
ലളിത കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു.. മിണ്ടാതെ കിടന്ന എന്നെ കുലുക്കി വിളിച്ചു പിന്നേയും ചോദിച്ചു.
എന്തു പറ്റിയതാ മോഹനേട്ടാ..?
എന്തു പറയണമെന്നാലോചിച്ചു ഞാൻ. പിന്നെ പയ്യെ പറഞ്ഞു. .അറിയില്ല.. ആരോ..?!
രാവിലെ ഞാൻ ജോലിയ്ക്കു ചെല്ലുമ്പോൾ റാണിയെയവിടെ കണ്ടില്ല. തിരക്കിലായതു കൊണ്ടു ശ്രദ്ധിച്ചതുമില്ല..ഉച്ചയൂണു കഴിഞ്ഞു ഞാൻ അപ്പാർട്ടുമെന്റിന്റെ താഴെയൊക്കെ റാണിയെ തിരഞ്ഞു. അവസാനം പതിനാലാം നമ്പർ വില്ലയുടെ അരികിൽ..
റാണി ചോര ഒലിക്കുന്ന തലയുമായി....
വാക്കുകൾ മുഴുവനാക്കും മുൻപു
ചോരയൊലിക്കുന്ന മുഖവുമായി ആ ദയനീയമായ നോട്ടം കൺമുന്നിൽ വീണ്ടും മിന്നി മറഞ്ഞു..
മോഹനേട്ടാ ആ നായ്ക്കുട്ടികൾ...
മഴ പെയ്ത ആ ദിവസം പണി തീരാത്ത അപ്പാർട്ടുമെന്റിന്റെ ഒരു വശത്തെ മതിലിനരുകിൽ.
നാലു ചെറിയ നായ്ക്കുട്ടികൾ..
ഒരു കാർഡു ബോർഡു കൊണ്ടു മൂടവേ വാലാട്ടി റാണി നന്ദി പ്രകടിപ്പിച്ചു.
പക്ഷെ..
ലളിത എന്നെ മുറുകെ പിടിച്ചു.
ഇരുട്ടിൽ ലളിതയുടെ മുഖം എനിക്കു കാണുവാനായില്ല .കറുത്തിരുണ്ട ഇരുട്ടിൽ വാക്കുകൾ പരതി ഞാൻ കിടന്നു.
ഇന്നലെകളുടെ ഓർമ്മകളിലേവിടെയക്കോ റാണി ഓടി വന്നു.
കഴുത്തിൽ ചങ്ങലയിട്ട ഒരു പെൺപട്ടി.. സെക്യൂരിറ്റി റൂമിന്റെ അരികിൽ പേടിച്ചു വിറച്ച്..
സ്നേഹത്തോടെ വാലാട്ടി ദയനീയമായി നോക്കി നിന്ന ആ പട്ടിയെ അങ്ങനെ ഓടിച്ചു കളയാൻ എനിക്കായില്ല.
"ആരോ വളർത്തിയ നായാണ് "
എന്റെ ശുപാർശ കേട്ടിട്ടാവും
മുതലാളി അവസാനം പറഞ്ഞു നിന്നോട്ടെ പാവം..
അനുസരണയുള്ള ആ വെളുത്ത പെൺപട്ടി എനിക്കൊരത്ഭുതമായിരുന്നു.
അതിലുപരി കൂട്ടായിരുന്നു. സെക്യൂരിറ്റി റൂമിന്റെ അരുകിൽ സ്നേഹത്തോടെ എന്നെ നോക്കി അവൾ കിടന്നു.
ആ വലിയ ചുറ്റുമതിലുള്ള ഓഫീസിൽ സെക്യൂരിറ്റിയായി ഞാനും എനിക്കു കൂട്ടായി റാണിയും..പുറത്തെ ഗേറ്റിൽ ആളുകൾ വരുമ്പോൾ അവൾ എന്നെ നോക്കി കുരച്ചു.
ലളിതയാണു പേരു പറഞ്ഞത്.
"റാണി ".
അങ്ങനെ ഞാനവളെ റാണിയെന്നു വിളിച്ചു.
മാനേജർ ജോസഫ് സാർ ഒരിക്കൽ തമാശ രൂപേണ ചോദിച്ചു. റാണി മോഹനനു കൂട്ടായല്ലോ അല്ലേ.?
ഞാൻ ചിരിച്ചു... പല രാത്രികളിലും ഞാൻ റാണിയെ പറ്റി വാ തോരാതെ പറഞ്ഞു.ലളിത ആകാംക്ഷയോടെ കേട്ടു. എന്റെ ഊണു പൊതികളിൽ റാണിയുടെ പങ്കു ലളിത ഓർമ്മിപ്പിച്ചു സ്നേഹം വിളമ്പി..
പിന്നീടൊരു ദിവസം ഞാൻ ലളിതയോടാ വിശേഷം പറഞ്ഞു.
" റാണി ഗർഭിണിയാണ്. "
അമ്മയാകാത്ത ലളിതയ്ക്ക് അതൊരു വിശേഷ ദിവസമായിരുന്നു. കുഞ്ഞുങ്ങളെ കാണുമ്പോൾ ആർത്തിയോടെ എടുക്കാനായുന്ന കൈകൾ സാവധാനം പിൻവലിക്കുന്ന എത്ര എത്ര സന്ദർഭങ്ങൾ ഞാൻ നേരിൽ കണ്ടതാണ്. സങ്കടങ്ങൾ അണ പൊട്ടിയൊഴുകിയ പല രാത്രികൾ..
നമുക്കാരും ഇല്ല അല്ലേ മോഹനേട്ടാ..
തമാശ കേട്ട പോലെ ഞാൻ ഉറക്കെയുറക്കെ ചിരിച്ചു. അവൾ കാണാതെ ഊറി വന്ന കണ്ണുനീരുകൾ തുടച്ചു.
ഇരുട്ടിൽ ലളിതയുടെ തേങ്ങലടി ഞാൻ കേട്ടു.തുറന്നിട്ട ജനാലയിലൂടെ മഴ മേഘങ്ങൾ തിങ്ങിയ ഒരു കീറാകാശം അകലെ കാണാമായിരുന്നു.തല പൊട്ടിപ്പിളർന്നു ചോര വാർന്നു മരിക്കാൻ കിടന്ന റാണിയുടെ നോട്ടങ്ങളും, പാലു കിട്ടാതെ മരിച്ചു മരവിച്ചു കിടന്ന നായ്ക്കുട്ടികളുടേയും ഓർമ്മകളിൽ ഞാൻ നെഞ്ചു വിങ്ങി കിടന്നു .പിന്നെ വിക്കി കൊണ്ടു പറഞ്ഞു.
എല്ലാരും മരിക്കും .. ജനിച്ചാൽ മരിക്കണ്ടേ.? നമ്മളും മരിക്കും.
അവളെന്റെ നെഞ്ചിലേക്കു തല വച്ചു. എന്റെ നെഞ്ചു നനയുന്നുണ്ടായിരുന്നു.
അധികകാലം ഒന്നും ജീവിക്കണ്ട മോഹനേട്ടാ.. ആർക്കും ഭാരമാകാതെ ആരോഗ്യമുള്ളപ്പോൾ തന്നെ..
ഞാൻ പയ്യെ അവളുടെ തലയിൽ തലോടി ശബ്ദം താഴ്ത്തി ചോദിച്ചു.
" ഞാൻ പോയാൽ നിനക്കാരാ കൂട്ടിന് ?
ഒന്നുറക്കെ കരയുവാനാവാത്ത നിസഹായത.
ഇരുട്ടിൽ വഴി തെറ്റി വന്നൊരു കാറ്റിൽ ആരുടെയോ തേങ്ങലുകൾ ഒഴുകിയകന്നു..
അകലെ പടിഞ്ഞാറൻ മാനത്തു എന്റെ ദുഃഖങ്ങൾ വലിയൊരു മഴയ്ക്കായി കറുത്തിരുണ്ടു നിന്നു..
അനങ്ങാതെ...ആരും കാണാതെ..
... പ്രേം...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക