Slider

ഭാഗം 1: ഒരു മെസ്സെൻജർ പ്രണയം

0
ഭാഗം 1: ഒരു മെസ്സെൻജർ പ്രണയം :- മെസ്സെൻജറിലെ അയാളുടെ ആ ചോദ്യം വായിച്ച് അവളൊന്നു ഞെട്ടി. "പരസ്പരം ഒരിക്കലും കാണില്ല എന്ന ഉറപ്പിൽ നമുക്ക് പ്രണയിച്ചു കൂടെ ?" എന്നായിരുന്നു ചോദ്യം. ആ ചോദ്യം അവൾ വീണ്ടും വീണ്ടും വായിച്ചു. അയാൾ എന്താണർത്ഥമാക്കുന്നത് ? കൂടുതൽ ചിന്തിച്ചപ്പോൾ അവൾ വീണ്ടും ഒന്നു നടുങ്ങി. കുറേ മാസങ്ങൾക്കു മുൻപ് അയാൾ ആദ്യമായി തന്റെയൊരു കഥക്ക് കമന്റിട്ടപ്പോൾ മുതൽ അയാളെ ശ്രദ്ധിക്കാൻ തുടങ്ങിയതാണ് ! അയാളുടെ സ്നേഹം ഒളിപ്പിച്ചതുപോലുള്ള മുനവച്ച ചില കമന്റുകൾ വായിച്ച് അയാളെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. പിന്നീട് ഇൻബോക്സിൽ വന്ന് മിതമായ ചില അഭിനന്ദനങ്ങൾ! തന്റെ കഥയിലെ ചില കുറവുകൾ ചൂണ്ടികാണിക്കുന്ന കുറിപ്പുകൾ! അതൊക്കെ വായിച്ച്, മെല്ലെ മെല്ലെ തന്റെയൊരു ഗുണകാംക്ഷിയാണ് അയാളെന്ന് അവൾക്ക് തോന്നി തുടങ്ങി. അയാളെ കുറിച്ചുള്ള സംശയങ്ങളും ഭയങ്ങളും പതുക്കെ മനസ്സിൽ നിന്നും അലിഞ്ഞില്ലാതായി. അതോടെ അവൾ അയാളോട് ഇൻബോക്സിൽ മറുപടി പറയാനും തുടങ്ങി. അയാളുടെ ഒരോ മെസ്സേജുകളും കമന്റുകളും അവൾ ഇഴകീറി പരിശോധിച്ചു. ലൈംഗിക ചുവയുള്ള ഒരു വാക്കു പോലും അയാളിൽ നിന്നും വരുന്നില്ല എന്നവൾ മനസ്സിലാക്കി. അപ്പോൾ അയാളെ ഒന്നു പരീക്ഷിക്കണമെന്ന് തോന്നി. പരീക്ഷിക്കുന്നതിന് വേണ്ടി അവൾ ലൈംഗികതയിലേക്ക് ചുവടു വയ്ക്കാൻ അയാളെ സഹായിക്കും വിധം ഒരു മെസ്സേജ് അയച്ചു. അതിപ്രകാരമായിരുന്നു: "എല്ലാവരും മജ്ജയും മാംസവുമുള്ള മനുഷ്യരാണ്. ആരും പരിശുദ്ധരല്ല. താങ്കൾക്ക് എന്ത് വേണമെങ്കിലും എന്നോട് സംസാരിക്കാം". ആ മെസ്സേജിനുള്ള അയാളുടെ മറുപടിയായിരുന്നു ആ ചോദ്യം: "പരസ്പരം ഒരിക്കലും കാണില്ല എന്ന ഉറപ്പിൽ നമുക്ക് പ്രണയിച്ചു കൂടെ?". എന്ത് മറുപടി കൊടുക്കുമെന്നറിയാതെ അവൾ കുഴഞ്ഞു. കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ !! എങ്കിലും, നല്ലൊരു സൗഹൃദം പ്രണയത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ ഉണ്ടാകുന്ന വിശുദ്ധമായ ഒരു സുഖാനുഭൂതി അവൾക്കനുഭവപ്പെട്ടു. പരസ്പരം കാണില്ല എന്ന ഉറപ്പിൽ ഒരു പ്രണയം!. അയാളുടെ ആശയം കൊള്ളാം. പക്ഷെ, പ്രണയിക്കാൻ താൻ ഒരുക്കമാണ് എന്നറിയിച്ചാൽ ഉണ്ടായേക്കാവുന്ന പരിണതഫലങ്ങൾ എന്തായിരിക്കും എന്ന ഉത്കണ്ഠ അവളെ ബാധിച്ചു. അതുകൊണ്ട് അവൾ ഏറെ ചിന്തിച്ച് ഒരു മറുപടി അയച്ചു: അതിപ്രകാരമായിരുന്നു: "പ്രണയിച്ചാലും ഇല്ലെങ്കിലും പരസ്പരം കാണുന്നതിന് എന്താണ് കുഴപ്പം എന്നെനിക്ക് മനസ്സിലാകുന്നില്ല !". അപ്പുറത്ത് ആ മറുപടി വായിച്ച അയാൾ, കുറേ കഴിഞ്ഞ് അതിന് വ്യക്തമായ ഒരു മറുപടി അവൾക്കയച്ചു! ഉത്കണ്oയോടെ കാത്തിരുന്ന അവൾ ആ മറുപടി വായിച്ച് അത്ഭുതംകൂറി ! അയാളുടെ സത്യസന്ധമായ, യാഥാർത്ഥ്യബോധം നിറഞ്ഞ, അതേസമയം ഭാവന കൊണ്ട് പ്രണയത്തിന്റെ സ്വപ്നമധുരം നുകരാനുള്ള ശ്രമം ആ മറുപടിയിലുണ്ടായിരുന്നു. (തുടരും)

Kadarsha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo