Slider

"ദാസേട്ടനും , സിൽക്ക് സ്മിത ചേച്ചിയും , മാള ചേട്ടനും "

0

"ദാസേട്ടനും , സിൽക്ക് സ്മിത ചേച്ചിയും , മാള ചേട്ടനും "
1996 - 97 കാലഘട്ടം ; സിൽക്ക് സ്മിത എന്ന്‌ കേൾക്കുമ്പോൾ , ഇന്നു സണ്ണി ലിയോൺ എന്നു കേൾക്കുന്നപോലെ ആയിരുന്നു അന്നത്തെ ചേട്ടന്മാർക്ക്‌ .
ഞാൻ ശ്രീ നീലകണ്‌ഠ വിദ്യാപീഠത്തിൽ
3 -ആം ക്ലാസ്സിൽ പഠിക്കുന്ന സമയം .
ഒരു ദിവസം ഒരു ഫ്രീ പീരിയഡ് സമയം . കുറച്ചു പേർ "കൂവാ കൂവാ " കളിക്കുന്നു , കുറച്ചു കുട്ടികൾ ഡെസ്കിൽ കമിഴ്ന്നു കിടക്കുന്നു ,കുറച്ചു പേർ സൊറ പറയുന്നു . എന്നെ പോലെയുള്ള 'കലാകാരന്മാർ ' കഥയും ,കവിതയും എഴുതുകയും ചിത്രങ്ങൾ വരയ്ക്കുകയും ചെയ്യുന്നു . അന്നു മുതലേ എന്റെ ഉള്ളിലെ ആശാനും , എം ടി വാസുദേവനും ഒക്കെ ഉണർന്നു തുടങ്ങിയിരുന്നു ..
അധികം ആരും കേട്ടിട്ട് ഇല്ലാത്ത ഒരു പാരഡി ഗാനം അന്നൊക്കെ ഞാൻ കേട്ടിരുന്നു . അതു ഞാൻ ഒരു കടലാസിൽ എഴുതി . ആ പാട്ട് ആരു പാടിയതാണെന്നോ , ആര് എഴുതിയതാണെന്നോ ഒന്നും എനിക്കു അറിഞ്ഞുകൂടാ . അതിലെ വരികൾ ഇങ്ങനെ ആയിരുന്നു .
"യേശുദാസ് പാടി ...
സിൽക്ക് സ്മിത ആടി ...!!!
കണ്ടു നിന്ന മാള ....
മുണ്ടു ഉരിഞ്ഞോണ്ടോടി ...!!!."
എഴുതിക്കഴിഞ്ഞു ഈ വരികൾ നല്ല സ്ഫുടതയിൽ ഞാൻ ചൊല്ലി കേൾപ്പിക്കുകയും ചെയ്തു . പാരഡി ഗാനം ആണെന്നു ഞാൻ കണ്ടിരുന്ന ഇത്‌ എനിക്കു നല്ല ഹൃദിസ്‌ഥ്യം ആരുന്നു . ഇതിൽ ദാസേട്ടനെയും മാള അരവിന്ദൻ ചേട്ടനെയും എനിക്കു അറിയാമായിരുന്നെങ്കിലും 'സ്മിത ചേച്ചിയെ ' സത്യം പറഞ്ഞാൽ ആരാ എന്ന് ,അന്നെനിക്ക് അറിവില്ലാരുന്നു .
3 - ആം ക്ലാസ്സിൽ പഠിക്കുന്ന എനിക്കു 'വേണ്ടത്ര വിദ്യാഭാസം ' ആ വിഷയത്തിൽ അന്നു കിട്ടിയിരുന്നില്ല .!!!. എന്നെ സംബന്ധിച്ചടത്തോളം മാള ചേട്ടൻ മുണ്ടു ഉരിഞ്ഞു ഓടിയത് മാത്രം ആണ് അതിലെ കോമഡി . ' കവിത ' എഴുതി മിനിട്ടുകൾക്ക് അകം ഒരു കൂട്ടം ടീച്ചർമാർ എന്നേക്കാൾ വലിയ ചൂരൽ വടിയുമായി ക്ലാസ്സില് വന്നു എന്റെ മുന്നിൽ നിൽക്കുന്നു . ഒന്നുമറിയാതെ ഞങ്ങൾ ഇരിക്കുന്നു . അതിലെ ഒരു ടീച്ചറുടെ കൈയിൽ ഞാൻ എഴുതിയ കടലാസും ഉണ്ട്‌ ( ഇതിനിടയിൽ ആരൊ ഒരാൾ ആ കടലാസും ഞാൻ പാടിയതും ഒക്കെ സ്റ്റാഫ് റൂമിൽ എത്തിച്ചിരുന്നു ).
കൂട്ടത്തിൽ ഒരു ടീച്ചർ "ആരാടാ ഇത് എഴുതിയത് ?? "
"ഞാനാ ടീച്ചറെ " ഞാൻ വിക്കി വിക്കി പറഞ്ഞു കൊണ്ട് എണീറ്റു...
"നീ ഈ വൃത്തികേടൊക്കെ എവിടുന്നാ പഠിച്ചേ ? ഇതിനാണോടാ നീ സ്കൂളിൽ വരുന്നത് ?നിന്‍റെ അച്ഛനെ ഒന്നു കാണട്ടെ..."
ഞാൻ പേടിച്ചു കരയും എന്നായി.
മാള ചേട്ടൻ മുണ്ടുരിഞ്ഞു ഓടിയത് അത്ര വലിയ വൃത്തികേടാണോ എന്നെനിക്കു തോന്നിപോയി..
" ഇങ്ങോട്ടു ഇറങ്ങി വാടാ....!!" ഒരു ടീച്ചർ വിളിച്ചു പറഞ്ഞു. ഇറങ്ങി ചെന്ന എന്നെ കാത്തു ഇരുന്നത് തുടയിൽ ചൂരൽ വടികൊണ്ട് ഉള്ള ഒന്നാന്തരം രണ്ടു അടിയായിരുന്നു. സത്യം പറഞ്ഞാൽ എവിടെകൂടെയൊക്കെയോ പൊന്നീച്ച പറന്നുപോയി. എന്നിട്ട് എന്നെ വലിച്ചുകൊണ്ടു ടീച്ചർമാർ സ്റ്റാഫ് റൂമിലേക്ക് കൊണ്ടുപോയി..!
അന്നൊക്കെ ഏറ്റവും വലിയ ശിക്ഷ എന്ന പറയുന്നത് കാൽ മുട്ട് തറയിൽ കുത്തി കൈ തലയ്ക്കു മുകളിൽ പിടിച്ചു നിൽക്കുന്നതാണ്.!!!
പരുക്കൻ സിമന്റ് തറയിൽ എന്നെയും അങ്ങനെ നിർത്തി , ഫുൾ ഡേ;
നാലാം ക്ലാസ്സിൽ പഠിക്കുന്ന സീനിയെഴ്സിനെ പോലും അങ്ങനെ നിർത്താറില്ലെന്നു ഓർക്കണം..!!
ശിക്ഷ ആയിരുന്നെങ്കിലും എന്റെ ഉള്ളിന്റെ ഉള്ളിൽ അഭിമാനം തോന്നി ആ നിമിഷങ്ങളിൽ, കാരണം മറ്റുകുട്ടികൾ എന്നെ ഒരു 'ദിഗ്‌വിജയ്' ആയി നോക്കുന്നതുപോലെ. മുട്ടിനു മുകളിൽ വരെയുള്ള നിക്കർ ഇട്ടു പരുക്കൻ തറയിൽ നിൽക്കുമ്പോൾ എനിക്ക് മുട്ടും കൈയും വേദനിച്ചു. വൈകിട് ഞാൻ വീട്ടിൽ ചെന്നു കുളിക്കുമ്പോൾ കുറേ കരഞ്ഞു , എന്‍റെ മുട്ടിലെ തൊലി പോയിരിക്കുന്നു. സ്കൂളിൽ വീണതാണെന്നു വീട്ടിൽ ഒരു കള്ളവും പറഞ്ഞു. പാട്ടു എഴുതിയതിനു ആണ് എന്ന് അറിഞ്ഞാൽ രണ്ടുപേരും കൂടി എന്നെ തുണി അലക്കുന്നതുപോലെ അലക്കും.!!!
ഞാൻ ആരോടും ഇതിനെപറ്റി സംസാരിച്ചില്ല . കാരണം അന്നത്തെ എന്റെ വിചാരം സ്കൂളിലെ ഏറ്റവും വല്യ ശിക്ഷ ആണ് എനിക്ക് തന്നത് , അതുകൊണ്ടു ഇതിൽ എന്തെങ്കിലും കാര്യമായ തെറ്റ് കാണും . എന്‍റെ പിഞ്ചു മനസ്സ് അങ്ങനെ കരുതിയിരുന്നു. പക്ഷെ എനിക്ക് അത് അറിയണം എന്ന് അതിയായ ആഗ്രഹം ആയിരുന്നു, ഒരു തരം വാശി
ആയിരുന്നു. !! അതിലെ വൃത്തികേട് എന്താണു എന്ന് ഞാൻ തിരച്ചിൽ തുടങ്ങി ,എന്റെതായ രീതിയിൽ .
പക്ഷേ ആരോടും നേരിട്ട് ചോദിക്കാൻ ധൈര്യം കാണിച്ചില്ല . ഇടികിട്ടുന്ന കേസ് ആണെന്നു എന്റെ മനസ്സിൽ തോന്നി . ഒരുപാട് അലഞ്ഞു . ലാലേട്ടൻ പറഞ്ഞപോലെ സഞ്ചരിക്കാത്ത വഴികളിൽ കൂടി ഒക്കെ സഞ്ചരിച്ചു . ഒരു ഫലവും ഉണ്ടായില്ല .
ഒടുവിൽ 5 -ആം ക്ലാസ്സിൽ സ്കൂൾ മാറി ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂളിൽ വന്നു ,അന്ന് ഹയർ സെക്കന്ററി ആയിട്ടില്ല ഹൈ സ്കൂൾ വരെ ആയിട്ടുള്ളു. അങ്ങനെയിരിക്കെ അവിടെ 'സ്മിത' എന്നൊരു പേര് ഞാൻ കേൾക്കാൻ ഇടയായി.. എന്‍റെ ഷെർലക് ഹോംസ് തല കത്തി 💡.. ഞാൻ പതുക്കെ അന്വേഷിച്ചു.. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ഞാൻ മനസ്സിലാക്കുന്നത് 😳.. എനിക്ക് തല്ലു വാങ്ങിത്തന്നു മുട്ടുകാലിൽ നിർത്തിയത് മാളച്ചേട്ടൻ അല്ല , സിൽക്ക് സ്മിതച്ചേച്ചി ആണെന്ന്.!!! എന്‍റെ ഉള്ളിൽ അമിട്ട് പൊട്ടുന്നതുപോലൊരു പൊട്ടിച്ചിരി ഉണ്ടായി 💣😂. ഞാൻ ഒരുപാട് അറഞ്ഞു ചിരിച്ചു....ഒരുപാട് ഒരുപാട്...!!
അന്നാണ് "കാബറെ" "സിൽക്ക് സ്മിത" എന്നീ വാക്കുകൾ മലയാളം ഡിക്ഷണറിയിൽ ഉണ്ടെന്നു ഞാൻ മനസ്സിലാക്കിയത്. ഹിഹി .
ഇപ്പോഴും ഈ കഥ ഓർക്കുമ്പോൾ എനിക്ക് ഓർത്തു ചിരിപൊട്ടും.. ഈ പാട്ടും കഥയും ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല.
അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ സ്മിത ചേച്ചിക്കും മാള ചേട്ടനും പിന്നെ നമ്മുടെ ദാസേട്ടനും എന്‍റെ ഹൃദയപൂർവ്വമായ നന്ദി !
നിധി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo