Slider

ഒടിമായക്കുന്ന്

0
ഒടിമായക്കുന്ന്
.................................
നേരം ഇരുട്ടിയിരുന്നു ഡോക്ടർ വിക്ടറിന്റെ കൂടെ കുന്നിന്റെ ചെരിവിലൂടെയുള്ള ഒറ്റയടിപാതയിലൂടെ തെക്കേക്കരയിലെ വലിയ വീട്ടിലേക്ക് നടക്കുമ്പോൾ ഡോക്ടർ എന്നോട് സംസാരിച്ചുക്കൊണ്ടേയിരുന്നു. ഡോക്ടർ വിക്ടർ . ചികിത്സിക്കുന്ന ഡോക്ടറല്ല എല്ലാവരും അങ്ങനെ വിളിക്കു കാരണം പാലൂർക്കാവ് എന്ന ദേശത്ത് അദ്ദേഹത്തിനു മാത്രമേ കുറച്ച് ഇംഗ്ലീഷ് അറിയു .പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട് .
കിലാപത്ത് കാലത്ത് ബ്രിട്ടീഷുകാർക്ക്
ഇളനീരും ചുട്ട കോഴിയും പെണ്ണും ഏർപ്പാടാക്കി കൊടുക്കലും .. പേരിന് നാട്ടുവൈദ്യം കുറച്ചറിയാം .നാട്ടുവൈദ്യം പഠിച്ചത് തെക്കേക്കരയിലെ ശ്രീധരൻ തമ്പിയുടെ പക്കൽ നിന്നുമാണ് .
പാലൂർ ദേശത്തെ താഴെ തട്ടിലുള്ളവർ മാത്രമെ ഡോക്ടർ എന്നു വിളിക്കു .. അധികം പേരും മാപ്പിള വിക്ടർ എന്നാണ് വിളിച്ചത് .
നാടിന് സ്വാതന്ത്ര്യം കിട്ടിയിട്ടും ജൻമിത്തം ജനങ്ങളുടെ മേൽ വാണിരുന്ന കാലം . കീഴ് ജാതിക്കാരെല്ലാം ഒരു കുന്നിൻ ചെരിവിലോ ഉൾക്കാട്ടിലോ ആയിരുന്നു താമസിച്ചിരുന്നത് .
അന്ധവിശ്വാസവും അനാചാരങ്ങളും ഓരോ മനുഷ്യമനസ്സിലും നിറഞ്ഞു നിന്നിരുന്ന കാലം .
തെക്കേക്കരയിലെ ശ്രീധരൻ തമ്പി ഒരു ജൻമിതന്നെയായിരുന്നു തമ്പിയുടെ പൂർവ്വികർ ജീവിച്ചിരുന്ന കാലത്തു തന്നെ നാടുഭരിച്ചിരുന്നു. ഡോക്ടർ വിക്ടറിനെ വല്യ ബഹുമാനമാണ് തെക്കേക്കരയിലെ വലിയ വീട്ടുകാർക്ക് .കാരണം അന്നത്തെ അധികാരി സെൽവത്തിന്റെ വലം കൈയ്യായിരുന്നു ഡോക്ർ വിക്ടർ ..
നടത്തത്തിന് ഞാൻ കുറച്ച്‌ വേഗത കൂട്ടി കൈയ്യിലേ ചൂട്ടു ആഞ്ഞു വീശി കത്തിച്ചു.
പുറകിൽ നിന്നും ഡോക്ടറിന്റെ ചോദ്യം ..
" രാഘവനെന്താ പേടിയുണ്ടോ ??
ഉം ... ഉണ്ട് ഡോക്ടറേ...
എന്തിന് ?
ഞാൻ നടത്തം നിറുത്തി ഡോക്ടറുടെ മുഖത്തേക്ക് ചൂട്ട് വെളിച്ചം മിന്നിക്കൊണ്ട് പറഞ്ഞു .
" മറുതകുന്നിലെ ചേന്നൻ കാർന്നോര് അവരുടെ പരദേവതമൂർത്തികൾക്ക് കർമ്മം ചെയ്ത് പല ബാതകളെയും ദാ ആ കാണുന്ന ചോരക്കുളക്കരയിലെ പാല ചുവട്ടിലാ അടക്കം ചെയ്യാറ് ,
" ചോരക്കുളമോ ?
ഡോക്ടറുടെ ആശ്ചര്യമുള്ള ചോദ്യം ..
" അതേ ... ഡോക്ടർക്കറിയില്ല ചേന്നൻ കാർന്നോരെ വലിയ വീട്ടിലെ ശ്രീധരൻ തമ്പിക്കു പോലും പേടിയാ ... ഒടി വിദ്യകൾ പലതും ഗ്രഹിച്ചിട്ടുണ്ട് അത് നേരിൽ കണ്ടവരുമുണ്ട് .. ഒറ്റ കൊമ്പൻ കാളയായും വാലില്ല നായയായും ഒക്കെ ...ഈ പാലൂർക്കാവിൽ മിക്ക മരണവും ദുർമരണങ്ങളാണ്
" അതേയോ ... എന്നാൽ എനിക്കും കാണണം ആ ഒടി വിദ്യകൾ ... അതിന് മുൻപ് ഇവിടുത്തെ ചോരക്കുളമൊന്ന് കാണണം ...
ഡോക്ടറുടെ ചിരിയും പരിഹാസവും നിറഞ്ഞ മറുപടി കേട്ടപ്പോൾ ഞാൻ ചൂട്ടു ഒന്നുകൂടി ആഞ്ഞു വീശീ .
വടക്ക് ഭാഗത്തെ മറുതക്കുന്നിൽ നിന്നും അലരി പൂവിൻ ഗന്ധവും കൊണ്ട് ഒരു ഉഷ്ണകാറ്റ് ഞങ്ങളെ തഴുകി ചോര കുളത്തിന്റെ കരയിലെ പാലമരച്ചില്ലകളെ ഇളക്കി ..പാല പൂക്കളുടെ തറക്കുന്ന ഗന്ധം പരിസരമാകെ വ്യാപിച്ചു .
ഡോക്ടറുടെ ചോദ്യം വീണ്ടും എനെറ് കാതിൽ വീണു നടക്ക് രാഘവാ എനിക്കാ ചോരക്കുളം കാണണം ...
ചോരക്കുളത്തിനടുത്തേക്ക് നടക്കുമ്പോൾ ഭയത്താൽ വിറക്കുന്നുണ്ടായിരുന്നു ഞാൻ . കൈയ്യിലെ ചൂട്ട് ആഞ്ഞു വീശിയിട്ടും തീ കത്താൻ കാറ്റ് സമ്മതിച്ചില്ല . ഇതാണ് ചോരക്കുളം ..ആ കാണുന്നതാണ് ചേന്നൻ കാർന്നോര് ടെ പാലമരം ..
ഒരു വടവൃക്ഷമായി തലയെടുപ്പോടെ മാനംമുട്ടി നിൽക്കുന്ന പാലമരം അടിഭാഗങ്ങളിൽ നിന്നും സർപ്പ
പോലെ ചുറ്റി പിണഞ്ഞു മുകളിലേക്ക്പ്പോയ തടിച്ച വള്ളികളും കുളത്തിലേക്കിറങ്ങിയ വേരുകളുമായി ഭയപ്പെടുത്തുന്ന ഒരു കാഴ്ച തന്നെ .
പാലയുടെ ചുവട്ടിൽ ഒരു കരിങ്കല്ലിൽ ഒരു എണ്ണ തിരി കത്തുന്നു കുളത്തിലെ കറുത്ത ജലത്തിൽ അതിന്റെ പ്രതി ഭിമ്പം കാണാം .
" ഇതാണോ ചോര കുളം ?
ചോരയൊന്നും കാണുന്നില്ലല്ലോ ?
പുറകിൽ നിന്നും ഡോക്ടറുടെ പൊടുന്നനെയുള്ള ചോദ്യം
" അതേ ... ഇതാണ് ചോരക്കുളം ..ചില വെളളിയാഴ്ച ദിവങ്ങളിൽ നട്ടുച്ചയ്ക്ക് ഈ കുളത്തിലെ വെള്ളം രക്ത നിറമാകും .
എങ്ങിനെ ?എന്താ കാരണം ?
ഡോക്ടറുടെ ചോദ്യമവസാനിക്കും മുമ്പേ പാലമരച്ചിലകളെ ഉലച്ചുക്കൊണ്ട് കടവാവലുകൾ പറന്നകന്നു കുളത്തിലെ ജലപ്പരപ്പിന് മുകളിലേക്ക് മഴ പെയ്യും പോലെ പാല പൂക്കൾ കൊഴിഞ്ഞു കൊണ്ടിരുന്നു. വേരുകൾക്കിടയിൽ നിന്നും ഒരു ശീൽക്കാര ശബ്ദം കൈയ്യിലെ ചൂട്ട് വീശിനോക്കി .. ഫണം വിടർത്തി നിൽക്കുന്ന ഒരു കരിനാഗം . പേടിയോടെ പിറകോട്ട് മാറി ..പാലമരപ്പൊത്തിൽ നിന്നും
തിളങ്ങുന്ന കണ്ണുകളുമായി മൂങ്ങകൾ അപശബ്ദങ്ങൾ പൂറപ്പെടുവിച്ചു .. ഡോക്ടറുടെ കൈ പിടിച്ചു വേഗത്തിൽ നടന്നു ... അപ്പോഴും ഡോക്ടർ ചിരിച്ചു കൊണ്ട് ചോദിച്ചു ...
" ചോരക്കുളത്തിന്റെ കഥ പറഞ്ഞില്ല ...
" പറയാം ..വേഗം വാ തെക്കേക്കരയിലേക്ക് അരനാഴികനേരം ഇനിയും നടക്കണം .
ചോരക്കുളത്തിന്റെ കഥ ഞാൻ പറയാം .. ചേന്നൻ കാർന്നോരുടെ വേളി കഴിഞ്ഞ് നാലാം ദിവസം ശ്രീധരൻ തമ്പിയും രണ്ടു കൂട്ടാളികളും ചേന്നന്റെ പെണ്ണിനെ നശിപ്പിച്ചു നമ്മൾ കണ്ട ആ കുളത്തിൽ കൊന്നിട്ടു .കൊന്നതിന് ശേഷം കാവിലെ കോമരത്തിന്റെ ചുവന്ന പട്ട് ശവത്തിന് മേലെ ചുറ്റി .. പിന്നെ വലിയ വീട്ടിലെ കാളയെക്കൊണ്ട് കുത്തിച്ച് ദേഹമാസകലം മുറിവേൽപ്പിച്ച് കുളത്തിലിട്ടു .. ചോര വാർന്ന് കുളത്തിലെ വെള്ളം മുഴുവനും ചുവന്ന നിറമായി ... കൊന്നതാണെന്നുള്ള തെളിവ് പട്ടു ശവത്തിന് മേലെ ചുറ്റിയത് തന്നെയായിരുന്നു. തമ്പിയുടെ കൂടെയുണ്ടായിരു രണ്ടു പേരെയും ചേന്നൻ ഒടിയൻ മായത്തിലൂടെ ഒറ്റ കൊമ്പൻ കാളയായി വന്നു കുത്തിക്കൊന്നു .. അന്നു മുതൽ തമ്പിയും ചേന്നനും ശത്രുക്കളായി .ചേന്നൻ ദൂർ മന്ത്രവാദങ്ങളും ആഭിചാരങ്ങളും പഠിച്ചു തമ്പിയെ വക വരുത്താൻ .
തമ്പി വർഷങ്ങളായി പുറത്തിറങ്ങിയിട്ട് . ചേന്നൻ തമ്പിയെ കൊല്ലും അത് സത്യാ .
ഈ സംഭവങ്ങൾ നടക്കുമ്പോൾ എനിക്ക് പതിനഞ്ച് വയസ്സാ .തമ്പിയുടെ പീഡനങ്ങൾക്കിരയായ ഒരുപാട് സ്ത്രീ ജനങ്ങളുണ്ട് ഈ ദേശത്ത് . കിലാപത്ത് കാലത്ത് വെള്ളക്കാർക്ക് ചേന്നന്റെ കൂട്ടത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാഴ്ചവെച്ചതും കൊല്ലിച്ചതിലും ഒക്കെ തമ്പിയുമുണ്ടായിരുന്നു. ഒരുപാട് പാപങ്ങൾ ചെയ്ത ജന്മമാണ് അസുര ജന്മം . ഇപ്പോ പ്രായം അയാളെ തളർത്തി പല്ല് പോയ സിംഹമായി .. തെക്കേക്കര നശിച്ചു . പാലൂർ കാവിലെ ദേവിയുടെ കോമരം ശങ്കരൻ കുട്ടിക്ക് ഭ്രാന്തും പിടിച്ചു ഇപ്പോഴും ഇരുട്ടുമുറിയിൽ വൃണങ്ങളുമായി മരിക്കാതെ വേദനയനുഭവിച്ചു നരകിച്ചു കൊണ്ടിരിക്കുന്നു. തമ്പിയെ പോലെ ദുഷ്ടനായിരുന്നു . കാവിലെ ദേവി ക്ഷേത്രത്തിൽ ചൈതന്യം നഷ്ടപ്പെട്ടു .. . അതിനു പിന്നിൽ ചേന്നനാണെന്നും പറയപ്പെടുന്നു . അമ്പലകുളത്തിൽ ചേന്നന്റെ കൂട്ടത്തിലെ ഒരു തീണ്ടാരി പെണ്ണ് കുളിച്ചു .അങ്ങനെ പല തന്ത്രങ്ങളും ചേന്നൻ ചെയ്തു കൂട്ടി ... തമ്പിയെ കൊല്ലാൻ .. ഒറ്റ കൊമ്പൻ കാളയായ് ചേന്നൻ ചില വെള്ളിയാഴ്ചകളിൽ രാത്രി കാലങ്ങളിൽ തെക്കേക്കരയിലെ വലിയ വീടിന്റെ മുറ്റത്ത് ചെല്ലാറുണ്ടത്രെ . രാവിലെ ചാണകം കണി കാണാറുണ്ടത്രേ ...
തെക്കേക്കരയിലെ വലിയ വീടിന്റെ മുറ്റത്തെത്തിപ്പോഴാ കഥ നിറുത്തിയത് ..
നീണ്ട മരത്തൂണുകളുള്ള കോലായിയിൽ കഴുക്കോലിൽ തൂക്കിയിട്ടുള്ള റാന്തലിന്റെ അരണ്ട വെളിച്ചം .. മുറ്റത്ത്‌ നിന്ന് ഡോക്ടർ ഒന്നു ചുമച്ചു.
അല്പം കഴിഞ്ഞ് ഒരു സ്ത്രീ പുറത്തേക്ക് വന്നു പതിയേ ചോദിച്ചു.
" ആരാ എവട്ന്നാ ...?
" ഞാൻ വിക്ടർ ... തമ്പിയെ കാണാൻ വന്നതാ ,
" അച്ഛൻ കിടക്കാ ഞാൻ വിളിക്യാ ട്ടോ .. കേറിരുന്നോളു .
ഡോക്ടർ കോലായിലേക്ക് കയറിയിരുന്നു .
മുറ്റത്ത്‌ തന്നെ നിന്ന ഞാൻ നാലുപാടും ഒന്നു കണ്ണോടിച്ചു .. കാവിലെ വടവൃക്ഷങ്ങൾ ഒരു മുരൾച്ചയോടെ ആടുന്നു .നിബിഡാന്ധകാരത്തിൽ നിന്നും എന്തൊക്കെയോ ശബ്ദങ്ങൾ കരിയിലകൾ ഞെരിഞ്ഞമരുന്ന പോലെ .. വേഗം കോലായിലേക്ക് കയറി ...
അല്പനേരം കഴിഞ്ഞ് എഴുപത് വയസ് പ്രായമായ തമ്പി ഒരു വടിയും കുത്തി കോലായിലേക്ക് വന്നു.. നിറുത്താതെ ചുമച്ചു കൊണ്ട് തമ്പി മരം കൊണ്ടുണ്ടാക്കിയ ചാരുകസേരയിലിരുന്നു .
കോലായി തിണ്ണയിൽ വെച്ച റാന്തലിന്റെ തിരി അല്പ്പം നീട്ടിവച്ചു തമ്പി.
" ഞാനാണ് വിക്ടർ ... തമ്പിയെ ഒന്നു കാണാൻ വന്നതാ ..
,ഡോക്ടറിന്റെ ചോദ്യം കേട്ടു തമ്പിയൊന്നു മൂളി ..
" വിക്ടർ ഈ വഴിയൊക്കെ മറന്നു ല്ലെ ..
" ഇല്ല .. അധികാരി സെൽവത്തിന്റെ കൂടെ നിലമ്പൂരായിരുന്നു. കുറച്ച് പച്ച മരുന്നുകൾ ശേഖരിക്കാൻ .പിന്നെ ചില നായാട്ടുകളും ബീഡിയിലേ
ക്കുള്ള കുറച്ച് കഞ്ചാവും .
എനിക്ക് മറുതക്കുന്നിലെ ചേന്നനെ ഒന്നു കാണണം .അതിനു മുൻപ് അങ്ങയെ ഒന്നു കാണാം എന്നു കരുതി അതാ രാഘവനെയും കൂടെ കൂട്ടിയത് .
തമ്പി എന്തോ ആലോചനയിൽ മുഴുകി പുറത്തേ അന്ധകാരത്തിലേക്ക് നോക്കി ..
" എന്തിനാ ഇപ്പോ ചോന്നനെ കാണണത് ?
" വിഷവൈദ്യം അതിനെ കുറിച്ച് ഒന്നു മനസ്സിലാക്കണം .. അങ്ങേയ്ക്ക് അതറിയില്ലല്ലോ .. അങ്ങ് പടിപ്പിച്ചത് മറന്നിട്ടില്ല .
തമ്പി ഒന്നു ചിരിച്ചു പിന്നെ മെല്ലെ പറഞ്ഞു ..
" ചേന്നൻ വിഷം ഊതിയിറക്കുന്നത് പച്ച മരുന്നുക്കൊണ്ടല്ല .... അവന്റെ മൂർത്തികളുടെ ശക്തി കൊണ്ടാണ് .നീ വെറുതേ ശ്രമിക്കണ്ട അപകടമാണ് ,
" നോക്കാം ഒന്നു കണ്ടു സംസാരിക്കട്ടെ ...
അതു പറഞ്ഞു ഡോക്ടർ പുറത്തേക്കിറങ്ങി .. മുറ്റം കഴിയുന്നതിന് മുന്നേ തിരിഞ്ഞു തമ്പിയേ നോക്കി ചോദിച്ചു. മൂത്ത മരുമകൾ ...?
" കോലായിലേ ഇരുട്ടിൽ നിന്നും തമ്പിയുടെ ശബ്ദം .. മൂത്തവന്റെ വേളിക്കിത് നാലാം മാസമാണ് .
തിരികേ പോരുമ്പോൾ ഡോക്ടർ ഒരു ബീഡിക്ക് തീകൊളുത്തി .. അതിന്റെ പുകയിൽ നീലച്ചടയൻ കഞ്ചാവിന്റെ രൂക്ഷഗന്ധമുണ്ടായിരുന്നു.
നേരം ഏറെ വൈകിയിരുന്നു ... മറുതക്കുന്നിലേക്ക് നടക്കുമ്പോൾ ഡോക്ടറുടെ ചിന്തയിലും സംസാരത്തിലും കഞ്ചാവിന്റെ ലഹരി പടർന്നിരുന്നു ...
കനത്ത ഇരുട്ടിലൂടെ ചൂട്ടിന്റെ അരണ്ട വെളിച്ചത്തിൽ വേഗതയിൽ നടന്നു. ഭയം കൊണ്ടു മനവും മെയ്യും തണുത്തുറഞ്ഞിരുന്നു. ദൂരെ കാണുന്ന ചിമ്മിണി വെട്ടം ചേന്നന്റെ പനയോല കൊണ്ടുള്ള വലിയ കുടിൽ .. അടുത്തെത്തിയപ്പോൾ വലിയ മുറ്റത്ത് കുറച്ചു പേർ .. ഡോക്ടറെയും എന്നെയും കണ്ടയുടെ മുറ്റത്ത് നിന്നവർ തൊഴുതു കൊണ്ട് ഒരു വശത്തേക്ക് മറി നിന്നു .
അടുത്തടുത്തായി അഞ്ചാറു വീടുകൾ .. ചാണകം തളിച്ച് മെഴുകിയ വലിയ മുറ്റത്ത് ഞങ്ങൾക്കിരിക്കാൻ ഒരു കൈതോല പയ വിരിച്ചു .ഡോക്ടറും ഞാനുമതിൽ ഇരുന്നു കറുത്തു തടിച്ചൊരാൾ മുറ്റത്തൊരു കളം വരയ്ക്കുന്നു. പച്ചരി പൊടിയിൽ തീർത്ത ആ കളത്തിനു നടുവിൽ ഒരു നാക്കിലയും നാലു കോണിൽ നാലുതിരിയും കത്തിച്ചു ആ തടിച്ചയാൾ മൂലമന്ത്രങ്ങൾ മനസ്സിൽ മന്ത്രിച്ചുക്കൊണ്ടിരുന്നു .
പുറകിൽ നിന്നും ഒരു ചുമ തിരിഞ്ഞു നോക്കുമ്പോൾ ചേന്നൻ കുറുത്ത നിറം ചോര കണ്ണുകൾ ഉയരം കുറഞ്ഞൊരാൾ . എന്റെ നെഞ്ചിൽ പേടിയുടെ ഒരു തീയാളി കത്തി . ചേന്നൻ ഡോക്ടർ വിക്ടറിന് മുന്നിൽ നിന്നു.
" മാപ്പിള ഡോക്ടർ വന്നതിന്റെ ഉദ്ദേശവും മനസ്സിലായി .തെക്കേക്കരയിലെ പകൽ മാന്യനെയും കണ്ടു ല്ലെ . ഞാൻ ചോരക്കുളത്തിലുണ്ടായിരുന്നു. തമ്പിയുടെ കൈയ്യിൽ തീർന്ന എന്റെ ചീര പെണ്ണിന്റെ ആത്മാവിനോട് തമ്പിയുടെ തകർച്ചയുടെ കഥ പറയാൻ . മുപ്പത്തിമുക്കോടി ഭൂതഗണങ്ങളിലെ ഒരു മൂർത്തി അവളുടെ ആത്മാവിനോട് ചേർന്നലിഞ്ഞിട്ടുണ്ട് ... എന്റെ മരണശേഷവും പാലൂർക്കാവിൽ അവളുണ്ടാകും ആ കുളത്തിൽ .
അത് പറയുമ്പോൾ ചേന്നന്റെ തൊണ്ടയിടറിയി കണ്ണുകൾ നിറഞ്ഞിരുന്നു.
" തമ്പി ... അവന്റെ അതിഥി എന്റെ ശത്രുവാണ് മാപ്പിളയ്ക്ക് പോകാം . ചേന്നൻ കോപാഗ്നിയിൽ ജ്വലിക്കുകയായിരുന്നു.
ഡോക്ടർ വിക്ടർ ഒരു ബീഡിക്കു ക്കൂടി തീ കൊളുത്തി പിന്നെ ചേന്നനെ നോക്കി ഊറിയിരിച്ചു .
" ചേന്നൻ എന്റെ നേരെ നോക്കി വീണ്ടും പറഞ്ഞു ..
" രാഘവാ മാപ്പിളയെ കൊണ്ടു പോ ..
കർമ്മങ്ങൾക്ക് ഭംങ്കം വരുത്തരുത് .
" ചേന്നാ ഇപ്പോ ഞാൻ പോകുന്നു .. ഇനിയൊരു വരവു കൂടി വരും അന്ന് ചേന്ന നീ ഈ പറച്ചിൽ പറയില്ല .എന്നെയറിയാല്ലോ മന്ത്രവും മറിമായവുമല്ല ... തൂക്കിയെടുത്ത് കൊണ്ടു പോകും ..
ഡോക്ടർ ചേന്നനു നേരനോക്കി അത് പറഞ്ഞപ്പോൾ മുറ്റത്തു നിന്നിരുന്നവർ ഞങ്ങൾക്ക് നാലുവശവും നിരന്നു നിന്നു.
ചേന്നൻ മുകളിലേക്ക് നോക്കി 'ഉറക്കെ.അട്ടഹസിച്ചു മറുതക്കുന്നും കടന്നു പോയ് ആ ചിരിയുടെ ശബ്ദം തെക്കേക്കരയിലെ വലിയ വീടിന്റെ മേൽക്കൂരയും കടന്നു പോയി .. ഇരുട്ടിലെവിടെയോ ഒരു നായയുടെ മുരൾച്ച .
" മാപ്പിളെ ദാ ഇത് കണ്ടോ ഈ കളം തമ്പിക്കുള്ളതാ ഇത് ,
ഈ വെള്ളി ദിനത്തിലെ കറുത്തിരുണ്ട പാതിരാത്രിയിൽ തുടങ്ങി അവനു കരുക്കളെ തയ്യാറാക്കൽ .തെക്കേക്കര വലിയ വീട്ടിൽ ഒരു കുഞ്ഞിക്കാല് കാണാൻ പോകുന്നു ല്ലെ .. എന്നാൽ ഒന്നു കേട്ടോ ...
തമ്പിക്ക് പരമ്പരയുണ്ടാകില്ല ..
ആ തറവാട്ടിൽ ഇനിയൊരു ജീവൻ പിറക്കില്ല മരണം മാത്രമേ ഉണ്ടാകു . പൊയ്ക്കോ പോകുമ്പോൾ നിങ്ങൾക്കൊരു അതിഥിയുണ്ടാകും അലരി മരച്ചുവട്ടിൽ ...
ഡോക്ടടറെയും കൊണ്ട് തിരിച്ചുപോരുമ്പോൾ വഴി വക്കിലെ അവരിച്ചുവട്ടിൽ വാലില്ലാത്തൊരു വലിയ നായ മുന്നോട്ട് ചാടി ... തൊണ്ടയിൽ നിന്നുംഒരു നിലവിളി പുറത്തേക്ക് വന്നു. ഇരുട്ടിലൂടെ ഡോക്ടറിന്റെ കൈ പിടിച്ച് ഓടി .. ചെന്ന് നിന്നത് ചോരക്കുളത്തിന്റെ കരയിൽ ... എന്തോ വെള്ളത്തിലേക്ക് വീഴുന്ന ശബ്ദം .ഡോക്ടറുടെ കരച്ചിൽ വെള്ളത്തിൽ നിന്നും കൈകാലുകളിട്ടടിക്കുന്നു .. ആകാശത്തെ മരിമേഘങ്ങൾ നീങ്ങി ചന്ദ്രന്റെ നേരിയ നിലാവ് പരന്നു പാലമരത്തിനു മുകളിൽ വവ്വാലുകൾ വട്ടമിട്ടു പറന്നു .വെള്ളത്തിൽ നിന്നും കയറാനാകാതെ ഡോക്ടർ വിക്ടർ മുങ്ങി താഴ്ന്നു ക്കൊണ്ടിരുന്നു. .പാലമര വേരുകൾക്കിടയിൽ നിന്നും ശീൽക്കാരം കേട്ടു ഫണം വിടർത്തിയ കരിനാഗം ചോരക്കുളത്തിലേക്കിഴഞ്ഞിറങ്ങി .ഞൊടിയിടയിൽ നാഗം ഡോക്ടറിന്റെ കഴുത്തിൽ ചുറ്റി മുഖത്തേക്ക് ഫണം വിടർത്തി നിന്നു നഗത്തിന്റെ ചുവന നാവുകൾ നെറ്റിത്തടത്തിന് മുകളിൽ ഒന്നു തൊട്ടു പിന്നെ ആഞ്ഞുക്കൊത്തി ... ഒരലർച്ചയോടെ ഡോക്ടറും നാഗവും ജലത്തിനടിയിലേക്ക് താഴ്ന്നു പോയി .. കുമിളകൾ ജലത്തിനു മുകളിലേക്ക് വന്നു കൊണ്ടേയിരുന്നു.
ഇരുട്ടിൽ തപ്പിത്തടഞ്ഞ് വീടിന്റെ ഉമ്മറത്തേക്ക് വീഴുകയായിരുന്നു .. വിടിന്റെ തെക്കുവശത്തെ ഇടവഴിയിലൂടെ അഞ്ചാറു പേർ ചൂട്ടു കത്തിച്ച് പോകുന്നു ..സൂക്ഷിച്ചു നോക്കിയപ്പോൾ വയറ്റാട്ടി കാർത്തുവാണ് മുന്നിൽ നടക്കുന്നത് .
മനസ്സിൽ ഒരപകടം കണ്ടു ..കാർത്തുവിനെ തടഞ്ഞു ചോദിച്ചു ..
തമ്പിയുടെ പുരയിലേക്കാണെന്നും പറഞ്ഞ് കാർത്തു വേഗത്തിൽ ഇരുട്ടിലുടെ നടന്നകന്നു .അകത്തേ മുറിയിൽ പുതച്ചു കിടന്നു ശരീരം വെട്ടി വിറയ്ക്കുന്നു നെറ്റി ചുട്ടുപൊള്ളുന്ന പനി .. ചിന്തകൾ ചേന്നനിലേക്ക് സഞ്ചരിച്ചു .. ഉറങ്ങാതെ നേരം വെളുപ്പിച്ചു .. രാവിലെ ഉണർന്നപ്പോൾ ആ നടുക്കുന്ന വാർത്തയാണറിഞ്ഞത് ..തമ്പിയുടെ മൂത്ത മരുമകൾ നാല് മാസം ഗർഭിണയായ സ്ത്രീ മരണപ്പെട്ടിരിക്കുന്നു. അപ്പോഴേക്കും ചോരക്കുളത്തിന്റെ അടുത്തേക്ക് ആളുകൾ ഓടുന്നുണ്ടായിരുന്നു. ഡോക്ടർ വിക്ടറിന്റെ ശവം പൊന്തിയത് കാണാൻ ...
ശരീരമാസകലം വേദനയായ് ഞാൻ പുറത്തേക്കിറങ്ങാതെ പുരയിൽ തന്നെ ഇരുന്നു .കഴിഞ്ഞ രാത്രിയിലെ സംഭവങ്ങൾ എത്ര ഓർക്കാൻ ശ്രമിച്ചിട്ടും ഒന്നും ഓർമ്മയിൽ തെളിയാതെ ഒരു മന്ദാവസ്ഥയിൽ ...
മൂന്നാം നാൾ രാത്രിയുടെ മൂന്നാം യാമത്തിൽ ഞെട്ടിയുണർന്നു പുറത്തു നിന്നും രക്തത്തിന്റെ ഗന്ധം മുറിയിലേക്ക്പരക്കുന്നു . വാതിൽ തുറന്നു നോക്കുമ്പോൾ ഞെട്ടിത്തരിച്ചു .. കോലായിൽ ഗർഭിണിയായ തമ്പിയുടെ മരുമകൾ വയറ് പൊട്ടി ഭ്രൂണം നിലത്തു ചാടി പിടഞ്ഞു കരയുന്നു .ഭയത്താൽ ഞാൻ മുറിയിലേക്ക് ഓടിക്കയറി . വാതിലടച്ചു ..അല്പം കഴിഞ്ഞു നോക്കുമ്പോൾ കാഴ്ച കണ്ടിടത്ത് ഒരു ഒറ്റ കൊമ്പൻ കൂറ്റൻ കാള കിടക്കുന്നു. ഇടയ്ക്കിടെ തല കുലുക്കി കൊണ്ടിരുന്നു . മറുത കുന്നിൽ നിന്നും ഒരു കാലൻ കോഴി കൂവുന്നു. ഒറ്റ കൊമ്പൻ കാള മുറ്റത്തേക്കിറങ്ങി തെക്കേക്കരയിലെ വലിയ വീട് ലക്ഷ്യമാക്കി ഇരുട്ടിലൂടെ കുതിച്ചു പാഞ്ഞു .ശ്രീധരൻ തമ്പിയുടെ മരണമറിയിച്ച്‌ മറുതക്കുന്നിൽ നിന്നും അപ്പോഴും കാലൻ കോഴി കൂവിക്കൊണ്ടേയിരുന്നു .. പാലൂർക്കാവിൽ ഇരുട്ട് കനത്തു തന്നെ കിടന്നു.
.......മുരളിലാസിക ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo