നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കള്ളനും ദൈവവും മിനിക്കഥ

കള്ളനും ദൈവവും
മിനിക്കഥ
ശ്രീകോവിലിന്റെ പൂട്ടു പൊളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അങ്ങനെയാണ് ഞാൻ മേൽക്കൂര തകർത്തു അകത്തു കടന്നത്. നല്ല സുഗന്ധം. വലിച്ചു കേറ്റിയ റമ്മിന്റെ ദുർഗന്ധം തുരന്നു ചന്ദനത്തിന്റെയും കളഭത്തിന്റെയും മണം ഉള്ളിലേക്ക് കടന്നു.
ഈ പൂജാരിമാർ ഒരു കണക്കിന് ഭാഗ്യവാൻമാർതന്നെ. 
പഞ്ചലോഹത്തിൽ തീർത്ത ശിവ വിഗ്രഹം കണ്ടപ്പോൾ മനസ്സിൽ ഭയം തോന്നി. ഇതു പിഴുതെടുത്താൽ എല്ലാ പ്രശ്നവും തീരും. കോടികൾ. അത്ര വേണ്ട. ലക്ഷങ്ങൾ മതി.
ഒരു കള്ളനെ സംബന്ധിച്ചിടത്തോളം വിഗ്രഹം വെറും മോഷണ വസ്തു. എന്നാലും ഒന്ന് തൊട്ടു നമിച്ചേക്കാം. തൊഴിൽ തുടങ്ങുകയല്ലേ.
ഞാൻ വിഗ്രഹം പിടിച്ചൊന്ന് കുലുക്കാൻ ശ്രമിച്ചു.
ദാസാ....
ശബ്ദം കേട്ടു ഞാൻ ഒന്നു ഞെട്ടി.
പിടിക്കപ്പെട്ടുവോ ദൈവമേ ?
ഞാൻ അറിയാതെ പറഞ്ഞു പോയി.
ഹ ഹ ഹ
പെട്ടെന്ന് ആരോ ചിരിക്കുന്നതായി തോന്നി
ആരാണ് ?
ഞാൻ ചോദിച്ചു.
ദൈവം.
ദൈവമോ ?നല്ല കഥ. അങ്ങനെ ഒരു സാധനം ഉണ്ടെങ്കിൽ ഞാൻ ഇപ്പണിക്ക് ഇറങ്ങേണ്ടി വരില്ലായിരുന്നു.
ഡിഗ്രി വരെ പഠിച്ചു. ഒരു പണിയും കിട്ടിയില്ല. പിന്നെ ബാർക്ക പണിക്കിറങ്ങി. എന്നിട്ടും രക്ഷയില്ല. അല്പം പച്ച പിടിച്ചു വരുമ്പോൾ ഓരോ........
നീ ഇപ്പോൾ ഇവിടെ നിന്നും രക്ഷപ്പെടുക. അല്ലെങ്കിൽ പോലീസ് വന്നു നിന്നെ തുറങ്കിൽ അടക്കും. അതു മാത്രം അല്ല. വിശ്വാസികൾ കൈ വെച്ചാൽ നരകത്തിലും..
ദൈവം പറഞ്ഞു
ഞാൻ പോകില്ല . എനിക്ക് വേറെ ഒരു പണി അറിയില്ല. ഈ വിഗ്രഹം കിട്ടിയാൽ രക്ഷപ്പെടും.
ഞാൻ പറഞ്ഞു.
നീ പോകു...
ആരുടെയോ കാൽപ്പെരുമാറ്റം കേട്ടത് പോലെ.
നിനക്ക് ഒരു വരം തരാം
ദൈവം പറഞ്ഞു.
വരമോ ?
ദൈവം എനിക്കൊരു സമ്മാനപ്പൊതി തന്നു. ഞാൻ അതു വാങ്ങുമ്പോൾ ദൈവം പറഞ്ഞു.
വീട്ടിൽ ചെന്നു തുറന്നു നോക്കിയാൽ മതി.
ഞാൻ തല കുലുക്കി.
ഇനി നീ രാത്രിയിൽ ഇപ്പണിക്ക് പോകണ്ട.
പകൽ തന്നെ ചെയ്തോ. നിന്നെ ആരും സംശയിക്കില്ല.
ദൈവം പറഞ്ഞു.
എനിക്ക് ക്ഷമയില്ല. ഞാൻ പൊതി തുറന്നോട്ടെ.
ശരി
ഞാൻ പൊതി തുറന്നപ്പോൾ അതിൽ രണ്ടു ജോഡി ഖദർ വസ്ത്രങ്ങൾ.
അപ്പോൾ പുറത്തെ കാൽ പെരുമാറ്റത്തിന് ശക്തി കൂടി.
Ceevi

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot