നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#അച്ഛൻ#

അച്ഛാ ഞാൻ ഇപ്പം വരാവേ എന്നും പറഞ്ഞ് പാറു പുറത്തേക്ക് ഓടി.ഞാൻ നോക്കുമ്പോൾ അവൾ തൊട്ടടുത്ത വീട്ടിലേക്കാണ് പോവുന്നത്.അവിടെ മുറ്റത്ത് ഒരു ചാമ്പക്ക മരം ഉണ്ട് ചാമ്പക്ക പിറക്കാനുള്ള ഓട്ടമാണ് .'മോളെ സൂക്ഷിച്ച് പോണേ' ഞാൻ പറഞ്ഞു കാരണം ചാമ്പക്ക മരത്തിനു താഴെ മുഴുവനും കരിങ്കൽ ചീളുകളാണ്.വല്ല ഇഴ ജന്തുക്കൾ ഉണ്ടാവും എന്ന് ഞാൻ ഭയന്നു.
എന്റെ കുട്ടിക്കാലത്ത് ഞങ്ങളെ രണ്ടു മൂന്നു മാസം കൂടുമ്പോൾ അച്ഛൻ പാലക്കാട് ടൗണിലേക്ക് കൂട്ടി കൊണ്ടു പോവും.മസാല ദോശ പിന്നെ ഒരു സിനിമയും ഇതാണ് പതിവ്.ഞാനും ചേച്ചിയും അമ്മയും കൊതിച്ചിരിക്കുന്ന ദിവസങ്ങളാണ് അത്.അന്നും പതിവു പോലെ അച്ഛൻ ഞങ്ങളെ കൂട്ടി ഇറങ്ങി.അവധിക്കാലമായതു കൊണ്ട് ചേച്ചി വിരുന്നിന് പോയിരിക്കുവായിരുന്നു.ഞാൻ സ്കൂളിൽ പോവാൻ തുടങ്ങിയിട്ടില്ല.ഞാനും അമ്മയും മാത്രമേ ഉള്ളൂ.സിനിമയും ഹോട്ടൽ ഭക്ഷണവും കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.അന്നു വാഹനങ്ങൾ പുഴയ്ക്കൽ വരെയ വരാറുള്ളൂ.പുഴയ്ക്കലിൽ നിന്ന് വീട്ടിലേക്ക് ഒന്നര കിലോമീറ്റർ ദൂരമുണ്ട്.വളരെ മോശം റോഡാണ് അവിടവിടെ മുഴുത്ത കല്ലുകൾ ഉയർന്നു നിൽക്കുന്നുണ്ട്.അച്ഛൻ എന്നെ എടുത്തു നടക്കുകയാണ്.വളരെ സൂക്ഷിച്ചാണ് നടക്കുന്നത് കല്ലുകൾ കാലിൽ മുറിവുണ്ടാക്കാതെ ശ്രദ്ധിച്ചു നടന്നു.അന്നൊന്നും അച്ഛൻ ചെരുപ്പ് ധരിക്കാറില്ല എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ 8ൽ പിഠിക്കുന്ന സമയത്താണ് അച്ഛൻ ആദ്യമായി ചെരുപ്പ് ധരിക്കുന്നത്.കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും തമ്മിൽ ചർച്ച ചെയ്യുന്നതു കേട്ടു ഏതു വഴി പോവണം?.കാരണം വീട്ടിലേക്ക് രണ്ടു വഴിയുണ്ട് ഒന്ന് ഈ കല്ലുകൾ മുഴച്ചു നിൽക്കുന്ന സാധാരണ റോഡ്.മറ്റൊന്ന് കനാൽ വരമ്പിലൂടെ പോയാൽ മടപ്പള്ളം കഴിഞ്ഞ് അമ്പല പറമ്പിൽ എത്തും അവിടന്ന് പാട വരമ്പിലൂടെ നടന്നാൽ വീട്ടിൽ എത്താം.
ഒടുവിൽ രണ്ടു പേരും തീരുമാനിച്ചു അമ്പല പറമ്പു വഴി പോവാം എന്ന്.അച്ഛൻ എന്നെ എടുത്ത് വേഗത്തിൽ നടന്നു അമ്മ പുറകെയും.സമയം രാത്രി 9 നോട് അടുത്ത് കാണും.അമ്പല പറമ്പിൽ എത്തിയപ്പോൾ ഞാൻ അച്ഛന്റ തോളിൽ നിന്ന് തല ഉയർത്തി നോക്കി അമ്പല പറമ്പിലെ ആൽമരം ഇരുട്ടിൽ ഒരു ഭീകരരൂപം പോലെ തോന്നി.ഞാൻ കണ്ണുകൾ ഇറുക്കെ ചിമ്മി അച്ഛനെ അളളി പിടിച്ച് കിടന്നു.
അച്ഛൻ പാടവരമ്പത്തു കൂടെ എന്നെ എടുത്തു നടന്നു.കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു 'അച്ഛാ എനിക്കും നടക്കണം'എന്ന്.അച്ഛനു കൈ കഴയ്ക്കുന്നുണ്ടെങ്കിലും എന്നെ നടക്കാൻ സമ്മതിച്ചില്ല.അമ്മയു പറഞ്ഞു വേണ്ടാ എന്ന്.കാരണം കുറ്റാകൂരിരുട്ടാണ് ഒന്നും നേരാവണ്ണം കാണാൻ വയ്യ.ഒരു ടോർച്ചു പോലും കൈയിൽ ഇല്ല.പക്ഷേ ഞാൻ വിട്ടില്ല വാശി പിടിച്ച് ചിണുങ്ങാൻ തുടങ്ങി.ഒടുവിൽ അച്ഛൻ മനസില്ലാ മനസോടെ എന്നെ താഴെ ഇറക്കി.അച്ഛന്റെ പുറകിലായി ഞാനും അമ്മയും നടന്നു.രണ്ടു വരമ്പു കൂടി കഴിഞ്ഞാൽ റോഡിൽ എത്താം.റോഡരികത്തുള്ള വീട്ടിലെ വെളിച്ചം ഒരു പൊട്ടു പോലെ തെളിഞ്ഞു കാണാം.ഞാൻ പതുക്കെ അച്ഛനെ മറികടന്നു മുന്നിൽ നടന്നു 'മോനെ പതുക്കെ'എന്ന് അച്ഛൻ പറഞ്ഞു.അമ്മ വേവലാതിയോടെ പിറുപിറുത്തു പക്ഷേ ഞാൻ അതൊന്നും കേട്ട ഭാവം നടിച്ചില്ല.കുഞ്ഞു മനസിലെ ആവേശത്തോടെ ഓടി.പെട്ടന്നാണ് അതുണ്ടായത് കാലിനടിയിൽ ചെറിയ തണുപ്പ് ഞാൻ ഞെട്ടി കാൽ മാറ്റാൻ നോക്കി.പക്ഷേ അപ്പോഴേക്കും കാലിൽ തീപൊള്ളൽ ഏറ്റ പോലെ ഒരു നീറ്റൽ ഞാൻ ഉറക്കെ നിലവിളിച്ചു 'അച്ഛാ കാലിൽ എന്തോ കടിച്ചു'.അച്ഛൻ എന്നെ എടുത്തു കാലിൽ നോക്കി പക്ഷേ ഇരുട്ടിൽ ഒന്നും കാണുന്നുണ്ടായിരുന്നില്ല.അമ്മ ഭയന്നു നിലവിളിക്കാൻ തുടങ്ങി അച്ഛൻ പെട്ടന്ന് അമ്മയുടെ കൈയിൽ നിന്ന് തുവാല മേടിച്ചു എന്റെ കാലിൽ കെട്ടി.അമ്മ തൂവാലക്കകത്ത് നാണയങ്ങൾ വയ്ച്ച് ചുരുട്ടി പിടക്കാറാണ് പതിവ്.തൂവാലയിൽ നിന്ന് നാണയങ്ങൾ നിലത്തു വീണ് ചിന്നി ചിതറി.അച്ഛൻ എന്നെയും എടുത്ത് ഓടി ആദ്യം കണ്ട വീട്ടിൽ കയറി.എന്തു പറ്റി എന്നു ചോദിച്ച് ആ വീട്ടുകാർ ഇറങ്ങി വന്നു.വെളിച്ചത്തു വച്ച് അച്ഛൻ എന്റെ കാൽ ഉയർത്തി നോക്കി.ചുവന്ന രണ്ടു കുഞ്ഞു പൊട്ടുകൾ പോലെ രക്തം പൊടിഞ്ഞിരിക്കുന്നു.ആരോ പറയുന്നത് കേട്ടു ഇത് പാമ്പു കടിച്ചതാവാം എന്ന്.അമ്മയുടെ നിലവിളി ഒന്നു കുടെ ഉച്ചത്തിലായി.വേഗം ആശുപത്രിക്ക് കൊണ്ടു പോവാം എന്ന് പറഞ്ഞ് അച്ഛൻ എന്നെ നെഞ്ചോട് ചേർത്തു പിടിച്ചു.അച്ഛന്റെ ഹൃദയമിടിപ്പ് വളരെ വേഗത്തിലായ പോലെ തോന്നി. പുഴയ്ക്കൽ എത്തണം വല്ല വാഹനവും കിട്ടണമെങ്കിൽ.എന്നെ തോളത്തിട്ട് അച്ഛൻ ഓടാൻ തുടങ്ങി.അപ്പോഴേക്കും നാട്ടിലാകെ ആ വാർത്ത പരന്നിരുന്നു കുറെ ആളുകൾ ഞങ്ങളുടെ ഒപ്പം വരുന്നുണ്ട്.റോഡിൽ മുഴച്ചു നിൽക്കുന്ന കല്ലുകളെ വകവയ്ക്കാതെ അച്ഛൻ ഓട്ടം തുടർന്നു.ഇതിനിടക്ക് ചിലർ എന്നെ അവർ എടുക്കാം എന്നു അച്ഛനോട് പറയുന്നത് കേട്ടു.പക്ഷേ ആരുടെ കൈയിലും എന്നെ കൊടുക്കാൻ അച്ഛനു വിശ്വാസമില്ലാത്തതു പോലെ തോന്നി.എനിക്ക് ചില അസ്വസ്ഥതകൾ അനുഭവപെട്ടു തുടങ്ങി.ആരോ ഒരാൾ ടോർച്ച് തെളിച്ച് എന്റെ കാലിൽ നോക്കുന്നതു കണ്ടു കാലിൽ നേരിയ നീല നിറം പടർന്നിരിക്കുന്നു.അതിനിടക്ക് ഒരാൾ ആര്യ വേപ്പിന്റെ ഇല പറിച്ച് എനിക്ക് തന്നു എന്നിട്ട് അതു ചവയ്ക്കാൻ പറഞ്ഞു.വിഷം തീണ്ടിയിട്ടുണ്ടെങ്കിൽ കയ്പ്പ് അറിയില്ല എന്നും പറയുന്നത് കേട്ടു.എനിക്ക് ചെറിയ കയ്പ്പ് അനുഭവപെട്ടു.പുഴയ്ക്കൽ എത്താറായി പതിയെ പതിയെ എന്റെ ഓർമ്മകൾ മറഞ്ഞു കൊണ്ടിരുന്നു.
"എന്താ ചെയ്യ ഈശ്വരൻ രക്ഷിച്ചു എന്നു പറഞ്ഞാ മതീലോ"അമ്മയുടെ ശബ്ദം കേട്ട് ഞാൻ പതുക്കെ കണ്ണു തുറന്നു.നോക്കുമ്പോൾ ഞാൻ ആശുപത്രിയിൽ ആണ്.അമ്മ തൊട്ടടുത്തിരിക്കുന്നുണ്ട്.അടുത്ത ബെഡിലെ ആളോട് കാര്യങ്ങൾ വിവരിക്കുകയാണ്.ഞാൻ എണിക്കുവാൻ ശ്രമിച്ചു വല്ലാത്ത ക്ഷീണം അമ്മ എന്നെ പതുക്കെ സഹായിച്ചു .അമ്മയുടെ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു രാത്രി ഉറക്കമിളച്ചതിന്റെ ക്ഷീണം കണ്ണുനീർ തോർന്നപോലെ തോന്നി.ഞാൻ ചുറ്റും നോക്കി അച്ഛനെ കാണുന്നില്ല.പെട്ടന്ന് കണ്ടു ആശുപത്രിക്കു പുറത്തുള്ള വരാന്തയിൽ തല കുമ്പിട്ട് അച്ഛൻ ഇരിക്കുന്നു.കാലിലും മുണ്ടിലും അഴുക്കു പറ്റിപിടിച്ചിരിക്കുന്നു.പതുക്കെ എണീറ്റ് അച്ഛൻ എന്റെ അടുത്ത് വന്നു നെറ്റിയിൽ തൊട്ടു.അച്ഛന്റെ കൈ തണുത്തിരിക്കുന്നു കാലിൽ അങ്ങിങ്ങ് ചെറിയ മുറിവുണ്ട്.രാത്രി കല്ലുകൾ തട്ടി മുറിഞ്ഞതാവാം.അച്ഛൻ എന്നെ കൈ പിടിച്ച് പതുക്കെ നടത്തിച്ചു.
രണ്ടു ദിവസം മുൻപ് നാട്ടിൽ പോയപ്പോൾ അച്ഛൻ വല്ലാതെ ക്ഷീണിച്ച പോലെ തോന്നി.ഞാൻ ചോദിച്ചപ്പോൾ പറഞ്ഞു വയ്യ കാലു വേദനയാ എന്ന്.കാൽ ചെറുതായി നീരു വച്ചിരിക്കുന്നു.എന്നും ബൈക്ക് ഓടിച്ച് എന്നെ ബസ് സ്റ്റേപ്പിൽ വിടുന്ന അച്ഛൻ ആദ്യമായി എന്നേട് ബൈക്ക് ഓടിക്കാൻ പറഞ്ഞു.ബസ് സ്റ്റേപ്പിൽ എത്തിയപ്പോൾ അച്ഛൻ പറഞ്ഞു"മോനെ ബൈക്ക് ഓഫ് ചെയ്യല്ലെ കാലു വേദനിച്ചിട്ട് വീണ്ടും സ്റ്റാർട്ടാക്കാൻ വയ്യ "ഞാൻ ജനിച്ച അന്നു മുതൽ എന്നെ കൊണ്ട് നടന്ന കാലുകൾ ക്ഷീണിച്ചിരിക്കുന്നു.കൂർത്ത കല്ലുകൾക്കു മുൻപിൽ ജയിച്ച കാലുകൾ വെറും കാലത്തിനു മുൻപിൽ തളർന്നു.ബസു കയറാനായി പോവുമ്പോൾ ഞാൻ തിരിഞ്ഞു നോക്കിയില്ല അച്ഛന്റെ കാലിലെ വേദന എന്റെ നെഞ്ചിൽ തറച്ചിരിന്നു.
മോൾ പാദസരം കിലുക്കി കൈ നിറയെ ചാമ്പക്കയും മായി ഓടി വരുന്നു.എന്റെ കാലുകൾക്കും ബലം കുറയുന്നുണ്ടോ എന്നു തോന്നി ഞാൻ തല കുനിച്ചിരുന്നു.

Binu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot