ഭാഗം 2: ഒരു മെസ്സൻജർ പ്രണയം:- അയാൾ കൊടുത്ത മറുപടി ഇപ്രകാരമായിരുന്നു :- " പ്രിയ സുഹൃത്തേ.., ജീവിതം വിരസമാണ്. ആവർത്തിക്കുന്ന ദിനചര്യകളും ജോലികളും തന്നെ കാരണം. ഇതിനിടയിൽ റിലാക്സ് ചെയ്യാനാണ് നിങ്ങളുമായി ചാറ്റുന്നത്! ഇപ്പോഴത് പ്രേമമായി മാറിയിരിക്കുന്നു. എന്നാൽ ഭാര്യയും കുട്ടികളുമുള്ള എനിക്ക് ഒരു പ്രണയ നാടകത്തിനുള്ള സ്കോപ് ഇല്ല. എങ്കിലും മാംസനിബദ്ധമല്ലാത്ത ഒരു വിശുദ്ധ പ്രണയം ഞാൻ സ്വപ്നം കാണുന്നു. അവിവാഹിതനായിരുന്ന കാലത്ത് ചെയ്തതു പോലെ, നല്ല വസ്ത്രമണിഞ്ഞ് മേക്കപ്പൊക്കെ ചെയ്ത്, ദന്തഡോക്ടറെ കണ്ട് പല്ലിലെ സിഗററ്റ് കറയെല്ലാം നീക്കം ചെയ്ത്, കൂളിംഗ് ഗ്ലാസും വച്ച് കാമുകിയെ കാണാൻ പോകുന്ന ആ കാലം പോയി. ആ കാലത്തെ ചെയ്തികളെല്ലാം ആവർത്തിക്കാൻ, വന്നുചേർന്ന പക്വത അനുവദിക്കുന്നില്ല! പക്വത വളരെ നല്ലതാണ് എന്നാണ് എന്റെ അനുഭവം. പ്രായോഗികമായി ശരീരം കൊണ്ട് പ്രണയിക്കുമ്പോൾ ഉണ്ടാകാനിടയുള്ള മാനക്കേടും നാണക്കേടും ഒഴിവാക്കാൻ ഈ പക്വത ഉപകരിക്കും! ഇപ്പോൾ പ്രായോഗികമായത് വിശുദ്ധ പ്രണയമാണ്. അതായത് മനസ്സിൽ സ്വപ്നങ്ങൾ മെനഞ്ഞ് രസിക്കുന്ന പ്രണയം!. ഈ പ്രണയത്തിന് അണിഞ്ഞൊരുങ്ങി സ്പ്രേയുമടിച്ച് വെയിലും കൊണ്ട് ഇറങ്ങി തിരിക്കേണ്ടതില്ല. എന്റെ വീട്ടിലെ ചാരുകസേരയിൽ നല്ല ശുദ്ധമായ കാറ്റും ആസ്വദിച്ച് കിടന്നു കൊണ്ട് പ്രണയിക്കാം. അതുകൊണ്ടാണ് ഞാൻ ചോദിച്ചത് പരസ്പരം കാണാതെ പ്രണയിച്ച് കൂടേയെന്ന് !. അങ്ങനെ ചോദിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. ചിലരുമായി അടുത്താൽ അവർ നമ്മെ കാണാനായി വന്നുകളയും! fb യിലൂടെ തള്ളുന്ന പൊള്ളയായ സ്നേഹ വചനങ്ങൾ യാഥാർത്ഥ്യമായി കരുതി, നമ്മെ സന്ദർശിക്കുന്ന ആ പാവം നിഷ്കളങ്കരെ ഒരു ഇളിഭ്യച്ചിരിയോടെ സ്വീകരിക്കുന്നതോർക്കുമ്പോൾ... എന്തോ ഒരിത്! അതുകൊണ്ടാണ് ഞാൻ പറഞ്ഞത് പരസ്പരം കാണാതെ പ്രണയിക്കാമെന്ന്!!". ഇത് വായിച്ച് അവൾ മറുപടി എഴുതാനിരുന്നു. (തുടരും)
Kadarsha
Kadarsha
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക