"ആനി !!"
നരവീണ കണ്ണുകളിൽ എന്നെ തിരിച്ചറിഞ്ഞതിന്റെ പ്രസരിപ്പുണ്ടായിരുന്നു ....
"സിസ്റ്റർ എന്നെ മറന്നില്ല അല്ലേ.. !!"
പുഞ്ചിരിച്ചു കൊണ്ട് ഞാൻ തിരിച്ചു ചോദിച്ചു...
"മൈ ലിറ്റിൽ ഗേൾ...ബഡി ഹോ ഗയി.."
അവരെന്റെ വളർച്ചയിൽ അഭിമാനിക്കുന്നുണ്ടായിരുന്നു...
കാലങ്ങൾക്ക് മുൻപ് ഈ കയ്യും പിടിച്ചു ഒരുപാട് നടന്നിട്ടുണ്ട്... ബൈബിളിനൊപ്പം മഹാഭാരതവും രാമായണവും പഠിപ്പിച്ചതും ബുക്കുകളെ എനിക്ക് പരിചയപ്പെടുത്തിയതും ഈ ചുളിവ് വീണ കൈകൾ ആയിരുന്നു ....
വീണ്ടും സ്കൂളിന്റെ നനുത്ത ഇടനാഴികളിൽ കൂടി നടന്നകലുമ്പോൾ ഒരു ഉന്മാദം ...പണ്ട് ഞാൻ വേച്ചുപോകാതെ പിടിച്ച ആ കൈകളെ ഒരിക്കൽ കൂടി പിടിച്ചു നടന്നപ്പോൾ ഒരു പ്രത്യേക അനുഭൂതി ...
ഇടനാഴികളിൽ എന്റെ സാരിത്തലപ്പുകൾ ഇഴയുമ്പോൾ വീണ്ടും ഞാൻ ഓടിനടന്ന ആ കൽക്കെട്ടുകൾ എന്നോട് എന്തൊക്കെയോ ഓതുന്നുണ്ടായിരുന്നു.... ചിലപ്പോൾ ഒരിക്കൽ കണ്ട സ്വപ്നങ്ങളെക്കുറിച്ചാവാം...
"മമ്മാ.. !!"
പിന്നിൽ നിന്ന് എന്നെ കെട്ടിപ്പിടിച്ച കൈകൾ നോക്കി ഞാൻ പിന്തിരിഞ്ഞു നോക്കി....
മാലാഖക്കുഞ്ഞു പോലൊരു പെൺകുട്ടി ആയിരുന്നു അത്...കണ്ടിട്ട് നോർത്ത്ഇന്ത്യൻ പെൺക്കുട്ടിയെ പോലുണ്ടായിരുന്നു .
"നിന്റെ സൈസ് കണ്ടാൽ ഇതുപോലൊന്നിന്റെ അമ്മ ആണെന്നൊക്കെ പറയും.."
കൂടെ വന്ന എന്റെ സുഹൃത്ത് എന്നെ കളിയാക്കി....
എന്റെ മുഖം കണ്ടിട്ടാണെന്ന് തോന്നുന്നു ആ കുഞ്ഞിന്റെ മുഖം വാടി...
"ആപ് മേരി മമ്മ നഹീ ഹോ !! സോറി !!"
അവളുടെ നക്ഷത്രക്കണ്ണുകളിൽ കണ്ണീർ തുളുമ്പി നിന്നു.....
അവളുടെ കവിളിൽ ഒന്ന് തലോടിയപ്പോളേക്കും ആ കണ്ണ് നിറഞ്ഞു തുളുമ്പി ഒഴുകിയിരുന്നു... എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ അവൾ എങ്ങോട്ടോ ഓടി പോയി...
ബോർഡിങ് സ്കൂൾ ജീവിതത്തിൽ ഒരു കാത്തിരുപ്പുണ്ട്....ആരും വരില്ലെന്നറിഞ്ഞും ഈ ഇടനാഴികളിൽ പലപ്പോഴും താനും കാത്തിരുന്നിട്ടുണ്ട്... ഒരു കാറിന്റെ ശബ്ദം കേട്ടാൽ നെഞ്ചിടിച്ചിരുന്ന ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്...
അതുപോലൊരു കാത്തിരുപ്പ് ആയിരുന്നിരിക്കാം ആ കുഞ്ഞിന്റെയും....
"ആ കുട്ടി ഏതാ സിസ്റ്റർ !"
" വന്നിട്ട് കുറച്ചായുള്ളു... ഒരുമാസം... പേരന്റ്സ് ഓസ്ട്രേലിയയിൽ ആണ്... "
അവർ എന്നോട് പറഞ്ഞു നിർത്തി...
"പേര് !!"
"നിന്റെ പേര് തന്നാണ്....ആൻ !!"
അവളെ ഒന്നൂടി കാണാൻ എന്തിനോ മനസ്സ് വെമ്പി...
സ്കൂളിനോട് ചേർന്ന് ഒരു മഠം ഉണ്ട്... അവിടെ എന്നെക്കാത്തു നരവീണ വേറെയും ചില മുഖങ്ങൾ ഉണ്ടായിരുന്നു... ഞങ്ങളെ കണ്ടാവാം അവരുടെ കണ്ണുകളിൽ ഒരു പുതിയ പ്രകാശം പരന്നു ...
എന്റെ സുഹൃത്തുക്കൾ ആ അമ്മമാരോട് കത്തി വെയ്ക്കുമ്പോൾ ഞാൻ ചുമ്മാ ഇറങ്ങി നടന്നു... പിന്നിട്ട വഴികളിലൂടെ വീണ്ടും....
നടന്നു നടന്നു ഫുട്ബോൾ കോർട്ടിൽ എത്തിയപ്പോൾ മഞ്ഞയും പച്ചയും ജേഴ്സി അണിഞ്ഞ കളിക്കാരിലേക്ക് ഭ്രാന്തമായി കണ്ണും നട്ടു ആ കുഞ്ഞുസുന്ദരി ഇരിപ്പുണ്ടായിരുന്നു....
അവൾ എന്നെ കണ്ട് പാളി നോക്കി എങ്കിലും വീണ്ടും ശ്രദ്ധ അവരിലേക്ക് തന്നെ കേന്ദ്രികരിച്ചു...
അടുത്തുപോയിരുന്നിട്ടും അവൾ ശ്രദ്ധിക്കാത്തതുകൊണ്ട് ഞാൻ ചെറുതായി ചുമച്ചു അവളുടെ ശ്രദ്ധ എന്നിലേക്ക് ആകർഷിച്ചു....
അവളുടെ കണ്ണുകൾക്ക് ഒരു കാന്തികശക്തി ഉണ്ടായിരുന്നു...
അവളുടെ ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരി വിടർന്നു....
അവളുടെ ഭാഷയിൽ ഞങ്ങൾ കുറേ നേരം സംസാരിച്ചു... അവളുടെ കണ്ണുകളിൽ ഞാൻ എന്നെ തന്നെയായിരുന്നു കണ്ടത് ... ഒരു പതിനെട്ടു വർഷം മുൻപ് ഞാൻ എന്തായിരുന്നോ അത് തന്നെയാണ് അവൾ എന്നെനിക്ക് തോന്നി ....
ആദ്യമായി എന്നെ 'ആമി' എന്ന് വിളിക്കുന്നത് അവൾ ആണ്...ആ കുറച്ച് മണിക്കൂറുകളിൽ ഞങ്ങൾ പെട്ടെന്ന് അടുത്തു ...തിരികെ പോരാൻ ഞാൻ കാറിലേക്ക് കയറുമ്പോൾ വിങ്ങുന്ന ഒരു കുഞ്ഞ്മുഖം എന്നെ പിന്തുടരുന്നുണ്ടായിരുന്നു ..
സെന്റ് തോമസ്മൗണ്ടിലെ വീട്ടിൽ ജോലി ക്ഷീണം കാരണം തളർന്നു ഉറങ്ങുന്നതിനിടയിൽ പലപ്പോളും ആ മുഖം എന്നെ തേടി എത്തിക്കൊണ്ടിരുന്നു...പല രാത്രികളിലും എന്റെ ഉറക്കം നഷ്ടപ്പെട്ടു....
സ്വപ്നങ്ങളിൽ വിചിനമായ ഇടനാഴിയിൽ ആമി എന്ന് വിളിച്ചുകരയുന്ന ആ കുഞ്ഞിന്റെ തേങ്ങലുകൾ ഉയർന്നു....ഒരിക്കൽ അമ്മയെ താൻ വിളിച്ചു കരഞ്ഞത് പോലെ
അന്നൊരു ശനിയാഴ്ച ആയിരുന്നു ആകെപ്പാടെ കിട്ടുന്ന ഒരു ലീവ് ദിവസം... ഞാൻ സിസ്റ്റർനെ വിളിച്ചു . അവളോട് സംസാരിക്കണം എന്ന് പറഞ്ഞു..
അവൾ എന്നോട് ആദ്യമായി പറഞ്ഞു... എനിക്ക് അവളുടെ അമ്മയുടെ മണം ആണെന്ന്...പുറകിൽ നിന്ന് നോക്കുമ്പോൾ അമ്മയെ പോലെയാണെന്ന്.. അങ്ങോട്ട് വരുമോ എന്ന്...അവളുടെ ഏങ്ങലുകളുടെ സ്വരം ഉയർന്നു കേട്ടുകൊണ്ടിരുന്നു ....
പിന്നീട് എനിക്ക് ഒന്നും ആലോചിക്കാൻ ഇല്ലായിരുന്നു... ചെന്നൈയിലെ ഒരു എംൻസിയിൽ ഉണ്ടായിരുന്ന നല്ലോരു ജോലിയും കളഞ്ഞു ഞാൻ അങ്ങോട്ട് വണ്ടി കയറി... അവിടെ അടുത്തുള്ള ഒരു എഞ്ചിനീയറിംഗ് കോളേജിൽ എംഇക്ക് അഡ്മിഷനും എടുത്തു...
തോന്നലുകളിൽ ജീവിക്കുന്ന ഒരാളാണ് ഞാൻ... ആരൊക്കെ തടഞ്ഞാലും തോന്നുന്നതൊക്കെ ചെയ്യും .. ഏട്ടന് ജോലി കളഞ്ഞത് തീരെ ഇഷ്ടം ആയിരുന്നില്ല... അവന്റെ സംസാരത്തിൽ അത് പ്രകടം ആയിരുന്നു
അവനെ വീണ്ടും ബുദ്ധിമുട്ടിക്കാൻ പ്രയാസം ഉള്ളതുകൊണ്ടും അമ്മമാരുടെ സഹായം ഉള്ളത് കൊണ്ടും ഞാൻ അവിടെ ഇംഗ്ലീഷ് ടീച്ചർ ആയി ജോയിൻ ചെയ്തു..
വീണ്ടും വർഷങ്ങൾക്കു ശേഷം അതേ ഹോസ്റ്റലിൽ താമസവും ആക്കി..എന്റെ റൂമിൽ ഒരു തമിഴ് കുട്ടിയായിരുന്നു, അഖില ...എന്നെപ്പോലെ സ്കൂളിൽ ജോലി ചെയ്തുകൊണ്ട് എംഇ എടുക്കുന്ന ഒരു പെൺകുട്ടി .. ഒരു സാധു..
എനിക്ക് അവളെ മുൻപരിചയം ഉണ്ടായിരുന്നു...സ്കൂളിന്റെ ചാരിറ്റിസൊസൈറ്റി ഏറ്റെടുത്തു വളർത്തുന്ന അനാഥകുട്ടികളിൽ ഒരാൾ...ഞാൻ ഇവിടെ പഠിക്കുന്ന സമയത്ത് അവളെ പരിചയപ്പെട്ടിട്ടുണ്ട്
ഹോസ്റ്റലിലേക്ക് മാറിയത് എനിക്ക് ആൻനോട് വീണ്ടും കൂടുതൽ അടുപ്പം ഉണ്ടാക്കി... പിന്നീട് അവൾ ഇരുപത്തിനാലു മണിക്കൂറും എന്റെ ഒപ്പം ആയി.. അഖിക്കും അവളെ വലിയ കാര്യമായിരുന്നു... വീക്കെൻഡുകൾ മുഴുവൻ ഞങ്ങൾ മൂന്നാളും ഒരുമിച്ച് കറങ്ങും....ഞങ്ങൾ ഞങ്ങളുടേതായ ഒരു ലോകം കെട്ടിപ്പടുത്തുകയായിരുന്നു..
വെറും ഇരുപത്തിരണ്ട് വയസ്സ് മാത്രം ഉള്ള ഞാൻ അങ്ങനെ ഒരു നാലുവയസുകാരിയുടെ അമ്മ ആയി... അമ്മ ആവുക എന്നത് മനസ്സുകൊണ്ടുള്ള ഒരു പ്രക്രിയ ആണെന്ന് തോന്നുന്നു...ഒരു കുഞ്ഞ് പിറവി എടുക്കുന്നത് മനസ്സിലാണെന്ന് എവിടെയോ വായിച്ചത് ഓർക്കുന്നു...
ചില പ്രശ്നങ്ങൾ കാരണം ഞാൻ തിരികെ ദുബായിലേക്ക്, എന്റെ ഏട്ടന്റെ അടുക്കലേക്ക് പോകുമ്പോൾ വീണ്ടും ആ കുഞ്ഞുകണ്ണുകൾ വിങ്ങുന്നുണ്ടായിരുന്നു.... അഖിയുടെ കൈകളിൽ അവളെ ഏൽപ്പിച്ചു കൊടുത്തു നടന്നകലുമ്പോൾ എന്തെക്കെയോ ആയിരുന്ന ആ രണ്ടു ആത്മാക്കളുടെ വിങ്ങൽ എന്നെ ചുട്ടുപൊള്ളിച്ചു ..
അഖിയുടെ സ്കൈപ്പ് കാൾകളിൽ ഞാൻ പലപ്പോഴും അവളെ തേടിയെങ്കിലും ആൻ ഒരിക്കൽ പോലും അതിനു മുൻപിൽ എത്തിയില്ല..
ഇന്ത്യയിലേക്ക് തിരികെ വരുക എന്നുള്ളത് എന്റെ പെട്ടെന്നുള്ള തീരുമാനം ആയിരുന്നു... പോരണം എന്ന് തീരുമാനിച്ച ഉടനേ ആൻനിനെ ആണ് ഓർത്തത്... അവൾക്ക് വേണ്ടി ഓരോന്ന് വാങ്ങിക്കൂട്ടുമ്പോൾ അവളുടെ നിഷ്കളങ്കമായ ആ പുഞ്ചിരി മാത്രമായിരുന്നു മനസ്സിൽ....
ജൂഡോ പ്രാക്റ്റീസ് ചെയ്യുന്നുണ്ടായിരുന്നു ഞാൻ... വന്നതിന്റെ പിറ്റേന്ന് മത്സരം ആയിരുന്നതുകൊണ്ട് ഞാൻ ഹോസ്റ്റലിലേക്ക് പോകാതെ നേരെ അങ്ങോട്ട് പോയി... അത് വിൻ ചെയ്തതുകൊണ്ട് തുടർന്നുള്ള പ്രാക്റ്റീസ്നു മൈസൂരിലേക്ക് പോവേണ്ടിയും വന്നു... പിന്നെ ഒരുമാസത്തോളം ഞാൻ അവിടെ തന്നെ ആയിരുന്നു....
എല്ലാ കെട്ടിമേളങ്ങളും അവസാനിപ്പിച്ചപ്പോൾ ആ കുഞ്ഞ് മുഖം മാത്രമായിരുന്നു മനസ്സിൽ...
ആ തണുപ്പിൽ പനിച്ചൂടിൽ ശരീരം ചുട്ടുപഴുക്കുമ്പോളും ഞാൻ അത്രയും ദൂരം യാത്ര ചെയ്തവിടെ എത്തിയത് അവൾക്ക് വേണ്ടി മാത്രം ആയിരുന്നു ....
അഖി എന്നെക്കണ്ട ഉടനേ വന്നു കെട്ടിപ്പിടിച്ചു...എന്റെ കണ്ണുകൾ ആൻനിനെ തേടികൊണ്ടിരുന്നു
ആൻ ഞാൻ പോയി കഴിഞ്ഞ് ഒരു ഡിപ്രെഷനിൽ ആയിരുന്നു എന്ന് അഖി പറഞ്ഞു... പനി കൂടി ഫിക്സ് ഒക്കെ ഉണ്ടായി എന്ന്....
അവളെ ഒന്ന് കാണാൻ അഖി പറഞ്ഞു മുഴുവൻ ആക്കും മുൻപേ ഞാൻ ഓടി... അവളുടെ റൂമിൽ അവൾ ഉണ്ടായില്ല...കൂടെ ഉള്ള മറ്റു കുട്ടികൾ എന്നെ ആകാംഷയോടെ നോക്കുന്നുണ്ടായിരുന്നു ..എന്റെ പിന്നാലെ വന്ന അഖി എന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു..
"പേരന്റ്സ് വന്ത് കൂട്ടിട്ടു പോയിട്ടാങ്കെ.. "
എന്റെ നെഞ്ച് കലങ്ങി മറിഞ്ഞു...സിസ്റ്ററിനോട് അവളുടെ പേരന്റ്സിന്റെ നമ്പർ വാങ്ങി വിളിക്കുമ്പോൾ എന്റെ കുഞ്ഞിന്റെ മുഖം മാത്രം ആയിരുന്നു മനസ്സിൽ....
അവളുടെ അമ്മ എന്നോട് സംസാരിക്കുമ്പോൾ ആമി എന്നുള്ള അവളുടെ നിലവിളി പിന്നിൽ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു ..എന്റെ മനസ്സ് എന്തിനോ പിടഞ്ഞു കൊണ്ടിരുന്നു...
"ഒരു നാലുവയസുള്ള കുഞ്ഞിന് വേണ്ടത് ബെസ്റ്റ് സ്കൂളിംഗും ഹൈ സ്റ്റാൻഡേർഡ് ലൈഫ് ഒന്നും അല്ല... കറകളഞ്ഞ സ്നേഹം മാത്രമാവും ...അവളെ ഇനി തനിച്ചാക്കരുത്... നിങ്ങളെ അവൾ ഒരുപാട് മിസ്സ് ചെയ്യുണ്ടായിരുന്നു " ഞാൻ പറഞ്ഞു നിർത്തി
എന്റെ ഉപദേശം കേട്ടാവും അവരുടെ സ്വരം പരുഷമായി...
"ഷി ഈസ് ഓക്കേ.. നിങ്ങൾക്ക് തോന്നുന്നതാണ് " അവർ പറഞ്ഞു..
ഞാൻ വെറുതേ ഒന്ന് മന്ദഹസിച്ചു...
"പാക്ക മുടിയാലെന എതുക്ക് പുള്ളയെ പെക്കറെയ്ന്ന് തെരിയലെ..ഛെയ് "
ഫോൺ വെച്ചു കഴിഞ്ഞപ്പോൾ എല്ലാം കേട്ടുകൊണ്ടിരുന്ന അഖി എന്നോട് പറഞ്ഞു...
"എനിക്ക് ഒരു കുഞ്ഞുണ്ടായാൽ തിരിച്ചറിവ് ആകുന്നത് വരെ ഒരു നിമിഷം പോലും ഞാൻ അതിനെ എന്റെ അടുത്തു നിന്ന് മാറ്റില്ല... "ഞാൻ ആരോടെന്നോ കണക്കിന് പറഞ്ഞു....
അവൾ എന്നെ നോക്കി ചിരിച്ചു...ആ ചിരിയിൽ ഒരിക്കൽ എല്ലാം നഷ്ടപ്പെട്ട ഒരാളുടെ വേദനയും അമർഷവും ഒളിഞ്ഞിരുന്നു ...
"നിനക്ക് ആൻനിനെ ഏങ്ങനെ ഇത്ര പെട്ടെന്ന് മനസ്സിലായി.. " സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോൾ രേണു മാഡം പെട്ടെന്ന് എന്നോട് ചോദിച്ചു...
"ആവോ !!" ഞാൻ ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി
"എങ്ങനെ അറിയാം എന്ന് വെച്ചാൽ..എന്റെ ബാല്യവും കൗമാരവും സ്വപ്നങ്ങളും ഇതേ പോലെ ഒരു ബോർഡിങ് സ്കൂളിന്റെ ചുവരുകളിൽ ഒതുങ്ങി തീർന്നതുകൊണ്ട്.. ഇപ്പോളും ഞാൻ ബന്ധങ്ങളിൽ നിന്ന് ഓടി ഒളിക്കുന്നത് കൊണ്ട്... പേരന്റ്സിന്റെ ഇമ്പോർട്ടഡ് ഗിഫ്റ്റിസിലും മാസം മാസം വരുന്ന കൗണ്ട് ലെസ്സ് ക്യാഷിലും വലുത് അവരുടെ ഒരു വാക്കും ഒരിറ്റ് സ്നേഹവും ആണെന്നുള്ള തിരിച്ചറിവുള്ളതുകൊണ്ട്...അതിന് വേണ്ടി ഒരുപാട് കാലം വെമ്പിയ ഒരു ഹൃദയം ഉള്ളത് കൊണ്ട് .. "എന്റെ മനസ്സ് എന്നോട് തന്നെ മന്ത്രിച്ചുകൊണ്ടിരുന്നു ..
പലപ്പോളും ബന്ധങ്ങൾക്ക് മുൻപിൽ തോറ്റ ഒരാളാണ് ഞാൻ..നിനക്ക് പലതും മനസ്സിലാവില്ല എന്ന് പലരും പറഞ്ഞിട്ടുണ്ട്..പലപ്പോഴും നെഞ്ച് തകർത്തു പലരും ഇറങ്ങിപ്പോയിട്ടുണ്ട് ... ഇപ്പോൾ ഞാൻ സ്നേഹം കണ്ടെത്താനാഗ്രഹിക്കുന്നത് കുട്ടികളിലാണ്...
അവർക്ക് "കിക്ക്" പോകുമ്പോൾ ഒഴിവാക്കി മാറ്റുന്ന സോഷ്യൽ മീഡിയ പ്രൂണിങ്ങുകളെപ്പറ്റിയും സ്വാർത്ഥത കൈമുതലാക്കിയ ഈ ലോകത്തിന്റെ കാപട്യങ്ങളെപ്പറ്റിയും അറിയില്ല..
നെഞ്ചിൽ നിന്ന് അടർത്തിമാറ്റുമ്പോൾ ഒന്നൂടെ ചേർത്തു പിടിക്കാൻ വെമ്പുന്ന നിഷ്കളങ്ക ഹൃദയം മാത്രമേ ഉള്ളൂ...
ഇന്നെന്നിലെ ഹൃദയം തുടിക്കാറുണ്ട്.. പ്രസവവേദനയുടെ നൊമ്പരം അറിഞ്ഞിട്ടില്ലെങ്കിലും മുലകൾ ചുരത്തിയിട്ടില്ലെങ്കിലും നെഞ്ചോട് ചേർത്ത് നിർത്തിയ ആ കുഞ്ഞ് കരങ്ങളെ എന്നിൽ നിന്നകറ്റുമ്പോൾ എന്റെ മാതൃത്വവും ഉണരാറുണ്ട്...
ആരോരുമില്ലാത്ത ഒരു പെൺകുഞ്ഞിനെ എടുത്തു വളർത്തണം ...അവൾക്ക് പകരമാവില്ലെങ്കിലും എന്റെ മാലാഖക്കുഞ്ഞിന്റെ പേരിടണം ..തിരിച്ചു കിട്ടിയില്ലെങ്കിലും ഉള്ളു തുറന്ന് സ്നേഹിക്കാൻ പഠിപ്പിക്കണം...അങ്ങനെ പേറ്റുനോവറിയാതെ വീണ്ടും ഒരിക്കൽ കൂടി ഗർഭം ധരിക്കണം...ഒരു പവിത്രമായ ഹൃദയത്തിന്റെ അകത്തളങ്ങളിൽ ഒരു പുരുഷന്റെയും ബലമില്ലാതെ മനസ്സുകൊണ്ട് ഒരു അമ്മ ആവണം....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക