പ്രവാസി നാട്ടുവാസിയാവുമ്പോൾ
പ്രവാസി. ആരുടെയൊക്കെയോ സ്വപ്നങ്ങൾക്ക് നിറം നൽകാൻ, ജീവിതത്തിലെ വർണ്ണങ്ങളെ മാറ്റി നിർത്തിയവൻ. പ്രവാസിയെ ഉപമിക്കേണ്ടത് മെഴുകു തിരിയോടാണ്. സ്വയം ഉരുകി മറ്റുള്ളവർക്ക് വെളിച്ചമേകുന്നവർ.
കുഞ്ഞുനാളിലെ അച്ഛന്റെ പ്രവാസ ജീവിതം,അതു കുറെയൊക്കെ കണ്ടറിഞ്ഞായിരുന്നു വളർച്ച. രണ്ടു വർഷം കഴിഞ്ഞു അച്ഛന്റെ വരവിനായുള്ള ഒരു കാത്തിരിപ്പുണ്ട്. അപ്പോഴേക്കും വളഞ്ഞു പുളഞ്ഞു ഉള്ള കത്തിലെ വരികളിൽ അച്ഛനെ കാണാനുള്ള ആഗ്രഹം വേഗം വാ അച്ഛാ എന്നുള്ള വിളികളിൽ എതിയിട്ടുണ്ടാകും.പിന്നെ ആവശ്യങ്ങളുടെ നീണ്ട ലിസ്റ്റ്.. നാട്ടിൽ എത്തിയാൽ അച്ഛന്റെ നെഞ്ചോരം ചേർന്നുള്ള കിടപ്പായിരുന്നു ഏറെ ഇഷ്ടം.കഥയും പാട്ടും ഒക്കെ ആയി ഉത്സവം പോലെ. അന്നൊക്കെ അമ്മ അച്ഛന്റെ അടുത്തു എല്ലാരും കാണ്കെ ഒന്നും ഇരിക്കില്ല. ഞങ്ങൾ വില്ലന്മാർ മാറി നിൽക്കുകയും ഇല്ല.
4 മാസം ലീവ് കഴിഞ്ഞു അച്ഛൻ പോവുമ്പോൾ അമ്മ കരയും.അന്ന് ആ നോവ് എന്താണ് എന്ന് ഞങ്ങൾക്കറിയില്ലായിരുന്നു.
ജീവിതത്തിലെ ഉയർച്ച താഴ്ചകൾ ഏറെയും ബാധിക്കുക പ്രവാസിയേയും അവന്റെ കുടുംബത്തെയും ആവും.
ആ സമയങ്ങളിൽ ചിരിച്ചവർ പോലും മുഖം തരാതെ നടന്നു പോകും.
രണ്ടു സംഭവങ്ങൾ,രണ്ടു പേരുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ.ഒന്നു അച്ഛന്റെ,ഒന്നു എന്റെ ഭർത്താവിന്റെ.
അച്ഛന് ഒരിക്കൽ ഡിസ്ക് തെറ്റി നടക്കാൻ വയ്യാതായി. ആരുടെയൊക്കെയോ ദയ കൊണ്ടു എയർപോർട്ടിൽ എത്തി.അവിടെ നിന്നും കാറിൽ വീട്ടിലേക്കും. ഒന്നും ഞങ്ങളെ അറിയിച്ചില്ല. ഒരു ഉച്ച നേരത്തു ഒരാൾ വന്നു പറയുകയാണ് അമ്മയോട് സുഖമില്ലാതെ വന്നിട്ടുണ്ട്. എന്നു.'അമ്മ നിലവിളിയും. ഞാൻ ഓടിച്ചെന്നു നോക്കുമ്പോൾ രണ്ടുപേർ ചേർന്നു താങ്ങി നടത്തിച്ചു അച്ഛനെ കൊണ്ടു വരുന്നു.ഓടി ചെന്നു അച്ഛനെ ചേർത്തുപിടിച്ചു ആ കൈ എന്റെ ചുമലിലേക്ക് എടുത്തു വെച്ചു മെല്ലെ നടത്തിച്ചു വന്നു ഞങ്ങൾ. അപ്പോൾ കണ്ണു നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു എന്റെ. അതു കണ്ടു അച്ഛൻ പറയുന്നുണ്ടായിരുന്നു "എനിക്കൊന്നുമില്ല മോളെ.അതു വണ്ടിയിൽ നിന്നും അറബിക്ക് ലോഡ് ഇറക്കി കൊടുത്തപ്പോൾ എന്റെ നടുവൊന്നു ചെറുതായി ഉളുക്കിയത് ആണെന്ന്..
പിന്നീടുള്ള മാസങ്ങൾ അച്ഛന്റെ ചികിത്സയായിരുന്നു. നാട്ടിൽ നിന്നാൽ പ്രവാസിക്ക് സ്വന്തക്കാരുടെയും നാട്ടുകാരുടെയും ഇടയിൽ പുല്ലു വിലയാണ് എന്നു ഞങ്ങൾക്ക് അന്ന് മനസിലായി. അച്ഛൻ നാട്ടിൽ വരുമ്പോൾ ഓടി വന്ന കൂടപിറപ്പുകളും, ചങ്ങാതിമാരും ഒന്നു വന്നു തല കാണിചു പോയി.
കടം ചോദിച്ചാലോ എന്ന ഭയം.കൊടുത്താൽ തിരിച്ചു തരാൻ ഗൾഫിലേക്ക് ഇനി പോവുമോ എന്ന സംശയം.പറഞ്ഞും പറയാതെയും എല്ലാരുടെയും സംശയം ഇതായിരുന്നു. ഞങ്ങൾ ബന്ധുക്കളുടെ വീട്ടിൽ പോവുമ്പോൾ കടം ചോദിക്കാൻ ആണോ എന്ന ഭാവം ആയിരുന്നു ചില മുഖങ്ങളിൽ.
പക്ഷെ.ഈശ്വരൻ എവിടെയും അച്ഛനെ തോല്പിച്ചില്ല. ചികിത്സ കഴിഞ്ഞു 5 മാസം ആവുമ്പോഴേക്കും അച്ഛന് തിരിച്ചു പോവാൻ കഴിഞ്ഞു. ഞങ്ങൾ പോവേണ്ട എന്നു ആയിരം വട്ടം പറഞ്ഞിട്ടും മൂന്ന് പെണ്മക്കൾ എന്ന ചിന്തയിൽ അച്ഛൻ വീണ്ടും പ്രവാസലോകത്തേക്ക്..
വീണ്ടും ഒരിക്കൽ കൂടി ആ വിഷമം ഞാൻ അറിയുന്നത് എന്റെ വിവാഹശേഷം ആണ്.
കല്യാണത്തിന് നാട്ടിൽ വരുമ്പോൾ ചെയ്ത ജോലി ദയ വിചാരിച്ചു തൽക്കാലം ഒരാൾക്ക് നൽകി നാട്ടിലേക്ക് വന്നതായിരുന്നു ചേട്ടൻ.
ലീവ് എടുത്തു പൊയ്ക്കോ ജോലി ആരെയും ഏല്പിക്കേണ്ട എന്നു സൂപ്പർവൈസർ പറഞ്ഞിട്ടും കൂടെയുള്ളവന്റെ കഷ്ടപ്പാട് ഓർത്തു അവന് തൽക്കാലം ആ ജോലി ഏല്പിച്ചു നാട്ടിൽ വന്നു.തിരിച്ചു വന്നാൽ ജോലി കൈമാറും എന്ന വാക്കിൽ വിശ്വസിച്ചു.
നാല് മാസം നാട്ടിൽ നിന്ന് തിരിച്ചു അവിടെ എത്തിയപ്പോൾ അറിഞ്ഞത് ആ ജോലി അയാൾ ആരെയൊക്കെയോ കണ്ടു സ്ഥിരപ്പെടുത്തിയെന്നാണ്. ഒടുവിൽ ഒരു വർഷം അവിടെ നിന്ന് നാട്ടിലേക്ക്.
പിന്നെ ജീവിതത്തിന്റെ തീക്ഷണത അറിഞ്ഞ നാളുകൾ ആയിരുന്നു. പാർട്ടി നടത്താനും അവധികൾ ആഘോഷിക്കാനും വിളിക്കാതെ ഓടി വന്ന കൂട്ടുകാർ പോലും തിരക്കിന്റെ പേരിൽ വരവൊക്കെ ചുരുക്കി. മിണ്ടുമ്പോൾ കഷ്ടപാടിന്റെ കണക്കുകൾ നിരത്തി. ഒരു ചിരികൊണ്ട് എല്ലാം കണ്ടു നിൽക്കുകയായിരുന്നു ഞങ്ങൾ. ഒറ്റപ്പെടുക എന്ന വാക്കിന് കരൾ പറിയുന്ന വേദനയുണ്ടെന്ന് അറിയുന്നത് ഇതുപോലുള്ള അവസ്ഥകളിൽ ആണ്. പരസ്പരം എത്രത്തോളം താങ്ങാവാൻ പറ്റുമെന്നും, ഒരു നല്ല വാക്കിന്റെ ധൈര്യം എത്രയെന്നും ആ നിമിഷങ്ങളിൽ അറിയാൻ ആവും. മനസ്സു മടുത്തു ഒടുവിൽ ഒന്നും വേണ്ട എന്നു വിചാരിച്ച ഭർത്താവിന് തോറ്റു പോവരുത് എന്നു പറഞ്ഞു കൂടെ നിൽക്കുമ്പോൾ അറിഞ്ഞു ഭാര്യ എന്നവളുടെ കടമ എന്നാൽ എന്താണ് എന്ന്.
ഒന്നേ പറയാൻ ഉള്ളൂ എല്ലാ പ്രവാസികൾ ആയ സഹോദരന്മാരോടും സഹോദരിമാരോടും മറ്റുള്ളവർക്ക് വേണ്ടി എരിഞ്ഞു തീരുമ്പോഴും ജീവിക്കാൻ മറക്കാതിരിക്കുക.ഒരു കൊച്ചു സമ്പാദ്യം അവനവനു വേണ്ടിയും കരുതുക. ഒന്നു തളർന്നാൽ താങ്ങാവാൻ അവനവൻ മാത്രമേ ഉണ്ടാകൂ.
✍ സിനി ശ്രീജിത്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക