നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്റ്റാറ്റസ്

സ്റ്റാറ്റസ്
“അനൂ. നീ ഒന്ന് വേഗം വന്നേ. അച്ഛൻ ദാ വെളിച്ചപ്പാടിനെ പോലെ നിന്ന് തുള്ളുന്നു എന്താ കാര്യം എന്ന് ചോദിച്ചേ”
“ അമ്മക്ക് ചോദിച്ചു കൂടേ”
“എനിക്ക് വയ്യാ. നീയാകുമ്പോൾ അച്ഛൻ ദേഷ്യപ്പെടില്ല”
“അമ്മേ, വെളിച്ചപ്പാടിനെ പോലെ എന്ന് പറഞ്ഞിട്ട് അച്ഛൻറെ കയ്യിൽ വാളില്ലല്ലോ. ഒരു ബുക്കും പിടിച്ചോണ്ടല്ലേ തുള്ളുന്നത്.”
“അവളുടെ ഒരു കിന്നാരം പോയി ചോദിക്ക് “
“അച്ഛാ എന്ത് പറ്റി”.
“ഒന്നും പറ്റിയില്ല. ഇതുകണ്ടോ ഇതു പലവജ്ഞനകടയിലെ പറ്റുബുക്ക്. എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ. നിങ്ങളെല്ലാവരും ഇവിടെ മൂന്നു നേരവും മുട്ടയാണോ കഴിക്കുന്നത്.”
“മുട്ടയോ?”
“മുട്ട എന്താ എൻറെ മോള് കേട്ടിട്ടില്ലേ. ഇ മാസം മൂവായിരം മുട്ട വാങ്ങിയിരിക്കുന്നു.”
“മൂവായിരം? അച്ഛൻ പൂജ്യത്തിനു വിലയില്ല എന്നും പറഞ്ഞു പൂജ്യം കൂട്ടി പറയാതെ. മൂവായിരം ഇല്ല. മുന്നൂറ് മുട്ട വാങ്ങി കാണും “
“വാങ്ങി കാണുമെന്നല്ല. വാങ്ങിയിരിക്കുന്നു അതാ ഞാൻ ചോദിച്ചത് നിങ്ങൾ മൂന്ന് നേരവും മുട്ടയാണോ കഴിക്കുന്നത് എന്ന്”
“അച്ഛാ ഒരു ദിവസം പത്തു മുട്ട വച്ച് ഒരു മാസം മുന്നൂറ് മുട്ട.”
“നീ എന്നെ കണക്കൊന്നും പഠിപ്പിക്കേണ്ട. അതെന്തിനാണെന്നറിഞ്ഞാൽ മതി”
“അച്ഛൻ സമാധാനപ്പെട്. ഇത് ഏട്ടന് വേണ്ടി വാങ്ങുന്നതാ.”
“അവൻ കഴിക്കുന്നതാണോ ഇതു മുഴുവൻ. എൻറെ ദൈവമേ! എനിക്ക് ആലോചിക്കാൻ കൂടി വയ്യ. അവൻ ആയുസ്സെത്താതെ …… നിൻറെ അമ്മ കൂടി അറിഞ്ഞുകൊണ്ടാണോ ഇത്. നീ അമ്മയെ വിളിക്ക്”.
“അമ്മ എന്നെ അച്ഛൻറെ മുന്നിൽ ഇട്ടു തന്നിട്ട് എപ്പോഴേ പഞ്ചായത്തു വിട്ടു പോയി കാണും. ഏട്ടൻ മുട്ട കഴിച്ചു എന്ന് പറഞ്ഞു തട്ടി പോകുമൊന്നും ഇല്ല. അച്ഛൻ ഒന്നും അറിയാഞ്ഞിട്ടാ. ഏട്ടൻ മിസ്റ്റർ പഞ്ചായത്തായി മത്സരിക്കുവാൻ പോകുവാ. സിക്സ് പാക്ക് ഉണ്ടാക്കുവാൻ വേണ്ടി ദിവസവും മുടങ്ങാതെ ജിമ്മിൽ പോയി വ്യായാമം ചെയ്യുന്നുണ്ട്.”
“അവനോട് പറയ് രാവിലെ കുറച്ചു പഴങ്കഞ്ഞിയും കുടിച്ചിട്ട് തൂമ്പയും എടുത്തു എൻറെ കൂടെ വന്നു ആ പറമ്പിലും പാടത്തും കുറച്ചു പണി ചെയ്യാൻ. എനിക്ക് വയ്യാതായി തുടങ്ങി. എനിക്കൊരു സഹായവും ആകും, സിക്സ് പാക്കും ശരിയാകും, മുട്ടയുടെ പൈസയും ലാഭം. സഹായത്തിനു നിൽക്കുന്ന ബംഗാളി പയ്യന്മാരെ വച്ച് പണി ചെയ്യിക്കാൻ ഞാൻ പെടുന്ന പാട്. ഞാൻ പറയുന്നത് അവർക്കും, അവർ പറയുന്നത് എനിക്കും മനസിലാവില്ല”.
“അയ്യേ അച്ഛൻ എന്താ പറയുന്നേ. ഏട്ടനെ അങ്ങെനത്തെ പണിക്കൊന്നും കിട്ടുകയില്ല അതൊക്കെ സ്റ്റാറ്റസിന് കുറവല്ലേ.”
“അപ്പോൾ ഈ പണിയൊക്കെ എടുത്ത് നിങ്ങൾക്ക് ഭക്ഷണത്തിന് വഴിയുണ്ടാക്കി തരുന്ന ഞാനും സ്റ്റാറ്റസ് ഇല്ലാത്തവൻ ആണെന്ന് പറയുമോ.” എന്ന് ചോദിച്ചപ്പോൾ
അച്ഛൻറെ കണ്ണിൽ ഒരു തുള്ളി കണ്ണീർ പൊടിഞ്ഞുവോ?
“അച്ഛാ ഞാൻ വെറുതെ . വിഷമമായോ ".
"ജീവിതത്തിൽ നിങ്ങൾ ഒരിക്കൽ പോലും
കഷ്ടപ്പെടാൻ ഇടവരരുത് എന്നാഗ്രഹമുള്ളതുകൊണ്ട് ഇതൊക്കെ കാണുമ്പോൾ വിഷമം ഇല്ലാതില്ല."
ശരിയാകുമായിരിക്കും എന്ന് പറഞ്ഞു കൊണ്ട്
കൈയ്യിലിരുന്ന പറ്റുബുക്ക് വരാന്തയിൽ ഇട്ടിട്ട് അച്ഛൻ മുഖത്തു നോക്കാതെ ഇറങ്ങി പോയി.
രാധാ ജയചന്ദ്രൻ, വൈക്കം.
27.11.2017.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot