഭാഗമായിരിക്കുന്നു.... സത്യം പറഞ്ഞാൽ ഞാൻ അത് വിശ്വസിച്ചില്ല എന്നുള്ളതാണ് സത്യം..... ഇന്ത്യ പോലുള്ള ഒരു ജനകീയ രാജ്യത്ത് ഇതുപോലെ ഉണ്ടാകുമോ എന്ന് ഉള്ളിൽ ചോദിച്ചു കൊണ്ടിരുന്നു....
പിന്നെ ഞാൻ ഗർഭിണിയായി നാട്ടിലേക്കു പോന്നു... തിരികെ പ്രസവം കഴിഞ്ഞു കുഞ്ഞുമായി ചെന്നപ്പോൾ സരസ്വതി ഇല്ലായിരുന്നു... എന്തോ അസുഖം കാരണം വരാൻ പറ്റില്ല വേണമെങ്കിൽ മകളെ അയക്കാം എന്ന് അവർ വന്നു പറഞ്ഞു...അവരുടെ വേഷത്തിൽ നിന്ന് അവരുടെ ഭർത്താവ് മരിച്ചു എന്ന് ഞാൻ ഇതിനോടകം മനസ്സിലാക്കി.. .. അത്രയും കൊച്ചുകുട്ടിയെ എനിക്ക് എന്തിനാണെന്ന് ഓർത്തു വേണ്ട എന്ന് പറഞ്ഞു അയച്ചു....
ഞാൻ പറഞ്ഞത് മനസ്സിലാകാത്തത് കൊണ്ടാണോ അതോ നിവർത്തികേടു കൊണ്ടോ എന്തോ പിറ്റേന്ന് അവരുടെ മകൾ എത്തി... സ്വാതി... പത്ത് പന്ത്രണ്ടു വയസ് കാണും.. പക്ഷെ പക്വത ഉള്ള ഒരു കുട്ടി....
അവരുടെ ഭാഷ കുറച്ചും കൂടി മാറ്റമുണ്ട് ..ട്രൈബൽ കമ്മ്യൂണിറ്റി ഏതോ ആവും... . ഞാൻ പറഞ്ഞു ഒപ്പിക്കുന്നതു പലതും അവൾക്കു മനസ്സിലാകുന്നില്ലായിരുന്നു...
കുഞ്ഞുമായി വന്നപ്പോൾ തൊട്ട് അവൾ വളരെ അടുപ്പത്തിലായി ... അവനു വഴക്കില്ലാത്തതു കൊണ്ടും.. ഞാൻ സ്കൂളിൽ പോകുമ്പോൾ അവനെ നോക്കാൻ ആരും ഇല്ലാത്തതു കൊണ്ടും... അവൾ ഇവടെ നിൽക്കട്ടെ എന്നു ഞാനും കരുതി... അവൾ സരസ്വതിയെപോലെ തന്നെ ആയിരുന്നു... ഞാൻ എണീക്കും മുൻപേ എല്ലാ ജോലിയും തീർക്കും..... കൊച്ചായതുകൊണ്ട് വേണ്ട എന്ന് പറഞ്ഞാലും അവൾ അത് ചെയ്യും...
ഒരിക്കൽ ഞാൻ അവളോട്‌ നിനക്ക് പഠിക്കാൻ പോക്കൂടെ എന്ന് ചോദിച്ചു... മുൻപ് കുറച്ചുകാലം പോയിരുന്നു... അച്ഛന് വയ്യാതായപ്പോൾ നിർത്തി എന്നും അവൾ പറഞ്ഞു.... നിനക്ക് ഞാൻ പറഞ്ഞു തരട്ടെ എന്ന് ചോദിക്കുമ്പോൾ അവൾ അത്യന്തം സന്തോഷത്തോടെ അത് സമ്മതിച്ചു.....
ഞാൻ പഠിപ്പിച്ച കുട്ടികളിൽ ഏറ്റവും മിടുക്കി ആയിരുന്നു അവൾ... ഒന്ന് പറഞ്ഞു കൊടുക്കുമ്പോളെ മനസ്സിലാകും..... അവസരം കിട്ടിയിരുന്നേൽ ആരേലും ഒക്കെ ആയി തീരേണ്ട ഒരുകുട്ടി...
പതിവില്ലാതെ വീട്ടിൽ നിന്ന് ആളയച്ചു അവളെ വിളിപ്പിച്ചു... സരസ്വതിക്ക് വയ്യാത്തതുകൊണ്ട് ആവുമെന്ന് ഓർത്തു ഞാൻ അവളെ പറഞ്ഞു അയക്കുകയും ചെയ്തു.... ഒരാഴ്ച കഴിഞ്ഞു സരസ്വതി ജോലിക്ക് വന്നു.... അവളെപ്പറ്റി ചോദിച്ചപ്പോൾ വിവാഹം കഴിഞ്ഞെന്നും...ഇന്നലെ ഭർത്താവിന്റെ വീട്ടിലേക്കു പോയി എന്നും പറഞ്ഞു......
ഇത്രയും ചെറിയ കുട്ടിയെയോ എന്ന് ചോദിച്ചപ്പോൾ അവൾ ചിരിച്ചു.... അഞ്ചും ആറും വയസിൽ കല്യാണം കഴിപ്പിക്കും അത്ര ഇവിടെ... അവളുടെ താമസിച്ചു ആണെന്ന്.... അപ്പൊ കല്യാണം കഴിപ്പിച്ചില്ലെങ്കിൽ വിവാഹം ഭാര്യമരിച്ചവർക്ക് ഒപ്പമോ വയസ്സന്മാർക് ഒപ്പവുമെ നടക്കൂ അത്ര....
സരസ്വതിയുടെ വിവാഹം തന്നെ എട്ടു വയസിൽ ആയിരുന്നു.... പതിനൊന്നു വയസിൽ സ്വാതി ഉണ്ടാവുകയും ചെയ്തു..അതുകഴിഞ്ഞ് ഈ ഇടെ ഭർത്താവ് മരിക്കുകയും ചെയ്തു...പിന്നെ അവർ ജീവിതകാലം മുഴുവൻ ആ ശോകത്തിൽ ജീവിക്കണം..വിശേഷങ്ങളിലും ഉത്സവങ്ങളിലും പോകാൻ പാടില്ല..ആഭരണങ്ങളും വർണപ്പകിട്ടുള്ള വസ്ത്രങ്ങളും ഇല്ല... ഇവിടെ അവരെ ദോഷമായാണ് കാണുന്നത് .. .ഇതു ഇവിടുത്തെ സ്ത്രീകളുടെ അവസ്ഥ ആണെന്ന് പറഞ്ഞു അവൾ ഒരു നെടുവീർപ്പിട്ടു....
എതിർക്കാൻ പറ്റില്ലത്രേ... ചിലേടങ്ങളിൽ പോലീസ് പോലും ശൈശവവിവാഹങ്ങളെ സപ്പോർട്ട് ചെയ്യും.... പിന്നെ ആരോട് പരാതി പറയാൻ... പക്ഷെ മുമ്പത്തേക്കാൾ കുറെ ഒതുങ്ങി എന്നും കൂടി അവൾ കൂട്ടിച്ചേർത്തു
കളിച്ചുനടക്കേണ്ട പ്രായത്തിൽ കളിപ്പാട്ടങ്ങളെ താലോലിക്കേണ്ട സമയത്ത് ഒരു കുഞ്ഞും ഭർത്താവും കുടുംബവും ഒക്കെ....ഇപ്പോൾ പോലും എനിക്ക് മര്യാദക്ക് പറ്റുന്നില്ല... ഒരു കുഞ്ഞിന്റെ സ്വപ്നങ്ങളേ ആണ് ഇല്ലാതാക്കുന്നത്....
എന്നിലെ സ്ത്രീ സടകുടഞ്ഞു എണീറ്റെങ്കിലും നിയമവും വ്യവസ്ഥകളും നോക്കു കുത്തി ആയിടത്തു എന്ത് പറയണമെന്നറിയാതെ നിൽക്കാനേ എനിക്ക് പറ്റുന്നുണ്ടായിരുന്നു....
കല്യാണത്തിന് മുൻപ് ആയിരുന്നെങ്കിൽ വാളെടുത്തു ചാടിയേനെ ഇപ്പൊ.... എതിർക്കാൻ പോയാൽ തിരികെ വരുമെന്ന് ഉറപ്പില്ലാത്ത ഒരു സമൂഹമാണ് .. എല്ലാവരെയും പോലെ കുഞ്ഞിനും ഭർത്താവിനും വേണ്ടി എന്ന് ഞാൻ സ്വയം സമാധാനിപ്പിച്ചു..... ഒരുപക്ഷേ ഞാനും ഒരു സ്വാർത്ഥയായി....
പക്ഷെ ഇന്നും ശൈശവവിവാഹങ്ങളെപ്പറ്റി കേൾക്കുമ്പോൾ എന്നിലെ സ്ത്രീ മനഃസാക്ഷിയിലേക്ക് കൈ വിരൽ ചൂണ്ടും

തത്വമസി

തത്വമസി
******************************************
"നീ ഭയങ്കര റൊമാന്റിക് ആണ് .. "
നെഞ്ചോട് പറ്റിച്ചേർന്നു കിടക്കുന്ന അവളെ ഒന്നൂടെ വലിച്ചടിപ്പിച്ചുകൊണ്ട് അയാൾ പറഞ്ഞു
"അതേ ഒരു കുട്ടിം ആയിട്ടാ ഇങ്ങാക്കിതു തോന്നിയത്..മ്മ് ??"
അവൾ ഒരു കള്ള പുഞ്ചിരിയോടെ അയാളോട് ചോദിച്ചു...
"അല്ല...നിന്റെ സംസാരം എന്നെ വല്ലാതെ ഭ്രാന്താക്കുന്നുണ്ട്... വീണ്ടും വീണ്ടും നിന്നെ പ്രണയിക്കാൻ തോന്നുന്നു.. "
"ഒന്ന് പോയേ മനുഷ്യാ...കൊച്ചുവെളുപ്പാൻ കാലത്ത് കിന്നരിക്കാൻ നിൽക്കാതെ... "
അവൾ അയാൾ വട്ടം ചുറ്റിപ്പിടിച്ചിരുന്ന കൈകൾ തട്ടി മാറ്റി ബെഡിൽ നിന്ന് എഴുന്നേറ്റു...
അടുത്ത് തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനേം എടുത്തു ഒരു കള്ളനോട്ടം എയ്തു പോകുന്ന അവളെ കണ്ടപ്പോൾ അയാൾക്ക്‌ തോന്നി ആ കുട്ടിക്കുപ്പായക്കാരി ഒരുപാട് മാറിയെന്ന്...
ആദ്യമായി അവളെ പെണ്ണ് കാണാൻ ചെല്ലുമ്പോൾ അവൾ ഒരു ഷോർട്സും ടീഷർടും ഇട്ട് അവളുടെ ഏട്ടന്റെ കുട്ടിയെ കളിപ്പിക്കുകയായിരുന്നു..
എന്റെ സുഹൃത്തായ അവളുടെ പുന്നാര ആങ്ങള പറഞ്ഞിരുന്നു പെണ്ണുകാണാൻ വരും എന്ന് പറഞ്ഞാൽ ആൾ മുങ്ങുമെന്ന്....
അവൾ എങ്ങനെയോ എന്റെ അമ്മയോടും ഏട്ടത്തിയമ്മയോടും പെട്ടെന്ന് കൂട്ടായി...
"എട്ടും പൊട്ടും തിരിയാത്ത ഒരു പൊട്ടിപെണ്ണാണ് അവൾക്ക് നിന്നെപോലൊരാളെ സഹിക്കാൻ പറ്റുമോടാ "എന്ന അമ്മയുടെ ചോദ്യം ആദ്യം എന്നെ ആദ്യം ഒന്ന് ചിന്തയിൽ ആഴ്ത്തി
പക്ഷേ എന്തോ അവളുടെ ആ നിഷ്കളങ്കത എന്നെ അവളിലേക്ക് അടുപ്പിച്ചു.. പിന്നെ ആദ്യമായി പ്രണയിച്ച കുട്ടിയുടെ അതേ മുഖച്ഛായ ആയിരുന്നു അവൾക്ക്.... കൂടുതൽ ഒന്നും നോക്കാതെ തിരികെ വന്നപ്പോൾ ഞാൻ ഓക്കേ പറഞ്ഞു....
"അതേ മനുഷ്യാ..ദിവാസ്വപ്നം കണ്ടു കിടക്കാതെ കൊച്ചിനെ വന്നൊന്ന് എടുക്കോ.. എനിക്ക് പിടിപ്പത് പണി ഉണ്ട് "
ആലോചനയ്ക്കു ഭംഗം വരുത്തിക്കൊണ്ട് അവൾ വിളിച്ചു പറഞ്ഞു
താഴേക്ക് ഇറങ്ങി നടക്കുമ്പോൾ അവൾ ഒരു കയ്യിൽ കുഞ്ഞിനേയും എടുത്ത് എന്തോ കറിക്കുള്ള കൂട്ട് എടുത്ത് വെയ്ക്കുകയായിരുന്നു...
കുഞ്ഞിനെ എടുക്കുമ്പോൾ സാരിക്ക് ഇടയിലൂടെ കാണുന്ന വെളുത്ത വയറിലൂടെ വിരലുകൾ ഓടിച്ചപ്പോൾ അവൾ കുറുമ്പൻ കണ്ണുരുട്ടി പറഞ്ഞു
"കയ്യിൽ ദേ ചട്ടുകം അഹ് ഇരിക്കണേ.. ഒന്ന് പോണുണ്ടോ!!! .."
അപ്പുറത്ത് നിൽക്കുന്ന ജോലിക്കാരി ചേച്ചിയുടെ കള്ളചിരിയിൽ ഒന്ന് നന്നായി ചമ്മി എങ്കിലും അത് വെളിയിൽ കാട്ടാതെ അവളുടെ കാതിൽ പോയി "നീ മുകളിലോട്ട് വരുമല്ലോ.. വെച്ചിട്ടുണ്ടിട്ടാ "എന്ന്‌ പറഞ്ഞു തിരിഞ്ഞുനടന്നു പോകുമ്പോൾ അവളുടെ കവിളുകൾ ചുവന്നു തുടുത്തിട്ടുണ്ടായിരുന്നു....
"ഏട്ടന്റെ ഫ്രണ്ടും ഭർത്താവും അവളുടെ അനിയത്തിയും ഇന്ന് വരും..!!.പെട്ടെന്ന് പണി തീർത്തിട്ട് അവരെ കൂട്ടാൻ എയർപോർട്ടിൽ പോണം... "
ജാള്യം പുറത്ത് കാട്ടാതെ അവൾ ജോലിക്കാരിയെ നോക്കിപറഞ്ഞു
ജോലിത്തിരക്കെല്ലാം കഴിഞ്ഞു എയർപോർട്ടിൽ പോകാൻ തയാറാകുന്ന ഭർത്താവിനെ കണ്ടപ്പോൾ അവളുടെ മുഖത്തൊരു കുറുമ്പിനോട്ടം വിടർന്നു
"ന്താ.. ആദ്യത്തെ കാമുകി വരണേന്റെ സന്തോഷാ മുഖത്തു !! .."
അയാളുടെ മുഖം പെട്ടെന്ന് വാടിയത് കണ്ട് അവൾ അടുത്ത് പോയി അയാളുടെ മുഖം അവൾക്ക് നേരെ തിരിച്ചുകൊണ്ട് പറഞ്ഞു..
"എനിക്ക് അറിയാം അവൾ നല്ല സുഹൃത്ത്‌ മാത്രം ആണെന്ന്.. നിങ്ങൾ ആലോചിച്ചു ഉറപ്പിച്ചു പിരിഞ്ഞേതാണെന്നും... ഞാൻ തമാശ പറഞ്ഞതാണ്!!‌... "
അയാൾ ഒന്നും പറയാതെ കണ്ണാടിയിലോട്ട് നോക്കി ബാക്കി ജോലികൾ തുടർന്നു... പക്ഷേ നഷ്ടപ്രണയത്തിന്റെ വേദന ആ മുഖത്തു നിഴലിച്ചിരുന്നു .. "
നഷ്ടപ്രണയംഎന്നത് എത്ര കാലം കഴിഞ്ഞാലും ഉള്ള് കലക്കുന്ന ഒരു നൊമ്പരം ആണല്ലോ..
പിന്നിൽ തന്നെ ഉറ്റുനോക്കി നിൽക്കുന്ന ആ ഉണ്ടക്കണ്ണുകൾ നിറഞ്ഞത് കണ്ട് അയാൾ തിരിഞ്ഞു നോക്കി
"അയ്യേ.. തൊട്ടാവാടി.!!.. അവൾ പോയോണ്ടല്ലേ എനിക്ക് ഈ പെണ്ണിനെ കിട്ട്യേ... !!"
"നോക്ക് വാവേ.. വാവേടെ അമ്മ വാവേനേക്കാൾ കുഞ്ഞുകുട്ടിയാണല്ലോ.."
അയാൾ അവളുടെ കയ്യിൽ ഇരുന്ന കുഞ്ഞിനെ നോക്കി അയാൾ പറഞ്ഞു
"അയ്യേ കരയ്യാ.!!. ഇങ് വന്നെ നോക്കട്ടേ !! "
അയാൾ അവര് രണ്ടാളേം നെഞ്ചോട് ചേർത്തപ്പോൾ ഒരച്ഛന്റെ കരുതലും ഒരു ഭർത്താവിന്റെ സ്നേഹവും ആ മുഖത്തു ഉദിച്ചുനിൽപ്പുണ്ടായിരുന്നു....
എയർപോർട്ടിൽ നിന്ന് അവരെ പിക്ക് ചെയ്തു തിരികെ വന്നപ്പോൾ രാത്രിയായി... ഭക്ഷണം കഴിഞ്ഞ് കിടക്കാൻ നേരമായിട്ടും അവൾ റൂമിലേക്ക്‌ വരാതിരുന്നത് കണ്ടപ്പോൾ അയാൾ താഴേക്ക് ഇറങ്ങി ചെന്നു...
അവൾ തന്റെ സുഹൃത്തിനോടും അനിയത്തിയോടും സീരിയസ് സംഭാഷണത്തിൽ ആണെന്ന് അകലെ നിന്ന് മനസ്സിലായി...
അയാൾ പിന്തിരിഞ്ഞു റൂമിലേക്ക്‌ നടന്നു
പിന്നിൽ ശ്രുതിയുടെ ഏങ്ങലുകൾ കേൾക്കാമായിരുന്നു... അവളും ഭർത്താവും തമ്മിൽ അത്ര സ്വരച്ചേർച്ച ഇല്ലത്രേ .. അത് ഒന്ന് മാറിനിന്നാൽ തീരും എന്ന് ശ്രെദ്ധയ്ക്ക് തോന്നിയത് കൊണ്ടാണ് പെട്ടെന്ന് അവളെയും കൊണ്ട് ഇങ്ങനെ ഒരു വിസിറ്റ്. .
താൻ തന്നെ ആണ് അവളോടും ഭർത്താവിനോടും ഇതിനെപ്പറ്റി പറഞ്ഞതും.... അതാവും അവർ സംസാരിക്കുക എന്ന് ചുറ്റുപാട് കണ്ടിട്ട് തോന്നുന്നു .. ഒരു പെണ്ണിനല്ലേ മറ്റൊരു പെണ്ണിനെ മനസ്സിലാവുള്ളു...
അയാൾ ശാന്തമായി ഉറങ്ങുന്ന കുഞ്ഞിന് ഒരു ഉമ്മ കൊടുത്തു കട്ടിലിലേക്ക് ചാഞ്ഞു...
അവൾ റൂമിലേക്ക്‌ എത്തിയപ്പോൾ വളരെ വൈകിയിരുന്നു... ആയാളും കുഞ്ഞും ശാന്തമായി ഉറങ്ങുന്നുണ്ടായിരുന്നു...
അവൾ പതിയെ തന്റെ സാരികൾക്കിടയിൽ ഒളിപ്പിച്ച പഴയ ഒരു ഡയറി എടുത്തു...
ഒരിക്കൽ താനും ഒരാളെ സ്നേഹിച്ചിരുന്നു എന്ന്‌ അവൾ ഓർത്തു..
കോളേജ് ഡേയ്സിലെ ഏറ്റവും നല്ല കാലഘട്ടങ്ങളിൽ അയാൾ ഒപ്പം ഉണ്ടായിരുന്നു...എല്ലാവരോടും കമ്പനി ആയിരുന്ന സീനിയർ ആയ അയാളോട് വൈകാതെ താനും കൂട്ടുകൂടി...
ഫേസ്ബുക്കിൽ നിന്നു വാട്സ്ആപ്പിലേക്കും പിന്നീട് കാൾകളിലേക്കും ആ സൗഹൃദം മാറ്റി വെയ്ക്കപ്പെട്ടു...
പിന്നീട് അച്ഛനും അമ്മയും പിരിഞ്ഞു താമസിച്ച തനിക്ക് അയാൾ അതെന്തെല്ലാമോ ഒക്കെ ആയിതീരുകയായിരുന്നു ...
ഒരു തീൻമേശക്ക് തൊട്ട് മുൻപിൽ ഇരുന്നു അയാൾ തന്റെ പൊട്ടത്തരങ്ങളുടെയും കുട്ടിത്തരങ്ങളുടെയും ലിസ്റ്റ് അഴിച്ചു വെച്ചപ്പോളും ഹൃദയം ഒരൽപ്പം പോലും നൊന്തില്ല...കാരണം അത്രമേൽ ഞാൻ സ്നേഹിച്ചിട്ടുണ്ടാവും
പക്ഷേ ഒരുപാട് പേര് വേദനിപ്പിച്ചു പോയപോലെ "നിന്റെ പേരന്റ്സ് ഇങ്ങനെ ആയതുകൊണ്ടാണ് നീ ഇങ്ങനെ ആയത്" എന്ന്‌ പറഞ്ഞപ്പോൾ അവിടെ താൻ തന്നെ ഇല്ലാതായി പോയി...
വല്ലാതെ ആ വാക്കുകൾ തന്നെ തകർത്തു കളഞ്ഞു .. പിന്നെ പ്രണയം എന്നൊന്ന് വരുമ്പോൾ ആ വാക്കുകൾ ആണ് ആദ്യം ഓർമ വരുക .. അത്രയും സ്നേഹിച്ച അയാൾക്ക്‌ മനസ്സിലായില്ലല്ലോ വേറെ ആർക്ക് ഇനി മനസ്സിലാവും എന്നൊരു തോന്നൽ കാർന്നു തിന്നു ..
അങ്ങനെ പ്രണയം ഒളിപ്പിച്ചു വീണ്ടും ഏട്ടന്റെ അനിയത്തിക്കുട്ടിയായി കറങ്ങി നടക്കുമ്പോളാണ് അദ്ദേഹത്തിന്റെ വിവാഹാലോചന വരുന്നത്.. ഏട്ടനോട് കരഞ്ഞു പറഞ്ഞിട്ടും അവൻ അത് അങ്ങിട്ടു ഉറപ്പിച്ചു...
എല്ലാം കഴിഞ്ഞ് ഇനി ഒന്നും ഇല്ലാ... എല്ലാം തീർന്നു... എന്ന് വിചാരിച്ചിരിക്കുമ്പോൾ ഒരിക്കൽ കൂടി ഞാൻ സ്നേഹിച്ച ആ ആളുടെ കാളുകൾ തന്നെ തേടിയെത്തി...
അന്ന് എന്തിന് ഒഴിവാക്കി എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു.അതുവരെ . അന്ന് അതിന് വ്യക്തമായ മറുപടിയും തന്നു...
ബാക്കി പ്രണയകഥകളിൽ നിന്നും ആ റീസൺ ഒരൽപ്പം വ്യെത്യസ്തം ആയിരുന്നു...എനിക്ക് ഓർക്കുമ്പോൾ ചിരി പോലും തോന്നി പിന്നീട്.. . എന്തിനായിരുന്നു എന്ന തോന്നൽ വേറെയും..
അയാൾക്കു ബൈബിളിനോട് ഒരുവല്ലാത്ത അഡിക്ഷൻ ഉണ്ടായിരുന്നു.. പക്ഷേ എല്ലാരേയും പോലെ ഒന്ന് എന്ന് മാത്രമേ താൻ അന്ന് ധരിച്ചുള്ളു...
പക്ഷേ അയാൾ എന്നിൽ അയാളെപ്പോലെ ഒരാളെ തേടിന്നുണ്ടായിരുന്നു എന്ന് ഞാൻ അറിയാൻ വളരെ വൈകി...
ബൈബിൾ കൈകൊണ്ടു തൊടാത്ത ഒന്നും അറിയാത്ത താൻ അയാളുടെ രീതിയിൽ ദൈവത്തെ കാണാൻ ശ്രമിച്ചില്ല എന്നത് അയാളുടെ കണ്ണിൽ വലിയ ഒരു കുറവായിരുന്നു...
പക്ഷേ ഞാൻ ദൈവവിശ്വാസി ആയിരുന്നു.. പക്ഷേ എന്റെ ചിന്തകൾ ഒന്നിൽ മാത്രം ചുരുങ്ങിയ ഒന്നല്ലായിരുന്നു
ബോർഡിങ് സ്കൂളിൽ വളർന്ന എനിക്ക് ഒന്നിനോടും ആഭിമുക്യം ഇല്ലാ എന്ന് അയാളെ പറഞ്ഞു മനസ്സിലാക്കാൻ ഒരുപാട് സമയം എടുത്തു... പിന്നീട് അത് മനസ്സിലാക്കിക്കുവാൻ ഉള്ള തീവ്രശ്രമം ആയിരുന്നു
എല്ലാം വിഭലമായത് കൊണ്ടാവാം വീണ്ടും അയാൾ എങ്ങോട്ടോ പോയി മറഞ്ഞത്....
പിന്നീട് തന്റെ വിവാഹം കഴിഞ്ഞു... ആദ്യം ആദ്യം ഭർത്താവ് ഒരു ഭാരമായി ഒക്കെ തോന്നി... പിന്നെ ഒരേ തോണിയിൽ തുഴയുന്നവരാണ് എന്ന് മനസ്സിലാക്കിയപ്പോൾ സൗഹൃദം ആയി... ഏറ്റവും ഒടുവിൽ പ്രണയവും...
എനിക്ക് വേണ്ടിയിരുന്നത് അതുപോലെ ഒരാൾ ആയിരുന്നു... എന്റെ കുറുമ്പുകളെ ആസ്വദിക്കുന്ന എന്റെ ചാപല്യങ്ങളെ അംഗീകരിക്കുന്ന എന്നെ ഞാൻ ആയി വെയ്ക്കുന്ന അതിനെ അതുപോലെ സ്വീകരിക്കുന്ന ഒരാൾ... വൈകി ആണെങ്കിലും അദ്ദേഹം അങ്ങനെ ഒരാൾ ആണെന്ന് ഞാൻ മനസ്സിലാക്കി..
അദ്ദേഹം ദൈവകാര്യങ്ങളിൽ വലിയ അടുപ്പം ഉള്ള ഒരാൾ തന്നെ ആയിരുന്നു.. അതുകൊണ്ട് എപ്പോളും എനിക്ക് ഒരു ഭയം നിഴലിച്ചിരുന്നു...
അത് അദ്ദേഹത്തോട് അടുക്കുവാൻ തോന്നുമ്പോൾ ഒക്കെ എന്നെ പിൻവലിയിപ്പിച്ചു
പക്ഷേ ഒരിക്കൽ ദൈവത്തെ കണ്ടെത്തേണ്ടത് നിന്നിൽ തന്നെയാണ്
"തത്വമസി " എന്ന് ഹിന്ദു പുരാണത്തിൽ പറയുന്നത് അതാണെന്ന് അദ്ദേഹം പറഞ്ഞു.. അതൊരു ആശ്വാസം അയിരുന്നു
ഞങ്ങൾ സ്വഭാവത്തിലും ചിന്തകളിലും ഇഷ്ടങ്ങളിലും ആകാശം ഭൂമിയും പോലെ ഭിന്നമായിരുന്നു.. പക്ഷേ പ്രണയം അതൊന്ന് ഞങ്ങൾക്കിടയിൽ തീവ്രമായി നിലനിന്നു..
മറ്റെന്തിനേക്കാളും വലുത് സ്നേഹം ആണെന്ന് ബൈബിൾ പറയും പോലെ ഒരിക്കൽ കൂടി സ്നേഹം ജയിച്ചു...
വീണ്ടും വർഷങ്ങൾക്കു ശേഷം ഞാൻ എന്റെ പഴയ കാമുകനെ കണ്ടു... ശ്രുതിയുടെ ഭർത്താവിന്റെ രൂപത്തിൽ...ഇന്ന് ശ്രുതിയുടെ ഫോണിൽ അയാളുടെ മുഖം കണ്ടപ്പോൾ നെഞ്ച് ഒന്ന് കലങ്ങി.. അവരുടെ ദാമ്പത്യത്തിലെ പ്രശ്നം ഞാൻ ഒരിക്കൽ അഭിമുഖികരിച്ചത് തന്നെ ആയിരുന്നു എന്ന് ആദ്യമേ അവൾ പറയാതെ തന്നെ ഞാൻ മനസ്സിലാക്കി ..
അവളുടെ ചോദ്യങ്ങൾക്ക് ഉത്തരം എനിക്ക് ഇല്ലായിരുന്നു... ആശ്വസിപ്പിക്കാൻ വാക്കുകളും
മാറ്റങ്ങൾ നല്ലതാണ്.. വേണം.. . പക്ഷേ ഒന്നും ഒരു മനുഷ്യന്റെ അസ്തിത്വത്തെ മാറ്റാൻ ശ്രമിക്കുന്നതാകരുത്...
ഒരു സ്ത്രീ എല്ലാം ഉപേക്ഷിച്ചു വരുന്നത് ഒരു പുരുഷനെ അവനായി സ്വീകരിച്ചു കൊണ്ടാണ്.. അതുകൊണ്ട് തന്നെ അതേ റെസ്‌പെക്ട് അവളും ആഗ്രഹിക്കുന്നുണ്ടാകും....അവൾക്കും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടാവും... അതിന് വാല്യൂ ഇല്ലാ എന്ന് തോന്നുമ്പോൾ കൂട്ടിനുള്ളിൽ അടക്കപ്പെട്ട ഒരു കിളി മാത്രം ആവും അവൾ... അവളെ തുറന്ന് വിടാം അവളും ജീവിക്കട്ടെ.. അവളുടെ ജീവിതം.. അവളുടെ രീതിയിൽ
താൻ ഉപേക്ഷിച്ചത് തെറ്റായോ എന്ന് പലപ്പോഴും തന്നെ വേട്ടയാടിയ ചോദ്യമായിരുന്നു...
"ഇല്ലാ ഒരിക്കലും ഇല്ലാ.. " മനസ്സിൽ പലപ്പോഴും ആരോ മന്ത്രിക്കുമായിരുന്നു .
അത് സത്യമാണെന്നു ശാന്തമായി ഉറങ്ങുന്ന കുഞ്ഞിനേയും ഭർത്താവിനെയും കണ്ടപ്പോൾ അവൾക്ക് തോന്നിപ്പോയി ..
അവൾ ലൈറ്റ് അണച്ച് അയാളുടെ അരികിൽ പോയി കിടന്നു... അവളുടെ അരയിലൂടെ കൈകൾ ചുറ്റി ഒന്നൂടെ അവളെ ചേർത്ത് പിടിച്ചപ്പോൾ അവൾ അവന്റേത് മാത്രം ആയിരുന്നു...
"നിന്റെ മണം ഇല്ലാതെ എനിക്കുറങ്ങാൻ പറ്റില്ല എന്നറിയില്ലേ.. "അവൻ അവളുടെ കാതുകളിൽ മന്ത്രിച്ചു
നെഞ്ചിലെ രോമത്തിൽ ഒന്നൂടെ മുഖം ചേർത്ത് വെച്ചു കിടക്കുന്ന അവളെ കണ്ടപ്പോൾ അവന് തോന്നി അവൾ തന്റെ ആ കുട്ടിക്കുപ്പായകാരി തന്നാണെന്ന്...
അയാളുടെ മുഖത്തു ഒരു ഗൂഢമായ പുഞ്ചിരി വിടർന്നു നിന്നു.. അവളുടെ രഹസ്യം അറിഞ്ഞും രഹസ്യമായി സൂക്ഷിക്കുന്ന അഗീകരിക്കുന്ന ഒരു കാമുകന്റെ പുഞ്ചിരി...
പ്രണയത്തിന് ദാമ്പത്യത്തിന് ജാതിയുടെയും വിശ്വാസങ്ങളുടെയും ഒന്നും അളവ് കോലല്ല വേണ്ടതെന്നു തോന്നാറുണ്ട് ചിലപ്പോൾ....അതിന് വേണ്ടത് പ്രണയം മാത്രമാണെന്ന്...
ഒരുതരത്തിൽ അതും ഒരു കണ്ടെത്തൽ തന്നെ ആണെന്ന്...ശരീരംകൊണ്ട് ഭിന്നമാണെകിലും ഓരേ ആത്മാവുകൊണ്ട് ജീവിക്കുന്നവരുടെ കണ്ടെത്തൽ ...."അത് നീ തന്നെയാകുന്നു " എന്ന കണ്ടെത്തൽ....

"ആനി !!"

"ആനി !!"
നരവീണ കണ്ണുകളിൽ എന്നെ തിരിച്ചറിഞ്ഞതിന്റെ പ്രസരിപ്പുണ്ടായിരുന്നു ....
"സിസ്റ്റർ എന്നെ മറന്നില്ല അല്ലേ.. !!"
പുഞ്ചിരിച്ചു കൊണ്ട് ഞാൻ തിരിച്ചു ചോദിച്ചു...
"മൈ ലിറ്റിൽ ഗേൾ...ബഡി ഹോ ഗയി.."
അവരെന്റെ വളർച്ചയിൽ അഭിമാനിക്കുന്നുണ്ടായിരുന്നു...
കാലങ്ങൾക്ക് മുൻപ് ഈ കയ്യും പിടിച്ചു ഒരുപാട് നടന്നിട്ടുണ്ട്... ബൈബിളിനൊപ്പം മഹാഭാരതവും രാമായണവും പഠിപ്പിച്ചതും ബുക്കുകളെ എനിക്ക് പരിചയപ്പെടുത്തിയതും ഈ ചുളിവ് വീണ കൈകൾ ആയിരുന്നു ....
വീണ്ടും സ്കൂളിന്റെ നനുത്ത ഇടനാഴികളിൽ കൂടി നടന്നകലുമ്പോൾ ഒരു ഉന്മാദം ...പണ്ട് ഞാൻ വേച്ചുപോകാതെ പിടിച്ച ആ കൈകളെ ഒരിക്കൽ കൂടി പിടിച്ചു നടന്നപ്പോൾ ഒരു പ്രത്യേക അനുഭൂതി ...
ഇടനാഴികളിൽ എന്റെ സാരിത്തലപ്പുകൾ ഇഴയുമ്പോൾ വീണ്ടും ഞാൻ ഓടിനടന്ന ആ കൽക്കെട്ടുകൾ എന്നോട് എന്തൊക്കെയോ ഓതുന്നുണ്ടായിരുന്നു.... ചിലപ്പോൾ ഒരിക്കൽ കണ്ട സ്വപ്നങ്ങളെക്കുറിച്ചാവാം...
"മമ്മാ.. !!"
പിന്നിൽ നിന്ന് എന്നെ കെട്ടിപ്പിടിച്ച കൈകൾ നോക്കി ഞാൻ പിന്തിരിഞ്ഞു നോക്കി....
മാലാഖക്കുഞ്ഞു പോലൊരു പെൺകുട്ടി ആയിരുന്നു അത്...കണ്ടിട്ട് നോർത്ത്ഇന്ത്യൻ പെൺക്കുട്ടിയെ പോലുണ്ടായിരുന്നു .
"നിന്റെ സൈസ് കണ്ടാൽ ഇതുപോലൊന്നിന്റെ അമ്മ ആണെന്നൊക്കെ പറയും.."
കൂടെ വന്ന എന്റെ സുഹൃത്ത്‌ എന്നെ കളിയാക്കി....
എന്റെ മുഖം കണ്ടിട്ടാണെന്ന് തോന്നുന്നു ആ കുഞ്ഞിന്റെ മുഖം വാടി...
"ആപ് മേരി മമ്മ നഹീ ഹോ !! സോറി !!"
അവളുടെ നക്ഷത്രക്കണ്ണുകളിൽ കണ്ണീർ തുളുമ്പി നിന്നു.....
അവളുടെ കവിളിൽ ഒന്ന് തലോടിയപ്പോളേക്കും ആ കണ്ണ്‌ നിറഞ്ഞു തുളുമ്പി ഒഴുകിയിരുന്നു... എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ അവൾ എങ്ങോട്ടോ ഓടി പോയി...
ബോർഡിങ് സ്കൂൾ ജീവിതത്തിൽ ഒരു കാത്തിരുപ്പുണ്ട്....ആരും വരില്ലെന്നറിഞ്ഞും ഈ ഇടനാഴികളിൽ പലപ്പോഴും താനും കാത്തിരുന്നിട്ടുണ്ട്... ഒരു കാറിന്റെ ശബ്ദം കേട്ടാൽ നെഞ്ചിടിച്ചിരുന്ന ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്...
അതുപോലൊരു കാത്തിരുപ്പ് ആയിരുന്നിരിക്കാം ആ കുഞ്ഞിന്റെയും....
"ആ കുട്ടി ഏതാ സിസ്റ്റർ !"
" വന്നിട്ട് കുറച്ചായുള്ളു... ഒരുമാസം... പേരന്റ്സ് ഓസ്ട്രേലിയയിൽ ആണ്... "
അവർ എന്നോട് പറഞ്ഞു നിർത്തി...
"പേര് !!"
"നിന്റെ പേര് തന്നാണ്....ആൻ !!"
അവളെ ഒന്നൂടി കാണാൻ എന്തിനോ മനസ്സ് വെമ്പി...
സ്കൂളിനോട് ചേർന്ന് ഒരു മഠം ഉണ്ട്... അവിടെ എന്നെക്കാത്തു നരവീണ വേറെയും ചില മുഖങ്ങൾ ഉണ്ടായിരുന്നു... ഞങ്ങളെ കണ്ടാവാം അവരുടെ കണ്ണുകളിൽ ഒരു പുതിയ പ്രകാശം പരന്നു ...
എന്റെ സുഹൃത്തുക്കൾ ആ അമ്മമാരോട് കത്തി വെയ്ക്കുമ്പോൾ ഞാൻ ചുമ്മാ ഇറങ്ങി നടന്നു... പിന്നിട്ട വഴികളിലൂടെ വീണ്ടും....
നടന്നു നടന്നു ഫുട്ബോൾ കോർട്ടിൽ എത്തിയപ്പോൾ മഞ്ഞയും പച്ചയും ജേഴ്സി അണിഞ്ഞ കളിക്കാരിലേക്ക് ഭ്രാന്തമായി കണ്ണും നട്ടു ആ കുഞ്ഞുസുന്ദരി ഇരിപ്പുണ്ടായിരുന്നു....
അവൾ എന്നെ കണ്ട് പാളി നോക്കി എങ്കിലും വീണ്ടും ശ്രദ്ധ അവരിലേക്ക് തന്നെ കേന്ദ്രികരിച്ചു...
അടുത്തുപോയിരുന്നിട്ടും അവൾ ശ്രദ്ധിക്കാത്തതുകൊണ്ട് ഞാൻ ചെറുതായി ചുമച്ചു അവളുടെ ശ്രദ്ധ എന്നിലേക്ക്‌ ആകർഷിച്ചു....
അവളുടെ കണ്ണുകൾക്ക്‌ ഒരു കാന്തികശക്തി ഉണ്ടായിരുന്നു...
അവളുടെ ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരി വിടർന്നു....
അവളുടെ ഭാഷയിൽ ഞങ്ങൾ കുറേ നേരം സംസാരിച്ചു... അവളുടെ കണ്ണുകളിൽ ഞാൻ എന്നെ തന്നെയായിരുന്നു കണ്ടത് ... ഒരു പതിനെട്ടു വർഷം മുൻപ് ഞാൻ എന്തായിരുന്നോ അത് തന്നെയാണ് അവൾ എന്നെനിക്ക് തോന്നി ....
‌ ആദ്യമായി എന്നെ 'ആമി' എന്ന് വിളിക്കുന്നത് അവൾ ആണ്...ആ കുറച്ച് മണിക്കൂറുകളിൽ ഞങ്ങൾ പെട്ടെന്ന് അടുത്തു ...തിരികെ പോരാൻ ഞാൻ കാറിലേക്ക് കയറുമ്പോൾ വിങ്ങുന്ന ഒരു കുഞ്ഞ്മുഖം എന്നെ പിന്തുടരുന്നുണ്ടായിരുന്നു ..
സെന്റ് തോമസ്മൗണ്ടിലെ വീട്ടിൽ ജോലി ക്ഷീണം കാരണം തളർന്നു ഉറങ്ങുന്നതിനിടയിൽ പലപ്പോളും ആ മുഖം എന്നെ തേടി എത്തിക്കൊണ്ടിരുന്നു...പല രാത്രികളിലും എന്റെ ഉറക്കം നഷ്ടപ്പെട്ടു....
സ്വപ്നങ്ങളിൽ വിചിനമായ ഇടനാഴിയിൽ ആമി എന്ന് വിളിച്ചുകരയുന്ന ആ കുഞ്ഞിന്റെ തേങ്ങലുകൾ ഉയർന്നു....ഒരിക്കൽ അമ്മയെ താൻ വിളിച്ചു കരഞ്ഞത് പോലെ
അന്നൊരു ശനിയാഴ്ച ആയിരുന്നു ആകെപ്പാടെ കിട്ടുന്ന ഒരു ലീവ് ദിവസം... ഞാൻ സിസ്റ്റർനെ വിളിച്ചു . അവളോട്‌ സംസാരിക്കണം എന്ന് പറഞ്ഞു..
അവൾ എന്നോട് ആദ്യമായി പറഞ്ഞു... എനിക്ക് അവളുടെ അമ്മയുടെ മണം ആണെന്ന്...പുറകിൽ നിന്ന് നോക്കുമ്പോൾ അമ്മയെ പോലെയാണെന്ന്.. അങ്ങോട്ട്‌ വരുമോ എന്ന്...അവളുടെ ഏങ്ങലുകളുടെ സ്വരം ഉയർന്നു കേട്ടുകൊണ്ടിരുന്നു ....
പിന്നീട് എനിക്ക് ഒന്നും ആലോചിക്കാൻ ഇല്ലായിരുന്നു... ചെന്നൈയിലെ ഒരു എംൻസിയിൽ ഉണ്ടായിരുന്ന നല്ലോരു ജോലിയും കളഞ്ഞു ഞാൻ അങ്ങോട്ട്‌ വണ്ടി കയറി... അവിടെ അടുത്തുള്ള ഒരു എഞ്ചിനീയറിംഗ് കോളേജിൽ എംഇക്ക് അഡ്മിഷനും എടുത്തു...
തോന്നലുകളിൽ ജീവിക്കുന്ന ഒരാളാണ് ഞാൻ... ആരൊക്കെ തടഞ്ഞാലും തോന്നുന്നതൊക്കെ ചെയ്യും .. ഏട്ടന് ജോലി കളഞ്ഞത് തീരെ ഇഷ്ടം ആയിരുന്നില്ല... അവന്റെ സംസാരത്തിൽ അത് പ്രകടം ആയിരുന്നു
അവനെ വീണ്ടും ബുദ്ധിമുട്ടിക്കാൻ പ്രയാസം ഉള്ളതുകൊണ്ടും അമ്മമാരുടെ സഹായം ഉള്ളത് കൊണ്ടും ഞാൻ അവിടെ ഇംഗ്ലീഷ് ടീച്ചർ ആയി ജോയിൻ ചെയ്തു..
വീണ്ടും വർഷങ്ങൾക്കു ശേഷം അതേ ഹോസ്റ്റലിൽ താമസവും ആക്കി..എന്റെ റൂമിൽ ഒരു തമിഴ് കുട്ടിയായിരുന്നു, അഖില ...എന്നെപ്പോലെ സ്കൂളിൽ ജോലി ചെയ്തുകൊണ്ട് എംഇ എടുക്കുന്ന ഒരു പെൺകുട്ടി .. ഒരു സാധു..
എനിക്ക് അവളെ മുൻപരിചയം ഉണ്ടായിരുന്നു...സ്കൂളിന്റെ ചാരിറ്റിസൊസൈറ്റി ഏറ്റെടുത്തു വളർത്തുന്ന അനാഥകുട്ടികളിൽ ഒരാൾ...ഞാൻ ഇവിടെ പഠിക്കുന്ന സമയത്ത് അവളെ പരിചയപ്പെട്ടിട്ടുണ്ട്
ഹോസ്റ്റലിലേക്ക് മാറിയത് എനിക്ക് ആൻനോട് ‌വീണ്ടും കൂടുതൽ അടുപ്പം ഉണ്ടാക്കി... പിന്നീട് അവൾ ഇരുപത്തിനാലു മണിക്കൂറും എന്റെ ഒപ്പം ആയി.. അഖിക്കും അവളെ വലിയ കാര്യമായിരുന്നു... വീക്കെൻഡുകൾ മുഴുവൻ ഞങ്ങൾ മൂന്നാളും ഒരുമിച്ച് കറങ്ങും....ഞങ്ങൾ ഞങ്ങളുടേതായ ഒരു ലോകം കെട്ടിപ്പടുത്തുകയായിരുന്നു..
വെറും ഇരുപത്തിരണ്ട് വയസ്സ് മാത്രം ഉള്ള ഞാൻ അങ്ങനെ ഒരു നാലുവയസുകാരിയുടെ അമ്മ ആയി... അമ്മ ആവുക എന്നത് മനസ്സുകൊണ്ടുള്ള ഒരു പ്രക്രിയ ആണെന്ന് തോന്നുന്നു...ഒരു കുഞ്ഞ് പിറവി എടുക്കുന്നത് മനസ്സിലാണെന്ന് എവിടെയോ വായിച്ചത് ഓർക്കുന്നു...
ചില പ്രശ്നങ്ങൾ കാരണം ഞാൻ തിരികെ ദുബായിലേക്ക്, എന്റെ ഏട്ടന്റെ അടുക്കലേക്ക് പോകുമ്പോൾ വീണ്ടും ആ കുഞ്ഞുകണ്ണുകൾ വിങ്ങുന്നുണ്ടായിരുന്നു.... അഖിയുടെ കൈകളിൽ അവളെ ഏൽപ്പിച്ചു കൊടുത്തു നടന്നകലുമ്പോൾ എന്തെക്കെയോ ആയിരുന്ന ആ രണ്ടു ആത്മാക്കളുടെ വിങ്ങൽ എന്നെ ചുട്ടുപൊള്ളിച്ചു ..
അഖിയുടെ സ്കൈപ്പ് കാൾകളിൽ ഞാൻ പലപ്പോഴും അവളെ തേടിയെങ്കിലും ആൻ ഒരിക്കൽ പോലും അതിനു മുൻപിൽ എത്തിയില്ല..
ഇന്ത്യയിലേക്ക് തിരികെ വരുക എന്നുള്ളത് എന്റെ പെട്ടെന്നുള്ള തീരുമാനം ആയിരുന്നു... പോരണം എന്ന് തീരുമാനിച്ച ഉടനേ ആൻനിനെ ആണ് ഓർത്തത്... അവൾക്ക് വേണ്ടി ഓരോന്ന് വാങ്ങിക്കൂട്ടുമ്പോൾ അവളുടെ നിഷ്കളങ്കമായ ആ പുഞ്ചിരി മാത്രമായിരുന്നു മനസ്സിൽ....
ജൂഡോ പ്രാക്റ്റീസ് ചെയ്യുന്നുണ്ടായിരുന്നു ഞാൻ... വന്നതിന്റെ പിറ്റേന്ന് മത്സരം ആയിരുന്നതുകൊണ്ട് ഞാൻ ഹോസ്റ്റലിലേക്ക് പോകാതെ നേരെ അങ്ങോട്ട്‌ പോയി... അത് വിൻ ചെയ്തതുകൊണ്ട് തുടർന്നുള്ള പ്രാക്റ്റീസ്നു മൈസൂരിലേക്ക് പോവേണ്ടിയും വന്നു... പിന്നെ ഒരുമാസത്തോളം ഞാൻ അവിടെ തന്നെ ആയിരുന്നു....
എല്ലാ കെട്ടിമേളങ്ങളും അവസാനിപ്പിച്ചപ്പോൾ ആ കുഞ്ഞ് മുഖം മാത്രമായിരുന്നു മനസ്സിൽ...
ആ തണുപ്പിൽ പനിച്ചൂടിൽ ശരീരം ചുട്ടുപഴുക്കുമ്പോളും ഞാൻ അത്രയും ദൂരം യാത്ര ചെയ്തവിടെ എത്തിയത് അവൾക്ക് വേണ്ടി മാത്രം ആയിരുന്നു ....
അഖി എന്നെക്കണ്ട ഉടനേ വന്നു കെട്ടിപ്പിടിച്ചു...എന്റെ കണ്ണുകൾ ആൻനിനെ തേടികൊണ്ടിരുന്നു
ആൻ ഞാൻ പോയി കഴിഞ്ഞ് ഒരു ഡിപ്രെഷനിൽ ആയിരുന്നു എന്ന് അഖി പറഞ്ഞു... പനി കൂടി ഫിക്സ് ഒക്കെ ഉണ്ടായി എന്ന്....
അവളെ ഒന്ന് കാണാൻ അഖി പറഞ്ഞു മുഴുവൻ ആക്കും മുൻപേ ഞാൻ ഓടി... അവളുടെ റൂമിൽ അവൾ ഉണ്ടായില്ല...കൂടെ ഉള്ള മറ്റു കുട്ടികൾ എന്നെ ആകാംഷയോടെ നോക്കുന്നുണ്ടായിരുന്നു ..എന്റെ പിന്നാലെ വന്ന അഖി എന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു..
"പേരന്റ്സ് വന്ത് കൂട്ടിട്ടു പോയിട്ടാങ്കെ.. "
എന്റെ നെഞ്ച് കലങ്ങി മറിഞ്ഞു...സിസ്റ്ററിനോട് അവളുടെ പേരന്റ്സിന്റെ നമ്പർ വാങ്ങി വിളിക്കുമ്പോൾ എന്റെ കുഞ്ഞിന്റെ മുഖം മാത്രം ആയിരുന്നു മനസ്സിൽ....
അവളുടെ അമ്മ എന്നോട് സംസാരിക്കുമ്പോൾ ആമി എന്നുള്ള അവളുടെ നിലവിളി പിന്നിൽ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു ..എന്റെ മനസ്സ് എന്തിനോ പിടഞ്ഞു കൊണ്ടിരുന്നു...
"ഒരു നാലുവയസുള്ള കുഞ്ഞിന് വേണ്ടത് ബെസ്റ്റ് സ്കൂളിംഗും ഹൈ സ്റ്റാൻഡേർഡ് ലൈഫ് ഒന്നും അല്ല... കറകളഞ്ഞ സ്നേഹം മാത്രമാവും ...അവളെ ഇനി തനിച്ചാക്കരുത്... നിങ്ങളെ അവൾ ഒരുപാട് മിസ്സ്‌ ചെയ്യുണ്ടായിരുന്നു " ഞാൻ പറഞ്ഞു നിർത്തി
എന്റെ ഉപദേശം കേട്ടാവും അവരുടെ സ്വരം പരുഷമായി...
"ഷി ഈസ് ഓക്കേ.. നിങ്ങൾക്ക് തോന്നുന്നതാണ് " അവർ പറഞ്ഞു..
ഞാൻ വെറുതേ ഒന്ന് മന്ദഹസിച്ചു...
"പാക്ക മുടിയാലെന എതുക്ക് പുള്ളയെ പെക്കറെയ്ന്ന് തെരിയലെ..ഛെയ് "
ഫോൺ വെച്ചു കഴിഞ്ഞപ്പോൾ എല്ലാം കേട്ടുകൊണ്ടിരുന്ന അഖി എന്നോട് പറഞ്ഞു...
"എനിക്ക് ഒരു കുഞ്ഞുണ്ടായാൽ തിരിച്ചറിവ് ആകുന്നത് വരെ ഒരു നിമിഷം പോലും ഞാൻ അതിനെ എന്റെ അടുത്തു നിന്ന് മാറ്റില്ല... "ഞാൻ ആരോടെന്നോ കണക്കിന് പറഞ്ഞു....
അവൾ എന്നെ നോക്കി ചിരിച്ചു...ആ ചിരിയിൽ ഒരിക്കൽ എല്ലാം നഷ്ടപ്പെട്ട ഒരാളുടെ വേദനയും അമർഷവും ഒളിഞ്ഞിരുന്നു ...
"നിനക്ക് ആൻനിനെ ഏങ്ങനെ ഇത്ര പെട്ടെന്ന് മനസ്സിലായി.. " സ്റ്റാഫ്‌ റൂമിൽ ഇരിക്കുമ്പോൾ രേണു മാഡം പെട്ടെന്ന് എന്നോട് ചോദിച്ചു...
"ആവോ !!" ഞാൻ ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി
"എങ്ങനെ അറിയാം എന്ന് വെച്ചാൽ..എന്റെ ബാല്യവും കൗമാരവും സ്വപ്നങ്ങളും ഇതേ പോലെ ഒരു ബോർഡിങ് സ്കൂളിന്റെ ചുവരുകളിൽ ഒതുങ്ങി തീർന്നതുകൊണ്ട്.. ഇപ്പോളും ഞാൻ ബന്ധങ്ങളിൽ നിന്ന് ഓടി ഒളിക്കുന്നത് കൊണ്ട്... പേരന്റ്സിന്റെ ഇമ്പോർട്ടഡ് ഗിഫ്റ്റിസിലും മാസം മാസം വരുന്ന കൗണ്ട് ലെസ്സ് ക്യാഷിലും വലുത് അവരുടെ ഒരു വാക്കും ഒരിറ്റ് സ്നേഹവും ആണെന്നുള്ള തിരിച്ചറിവുള്ളതുകൊണ്ട്...അതിന് വേണ്ടി ഒരുപാട് കാലം വെമ്പിയ ഒരു ഹൃദയം ഉള്ളത് കൊണ്ട് .. "എന്റെ മനസ്സ് എന്നോട് തന്നെ മന്ത്രിച്ചുകൊണ്ടിരുന്നു ..
പലപ്പോളും ബന്ധങ്ങൾക്ക് മുൻപിൽ തോറ്റ ഒരാളാണ് ഞാൻ..നിനക്ക് പലതും മനസ്സിലാവില്ല എന്ന് പലരും പറഞ്ഞിട്ടുണ്ട്..പലപ്പോഴും നെഞ്ച് തകർത്തു പലരും ഇറങ്ങിപ്പോയിട്ടുണ്ട് ... ഇപ്പോൾ ഞാൻ സ്നേഹം കണ്ടെത്താനാഗ്രഹിക്കുന്നത് കുട്ടികളിലാണ്...
അവർക്ക് "കിക്ക്" പോകുമ്പോൾ ഒഴിവാക്കി മാറ്റുന്ന സോഷ്യൽ മീഡിയ പ്രൂണിങ്ങുകളെപ്പറ്റിയും സ്വാർത്ഥത കൈമുതലാക്കിയ ഈ ലോകത്തിന്റെ കാപട്യങ്ങളെപ്പറ്റിയും അറിയില്ല..
നെഞ്ചിൽ നിന്ന് അടർത്തിമാറ്റുമ്പോൾ ഒന്നൂടെ ചേർത്തു പിടിക്കാൻ വെമ്പുന്ന നിഷ്കളങ്ക ഹൃദയം മാത്രമേ ഉള്ളൂ...
ഇന്നെന്നിലെ ഹൃദയം തുടിക്കാറുണ്ട്.. പ്രസവവേദനയുടെ നൊമ്പരം അറിഞ്ഞിട്ടില്ലെങ്കിലും മുലകൾ ചുരത്തിയിട്ടില്ലെങ്കിലും നെഞ്ചോട് ചേർത്ത് നിർത്തിയ ആ കുഞ്ഞ് കരങ്ങളെ എന്നിൽ നിന്നകറ്റുമ്പോൾ എന്റെ മാതൃത്വവും ഉണരാറുണ്ട്...
ആരോരുമില്ലാത്ത ഒരു പെൺകുഞ്ഞിനെ എടുത്തു വളർത്തണം ...അവൾക്ക് പകരമാവില്ലെങ്കിലും എന്റെ മാലാഖക്കുഞ്ഞിന്റെ പേരിടണം ..തിരിച്ചു കിട്ടിയില്ലെങ്കിലും ഉള്ളു തുറന്ന് സ്നേഹിക്കാൻ പഠിപ്പിക്കണം...അങ്ങനെ പേറ്റുനോവറിയാതെ വീണ്ടും ഒരിക്കൽ കൂടി ഗർഭം ധരിക്കണം...ഒരു പവിത്രമായ ഹൃദയത്തിന്റെ അകത്തളങ്ങളിൽ ഒരു പുരുഷന്റെയും ബലമില്ലാതെ മനസ്സുകൊണ്ട് ഒരു അമ്മ ആവണം....

ബൽഗാം ഡയറിസ്

ബൽഗാം ഡയറിസ്
*******************************************
ഗൈനക്കോളജി വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ് എടുക്കുമെന്ന് കേട്ടപ്പോൾ തന്നെ സന്തോഷം ആയി.... കുറെ കാലമായി ഞാൻ ഒറ്റക്കാണ് അത് കൈകാര്യം ചെയ്യുന്നത്.. ഒരാൾ കൂടി വന്നാൽ അത്രയും സ്ട്രെസ് കുറയും...
"വന്നിരിക്കുന്നത് ഒരു ചുള്ളൻ പയ്യൻസ് ആണെന്ന് നേഴ്സ് പെൺപിള്ളാര്‌ പറഞ്ഞു...പോരാത്തതിനു മലയാളിയും .. നീ കണ്ടോ ??.".വിനീത ഡോക്ടർ എക്സൈറ്റഡ് ആയി പറഞ്ഞു. .. "ഇടയ്ക്കു മൂന്നാല് കേസ് വന്നത് കൊണ്ട് മീറ്റ്‌ ചെയ്യാൻ പറ്റാണ്ടുപോയി ".....
"മറന്നുപോയി മോളെ.. നീ പുരുഷവിരോധി ആണല്ലോ.. ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് ഇതൊക്കെ ആണേ എന്റർടൈൻമെന്റ്...അതെങ്ങന... എറിയാൻ അറിയണോർക്ക്‌ വടി കൊടുക്കില്ലല്ലോ "... എന്റെ താല്പര്യമില്ലായ്മ കണ്ടു അവൾ കളിയാക്കി ...
കുറച്ചുനേരത്തെ കഥപറച്ചിലിനു ശേഷം അവൾ എമർജൻസി വന്നു പോയി.. എനിക്ക് ഇവിടെ ആകെ ഉള്ള സുഹൃത്താണ്‌.... മലയാളി ആണ് .. പഠിച്ചതും ഒരേ കോളേജിൽ ...
തല നന്നായി വേദനിക്കുന്നു....!!! റൗണ്ട്സ് കഴിഞ്ഞു വീട്ടിൽ പോകാം.. ഇന്നലെ രാത്രീലും രാവിലെയും രണ്ടു ഡെലിവറി ഉണ്ടായിരുന്നു.... പോരാത്തേന് പേഷ്യന്റ്സും..ഉച്ച കഴിഞ്ഞപ്പോളാണ് ഒന്ന് ഫ്രീ ആയതു.. അപ്പോൾ അവളും വന്നു...
ഡെലിവറി അടുക്കാറായ ഒരു കേസ് ഉണ്ട്
.. കോംപ്ലിക്കേഷൻസ് ഉള്ളതുകൊണ്ട് അതിനെ ഇടക്കൊന്നു നോക്കണം... . എമർജൻസി ഉണ്ടേൽ വന്നാൽ മതിലോ... അത് പറയാൻ ഞാൻ പുതിയ ഡോക്ടർടെ അടുക്കലേക്ക് ചെന്നു. .. കിരണിനെ കണ്ടു ഒരു നിമിഷം ഞാൻ പകച്ചു....
മെഡിക്കൽ കോളേജിൽ എന്റെ സീനിയർ ആയിരുന്നു... പിന്നെ പഴയ കാമുകൻ എന്നും വേണമെങ്കിൽ പറയാം.... ഒരു മലയോര ഗ്രാമത്തിൽ വളർന്ന എനിക്ക് ഒരു സ്വപ്നം പോലെ ആണ് മെഡിസിൻ കിട്ടിയത് ... അച്ഛൻ കിട്ടാവുന്നോടത്തോളം കടം വാങ്ങി എന്നെ മെഡിക്കൽ കോളേജിൽ ചേർത്തു...കഷ്ടപ്പാടിന്റെ ഇടയ്ക്കു ഒരു ദൈവദൂതനെപ്പോലെ ആണ് അവൻ വന്നത്... പഴയ ബുക്സ്കളും മെറ്റീരിയൽസ് ഉം ഒക്കെ എത്തിച്ചു തന്നിരുന്നത് അവൻ ആയിരുന്നു...
പിന്നീടു എപ്പോഴോ സൗഹൃദം പ്രണയമായി മാറി....ശരീരവും മനസ്സുമായി ഞങ്ങൾ ഒന്നിച്ചു ...അത് അവന്റെ വാശി കൊണ്ട് ആയിരുന്നു എന്നും പറയാം
കുറച്ചു കാലം കഴിഞ്ഞു എല്ലാപ്രണയങ്ങളിലെയും പോലെ അവനും ഒഴിഞ്ഞുമാറി തുടങ്ങി ...." നീ എന്നെ ചതിക്കല്ലായിരുന്നോ"..
." ആണേൽ നിനക്ക് എന്ത് ചെയ്യാൻ പറ്റും.... ഫ്രണ്ട്സനോട് ബെറ്റ് വെച്ചു തുടങ്ങിത്താണു... നീ വെറുതെ സീരിയസ് ആയി.."..."നിനക്ക് വേണമെങ്കിൽ എനിക്ക് ഒരു മാര്യേജ് ആവുന്ന വരെ ഇങ്ങനെ ഒക്കെ പോവാം...""ഒരുമനസാക്ഷിയും ഇല്ലാതെ അവൻ പറഞ്ഞു
"വെറുതെ ആരുന്നേൽ എന്തിനാ നീ.. " മുഴുവിപ്പിക്കാൻ പോലും ആകാതെ കടിച്ചു പിടിച്ചു നിന്നു.
"നീയും കൂടി സമ്മതിച്ചിട്ടല്ലേ....ഇപ്പോ വല്യ പുണ്യവാളത്തി ആവണ്ട....ഞാൻ അല്ലേൽ വേറെ ഒരാൾ .. നിന്നെപ്പോലുള്ള ഗേൾസ്‌ ഇങ്ങനെ ഒക്കെ ആണെന്ന് ഇവിടെ എല്ലാവർക്കും അറിയാം "
പ്രണയം തകർത്തത് സഹിക്കാമായിരുന്നു പക്ഷേ അവന്റെ വാക്കുകൾ എന്നെ മുറിവേൽപ്പിച്ചു.... അറിയാതെ ആണെങ്കിലും എന്റെ കൈ ഉയർന്നു.ജൂനിയർസ് നിന്നത് ഞാൻ ശ്രദ്ധിച്ചുമില്ല .. അവനും ഞാനും ഉള്ള പ്രൈവറ്റ് ഫോട്ടോ ലീക്ക് ആയി... ഒരു കോളേജിന് മുൻപിൽ തന്നെ പരിഹാസ്യ ആയി....മറ്റുള്ളവരുടെ മുന്നിൽ നാണം കേട്ടതിന് അവന്റെ പ്രതികാരം..... . എല്ലാം തീര്ന്നു പോയപ്പോൾ ഇനി ഒരിക്കലും കാണേണ്ടി വരുമെന്നോർത്തില്ല..
"നിനക്കിപ്പോളും മാറ്റമൊന്നുമില്ലല്ലോ... ആർക്കും ഒരു കൊതി തോന്നും... പണ്ടെനിക്ക് തോന്നിയതുപോലെ... "അവൻ എന്റെ അടുക്കൽ വന്നു പതുക്കെ പറഞ്ഞു ..അന്ന് ഞാൻ ദേഷ്യത്തിൽ അവിടുന്ന് ഇറങ്ങി പോന്നു..
പക്ഷേ വീണ്ടും കാരണങ്ങൾ ഉണ്ടാക്കി അവൻ എന്നെ കാണാൻ വന്നു.... വരുമ്പോൾ എല്ലാം പഴയത് ഓർമിപ്പിച്ചു രസിച്ചുകൊണ്ടിരുന്നു.... അവന്റെ ചുഴിഞ്ഞ നോട്ടവും അർത്ഥം വെച്ച ചിരികളും എന്നെ നീറിപുകച്ചു.. ജോലി ഇട്ടിട്ടുപോയാലോ എന്ന് പോലും ചിന്തിച്ചു തുടങ്ങി
ആ ജോലി ഇട്ടിട്ടു പോകുക എനിക്ക് എളുപ്പമായിരുന്നില്ല.... എടുത്താൽ തീരാത്ത കടവും ഒരു കുടുംബത്തിന്റെ ഭാരവും എന്റെ ചുമലിൽ ആയിരുന്നു.... അതുകൊണ്ട് ആണ് നാട്ടിൽ നിൽക്കാതെ അൽപ്പം കൂടുതൽ ശമ്പളം കിട്ടുന്നത് കൊണ്ട് ഇവിടെ തന്നെ നിൽക്കുന്നത്...... ജോലി ഭാരവും മെന്റൽ സ്ട്രെസ് ഉം എന്നെ നന്നായി തളർത്തി.. അപ്പോളാണ് ഹോസ്പിറ്റലിന്റെ ഒരു ചെറിയ യുണിറ്റ് ബെൽഗാമിൽ സ്റ്റാർട്ട്‌ ചെയ്തത്.... മഹാരാഷ്ട -കർണാടക ബോർഡർ ലെ ഒരു ചെറിയ ജില്ല ആരുന്നു അത്....
കിരണിനെ ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗം അതാണെന്ന് എനിക്ക് തോന്നി... ജോലിയും കളയണ്ട.. ഞാൻ ഉടനെ തന്നെ അങ്ങോട്ട്‌ മാറാൻ താല്പ്പര്യം ഉണ്ടെന്ന് ബോർഡ് മെമ്പേഴ്സിനെ അറിയിച്ചു..... ഒരു കുഗ്രാമത്തിലേക്കു മാറുന്നതിനു എല്ലാവരും തന്നെ എന്നെ നിരുത്സാഹപ്പെടുത്തി... എന്റെ സാഹചര്യം മനസ്സിലായത് കൊണ്ടാവും വിനീത ഒന്നും പറഞ്ഞില്ല..... സ്വന്തം നാട്ടിൽ അല്ലെങ്കിൽ പിന്നെ എവിടെ ആയാലും ഒരുപോലെ തന്നെ. ... എന്നാലും അൽപ്പം ആകുലത എനിക്കും ഇല്ലാതെ ഇരുന്നില്ല എന്നില്ല...
വിചാരിച്ചതിനേക്കാൾ ഒരുപാട് നല്ല സ്ഥലമായിരുന്നു അത്... . പക്ഷേ ഗ്രാമപ്രദേശം... എല്ലായിടത്തും ഒരു മലയാളി കാണും എന്ന് പറഞ്ഞതുപോലെ എനിക്ക് ഒരു മലയാളി അധ്യാപകനെ അവിടെ കിട്ടി...സുധീഷ്‌....പാർട്ട് ടൈം സോഷ്യൽ വർക്കർ ഉം ആണ് കക്ഷി...... നിരന്തരമായി ക്ലിനിക്കിൽ ആരെയെങ്കിലും ഒക്കെ ആയി അയാൾ എത്തും... ഗൈനിക് ആണെങ്കിലും ജനറൽ മെഡിസിൻ കൂടി എനിക്ക് പ്രാക്ടീസ് ചെയ്യേണ്ടി വന്നു.... അടുത്തെങ്ങും ഒരു ഹോസ്പിറ്റൽ ഇല്ലത്രെ...
സുധി പെട്ടെന്ന് തന്നെ എന്റെ സുഹൃത്തായി... " ഡോക്ടർക്ക്‌ തിരക്കില്ലേൽ എന്റെ ഒപ്പം ഒരിടം വരെ വരാമോ". ആയിടെ സുധി എന്നോട് ചോദിച്ചു...
അടുത്ത വീക്ക് എൻഡിൽ ഞങ്ങൾ മഹാരാഷ്ട്ര -കർണാടക ബോർഡറിലെ ഒരു ഗ്രാമത്തിൽ എത്തി.... സുധി കുറെ ഭക്ഷണ സമഗ്രഹികളും വസ്ത്രങ്ങളും മരുന്നുകളും എല്ലാം കരുതി ഇരുന്നു.... മെലിഞ്ഞു ഷീണിച്ചു അവശയായ കുറെ സ്ത്രീകളുടെ അടുത്തേക്കാണ് അവൻ എന്നെ കൊണ്ട് പോയത്... മിക്കവാറും പേരും കാൻസർ ബാധിതരോ എച് ഐ വി ബാധിതരോ ആയിരുന്നു... കുഞ്ഞു കുട്ടികൾ പോലും.... ആണുങ്ങളെ ഒന്നും കാണാനും ഇല്ല... പോരാത്തതിനു എയിഡ്സ്.... ഡൌട്ട് തോന്നി സുധിയോടു കാര്യം തിരക്കി....
" അവരു ദേവദാസികൾ ആഹ് ഡോക്ടറെ.. "
ദേവദാസികളെപ്പറ്റി ഞാൻ പണ്ടൊരു ഫീച്ചർ വായിച്ചിരുന്നു.... നൂറ്റാണ്ടുകൾ ആയി തുടർന്ന് വരുന്ന ആചാരങ്ങൾ ആണത്രേ.... യെല്ലമ്മ എന്ന് പറഞ്ഞ ദൈവത്തിന് വിവാഹം കഴിപ്പിച്ചവരാണ് ഇവരിൽ പലരും.... ഇന്ത്യ മുഴുവൻ ഉണ്ടായിരുന്ന ഇവർ ഇപ്പൊ കർണാടക - മഹാരാഷ്ട്ര ബോർഡർ ൽ ഉള്ള ഗ്രാമങ്ങളിലും ഒറ്റപ്പെട്ട വേറെ ചില സ്ഥലങ്ങളിലും മാത്രമാണ് ഇപ്പോൾ ഉള്ളത് ....
അന്ന് മുഴുവൻ ഞങ്ങൾ അവരോടൊപ്പം ചിലവിട്ടു.... പോരുമ്പോൾ എന്തോ വിഷമം തോന്നി.... പിന്നെ എല്ലാ ശനിയാഴ്ചകളിലും ഞാനും അവനോടൊപ്പം മെഡിസിനും മറ്റുമായി പുറപ്പെടും....മാഹി എന്നൊരു കുട്ടിയും ആയി ഞാൻ അങ്ങനെ കൂട്ടായി.... അവളുടെ അമ്മയ്ക്കും എയിഡ്സ് ആണ്..... കോംപ്ലിക്കേറ്റഡ് ആണ് ഇപ്പൊൾ....
ഒരു ദിവസം അവരെന്നോട് അവരുടെ കഥ പറഞ്ഞു ....
അവരുടെ അമ്മയും ദേവദാസി ആയിരുന്നത്രേ... സമൂഹത്തിൽ വേശ്യകളുടെ സ്ഥാനമാണ് അവർക്ക്..... പഴയ കാലങ്ങളിൽ കുറച്ചും കൂടി നല്ല മാന്യത ഉണ്ടായിരുന്നു...
കുഞ്ഞുണ്ടായപ്പോൾ എന്തൊക്കെയോ അസുഖങ്ങളും ആയി ആണ് ജനിച്ചത്‌... മരുന്നിനു കാശ് ഇല്ലാത്തതുകൊണ്ട് അവരുടെ അമ്മ കുഞ്ഞിനേയും കൊണ്ട് പുരോഹിതന്റെ അടുക്കൽ ചെന്നു... കുഞ്ഞിനെ യെല്ലമ്മക്ക് നേർന്നാൽ എല്ലാം ശരി ആവുമെന്ന് അയാൾ പറഞ്ഞു... അത് അനുസരിച്ച് അവർ കുഞ്ഞിനെ അടുത്തുള്ള യെല്ലമ്മയുടെ ക്ഷേത്രത്തിൽ സമർപ്പിച്ചു....
അഞ്ചു വയസായപ്പോൾ അവളെ അമ്മ ക്ഷേത്രത്തിൽ കൊണ്ട് വിട്ടത്രേ....പോവണ്ട എന്ന് പറഞ്ഞു കരഞ്ഞ അവളെ കുറെ മധുരപലഹാരങ്ങൾക്ക് നടുവിൽ ഇരുത്തി മുറി പൂട്ടി ...
കുഞ്ഞായതുകൊണ്ട് അതൊക്കെ കിട്ടിയപ്പോൾ എല്ലാം മറന്നു.... മഞ്ഞൾ പുരട്ടി ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിപ്പിച്ച്.. പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ച് ഗ്രാമവാസികൾ അവളെ ഒരുക്കി...ദാരിദ്ര്യത്തിന്റെ നടുവിൽ അതൊക്കെ കിട്ടിയപ്പോൾ സന്തോഷം ആയി.... ഗ്രാമക്കുളത്തിലെ വെള്ളം പൂക്കൾക്കൊണ്ടു അലങ്കരിച്ച ഒരു ചെമ്പ് കുടത്തിലാക്കും ... അത് ചുമന്നു നടന്നു വേണം അത്രേ ക്ഷേത്രത്തിൽ എത്താൻ...
"ക്ഷേത്രത്തിൽ എത്തുന്നതിനു മുൻപ് ക്ഷേത്ര കുളത്തിൽ കുളിപ്പിച്ച് ആര്യവേപ്പിന്റെ ഇലകൾ കൊണ്ട് ഉണ്ടാക്കിയ വസ്ത്രം ധരിപ്പിച്ചു...... ആ ചെമ്പ് കുടവും തലയിൽ വെപ്പിച്ചാണ് എന്നെ കുന്നിൻ മുകളിലെ അമ്പലത്തിലേക്ക് കൊണ്ട് പോകുന്നത്..ക്ഷേത്രത്തിനു ചുറ്റും ഇങ്ങനെ മൂന്നു തവണ ചുറ്റിക്കും... പിന്നെ പുരോഹിതന്റെ അടുക്കൽ കൊണ്ട് പോകും . . അയാൾ കുറെ പഴങ്ങൾ നിറച്ച താലങ്ങൾക്ക് നടുവിൽ ഇരുത്തി പൂജ ചെയ്യും ..പിന്നെ ചുവപ്പും വെള്ളയും നിറമുള്ള ഒരു ചരട് കെട്ടി... പിന്നെ എന്റെ ഉത്തരവാദിത്തങ്ങളെപ്പറ്റി പറഞ്ഞു "അവർ തുടർന്നു..
"ആർക്കു വേണമെങ്കിലും ഭാര്യയായി നിന്നെ ആവശ്യപ്പെടാം... ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും യോഗികളുടെ ഒപ്പം ഭിക്ഷാടനത്തിനു പോകണം... അഞ്ചു ജന്മിഗൃഹങ്ങളിൽ എങ്കിലും കുറഞ്ഞത്‌.... വിശന്നാൽ ആരോടും ഭക്ഷണം ചോദിക്കരുത്... മരണം കൊണ്ട് വേർപ്പിടുന്ന വരെ നീ ഇങ്ങനെ ആയിരിക്കണം... ആരെങ്കിലും അഭയം ചോദിച്ചാൽ നീ കൊടുക്കണം..... ഇതൊക്കെ എന്താണെന്നു പ്രായമായപ്പോൾ ആണ് എനിക്ക് മനസിലാകുന്നത്....ഇതെല്ലാം കഴിഞ്ഞാൽ ദേവദാസി ആയി."".......
പുലർച്ചെ എണിറ്റു ക്ഷേത്രം വൃത്തിയാക്കലും പ്രാർഥന ഗാനങ്ങൾ ആലപിക്കൽ ഒക്കെ ആയിരുന്നു അപ്പോഴത്തെ ചുമതലകൾ.... പക്ഷേ കുട്ടിയായ തനിക്കു വീട്ടിൽ പോണായിരുന്നു...കുട്ടികൾക്ക് ഒപ്പം കളിക്കണമായിരുന്നു ... ക്ഷേത്രചര്യകൾ തീരെ ഇഷ്ടമായിരുന്നില്ല.... പക്ഷേ അമ്മ ഒരിക്കലും കൂട്ടിക്കൊണ്ടുപോയില്ല.... അങ്ങനെ പതിനൊന്നു വയസായപ്പോൾ വയസറിയിച്ചു...
വയസറിയിച്ചു കഴിഞ്ഞാൽ ആദ്യം അവളെ പ്രാപിക്കുക പ്രധാന പുരോഹിതനാണ്...അങ്ങനെ ആണ് ആചാരം ... പക്ഷേ....അത് നാട്ടുപ്രമാണികളിൽ കൂടുതൽ പണം കൊടുക്കുന്ന ആൾക്കാവും മിക്കപ്പോളും....എന്നെയും അതുപോലൊരു ജന്മി ആയിരുന്നു...പിന്നെ പലരും ... അവർ ഇറ്റിറ്റു വീഴുന്ന കണ്ണ് നീരിനൊപ്പം പറഞ്ഞു നിർത്തി.....
അവർക്ക് മാഹി മാത്രമേ കുട്ടിയായി ഉണ്ടായിരുന്നുള്ളു.... സുധിടെ സ്ടുടെന്റ്റ്‌ ആരുന്നു അവൾ... കുറച്ചു കാലം കഴിഞ്ഞപ്പോൾ അവൾ പഠനം നിർത്തി.... അത് അന്വേഷിച്ചു ചെന്നാണ് സുധി ഇവരെ പറ്റി അറിയുന്നത്.... ദേവദാസിടെ മകളും ദേവദാസി ആണത്രേ..... ദേവദാസി ആചാരം നിർത്തലാക്കി എങ്കിലും ഇന്നും സമൂഹം ആ കണ്ണോടു കൂടി ആണ് നോക്കുന്നത്....
അവരെ സമാധാനിപ്പിച്ചു ഞാൻ മറ്റു ആളുകളുടെ അടുക്കലേക്കു നടന്നു.... മിക്കവരുടെയും കഥകൾ ഇങ്ങനെ ഒക്കെ തന്നെ ആണ്.... ആദ്യമായി ദേവദാസികളെ വരിക്കുന്നതു യശസായിആണ് ഇവിടുള്ളവർ കാണുക... ദൈവത്തിന്റെ പേരിൽ ഉള്ള വേശ്യാവൃത്തി.... പക്ഷേ ഇവർക്ക് സ്വന്തമായി കിട്ടുന്നത് എയിഡ്സ് ഉം അതുപോലുള്ള അസുഖങ്ങളും ദാരിദ്രവും... പിന്നെ അച്ഛൻ ആരാണെന്നറിഞ്ഞും അതില്ലാണ്ട് ജീവിക്കേണ്ടി വരുന്ന കുറെ കുട്ടികളും...
പിന്നീടൊരിക്കൽ ചെന്നപ്പോൾ മാഹിയെ ആരോ ഉപദ്രവിച്ചു എന്നറിഞ്ഞു .... പോലീസ് ന്റെ അടുക്കൽ ഞങ്ങൾ കംപ്ലൈന്റ്റ്‌ കൊടുക്കാൻ ചെന്നു... അവരുടെ മറുപടി ആണ് എന്നെ വീണ്ടും ഞെട്ടിച്ചത്
"ഇവർ ദേവദാസികൾ ആയതുകൊണ്ടാണ് ഉപദ്രവിക്കുന്നത്... പിന്നെ ഇവർക്ക് ഇത് പുതുമ അല്ലല്ലോ... മാഡം ഇതിൽ ഇടപെടണ്ട "...
മാഹി ഒരു കൊച്ചു പെണ്കുട്ടി ആണ്... അവളെ പോലും ആ രീതിയിൽ... കഷ്ടം... ഒരുവിധത്തിൽ കംപ്ലൈന്റ്റ്‌ കൊടുത്തു.... പക്ഷേ പോലീസ് കാരുടെ വർത്തമാനത്തിൽനിന്നു അവരൊന്നും ചെയ്യില്ല എന്ന് മനസ്സിലായി.... ഇറങ്ങുമ്പോൾ ഒന്നും ചെയ്യാൻപറ്റാതെ പോയതിന്റെ അമർഷവും കുറ്റബോധവും എന്നെ വേട്ടയാടി.....
"സാരമില്ല ഡോക്ടറെ... മുൻപും അവരു ഇങ്ങനെ തന്നെയാ പ്രതികരിക്കാറ്..... "മാഹി പറഞ്ഞു....
അവൾ പെട്ടെന്ന് വലുതായതുപോലെ തോന്നി.... പാവം !!!
ഒരുക്കണക്കിനു പറഞ്ഞാൽ ഞാനും മാഹിയും ആ സ്ത്രീകളും എല്ലാം ഒരുപോലെ അല്ലേ... അനീതിക്കെതിരെ ഒന്ന് വിരൽ ചൂണ്ടിയാൽ.... മറക്കാനാഗ്രഹിക്കുന്ന തെറ്റുകളുടെ അഗ്നിയിൽ വെന്തുരുകുവാൻ ഈ സമൂഹം വിധിക്കുന്നവർ... ഇന്നും ഈ സമൂഹം എന്തേ സ്ത്രീകളെ മാത്രം വേട്ടയാടുന്നത് എന്ന ചോദ്യം മറുപടി ഇല്ലാതെ കിടന്നു.. കപട സദാചാരത്തിന്റെ മറവിൽ വേട്ടയാടപ്പെടുന്ന ഒരുപറ്റം മാത്രം ആയി.....
ഏകദേശം ഒരു വർഷത്തോളം ഞാൻ അവരോടൊപ്പം ബൽഗാമിൽ ആയിരുന്നു.. മാഹിയെ എന്റെ ഒപ്പം നിർത്തി വീണ്ടും പഠിക്കാൻ വിട്ടതും ഇടക്ക് അവരുടെ ഒപ്പം ചിലവഴിച്ചതും അല്ലാതെ പ്രത്യേകിച്ച് ഒന്നും എനിക്ക് ചെയ്യാൻ പറ്റിയില്ല...അങ്ങനെ ഇരിക്കെ ആണ് എനിക്ക് അച്ഛന് സുഖം ഇല്ലാതെ നാട്ടിലേക്കു പോകേണ്ടി വരുന്നത്...
ചെന്നു അധികം താമസിക്കാതെ അച്ഛൻ മരിച്ചു....അമ്മയുടെ നിർബന്ധം കൊണ്ട് കർണാടകയിൽ നിന്നും ഞാൻ കേരളത്തിലേക്ക് മാറി....സത്യം പറഞ്ഞാൽ ഞാൻ പിന്നെ കർണാടകയിൽ പോയില്ല എന്നതാണ് സത്യം... വിനീതയും സുധിയും ആണ് എന്റെ ഡോക്യൂമെൻറ്സും സാധനങ്ങളും തിരിച്ചെത്തിച്ചത്...തിരിച്ചു ചെന്നാൽ അവിടം വിട്ടു പോരാൻ എനിക്ക് വിഷമം ആവും.... പിന്നെ കിരൺ..... അവൻ അപ്പോഴും എവിടെയോ നീറി പുകഞ്ഞു..... ഞാൻ അത്രക്കും മോഡേൺ അല്ലായിരുന്നു മനസ്സുകൊണ്ട്......
ഞാൻ ഇടുക്കിലെ ഒരു ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു..അതുകൊണ്ട് ആഴ്ചയിൽ ഒരിക്കൽ എനിക്ക് വീട്ടിൽ എത്തി അമ്മയുടെ കാര്യങ്ങൾ അന്വേഷിക്കാനും പറ്റി... സുധി ബെൽഗാമിൽ തന്നെ തുടർന്നു..താമസിക്കാതെ അവനും തിരികെ വരാൻ സാധ്യത ഉണ്ട്.. വിവാഹക്കാര്യം മുറുകുന്നുണ്ടത്രേ ...മാഹിയുടെ പഠനത്തിനുള്ള തുക അവൻ വഴി ഞാൻ അവർക്ക് എത്തിച്ചു കൊടുത്തു ... അവിടുത്തെ വിവരങ്ങളും മുറപോലെ അവൻ എന്നെ അറിയിച്ചു കൊണ്ടിരുന്നു... ഇടയ്ക്കു മാഹി എന്നെ വിളിച്ചു തിരികെ വരാൻ പറഞ്ഞു ചിണുങ്ങും...
അനിയത്തിമാരുടെ പഠനം കഴിയാറായി.... അമ്മ എന്നെ കല്യാണത്തിന് നിർബന്ധിച്ചു തുടങ്ങി.... അനിയത്തിമാര് ഞാൻ അറിയാതെ മാട്രിമോണിയിൽ രജിസ്റ്റർ ചെയ്തതുകൊണ്ട് എവിടുന്നൊക്കെയോ കുറെ കല്യാണആലോചനകളും വന്നു ...പലരെയും ഞാൻ പലതും പറഞ്ഞു ഒഴിവാക്കും... ഇല്ലെങ്കിൽ കാൾ കട്ട്‌ ചെയ്യും......ഇതിങ്ങനെ തുടർന്നതുകൊണ്ടാവാം അമ്മ അമ്മയുടെ അവസാനത്തെ വിദ്യ പ്രയോഗിച്ചത്.... അമ്മയുടെ കണ്ണിൽ കണ്ണീരു കണ്ടതുകൊണ്ടു ഞാനും തീരുമാനിച്ചു... ഇനി ആരു വന്നാലും ശരി അവനെ എനിക്കിഷ്ടമാണെന്നു പറയും....പക്ഷേ മനസാക്ഷി ഇടക്ക് കുത്തി.... ആരായാലും തുടക്കം മുതൽ ഒടുക്കം വരെ ഒരു നാടകം ആവും....പിന്നെ ഒരു കള്ളം കൊണ്ട് എന്ത് മാറ്റം ഉണ്ടാകാൻ ആണ്......
എന്റെ വിവാഹാലോചന മുറുകി വന്നു തുടങ്ങി..... പലർക്കും ആദ്യം ഇഷ്ടം ആണെന്ന് പറഞ്ഞാലും പലകാരണങ്ങളും പറഞ്ഞു പിന്നെ മുടക്കും...... ഒരു കൂട്ടർ എന്തായാലും മുഖത്തു നോക്കി തന്നെ പറഞ്ഞു ഒരുത്തന്റെ കൂടെ പോയവളെ അവർക്ക് വേണ്ട എന്ന്..... അമ്മ ശരിക്കും തകർന്നുപോയി ഇതെല്ലാം കേട്ട്.....ഇപ്പോഴത്തെ ട്രെൻഡ് പഠിച്ച കോളേജിൽ അന്വേഷിക്കൽ ആയതുകൊണ്ട് ഒന്നും ഞാൻ പറയാതെ തന്നെ എല്ലാം അവരറിഞ്ഞു......
എന്റെ വിവാഹം ആലോചിച്ചു നടന്നില്ലെങ്കിലും എന്റെ അനിയത്തിമാര് രണ്ടു സുന്ദരക്കുട്ടന്മാരെ തപ്പി എടുത്തു കല്യാണം കഴിച്ചു.....
ഇതിനിടയിൽ ഇൻഫെർട്ടിലിറ്റിയിൽ സ്പെഷലൈസ് ചെയ്യുന്ന ഒരു ഹോസ്പിറ്റലിലേക്ക് ഞാൻ മാറി... അതെന്റെ ജീവിതത്തിന്റെ റ്റേർണിങ് പോയിന്റ്‌ ആയിരുന്നു.....
അധികം ആവുന്നതിനുമുന്പ് തന്നെ ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ് എന്ന പേരിൽ ഞാൻ ഫേമസ് ആയി..... ഒരുപാട് അടി കിട്ടിയത് കൊണ്ട് ജീവിതത്തിൽ ദൈവമായി കൊണ്ട് വന്നു തന്ന അവസരമായിരുന്നു.... ചിലപ്പോൾ ചെയ്ത ഒരു തെറ്റു തിരുത്താനും.....
ഒരുപാട് കാലമായി കുട്ടികൾ ഇല്ലാത്തവരും അബോർഷൻ ആയി പോകുന്നവരും അങ്ങനെ പല ക്യാറ്റഗറിയിൽ പെട്ടവർ ഉണ്ടായി എന്നെ തേടി എത്തുന്നവരിൽ..... എന്നെ കാണുമ്പോൾ ഉള്ള ആ പ്രതീക്ഷയെ ഒരു പുഞ്ചിരിച്ച മുഖത്തോടെ ഞാൻ സ്വീകരിച്ചു.... പക്ഷേ ഉള്ളിന്റെ ഉള്ളിൽ ഞാൻ തെങ്ങുന്നതു ആരും അറിഞ്ഞു കാണില്ല...
കുറച്ചു കാലം കഴിഞ്ഞു ഒരു യുവതി എന്നെ കാണാൻ വന്നു...വിവാഹം കഴിഞ്ഞു നാലു വർഷം ആയത്രേ കുട്ടികൾ ഇല്ല..... അവരും ഒരു ഡോക്ടർ ആണ്.... ടെക്നിക്കൽ ടെർമിസിൽ എക്സ്പ്ലൈൻ ചെയ്തപ്പോളെ എനിക്ക് തോന്നിയിരുന്നു.... ഭർത്താവുമായി ഈ കാരണത്താൽ ചേർച്ച ഇല്ലാന്ന് അവരുടെ സംസാരത്തിൽ നിന്നും എനിക്ക് തോന്നി... കൂടാതെ രണ്ടു തവണയും ഒറ്റക്കാണ് വന്നത്.... സാധാരണ ഇങ്ങനത്തെ കേസിൽ രണ്ടുപേരും ഒരുമിച്ചാവും വരുക...കൂടാതെ അവരുടെ മുഖത്തെ മായാത്ത പുഞ്ചിരി എനിക്ക് അവരോടു ഒരു അടുപ്പം ഉണ്ടാക്കി... എന്തായാലും അടുത്ത തവണ ഭർത്താവിനൊപ്പം വരണമെന്ന് പറഞ്ഞു അയച്ചു.....
അവർ അടുത്ത തവണയും ഒരു പുഞ്ചിരിച്ച മുഖത്തോടുകൂടി കടന്നു വന്നു.... പിന്നിൽ പിൻതുടർന്നു വന്നത് കിരൺ ആണെന്ന് എനിക്ക് മനസ്സിലായി.... അവന്റെ മുഖത്തു എന്നെ കണ്ടതിന്റെ ആ നിരാശയും ചമ്മലും പ്രകടമായിരുന്നു....അവൻ ഫാമിലിയിലെ ഈ പ്രശ്നങ്ങൾ കൊണ്ടാവാം വല്ലാതെ പ്രായമായതു പോലെ...ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ അവരുടെ പ്രശ്നങ്ങൾ എല്ലാം കേട്ടു.....
അന്ന് വെകുന്നേരം കിരൺ എന്നെ ഫോണിൽ വിളിച്ചു.... അയാളുടെ ഭാര്യയുടെ അവസാനത്തെ പ്രതീക്ഷ ആണ്... പഴയത് മനസ്സിൽ വെച്ചു പെരുമാറരുത് എന്ന് പറഞ്ഞു...... ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ ഞാൻ എല്ലാം ചെയ്യും അവർക്ക് വേണ്ടി എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു......
ഓരോ മാസം വരുമ്പോളും അവരുടെ മുഖത്തു നിരാശ കലർന്നിരുന്നു...... എന്റെ കാര്യവും അതുപോലൊക്കെ തന്നെ ആയിരുന്നു.... തുടർച്ചെ ഉള്ള വിവാഹം മുടങ്ങലും നാട്ടുകാരുടെ കുത്തുവാക്കുകളും.... അതുകൊണ്ട് ഞാനും ആഴ്ചയിൽ ആഴ്ചയിൽ ഉള്ള പോക്കു നിർത്തി...അമ്മയെ ഇടക്ക് ഇങ്ങോട്ട് കൊണ്ട് വരും ... കൂടാതെ എന്റെ അനിയത്തിമാർക്കു ഒന്നും രണ്ടും വീതം കുട്ടികളും ആയി.....
പിറ്റേ തവണ കിരണും ഭാര്യയും അത്യന്തം സന്തോഷത്തോടെ ആണ് എന്നെ കാണാൻ വന്നത്..... ആ തവണ കിരൺ എന്നോട് അവരു കാണാതെ മാപ്പ് പറഞ്ഞു.... അവൻ ആണ് ആ കുഞ്ഞു വരുന്നതിൽ ഏറ്റവും ഹാപ്പി എന്ന് എനിക്ക് മനസ്സിലായി.... ഞാൻ ട്രീറ്റ്‌ ചെയ്യുന്നവരുടെ പ്രഗ്നൻസിയും ഞാൻ തന്നെ ആണ് നോക്കാറ്.... അവരു കൃത്യമായി എല്ലാമാസവും വന്നു ചെക്ക്അപ്പ്‌ ചെയ്യും.... ഒരു ദിവസം വൈകുനേരം കിരൺ പതിവില്ലാതെ എന്നെ വിളിച്ചു... അയാളുടെ ഭാര്യ ഒന്ന് വീണു.... വാട്ടർ പോയി ... പെട്ടെന്ന് ഹോസ്പിറ്റലിൽ വരുമോ എന്ന് ചോദിച്ചു..... അവർക്കു ഏഴുമാസം ആയിരുന്നു.....
ഞാൻ ചെല്ലുമ്പോൾ കോംപ്ലിക്കേഷൻ ആയിരുന്നു അവർക്ക്..... സിസേറിയൻ ചെയ്തു കുട്ടിയെ ഞങ്ങൾ എടുത്തു...ഒരു നല്ല സുന്ദരക്കുട്ടനായിരുന്നു ... അവർക്കും സാരമായ പരുക്കുണ്ടായിരുന്നു കുട്ടിക്കും....വീഴ്ചയിൽ അവന്റെ നെഞ്ചിനു ക്ഷതമേറ്റിട്ടുണ്ടായിരുന്നു.....
ഒന്നരമണിക്കൂറേ ആ കുഞ്ഞു ജീവിച്ചുള്ളു.... കിരൺ ആ കുഞ്ഞിനേയും പിടിച്ചു കരഞ്ഞത് കണ്ടു നിൽക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.....
തിരികെ നടക്കുമ്പോൾ ഓർത്തു..... ഒരിക്കൽ ഞാൻ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞപ്പോൾ ഇവൻ എന്നോട് മിണ്ടാതെ ആയി....ഒരുപാട് കഷ്ടപ്പെട്ട് ഒരു ദിവസം ഇവനെ കണ്ടപ്പോൾ ... ഒരുമനസാക്ഷി ഇല്ലാതെ ആണ് അതിനെ അങ്ങ് അബോർട് ചെയ്യ് ന്ന്‌ പറഞ്ഞത്.....
ആ അവനാണ് ഇന്നു ഒരു കൊച്ചുകുഞ്ഞിനെപ്പോലെ നിലവിളിക്കുന്നത്..നാലുമാസം ഞാൻ അതിനെ കൊണ്ട് നടന്നു....വേറെ വഴിയില്ലാത്തതുകൊണ്ടു ഞാൻ അതിനെ ഇല്ലാതാക്കിത്.. വിനീത ആണ് അന്നെന്നെ സഹായിച്ചത്...ഒരാൺകുഞ്ഞായിരുന്നത്രെ .... അന്നെന്റെ കുഞ്ഞും ഇതിനെക്കാൾ കരഞ്ഞിട്ടുണ്ടാവും....വിധി ഞങ്ങളെ രണ്ടിനെയും ആ കൂട്ടിൽ വീണ്ടും കൊണ്ട് നിർത്തിയിരിക്കുന്നു.....
ഇവടേം ഞാൻ മടുത്തു തുടങ്ങി .. കുറെ കാലത്തിനു ശേഷം ഞാൻ വീണ്ടും സുധിയെ വിളിച്ചു.... അവൻ മാഹിയെപ്പറ്റി വാതോരാതെ പറഞ്ഞു.... അവൾ സ്കോളർഷിപ് കിട്ടി കാനഡ പോവ്വാണത്രെ.....അവൻ എന്റെ വിവാഹത്തെപറ്റി ചോദിച്ചു.... ഞാൻ എല്ലാം തുറന്നു പറഞ്ഞു.... എനിക്കും എന്റെ ഫ്രുസ്റുയേഷൻ മാറാൻ അതാവശ്യം ആയിരുന്നു.....
എല്ലാം കേട്ടിട്ട് അവൻ എന്നോട് ചോദിച്ചു...
"ഡോക്ടർക്ക്‌ ബുദ്ധിമുട്ടില്ലേൽ ഞാൻ വിവാഹം കഴിക്കട്ടെ.. "
അമ്മയോട് അനുഗ്രഹം വാങ്ങി അയാളുടെ ഭാര്യ ആയി ഇറങ്ങുമ്പോൾ.... ജാതിയും മതവും സാധാചാരത്തിന്റെ വേലിക്കെട്ടുകളും അഴിഞ്ഞു വീഴുകയായിരുന്നു.....
സാമൂഹിക വ്യവസ്ഥകൾക്ക് മുൻപിലും നീതിയുടെ മുൻപിലും തെറ്റുകാരായ ആ സ്ത്രീകൾക്ക് ഒപ്പം ജീവിക്കാൻ ഞങ്ങൾ തീരുമാനിക്കുമ്പോൾ ഒന്നുറപ്പുണ്ടായിരുന്നു സ്നേഹിച്ചില്ലെങ്കിലും കുറ്റപ്പെടുത്തില്ല എന്ന്.... ശരിയുടെ തുലാസിൽ തൂക്കില്ല എന്ന്......
ഈ സമൂഹം മുറിവുകളെ വീണ്ടും കുത്തിനോവിക്കുന്നത് എന്തിനാണെന്ന് എന്തുകൊണ്ടോ ഇന്നും അറിയില്ല.....നമ്മളുടെ ഈ എരിവും പുളിയും കലർന്ന കൊച്ചുവാർത്തമാനങ്ങളിൽ ഒരാളുടെ മാനവും അഭിമാനവും തുലാസ്സിൽ തൂക്കപ്പെട്ടില്ലായിരുന്നെങ്കിൽ അവരും ജീവിതത്തിലേക്ക് തിരികെ വന്നേനെ എന്ന് തോന്നുന്നു...
തെറ്റിനെ തെറ്റുകൊണ്ടു ക്രൂശിക്കുമ്പോൾ അല്ലല്ലോ ശരിക്കൊണ്ടു ചേർത്തുപിടിക്കുമ്പോൾ അല്ലേ നമ്മൾ മനുഷ്യരാവുന്നത്......
(വേറൊരു പേരിൽ ഞാൻ എഴുതിയ ഒരു പഴയ പോസ്റ്റ്‌ കുത്തിപ്പൊക്കിയത്... പറഞ്ഞു അറിഞ്ഞ ഒരു കഥ.. അതുകൊണ്ട് തന്നെ കാലഘട്ടങ്ങൾ വരുത്തിയ ചില മാറ്റങ്ങൾ സ്ഥലങ്ങളിൽ ഉണ്ടാകും )
Shilpa Anie Elias

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo