Slider

ഭർത്താവ്

0
Image may contain: 2 people, people smiling, people standing and people sitting


ഉത്സവപറമ്പുകളല്ലൊം തെണ്ടി നാട്ടിലും, കോളേജിലും, കണ്ണിൽ കണ്ട സുന്ദരപയ്യന്മാരെയെല്ലാം വായ്നോക്കി നടക്കുന്ന സമയത്താണ് ആയാൾ കല്യാണാലോചനയുമായി വരുന്നത്
എന്റെ സ്വപ്നങ്ങളിൽ ഏഴയലത്ത് പോലും ഇല്ലാതിരുന്ന അയാൾക്ക് ചായകൊടുക്കുമ്പോൾ ഈ സുന്ദരിക്കുട്ടിയെ കെട്ടിയത് തന്നെ എന്ന് മനസ്സിലോർത്തു ഒന്ന് പുച്ഛിച്ചു ചിരിക്കാനേ തോന്നിയുള്ളു.
ജാതകത്തിന്റെ കാര്യത്തിൽ ബന്ധുക്കൾക്കിടയിൽ പല വിവാഹാലോചനകളും മുടങ്ങി പോകുമ്പോൾ, നക്ഷത്രം പോലും അറിവില്ലാതിരുന്ന എന്നെ അയാൾക്ക് കല്യാണം കഴിക്കാൻ താൽപര്യമാണെന്ന് ബ്രോക്കർ വന്ന് അറിയിച്ചപ്പോൾ ഞാനൊഴികെ വീട്ടിലെല്ലാവരുടേയും മുഖത്ത് സന്തോഷo നിറയുന്നത് ,വിഷമത്തോടെ എനിക്ക് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളു.
അദ്ദേഹത്തിന്റെ സമ്പത്തിന്റെ പെരുമയും,എന്റെ ഇഷ്ടക്കേടും കൊണ്ടാവണം അച്ഛൻ കല്യാണാലോചനയിൽ നിന്ന് പിന്മാറാൻ സ്വർണ്ണത്തിന്റെ കാര്യം പറഞ്ഞത്.
സ്വർണ്ണവും, പണവും ഒന്നും അല്ല ആവശ്യമെന്നും പെൺക്കുട്ടിയെ മാത്രം മതിയെന്നും പറഞ്ഞ് അയാൾ അവിടേയും എന്നെ തോൽപ്പിച്ചു.
കല്യാണദിവസം അച്ഛൻ, എന്റെ കൈ പിടിച്ച് അദ്ദേഹത്തിന്റെ കൈവെള്ളയിൽ ഏൽപ്പിച്ചപ്പോൾ ഒരു സുരക്ഷിതത്വം അനുഭവപെട്ടെങ്കിലും ,ഞാൻ അതൊന്നും കണ്ടതായി ഭാവിച്ചില്ല. ചടങ്ങുകളൊക്കെ കഴിഞ്ഞ് ഭർതൃഗൃഹത്തിലേക്ക് പുറപെടും നേരം അച്ഛനെ കെട്ടിപിടിച്ച് കരയുമ്പോൾ, ഞാനെന്ന മരം കേറി പെണ്ണിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭാവമായിരുന്നു ഞാനപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് കണ്ടത്.
ആദ്യരാത്രിയിൽ ,പാൽകുടിച്ച് വിഹിതം തരുമ്പോൾ അന്യനൊരുത്തന്റെ ഉച്ചിഷ്ടം കുടിക്കാൻ ഞാനാരാ എന്ന ഭാവത്തോടെ അന്യജാതിക്കാരനായ കാമുകന്റെ സ്നേഹത്തെക്കുറിച്ച് പറഞ്ഞ് ,എന്നും രാത്രിയിലെ എന്റെ സ്വപ്നങ്ങൾക്ക് കൂട്ടായ പുൽപായയും, തലയിണയും മിസ്സായതിന്റെ സങ്കടത്തിൽ, പഞ്ഞി പോലുള്ള ബെഡ്ഡിന്റെ ഒരറ്റത്ത് ഒതുങ്ങിക്കിടന്നപ്പോഴും,
കോളേജ് പ്രണയമൊക്കെ സാധാരണയല്ലേ എനിക്കുമുണ്ടായിരുന്നു ഇതുപോലെ ഒരുപാടെണ്ണം എന്ന് പറഞ്ഞു എന്നെ നോക്കി, ഒരു ചിരിയും ചിരിച്ച് രാവിലെ ഉടുത്തൊരുങ്ങിയതല്ലേ, ക്ഷീണം കാണും ഉറങ്ങിക്കോളു എന്ന് പറഞ്ഞ് പുതപ്പെടുത്ത് എന്നെ പുതപ്പിച്ചെപ്പോഴുo ഞാനയാളെ അത്ഭുതത്തോടെ നോക്കിക്കാണുകയായിരുന്നു.
പിന്നീടങ്ങോട്ട് എന്റെ എല്ലാ പൊട്ടത്തരങ്ങൾക്കുo കൂടെനിന്ന് ജീവിതം മുന്നേറുമ്പോൾ അദ്ദേഹം എന്റെ ആരല്ലാമോ ആയിത്തീരുകയായിരുന്നു.
ലീവ് കഴിഞ്ഞ് പ്രവാസത്തിലേക്ക് തിരിച്ചുപോകുമ്പോൾ എത്ര തടഞ്ഞു നിർത്തിയിട്ടും, അനുസരണയില്ലാത്ത കണ്ണുനീർ എന്തിനോ വേണ്ടി പെയ്തു കൊണ്ടേയിരുന്നു.
ആദ്യമായി അമ്മയാകാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ആ കണ്ണുകളിൽ തിരിച്ചറിയാൻ പറ്റാത്ത എന്തൊക്കെയോ ഭാവങ്ങൾ ഞാൻ കാണുകയായിരുന്നു. സന്തോഷത്തിന്റെ, സംതൃപ്തിയുടെ, അഭിമാനത്തിന്റെ അങ്ങനെയങ്ങനെ...
ഭ്രൂണാവസ്ഥയിൽ ഉള്ള കുട്ടിയുടെ വളർച്ചയുടെ ഓരോഘട്ടത്തിലും എന്നേക്കാൾ ശ്രദ്ധ ചെലുത്തിയ അദ്ദേഹത്തിൽ നിന്നും അച്ഛനെന്ന പ്രതിഭയെ അതുവരെ മനസ്സിലാക്കിയിരുന്നതിനേക്കാൾ ഒരുപാട് ഞാൻ മനസ്സിലാക്കുകയായിരുന്നു.
പെറ്റമ്മയുടെ ,അച്ഛന്റെ ,കൂടെ പിറപ്പിന്റെ എല്ലാരുടെ സ്നേഹവും ഒരാൾക്ക് നൽകാൻ കഴിയുമെന്ന വലിയ ഒരു പാഠപുസ്തകമായിരുന്നു പീന്നീടങ്ങോട്ടുള്ള ജീവിതത്തിൽ അയാൾക്കുണ്ടായിരുന്ന സ്ഥാനo
മകൾ പിറന്നപ്പോൾ, തെല്ലു കുശുമ്പോടെ
ഇപ്പോ എന്വേണ്ടാതായി എന്നുള്ള പരിഭവത്തിന് മോളൊടൊപ്പം ഒന്ന് ചേർത്തുനിർത്തുവോളം മാത്രമേ ഉണ്ടായിരുന്നുള്ളു ആയുസ്സ്
അങ്ങനെ ഇണങ്ങിയും, പിണങ്ങിയും ജീവിതനൗക തുഴയുന്നതിനിടയിൽ കൃത്യ സമയത്ത് ആ ഫോൺകോൾ വന്നില്ലെങ്കിൽ അസ്വസ്തയാകുന്ന എന്നെ നോക്കി-
കല്യാണത്തിന് മുൻപ് എന്തായിരുന്നു പെണ്ണിന് അവനോടുള്ള ദേഷ്യം. ഇപ്പോ ഒരു ദിവസം വിളിച്ചിലേൽ ഇരിക്ക പൊറുതിയില്ലെന്ന "അമ്മയുടെ അഭിപ്രായം കേട്ടുവെങ്കിലും കേട്ടില്ലെന്ന് നടിക്കാനേ ഞാനും ശ്രമിച്ചുള്ളു.

പത്മിനി നാരായണൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo