നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#എന്റെഓപ്പോൾ ഭാഗം - 4

ഭാഗം - 4
മിഥുൻ മൊബൈൽ ചെവിയോട് ചേർത്ത് പിടിച്ചു, മണിയടിക്കുന്നുണ്ട്.
ഫോൺ മറുഭാഗത്തെടുത്തു
ഹലോ...
ജെറോം ഇത് ഞാനാണ് മിഥുൻ
"എടാ ഇന്റലിജൻസ് ഓഫീസറേ, ഇത് കേരളാ നമ്പറാണല്ലോ. നീ എപ്പോ കാലു കുത്തി"
ഇപ്പോൾ കുറച്ച് നേരായേ ഉള്ളു
"ഇതൊരു വല്ലാത്ത വരവായിപ്പോയല്ലോ ഉവ്വേ"
ഈ വരവിനൊരു ലക്ഷ്യമുണ്ടടാ
"എന്താടാ നീ കെട്ടാൻ തീരുമാനിച്ചോ, വെഡ്‌ലോക്ക്?"
ഹേ അതല്ലടാ , കാര്യമുണ്ട് , എനിക്ക് നിന്നെയൊന്നു കാണണം. നീയിപ്പോൾ എവിടെയുണ്ട്.
വടക്കാഞ്ചേരി പോസ്റ്റ് ഓഫീസിലുണ്ട്, കുറച്ച് ഒഫീഷ്യൽ കത്തുകൾ അയക്കാനുണ്ട്.
നാടോടിയായ നീയിപ്പോൾ നിന്റെ നാട്ടിൽ എത്തിയോ അത്ഭുതം. മിഥുൻ കളിയാക്കി അവനെ!
"മിഥുൻ , ഞാൻ രണ്ട് ദിവസം നാട്ടിലുണ്ടാവും നീ ഇങ്ങോട്ട് വാ . ഇവിടെ അടുത്ത് ചെപ്പാറ എന്ന സ്ഥലമുണ്ട് ഒരു വലിയ പാറ , മുനിയറയും മറ്റുമുണ്ട്‌. ഒരു കിലോ മീറ്ററിലധികം നീളവും, കുറച്ച് സമയം സ്വസ്ഥമായി ഇരിക്കുവാനും സംസാരിക്കുവാനും പറ്റിയ സ്ഥലം. നാളെ ഇറങ്ങ്"
ശരി ജെറോം , നാളെ കാണാം.
ജെറോം സെബാസ്റ്റ്യൻ , തൃശ്ശൂർ വടക്കാഞ്ചേരിയിൽ താമസിക്കുന്ന പ്രസിദ്ധനായ കുറ്റാന്യോഷണ എഴുത്തുകാരൻ. അദ്ദേഹത്തിന്റെ നോവലുകൾ പലതും ക്രൈം ബ്രാഞ്ചിലെ ചില ഉദ്യോഗസ്ഥർ കുറ്റാന്യോഷണത്തിനു വേണ്ടി വായിക്കാറുണ്ട്. അത്രക്ക് കൃത്യനിഷ്ഠതയോടെ ഒരു പരിചയ സമ്പന്നനായ അന്യോഷകന്റെ പക്വതയോടെ നോവലുകളിൽ കേസുകൾ തെളിയിക്കുന്നത് ചില മലയാളികളായ സിബിഐ ഉദ്യോഗസ്ഥർക്ക് പോലും അത്ഭുതമാണ്.
മിഥുനും ജെറോമും ഒരുമിച്ചാണ് പ്രീഡിഗ്രീമുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെ പഠിച്ചത്. ഈ ബുദ്ധിജീവികളായ അഹങ്കാരമോ മറ്റോ ഇല്ലാത്ത പച്ചയായ ചങ്ങാതിമാർ. അന്നത്തെ സൗഹൃദം ഇന്നും തുടരുന്നു.
മിഥുൻ കുളിച്ച് അടുക്കളയിലേക്ക് ചെന്നു. ഭവാനിയമ്മ അവിടെ ഇല്ലായിരുന്നു . അടുപ്പ് കത്തുന്നുണ്ട്. വർഷങ്ങളായി ഭവാനിയമ്മ അവിടുത്തെ അടുക്കള ജോലികളൊക്കെ ചെയ്യുന്നു.
ഭവാനിയമ്മേ, മിഥുൻ വിളിച്ചു.
ഭവാനിയമ്മ പുറത്തെവിടെയോ ആയിരുന്നു. മുറ്റത്തേതോ വണ്ടി വന്ന നിൽക്കുന്ന ശബ്ദം. മിഥുൻ അങ്ങോട്ട് പോയി. മുത്തശ്ശി പോയി വന്നിരിക്കണു.
വാതിലിന്റെ മറവിൽ മിഥുൻ നിന്നു. മുത്തശ്ശി അകത്തേക്ക് കേറിയപ്പോൾ മിഥുൻ പിന്നാലെ ചെന്ന് കണ്ണ് പൊത്തി , ചെറുതായൊന്നു പേടിച്ച മുത്തശ്ശി , ആ കൈകളിലൊന്ന് തലോടി.
ഉണ്ണ്യേ ,എന്റെ ഉണ്ണിയല്ലേ ഇത്. ആ കൈകൾ തട്ടി മാറ്റി മുത്തശ്ശി തിരിഞ്ഞു മിഥുനെ നോക്കി.
എന്താ കള്ളാ നീ എന്നെ അതിശയിപ്പിച്ചല്ലോ. എന്നാലും വരുന്നതിന് മുന്നേ മുന്നേ പറഞ്ഞില്ലല്ലോ നീയ്.
എന്റെ മുത്തശ്ശിയെ കാണാൻ ഞാനിങ്ങട് പോന്നു.
എന്തായാലും നന്നായി, ഇന്നലെ നീ വരുന്നത് മുത്തശ്ശി സ്വപ്നം കണ്ടു. അപ്പൊ വെളുപ്പിന് കാനന സ്വപ്നം ഫലിക്കുമല്ലേ , ഈ സ്വപ്നം അച്ചട്ടായി.
മിഥുനും മുത്തശ്ശിയും കുറെ നേരം സംസാരിച്ചിരുന്നു.
പിറ്റേ ദിവസം രാവിലെ തന്നെ മിഥുൻ ജെറോമിനെ വിളിച്ച് ബസിൽ യാത്ര തിരിച്ചു.
10 മണിയാപ്പോഴേക്കും ബസ്‌ വടക്കാഞ്ചേരിൽ എത്തി. ഒരു ഓട്ടോ പിടിച്ച്‌ പുല്ലാനിക്കാട്ടിലെ ജെറോമിന്റെ വീട്ടിലേക്ക്‌.തിരിച്ചു.
ജെറോമിന്റെ മോൻ ജെറമിയ മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. നാലാം ക്ളാസിലാ അവൻ പഠിക്കുന്നത്. മിഥുൻ പറ്റി തുറന്ന് അകത്തേക്ക് കയറുന്നത് കണ്ടപ്പോൾ ജെറമിയ കളി നിർത്തി മിഥുനെ തുറിച്ച് നോക്കി. മിഥുൻ അവനെ നോക്കി ചിരിച്ചു.
മോന് അങ്കിളിനെ മനസ്സിലായോ?
അവനൊന്നും ഉത്തരം പറഞ്ഞില്ല. മിഥുനെ അവൻ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോൾ താടിയല്പം നീട്ടിയത് കൊണ്ട് മനസ്സിലായില്ലാന്ന് തോന്നുന്നു. അവൻ അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു്
"അപ്പാ , ദാ ഒരു അങ്കിൾ വന്നിരിക്കുന്നു"
ജെറോം പുറത്തേക്ക് വന്നു. എത്തിയല്ലോ ഇന്റലിജൻസ് ഓഫീസർ. ജെറോം ചെന്നവനൊരു ആലിംഗനം കൊടുത്തു
"വാടാ, അകത്തേക്ക് വാ"
"എന്താടാ ഈ താടിയൊക്കെ, വല്ല വിരഹ ഗാനത്തിനുള്ള വകുപ്പുണ്ടോ?"
ഓ പിന്നെ വിരഹ ഗാനം , നിനക്കെന്നെ അറിയാത്തത് പോലെ. മിഥുൻ ഒഴുക്കോടെ പറഞ്ഞു.
"ഒന്ന് പോടോ ഉവ്വേ , ഒരു മനുഷ്യന് പ്രണയം ഏത് നിമിഷവും വരാം. നിന്നെ വളയ്ക്കാൻ പറ്റിയ ഒരു പെൺ വന്നിട്ടുണ്ടാവില്ല. എന്നാലും നീ ഞാനറിയാതെ ഏതേലും മറാത്തിപ്പെണ്ണിനെ പ്രേമിച്ചോന്നൊരു സംശയം വന്നു പോയി നിന്റെ താടി കണ്ടപ്പോൾ"
ആനി എവിടെ ?
"ആ അത് പറയാൻ മറന്നു. അവൾ ഡ്രൈവിംഗ് പഠിക്കാൻ പോയേക്കുവാ. കൂടെയുള്ള സഹേലി ലേഡിസൊക്കെ പഠിച്ചെന്നോ കാർ വാങ്ങിയെന്നോ ഒക്കെ പറയുന്നത് കേട്ടു. പിന്നെ ഇവിടുള്ള കാർ ഞാൻ കൂടുതലും യാത്രയായത് കൊണ്ട് ചുമ്മാ കിടക്കുവല്ലേ. അവളോടിക്കട്ടെ അല്ലിയോ , പാലാക്കാരി അച്ചായത്തിയല്ലിയോ കുറച്ച് ധൈര്യം കൂടുതലാ"
അത് കൊള്ളാലോ. സ്ത്രീ ഉന്നമനത്തിനായി നീ ലേഖനമെഴുതിയത് കൊണ്ടാവും ഈ ഡയലോഗ്സ്. അല്ലേടാ സാഹിത്യകാരാ. മിഥുൻ തട്ടിവിട്ടു.
ഒരു തരത്തിൽ അതും നേരാടാ. എഴുത്ത്കാർക്ക് പലതും എഴുതി വിടാലോ. എന്നാ എഴുതുന്ന എല്ലാ കാര്യവും പാലിക്കാറുണ്ടോ, അല്ലേൽ അത് പോലെ വീട്ടുകാർക്ക് സ്വാതന്ത്ര്യം കൊടുക്കാറുണ്ടോ ...എവടെ; ഇതൊക്കെ വേറൊരു ലോകമല്ല. എഴുത്ത് വേറെ ജീവിതം വേറെ. എന്നാൽ ഞാനിപ്പോ ഒന്ന് അയഞ്ഞടാ. സ്ത്രീകളും പാറിപ്പറന്ന് നടക്കട്ടെ അല്ലിയോ. അല്ല പെണ്ണും പിടക്കോഴിയുമില്ലാത്തെ നിന്നോടിത് പറഞ്ഞാൽ മനസ്സിലാവുമോ എന്തോ.
അപ്പോഴേക്കും ആനി ഡ്രൈവിങ് പഠനം കഴിഞ്ഞെത്തി.
"അല്ല ആരിത് മിഥുൻ സാറോ" ആനി ഗ്രീറ്റിംഗ്‌സ് പോലെ പറഞ്ഞു.
"എപ്പോ വന്നു സാർ ?""
കുറച്ച് നേരായി.
"അല്ല ഇച്ചായ , മിഥുൻ സാറിന് വെള്ളമൊന്നും ഉണ്ടാക്കി കൊടുത്തില്ലയോ, ഇതാ പറഞ്ഞെ അതിഥി സൽക്കാരത്തിന് പെണ്ണുങ്ങൾ വേണം. ഇങ്ങേർക്ക് എഴുതാനും വാചകമടിക്കാനുമേ അറിയൂ. അവൾ തമാശ രൂപേനെ ജെറോമിനെ നോക്കി പറഞ്ഞു"
"പോടീ അവിടുന്നു. നീ പോയി ചായ ഇട്ടോണ്ട് വാ"
ആനി ചായയിടാൻ അടുക്കളയിലേക്ക്‌ പോയി. ചായയും കുടിച്ച്‌ ഉച്ചക്കുള്ള ചോറും ഉണ്ട്‌ കുറച്ച്‌ നേരം വിശ്രമിച്ചിട്ട്‌ ഒരു നാല്‌ മണിയായപ്പോൾ അവർ ജെറോമിന്റെ റോയൽ എൻഫീൽഡിൽ ചെപ്പാറക്ക്‌ തിരിച്ചു.
ഹൊ ഇത്ര മനോഹരമായ സ്ഥലം അടുത്തുണ്ടായിട്ട്‌ നീയിത്‌ വരെ പറഞ്ഞില്ലല്ലോടാ ഹമുക്കേ. മിഥുൻ പറഞ്ഞു.
"ഹ ഹ ഹ...എന്റെ മൂക്കിന്റെ താഴെക്കിടന്ന ഈ സ്ഥലം ഞാൻ കാണാൻ വരുന്നത്‌ കഴിഞ്ഞ വർഷമാ. അല്ലേലും മുറ്റത്തെ മുല്ലക്ക്‌ മണമില്ല'ല്ലോ. ജെറോം പറഞ്ഞു"
അതൊക്കെ ചുമ്മാതാ, മണമൊക്കെയുണ്ട്‌. മറ്റ്‌ മണങ്ങൾ തേടിപ്പോകുന്നത്‌ നമ്മുടെ ഒരു ശീലമല്ലയോ.
അവർ പാറയുടെ മുകളിലെത്തി. അവിടെ നിന്ന് നോക്കിയാൽ വടക്കാഞ്ചെരി കാണാം.
അവരതിന്റെ അറ്റത്തുള്ള പാറയിൽ ഇരുപ്പുറപ്പിച്ചു.
ജെറോം തുടക്കമിട്ടു. "മിഥുൻ പറ നിനക്കെന്താ പറയാനുണ്ടെന്ന് പറഞ്ഞത്‌"
മിഥുനൊരു ദീർ്ഘശ്വാസമെടുത്ത്‌ വിട്ടു. എന്നിട്ട്‌ പറഞ്ഞു.
ജെറോം, നമ്മളൊരു പെൺകുട്ടിയുടെ മരണകാരണം അന്യോഷിക്കാൻ പോകുന്നു.
"പെൺകുട്ടിയുടെ മരണം. നീയെന്താണ്‌ പറയുന്നത്‌ മിഥുൻ. എനിക്കൊന്നും മനസ്സിലാകുന്നില്ല"
ജെറോം, എന്റെ ഓപ്പോൾ മരിച്ചതെങ്ങനെയെന്ന് എനിക്കറിയണം. ഗന്ധർവ്വ ബാധയാണ്‌ മരണകാരണമെന്ന് പറഞ്ഞ്‌ എന്റെ ഓപ്പോളിന്റെ മരണത്തിനെഴുതിയ അടിക്കുറിപ്പ്‌ എനിക്കൊന്ന് തിരുത്തണം.
"മിഥുൻ, നീ പറഞ്ഞ്‌ വരുന്നത്‌ കൊലപാതകമാണെന്നാണോ?"
ആകാം ആകാതിരിക്കാം. എന്തായാലും മിതോളജി വിശ്വസിച്ച് ഗന്ധർവ മരണമാണെന്ന് വിശ്വസിക്കാൻ എന്റെ ബുദ്ധി അനുവദിക്കുന്നില്ല. ഇല്ലവും അതിനോട് ചുറ്റപ്പെട്ട കുറെ വിശ്വാസങ്ങളും. ചിലത് ലോജിക് കൊണ്ട് പോലും കെട്ടുകഥയായി പോലും മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട് ജെറോം.
വൈകാരിക ഭക്തിയിലേക്ക് പണ്ടത്തെ ബുദ്ധിജീവികൾ കടത്തിവിട്ട പാഴ് ജല്പനകളാണവ . ആ വൈകാരികത കൊണ്ട് അന്നും ഇന്നും ചിലർ മുതലെടുക്കുന്നു. അതെന്തെങ്കിലുമാവട്ടെ ഇപ്പോൾ എന്റെ ഓപ്പോളിനെ കുറിച്ച് സംസാരിക്കാം ജെറോം.
"ഉം "
ആ വിഷയത്തിലെ ഗൗരവം മനസ്സിലാക്കി ജെറോമോന്ന് മൂളി
ജെറോം നീ വിശ്വസിക്കുണ്ടോ ആ ഗന്ധർവ മരണം?
"ഒട്ടുമില്ല"
ജെറോമിനു ഉത്തരം പറയാൻ അധിക നേരം വേണ്ടി വന്നില്ല
നിന്റെ ഒരു നോവലിൽ പോലും ഈ വിഷയം വന്നിട്ടില്ലല്ലോ? എന്ത് കൊണ്ടാണത്, ഭക്തിയും ഭക്തി വൈകാരികതയും വ്യ്കതമായി മനസ്സിലാക്കുന്ന നിനക്ക് ഇത്തരം വിഷയങ്ങളിൽ മൗനം പാലിക്കുന്നതെന്തു കൊണ്ട് ? ആരെയെങ്കിലും പേടിച്ചിട്ടാണോ അതോ നില നിൽപ്പിനു വേണ്ടിയോ? മിഥുൻ തീർത്തും തന്റെ ആധികാരിക ഭാഷ ഉപയോഗിച്ച് പറഞ്ഞു.
"മിഥുൻ ഞാനിത് പല വട്ടം ആലോചിച്ചതാണ്, എന്നാൽ സാമൂഹിക ചുറ്റുപാടുകൾ , കുടുംബം , നാട്ടുകാർ , മത വൈരികൾ ....ഒത്തിരി കാര്യങ്ങൾ നോക്കണം ഒരു എഴുത്തുകാരന്. എഴുത്തുകാരന് മാത്രമല്ല നിരീശ്വര വാദിയാൽ ഒരു നേതാവിന് പോലും ഇത്തരം കാര്യങ്ങളിൽ മൗനം പാലിച്ചെ പറ്റൂ"
ഞാൻ നിന്നോടൊരു കാര്യം പറയാൻ പോകുന്നു. നീ എതിർക്കില്ല , എനിക്കിത് വേണ്ടി നീ ചെയ്യും.
ഒന്നും മനസ്സിലാവാതെ ജെറോം ചോദിച്ചു. "എന്താണ് മിഥുൻ, നീ പറയൂ"
ജെറോം, നീയിനി ഒരു ക്രൈം ത്രില്ലർ - ഒരു കുറ്റാന്യോഷണ കഥ. നോവലെഴുതാൻ പോകുന്നു, അതിന്റെ തലക്കെട്ട്
"എന്റെ ഓപ്പോൾ"
ആരെയും കൂസാക്കാത്ത, മറ്റൊരാളുടെ നിർദേശമസരിച്ചിതുവരെ ഒന്നും എഴുതാൻ കൂട്ടാക്കാത്ത ജെറോം മിഥുനെ ഒന്ന് സൂക്ഷിച്ച് അമ്പരപ്പോടെ നോക്കി.
"എന്റെ ഓപ്പോൾ" ജെറോം ഉരുവിട്ടു തെല്ലൊരാശ്ചര്യത്തോടെ.
തുടരും...

Jijo

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot