Slider

അമ്മയുള്ളതാണ് ഇന്നും ഏറ്റവും വലിയ ഭാഗ്യവും..

0

അമ്മയുടെ കഴുത്തിൽ കിടക്കുന്ന കരിമണി മാലയായിരുന്നു അച്ഛൻ കൊടുത്ത സമ്മാനം. ഒരിക്കൽപ്പോലും അമ്മയുടേതായ ഒരാഗ്രഹങ്ങളും അച്ഛനോട് പറഞ്ഞിട്ടില്ല.
വീടിന്റെ പൊട്ടിപ്പോയ ഓടു മാറ്റിയിടണം. അല്ലെങ്കിൽ മഴ പെയ്താൽ കുട്ടികൾ കിടക്കുന്നിടം നനയും. ഇളകി കിടക്കുന്ന തറയിൽ സിമെന്റ് കുഴച്ചു അടയ്ക്കണം. വല്ല പഴുതാരയോ, തേളോ കയറിയിരുന്നാൽ കുട്ടികളെ കടിയ്ക്കും. ഇങ്ങനെയുള്ള കാര്യങ്ങൾ ഇടയ്ക്കിടെ അമ്മ അച്ഛനെ ഓർമിപ്പിച്ചുക്കൊണ്ടിരുന്നു. വലിയ വീടൊന്നും അമ്മ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അല്ലെങ്കിലും അച്ഛനെക്കൊണ്ടു അതൊന്നും കഴിയില്ലാന്ന് അമ്മയ്ക്ക് അറിയാമായിരുന്നു.
മക്കൾ കിടക്കുന്ന മുറികളിലെ വാതിലുകളും ,ജനലുകളും ഉറപ്പുള്ള പാളികളും, പൂട്ടുകളും കൊളുത്തുകളും വെച്ചുറപ്പിച്ചിരുന്നു. അപ്പോഴും ആകാശം കാണുന്ന ഓടിന്റെ വിടവിലൂടെയും ദ്രവിച്ച ജന്നൽപ്പാളികളുടെ അരിച്ചിറങ്ങുന്ന നിലാവിലൂടെയും , തറയിൽ വിരിച്ച അരിപ്പായയിൽ കിടന്നു അച്ഛനും അമ്മയും മക്കളുടെ ഉയർച്ച മാത്രം സ്വപ്നം കണ്ടിരിന്നു.
സ്കൂളിൽ നിന്നു ടൂർ പോകുന്നെന്നു പറയുമ്പോൾ അച്ഛനോടു പറയാൻ പേടിയായിരുന്നു. അതും അമ്മയുടെ മുമ്പിൽ മാത്രമേ അവതരിപ്പിച്ചിട്ടുള്ളു. അച്ഛനോടു പറയാൻ അമ്മയെ പറഞ്ഞേൽപ്പിച്ചിട്ടു രാത്രി അമ്മയുടെയും അച്ഛന്റെയും സംഭാഷണങ്ങൾക്ക് കാതോർക്കുമായിരുന്നു.
അതേയ്,
അവരുടെ സ്കൂളിൽ നിന്നു ടൂർ പോകുന്നുണ്ടെന്ന്. നമ്മുടെ മക്കൾക്കും പോകാനാഗ്രഹമുണ്ട്. അല്ലെങ്കിൽ എല്ലാ കുട്ടികളും പോകുമ്പോൾ അവർക്കും സങ്കടമാകില്ലേ ?
കഴിഞ്ഞ വർഷവും ചോദിച്ചപ്പോൾ ഈ വർഷം നോക്കാമെന്ന് പറഞ്ഞത.....!
ഇതിനുള്ള പണത്തിനു എന്തുച്ചെയ്യുമെന്നു അൽപ്പം ദേഷ്യത്തോടെ അച്ഛൻ ചോദിയ്ക്കുമ്പോൾ ,നിങ്ങള് സമ്മതിച്ചാൽ മതി എന്നമ്മ പറയും. അടുക്കളയിലെ അരി പാത്രത്തിൽ അച്ഛൻ ചിലവിനു കൊടുക്കുന്നതിൽ നിന്നു മിച്ചം പിടിച്ചു വെച്ചിരിക്കുന്ന പണമായിരിക്കും അമ്മയുടെ മുമ്പിലുള്ള മക്കളുടെ ആഗ്രഹം സാധിയ്ക്കാനുള്ള ഏക വഴി.
പത്താം ക്ലാസ്സു അവസാനമുള്ള ഗ്രൂപ്പു ഫോട്ടോ വാങ്ങാനും, ഓട്ടോഗ്രാഫ് വാങ്ങാനുമെല്ലാം അമ്മയുടെ ഈ അരിക്കലം മാത്രമായിരുന്നു ആശ്രയം.
പലപ്പോഴും അരിക്കലത്തിലിരിക്കുന്ന മുഷിഞ്ഞ നോട്ടുകൾ കാണുമ്പോൾ ഞങ്ങൾ ചോദിയ്ക്കുമായിരുന്നു. അമ്മയെന്തിനാ ഇങ്ങനെ പൈസ സൂക്ഷിച്ചു വെച്ചിരിക്കുന്നത് ?
ഇതുവെച്ചു വേണം എനിയ്ക്കൊരു ആട്ടിൻകുട്ടിയെ വാങ്ങാൻ. എന്നിട്ടതിനു കിങ്ങിണിയെന്നു പേരുമിടണം. എന്നിരിന്നാലും ഒരിക്കൽപ്പോലും ആ പണം സ്വരൂപിച്ചു കൂട്ടി അമ്മയ്ക്ക് ആഗ്രഹം സാധിയ്ക്കാൻ കഴിഞ്ഞിട്ടില്ല.
പത്താം ക്ലാസ്സു കഴിഞ്ഞു പ്രീഡിഗ്രിയ്ക്ക് കോളേജിൽ പോയി തുടങ്ങിയപ്പോൾ മുതൽ ചേച്ചിയുടെ ആഗ്രഹമായിരുന്നു. ഒരു ചുരിദാർ വേണമെന്നുള്ളത്. എന്റെ കൂട്ടുകാരികളെല്ലാം ചുരിദാർ ഇട്ടുക്കൊണ്ടാണ് വരുന്നത്. ഞാൻ മാത്രം പാവാടയും ബ്ലൗസ്സും. ചേച്ചിയുടെ സങ്കടത്തിന് മുന്നിൽ അമ്മയുടെ കാതിൽ കിടന്ന ഏക പൊന്നിന്റെ തരിയായ മൊട്ടുക്കമ്മലാണ് ഊരേണ്ടി വന്നത്.
തലേന്നു കറി വെച്ച മൺച്ചട്ടിയിൽ രാവിലെ പഴങ്കഞ്ഞിയും കുടിച്ചു ജോലിയ്ക്കു അച്ഛൻ പോകുമ്പോൾ ഞങ്ങൾക്കു വേണ്ടി അമ്മ ദോശയോ, അപ്പമോയൊക്കെയുണ്ടാക്കുന്ന തിരക്കിലായിരിക്കും. ഓണത്തിനോ ,വിശേഷ ദിവസങ്ങളിലോ അല്ലാതെ ഒരിക്കൽപ്പോലും അച്ഛൻ ഞങ്ങളുടെ കൂടെയിരുന്നു രാവിലെ പലഹാരങ്ങൾ കഴിച്ചിട്ടില്ല.
ഞങ്ങൾ സഹപാഠികളെയും കൂട്ടി വീട്ടിൽ വരുമ്പോൾ ഉള്ളതിൽ വെച്ചു ഏറ്റവും നല്ല കോട്ടൻ സാരിയായിരിക്കും അമ്മ ഉടുക്കുക. ഏറ്റവും നല്ല ഭക്ഷണമായിരിക്കും അവർക്ക് വെച്ചുവിളമ്പി കൊടുക്കുക. കൂട്ടുക്കാരുടെ മുമ്പിൽ മക്കളൊരിക്കലും തരം താഴരുതെന്നു അമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നു.
ഇന്നും എത്ര നേരമിരുട്ടിയാലും ഉമ്മറത്ത് അമ്മ കാത്തിരിക്കും. മക്കൾ വന്നിട്ടു മാത്രമേ അമ്മ അത്താഴം കഴിച്ചിരുന്നുള്ളു. മക്കളുടെ വയറു നിറഞ്ഞതിനു ശേഷം മാത്രമേ അമ്മയ്ക്കിന്നും സമാധാനത്തോടെ ഉറങ്ങാൻ കഴിയു.
ഏതു പാതിരാത്രിയിലും ആ വാതിൽ തുറന്നു തരാൻ അമ്മയുണ്ടെന്നുള്ള വിശ്വാസമാണ് എത്ര ഇരുട്ടിയാലും വീട്ടിലേക്ക് പോകാൻ ധൈര്യമുള്ളത് .
സ്നേഹത്തിൽ പൊതിഞ്ഞ ശകാരവുമായ്, ചോറുക്കലത്തിലെ വറ്റുമായ് കാത്തിരിക്കാൻ അമ്മയുള്ളതാണ് ഇന്നും ഏറ്റവും വലിയ ഭാഗ്യവും......!
രചന: ഷെഫി സുബൈർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo