Slider

#ഭാര്യ

0
അവള്‍ എന്റെ ജീവിതത്തിലേക്കു വന്നതുമുതലാണ് എല്ലാത്തിനും ഒരടുക്കും ചിട്ടയൊക്കെ വന്നു തുടങ്ങിയത്...
രാത്രി ഒരുപാട് വെെകി വീട്ടില്‍ കയറിവന്നിരുന്ന ഞാന്‍ നേരത്തെ വീട്ടില്‍ വരാന്‍ തുടങ്ങിയതും,
സൂര്യന്‍ ഉച്ചിയിലെത്തുന്ന വരെ പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടിയ എന്നെ നേരത്തെ എഴുന്നേല്‍ക്കാന്‍ ശീലിപ്പിച്ചതും അവളാണ്...
ഒരു യത്തീം കുട്ടിയെ കല്യാണം കഴിക്കണമെന്ന എന്റെ ആഗ്രഹത്തെ ആദ്യം എതിര്‍ത്തത് ഉമ്മയായിരുന്നു...
വാപ്പയില്ലാത്ത ഒരു പെണ്ണിനെ കെട്ടി കൂടെ പൊറുപ്പിക്കേണ്ട ആവശ്യമൊന്നും നിനക്കില്ലാന്നും,
നമ്മുടെ കുടുംബത്തിന്റെ നിലക്കും വിലക്കുമൊത്ത ഒരു കുട്ടിയെ കെട്ടിയാല്‍ മതി എന്ന ഉമ്മാന്റെ നിര്‍ബന്ധത്തെ വകവെക്കാതെയാണ് ഉപ്പയില്ലാത്ത അവളെ ഞാന്‍ കല്യാണം കഴിച്ചത്...
എന്റെ ഉറച്ച തീരുമാനത്തെ എല്ലാവരും പാതിമനസ്സോടെ സമ്മതിച്ചെന്നു മാത്രം..
അവരുടെ ഇഷ്ടത്തിനല്ലാതെ നടത്തിയ കല്യാണമായതിനാല്‍ എല്ലാ നീരസവും ഉമ്മ അവളുടെ മേല്‍ തീര്‍ക്കുന്നത് പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്...
അവരെയൊന്നും ധിക്കരിക്കണമെന്നാഗ്രഹിച്ചല്ല അങ്ങനൊരു തീരുമാനം ഞാനെടുത്തത്...
ഇന്ന് ഞാനൊരു ഗള്‍ഫുകാരനാണ്... എന്റെ കയ്യില്‍ നല്ല പെെസയുമുണ്ട്... പക്ഷെ നാളെ എങ്ങനെയാവും എന്നു പറയാന്‍ പറ്റില്ലല്ലോ...?
എന്റെ ഇപ്പഴത്തെ സ്റ്റാറ്റസിനനുസരിച്ചൊരു പെണ്ണിനെ കെട്ടിയാല്‍ ഒരു പക്ഷേ ഈ ആര്‍ഭാടങ്ങളെല്ലാം ഒരു സുപ്രഭാതത്തില്‍ അവസാനിച്ചാല്‍ അതവളുടെ സ്റ്റാറ്റസിനെ ബാധിക്കും... ഒരിക്കലും എന്റെ ഇല്ലായ്മകളെ മനസ്സിലാക്കാന്‍ ഉയര്‍ന്ന ചുറ്റുപാടില്‍ ജീവിച്ച ഒരു പെണ്ണിന് പറ്റിയെന്നു വരില്ല...
പാവപ്പെട്ട വീട്ടില്‍ കഷ്ടപ്പാടുകള്‍ക്കിടയില്‍ ജീവിച്ച ഒരു കുട്ടിയാവുമ്പോള്‍ ഏതവസ്ഥയിലും കൂടെ നില്‍ക്കുമെന്ന എന്റെ വിശ്വാസമാണ് എന്നെ അത്തരം ഒരു തീരുമാനമെടുപ്പിച്ചത്...
ആറ് മാസത്തെ ലീവിന് വന്ന ഞാന്‍ മനസ്സിനിണങ്ങിയ പെണ്ണിനെ അന്വേഷിച്ച് കണ്ടെത്തി കല്യാണം ആയപ്പൊഴേക്കും മൂന്നുമാസം തീര്‍ന്നു കിട്ടി...
കല്യാണവും വിരുന്നും ചെറിയ ചെറിയ ഔട്ടിങ്ങും ഒക്കെ കഴിഞ്ഞപ്പോഴേക്കും ലീവിന്റെ കാര്യം ഒരു തീരുമാനായി...
തിരിച്ചു ഗള്‍ഫിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പില്‍ ഞാനവളോട് ചോദിച്ചു...
''ഞാനില്ലാതെ ഈ വീട്ടില്‍ നിനക്കു വീര്‍പ്പുമുട്ടില്ലേ പെണ്ണേ..'' എന്ന്...
അതിനവള്‍ പറഞ്ഞ മറുപടി ശരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞു...
''ഈ വീട് ഇപ്പൊ എന്റെ വീടു പോലെയാണ്..
ഇവിടുള്ളവര്‍ എന്റെ ഉറ്റവരാണ്...
ഇവിടുത്ത ഉമ്മ എന്റെ പെറ്റുമ്മയെപ്പോലെയാണ്...
ഉപ്പയില്ലാത്ത എനിക്ക് ഇവിടുത്തെ ഉപ്പ എന്റെ സ്വന്തം ഉപ്പയാണ്...
നിങ്ങളുടെ കൂടെപ്പിറപ്പുകളെല്ലാം എന്റെ കൂടപ്പിറപ്പുകളാണ്...
പിന്നെ എനിക്കെങ്ങനെ വീര്‍പ്പുമുട്ടാനാ ഇക്കാ...'' എന്ന്...
സത്യത്തില്‍ അവള്‍ മറ്റുള്ളവരെ കാണുന്നത് ഇതേ കണ്ണിലൂടെയാണെന്ന് ഈ മൂന്ന് മാസക്കാലത്തിനിടക്ക് എനിക്ക് വ്യക്തമായി അറിയും...
പക്ഷേ വീട്ടില്‍ ഉമ്മയുള്‍പ്പെടെ മറ്റു അംഗങ്ങള്‍ അവളെ കാണുന്നത് അഞ്ചു പെെസക്ക് വിലയില്ലാത്തവളായിട്ടാണെന്നും എനിക്കറിയും...
ആകെയുള്ള ആശ്വാസം ഞാന്‍ മാത്രമാണ്...
ഞാന്‍ കൂടി പോയാല്‍ അവളുടെ അവസ്ഥ ഓര്‍ത്തപ്പോള്‍ അവളെ അവിടെ നിര്‍ത്തിയിട്ട് പോവാനും തോന്നുന്നില്ല...
ഇതുവരെയുള്ള തിരിച്ചു പോക്കില്‍ ഉമ്മയുടെ നിറഞ്ഞ കണ്ണുകള്‍ മാത്രമേ എന്നെ വിഷമിപ്പിച്ചിരുന്നുള്ളൂ...
ഇത്തവണ അങ്ങനെയല്ല... മനസ്സില്‍ എന്തോ ഒരു ഭാരം പോലെ...
അവളെ വിട്ടു പോവുന്നതോര്‍ക്കുമ്പോള്‍ മനസ്സിനൊരു വീര്‍പ്പുമുട്ടല്‍...
ശരിക്കൊന്ന് ജീവിച്ച് തുടങ്ങുകയായിരുന്നു ഞാന്‍ അവളിലൂടെ...
കുറുമ്പുകളും കുഞ്ഞായ്മകളും നിറഞ്ഞ ഒരു പാവം പൊട്ടിപ്പെണ്ണ്...
എന്റെ മുഖമൊന്ന് മങ്ങിക്കഴിഞ്ഞാല്‍ കണ്ണില്‍ വെള്ളം നിറക്കുന്നവള്‍...
അവളോടൊപ്പം ജീവിച്ച് കൊതിതീര്‍ന്നില്ല എനിക്ക്...
എങ്കിലും പോവാതിരിക്കാന്‍ കഴിയില്ലല്ലോ...?
സാധാരണ യാത്രപറച്ചില്‍ എല്ലാവരോടും ഒന്നിച്ച് പറഞ്ഞിറങ്ങാറാണ് പതിവ്...
പക്ഷെ ഇത്തവണ എന്റെ കണ്ണുകള്‍ തിരഞ്ഞത് അവളെ ആയിരുന്നു...
ചുറ്റുമുള്ളവരുടെ ഇടയിലൊന്നും അവളില്ലെന്ന് ബോധ്യമായപ്പോള്‍ ഒന്ന് ഞാന്‍ ഊഹിച്ചു...
എന്നെ യാത്ര അയക്കാനുള്ള മനക്കരുത്ത് അവള്‍ക്കില്ലാഞ്ഞിട്ടാവും എന്ന്...
വണ്ടിയിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ വെറുതെയൊന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ഞാന്‍ കണ്ടു നിറഞ്ഞ കണ്ണുകളുമായി മുകളിലത്തെ ബാല്‍ക്കണിയില്‍ എന്നെ നോക്കിനില്‍ക്കുന്ന എന്റെ പെണ്ണിനെ...
തലകൊണ്ട് പോയിവരാം എന്ന് ആംഗ്യം കാണിച്ചപ്പോള്‍ ചെറുപുഞ്ചിരിയോടെ സങ്കടങ്ങള്‍ ഉള്ളിലൊതുക്കി എന്നെ യാത്രയാക്കി അവള്‍...
ഇന്ന് ഈ പ്രവാസജീവിതത്തില്‍ അവളുടെ ഓര്‍മ്മകള്‍ എന്നെ വല്ലാതെ അലട്ടുന്നു...
എന്റെ വീട്ടിലുള്ള അവളുടെ ജീവിതം അത്ര സുഖകരമായിരിക്കില്ല എന്നോര്‍ക്കുമ്പോഴാണ് അധികം സങ്കടം...
ഫോണ്‍ ചെയ്യുമ്പോഴൊക്കെ ഉമ്മ വഴക്ക് പറയാറുണ്ടോ എന്ന് ചോദിക്കുമ്പോള്‍ അവള്‍ പറയും ''ഉമ്മ വഴക്ക് പറയുന്നത് മക്കള് നന്നാവാന്‍ വേണ്ടിയല്ലേ ഇക്കാ... എന്നു വെച്ച് ആര്‍ക്കേലും ഉമ്മാനെ തിരിച്ച് ചീത്ത പറയാനോ വെറുക്കാനോ പറ്റ്വോ...? ഇല്ലല്ലോ...?
അതുപോലെ തന്നെ ഇക്കാ ഇതും... എന്റുമ്മ വഴക്കു പറയുന്നത് എനിക്ക് നോവില്ല...'' എന്ന്...
പാവം... ഒരുപാട് സഹിക്കുന്നുണ്ടാവും... എന്നാലും ആരോടും ഒരു പരാതിയോ പരിഭവമോ ഇല്ലതാനും...
അവളുടെ നന്മ മനസ്സ് ഉമ്മ അധികം വെെകാതെ തന്നെ മനസ്സിലാക്കും... അന്ന് അവളോടുള്ള ദേഷ്യമെല്ലാം മാറ്റിവെച്ച് ഉമ്മ അവളെ ഒരു മകളെപ്പോലെ സ്നേഹിക്കും.. എനിക്കുറപ്പുണ്ട്...!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo