ഏഷ്യാനെറ്റ് ന്യൂസിൽ വന്ന എന്റെ രചന.
ഹോസ്റ്റലോർമ്മയെന്നാല്‍ ആദ്യം തെളിയുന്നത് അനുവാണ്. എന്റെ മടിയില്‍ കിടന്ന് മരണത്തിലേക്കു നടന്നുപോയ കൂട്ടുകാരിയുടെ ഓര്‍മ്മ.
ഞാനന്ന് പ്ലസ്ടുവിലായിരുന്നു. സ്‌കൂളും വീടും തമ്മില്‍ നല്ല ദൂരമുള്ളതുകൊണ്ട് യാത്ര കുറയ്ക്കാന്‍ ഹോസ്റ്റലില്‍ പോയി ചേര്‍ന്നു.
വൈകാതെ തന്നെ ഞങ്ങള്‍ നാല് പേര്‍- അനു, ജിഷ്ണ, നേഹ പിന്നെ ഈ ഞാനും-വിട്ടുപിരിയാന്‍ കഴിയാത്ത വിധം അടുത്ത സുഹൃത്തുക്കള്‍ ആയിമാറി.
ഒരു റൂമിലോ ക്ലാസിലൊ അല്ല. വന്നു കയറുമ്പോള്‍ ജൂനിയര്‍ കുട്ടികള്‍ക്ക് സീനിയര്‍ ചേച്ചിമാര്‍ തരുന്ന അതിഥി സല്‍ക്കാരമുണ്ടല്ലോ, അവിടെ നിന്നും തുടങ്ങിയ പരിചയം. അത് വളര്‍ന്ന് പന്തലിച്ചു.
പുതുവത്സരത്തിലായിരുന്നു ആ സംഭവം. ആ വര്‍ഷം ന്യൂ ഇയര്‍ നന്നായി ആഘോഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അന്ന് അനുവിന്റെ ജന്മദിനം കൂടിയാണ്. അവളെയൊന്നു ത്രില്ലിംഗ് ആക്കണം എന്ന ഉദ്ദേശ്യം കൊണ്ടു അവളറിയാതെ പലതും ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു.
എല്ലാരും റൂമില്‍ കയറി വാതില്‍ അടച്ചു ആഘോഷിക്കുകയാണ്.
ഞാനും ജിഷ്ണയും നേഹയും കൂടി ഞങ്ങള്‍ അലക്കിയ വസ്ത്രങ്ങള്‍ ഉണക്കാന്‍ ഇടുന്ന സ്ഥലത്ത് ഒരു മേശയുടെ മുകളില്‍ ഒരു ബര്‍ത്ത്‌ഡേ കേക്കും അതിനു ചുറ്റും അലങ്കരിച്ച് പതിനേഴു മെഴുകുതിരികളും കത്തിച്ചു വെച്ചിരുന്നു.
ഏകദേശം പതിനൊന്നു നാല്‍പതു ആയപ്പോള്‍ അനുവിനെ ഞങ്ങള്‍ അവിടെക്ക് പറഞ്ഞയച്ചു. ഇരുട്ടിനെ ഭയം ഉള്ള കൂട്ടത്തില്‍ ആണെങ്കിലും നേഹയുടെ രാത്രി ധരിക്കാനുള്ള വസ്ത്രം അവിടെയാണന്നു പറഞ്ഞപ്പോള്‍ ഒരുവിധം സമ്മതം മൂളുകയായിരുന്നു.
ഞങ്ങളുടെ റൂം രണ്ടാം നിലയിലും അവള്‍ പോയത് നാലാം നിലയിലേക്കും ആയിരുന്നു. അവള്‍ പോയി ഏകദേശം മൂന്നു മിനിറ്റ് കഴിഞ്ഞു കാണും, കറണ്ടുപോയി.
അല്ലെങ്കില്‍ തന്നെ നേരം ഇരുട്ടിയാല്‍ ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാത്തതാ അവള്‍. അപ്പോഴാണ് കറണ്ട് പോയത്. അവളുടെ അവസ്ഥ അറിയുന്നത് കൊണ്ട് ഞങ്ങള്‍ മൂന്നുപേരും എണീറ്റു ഓടി.
നാലാം നിലയിലേക്ക് എത്തിയില്ല, അപ്പോഴേക്കും ഒരു നിലവിളി ശബ്ദം കേട്ടു.
നെഞ്ചിടിപ്പോടെ ഞങ്ങള്‍ കോണിപ്പടി ഓടിക്കയറി.
ആ മേശയില്‍ കത്തിച്ചു വെച്ച മെഴുകുതിരികള്‍ ഉണ്ടെന്നല്ലാതെ അവളെ എങ്ങും കണ്ടില്ല.
അപ്പോഴേക്കും ഒരു നിലവിളി ശബ്ദം കേട്ടു. നെഞ്ചിടിപ്പോടെ ഞങ്ങള്‍ കോണിപ്പടി ഓടിക്കയറി.
അപ്പോഴേക്കും കറണ്ടും വന്നു. വാര്‍ഡനും മറ്റുള്ളവരു നിലവിളി കേട്ടു താഴെ സ്‌ക്വയറില്‍ ഓടിക്കൂടുകയും ചെയ്തു.
എന്താണ് സംഭവിച്ചത് എന്നറിയാതെ ഞങ്ങള്‍ മൂന്നുപേരും അവളെ തിരഞ്ഞു നടക്കുന്നതിനിടയില്‍ ആണ് ആ കാഴ്ച കണ്ടത്.
നാലാമത്തെ കോണിതിരിഞ്ഞ് കയറുന്ന സ്ഥലത്ത് ഒരു ചില്ലു വാതില്‍ ഉണ്ടായിരുന്നു. അതു പൊട്ടിത്തകര്‍ന്നു കിടക്കുന്നു. അതിലൂടെ താഴേക്ക് നോക്കിയപ്പോള്‍ ആ കാഴ്ച കണ്ട നേഹ തലകറങ്ങി വീണു.
ജിഷ്ണ അവളെ താങ്ങി പിടിച്ചു റൂമിലേക്ക് കൊണ്ടുപോയി. ഞാന്‍ താഴേക്ക് ഓടിപോയി.
അപ്പോഴേക്കും ശബ്ദം കേട്ടു വന്ന സെക്യൂരിറ്റി ഹോസ്റ്റല്‍ ബസില്‍ ചോരവാര്‍ന്നുകൊണ്ടിരിക്കുന്ന അവളെയും എടുത്തു ഹോസ്പിറ്റലില്‍ പോകാന്‍ തയ്യാറായി നില്‍ക്കുകയാണ്. അതുകണ്ടതും ഞാനും ആ വണ്ടിയില്‍ ഓടിക്കയറി. ഞങ്ങളുടെ കൂട്ടുകെട്ടു അറിയാവുന്നതുക്കൊണ്ടു എന്നെ ആരും എതിര്‍ത്തതുമില്ല.
അവളുടെ ആ നില കണ്ടു ഹൃദയം മരവിച്ചു പോയിരുന്നു.
നിയന്ത്രണം കിട്ടാതെ ഞാന്‍ കരഞ്ഞുകൊണ്ടു അവളെയും മടിയില്‍ വെച്ചു ഡ്രൈവറോടു പെട്ടെന്നു പോകാന്‍ പറഞ്ഞു. എന്റെ വസ്ത്രം മുഴുവന്‍ രക്തം പടര്‍ന്നു തുടങ്ങിയിരുന്നു. അവളുടെ ശരീരം അവിടവിടായി പൊട്ടിയതു കാണാം.
അവളെ ഈ നിലയില്‍ ആക്കിയത് ഞാനും കൂടിയല്ലേ എന്നോര്‍ക്കുമ്പോള്‍ ഹൃദയം പിടഞ്ഞുപോയി. ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ ആയില്ല.
ആ യാത്രക്കിടയില്‍ എന്റെ മടിയില്‍ കിടന്നു അവസാനമായി അവള്‍ സംസാരിച്ചത് എന്നോടാണ്. ഞങ്ങള്‍ ഒരുക്കിയത് അവള്‍ കണ്ടെന്നും, പെട്ടെന്ന് കറണ്ടു പോയപ്പോള്‍ പേടിച്ചിറങ്ങി ഓടിയതാണെന്നും അവള്‍ പറഞ്ഞു. ആ ഓട്ടത്തിനിടയില്‍ കാലു വഴുതി താഴേക്കു പോകുകയായിരുന്നു.
ആ മരണ വേദനക്കിടയിലും ആ സര്‍പ്രൈസ് ഒരുക്കിയതിന് സന്തോഷമുണ്ടെന്നു അവള്‍ പറഞ്ഞപ്പോള്‍ എന്റെ ശരീരത്തിലെ സപ്ത നാഡികളും തളര്‍ന്നുപോയി. അതിനിടയിലും 'ഒന്നും സംഭവിക്കില്ലെടാ' എന്നു ഞാന്‍ പറഞ്ഞുകൊണ്ടിരുന്നു.
നിങ്ങള്‍ കാരണമല്ലേ ഞാന്‍ അവിടെ പോയതും ഞാന്‍ ഈ നിലയില്‍ ആയതും എന്നൊന്നും അവള്‍ പറഞ്ഞിരുന്നില്ല.
ഹോസ്പിറ്റലില്‍ എത്തി എന്റെ മടിയില്‍ നിന്നും എടുത്തുകൊണ്ടു പോകുമ്പോഴും അവളുടെ ഒരു കൈ എന്റെ കയ്യില്‍ മുറുകെ പിടിച്ചിരുന്നു. ഹോസ്പിറ്റല്‍ പടികടന്നപ്പോഴേക്കും അവള്‍ എന്നെന്നെക്കുമായി വിട പറഞ്ഞിരുന്നു.
ഫസ്ന റാഷിദ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക